പെണ്‍സമരങ്ങള്‍ക്ക് കേരളചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അയിത്തവും തൊട്ടുതീണ്ടായ്മയുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളിലൊന്നായ സ്ത്രീകളെയാണ്. മുലക്കരം പോലെ, പെണ്ണിന്‍റെ അസ്തിത്വത്തെതന്നെ കച്ചവടവത്കരിച്ച അനീതികള്‍ക്കെതിരെ പോരാടിയ വിപ്ലവവനിതകളുടെ നാടാണിത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നയിച്ച തൊഴിലാളി സമരങ്ങളിലും അവകാശ പോരാട്ടങ്ങളിലുമെല്ലാം പെണ്ണും ആണും തോളോടുതോള്‍ ചേര്‍ന്ന് പോരാടി. ഇനിയും സാധ്യമാകാനുള്ള മനുഷ്യന്‍റെ പൂര്‍ണ സ്വാതന്ത്ര്യത്തിന്‍റെ ഒരേടാണ് ഇന്ന് കേരളം നടപ്പിലാക്കിയ ആര്‍ത്തവാവധി. ഇത് സ്ത്രീസമത്വ പോരാട്ടം മാത്രമല്ല, എല്ലാ ലിംഗത്തിലുമുള്ള മനുഷ്യരുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്; സമൂഹത്തിന്‍റെ തുല്യത എന്ന തിരിച്ചറിവാണ്.
സ്ത്രീ ശരീരത്തിലെ ഒരു ജൈവപ്രക്രിയയാണ് ആര്‍ത്തവം. ഈ മാസമുറ പെണ്ണിന്‍റെ ജീവിതത്തെ ശാരീരികവും മാനസികവുമായി ബാധിക്കുന്നത് വിരളമായി മാത്രമേ ചര്‍ച്ചയാകാറുള്ളൂ. ചെറിയ സഹതാപപ്രകടനങ്ങള്‍ക്കപ്പുറം ഈ വിഷയത്തിന്‍റെ വ്യാപ്തി മനസിലാക്കാന്‍ ആരും നേരം കളയാറില്ല. പ്രസവിക്കാനുള്ള വേദനസഹിക്കാനുള്ളശേഷി വര്‍ധിപ്പിക്കാനാണ് ഈ ചെറിയ വേദനകള്‍, സുഖപ്രസവത്തിന് ഇത് സഹായിക്കും, എന്ത് വിഷമവും കടിച്ചമര്‍ത്തി പരിഭവം പറയാതെ യന്ത്രത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന അത്ഭുത ജീവിയാണ് പെണ്ണ്, ഇങ്ങനെ പല വാദങ്ങളും പെണ്ണിനെ നിശബ്ദയാക്കാന്‍ സമൂഹം പറയാറുണ്ട്. അമ്മ, ദേവി എന്നിങ്ങനെയുള്ള പരിവേഷങ്ങളിലേക്ക് സ്ത്രീയെ മഹത്വവത്കരിച്ചു കാണിക്കുന്നതാണ് പുരുഷാധിപത്യ സമൂഹം പെണ്ണിനെ പൂട്ടിയിടാന്‍ കണ്ടെത്തിയ ഏറ്റവും നല്ല ഉപായം. ദൈവ പരിവേഷങ്ങളില്‍ ഉള്ളവര്‍ക്ക് വേദനകളും പരിഭവങ്ങളുമൊന്നും ഉണ്ടാകില്ലല്ലോ. അതാകുമ്പോള്‍ ആര്‍ത്തവവും ഗര്‍ഭധാരണവും പ്രസവവുംപോലും ശരീരത്തെയോ മനസ്സിനെയോ ബാധിക്കില്ലാത്ത, എല്ലാ ദിവസവും നിര്‍വികാരതയോടെ പണി എടുക്കുന്ന നല്ലൊരു പണിക്കാരിയായി സ്ത്രീകളെ ഉപയോഗിക്കാം. എന്‍റെ അമ്മ സ്വന്തം ഇഷ്ടങ്ങള്‍ക്കുവേണ്ടി ജീവിച്ചിട്ടില്ല എന്ന തരത്തിലുള്ള സഹനകഥകള്‍ പറയുമ്പോള്‍, ഒരു സ്ത്രീയുടെ ജീവിതമാണ് സമൂഹം ഇല്ലാതാക്കിയതെന്ന തിരിച്ചറിവ് ആര്‍ക്കും വരുന്നില്ല.
പെണ്ണിനെ ഒരു സാധാരണ മനുഷ്യനായി കാണണം. വേദനകളും വിഷമങ്ങളുമൊക്കെ ബാധിക്കുന്ന, വിശ്രമം ആവശ്യമുള്ള പച്ച മനുഷ്യനാണ് സ്ത്രീ. സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന ആര്‍ത്തവം വലിയൊരു വേദനയുമാണ്. വേദനയുള്ള സമയങ്ങളില്‍ വിശ്രമം മനുഷ്യന്‍ അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം ആര്‍ത്തവ ദിനങ്ങളില്‍ വിശ്രമം അഥവാ ആര്‍ത്തവാവധി അവകാശമാകുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 14 വിഭാവനം ചെയ്യുന്ന തുല്യത, തുല്യമായ അവസരങ്ങളാണ്. ഒരേ കാര്യം നേടിയെടുക്കാന്‍ വൈവിധ്യമുള്ള മനുഷ്യര്‍ക്കെല്ലാം തുല്യമായ അവസരങ്ങളുണ്ടാകണം. ആര്‍ത്തവമുള്ളവളെയും ഇല്ലാത്തവനെയും ഒരേപോലെ കണക്കാക്കുന്നത് ഭരണഘടനാപരമായി തെറ്റാണ്. ഭരണഘടന പ്രതിപാദിക്കുന്ന പ്രത്യേക അവസരങ്ങളിലൊന്നാണ് ഈ സാഹചര്യത്തില്‍ ആര്‍ത്തവാവധി. റിസര്‍വ്വേഷനുകള്‍ എന്ന ആശയം പോലും തുല്യ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ്. ഒരു വിഷയത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് അതിനനുസരിച്ചുള്ള അവസരങ്ങള്‍ കൊടുക്കുക, എളുപ്പത്തില്‍ പറഞ്ഞാല്‍ ഇതാണ് തുല്യത. അതൊരിക്കലും അവസരങ്ങള്‍ ലഭിക്കുന്നവര്‍ താഴെയാണെന്നോ മറ്റുള്ളവര്‍ മുകളിലാണെന്നോ അര്‍ഥമാക്കുന്നില്ല. എല്ലാവരെയും ഒരേ സ്ഥലത്ത് ഇരുത്തലല്ല, ഒരേ സ്ഥലത്ത് എത്താന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതാണ് തുല്യത. ഈ ചെറിയ ആശയം മനസിലാക്കിയാല്‍ ആര്‍ത്തവാവധി ചോദിക്കുന്നവര്‍ക്ക് സമത്വം എവിടെ എന്ന് ആരും ഇനിമുതല്‍ ചോദിക്കില്ല. പെണ്ണിനെ താഴ്ത്തിക്കാണിക്കും ഈ ആര്‍ത്തവനയം എന്നും ആരും ഇനി പറയില്ല.
ആര്‍ത്തവ കാലത്ത് ഓരോ പെണ്‍കുട്ടിക്കും വിശ്രമിക്കാനുള്ള ഈ അവസരം ഉണ്ടാകണമെന്ന് കുറേ കാലങ്ങളായി മനസ്സില്‍ ആഗ്രഹിക്കുന്നതാണ്. ഈ ലേഖിക, എസ്എഫ്ഐയുടെ വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റിയായ മാതൃകം കണ്‍വീനറായിരുന്ന കാലത്ത് പ്രിയപ്പെട്ട സഖാക്കളോടൊപ്പം കുറെ സ്വപ്നം കണ്ടതാണിത്. എസ്എഫ്ഐ നയിക്കുന്ന കുസാറ്റ് യൂണിയന്‍ ചെയര്‍പേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത അന്ന് മനസ്സിലുറപ്പിച്ചതാണ് ആദ്യം കൊടുക്കുന്ന അപേക്ഷ ഇതാകണമെന്ന്. അതനുസരിച്ചാണ് 2023 ജനുവരി 3ന് ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് നല്‍കുന്നത്. കുസാറ്റ് അധികൃതര്‍ ഏറ്റവും നന്നായി പ്രതികരിച്ചതിന്‍റെ ഭാഗമായി ജനുവരി 11ന് തന്നെ ആര്‍ത്തവാവധി അനുവദിച്ചുകൊണ്ടുള്ള യൂണിവേഴ്സിറ്റി ഓര്‍ഡര്‍ ഇറങ്ങുകയുണ്ടായി. അത് കേരളത്തിലും പുറത്തുമെല്ലാം വലിയ ചര്‍ച്ചയാകുകയും ഇന്നിതാ കേരളത്തിന്‍റെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു വിദ്യാര്‍ത്ഥിനി സൗഹൃദ മോഡല്‍ രാജ്യത്തിനു മുന്നില്‍ വെക്കുകയും ചെയ്തു. കാലങ്ങളായി ആര്‍ത്തവം അശുദ്ധമല്ല, സാധാരണ കാര്യമാണ് എന്നു പറഞ്ഞുറപ്പിച്ചതാണ് പോരാടിയുറപ്പിച്ചതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെല്ലാം. ഒരു സെമസ്റ്ററില്‍ 2% അറ്റന്‍റന്‍സ് റിലാക്സേഷന്‍ എന്ന നിലയ്ക്കാണ് കുസാറ്റില്‍ ആരംഭിച്ച ഈ ഉദ്യമം കേരളത്തിലുടനീളം പരന്നത്.
ഈ ആര്‍ത്തവാവധി ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. ദൈനംദിന സംഭാഷണങ്ങളിലെല്ലാം ആര്‍ത്തവം ഇനി കടന്നുവരും. ഈ നയത്തെ എതിര്‍ക്കാനെങ്കിലും ആളുകള്‍ ഇതിനെപ്പറ്റി സംസാരിക്കും. അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസമായി ഇത് മാറും. 2% ഏതെങ്കിലും കാലത്ത് അപര്യാപ്തമായി തോന്നിയാല്‍ അന്ന് വീണ്ടും സംവാദങ്ങള്‍ വരട്ടെ, മാറ്റങ്ങളും പരിണാമങ്ങളും വരട്ടെ. ഇതൊരു തുടക്കമാണ്. ഇനിയിത് സ്കൂള്‍ തലത്തിലേക്ക് കടക്കണം, ജീവനക്കാരിലേക്ക് കടക്കണം. അസംഘടിത തൊഴില്‍ മേഖലയിലും ഇതെങ്ങനെ നല്‍കാന്‍ പറ്റുമെന്ന് ചര്‍ച്ചകള്‍ വരണം. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍റന്‍സ് ഷോര്‍ട്ടേജും മാര്‍ക്കുമൊന്നുമില്ല. എന്നാല്‍ ആര്‍ത്തവം എന്താണെന്ന് പഠിക്കാന്‍ ആണിനും പെണ്ണിനും ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കുമെല്ലാം ഇതൊരു അവസരമാകും. ഇതൊരു സാധാരണ കാര്യമാണെന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുമിച്ചിരുത്തി അധ്യാപകര്‍ പറഞ്ഞു കൊടുക്കണം, പെണ്‍കുട്ടിക്ക് വിശ്രമിക്കാനാണ് ഈ അവധി എന്ന് പറഞ്ഞു കൊടുക്കണം, ആ ദിവസങ്ങളില്‍ എങ്ങനെ പരസ്പരം സഹായിക്കണമെന്ന് പറഞ്ഞു കൊടുക്കണം. ഇതിലും വലിയ ലൈംഗിക വിദ്യാഭ്യാസം ഇത്രയും എളുപ്പത്തില്‍ മറ്റൊന്ന് ഉണ്ടെന്നു തോന്നുന്നില്ല.
എല്ലാ ലിംഗത്തിലുമുള്ളവരുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു തുടക്കമായും ഇതിനെ കാണണം. ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമാണ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍. കലാലയങ്ങളും വിദ്യാലയങ്ങളുമൊന്നുംതന്നെ ട്രാന്‍സ്ജന്‍ഡര്‍ സൗഹൃദമല്ല. അടുത്ത ചര്‍ച്ചകള്‍ ഇതിനെപ്പറ്റിയാകട്ടെ. ഓരോ മനുഷ്യനും അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭിക്കുന്ന, സമത്വമുള്ള ഇടങ്ങള്‍ ഉണ്ടാകട്ടെ. നമുക്ക് ജീവിക്കാന്‍ നമ്മളിടങ്ങള്‍ ഉണ്ടാകട്ടെ. ♦