Tuesday, February 27, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ലാവോസിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം ലാവോ പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി

ലാവോസിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം ലാവോ പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി

എം എ ബേബി

കത്ത് ഇന്ന് നിലവിലുള്ള അഞ്ച് തൊഴിലാളിവര്‍ഗ നേതൃത്വ ഗവണ്‍മെന്‍റുകളിലൊന്നാണ് ലാവോസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക് (ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് – ലാവോ പിഡിആര്‍). മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി സുനിശ്ചിതമായ ഒരു പരിപാടിയിലൂടെയും ആസൂത്രിത പദ്ധതികളിലൂടെയും സോഷ്യലിസ്റ്റ് നിര്‍മിതിയിലേക്ക് നീങ്ങിക്കാണ്ടിരിക്കുന്ന ചൈന, ക്യൂബ, വിയത്നാം, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായി ലാവോസ് ശിരസുയര്‍ത്തി നില്‍ക്കുന്നു. വെനസ്വേല, ബ്രസീല്‍ തുടങ്ങി ലോകത്ത് അധികാരത്തിലുള്ള നിരവധി ഇടതുപക്ഷ പുരോഗമന ഗവണ്‍മെന്‍റുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രത്യാശയും ആത്മവിശ്വാസവും പകരാന്‍ ഈ അഞ്ച് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണസംവിധാനങ്ങള്‍ക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം, സോഷ്യലിസവും കമ്യൂണിസവും മാര്‍ക്സിസവും അപ്രായോഗികമാണെന്ന ആസൂത്രിതമായ സാമ്രാജ്യത്വ പ്രചാരണത്തിനുമുന്‍പിലും ആത്മവിശ്വാസം കൈവെടിയാതെ ശാസ്ത്രീയ സോഷ്യലിസത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിഞ്ഞത് ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണ്.
1975ലാണ് ലാവോ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി (എല്‍പിആര്‍പി) ലാവോസ് എന്ന കൊച്ചുരാജ്യത്തെ രാജവാഴ്ചയ്ക്കും സാമ്രാജ്യത്വാധിപത്യത്തിനും അന്ത്യം കുറിച്ചുകൊണ്ട് നീണ്ടകാല പോരാട്ടത്തിനൊടുവില്‍ അധികാരം പിടിച്ചെടുക്കുന്നത്. ഫ്രഞ്ച് കൊളോണിയലിസത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ആഭ്യന്തര രാജവാഴ്ചയ്ക്കുമെതിരായി ‘പതെറ്റ് ലാവോ’ (ജമവേലേ ഘമീ ഘമീ ചമശേീി) എന്ന പേരില്‍ ലാവോ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സൈനിക സംഘടന രൂപീകരിച്ച് എല്‍പിആര്‍പി നടത്തിയ സായുധ വിപ്ലവ മുന്നേറ്റമാണ് ആ കൊച്ചുരാജ്യത്തെ സ്വതന്ത്ര റിപ്പബ്ലിക് ആക്കിമാറ്റിയത്. നീണ്ടകാല പോരാട്ടത്തിനൊടുവില്‍ ലാവോസിലെ ആഭ്യന്തരയുദ്ധത്തിന് അന്ത്യംകുറിച്ചുകൊണ്ട് 1975 ഡിസംബര്‍ രണ്ടിന് ലാവോസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടു. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ കയ്സണ്‍ ഫോമ്വിഹാനെ (ഗമ്യമീിലെ ജവീാ്ശവമില) ഡിസംബര്‍ 8ന് പ്രധാനമന്ത്രിയായി ചുമതലയേറ്റു. അന്ന് ജനപ്രതിനിധികളുടെ ദേശീയ കോണ്‍ഗ്രസിന്‍റെ ഉദ്ഘാടനവേളയില്‍ അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു, “നമ്മുടെ രാഷ്ട്രത്തിന്‍റെയും സമൂഹത്തിന്‍റെയും ഭാഗധേയത്തില്‍ അടിസ്ഥാനപരമായൊരു മാറ്റത്തെയാണ് ഈ വിജയം അടയാളപ്പെടുത്തുന്നത്.” ശരിയാണ്, അത് അടിസ്ഥാനപരമായൊരു മാറ്റംതന്നെയായിരുന്നു; സാമ്രാജ്യത്വാധിനിവേശത്തില്‍നിന്നും രാജവാഴ്ചയില്‍നിന്നും സ്വതന്ത്രമാകുകയും സോഷ്യലിസ്റ്റ് സമൂഹനിര്‍മിതിയിലേക്കുള്ള കാല്‍വയ്പ് നടത്തുകയും ചെയ്ത അടിസ്ഥാനപരമായൊരു മാറ്റംതന്നെയാണ് അത്.
പോരാട്ടങ്ങളുടെ നീണ്ടകാല ചരിത്രം തന്നെയാണ് ലാവോസിനും പറയാനുള്ളത്. ചെറുത്തുനില്‍പിന്‍റെ തുടക്കം പതെറ്റ് ലാവോയില്‍ നിന്നായിരുന്നില്ല; ഏതാണ്ട് അറുനൂറോളം വര്‍ഷങ്ങള്‍ക്കുമുമ്പ് 1353ല്‍ രാജാവായ തിയാവോ ഫംഗമിനു (ഠശമീ എൗിഴൗാ) കീഴില്‍ രാജ്യത്തിന്‍റെ ഏകീകരണം നടന്നതുമുതലിങ്ങോട്ട് ബര്‍മീസ്-സയാമീസ് (തായ്) ഭൂപ്രഭുക്കളുടെ നിര്‍ദ്ദയമായ ചൂഷണത്തിനെതിരെയും 1563, 1569 വര്‍ഷങ്ങളില്‍ ബര്‍മയുടെ കടന്നാക്രമണത്തിനെതിരെയും ലാവോസിലെ മനുഷ്യര്‍ പൊരുതി. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഫ്രഞ്ചുകാര്‍ ലാവോസില്‍ ആധിപത്യം സ്ഥാപിക്കുകയും കൊച്ചുരാജ്യത്തിന്‍റെ ചരിത്രത്തില്‍ കൊളോണിയലിസത്തിനു തുടക്കമാവുകയും ചെയ്തു. തെക്കന്‍ ലാവോസിലെ മോന്‍-ഖെമര്‍ (ങീി സവാലൃ) ഗോത്രവിഭാഗത്തിന്‍റെ നേതാക്കളായ ഓങ് കിയോ (ഛിഴ ഗലീ)യുടെയും ഓങ് കൊമ്മാന്‍ഡത്തിന്‍റെയും (ഛിഴ ഗീാാമിറമാ) നേതൃത്വത്തില്‍ ഫ്രഞ്ച് കൊളോണിയലിസത്തിനും ലാവോ ബൂര്‍ഷ്വാസിക്കുമെതിരായി 1901-1937 കാലത്ത് സായുധ കലാപം നടത്തുകയുണ്ടായി. ഈ പോരാട്ട പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചയാണ് ലാവോ പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി.
1917ല്‍ റഷ്യയില്‍ ബോള്‍ഷെവിക് വിപ്ലവം വിജയിച്ചതോടുകൂടി ചരിത്രത്തില്‍ ഒരു പുതിയ യുഗത്തിനു തുടക്കമിട്ടു. കൊളോണിയല്‍ അടിമത്വത്തിനുകീഴില്‍ നിന്നിരുന്ന രാജ്യങ്ങളിലെ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് അത് പ്രചോദനമായി. ലോകത്തുടനീളം അനവധി രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ്- വര്‍ക്കേഴ്സ് പാര്‍ട്ടികള്‍ രൂപംകൊണ്ടു. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ച വിയത്നാം വിപ്ലവകാരി ഹോചിമിന്‍ കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ നിര്‍ദേശപ്രകാരം 1930ല്‍ വിയത്നാം, ലാവോസ്, കമ്പോഡിയ എന്നീ മൂന്ന് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൂട്ടിയോജിപ്പിച്ച് ഇന്തോ-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (ഐസിപി) രൂപീകരിച്ചു. കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായും ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുമുള്ള പോരാട്ടത്തില്‍ ഈ മൂന്ന് പ്രദേശങ്ങളിലെയും വിപ്ലവകാരികള്‍ ഒന്നിച്ച് അണിനിരക്കുകയും സമരതന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. അതിന്‍റെ ഭാഗമായി 1951ല്‍ ഇന്തോ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂന്നാം കോണ്‍ഗ്രസ്സുവരെ ഈ നില തുടര്‍ന്നു. മൂന്നാം കോണ്‍ഗ്രസില്‍വെച്ച് ഐസിപി മൂന്നായി തിരിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വിയത്നാം വര്‍ക്കേഴ്സ് പാര്‍ട്ടിയും (1951) കമ്പൂചിയന്‍ പീപ്പിള്‍സ് റെവല്യൂഷനറി പാര്‍ട്ടിയും (1951) 1955 മാര്‍ച്ച് 22ന് ലാവോസ് പീപ്പിള്‍സ് റെവല്യൂഷനറി പാര്‍ട്ടിയും നിലവില്‍ വന്നത്. അങ്ങനെ ഹോചിമിന്‍റെ നേതൃത്വത്തിലുള്ള ഐസിപിയില്‍ നിന്നും ഉദയംകൊണ്ട എല്‍പിആര്‍പി തുടര്‍ന്നും പൊരുതിയത് ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനും അതിനൊത്താശ ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനും എതിരെയായിരുന്നു. 1954ല്‍ ഫ്രഞ്ച് കോളനിവാഴ്ചയ്ക്ക് അന്ത്യംകുറിച്ചപ്പോള്‍ പകരംവന്നത് പാരീസ് കരാര്‍ പ്രകാരം രാജവാഴ്ചയാണ്. 1975 ഡിസംബര്‍ 2ന് രാജവാഴ്ചയ്ക്കും അന്ത്യംകുറിച്ചു. പതെറ്റ് ലാവോയുടെ നേതൃത്വത്തില്‍ എല്‍പിആര്‍പി നടത്തിയ നീണ്ടകാലത്തെ സായുധ പോരാട്ടത്തിന് അവസാനമാകുകയും ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്ഥാപിതമാവുകയും ചെയ്തു.
മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തെ ആധാരമാക്കിയും ജനാധിപത്യകേന്ദ്രീകരണത്തെ അടിസ്ഥാനമാക്കിയും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എല്‍പിആര്‍പി. കൂട്ടായ നേതൃത്വം, വ്യക്തിപരമായ ഉത്തരവാദിത്വം, കര്‍ശനമായ അച്ചടക്കം എന്നിവയാണ് പാര്‍ട്ടിയുടെ സംഘടന ചട്ടക്കൂടിന്‍റെ അടിസ്ഥാനം. അതോടൊപ്പം പാര്‍ട്ടിയുടെ മഹത്തായ പാരമ്പര്യത്തെയും മുറുകെ പിടിക്കുന്ന എല്‍പിആര്‍പി 2016ല്‍ നടന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കയ്സണ്‍ ഫോമ്വിഹാനെ ചിന്തകളെയും പാര്‍ട്ടി പിന്തുടരുന്ന അടിസ്ഥാനസിദ്ധാന്തങ്ങളായി എഴുതിച്ചേര്‍ക്കുകയുണ്ടായി. ഇവയൊക്കെത്തന്നെയാണ് ഈ പ്രസ്ഥാനത്തിന്‍റെ വഴികാട്ടിയും മൗലികമായ നിലപാടുകളുടെ അടിത്തറയുമാകുന്നത്. മാര്‍ക്സിസം-ലെനിനിസം എന്ന മഹത്തായ ശാസ്ത്രീയ ആശയമാണ്, ദേശസ്നേഹത്തിലും ഒപ്പം തൊഴിലാളിവര്‍ഗ സാര്‍വദേശീയതയിലും അടിയുറച്ച് വിശ്വസിക്കുവാനും മാനുഷികതയിലൂന്നിയ വിപ്ലവപദ്ധതികളും ജനകീയ നയപരിപാടികളും കൈക്കൊള്ളുവാനും പാര്‍ട്ടിയെയും ലാവോ പിഡിആറിനെയും പ്രാപ്തമാക്കുന്നത്.
‘ജനങ്ങള്‍’ എന്ന പദത്തിന് ഈ പാര്‍ട്ടി നല്‍കുന്ന സ്ഥാനം ചെറുതല്ല. ജനങ്ങളായിരിക്കണം പാര്‍ട്ടിയുടെ അടിവേരെന്നും ജനങ്ങളെ സേവിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവരിലൂടെ കരുത്താര്‍ജിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും എല്‍പിആര്‍പി എടുത്തുപറയുന്നുണ്ട്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമായിരിക്കണം രാജ്യത്ത് നടപ്പാക്കേണ്ടതെന്ന് എല്‍പിആര്‍പി തുടക്കത്തില്‍തന്നെ തീരുമാനിക്കുകയുണ്ടായി. വിമര്‍ശനം – സ്വയം വിമര്‍ശനത്തെ പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായി കര്‍ശനമായി നടപ്പാക്കുന്നു. ബഹുവംശീയ വിഭാഗങ്ങള്‍ നിറഞ്ഞ ഒരു കൊച്ചുരാജ്യത്ത് തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെ അടിസ്ഥാനമാക്കി കാര്‍ഷിക കൂട്ടായ്മയിലൂന്നിയ സംഘകൃഷിയും (ഇീഹഹലരശ്ശേമെശേീി ീള മഴൃശരൗഹൗൃലേ) ദേശസാത്കരണവും ഉല്‍പാദനോപാധികളുടെ കൂട്ടായ ഉടമസ്ഥതയും നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ എല്‍പിആര്‍പിയുടെ ഇച്ഛാശക്തിയെയാണ് നാം കാണേണ്ടത്.
കാര്‍ഷിക കൂട്ടായ്മ എന്ന പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ സ്വകാര്യ ഉടമസ്ഥത അവസാനിപ്പിക്കുകയും ആ പ്രദേശങ്ങളില്‍ ജനകീയ രാഷ്ട്രീയമായ നിയന്ത്രണം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ നയത്തില്‍ ജനങ്ങള്‍ പൂര്‍ണമായി സംതൃപ്തരല്ലായെന്നു വെളിപ്പെടാന്‍ തുടങ്ങി. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയും ചൈനയെയും വിയത്നാമിനെയുംപോലെതന്നെ ലാവോസിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതേവരെ പിന്തുടര്‍ന്ന നയത്തില്‍ മാറ്റംവരുത്താന്‍ പ്രേരിപ്പിച്ചു.
തങ്ങള്‍ സോഷ്യലിസത്തില്‍ എത്തിയിട്ടില്ലായെന്നും സോഷ്യലിസ്റ്റ് സമൂഹനിര്‍മാണപ്രക്രിയയുടെ പാതയിലാണെന്നും മുതലാളിത്ത പൂര്‍വ ഫ്യൂഡല്‍ സംവിധാനത്തിലായിരുന്ന ലാവോസില്‍ അതുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് കമ്പോള മാതൃക നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടി വിലയിരുത്തി. 1988ല്‍ ലാവോസിന്‍റെ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്‍റുമായിരുന്ന കയ്സണ്‍ ഫോമ്വിഹാനെ ഇങ്ങനെ പറഞ്ഞു, “ഞങ്ങള്‍ സ്വീകരിച്ചുവന്ന സഹകരണനയം, മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സ്വീകരിച്ചുവന്ന പഴയ ശൈലിയാണ്. ലാവോസിലെ യഥാര്‍ഥ സാഹചര്യം സംബന്ധിച്ച ചില പഠനങ്ങള്‍ക്കുശേഷം ഞങ്ങള്‍ ദിശ മാറ്റുവാനും കുടുംബത്തില്‍നിന്ന് തുടങ്ങുവാനും തീരുമാനിച്ചു.” രണ്ടുവര്‍ഷത്തിനുശേഷം കാര്‍ഷിക സഹകരണസംഘങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. അത് ആ പരീക്ഷണത്തിന്‍റെ ചരിത്രപരമായ പങ്ക് നിര്‍വ്വഹിച്ചു എന്നും കരുതാം. പിന്നീട് ആദ്യം പറഞ്ഞ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള വിദേശനിക്ഷേപവും കമ്പോള മാതൃകയും എല്‍പിആര്‍പി, ലാവോസില്‍ നടപ്പാക്കി. യഥാസമയം നയസമീപനത്തിന്‍റെ പോരായ്മകള്‍ തിരുത്തിക്കൊണ്ട് മുന്നേറുവാന്‍ എല്‍പിആര്‍പി കാണിച്ച സന്നദ്ധതയുടെ ഫലമായാണ് 77.5 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 3.5 ലക്ഷം പാര്‍ട്ടി അംഗങ്ങളും ശക്തമായ ബഹുജന സംഘടനകളും ജനപിന്തുണയുമുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനമായി എല്‍പിആര്‍പി വളര്‍ന്നുവന്നത്.
എന്നാല്‍ ഈ സാമ്പത്തിക പരിഷ്കാരങ്ങളും സോഷ്യലിസ്റ്റ് കമ്പോള മാതൃകയും നടപ്പാക്കിയപ്പോള്‍ ചൈനയെയും വിയത്നാമിനെയുംപോലെതന്നെ ലാവോസിനെതിരെയും മുതലാളിത്ത പരിഷ്കരണമാണ് നടത്തുന്നതെന്ന ദുഷ്പ്രചരണം ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ 2006ല്‍ ചേര്‍ന്ന എട്ടാമത് പാര്‍ട്ടികോണ്‍ഗ്രസ് എല്‍പിആര്‍പിയുടെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. പാര്‍ട്ടിയുടെ നയങ്ങള്‍, സാമ്പത്തികാധികാരം എന്നിവ വികസിപ്പിക്കുക, രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയും രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ജനങ്ങള്‍ക്കു നേട്ടമുണ്ടാക്കുകയും ചെയ്യുക, സമത്വത്തിലും നീതിയിലും അടിയുറച്ച സമൂഹമായി വളരുക എന്നിവയായിരിക്കുന്നിടത്തോളം തങ്ങളുടെ പാര്‍ട്ടി സോഷ്യലിസ്റ്റാശയത്തില്‍ അടിയുറച്ചുതന്നെ നില്‍ക്കുമെന്നാണ് എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കിയത്. രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ എല്‍പിആര്‍പി ഇങ്ങനെ പ്രസ്താവിക്കുകയുമുണ്ടായി, “പാര്‍ട്ടി നിര്‍വചിച്ചിട്ടുള്ള ദീര്‍ഘകാല ലക്ഷ്യം നേടിയെടുക്കുന്നതിന്, വ്യവസായവത്കരണവും ആധുനികവത്കരണവും സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന്‍റെയും ലക്ഷ്യമാണെന്നതുകൊണ്ടുതന്നെ വികസനത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ വ്യവസായവത്കരണവും ആധുനികവത്കരണവും പ്രധാനപ്പെട്ടതായി കലോണക്കാക്കേണ്ടതുണ്ട്”. സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയയില്‍ കമ്പോളത്തെ ഉപയോഗപ്പെടുത്തുന്നതിലെ യുക്തിയെന്തെന്ന് വ്യക്തമാക്കുകയാണ് എല്‍പിആര്‍പി ഇവിടെ ചെയ്തത്.
ലാവോസിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് ശക്തിപകരുന്നത് പാര്‍ട്ടിയോടൊപ്പം ബഹുജനസംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനം കൂടിയാണ്. ബഹുവംശീയ സവിശേഷതയുള്ള ലാവോസിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യം കെട്ടിപ്പടുക്കുന്നതിനായി തൊഴിലാളികളെയും കര്‍ഷകരെയും വിദ്യാര്‍ഥികളെയും ചേര്‍ത്തുനിര്‍ത്തുന്നതിന് 1950ല്‍ പാര്‍ടി രൂപംകൊടുത്ത സംയുക്ത സംഘടനയാണ് ദേശീയ നിര്‍മിതിക്കായുള്ള ബഹുജന മുന്നണി (ഘമീ എൃീിേ ീള ചമശേീിമഹ ഇീിൃൗരെേശേീി, ഘഎചഇ). ലാവോ, ഖെമു (ഗവാൗ), ഫു തായ് (ജവൗ ഠവമശ) തുടങ്ങി വ്യത്യസ്ത വംശീയവിഭാഗത്തിലും വ്യത്യസ്ത മതവിഭാഗങ്ങളിലുംപെട്ട ഒരു ജനതയെയാകെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ ഈ സംയുക്ത സംഘടന ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. ജനകീയ ജനാധിപത്യത്തോട് കൂറും പ്രതിബദ്ധതയുമുള്ള ഒരു യുവസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി 1955ല്‍ സ്ഥാപിച്ചതാണ് ലാവോസ് പീപ്പിള്‍സ് റവല്യൂഷണറ്റി യൂത്ത് ഓര്‍ഗനൈസേഷന്‍ (ഘജഞഥഡ). പാര്‍ട്ടി സ്ഥാപകനേതാവായ കയ്സണ്‍ ഫോമ്വിഹാനെയുടെ ജീവിതപങ്കാളിയായ തൊങ്വിന്‍ ഫോംമ്വിഹാനെ അടക്കം നിരവധി വിപ്ലവകാരികള്‍ ഇതിന്‍റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ 2.5 ലക്ഷം അംഗസംഖ്യയുള്ള ഈ വിപ്ലവയുവജന സംഘടന ലാവോസിലെ പ്രധാനപ്പെട്ട ബഹുജന സംഘടനകളിലൊന്നാണ്. അതുപോലെ തന്നെ 1955ല്‍ രൂപംകൊണ്ട ലാവോ വിമന്‍സ് യൂണിയന്‍ (ഘണഡ) ലിംഗപരമായ സമത്വത്തിനും സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രമായ ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്‍റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയും അവരുടെ രാഷ്ട്രീയവത്കരണത്തിനുവേണ്ടിയും ലാവോ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (1956) പ്രവര്‍ത്തിക്കുന്നു. 1,78,000 ത്തിലധികം അംഗസംഖ്യയുള്ള ഈ ട്രേഡ് യൂണിയനില്‍ 71,000 പേര്‍ (37%) സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. ദേശീയമായ പ്രതിരോധത്തിനും സോഷ്യലിസ്റ്റ് നിര്‍മിതിക്കുമായുള്ള ലാവോസിന്‍റെ മുന്നേറ്റത്തില്‍, രാജ്യത്തെ ബഹുവംശീയ ജനതയെ ഒന്നിച്ചണിനിരത്തുന്നതില്‍ ഈ യൂണിയനുകളും സംഘടനകളും നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.
അന്താരാഷ്ട്രതലത്തിലും എല്‍പിആര്‍പി ശക്തമായ സാന്നിധ്യമറിയിക്കാറുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാര്‍വദേശീയ വേദിയായ’ഇന്‍റര്‍നാഷണല്‍ മീറ്റിങ് ഓഫ് കമ്യൂണിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടീസി’ലെ സ്ഥിരസാന്നിധ്യമാണ് എല്‍പിആര്‍പി. ചൈനയിലെയും ക്യൂബയിലെയും വിയത്നാമിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായും കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായും കമ്പോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായും എല്‍പിആര്‍പി അടുത്ത ബന്ധം പുലര്‍ത്തി വരുന്നു. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ എല്‍പിആര്‍പി സജീവ സാന്നിധ്യമാണ്.
സവിശേഷവും ശ്രദ്ധേയവുമായ മുന്നേറ്റമാണ് ലാവോസില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ളതും ഇപ്പോഴും നടത്തുന്നതും. കൊളോണിയലിസത്തിനും രാജവാഴ്ചയ്ക്കും സാമ്രാജ്യത്വാധിനിവേശത്തിനുമെതിരായ നിരന്തരപോരാട്ടമാണ് ഈ കൊച്ചുരാജ്യം നടത്തിയത്. തോറ്റുപിന്മാറേണ്ടിവന്നെങ്കിലും ചൈനയുടെയും വിയത്നാമിന്‍റെയും കാര്യത്തിലെന്നപോലെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്‍റെ കഴുകന്‍ കണ്ണുകള്‍ ലാവേസിനെയും ഇപ്പോഴും തുറിച്ചുനോക്കുന്നുണ്ട്. വിയത്നാം ആക്രമണകാലത്ത് അമേരിക്ക ദീര്‍ഘമായ 9 വര്‍ഷത്തോളം കാലത്ത് സ്ഥാപിച്ച, അക്കാലത്ത് പൊട്ടാതിരുന്ന കുഴിബോംബുകള്‍ ഇപ്പോഴും ലാവോസില്‍ നാശം വിതയ്ക്കുന്നുണ്ട്.
2021 ജനുവരി 11 മുതല്‍ 13 വരെ തീയതികളില്‍ തലസ്ഥാനമായ വിയെന്‍റയിനില്‍ ചേര്‍ന്ന ലാവോ പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടിയുടെ 11-ാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഗവണ്‍മെന്‍റിന്‍റെയും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള സാമ്പത്തിക – രാഷ്ട്രീയ നയങ്ങള്‍ക്ക് രൂപം നല്‍കി. 10-ാം കോണ്‍ഗ്രസ് മുന്നോട്ടുവെച്ച തീരുമാനങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച അവലോകനം നടത്തിയ 11-ാം കോണ്‍ഗ്രസ് ഇതേവരെ പിന്തുടര്‍ന്ന നയങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കിക്കൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്. ലോകത്താകെയും തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലും ദ്രുതഗതിയിലുള്ളതും സങ്കീര്‍ണവുമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒപ്പം കോവിഡ് 19 മഹാമാരി ഉണ്ടായിട്ടും പിന്നിട്ട കാലയളവില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും പാര്‍ട്ടിയുടെയും ഗവണ്‍മെന്‍റിന്‍റെയും പ്രവര്‍ത്തനംമൂലം ഒട്ടേറെ നേട്ടങ്ങള്‍ ലാവോസില്‍ കൈവരിക്കാന്‍ കഴിഞ്ഞു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും പരമാധികാരവും വിപ്ലവത്തിന്‍റെ നേട്ടങ്ങളും സംരക്ഷിക്കാന്‍ എന്‍.പി.ആര്‍.പിക്ക് കഴിഞ്ഞുവെന്നാണ് ഈ കോണ്‍ഗ്രസില്‍വെച്ച് വിരമിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബൗണ്‍ഹാങ് വൊറാച്ചിത് (ആീൗിിവമിഴ ഢീൃമരവശേ) പ്രസ്താവിച്ചത്. ലാവോസിലെ ബഹുവംശീയ ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യം അതിവേഗം മെച്ചപ്പെട്ടുവരികയാണ്; ദാരിദ്ര്യം വലിയ തോതില്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 69 അംഗ സെന്‍ട്രല്‍ കമ്മിറ്റിയെയും 11 അംഗ പൊളിറ്റ് ബ്യൂറോയെയും തിരഞ്ഞെടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍വച്ച് തോങ്ലോണ്‍ സിസൗലിത്തിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കേന്ദ്രക്കമ്മിറ്റിയിലെ 33 അംഗങ്ങള്‍ (49%) പുതുമുഖങ്ങളാണ്. ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നേതൃനിരയിലുള്ളവര്‍ പഴയ യുദ്ധകാല അനുഭവ പാരമ്പര്യം അവകാശപ്പെടാനില്ലാത്തവരാണ്; അതേസമയം പുതിയ തലമുറ നേതൃത്വം ഉന്നത വിദ്യാഭ്യാസവും സൈദ്ധാന്തികമായ അറിവും ആര്‍ജിച്ചവരാണ്. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × three =

Most Popular