Sunday, November 24, 2024

ad

Homeപ്രതികരണംകണ്ണീര്‍ വാര്‍ത്ത് ഗുസ്തി താരങ്ങള്‍; കണ്ണടച്ച് മോദി സര്‍ക്കാര്‍

കണ്ണീര്‍ വാര്‍ത്ത് ഗുസ്തി താരങ്ങള്‍; കണ്ണടച്ച് മോദി സര്‍ക്കാര്‍

എം പ്രശാന്ത്

‘ഒന്നിനും കൊള്ളാത്ത ഓട്ടക്കാലണയെന്നാണ് എന്നെ പരിഹസിച്ചത്. ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ചു’ڊ ജന്ദര്‍മന്ദറിലെ സമരവേദിയില്‍ നനഞ്ഞ കണ്ണുകളോടെയാണ് വിനേഷ് ഫൊഗാട്ട് ഇതുപറഞ്ഞത്. ലോക ചാമ്പ്യന്‍ഷിപ്പും, ഏഷ്യന്‍ ഗെയിംസും, കോമണ്‍വെല്‍ത്ത് ഗെയിംസുമടക്കം ഒട്ടേറെ അന്തര്‍ദേശീയ വേദികളില്‍ രാജ്യത്തിന്‍റെ അഭിമാനമായി മാറിയ ഗുസ്തി താരമാണ് ആത്മഹത്യയെക്കുറിച്ച് ആലോചിച്ചതായി ഡല്‍ഹിയിലെ തണുത്തുറഞ്ഞ ഒരു ജനുവരി പകലില്‍ കണ്ണീരോടെ പറഞ്ഞത്. രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ നേരിടുന്ന പീഡാനുഭവങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ വിനേഷ് വിശദീകരിച്ചത്. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് നിരവധി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിനേഷിന്‍റെ വെളിപ്പെടുത്തല്‍ രാജ്യത്തെയാകെ ഞെട്ടിച്ചു.
വിനേഷ് തനിച്ചായിരുന്നില്ല. അറിയപ്പെടുന്ന ഒട്ടനവധി ഗുസ്തി താരങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ വനിതയായ സാക്ഷി മല്ലിക്ക്, ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവ് ബജ്രങ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ആദ്യ വെള്ളി മെഡല്‍ നേടിയ അന്‍ഷു മല്ലിക്ക് എന്നിവര്‍ പ്രതിഷേധക്കാരില്‍ ഉള്‍പ്പെടുന്നു. ഗുസ്തി ഫെഡറേഷനെതിരെയും അതിന്‍റെ പ്രസിഡന്‍റ് ബ്രിജ്ഭൂഷണിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ തുടക്കത്തില്‍ വലിയ ഗൗരവം കാട്ടിയില്ല. ജന്ദര്‍മന്ദറില്‍ താരങ്ങള്‍ക്ക് മൂന്നു ദിവസം ധര്‍ണ ഇരിക്കേണ്ടതായി വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയത്തില്‍ ഇടപെടണമെന്നും ബ്രിജ്ഭൂഷണിനെ പുറത്താക്കണം എന്നുമാണ് താരങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മോദിയോ ഷായോ ഈ വിഷയത്തില്‍ ഒരു പ്രതികരണത്തിനു പോലും കൂട്ടാക്കിയില്ല.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം വലിയ വാര്‍ത്താപ്രാധാന്യം നേടിയതോടെ കേന്ദ്രം ചര്‍ച്ചയ്ക്ക് വഴങ്ങി. കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായാണ് താരങ്ങള്‍ ചര്‍ച്ച നടത്തിയത്. ആദ്യ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. താരങ്ങള്‍ നിലപാട് കടുപ്പിച്ചതോടെ ബ്രിജ്ഭൂഷണിനെ താല്‍കാലികമായി മാറ്റിനിര്‍ത്താമെന്നും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പ്രശ്നം പഠിക്കുന്നതിനായി ഒരു ഏഴംഗ സമിതിക്ക് രൂപം നല്‍കി.
എന്തുവന്നാലും രാജിവെയ്ക്കില്ലെന്ന നിലപാടിലാണ് ബ്രിജ്ഭൂഷണ്‍. ഇപ്പോഴും ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങള്‍ ബ്രിജ്ഭൂഷണിന്‍റെ നിയന്ത്രണത്തില്‍ തന്നെ. താരങ്ങളുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ബോക്സിങ് താരം എം സി മേരികോമിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ മേല്‍നോട്ട സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ഒരു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ഒരു മാസക്കാലത്തേക്ക് മേല്‍നോട്ട സമിതിക്കാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിജ്ഭൂഷണ്‍ ഇതൊന്നും അംഗീകരിച്ച മട്ടില്ല. ഫെഡറേഷന്‍റെ മുന്‍നിശ്ചയിച്ച പരിപാടികളും മറ്റുമായി അദ്ദേഹം തിരക്കില്‍ തന്നെയാണ്.

കേന്ദ്രം പ്രഖ്യാപിച്ച അഞ്ചംഗ മേല്‍നോട്ട സമിതിയോട് ഗുസ്തി താരങ്ങള്‍ യോജിച്ചിട്ടില്ല. തങ്ങളുമായി കൂടിയാലോചിക്കാതെയാണ് സമിതി പ്രഖ്യാപനം എന്നാണ് താരങ്ങളുടെ നിലപാട്. താരങ്ങളുമായി കൂടിയാലോചിച്ചാകും സമിതി രൂപീകരണമെന്ന് കായിക മന്ത്രി താരങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രതിഷേധം പിന്‍വലിച്ചത്. എന്നാല്‍ താരങ്ങളുമായി പിന്നീട് കൂടിയാലോചനയ്ക്കൊന്നും സര്‍ക്കാര്‍ മെനക്കെട്ടില്ല. അവര്‍ ഏകപക്ഷീയമായി അഞ്ചംഗ സമിതിയെ പ്രഖ്യാപിച്ചു. മേരികോമിന് പുറമെ ഗുസ്തി താരമായിരുന്ന യോഗേശ്വര്‍ ദത്ത്, മുന്‍ ബാഡ്മിന്‍റണ്‍ താരവും മിഷന്‍ ഒളിമ്പിക് സെല്‍ അംഗവുമായ തൃപ്തി മുരുഗുണ്ടെ, ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ മുന്‍ സിഇഒ രാജേഷ് രാജഗോപാലന്‍, സായ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാധിക ശ്രീമാന്‍ എന്നിവരാണ് മേല്‍നോട്ട സമിതി അംഗങ്ങള്‍. എന്നാല്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച സമിതിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഗുസ്തി താരങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

ലൈംഗിക പീഡനമടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ബ്രിജ്ഭൂഷണിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെയായി മോദി സര്‍ക്കാരും ബിജെപിയും സ്വീകരിച്ചിട്ടുള്ളത്. യുപി രാഷ്ട്രീയത്തില്‍ ബ്രിജ്ഭൂഷണുള്ള സ്വാധീനം തന്നെയാണ് കാരണം. സ്വന്തം ജില്ലയായ ഗോണ്ട അടക്കം ആറ് ജില്ലകളില്‍ സ്വാധീനമുള്ള നേതാവാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ബ്രിജ്ഭൂഷണ്‍. ആറുവട്ടം ലോക്സഭാംഗമായി. 1957 ല്‍ ഗോണ്ടയിലെ ബിസ്നൊഹര്‍പ്പുര്‍ ഗ്രാമത്തിലാണ് ജനനം. കുടുംബത്തില്‍ പലരും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. എന്നാല്‍ ബ്രിജ്ഭൂഷണ്‍ എത്തിപ്പെട്ടത് സംഘപരിവാറിന്‍റെ വര്‍ഗീയ രാഷ്ട്രീയത്തിലാണ്. ബാബറി പള്ളി തകര്‍ക്കുന്നതിനായി സംഘപരിവാര്‍ എണ്‍പതുകളില്‍ തുടക്കമിട്ട പ്രക്ഷോഭത്തില്‍ സജീവമായി. എല്‍ കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ബാബറി പള്ളി തകര്‍ക്കല്‍ ഗൂഢാലോചനക്കേസില്‍ പ്രതിയായി. ഇതേ കാലയളവില്‍ത്തന്നെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളികള്‍ക്ക് സംരക്ഷണം ഒരുക്കിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. ഒരേസമയം വര്‍ഗീയ രാഷ്ട്രീയത്തിനൊപ്പവും ക്രിമിനല്‍ രാഷ്ട്രീയത്തിനൊപ്പവും ബ്രിജ്ഭൂഷണ്‍ കൂസലില്ലാതെ നടന്നുനീങ്ങി. ഗുസ്തി എക്കാലവും ബ്രിജ്ഭൂഷണിന് കമ്പമുള്ള കായിക വിനോദമായിരുന്നു. ഗോദയില്‍ തിളങ്ങിയില്ലെങ്കിലും ഗുസ്തി മല്‍സരങ്ങളുടെ സംഘാടകനായി പേരെടുത്തു.
ഗോണ്ടയിലും സമീപ ജില്ലകളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ്ഭൂഷണിനുണ്ട്. ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് 14 വര്‍ഷമായി തുടരുന്നു. പല ആക്ഷേപങ്ങളും ഇക്കാലയളവില്‍ ഉയര്‍ന്നെങ്കിലും ബ്രിജ്ഭൂഷണിന് ഇളക്കമുണ്ടായില്ല. ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഗുസ്തി മല്‍സരങ്ങള്‍ പലപ്പോഴും നേരിട്ട് നിയന്ത്രിക്കുന്നത് ബ്രിജ്ഭൂഷണാണ്. പലപ്പോഴും റഫറിമാരുടെ തീരുമാനങ്ങളെ അടക്കം ചോദ്യംചെയ്യും. റഫറിമാരെ പരസ്യമായി അവഹേളിക്കും. സ്വന്തം സാമ്രാജ്യമായാണ് ഗുസ്തി ഫെഡറേഷനെ ബ്രിജ്ഭൂഷണ്‍ കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ വിനേഷ് ഫൊഗാട്ട് അടക്കമുള്ള താരങ്ങളുടെ പ്രതിഷേധം ആദ്യമായി ബ്രിജ്ഭൂഷണിന് വെല്ലുവിളിയാവുകയാണ്. രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ച് പിടിച്ചുനില്‍ക്കാനാണ് ശ്രമം. ഹരിയാന മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയിലേക്കാണ് ബ്രിജ്ഭൂഷണ്‍ വിരല്‍ചൂണ്ടുന്നത്. പ്രതിഷേധിച്ച താരങ്ങളെറെയും ഹരിയാനക്കാരാണ്. ഇത് അവസരമാക്കിയാണ് ഹൂഡയുടെ മേലെയുള്ള പഴിചാരല്‍. താരങ്ങളുടെ പ്രതിഷേധത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് ഹൂഡ വ്യക്തമാക്കിയിട്ടുണ്ട്.

പന്തിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍ട്ടിലാണ്. എന്നാല്‍ യുപി രാഷ്ട്രീയത്തിലെ ബാഹുബലിയായ ബ്രിജ്ഭൂഷണിനെതിരായി കടുത്ത നടപടിക്ക് ബിജെപി മടിക്കുകയാണ്. മോദിയുടെയും അമിത് ഷായുടെയുമെല്ലാം മൗനത്തില്‍ നിന്നുതന്നെ ഇത് വ്യക്തം. ബ്രിജ്ഭൂഷണിനെ പൂര്‍ണമായും മാറ്റിനിര്‍ത്താതെയുള്ള അന്വേഷണവും പ്രഹസനമാകാനാണ് സാധ്യതയേറെയും. ലൈംഗികാപവാദങ്ങള്‍ കായിക ലോകത്ത് ഇതാദ്യമല്ല. അടുത്തയിടെയാണ് ഹരിയാനയിലെ കായിക മന്ത്രിയും ബിജെപി നേതാവുമായ സന്ദീപ് സിങിനെതിരായി സംസ്ഥാനത്തെ ഒരു വനിതാ കോച്ച് ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത്. എന്നാല്‍ കായിക വകുപ്പില്‍ നിന്ന് മാറ്റിയതല്ലാതെ സന്ദീപ് സിങ്ങിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഒരുക്കമായില്ല. ഇപ്പോഴും സംസ്ഥാന മന്ത്രിസഭയില്‍ സന്ദീപുണ്ട്. ഹരിയാനയില്‍ സമാനമായ അനുഭവം മുമ്പുമുണ്ട്. 1990 ല്‍ ടെന്നീസ് താരമായിരുന്ന രുചിക ഗിര്‍ഹോത്ര ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്‍റും ഹരിയാന പൊലീസിന് ഐജിയുമായ എസ്പിഎസ് റാത്തോഡിനെതിരായി ലൈംഗിക പീഡന പരാതി ഉയര്‍ത്തി. 14 വയസ്സ് മാത്രമായിരുന്നു രുചികയുടെ പ്രായം.

ഭരണകൂടം പൂര്‍ണമായും റാത്തോഡിനൊപ്പം നിന്നു. പിന്തുണയുമായി ജാതി സംഘടനകളും എത്തി. ആക്ഷേപം നിലനില്‍ക്കെ തന്നെ റാത്തോഡിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. നിസ്സഹായയായ രുചിക ഒടുവില്‍ സ്വയം ജീവനൊടുക്കി. ദുഃഖം സഹിക്കാനാകാതെ അച്ഛനും വൈകാതെ മരിച്ചു. സഹോദരന് നാടുവിട്ട് പോകേണ്ടി വന്നു. ചില വനിതാ സംഘടനകളും രുചികയുടെ സുഹൃത്തിന്‍റെ കുടുംബവും കേസുമായി മുന്നോട്ടുപോയി. റാത്തോഡിന് ഒടുവില്‍ ശിക്ഷ ലഭിച്ചു. ആറുമാസം മാത്രം തടവും ആയിരം രൂപ പിഴയും.

കായികരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും എല്ലാം അവകാശവാദം. എന്നാല്‍ വനിതാ താരങ്ങള്‍ അവരുടെ ദുരനുഭവങ്ങള്‍ വിവരിക്കമ്പോള്‍ കുറ്റക്കാര്‍ക്കെതിരായി നടപടിക്ക് മുതിരാതെ സംരക്ഷിക്കുകയാണ് ബിജെപിയും മോദി സര്‍ക്കാരും.

വിനേഷ് ഫൊഗാട്ടിനെപോലുള്ള കായികതാരങ്ങള്‍ ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ഉയര്‍ന്നുവന്നത്. കടുത്ത പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഹരിയാനപോലൊരു സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഗോദയില്‍ ഇറങ്ങുന്നതുതന്നെ വലിയ തെറ്റായി ചിത്രീകരിക്കപ്പെട്ടിരുന്നു. കുടുംബാംഗങ്ങളില്‍ നിന്നടക്കം അവഹേളനങ്ങള്‍ നേരിട്ടാണ് വിനേഷും മറ്റും പരിശീലനവുമായി മുന്നോട്ടുപോയത്. അന്തര്‍ദേശീയ വേദികളില്‍ തിളങ്ങിയപ്പോള്‍ മാത്രമാണ് ഇവരുടെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെട്ടത്. ഇത്രയധികം പ്രതികൂല സാഹചര്യങ്ങളെ നേരിട്ടവര്‍ ബ്രിജ്ഭൂഷണ്‍ എന്ന കരുത്തനെതിരായി പ്രതികരണത്തിന് മുതിരുമ്പോള്‍ അത് എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടതിനാലാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ഒളിമ്പിക്സിലടക്കം രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ താരങ്ങളെ ചേര്‍ത്തുപിടിക്കാന്‍ മോദി സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടുമോയെന്ന ചോദ്യമാണ് ശേഷിക്കുന്നത്. ഇതുവരെയുള്ള നടപടികള്‍ നിരാശാജനകമാണ്. ബിജെപിയുടെ ഒരു നേതാവിനെ സംരക്ഷിക്കാന്‍ രാജ്യത്തിന്‍റെ അഭിമാനമായ താരങ്ങളെ കൈവിടുന്ന സമീപനമാണ് സര്‍ക്കാരിന്‍റേതെങ്കില്‍ ഭാവിയില്‍ കൂടുതല്‍ വിനേഷുമാരും സാക്ഷിമാരും ഗോദകളില്‍ വളര്‍ന്നുവരാനുള്ള സാധ്യത കൂടിയാവും അടയുക. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 3 =

Most Popular