Saturday, June 22, 2024

ad

Homeവിശകലനംബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് വംശഹത്യയില്‍ മോദിക്കുള്ള പങ്ക് അനിഷേധ്യം

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് വംശഹത്യയില്‍ മോദിക്കുള്ള പങ്ക് അനിഷേധ്യം

സി പി നാരായണന്‍

ബിബിസി സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്‍ററി മോദി സര്‍ക്കാരിനു വലിയ സൊല്ലയായിത്തീര്‍ന്നിരിക്കുന്നു. 2002 ഫെബ്രുവരി 28നും തുടര്‍ദിവസങ്ങളിലുമായി ഗുജറാത്തില്‍ നടത്തപ്പെട്ട വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്താറിപ്പോര്‍ട്ടാണ് ആ ഡോക്യുമെന്‍ററി. 2022ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ കാര്‍മികത്വത്തിലാണ് ആ വംശഹത്യ നടത്തപ്പെട്ടത് എന്നാണ് ബിബിസി ഡോക്യുമെന്‍ററി നല്‍കുന്ന ചിത്രം. അത് ഇന്ത്യന്‍ പ്രധാനമന്ത്രിയും ജി- 20 യുടെ ഈ വര്‍ഷത്തെ അധ്യക്ഷനുമായ മോദിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കുന്ന പുതിയ പരിവേഷത്തിന് ഒട്ടും യോജിക്കുന്നതല്ല ഈ ഡോക്യുമെന്‍ററി വരച്ചുകാണിക്കുന്ന ചിത്രം. അതാണ് ബിബിസി ഡോക്യുമെന്‍ററിയോട് ഇപ്പോള്‍ ബിജെപി സര്‍ക്കാരിനും നരേന്ദ്രമോദിക്കുമുള്ള എതിര്‍പ്പ്. അതുകൊണ്ടാണ് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ ഇത് തടയുന്നത്.
ബിബിസിയുടെ പഴയ റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കത്തെ മോദി സര്‍ക്കാര്‍ നിഷേധിക്കുമ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു. കഴിഞ്ഞ ദിവസം ഒരു അംഗം ചോദിച്ചത് ഇങ്ങനെയായിരുന്നു.:
“ഗുജറാത്തിലെ മുസ്ലിങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കൂട്ടക്കൊലയില്‍ നരേന്ദ്രമോദിക്കു നേരിട്ടുള്ള പങ്ക് എത്രത്തോളം എന്നതിനെക്കുറിച്ച് (ബ്രിട്ടന്‍റെ) വിദേശകാര്യ വകുപ്പിനു അന്നേ അറിയാമായിരുന്നു എന്നു വിദേശകാര്യ വകുപ്പിലെ സീനിയര്‍ നയതന്ത്ര പ്രതിനിധികള്‍ പറയുന്നതായി ബിബിസി ഇന്നലെ രാത്രിയിലെ വാര്‍ത്തയില്‍ പറയുന്നു. മുഖ്യമന്ത്രി നേരിട്ട് ഈ അക്രമത്തിനുത്തരവാദപ്പെട്ടിരിക്കുന്നു എന്ന നിലപാടെടുത്തതാണ്. എന്തു ചെയ്താലും ശിക്ഷാ നടപടികള്‍ ഉണ്ടാവില്ല എന്ന പ്രതീതി അക്രമികളില്‍ സൃഷ്ടിച്ചത്. അതില്ലായിരുന്നെങ്കില്‍ ഈ അക്രമങ്ങള്‍ ഈ തോതില്‍ ഉണ്ടാകുമായിരുന്നില്ല എന്നും നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു. വംശീയമായ ഈ ശുദ്ധീകരണ നടപടിക്ക് മോദിയാണ് ഉത്തരവാദി എന്നു വിദേശകാര്യ വകുപ്പ് വിശ്വസിക്കുന്നുണ്ടോ?” – ബ്രിട്ടീഷ് പ്രധാനമന്ത്രിയോടായിരുന്നു ചോദ്യം.
ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
“ഈ പ്രശ്നത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാണ്. ബഹുമാനപ്പെട്ട അംഗം വിവരിച്ച തരത്തിലുള്ള അക്രമത്തോട് ഞങ്ങള്‍ യോജിക്കുന്നില്ല.
ബിബിസി പുതുതായി കൊണ്ടുവരുന്ന ആരോപണമല്ല ഇത്. ഇരുപതു വര്‍ഷംമുമ്പ് ഗുജറാത്തില്‍ നടത്തപ്പെട്ട അരുംകൊലയെ അനുസ്മരിക്കുകയാണ് അത്. ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങളെ തേടിപ്പിടിച്ച് വംശഹത്യ നടത്തിയത് പുറത്തുകൊണ്ടുവന്നത്. വര്‍ഗീയ കലാപം ഇളക്കിവിടുക, ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആക്രമിക്കുക, കഴിയുന്നത്ര പേരെ കൊന്നൊടുക്കുക, മുസ്ലീം സ്ത്രീകളെ ബലാല്‍സംഗം ചെയ്യുക, അവരുടെ വസ്തുവകകള്‍ നശിപ്പിക്കുക, അങ്ങനെ രാജ്യത്ത് അവരുടെ സ്വൈരജീവിതം അസാധ്യമാക്കുക – ഇക്കൂട്ടര്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍. തങ്ങള്‍ എന്തോ സല്‍ക്കര്‍മം ചെയ്യുന്നു എന്ന വ്യാജേനയാണ് ഈ പൈശാചികത്വം അവര്‍ നടത്തുന്നത്.
ഗുജറാത്താണ് അവര്‍ ഈ കര്‍മപദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനം. തങ്ങളുടെ ഹിന്ദുത്വ പരീക്ഷണശാലയായി ആര്‍എസ്എസും ബിജെപിയും ഗുജറാത്തിനെ തിരഞ്ഞെടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മറ്റു ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തില്‍ എത്തിയിട്ടുണ്ടെങ്കിലും, അവര്‍ പരീക്ഷണശാലയാക്കി മാറ്റിയത് ഗുജറാത്തിനെയാണ്. ആ പരീക്ഷണത്തിന്‍റെ ആദ്യഘട്ടമായിരുന്നു 2002ല്‍ അവിടെ ദിവസങ്ങളോളം നടത്തിയ മുസ്ലീം വംശഹത്യ. അന്നു സംഘപരിവാര്‍ അവിടെ നടത്തിയ പേക്കൂത്തുകള്‍ ഏത് മനുഷ്യസ്നേഹിയെയും ഞെട്ടിപ്പിക്കുന്നവയാണ്.
2002ല്‍ ഗുജറാത്തില്‍ ബിജെപി ഭരണമായിരുന്നെങ്കില്‍ ഡെല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരും ബിജെപി നയിക്കുന്നതായിരുന്നു, എ ബി വാജ്പേയി പ്രധാനമന്ത്രിയായ കൂട്ടുകക്ഷി സര്‍ക്കാര്‍. അതിനാല്‍ ആ സര്‍ക്കാരിനു ഗുജറാത്ത് സംഭവത്തെ പൂര്‍ണമായും ന്യായീകരിക്കാനായില്ല. ബിജെപിയായിരുന്നു കേന്ദ്ര സര്‍ക്കാരിലെ പ്രധാനകക്ഷി എന്നതിനാല്‍ തള്ളിപ്പറയാനും കഴിഞ്ഞില്ല. പിന്നീടുവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും 2002ലെ സംഭവത്തെ അപലപിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും അതിലുള്ള പങ്കിന്‍റെ യഥാര്‍ഥ ചിത്രമാണ് ഡോക്യുമെന്‍ററി പുറത്തുകൊണ്ടുവന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം അതിന്‍റെ “സാമൂഹ്യ എന്‍ജിനീയറിങ്” ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിനും കൂട്ടകൊലയ്ക്കും വിധേയമാക്കുന്നതിനുള്ള പ്രക്രിയയാണ്. അത്തരത്തിലാണ് അത് തങ്ങളുടെ വര്‍ഗീയ ആധിപത്യം രാജ്യത്താകെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. അത് ആദ്യമായി ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് പ്രയോഗിക്കപ്പെടുന്നത് ഗുജറാത്തിലാണ്. 1990കളില്‍ ഗുജറാത്തില്‍ ശക്തമായിരുന്ന തുണിമില്‍ വ്യവസായം ആധുനികവല്‍ക്കരണത്തിനു വിധേയമായി. അതിന്‍റെ പ്രത്യക്ഷഫലം നിലവിലിരുന്ന തുണിമില്ലുകളിലെ പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി.
2002ല്‍ ഗുജറാത്തില്‍ നടന്നത് സാധാരണയുള്ള ഒരു വര്‍ഗീയ ലഹളയോ കലാപമോ ആയിരുന്നില്ല. തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി ആര്‍എസ്എസ് ആസൂത്രണം ചെയ്ത വംശഹത്യയാണ് ഗുജറാത്തില്‍ സംഭവിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് അതിന്‍റെ ആസൂത്രണത്തിലും നടപ്പാക്കലിലുമുള്ള പങ്ക് സുവിദിതമാണ്.അതോര്‍മിപ്പിക്കുന്നതാണ് ബിബിസിയുടെ ഇപ്പോഴത്തെ ഡോക്യുമെന്‍ററി. സംഘപരിവാര്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ ഒരു നടപടിയുമെടുക്കരുത് എന്നാണ് അന്ന് മോദി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം എന്നതുതന്നെ കലാപത്തിലെ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്നു. ഗോധ്ര സംഭവത്തെക്കുറിച്ചുള്ള ബാനര്‍ജി കമ്മിഷന്‍ റിപ്പോര്‍ട്ടും ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ജസ്റ്റിസ് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്തുവിടാതെ പൂഴ്ത്തിവെച്ചതുതന്നെ നിഷ്ഠുരമായ ആ വംശഹത്യയില്‍ മോദി സര്‍ക്കാരിനും ആര്‍എസ്എസ് നേതൃത്വത്തിനുമുള്ള പങ്ക് മൂടിവെയ്ക്കാനാണ് എന്ന് വ്യക്തം. ഇപ്പോള്‍ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ഹാലിളക്കവും അതിന്‍റെ ഭാഗം തന്നെ.
ബിബിസി എടുത്ത ഗുജറാത്ത് വര്‍ഗീയലഹളയെയും കൂട്ടക്കൊലയെയും കുറിച്ചുള്ള ചിത്രീകരണവും വിവരണവും ഈ വസ്തുത വെളിവാക്കുന്നതാണ്. എന്താണ് ഗുജറാത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പല സാമൂഹിക ശാസ്ത്രജ്ഞരും വിലയിരുത്തിയിട്ടുണ്ട്. അവരുടെ പഠനങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ബിബിസിയുടെ പഠനാര്‍ഹമായ ഡോക്യുമെന്‍ററി. മാത്രമല്ല അവര്‍ പുതിയ സംഭവവികാസങ്ങള്‍ പഴയതിനോട് കൂട്ടിച്ചേര്‍ക്കണമെന്നതുകൊണ്ടാകണം ബിജെപി സര്‍ക്കാര്‍ അതിനെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഒന്നായി മാറ്റിത്തീര്‍ക്കുന്നതിനു കാരണം.
ഗുജറാത്തില്‍ വര്‍ഗീയലഹള നടത്തിയതിലൂടെ ആയിരുന്നു നരേന്ദ്രമോദി രാഷ്ട്രീയരംഗത്ത് നേതാവായും പ്രധാനമന്ത്രിയായും ഉയരുന്നത് എന്ന വസ്തുത ഇപ്പോള്‍ ബിബിസി ചൂണ്ടിക്കാട്ടുന്നത് ബിജെപിക്കും മോദിക്കും അസഹ്യമായിരിക്കാം. പ്രത്യേകിച്ച്, ജി -20 രാഷ്ട്രകൂട്ടായ്മയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഒരു അന്താരാഷ്ട്ര നേതാവായി ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്ന ഈ വേളയില്‍.
എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ചരിത്രവും ചരിത്ര വസ്തുതകളും ജനങ്ങളുടെ മുന്നില്‍ ഒരുനാള്‍ ഉയര്‍ന്നുവരും. മുഠാളത്തം ഉള്‍പ്പെടെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് അത് സ്വീകാര്യമല്ലായിരിക്കാം. തങ്ങള്‍ ഇതേവരെ ചെയ്തുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ പീഡനവും അവരെ തുടച്ചുനീക്കലുമാണ് പുതിയ ജനാധിപത്യവും മതനിരപേക്ഷതയും എന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാകാം. അതിന് പല വാദമുഖങ്ങളും അണിനിരത്തിയേക്കാം. അവരുടെ ആഗ്രഹാഭിലാഷങ്ങളാകണം പുതിയ ജനാധിപത്യ-രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ എന്ന് അവര്‍ക്ക് അഭിപ്രായമുണ്ടാകാം. പക്ഷേ, അത് വക വച്ചുകൊടുക്കാന്‍ മതനിരപേക്ഷ ജനാധിപത്യവാദികള്‍ക്ക് കഴിയില്ല. മാന്‍തോലിട്ട ഇത്തരം കടുവകളെ മാനുകളായി അവതരിപ്പിക്കാനുള്ള തല്‍പ്പരകക്ഷികളുടെ നീക്കത്തെ മതനിരപേക്ഷ ജനാധിപത്യവാദികള്‍ ഒന്നിച്ചു ചേര്‍ന്ന് ശക്തമായി ചെറുക്കണം. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − ten =

Most Popular