Thursday, November 28, 2024

ad

Homeപ്രതികരണംസംരംഭക വര്‍ഷം പരിപാടിയുടെ ഉജ്വലവിജയം

സംരംഭക വര്‍ഷം പരിപാടിയുടെ ഉജ്വലവിജയം

കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും ബൃഹദ് സംരംഭക സംഗമമാണ് ജനുവരി 21ന് കൊച്ചിയില്‍ നടന്നത്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിച്ചവരുടെ സംഗമത്തില്‍ പതിനായിരത്തിലധികം സംരംഭകര്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം 8 മാസത്തിനുള്ളില്‍ മറികടന്ന സംരംഭക വര്‍ഷം പദ്ധതി വഴി ഇതുവരെ 1,24,254 സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 7,533 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും 2,67,828 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
വ്യാവസായിക-വാണിജ്യമേഖലകളില്‍ വന്‍മുന്നേറ്റം
കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്‍റെ വ്യാവസായിക-വാണിജ്യ മേഖലകളില്‍ ഉണ്ടായിട്ടുള്ളത്. കേരളം വ്യവസായത്തിനും വാണിജ്യത്തിനും അനുയോജ്യമല്ലെന്ന കുപ്രചരണങ്ങള്‍ക്ക് ഈ പദ്ധതി അന്ത്യം കുറിച്ചിരിക്കുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുടങ്ങിയവയെ ഏകോപിപ്പിച്ചുകൊണ്ടാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയത്. ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത് തൃശ്ശൂര്‍ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവും സംരംഭങ്ങളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. നാടിന്‍റെ പൊതുവായ വികസനം മുന്‍നിര്‍ത്തി ഈ സംരംഭക മുന്നേറ്റത്തെ കുറേക്കൂടി ശക്തിപ്പെടുത്താന്‍ നമുക്കു കഴിയേണ്ടതുണ്ട്. അതിനായി തുടര്‍ന്നും കൂടുതല്‍ ഇച്ഛാശക്തിയോടെയും സഹകരണ മനോഭാവത്തോടെയും പോകാന്‍ സാധിക്കേണ്ടതുണ്ട്.
‘ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം, ഒരു ഉത്പന്നം’ എന്ന ആശയം നടപ്പിലാക്കാനും അത്തരം ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആഴ്ചയില്‍ രണ്ടു ദിവസം വീതം ഹെല്‍പ്ഡെസ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ കീഴിലും ഈ പദ്ധതിക്കായി പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. 2022 മേയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പൊതുബോധവത്കരണ പരിപാടികള്‍ വലിയ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പലിശ ഇളവോടുകൂടിയുള്ള വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആഗസ്ത്- സെപ്തംബര്‍ മാസങ്ങളില്‍ നടപ്പാക്കിയ വായ്പാ മേളകളുടെ ഭാഗമായി ലഭിച്ച 5,556 അപേക്ഷകളില്‍ 108 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. ഇത്തരത്തില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ ചില പ്രത്യേക ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക, അഥവാ ജിയോടാഗിങ്, നല്‍കുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിച്ചിട്ടുണ്ട്. സമഗ്രമായ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രതീക്ഷിച്ചതിലും മുന്‍പു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ നമുക്കു കഴിഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രശംസ
സംരംഭക വര്‍ഷം എന്ന കേരളത്തിന്‍റെ പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. നമ്മുടെ സംസ്ഥാനം വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ നാടല്ലെന്ന കേരളവിരുദ്ധ താത്പര്യക്കാരുടെ കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് നമ്മുടെ സംരംഭകവര്‍ഷ പദ്ധതിയുടെ വിജയവും അതിനു ലഭിച്ച മികച്ച അംഗീകാരവും.
രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കിന് ആരംഭം കുറിച്ച സംസ്ഥാനമാണ് കേരളം. രാജ്യത്തെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചതും ഇവിടെയാണ്. ഗ്ലോബല്‍ സ്പൈസസ് പ്രോസസ്സിങ്ങിന്‍റെ ഹബ്ബാണ് കേരളം. ലോകത്തുല്‍പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതല്‍ 50 ശതമാനത്തോളം കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിങ് നടത്തുന്ന 75 ശതമാനം കമ്പനികള്‍ക്കും ഇ.യു സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
ലോകത്തേറ്റവുമധികം കൃത്രിമപ്പല്ലുകള്‍ ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനി കേരളത്തിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ എക്വിപ്മെന്‍റ് ഉത്പാദന കമ്പനികളിലൊന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എയര്‍ബസ്, നിസ്സാന്‍, ടെക്ക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നു. എന്നിട്ടും ഇവിടെ വ്യവസായങ്ങള്‍ വളരുന്നില്ല എന്നും കേരളം വ്യവസായങ്ങള്‍ക്ക് അനുകൂലമല്ല എന്നുമുള്ള തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
വസ്തുതകള്‍ തമസ്കരിക്കപ്പെടുന്നു
ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ചില മാധ്യമങ്ങള്‍ പോലും കേരളത്തിനെതിരെയുള്ള പ്രചാരവേലകള്‍ക്ക് പുറകിലുള്ളവരുടെ അജന്‍ഡകള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ കേരളത്തില്‍ വ്യവസായമേ ഇല്ല എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതിന്‍റെ ഫലമായി തമസ്കരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.2% മാത്രമുള്ള, ഇന്ത്യയുടെ ജനസംഖ്യയുടെ 2.6% മാത്രമുള്ള കേരളത്തിന്‍റെ ജി എസ് ഡി പി ഇന്ത്യയുടെ ജി ഡി പിയുടെ 4.2% ആണ് എന്നത്. ഇവിടെ വ്യവസായവും വാണിജ്യവും ഇല്ലെങ്കില്‍ പിന്നെ, ഇതെങ്ങനെയാണ് സംഭവിക്കുന്നത്?
കേരളത്തില്‍ നിരവധി മുന്‍നിര മോഡേണ്‍ മാനുഫാക്ച്ചറിങ് കമ്പനികള്‍ ഉണ്ട് (ടെറുമോ പെന്‍പോള്‍, അഗാപ്പെ ഡയഗനോസിസ്, എസ് എഫ് ഓ ടെക്നോളജീസ്, സിന്തൈറ്റ്, ഏകെ ഫ്ലേവേഴ്സ്, വജ്ര റബ്ബേഴ്സ്, പി കെ സ്റ്റീല്‍സ് എന്നിങ്ങനെ 50 ലധികം. അവയില്‍ പലതും ലോകത്തിലെ തന്നെ അതാത് മേഖലകളിലെ നമ്പര്‍ വണ്‍ കമ്പനികള്‍ ആണ്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളില്‍ തന്നെ 15.67% മാനുഫാക്ച്ചറിങ് നടത്തുന്നവയാണ്. സംസ്ഥാനത്തിന്‍റെ ജി ഡി പിയില്‍ മാനുഫാക്ച്ചറിങ് മേഖലയുടെ സംഭാവന 7% ല്‍ നിന്ന് 14% ആയി ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. എന്നാല്‍, കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ടാണ് കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ല എന്ന് സ്ഥാപിക്കാന്‍ ചിലര്‍ വ്യഗ്രതപ്പെടുന്നത്.
ഈ വളര്‍ച്ചയൊന്നും ഇല്ല എന്ന് സ്ഥാപിക്കാന്‍ മാത്രമല്ല കേരളം ആകെ കടത്തിലാണ് എന്നു സ്ഥാപിക്കാനുമുള്ള ശ്രമവും ഉണ്ട്. റിസര്‍വ് ബാങ്കിന്‍റെ തന്നെ കണക്കുകള്‍ പ്രകാരം, കേരളത്തിന്‍റെ പൊതുകടം 2016 ല്‍ സംസ്ഥാന ജി ഡി പിയുടെ 29% ആയിരുന്നുവെങ്കില്‍ 2021 ല്‍ അത് 37% ആയി മാറി, അഥവാ 8% വര്‍ധിച്ചു. അതേ കാലയളവില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ പൊതുകടം ജി ഡി പിയുടെ 47% ത്തില്‍ നിന്ന് 59% ആയാണ് ഉയര്‍ന്നത്. അതായത് 12% ത്തിന്‍റെ വര്‍ദ്ധനവ്. ഇത്രയധികം കടഭാരമുള്ള ഒരു രാജ്യത്തിന്‍റെ ഭാഗമാണ് വിവിധ സംസ്ഥാനങ്ങള്‍. അവയ്ക്ക് സ്വന്തം നിലയ്ക്ക് കടത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാം എന്നു കരുതുന്നത് യുക്തിക്കു നിരക്കുന്നതല്ല.
പല സംസ്ഥാനങ്ങളിലും കേരളത്തിലെ പോലെയുള്ള മികച്ച പൊതുവിദ്യാലയങ്ങളോ സര്‍ക്കാര്‍ ആശുപത്രികളോ സിവില്‍ സര്‍വീസോ സാര്‍വത്രികമായ ക്ഷേമ പദ്ധതികളോ ക്ഷേമ പെന്‍ഷനുകളോ ഒന്നുമില്ല. എന്നിട്ടും കേരളത്തേക്കാള്‍ കൂടുതല്‍ പൊതുകടം ഉള്ള 8 സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എല്ലാം കടം വര്‍ദ്ധിച്ചു വരുന്നത് രാജ്യം അനുവര്‍ത്തിക്കുന്ന സാമ്പത്തിക നയത്തിന്‍റെ ഫലമായാണ്. തിരുത്തപ്പെടേണ്ടത് ആ നയമാണ്.
കേരളത്തിന്‍റെ വരുമാനം എല്ലാം കേന്ദ്രത്തില്‍ നിന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഉണ്ട്. എന്നാല്‍ വസ്തുത എന്താണ്? കേരളത്തിന്‍റെ വരുമാനത്തിന്‍റെ 64 ശതമാനത്തോളവും തനത് വരുമാനമാണ്, കേരളത്തിനകത്തുനിന്നു തന്നെ കണ്ടെത്തുന്നതാണ്. എന്നിട്ടും, കേന്ദ്രത്തിന്‍റെ സാമ്പത്തികസഹായം കൊണ്ടാണ് കേരളം നിലനില്‍ക്കുന്നത് എന്നതാണ് പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതീതി. ഇതിനു കാരണം, കേരളവിരുദ്ധ ശക്തികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളും അവയുടെ കള്ളപ്രചരണങ്ങളുമാണ്. അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉപകരിക്കുന്നതാണ് നമ്മുടെ സംരംഭകവര്‍ഷം പദ്ധതിയുടെ വലിയ വിജയം. ഇവിടം വ്യവസായ നിക്ഷേപ സൗഹൃദമാണെന്നും നല്ല നിലയ്ക്ക് ഇവിടെ ബിസിനസ്സ് സംരംഭങ്ങള്‍ നടത്താമെന്നും ഉള്ളതിന്‍റെ തെളിവാണ് സംരംഭക മഹാസംഗമത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനു സംരംഭകര്‍.
സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ടതാണ് സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലുമുണ്ടാക്കിയ കാലാനുസൃതമായ പരിഷ്കരണം. കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ഏഴ് നിയമങ്ങളിലാണ് ഭേദഗതികള്‍ വരുത്തിയത്. 10 അനുബന്ധ ചട്ടങ്ങളിലും ഭേദഗതികള്‍ വരുത്തി. വ്യവസായ സംരംഭങ്ങള്‍ക്കുവേണ്ട അനുമതികള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു സഹായിക്കുന്ന ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് നിലവില്‍വന്നിട്ടുണ്ട്. 21 വകുപ്പുകളുടെ 90 ഓളം അനുമതികള്‍ ഇതുവഴി ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.
സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ആക്ട് പാസാക്കിയത് 2019 ലാണ്. 50 കോടി രൂപയില്‍ താഴെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള അനുമതിയും ലഭിച്ചതായി കണക്കാക്കി പ്രവര്‍ത്തിക്കാം. 50 കോടി രൂപയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ളവയ്ക്ക് ഒരു വര്‍ഷത്തേക്ക് അനുമതി ലഭ്യമായതായി കണക്കാക്കി പ്രവര്‍ത്തിക്കുന്നതിനുള്ള നിയമ ഭേദഗതിയും വരുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ പരാതി പരിഹാര സംവിധാനങ്ങള്‍ ശാക്തീകരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
2016 മുതല്‍ക്കുള്ള കണക്കുകളെടുത്താല്‍ കെ എസ് ഐ ഡി സി യിലൂടെ 242 സംരംഭങ്ങളും, കിന്‍ഫ്രയിലൂടെ 721 സംരംഭങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അവയിലൂടെ 4,653 കോടി രൂപയുടെ സാമ്പത്തികസഹായം നല്‍കുകയും 49,594 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി യിലൂടെയാകട്ടെ 5,405 സംരംഭങ്ങള്‍ക്ക് 12,048 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ വിധത്തില്‍ വ്യവസായ മേഖലയിലുണ്ടായ വളര്‍ച്ചയുടെ മാറ്റം നാട്ടിലാകെ ദൃശ്യമാണ്. ഇതിന്‍റെയെല്ലാം ഫലമായി വ്യാവസായിക സൗഹൃദ റാങ്കിംഗില്‍ കേരളം 15-ാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.
ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ്
സൗഹൃദ അന്തരീക്ഷം
തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ ഹബ്ബ് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 2022 ലെ ഗ്ലോബല്‍ സറ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോഡബിള്‍ ടാലന്‍റ്സ് റാങ്കിംഗില്‍ കേരളം ഏഷ്യയില്‍ ഒന്നാമതും ലോകത്ത് നാലാമതുമാണ്. കഴിഞ്ഞ ആറരവര്‍ഷം കൊണ്ട് മൂവായിരത്തി എണ്ണൂറോളം സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാല്‍പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 4,561 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് അവയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. 836 കോടി രൂപയുടെ നിക്ഷേപം ഫണ്ട് ഓഫ് ഫണ്ട്സിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. 29 കോടി രൂപയാണ് ഇന്നോവേഷന്‍ ഗ്രാന്‍റ് എന്ന നിലയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത്തരം ബഹുമുഖ ഇടപെടലുകളിലൂടെ കേരളത്തിന്‍റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്തുപകരുന്ന നടപടികളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രം പോര, അവയ്ക്കാവശ്യമായ തൊഴില്‍ നൈപുണ്യം സിദ്ധിച്ചവരെ ലഭ്യമാക്കേണ്ടതുകൂടിയുണ്ട്. ഇത് ലക്ഷ്യംവെച്ച് നൈപുണ്യ വികസനത്തിനായി സംസ്ഥാനത്ത് വിപുലമായ സംവിധാനങ്ങള്‍ ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ്, അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം തുടങ്ങിയവയെല്ലാം ഈ ലക്ഷ്യത്തോടെയുള്ളവയാണ്. കെ ഡിസ്ക്, നോളഡ്ജ് ഇക്കണോമി മിഷന്‍ എന്നിവയിലൂടെ എല്ലാ നൈപുണ്യ വികസന ഏജന്‍സികളെയും ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനവും നടത്തുന്നുണ്ട്. അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും വ്യക്തിത്വ വികസന പരിപാടികളും ഏര്‍പ്പെടുത്തുന്നുണ്ട്.
വ്യാവസായിക പുനഃസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയുമെല്ലാം ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയതിന്‍റെ സൂചനകളുണ്ട്. നമ്മുടെ സംസ്ഥാനത്തിന്‍റെ ജി ഡി പി തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12.01 ശതമാനം ഉയര്‍ന്നു. ഉത്പാദനമേഖലകളായ കൃഷിയും വ്യവസായവും കാര്യമായ മുന്നേറ്റമുണ്ടാക്കി. കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യാവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവുമാണ് ഇക്കാലയളവില്‍ വളര്‍ന്നത്. കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയാണ്. ഈ നേട്ടങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പുവരുത്തിക്കൊണ്ട് നാടിന്‍റെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച സാധ്യമാക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏവരുടേയും പിന്തുണയും സഹകരണവും ഉറപ്പു വരുത്തി ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നമുക്ക് സാധിക്കും. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + six =

Most Popular