വിവിധ ഹൈക്കോടതി ജഡ്ജിമാരായി അഞ്ചുപേരെ നിയമിക്കുന്നതിന് സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ മോദി സര്‍ക്കാര്‍ രണ്ടു തവണ നിരാകരിച്ചു. എന്നാല്‍ നിരാകരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ ജഡ്ജി നിയമനത്തിനുള്ള അയോഗ്യതയല്ലെന്ന് കൊളീജിയം വ്യക്തമാക്കി. എന്നു മാത്രമല്ല സര്‍ക്കാര്‍ തിരിച്ചയച്ച അഞ്ചുപേരുടെയും പേരുകള്‍ കൊളീജിയം മൂന്നാം തവണയും ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതോടെ ഉന്നതനീതിപീഠവും യൂണിയന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുമ്പെരിക്കലുമില്ലാത്ത തരത്തില്‍ രൂക്ഷമായിരിക്കുകയാണ്.
ഗവണ്‍മെന്‍റിന്‍റെ വാദം ബാലിശം
ജഡ്ജിമാരായി നിയമിക്കപ്പെടാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ക്ക് മോദി സര്‍ക്കാര്‍ കണ്ടെത്തിയ ‘അയോഗ്യത’ അങ്ങേയറ്റം ബാലിശമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. സുപ്രീംകോടതി അസന്ദിഗ്ധമായ ഭാഷയില്‍ അതു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെടാന്‍ കൊളീജിയം നല്‍കിയ ശുപാര്‍ശയില്‍ ഉള്‍പ്പെട്ടവര്‍ താഴെ പറയുന്നവരാണ്: സൗരഭ് കൃപാല്‍ (ഡല്‍ഹി ഹൈക്കോടതി), സോമശേഖര്‍ സുന്ദരേശന്‍ (ബോംബെ ഹൈക്കോടതി), അമിതേഷ് ബാനര്‍ജി, സാക്യസെന്‍ (ഇരുവരും കല്‍ക്കട്ട ഹൈക്കോടതി), ആര്‍ ജോണ്‍ സത്യന്‍ (മദ്രാസ് ഹൈക്കോടതി). മേല്‍പ്പറഞ്ഞവരില്‍ ജഡ്ജിമാരില്‍ ചിലരുടെ ‘അയോഗ്യത’യായി കേന്ദ്ര സര്‍ക്കാര്‍ എഴുന്നള്ളിക്കുന്ന കാരണങ്ങള്‍ വളരെ നിസ്സാരവും നിയമത്തിനുമുമ്പില്‍ നിലനില്‍ക്കാത്തതുമാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കച്ചിത്തുരുമ്പാക്കുന്നത്. സൗരഭ് കൃപാലിന്‍റെ പേര് നിരാകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ‘ന്യായ’മിതാണ്: സ്വവര്‍ഗാനുരാഗിയായ സൗരഭ് തന്‍റെ ലൈംഗികാഭിമുഖ്യം പരസ്യമായി പ്രകടിപ്പിക്കുന്നു. പങ്കാളി സ്വിറ്റ്സര്‍ലന്‍ഡ് പൗരനാണ്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല എന്നത് സുപ്രീംകോടതി തന്നെ വിധിച്ചതാണ്. ആ നിലയ്ക്ക് അത് ജഡ്ജി നിയമനത്തിനുള്ള അയോഗ്യതയാകുന്നത് എങ്ങനെയാണെന്ന കോടതിയുടെ ചോദ്യത്തിനുമുമ്പില്‍ ചൂളാനേ മോദി സര്‍ക്കാരിനു കഴിഞ്ഞുള്ളു.
ജോണ്‍ സത്യന് സര്‍ക്കാര്‍ കണ്ടെത്തിയ അയോഗ്യത ഇതാണ്: അദ്ദേഹം മോദിയെ വിമര്‍ശിച്ചുകൊണ്ട് ‘ദ ക്വിന്‍റി’ല്‍ വന്ന ലേഖനം പങ്കുവെച്ചു. നീറ്റ് ജയിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണം രാഷ്ട്രീയ വഞ്ചനയുടെ കൊലപാതകം എന്നു ചൂണ്ടിക്കാട്ടി ‘ഷെയിം ഓഫ് യു ഇന്ത്യ’ എന്ന് സാമൂഹിക മാധ്യമങ്ങളില്‍ ജോണ്‍ സത്യന്‍ പോസ്റ്റിട്ടു. ഇത് ജോണ്‍ സത്യന്‍റെ വിശ്വാസ്യതയെയോ സ്വഭാവ മഹിമയെയോ ബാധിക്കുന്നില്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജോണ്‍ സത്യന്‍. അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ രാഷ്ട്രീയാഭിമുഖ്യമുള്ള സംഘടനയുടെയോ ഭാരവാഹിയോ പ്രവര്‍ത്തകനോ അല്ല. ആര്‍ക്കും ധാര്‍മിക രോഷം ഉണ്ടാക്കുന്ന ഒരു കാര്യത്തില്‍ പൗരന്‍ എന്ന നിലയ്ക്ക് അഭിപ്രായം പ്രകടിപ്പിച്ചു എന്നു മാത്രം. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്നിരിക്കെ അതെങ്ങനെ തെറ്റാകും?
സോമശേഖരന്‍റെ അയോഗ്യതയായി മോദി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്, സര്‍ക്കാരിന്‍റെ നയങ്ങളെയും പദ്ധതികളെയും അദ്ദേഹം വിമര്‍ശിച്ചു എന്നതാണ്. തന്‍റെ നിലപാടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെയും ‘മഹാ അപരാധ’മായാണ് സര്‍ക്കാര്‍ കാണുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് തെറ്റല്ല; അതുകൊണ്ടു പക്ഷപാതിയാണെന്ന് നിരീക്ഷിക്കാനുമാവില്ല എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. മറ്റു രണ്ടുപേരുടെ നിയമനം വൈകിക്കാനും കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഇത്തരം തൊടുന്യായങ്ങളാണ്.
ബിജെപിക്ക് ലോക്സഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചത് 2014ല്‍ ആണ്. അന്നുമുതല്‍ കോടതികളെ നിയന്ത്രിക്കാനും അവിടങ്ങളില്‍ തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരെ നിയമിക്കാനും പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപി സര്‍ക്കാര്‍. 1998 മുതല്‍ 2004 വരെ രണ്ടു തവണകളിലായി അധികാരത്തിലിരുന്ന വാജ്പേയി സര്‍ക്കാരും അതിനു ശ്രമിച്ചു. എന്നാല്‍ അന്ന് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലായിരുന്നു. എന്‍ഡിഎയിലെ വിവിധ ഘടകകക്ഷികളുടെ പിന്തുണ വേണമായിരുന്നു ഭരിക്കാന്‍. ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലം മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നിനെയും ബിജെപി കൈപ്പിടിയിലൊതുക്കി വരികയാണ്.
തിരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെ പലപ്പോഴും മോദി സര്‍ക്കാരിന്‍റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നതിന്‍റെ അനുഭവമാണ് നമുക്കു മുമ്പിലുള്ളത്. മറ്റൊരു ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയക്കളിയുടെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് മോദി സര്‍ക്കാര്‍. ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റുമാര്‍, മുന്‍ മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിക്കാത്ത മറ്റു നേതാക്കള്‍ എന്നിവരെയാണല്ലോ ബിജെപി ഗവര്‍ണര്‍മാരായി നിയോഗിച്ചിരിക്കുന്നത്. കുമ്മനം രാജശേഖരനും പി എസ് ശ്രീധരന്‍പിള്ളയും ഗവര്‍ണര്‍മാരായത് അവര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്മാരായിരിക്കെയാണല്ലോ. ഗവര്‍ണറായിരുന്ന കുമ്മനത്തിനെ കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കുന്നതിലും ഒരു മടിയും ബിജെപിക്കുണ്ടായിരുന്നില്ല. ബിജെപിയിതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലിരുന്ന് സര്‍ക്കാരുകള്‍ക്ക് പരമാവധി പാര പണിയുക, കുതിര കച്ചവടത്തിലൂടെ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കഴിയുമെങ്കില്‍ അതിനു പരമാവധി പിന്തുണ നല്‍കുക എന്നിവയൊക്കെയാണ് ഗവര്‍ണര്‍മാരുടെ ദൗത്യം. അത് അവര്‍ പരമാവധി ‘ഭംഗിയായി’ ചെയ്യുന്നുമുണ്ട്.
പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് സംസ്ഥാന ഗവണ്‍മെന്‍റിന് നിത്യവുമെന്ന പോലെ തലവേദനയുണ്ടാക്കിയ ആളാണ് ജഗദീപ് ധന്‍കര്‍.പശ്ചിമ ബംഗാളിലെ ‘സേവന’ത്തിനുള്ള നന്ദിയായി അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കിയിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടാനും വിമര്‍ശിക്കുന്ന പൊതുപ്രവര്‍ത്തകരെയും സാമൂഹിക – സാംസ്കാരിക പ്രവര്‍ത്തകരെയും കലാകാരരെയും നിശബ്ദരാക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഓരോന്നിനെയും പരമാവധി ദുരുപയോഗം ചെയ്യുകയാണ് മോദി സര്‍ക്കാര്‍. അതിന്‍റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ് നിത്യേനയെന്നോണം വരുന്ന വാര്‍ത്തകള്‍.
നീതിനിഷ്ഠര്‍ അനഭിമതരാകുന്നു
കോടതികളൊഴികെ മറ്റു മിക്ക ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപി സര്‍ക്കാര്‍ വരുതിയിലാക്കിക്കഴിഞ്ഞു. കോടതികളെ സ്വാധീനിക്കാനും കോടതികളിലെ ജഡ്ജിമാരുടെ നിയമനങ്ങളിലിടപെടാനും മോദി സര്‍ക്കാര്‍ തുടക്കംമുതലേ ശ്രമിച്ചുവരികയാണ്. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ, മുതിര്‍ന്ന ജഡ്ജിമാരടങ്ങിയ കൊളീജിയത്തിന്‍റെ ശുപാര്‍ശ അനുസരിച്ചാണ്. കൊളീജിയം ശുപാര്‍ശ ചെയ്താല്‍ സാധാരണഗതിയില്‍ ഗവണ്‍മെന്‍റ് അതംഗീകരിക്കുകയും രാഷ്ട്രപതി നിയമന ഉത്തരവ് പുറപ്പെടുവിക്കുകയുമാണ് പതിവ്. അപൂര്‍വം ചിലരുടെ കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗരണ്‍മെന്‍റ് കൊളീജിയത്തോട് അഭ്യര്‍ഥിക്കാറുണ്ട്. കൊളീജിയം ആ വ്യക്തിയുടെ പേര് വീണ്ടും ശുപാര്‍ശ ചെയ്താല്‍ അദ്ദേഹത്തെ ജഡ്ജിയായി നിയമിക്കുകയാണ് അടുത്ത കാലംവരെയുള്ള അനുഭവം.
മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിയമിക്കാന്‍ വല്ലാത്ത ആവേശമാണ് കാണിക്കുന്നത്. ബിജെപിക്കു ഹിതമല്ലാത്ത വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിമാര്‍, ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്താത്ത അഭിഭാഷകര്‍ ഇവരെയൊക്കെ ഉയര്‍ന്ന കോടതികളില്‍ ജഡ്ജിമാരാക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് മോദി സര്‍ക്കാര്‍.
ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ട രണ്ടുപേരുടെ കാര്യംപരിഗണിച്ചാല്‍ തന്നെ ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന പിടിവാശിയും പക്ഷപാതിത്വവും ആര്‍ക്കും ബോധ്യമാകും.നീതിനിഷ്ഠനും നിഷ്പക്ഷനുമായ ജഡ്ജി എന്ന് ദേശീയ പ്രശസ്തി നേടിയ ജസ്റ്റിസ് കെ എം ജോസഫ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്നു. 2016ല്‍ ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരിനെ മോദി സര്‍ക്കാര്‍ പിരിച്ചുവിട്ടു. കെ എം ജോസഫിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഈ പിരിച്ചുവിടല്‍ റദ്ദാക്കി. സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരം തിരിച്ചു ലഭിക്കാന്‍ ആ വിധി വഴിയൊരുക്കി. സുപ്രീംകോടതിയും അത് ശരിവെച്ചു.
അതോടെ ജസ്റ്റിസ് കെ എം ജോസഫ് മോദി സര്‍ക്കാരിന് അനഭിമതനായി.
2018 ജനുവരി 11ന് കൊളീജിയം, സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കെ എം ജോസഫിന്‍റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് അദ്ദേഹത്തോടുള്ള പക പ്രകടമായി. കെ എം ജോസഫിന്‍റെ പേര് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രാലയം നിയമന ശുപാര്‍ശ സുപ്രീംകോടതിക്ക് തിരിച്ചയച്ചു. അതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ 100 സീനിയര്‍ അഭിഭാഷകര്‍ ഒപ്പിട്ട പ്രമേയം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു നല്‍കി. കൊളീജിയം കെ എം ജോസഫിന്‍റെ പേര് വീണ്ടും നിര്‍ദ്ദേശിച്ചു. അതേത്തുടര്‍ന്നാണ് ഏഴുമാസം വൈകിപ്പിച്ചതിനുശേഷം ജസ്റ്റിസ് ജോസഫിന് നിയമനം നല്‍കിയത്. 2018 ആഗസ്ത് 6 മുതലാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിക്കുന്നത്. ഏഴുമാസത്തെ സീനിയോറിറ്റിയാണ് ജോസഫിനു നഷ്ടമായത്.
സുപ്രീംകോടതിയിലെ അഭിഭാഷകയായിരുന്നു ഇന്ദു മല്‍ഹോത്ര. ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കൊളീജിയം നല്‍കിയത് 2018 ഏപ്രില്‍ 25നാണ്. 26നു തന്നെ സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 27നു തന്നെ അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. തങ്ങള്‍ക്കിഷ്ടപ്പെട്ടവരാണെങ്കില്‍ നിയമനം മണിക്കൂറുകള്‍ക്കുള്ളില്‍; മറിച്ചാണെങ്കില്‍ പരമാവധി വെച്ചു താമസിപ്പിക്കുകയോ നിയമനം തന്നെ അട്ടിമറിക്കുകയോ ചെയ്യുക. ഇതാണ് മോദി സര്‍ക്കാരിന്‍റെ പൊതു സമീപനം.
രണ്ടാം മോദി സര്‍ക്കാര്‍, ജഡ്ജിമാരുടെ നിയമനങ്ങളില്‍ കടുത്ത പിടിവാശിയാണ് പ്രകടിപ്പിക്കുന്നത്. കൊളീജിയത്തിന്‍റെ ശുപാര്‍ശ മടക്കി അയക്കുക സ്ഥിരം പതിവാക്കി മാറ്റി ഗവണ്‍മെന്‍റ്. കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ പോലും മടക്കി അയക്കുന്ന ധിക്കാരത്തിലേക്ക് സര്‍ക്കാര്‍ എത്തി. അതിനുനേരെയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി അതിരൂക്ഷമായി പ്രതികരിച്ചത്. കൊളീജിയം രണ്ടു തവണ ശുപാര്‍ശ ചെയ്തവര്‍ക്ക് നിയമനം നല്‍കിയേ മതിയാകൂ എന്നും ശുപാര്‍ശ മടക്കരുതെന്നും അതിരൂക്ഷമായ ഭാഷയിലാണ് പരമോന്നത കോടതി, അന്ത്യശാസനമെന്നോണം മോദി സര്‍ക്കാരിനോടാവശ്യപ്പെട്ടത്.
രണ്ടാം മോദി സര്‍ക്കാര്‍
കൂടുതല്‍
ആക്രമണോത്സുകം
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്. ഇപ്പോള്‍ 50-ാം ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് നിയമിതനായതോടെ കൂടുതല്‍ ആക്രമണോല്‍സുകമായിരിക്കുകയാണ് സര്‍ക്കാരും ബിജെപിയും. പ്രശസ്തമായ പല വിധികളും പുറപ്പെടുവിച്ച ചന്ദ്രചൂഡ് സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത ആളാണെന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ ഭീഷണികളോ പ്രീണനതന്ത്രങ്ങളോ ചെലവാകില്ലെന്ന ധാരണ വന്നതാണ് ആക്രമണം രൂക്ഷമാക്കാന്‍ ഗവണ്‍മെന്‍റിനെ പ്രേരിപ്പിച്ചത്. ചന്ദ്രചൂഡിന് കാലാവധി രണ്ടു വര്‍ഷം കൂടി ഉണ്ടു താനും.
ഒരു ഭാഗത്ത് നിയമമന്ത്രി കിട്ടുന്ന വേദികളിലെല്ലാം സുപ്രീംകോടതിയെ അതിശക്തമായി വിമര്‍ശിക്കുന്നു. ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണം എന്നു വരെ ആവശ്യപ്പെടുന്നിടത്തെത്തി ഗവണ്‍മെന്‍റിന്‍റെ ധാര്‍ഷ്ട്യം. മറുഭാഗത്ത് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ താനിരിക്കുന്ന സ്ഥാനത്തിന്‍റെ അന്തസ്സു കളഞ്ഞുകുളിച്ചുകൊണ്ട് നിരന്തരം കോടതിയെ വിമര്‍ശിക്കുന്നു.
സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂര്‍ച്ഛിക്കുമ്പോള്‍ ജനതാല്‍പര്യമാണ് ബലി കൊടുക്കേണ്ടിവരുന്നത്. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലുമായി ലക്ഷക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ജഡ്ജിമാരുടെ നിയമനം സമയത്തു നടക്കാത്തത് ഈ പ്രശ്നന്നെ രൂക്ഷമാക്കുന്നു. നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണല്ലോ വൈകി ലഭിക്കുന്ന നീതി. കേരള ഹൈക്കോടതിയില്‍ തന്നെ 2 ലക്ഷം കേസുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജഡ്ജിമാരുടെ 10 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. 2021 ഒക്ടോബറിലാണ് കേരള ഹൈക്കോടതിയില്‍ ഏറ്റവും ഒടുവില്‍ ജഡ്ജിമാര്‍ നിയമിക്കപ്പെട്ടത്. അതിനുമുന്‍പ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടുപേരുടെ നിയമനം നടത്താന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
മറ്റു ഹൈക്കോടതികളിലെ സ്ഥിതി ഇതിനു സമാനമോ ഇതിനേക്കാള്‍ രൂക്ഷമോ ആണ്. ജഡ്ജി നിയമനങ്ങളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ പരക്കംപായുന്ന മോദി സര്‍ക്കാര്‍ അതിലൂടെ രാജ്യത്തെ നിയമവ്യവസ്ഥയെയാകെ കൈപ്പിടിയിലൊതുക്കാനാണ് ശ്രമിക്കുന്നത്. അത് ചെറുക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ നിലനില്‍പിനു തന്നെ അനിവാര്യമാണ്. ♦