പോയവാരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തകളിലൊന്ന് ഗുജറാത്ത് വംശഹത്യയും അതില്‍ അന്നു മുഖ്യമന്ത്രിയും ഇന്ന് രാജ്യത്തിന്‍റെ തന്നെ പ്രധാനമന്ത്രിയുമായ മോദിക്കുള്ള പങ്കും സംബന്ധിച്ച “ഇന്ത്യ – ദ മോദി ക്വസ്റ്റ്യന്‍” എന്ന ബിബിസി ഡോക്യുമെന്‍ററിയാണ്. ഈ ഡോക്യുമെന്‍ററി തയ്യാറാക്കുന്ന വേളയില്‍ത്തന്നെ അതിന്‍റെ അധികൃതര്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെയും ബിജെപിയുടെയും പ്രതികരണങ്ങള്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ ഒരു മറുപടിയും ഉണ്ടായില്ലയെന്നും ബിബിസി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതിനര്‍ഥം മൗനം സമ്മതമെന്നല്ലേ!
ഇതിലൊന്നും തന്നെ പുതിയ കാര്യങ്ങളില്ല. 2002 മുതല്‍ രാജ്യവും ലോകവും ചര്‍ച്ച ചെയ്തുവരുന്ന വസ്തുതകളാണിത്. ഒട്ടേറെ അനുഭവ കഥകളും ദൃക്സാക്ഷി വിവരണങ്ങളും ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല സ്റ്റിങ് ഓപ്പറേഷനുകളിലൂടെ പല മാധ്യമ പ്രവര്‍ത്തകരും ആര്‍എസ്എസ്/ബിജെപിയുടെയും ഉന്നത പൊലീസ് മേധാവികളുടെയും അക്കാലത്തെ ഗുജറാത്ത് മന്ത്രിമാരുടെയും അടുത്ത് സമീപിച്ചപ്പോള്‍ അവരെല്ലാം തന്നെ ആവേശപൂര്‍വം അന്നു നടന്ന കൊടുംഭീകരതയെ, വംശഹത്യയെ ന്യായീകരിക്കുകയായിരുന്നു. റാണ അയൂബ് എന്ന യുവമാധ്യമ പ്രവര്‍ത്തക അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയും ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ അടുത്തുവരെ എത്തി സ്റ്റിങ് ഓപ്പറേഷനിലൂടെ സംസാരിച്ച് അതിയാനില്‍നിന്നുതന്നെ സംഭവ വിവരണം ശേഖരിച്ചിരുന്നു.
എന്നാല്‍ ബിജെപിയും മോദിയും ഭരണത്തിന്‍റെ ഹുങ്കില്‍ ഈ മാധ്യമ പ്രവര്‍ത്തകരെയെല്ലാം വേട്ടയാടുകയായിരുന്നു. കേസുകള്‍ കെട്ടിച്ചമച്ച് വിചാരണ പോലും കൂടാതെ തുറുങ്കിലടയ്ക്കുകയോ നിരന്തരം പൊലീസ് ഭീകരതയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ അവരെയും അവരുടെ കുടുംബത്തെയും അകപ്പെടുത്തുകയോ ആണ്.
അടിയന്തരാവസ്ഥയെക്കാള്‍ ഭയാനകമായ ഒരന്തരീക്ഷത്തിലാണ് ഇന്ത്യാ രാജ്യം ഇന്ന് നില്‍ക്കുന്നത്. അവിടെയാണ് സത്യത്തിന്‍റെ കനല്‍ തെളിയിച്ചുകൊണ്ട് ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ വരവ്. തങ്ങള്‍ക്ക് മൂടിവയ്ക്കാനും മറയ്ക്കാനുമൊന്നുമില്ലെങ്കില്‍ എന്തുകൊണ്ട് മോദിയും സംഘവും ഇതില്‍ ഇങ്ങനെ വേവലാതിപ്പെടണം? നവമാധ്യമങ്ങള്‍ക്ക് എന്തിന് കൂച്ചുവിലങ്ങിടണം? ജെഎന്‍യുവിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി നിഷേധിച്ചുകൊണ്ട്, കുട്ടികള്‍ ഇത് കാണുന്നത് എന്തിന് വിലക്കണം? എത്രനാള്‍ ഇങ്ങനെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ഈ ഇരുട്ടിന്‍റെ ശക്തികള്‍ക്ക് കഴിയും?
എന്നാല്‍ ഏതെങ്കിലും ഒരു മുഖ്യധാരാ മാധ്യമം ഈ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ചങ്കുറപ്പ് കാണിച്ചോ? നമ്മുടെ എത്ര മുഖ്യധാരാ ചാനലുകള്‍ അന്തിച്ചര്‍ച്ചയ്ക്ക് വിഷയമാക്കി ഇതെടുത്തു? എടുത്തവര്‍ തന്നെ എത്ര നേരം, എത്ര ദിവസം ഇത് ചര്‍ച്ച ചെയ്തു. അപൂര്‍വം മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ തന്നെ ന്യായീകരണ സംഘികളുടെ അര്‍മാദിക്കലുകളാണ് പലപ്പോഴും മുഴപ്പിച്ച് നിര്‍ത്തിയത്! എത്ര ചാനലുകള്‍, എത്ര പത്രങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ടു ചെയ്തു? ദേശാഭിമാനി ഒഴികെ ഏതെങ്കിലുമൊരു പത്രം മുഖപ്രസംഗമെഴുതിയോ? ഇല്ലല്ലോ!
ജനുവരി 21ന്, ഡോക്യുമെന്‍ററി (മോദി ക്വസ്റ്റ്യന്‍) സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നശേഷം, മനോരമ ഒരു മുഖപ്രസംഗം എഴുതി. “പിന്‍വാതിലിലൂടെ മാധ്യമ നിയന്ത്രണം. ഐടി ചട്ടഭേദഗതി : ആശങ്കയായ വ്യവസ്ഥ പിന്‍വലിക്കണം” എന്നാണ് ശീര്‍ഷകം.ഐടി ഇന്‍റര്‍ മീഡിയറി ചട്ടം (2021) ഭേദഗതി ചെയ്യാനുള്ള കേന്ദ്ര നീക്കത്തെ സംബന്ധിച്ചാണ് മുഖപ്രസംഗം കേഴുന്നത്. എന്നാല്‍ വരികള്‍ക്കിടയില്‍ക്കൂടിയെങ്കിലും ബിബിസി ഡോക്യുമെന്‍ററി നവമാധ്യമങ്ങളില്‍ വരുന്നത് തടയാനുള്ള നീക്കത്തെക്കുറിച്ച്, അല്ലെങ്കില്‍ മോദി ഗവണ്‍മെന്‍റും സംഘികളും ഭയത്തോടെ കാണുന്ന ഒരു ഡോക്യുമെന്‍ററി വന്നതിനെക്കുറിച്ച് ഒരു ചെറിയ സൂചനയെങ്കിലും നല്‍കാന്‍ മുഖപ്രസംഗം തയ്യാറാകുന്നില്ല. അത് സംബന്ധിച്ച വാര്‍ത്തപോലും നേരെ ചൊവ്വേ പ്രസിദ്ധീകരിക്കാന്‍, അതിന്‍റെ തുടര്‍വാര്‍ത്തകള്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊടുക്കാന്‍ പോലും മനോരമയ്ക്ക് മനസ്സില്ല; അല്ലെങ്കില്‍ അവര്‍ക്ക് മോദിപ്പേടിയാണ്. നിഷ്പക്ഷ മാധ്യമധര്‍മമാണ് പാലിക്കുന്നത് എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം കൊട്ടിഘോഷിക്കുന്ന ഈ മാധ്യമ ഭീകരന്മാര്‍ യഥാര്‍ഥത്തില്‍ പ്രതിപക്ഷ ധര്‍മമാണ് പാലിക്കുന്നത്. അവര്‍ക്കിഷ്ടം സിപിഐ എമ്മിനും ഇടതുപക്ഷത്തിനും പാരപണിയുകമാത്രം. അതിനവര്‍ ഇല്ലാക്കഥകള്‍ ഇറക്കിക്കൊണ്ടേയിരിക്കും.
ജനുവരി 22ന്‍റെ മനോരമയുടെ 7-ാം പേജില്‍ ഒരു ജോര്‍ ഐറ്റം വായിക്കാം: “മാറിയെത്തിയവര്‍ക്കായി മാറുന്ന സിപിഎം. പാര്‍ട്ടി മാറിയെത്തുന്നവര്‍ക്ക് ഗുണമോ എന്നു ചര്‍ച്ച”. കോണ്‍ഗ്രസ്സില്‍നിന്നും ബിജെപിയില്‍നിന്നും വിട്ടുവരുന്ന പ്രമുഖരെ അനാഥമായി അലയാന്‍ വിടാതെ പാര്‍ട്ടിയിലും വര്‍ഗബഹുജന സംഘടനകളിലും ഔദ്യോഗിക പദവികളിലും ഉള്‍പ്പെടുത്തുന്നതിലുള്ള മനോരമയുടെ അസ്വസ്ഥതയുടെ പ്രകടനമാണ് ഇതില്‍ തെളിഞ്ഞുനില്‍ക്കുന്നത്. മനോരമ പട്ടികപ്പെടുത്തിയ പലരും സിപിഐ എമ്മിലേക്ക് വന്നപ്പോള്‍ അതിനു മുന്‍പെത്തിയവര്‍ ഒന്നുമാകാതെ അനാഥരായി അലയുന്നുവെന്ന് കഥ മെനഞ്ഞപ്പോള്‍, അങ്ങനെ കോണ്‍ഗ്രസ്സില്‍നിന്നും ബിജെപിയില്‍ നിന്നുമുള്ള നേതാക്കളുടെ സിപിഐ എമ്മിലേക്കുള്ള ഒഴുക്ക് തടയാന്‍ പണിപ്പെട്ട മനോരമ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കാനാകുമോയെന്ന് കോലിട്ടു നോക്കുകയാണ്. അതിന്‍റെ പ്രതിഫലനമാണ്, “ശോഭന ‘ഉപേക്ഷിക്കുക’യും ചെറിയാന്‍ ഫിലിപ്പ് നിരസിക്കുകയും ചെയ്ത ഖാദി ബോര്‍ഡിലെ പദവി” എന്നതുപോലെയുള്ള പ്രയോഗങ്ങളില്‍ കാണുന്നത്. “ശോഭന ഉപേക്ഷിച്ചത്” എന്ന പ്രയോഗം തന്നെ നുണയാണ്. ശോഭന ജോര്‍ജ് 5 വര്‍ഷം ആ സ്ഥാനത്തിരുന്നു. 2021ല്‍ അവര്‍ക്ക് മറ്റൊരു സ്ഥാപനത്തിന്‍റെ ചുമതല, മറ്റെല്ലാവര്‍ക്കുമെന്നപോലെ നല്‍കുകയാണുണ്ടായത്. ഇതറിയാത്തതല്ല മനോരയ്ക്ക്. എന്നാലും ഒന്ന് ആക്കിയതാണ്! “തിരഞ്ഞെടുപ്പിനിറക്കാന്‍ സിപിഎമ്മിനു ധൈര്യമുണ്ടായില്ല” എന്ന താങ്ങും ഒരു നുണയാണ്. കണ്ണു തുറന്നുനോക്കുന്ന ആര്‍ക്കും ഒരു കാര്യം കാണാം. 1950 കള്‍ മുതല്‍ മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്ന പ്രമുഖരെ സ്വീകരിക്കുകയും മത്സരിപ്പിക്കുകയും ജയിച്ചാല്‍, പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ അര്‍ഹമായ പദവികള്‍ നല്‍കിയ പാരമ്പര്യവും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മുന്‍കാലങ്ങളിലെന്നപോലെ പല പ്രമുഖരെയും മത്സരിപ്പിക്കുകയും ജയിച്ച ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതോണ്ട് “മാറുന്ന സിപിഎം” എന്ന കുരയ്ക്കുന്ന മനോരമ വല്ലാണ്ടങ്ങോട്ട് പെടയ്ക്കണ്ട.
20-ാം തീയതി മനോരമ ഒന്നാം പേജിലും 9-ാം പേജിലും ഇതേ വിഷയം കുത്തിനിറച്ച് കമ്യൂണിസ്റ്റുവിരുദ്ധ വിഷം ചീറ്റുന്നതും നാം കാണുന്നു. “ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിനിധി കെ വി തോമസിന് കാബിനറ്റ് പദവി. മുന്‍പ് എ സമ്പത്ത് വഹിച്ച പദവി” എന്ന് ഒന്നാംപേജില്‍ വലിയ വായില്‍ വിലപിക്കുന്നു. സ്വന്തം കക്ഷത്തിലിരുന്നത് അപരന്‍റെ കൂടയിലെത്തിയതിലുള്ള മനോരമയുടെ അസ്ക്കിതയാണ് ഇതിലാവോളം നിഴലിക്കുന്നത്. അതിനായി നുണകള്‍ വാരിവിതറാനും കണ്ടത്തിലുകാരുടെ പത്രത്തിനു യാതൊരു മടിയുമില്ല. ഒന്നാം പേജിലെ റിപ്പോര്‍ട്ടിനൊപ്പം സൂചന നല്‍കി (ഒരു കൂതറ കാര്‍ട്ടൂണിന്‍റെ അകമ്പടിയോടെ; അങ്ങനെ പറയുന്നത് വിമര്‍ശിക്കുന്നതിനോടുള്ള വിരോധമല്ല, മറിച്ച് നുണയുടെ പിന്‍ബലത്തിലുള്ള ഹാസ്യകലാപ്രകടനത്തോടുള്ള എതിര്‍പ്പാണ്) 9-ാം പേജില്‍ പടര്‍ത്തിവിട്ടിരിക്കുന്ന സാധനം പച്ചക്കള്ളമാണെന്ന് ചിലര്‍ സമ്മതിക്കുമ്പോഴും മനോരമ അതിനും തയ്യാറാകുന്നില്ല.
20-ാം തീയതിയിലെ മനോരമയുടെ 9-ാം പേജില്‍ താങ്ങിയിരിക്കുന്നതു നോക്കൂ: “ഡല്‍ഹി പ്രതിനിധി എ സമ്പത്തിനുവേണ്ടി ചെലവായത് 7.26 കോടി”. 7.26 കോടി രൂപയുടെ സ്പ്ലിറ്റപ്പും നല്‍കിയിരിക്കുന്നു. ശമ്പളം, സ്റ്റാഫിന്‍റെ വേതനം, യാത്ര, ഓഫീസ് ചെലവുകള്‍ എന്നിങ്ങനെ കോടികള്‍ അവതരിപ്പിക്കുന്നു. ഇക്കാര്യം മാതൃഭൂമി മറ്റൊരുവിധത്തില്‍ 20-ാം തീയതി താങ്ങീരിക്കുന്നതു കൂടി നോക്കാം: ” ‘സമ്പത്തു’ കാലത്ത് ചെലവിട്ടത് 7.26 കോടി”. എന്നാല്‍ 21ന് പ്ലേറ്റ് പാടെ തിരിക്കുന്നു, ഇങ്ങനെ: “എ സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 14.18 ലക്ഷം”. കോടികള്‍ ലക്ഷത്തിലേക്ക് ചുരുങ്ങുന്ന മറിമായത്തിനാണ് ഇതില്‍ നാം സാക്ഷ്യംവഹിക്കുന്നത്. 20-ാം തീയതി, ശമ്പളമിനത്തില്‍ സമ്പത്ത് 4.62 കോടി രൂപ കൈപ്പറ്റിയെന്നു എഴുതിയതിനു ആധികാരികത നല്‍കാന്‍ മാതൃഭൂമി “ബജറ്റ് രേഖകള്‍ സൂചിപ്പിക്കുന്നു”വെന്ന് ടിപ്പണിയും വയ്ക്കുന്നു. എന്നാല്‍ 21നു തലയൂരിയത് ധനവകുപ്പിന്‍റെ കുറിപ്പിനെ പിടിച്ചാണ്. പക്ഷേ, മനോരമ 20-ാം തീയതി തങ്ങളുടെ സ്രോതസ്സ് എന്തെന്നു പറയാതിരിക്കുകയും പിറ്റേന്ന് ആ നുണയില്‍ ഉറച്ചു നില്‍ക്കുകയും, കള്ളമാണെന്ന് തെളിഞ്ഞിട്ടും, പിന്നെയും ഉറച്ചു നില്‍ക്കുന്നതുമാണ് കാണുന്നത്. അല്ലെങ്കില്‍ പിറ്റേന്നു വന്ന് സത്യസന്ധമായ വിവരം നല്‍കുകയെങ്കിലും വേണമല്ലോ. മാതൃഭൂമി പിറ്റേന്ന് സത്യം പറയുമ്പോഴും അശേഷം പശ്ചാത്താപം പ്രകടിപ്പിക്കുന്നുമില്ല. ഈ രണ്ട് കൂലിത്തല്ല് ക്വട്ടേഷന്‍ ടീമുകള്‍ നമ്മുടെ സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന മാലിന്യത്തിലേക്ക് ഒന്നു നോക്കണേ!
വീണ്ടും 20-ാം തീയതിയിലെ മനോരമയുടെ 9-ാം പേജിലേക്ക് വരാം. ശീര്‍ഷകമിങ്ങനെ: “കെ വി തോമസ് വഴിയും ഒരു പാലം കേന്ദ്രത്തിലേക്ക്. സംഘപരിവാര്‍ ബന്ധത്തിന്‍റെ തെളിവെന്ന് പ്രതിപക്ഷം. അപ്പഴേ ഒരു സംശയം മനോരമേ! കേന്ദ്ര – സംസ്ഥാന മന്ത്രിയും എംപിയും എംഎല്‍എയുമെല്ലാമായിരുന്ന, കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാവായിരുന്ന കെ വി തോമസ് സംഘപരിവാറിന്‍റെ ആളായത് എന്നു മുതലാണ്! എന്തായാലും മനോരമയുടെ അത്ര സംഘപരിവാര്‍ പാരമ്പര്യവും ബന്ധവും തോമസ് മാഷിനുണ്ടെന്നു തോന്നണില്ല. കേരളത്തിലാദ്യമായി, 1956ല്‍ ജനസംഘത്തിന് (ബിജെപിയുടെ പൂര്‍വരൂപം) കോട്ടയം തിരുനക്കര മൈതാനത്തില്‍ അരങ്ങൊരുക്കിയ മനോരമയ്ക്ക് സംഘപരിവാറുമായുള്ള ബന്ധം ആര്‍ക്കാണറിയാത്തത്. ക്രിസംഘിത്തരത്തിന് അന്നേ പാലം പണിതിട്ടതാണല്ലോ മനോരമ! മാഷിന് അങ്ങനെ ഒരു ബന്ധമുണ്ടായിരുന്നെങ്കില്‍, സംഘപരിവാറിന്‍റെ സ്വന്തം ആളായ കെ സുധാകരന്‍ പ്രസിഡന്‍റായ കെപിസിസിയോട് വിട പറയേണ്ടതില്ലല്ലോ! പോരെങ്കില്‍ ആന്‍റണി തന്നെ എത്ര തവണ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്‍റെ വക്താവാണ് താനെന്ന് ന്യുനപക്ഷ വിരുദ്ധ പ്രസ്താവന നടത്തി തെളിയിച്ചിട്ടുണ്ട്. അതുമല്ല, 2001ലെ ആന്‍റണിയുടെ മുഖ്യമന്ത്രിക്കസേര തന്നെ സംഘപരിവാറിന്‍റെ കൂടി സംഭാവനയായിരുന്നല്ലോ. അതോണ്ടാണല്ലോ കെപിസിസിയുടെ മീഡിയ സെല്‍ ബിബിസി ഡോക്യുമെന്‍ററിക്ക് വിലക്കേര്‍പ്പെടുത്തിയ മോദി നയത്തിന് സ്തുതിഗീതം രചിച്ചത്.
പിന്നൊരു കാര്യം. “കെ വി തോമസ് വഴിയും” എന്ന പ്രയോഗത്തിന്‍റെ അര്‍ഥം കൂടി മനോരമ കൊച്ചന്‍ ഒന്നു പറയണമായിരുന്നു. സ്വന്തം അത്താഴത്തിന് വകയൊപ്പിക്കാന്‍ മനോരമ ജോലിക്കാരന്‍ എന്ത് തറപ്പണിക്കും മടിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്. സംഘപരിവാറിനെതിരെ പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയും ഈ കൂതറ കൂലിത്തല്ലു സംഘം സംഘപരിവാറിന്‍റെ കൂടി അച്ചാരം വാങ്ങിയാണ് ഇമ്മാതിരി ഉടായിപ്പുകള്‍ താങ്ങുന്നതെന്നു പറഞ്ഞാല്‍ കോപിക്കല്ലേ മക്കളേ!
19ന്‍റെ മനോരമയുടെ 11-ാം പേജില്‍ സിപിഐ എമ്മിന്‍റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടിനെയാണ് കേറി കൊത്താന്‍ നോക്കിയിരിക്കുന്നത്. അതിലും ആശ്രയം മനോരമയ്ക്ക് പതിവുപോലെ നുണ ചമയ്ക്കല്‍ മാത്രം! സിപിഐ എമ്മിന്‍റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകള്‍ കൃത്യവും വ്യക്തവുമാണ്. അതെല്ലാം രേഖപ്പെടുത്തപ്പെട്ടവയുമാണ്. അത് കൃത്യമായി അവതരിപ്പിച്ച് (ഉദ്ധരിച്ചുകൊണ്ട്) മനോരമയ്ക്കെന്നല്ല ഏത് കോതണ്ഡരാമനും പാര്‍ട്ടിയെ വിമര്‍ശിക്കാം. എന്നാല്‍ അങ്ങനെ സാധ്യത തീരെ ഇല്ലാത്തതുകൊണ്ടാണ് മനോരമയും പൊതുവില്‍ വലതുപക്ഷവും നുണക്കഥകളെ ആശ്രയിക്കുന്നത്.
19ന്‍റെ മനോരമയുടെ 11-ാം പേജില്‍ അടിയറ്റത്ത് വലതുപക്ഷത്തായി അവതരിപ്പിക്കുന്നത് ഇങ്ങനെ: “ത്രിപുര, ജോഡോ യാത്ര, മൂന്നാം മുന്നണി. വിശദീകരിക്കാന്‍ പണിപ്പെട്ട് സിപിഎം”. തിരുവനന്തപുരം ഡേറ്റ് ലൈനില്‍ നല്‍കീറ്റുള്ള ഈ സാധനത്തിന്‍റെ അനുബന്ധമായി “ശ്രീനഗറില്‍ പോകണോ? തീരുമാനിക്കാതെ സിപിഎം.” എന്നു കൂടി ഒരിനം ചേര്‍ത്തിട്ടുണ്ട്. അവിടന്ന് തുടങ്ങാം. ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് ജോഡോയുടെ ഉദ്ഘാടനം കന്യാകുമാരിയില്‍ നടന്നപ്പോള്‍ തമിഴ്നാട്ടിലെ സിപിഐ എം നേതാക്കളാരും അവര്‍ ക്ഷണിച്ചിട്ടും പോയില്ലെന്നും കേന്ദ്ര നേതൃത്വം വിലക്കിയതുകൊണ്ടാണതെന്നും പറയുന്നുണ്ട്. ഉദ്ഘാടനത്തില്‍ സിപിഐ എം പങ്കെടുക്കേണ്ട എന്ന തീരുമാനം ഉണ്ടായിരിക്കേ സമാപനത്തിന്‍റെ കാര്യത്തില്‍ ആശങ്കയുടെ കാര്യംതന്നെയില്ലല്ലോ. അപ്പോള്‍ ആശങ്കയും ആശയക്കുഴപ്പവും മനോരമയ്ക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടാവാനിടയില്ല. ജോഡോ യാത്ര വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ആലോചിച്ച് തയ്യാറാക്കിയ പരിപാടിയല്ല. കോണ്‍ഗ്രസിന്‍റെ സംഘടനാപരമായ ഒരു പരിപാടിയാണ്. അതിന്‍റെ ഉദ്ഘാടനത്തിനോ സമാപനത്തിനോ സിപിഐ എം പങ്കെടുക്കേണ്ട കാര്യമേയില്ലല്ലോ. എന്തായാലും സിപിഐ എമ്മില്‍ ആര്‍ക്കും അക്കാര്യത്തില്‍ ഒരാശങ്കയും ഇല്ല. ബിജെപി വിരുദ്ധക്കൂട്ടായ്മയ്ക്കുള്ള വേദിയായി ശ്രീനഗറിലെ ജോഡോ സമാപനം മാറുമെന്നാണ് മനോരയുടെ പ്രതീക്ഷ. അങ്ങനെ മാറുന്നതിലും സിപിഐ എമ്മിന് ആശങ്കയോ ഭയമോ എതിര്‍പ്പോ ഒന്നുമില്ല.
ത്രിപുരയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സീറ്റു ധാരണയും ബിജെപിക്കെതിരെ സംയുക്തറാലിയും നടത്തിയതോ എന്നാണ് മനോരമേടെ ചോദ്യം. സിപിഐ എമ്മിന് ബിജെപിക്കെതിരായ കൃത്യമായ നിലപാടുണ്ട്. ഒരു കാരണവശാലും ബിജെപിക്ക് പാര്‍ട്ടിയുടെ നിലപാടുമൂലം ഒരു സീറ്റുപോലും കിട്ടാന്‍ പാടില്ല എന്ന സുവ്യക്തമായ നിലപാടാണ് സിപിഐ എമ്മിനുള്ളത്. മാത്രമല്ല, പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ സമാഹരിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് പാര്‍ട്ടി സംശയാതീതമായി ഹൈദരാബാദില്‍ 2018ലും കണ്ണൂരില്‍ 2022ലും ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ തീരുമാനിച്ചത്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് (കണ്ണൂര്‍) രേഖകള്‍ എന്ന കൃതിയില്‍ സമാഹരിച്ചിട്ടുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയപ്രമേയത്തില്‍ (പേജ് 89-92) ബിജെപിയോടുള്ള സമീപനവും അതിനെ ചെറുക്കുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ചും വിവരിക്കുന്നുണ്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഓരോ പ്രദേശത്തും അനുയോജ്യമായ സഖ്യങ്ങള്‍ക്ക് രൂപം നല്‍കുകയും അതുപോലെ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ജനവിരുദ്ധമായ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ വിശാലമായ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ് പാര്‍ട്ടിയുടെ നയം. അക്കാര്യത്തിലൊന്നും സിപിഐ എമ്മിന് ഒരാശങ്കയുമില്ല. മനോരമയ്ക്കാണ് ആശങ്കയും വേവലാതിയും. അത് തീര്‍ക്കാന്‍ വേറെ മരുന്നാണ് വേണ്ടത്.♦