Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിമലപ്പുറത്തിന്‍റെ വൈജ്ഞാനിക മഹിമ

മലപ്പുറത്തിന്‍റെ വൈജ്ഞാനിക മഹിമ

ഡോ. വിനോദ് കുമാര്‍ കെ. പി., ഡോ. മഞ്ജു എം. പി.

ആമുഖം
മലപ്പുറം മഹോത്സവം ഒരു ദേശത്തിന്‍റെ സംസ്കൃതിയെ വീണ്ടെടുക്കുന്ന മഹോത്സവമായി. മലപ്പുറം മണ്ണിലെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തെ എടുത്തുകാട്ടുന്ന വിവിധ പരിപാടികളില്‍ പ്രബന്ധാവതരണങ്ങള്‍ വളരെയേറെ മേന്മ പുലര്‍ത്തി. സെമിനാറിലെ ഓരോ സെഷനും, ചരിത്രത്തിലെ പല വായനകളെയും തിരുത്തിക്കുറിച്ചു. വ്യത്യസ്ത പ്രബന്ധങ്ങളാല്‍ സമ്പുഷ്ടമായി കേരളത്തിന്‍റെ വൈജ്ഞാനിക പാരമ്പര്യത്തില്‍ മലപ്പുറത്തിന്‍റെ സംഭാ വനകള്‍ എന്ന രീതിയില്‍ പ്രഖ്യാതമാവാനിരിക്കുന്ന പല ആശയങ്ങളും വൈജ്ഞാനികപാരമ്പര്യം വിഷയമായ ഗണിത വൈദ്യപാരമ്പര്യം എന്ന സെഷനില്‍ ഉയര്‍ന്നുവന്നു. ഈ സെഷന്‍ വളരെയേറെ ചിന്തനീയമായി. മനുഷ്യവ്യവഹാരങ്ങളില്‍ എല്ലാത്തിലും ഒളിഞ്ഞും തെളിഞ്ഞും ഗണിതം കടന്നുവരുന്നുണ്ട്. കേരളത്തിന് സമ്പന്നമായ ഒരു വൈദ്യപാരമ്പര്യവുമുണ്ട്. പ്രമുഖമായ ഈ രണ്ടു പാരമ്പര്യങ്ങളുടെയും സമന്വയമായിരുന്നു ഈ സെഷന്‍. കേരളീയവൈദ്യപാരമ്പര്യത്തില്‍ മറ്റെല്ലാ വ്യവഹാരങ്ങളെയും പോലെ വളരെ സൂക്ഷ്മമായി കണക്കറിവുകള്‍ കടന്നുവരുന്നു. ഇത്തരത്തിലുള്ള അറിവുകള്‍ സെമിനാറിലൂടെ ഉയര്‍ന്നു വന്നു. നിലവില്‍ ഈ മണ്ഡലത്തില്‍ വ്യവസ്ഥാപിതമായ, പല സങ്കല്പങ്ങളെയും തിരുത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്ന പല വിഷയങ്ങളും ഈ സെഷന്‍ പങ്കുവച്ചു. കേരളീയ ഗണിതവൈദ്യപാരമ്പര്യങ്ങളെ ചേര്‍ത്തു വച്ചു വായിക്കപ്പെട്ട പ്രബന്ധം സെമിനാര്‍ സെഷന്‍റെ പ്രൗഢി വര്‍ദ്ധിപ്പിച്ചു. വാമൊഴിയില്‍ പ്രചരിച്ച വൈജ്ഞാനികസമ്പത്തിനെക്കുറിച്ചുള്ള പ്രബന്ധങ്ങളും സെമിനാറില്‍ അവതരിപ്പിച്ചു. അറബിമലയാളത്തില്‍ കടന്നുവന്ന വൈദ്യം പ്രത്യേക ഗവേഷണമേഖലയാണ്, അത് പഠിക്കപ്പെടേണ്ടതാണ് എന്ന ആശയത്തെ പ്രബന്ധങ്ങള്‍ മുന്നോട്ടു വച്ചു. കേരളീയ കലകള്‍ എങ്ങനെ രോഗിയുടെ മാനസികാരോഗ്യത്തെ നിലനിര്‍ത്തുന്നു എന്ന രീതിയില്‍ ശാസ്ത്രീയമായി അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും സെഷന്‍റെ ഭംഗി വര്‍ധിപ്പിച്ചു. പൂങ്കുടില്‍ മന എപ്രകാരമാണ് മലപ്പുറത്തിന്‍റെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചത് എന്നും സെഷന്‍ വ്യക്തമാക്കി. മലപ്പുറത്തിന്‍റെ വൈദ്യപാരമ്പര്യത്തില്‍ കോട്ടയ്ക്കല്‍ ആയുര്‍വേദശാല വലിയ പങ്കാണ് വഹിച്ചത്, അത്തരം സംഭാവനകളെയും സെമിനാര്‍ വിലയിരുത്തി. ചങ്ങമ്പള്ളി ആയുര്‍വേദകളരി പോലെ പല ചികിത്സാലയങ്ങളും മലപ്പുറത്തിന്‍റെ സാംസ്കാരികസമന്വയത്തിന്‍റെ ഭാഗമാണ്. ഇങ്ങനെ ചികിത്സയുമായി ബന്ധപ്പെട്ട പല ആശയങ്ങളും സെമിനാറില്‍ ഉയര്‍ന്നു വന്നു. പതിമൂന്ന് പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ചത്. ഗണിത വൈദ്യപാരമ്പര്യം എന്ന സെഷനില്‍ അധ്യക്ഷ സ്ഥാനത്ത് ഡോ. വിനോദ് കുമാര്‍ കെ. പി. ആയിരുന്നു. ഡോ. മഞ്ജു എം. പിക്കായിരുന്നു സെഷന്‍ ചാര്‍ജ്. അരികുവത്കരിക്കപ്പെട്ട പല ആശയങ്ങളെയും മുന്‍ നിരയിലേക്കെത്തിച്ച മൂല്യവത്തായ സെഷനായിരുന്നു അത്.
സെമിനാറിന്‍റെ മുഖ്യ ആകര്‍ഷണം ഡോ. എം. ആര്‍. രാഘവവാര്യര്‍ അവതരിപ്പിച്ച ‘മലപ്പുറത്തിന്‍റെ വിജ്ഞാന പൈതൃകം’ എന്ന പ്രബന്ധമാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ചരിത്രത്തെ വിശ്വസിക്കാനാവൂ, എന്നും ജ്ഞാനസമ്പാദനത്തിനുള്ള നിരവധി തെളിവുകള്‍ ഏറനാട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നും പ്രബന്ധം വ്യക്തമാക്കി. സംസ്കൃതം, മലയാളം തുടങ്ങിയ ഭാഷകളുടെയും വിജ്ഞാനത്തിന്‍റെയും സംഗമ സ്ഥലമായിരുന്ന തിരുനാവായയെക്കുറിച്ച് പല കാര്യങ്ങളും പ്രബന്ധം മുന്നോട്ടു വച്ചു. ക്രിസ്തുവര്‍ഷം 683ല്‍ തിരുനാവായയില്‍ വച്ച് നടന്ന ജ്യോതിശാസ്ത്രജ്ഞന്മാരുടെ സദസ്സ് വിജ്ഞാനപൈതൃകത്തിന്‍റെ ആരംഭ ബിന്ദുവായി കാണാം എന്ന മുഖ്യ ആശയം പ്രബന്ധം പങ്കു വച്ചു. വ്യാകരണം, ജോതിഷം, വൈദ്യം, ക്ഷേത്രഗണിതം എന്നീ ജ്ഞാനരൂപങ്ങള്‍ക്ക് ഏറനാടിന് (മലപ്പുറം) പ്രത്യേകമായ അവകാശമുണ്ട്. വൈദ്യ ത്തിലും ഗണിതത്തിലും കൃത്യത പാലിക്കുന്ന വൈജ്ഞാനികപൈതൃകത്തില്‍ ഏറനാടന്‍ മണ്ണിന് മഹനീയസ്ഥാനമുള്ളതായി, അവകാശപ്പെടാനുള്ള നിരവധി തെളിവുകള്‍ ഉള്ളതായും അദ്ദേഹം പ്രബന്ധത്തിലൂടെ സ്ഥിരീകരിച്ചു.
കേരളീയഗണിതപാരമ്പര്യത്തില്‍ മലപ്പുറത്തിന്‍റെ സംഭാവനയായ കണക്കു സംബന്ധമായ കണക്കതികാരം എന്ന താളിയോലഗ്രന്ഥത്തെ വിശകലനവിയമാക്കിക്കൊണ്ടുള്ള ഡോ. മഞ്ജു എം.പിയുടെ ‘കണക്കതികാരം: മലപ്പുറം ഗണിതലോകത്തിനു നല്‍കിയ അമൂല്യ സംഭാവന’ എന്ന പ്രബന്ധം സെമിനാറില്‍ ആകര്‍ഷകമായി. പാട്ടുപ്രസ്ഥാനത്തില്‍ പിറന്ന താളിയോലഗ്രന്ഥത്തിലുള്ള, ഇതു വരെ പ്രസിദ്ധീകരിക്കപ്പെടാത്ത, ഈ കണക്കുകൃതി കണക്കിന്‍റേതായ പല സിദ്ധാന്തങ്ങളെയും അവതരിപ്പിച്ച ഒന്നാ യിരുന്നു. ഈ പ്രബന്ധം കേരളീയ ജ്ഞാനമണ്ഡലത്തില്‍ പ്രായോഗിക കണക്കിന്‍റെ/ ഗണിതത്തിന്‍റെ പുതുവഴി തുറന്നുവച്ചു. വൈജ്ഞാനികലോകത്തിന് പുതുതെളിച്ചം കൊണ്ടു വരാന്‍ ഈ ഗ്രന്ഥത്തിനു സാധിക്കും എന്ന് പ്രബന്ധം വ്യക്തമാക്കി. സംസ്കൃതബഹുലമായ ഗണിത ഗ്രന്ഥങ്ങള്‍ പരിചയിക്കുന്ന ഗണിത ശാസ്ത്രകുതുകികളായ ഗവേഷകര്‍ക്കു പാട്ടിന്‍റെ വഴിയില്‍ പിറന്ന ഈ ഗ്രന്ഥം പുതു വെളിച്ചം നല്‍കും എന്ന് നിസംശയം പറയാം എന്ന് പ്രബന്ധം സമര്‍ഥിച്ചു.
തുടര്‍ന്നു വാമൊഴിയിലും വരമൊഴിയിലും വ്യാപരിച്ചിരുന്ന സമ്പുഷ്ടമായ വൈദ്യജ്ഞാനത്തെ അടയാളപ്പെടുത്തുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അറബി മലയാളത്തില്‍ എഴുതപ്പെട്ട വൈദ്യ രചനകള്‍ അവയില്‍ പ്രധാനമായി.
‘മലപ്പുറത്തിന്‍റെ വൈദ്യപാരമ്പര്യം: അറബി മലയാളം രേഖകളില്‍’ എന്ന ഡോ. പി. എ. അബൂബക്കറിന്‍റെ പ്രബന്ധത്തില്‍ മലപ്പുറം ജില്ലയുടെ വൈദ്യപാരമ്പര്യത്തിലെ ലിഖിത വഴികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. മലപ്പുറം ജില്ലയിലെ ലിഖിതവൈദ്യത്തില്‍ നല്ലൊരു പങ്കും അറബി മലയാളത്തിലാണെന്ന് ഈ പ്രബന്ധം സമര്‍ത്ഥിച്ചു. മലയാളഭാഷയുടെ, ചരിത്രത്തിന്‍റെ ഭാഗമായിട്ടുകൂടി ഈ വരമൊഴിയെ കാണാമെന്നും പ്രബന്ധകാരന്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, പരപ്പനങ്ങാടി മുതലായ പ്രദേ ശങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ള അറബി മലയാളഗ്രന്ഥങ്ങള്‍ കേരളത്തിന്‍റെ വൈജ്ഞാനികസാഹിത്യമേഖലയില്‍ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്ന താണ് റിഹാനത്ത് പി.യുടെ ‘ഉപകാരം, വൈദ്യസാരം തര്‍ജ്ജമ :അറബിമലയാളത്തിലെ ചികിത്സ സമന്വയങ്ങള്‍’ എന്ന പഠനം.
ആയുര്‍വേദ വൈദ്യത്തിനു മുന്‍പേയുള്ള കേരളത്തിലെ നാട്ടുവൈദ്യപാരമ്പര്യത്തെ, ഷിംന എം.കെ, തന്‍റെ ‘ഗര്‍ഭ രക്ഷയും പ്രസവാനന്തര പരിചരണവും: മലപ്പുറം ജില്ലയുടെ നാട്ടുപാരമ്പര്യത്തില്‍’ എന്ന പ്രബന്ധത്തിലൂടെ പഠനവിധേയമാക്കി. സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിഗതികള്‍ക്കനുസൃതമായി നിലനിന്നിരുന്ന മലബാറിലെ പ്രസവാനന്തര ചികിത്സാസമ്പ്രദായത്തെ വിശദമായി പ്രബന്ധം ചര്‍ച്ച ചെയ്തു.
ഡോ. എന്‍. ജെ. ജീന, ‘മലപ്പുറത്തിന്‍റെ വൈദ്യപാരമ്പര്യം’ എന്ന പ്രബ ന്ധത്തിലൂടെ, ആധുനികവൈദ്യത്തിന്‍റെയോ ശാസ്ത്രത്തിന്‍റെയോ കുതിച്ചുചാട്ടത്തില്‍ നശിച്ചുപോകാതെ, ഇന്നും പ്രചാരത്തിലുള്ള വൈദ്യപാരമ്പര്യത്തെ വിശദമാക്കി. മലപ്പുറത്തിന്‍റെ മതനിരപേക്ഷ സ്വഭാവം ഏറ്റവും കൂടുതല്‍ എടുത്തുകാട്ടുന്നതാണ് മലപ്പുറത്തിന്‍റെ വൈദ്യപാരമ്പര്യം എന്നും ജാതിമതങ്ങള്‍ക്കതീതമായി മനുഷ്യനന്മയെ മാത്രം കേന്ദ്രീകരിച്ച് മലപ്പുറത്തിന്‍റേതായ ഒരു പ്രത്യേക സാമൂഹ്യപരിതഃസ്ഥിതി രൂപപ്പെടുന്നതില്‍ ഈ പാരമ്പര്യത്തിനു വലിയ പങ്കാണുള്ളതെന്ന് പ്രബന്ധം ചൂണ്ടിക്കാട്ടി.
ഡോ. പ്രമോദ് ഇരുമ്പുഴി, ‘മലപ്പുറത്തെ നാട്ടുവൈദ്യപാരമ്പര്യം’ എന്ന പ്രബന്ധത്തിലൂടെ രേഖപ്പെടുത്താതെ പോയിട്ടുള്ള മലപ്പുറത്തിന്‍റെ വൈദ്യപാരമ്പ ര്യത്തെക്കുറിച്ചും വിവിധ കാരണങ്ങളാല്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന നാട്ടുവൈദ്യചി കിത്സയെക്കുറിച്ചും വിശദമാക്കി. കൂടാതെ, പാരമ്പര്യഔഷധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നിത്യജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കേണ്ടതിനെക്കുറിച്ചും പ്രബന്ധത്തില്‍ എടുത്തുപറഞ്ഞു. സമകാലിക പരിതഃസ്ഥിതികളെകൂടി വ്യക്തമാക്കുന്നതായിരുന്നു പ്രബന്ധം.
‘മലപ്പുറത്തിന്‍റെ വൈദ്യപാരമ്പര്യം: വാമൊഴിവ്യവഹാരങ്ങളെ ആസ്പദമാക്കി വിശകലനം’ എന്ന പ്രബന്ധത്തില്‍ അജിത ഡി.പി. തിരൂര്‍ പ്രദേശത്തെ ആറു സമുദായങ്ങളിലെ വൈദ്യപാരമ്പര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും ചികിത്സിച്ചിരുന്ന വൈദ്യപഠനം ആധുനികകാലത്ത് വലിയ വെല്ലുവിളികളെ നേരിടുന്നതായി പ്രബന്ധകാരി സമര്‍ത്ഥിച്ചു.
മൂന്ന് നൂറ്റാണ്ടിലധികം വൈദ്യപാരമ്പര്യമുള്ള ചങ്ങമ്പള്ളി ആയുര്‍വേദ കളരിയെക്കുറിച്ച് അനഘ കെ., ‘ചങ്ങമ്പള്ളി ആയുര്‍വേദ കളരി: ചരിത്രവും വര്‍ത്തമാനവും’ എന്ന തന്‍റെ പ്രബന്ധത്തിലൂടെ പഠനവിധേയമാക്കി. മാമാങ്കത്തില്‍ മുറിവേറ്റിരുന്ന പടയാളികളെ ചികിത്സിക്കാന്‍ തെക്കന്‍ കര്‍ണ്ണാടകത്തില്‍ നിന്നും എത്തിയ ചങ്ങമ്പള്ളിക്കാരുടെ പിന്‍തലമുറ ഇന്ന് സ്വതന്ത്രമായി നൂതന ശാസ്ത്രപരീക്ഷണങ്ങള്‍ക്ക് വിധേയമായി നിലനില്ക്കുന്നു എന്നത് വൈദ്യ ചരിത്രത്തിനു പുതിയ തെളിച്ചം പകര്‍ന്നു.
ആയുര്‍വേദരംഗത്തെ മനോരോഗചികിത്സയ്ക്ക് പ്രാധാന്യം നല്‍കിയ മലപ്പുറം ജില്ലയിലെ പ്രശസ്ത പരമ്പരാഗത മാനസികാരോഗ്യശുശ്രുഷാ കേന്ദ്രമായ പൂങ്കുടില്‍മനയെകുറിച്ചും ചികിത്സാരീതികളെകുറിച്ചും സാമാന്യമായും വിമര്‍ശനാത്മകമായും നോക്കിക്കണ്ട പ്രബന്ധമാണ് നജ്ല ഇയുടെ ‘മനോരോഗചികിത്സയില്‍ മലപ്പുറത്തിന്‍റെ സംഭാവന:പൂങ്കുടില്‍ മനയെ ആസ്പദമാക്കി ഒരു പഠനം’ എന്നത്.
‘സാഹിത്യവും വൈദ്യവും: കോട്ടക്കലിന്‍റെ ‘സാംസ്കാരിക സ്വത്വാവലോകനം’ ‘എന്ന ശീര്‍ഷകത്തില്‍ അമൃത ടി. നടത്തിയ പഠനം ചര്‍ച്ചചെയ്തത് , ആയുര്‍വേദരംഗത്ത് ലോകത്തിന് ഉത്തമമാതൃക കാണിച്ചുകൊടുത്ത കോട്ടയ്ക്കല്‍ ആയുര്‍വേദശാലയെകുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമാണ്. വൈദ്യരംഗത്തിന് പുറമെ സാഹിത്യം, കല, സംസ്കാരം എന്നീ മേഖലകളില്‍ കൂടി നിരവധി സംഭാവനകള്‍ നല്‍കിയ പി.എസ്. വാര്യരും കോട്ടക്കല്‍ ആര്യവൈദ്യശാലയും കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ തന്നെ മഹനീയസ്ഥാനം അലങ്കരിക്കുന്നതായി ഈ പ്രബന്ധം സാക്ഷ്യപ്പെടുത്തി.
അനശ്വര എസ്, ‘മലപ്പുറത്തിന്‍റെ തദ്ദേശീയ വൈദ്യപാരമ്പര്യത്തിന്‍റെ വ്യാപനവും പ്രചാരണവും ധന്വന്തരി മാസികയിലൂടെ’ എന്ന പ്രബന്ധത്തില്‍ മലയാളത്തിലെ ആദ്യവൈദ്യമാസികയായ ധന്വന്തരിയിലൂടെ മലപ്പുറം എന്ന പ്രദേശത്തിന്‍റെ തദ്ദേശീയ വൈദ്യപാരമ്പര്യം എങ്ങനെ വ്യാപനം ചെയ്യപ്പെട്ടു എന്ന അന്വേഷണം, നടത്തി. ആയുര്‍വേദത്തിന്‍റെ സാങ്കേതികജ്ഞാനവും പ്രയോഗപദ്ധതികളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് ധന്വന്തരി മാസികയ്ക്കുണ്ടായിരുന്നു എന്ന് പ്രബന്ധം സമര്‍ത്ഥിച്ചു. വൈദ്യത്തിന്‍റെ വളര്‍ച്ചയില്‍ വരമൊഴിസാഹിത്യം നിര്‍വഹിച്ച പങ്ക് ചെറുതല്ല എന്ന് പ്രബന്ധം വ്യക്തമാക്കി.
‘കളിയാട്ടക്കാവും ആചാരങ്ങളും’ എന്ന ശീര്‍ഷകത്തിലുള്ള ആതിര ടിയുടെ പഠനം, മലപ്പുറത്തിന്‍റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തില്‍ കളിയാട്ടക്കാവിനുള്ള പ്രാധാന്യവും പൊതുകൂട്ടായ്മകള്‍ ഒരുക്കുന്നതില്‍ അത് വഹിച്ച പങ്കും വിവരിച്ചു.
ഉപസംഹാരം
കേരളീയ വൈജ്ഞാനിക മണ്ഡലം വളരെ വിപുലമാണ്. ജാതിമത അതിര്‍ത്തികള്‍ക്കപ്പുറം അവയ്ക്കു മനുഷ്യ സാഹോദര്യത്തിന്‍റെ, സ്നേഹത്തിന്‍റെ ഭാഷയാണ് ഉള്ളത് എന്ന് പ്രബന്ധങ്ങള്‍ വ്യക്തമാക്കി. ജ്ഞാനമണ്ഡലത്തില്‍ മാനുഷിക മൂല്യങ്ങള്‍ ഏത് രീതിയിലാണ് വ്യാപരിക്കുന്നത് എന്ന് പ്രബന്ധങ്ങള്‍ തെളിയിച്ചു. അതില്‍ മലപ്പുറത്തിന്‍റെ പങ്കാവട്ടെ ഏറെ വ്യത്യസ്തവും. വളരെയേറെ ഗവേഷണ സാധ്യതകളുള്ള ഈയൊരു മേഖലയില്‍ ഇനിയും ഏറെ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഗവേഷണാത്മകമായ പഠനങ്ങളിലേക്ക് വെളിച്ചം വീശാന്‍ സെമിനാറിലെ പ്രബന്ധാവതരണങ്ങള്‍ സഹായകമാകുമെന്നതില്‍ സംശയമില്ല. $

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular