Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെവിശാഖപട്ടണം സ്റ്റീല്‍പ്ലാന്‍റ് വില്‍പ്പനയ്ക്കെതിരെ തൊഴിലാളികളുടെ അതിജീവന സമരം

വിശാഖപട്ടണം സ്റ്റീല്‍പ്ലാന്‍റ് വില്‍പ്പനയ്ക്കെതിരെ തൊഴിലാളികളുടെ അതിജീവന സമരം

കെ ആർ മായ

“വിസാഗ് സ്റ്റീല്‍പ്ലാന്‍റ് വില്‍പ്പന മോഡി അവസാനിപ്പിക്കുക”. 2022 നവംബര്‍ 7ന് വിശാഖപട്ടണം സ്റ്റീല്‍പ്ലാന്‍റ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയെ വരവേറ്റത് ഏറെ നാളായി അവിടെ സമരത്തിലായിരുന്ന തൊഴിലാളികള്‍ മുഴക്കിയ ഈ മുദ്രാവാക്യമായിരുന്നു. തങ്ങളുടെ ഭാവിയും ജീവിതമപ്പാടെയും ഇരുട്ടിലാഴ്ത്തി കോര്‍പറേറ്റുകള്‍ക്കുമുന്നില്‍ തലയെടുപ്പുള്ള ഈ വ്യവസായ സ്ഥാപനത്തെ അടിയറവയ്ക്കുന്നതിനെതിരെ ഇനിയും സമരം ശക്തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചുറച്ചിരിക്കുകയാണ്. “രണ്ടുപേര്‍ വില്‍ക്കുകയും രണ്ടുപേര്‍ വാങ്ങുകയും ചെയ്യുന്ന” കച്ചവടമായി മാറിയ മോദി ഭരണം നടത്തുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ മേളയുടെ ഒരിരയാണ് വിശാഖപട്ടണം സ്റ്റീല്‍പ്ലാന്‍റിന്‍റെ കോര്‍പറേറ്റ് എന്‍റിറ്റിയായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (RINL). ഇതിന്‍റെ തന്ത്രപരമായ വില്‍പ്പനയാണ് മോദി സര്‍ക്കാര്‍ ഉന്നംവയ്ക്കുന്നത്. ഇതിന്‍റെ 100 ശതമാനം ഓഹരി വിറ്റഴിക്കലിനായി ഇഒഐ (Expression of Interest) ക്ഷണിച്ചുകഴിഞ്ഞു. ടാറ്റാ സ്റ്റീല്‍, ജെ എസ് ഡബ്ല്യു സ്റ്റീല്‍, അദാനി ഗ്രൂപ്പ് എന്നിവ ഇതിനകം തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. ലോക്സഭയില്‍ ആന്ധ്രപ്രദേശ് എംപിമാരുടെ ചോദ്യത്തിന് 100 ശതമാനം സ്വകാര്യനിക്ഷേപത്തിന് കാബിനറ്റിന്‍റെ സാമ്പത്തികകാര്യ കമ്മിറ്റി (സിസിഇഎ) തത്വത്തില്‍ അംഗീകാരം നല്‍കിയതായുള്ള ധനമന്ത്രി നിര്‍മലാ സീതരാമന്‍റെ മറുപടിയും വന്നുകഴിഞ്ഞു. ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ, ഈ വിറ്റഴിക്കല്‍ പദ്ധതിയ്ക്കെതിരെ ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെ സ്റ്റീല്‍ പ്ലാന്‍റ് തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തി.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്തിനു വില്‍ക്കണം?
സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരണത്തിനെതിരെ ആന്ധ്രാപ്രദേശ് കോടതിയില്‍ നല്‍കപ്പെട്ട ഒരുഹര്‍ജിയില്‍ വാദം കേട്ട കോടതി, കോവിഡ്-19 മഹാമാരി വിവിധ മേഖലകളെ ബാധിച്ചെങ്കിലും അതിന്‍റെ ആഘാതം സ്റ്റീല്‍ പ്ലാന്‍റിനെ ബാധിച്ചിട്ടില്ല എന്നു നിരീക്ഷിക്കുക മാത്രമല്ല സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരണം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. യഥാര്‍ഥത്തില്‍ കോവിഡ് കാലത്ത് ചൈനയില്‍നിന്നുള്ള ഉരുക്കിന്‍റെ ഇറക്കുമതി കുറഞ്ഞതുമൂലം സ്റ്റീല്‍ പ്ലാന്‍റിന് ലാഭം കൂടുകയാണുണ്ടായത്. പ്ലാന്‍റ് ലാഭത്തിലാണെങ്കില്‍ എന്തിനാണ് അത് സ്വകാര്യവല്‍ക്കരിക്കുന്നതെന്നും കോടതി ചോദിച്ചു. സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കാനുള്ള കാരണം കേന്ദ്രം ഇതുവരെയും വിശദീകരിച്ചിട്ടില്ല.

ആര്‍ഐഎന്‍എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിനുശേഷം, ആറ് സാമ്പത്തികവര്‍ഷത്തെ (Financial Year) ഇടവേളയ്ക്കുശേഷം 2021-2022 സാമ്പത്തികവര്‍ഷത്തില്‍ 28,215 കോടി രൂപയുടെ വിറ്റുവരവ് നേടി. ഏറ്റവും വലിയ വിറ്റുവരവാണിത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം വര്‍ധന. ഇങ്ങനെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെയാണ് മോദി സര്‍ക്കാര്‍ തന്ത്രപരമായ വില്‍പ്പനയിലൂടെ കോര്‍പറേറ്റു കൈകളിലേക്കു വച്ചുകൊടുക്കുന്നത്. ഇതുകൂടാതെ ആര്‍ഐഎന്‍എല്ലിന്‍റെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിന് ഭൂമിയിലും സര്‍ക്കാരിന്‍റെ കച്ചവടക്കണ്ണുകള്‍ നീളുകയാണ്. വിശാഖപട്ടണത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലക്ഷക്കണക്കിന് കോടി രൂപ വിലവരുന്ന ഭൂമിയാണിത്. ഈ പശ്ചാത്തലത്തിലാണ് വിലപിടിപ്പുള്ള ആര്‍ഐഎന്‍എല്‍ ഭൂമി കോര്‍പറേറ്റുകള്‍ ശിങ്കിടി മുതലാളിമാര്‍ക്കും കൈമാറാന്‍ ബോധപൂര്‍വമായ ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചത്. ഇതിനിടെ ആന്ധ്രാ മുഖ്യമന്ത്രി ഈ ഭൂമി പ്ലോട്ടാക്കി വില്‍ക്കുന്നതിലൂടെ കേന്ദ്രത്തിനു ധനസമ്പാദനം നടത്താമെന്നു പറഞ്ഞ് മോദിക്കു കത്തെഴുതി. ഇതിനായുള്ള ഇടപെടല്‍ സുഗമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ സഹായവും വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തല്‍ക്കാലം പിന്മാറിയെങ്കിലും മോദി സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോകുമെന്നു തന്നെ വേണം കരുതാന്‍.

ഇങ്ങനെ എല്ലാ അര്‍ഥത്തിലും മോദി ഗവണ്‍മെന്‍റ് പൂര്‍ണമായും തൊഴിലാളി വിരുദ്ധ നിലപാട് കൊള്ളുന്നതിന്‍റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്ക് സമരം ചെയ്യുകയല്ലാതെ മുന്നില്‍ മറ്റൊരു വഴിയുമില്ലെന്ന സാഹചര്യം അവരെ സമരത്തിനു നിര്‍ബന്ധിതമാക്കുകയായിരുന്നു. സമരത്തിന്‍റെ മൂര്‍ച്ച ഇനിയും കൂട്ടാനാണ് തൊഴിലാളികളുടെ തീരുമാനം. ആര്‍ഐഎന്‍എല്ലിന്‍റെ തന്ത്രപരമായ വില്‍പ്പന മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച് 2 വര്‍ഷം തികയുന്ന ജനുവരി 27ന് പൊതുയോഗം സംഘടിപ്പിക്കാന്‍ സ്റ്റീല്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുകയാണ്. സിഐടിയുവിന്‍റെ നേതൃത്വത്തില്‍ നിരവധി ട്രേഡ് യൂണിയനുകള്‍ ഒരു കുടക്കീഴില്‍ അണിനിരന്നുകൊണ്ട് (വിയുപിപിസി- വിശാഖ ഉക്കു പരിരക്ഷണ പോരാട്ട കമ്മിറ്റി) സമരം ഇനിയും ശക്തമാക്കുന്നതിനാണ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. 5000ത്തോളം വരുന്ന എക്സിക്യൂട്ടീവുകളും ഓഫീസര്‍മാരും ഒഴികെ ബാക്കിയുള്ള 10000ത്തോളം തൊഴിലാളികളും 14000 കരാര്‍ ജീവനക്കാരും വരാന്‍ പോകുന്ന സമ്പൂര്‍ണ പണിമുടക്കില്‍ പങ്കെടുക്കും. മുഴുവന്‍ തൊഴിലാളികളും പണിമുടക്കിയാല്‍ സ്റ്റീല്‍ പ്ലാന്‍റ് പ്രവര്‍ത്തിക്കില്ല. അത്തരമൊരു സാഹചര്യത്തിലേക്ക് തൊഴിലാളികളെ തള്ളിവിടാനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ അതിനൊപ്പം നില്‍ക്കുകയാണ്. എന്തായാലും വിജയം നേടുംവരെ സമരം തുടരാന്‍ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 1 =

Most Popular