Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിആവേശം വിതറിയ മലപ്പുറത്തെ ചരിത്ര പ്രബന്ധാവതരണങ്ങള്‍

ആവേശം വിതറിയ മലപ്പുറത്തെ ചരിത്ര പ്രബന്ധാവതരണങ്ങള്‍

ഡോ. ശിവദാസന്‍ പി

കേരളീയരുടെ ചരിത്രത്തിന്‍റെ നാഡിമിടിപ്പുകള്‍ മുഴുവനായി അനുഭവിച്ച ഭൂതലമാണ് ചാലിയാര്‍ നദിക്കും ഭാരതപ്പുഴയ്ക്കും ഇടയിലുള്ള മലകളും കുന്നുകളും കൃഷിത്തടങ്ങളും കടല്‍ത്തീരവുമടങ്ങിയ മലപ്പുറം പ്രദേശം. ജില്ലയുടെ ചരിത്രം കേരളത്തിന്‍റെ പ്രാക് ചരിത്രത്തിലെന്ന പോലെ ജാതി ജന്മിത്തത്തിനും സാമ്രാജ്യത്വവാഴ്ചക്കുമെതിരായുള്ള ജനകീയ മുന്നേറ്റങ്ങളിലും മുന്‍പന്തിയിലാണ്. മലപ്പുറം ജില്ലയുടെ ചരിത്രം വിശദീകരിക്കുന്ന പുസ്തകങ്ങള്‍ വളരെ പരിമിതമാണ്. എന്നാല്‍ എത്രയെത്ര ഗവേഷണങ്ങളാണ് ജില്ലയുടെ ചരിത്രവും സംസ്കാരവും സംബന്ധിച്ച് നാടാകെ നടക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കുകയും അത്തരം ഗവേഷകരെ വേദിയിലെത്തിക്കുകയും ചെയ്ത അക്കാദമിക ഉത്സവമായിരുന്നു ദേശാഭിമാനിയൊരുക്കിയ മലപ്പുറം മഹോത്സവം.
ഇരുപത്തിയാറ് പ്രബന്ധങ്ങള്‍
ഇരുപത്തിയാറ് പ്രബന്ധങ്ങള്‍ ഈ സദസ്സില്‍ അവതരിപ്പിക്കുന്നതിന് സമര്‍പ്പിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ഇരുപത്തിനാലു പേരും പ്രബന്ധാവതരണത്തിനായി മഹോത്സവ വേദിയില്‍ എത്തിച്ചേരുകയും ചെയ്തു. മഹോത്സവത്തിന്‍റെ പ്രബന്ധാവതരണവേദികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് ചരിത്രവും സ്വാതന്ത്ര്യസമരവും ചര്‍ച്ച ചെയ്ത വേദിയിലായിരുന്നു. 228 പേരാണ് ഈ വേദിയില്‍ ആരംഭ സമയത്ത് സന്നിഹിതരായിരുന്നത്. പ്രൊഫസര്‍ കെ ഗോപാലന്‍കുട്ടി തുടക്കമിട്ട പ്രബന്ധാവതരണം “സ്വാതന്ത്ര്യ സമരഗാഥയിലെ മലപ്പുറം” എന്ന വിഷയത്തോടെയാണ് ആരംഭിച്ചത്. ഭൂപരിഷ്കരണ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ട മലപ്പുറം ജില്ല, സ്വാതന്ത്ര്യ സമരത്തിലെ ജനപങ്കാളിത്തത്തിനും തുടക്കമിട്ട ജില്ല എന്ന ഖ്യാതിക്ക് അര്‍ഹതയുള്ളതാണെന്ന് പ്രൊഫ. കെ ഗോപാലന്‍കുട്ടി അഭിപ്രായപ്പെട്ടു. 1920 എപ്രില്‍ മാസത്തില്‍ നടന്ന മഞ്ചേരിയിലെ അഞ്ചാമത് മലബാര്‍ ജില്ല സമ്മേളനത്തില്‍ കര്‍ഷകരും തൊഴിലാളികളും മധ്യവര്‍ഗ അഭിഭാഷകരും മറ്റ് ഇടത്തരക്കാരും പങ്കെടുക്കുകയും അവര്‍ കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റത്തിന്‍റെ നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തത് കേരള ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. ഇതിനെ തുടര്‍ന്നാണ് മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. “മലബാര്‍ കലാപത്തിന്‍റെ ആഹ്വാനവും താക്കീതും” എന്ന പ്രബന്ധം അവതരിപ്പിച്ചത് പ്രൊഫസര്‍ എം എം നാരായണന്‍ ആയിരുന്നു. മലബാര്‍ കലാപകാലത്ത് പ്രമുഖ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ രാഷ്ട്രീയ പക്വതയുള്ള നേതൃത്വത്തിന്‍റെ അഭാവത്തില്‍ വലിയതോതില്‍ അക്രമ പരമ്പരകള്‍ പൊട്ടിപ്പുറപ്പെട്ടുവെന്നും ഈ അക്രമങ്ങളെല്ലാം മലബാര്‍ കലാപത്തിന്‍റെ പേരില്‍ ചേര്‍ക്കപ്പെടാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഎംഎസ് നമ്പൂതിരിപ്പാട് ഇക്കാര്യം അഭിപ്രായപ്പെട്ടത് ഈ അക്രമങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്.
കേരള ചരിത്രത്തിലൂടെ
കേരള ചരിത്രത്തിലെ സ്വാതന്ത്ര്യസമരമുന്നേറ്റത്തിലെ ജനപങ്കാളിത്തം ഉറപ്പുവരുത്തിയ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് സ്വാധീനം ഏറ്റവും പ്രകടമാകുന്നത് വളണ്ടിയര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചതോടുകൂടിയാണ്.
1939 മെയ് ജൂണ്‍ മാസങ്ങളില്‍ തെക്കന്‍ മലബാറിലെ സ്വാതന്ത്ര്യ സമരം ജനകീയമാക്കുന്നതിന് വളണ്ടിയര്‍ പരിശീലനം നല്‍കുന്നതിനായുള്ള കെപിസിസി സമ്മര്‍ ക്യാമ്പ് മലപ്പുറം ജില്ലയിലാണ് നടന്നത്. ഈ മങ്കട പള്ളിപ്പുറം സമ്മര്‍ ക്യാമ്പ്, ഇഎംഎസ് നമ്പൂതിരിപ്പാട്, പി കൃഷ്ണപിള്ള, കെ. ദാമോദരന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരുടെ പൂര്‍ണ്ണ സാന്നിധ്യം കൊണ്ട് ചരിത്രപ്രസിദ്ധമായി. മങ്കട പള്ളിപ്പുറം കെപിസിസി സമ്മര്‍ ക്യാമ്പിന്‍റെ സുപ്രധാന തെളിവുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഡോ. പി ശിവദാസന്‍റെ പ്രബന്ധാവതരണം നടന്നത്. വരാന്‍പോകുന്ന യുദ്ധകാലത്ത് ജനങ്ങളെ സംഘടിപ്പിക്കുകയും സ്വാതന്ത്ര്യസമരവും സാമ്രാജ്യത്വവിരുദ്ധ പോരാട്ടവും ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്നതിന് യുക്തരായ നേതാക്കന്മാരെയും പരിശീലകരെയും തയ്യാറാക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു ഈ ക്യാമ്പിന്‍റെ ലക്ഷ്യം.
ഏറനാട് വള്ളുവനാട് മേഖലകളില്‍ അത്തരം പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി നടന്ന ക്യാമ്പില്‍ പങ്കെടുത്ത കൃഷ്ണന്‍ നമ്പൂതിരിയുടെ സമ്മര്‍ ക്യാമ്പ് പങ്കാളിത്തവുമായി ബന്ധപ്പെട്ട കയ്യെഴുത്ത് രേഖകള്‍ സെമിനാറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും 1921 നു ശേഷമുള്ള മലബാറും എന്ന വിഷയമാണ് ഡോ. ശ്രീവിദ്യ വട്ടാറമ്പത്ത് അവതരിപ്പിച്ചത്. മലബാര്‍ കലാപത്തിനുശേഷം ജനങ്ങളെ സംഘടിപ്പിക്കുന്നതിലും ഛിന്നഭിന്നമാക്കപ്പെട്ട തെക്കന്‍ മലബാറിലെ ജനജീവിതത്തെ നേരെയാക്കിയെടുക്കുന്നതിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണമായും പരാജയപ്പെട്ടു എന്ന് പ്രബന്ധത്തിലൂടെ ഡോ. ശ്രീവിദ്യ അവതരിപ്പിക്കുകയുണ്ടായി. മലബാര്‍ കലാപത്തിന് മുന്നോടിയായി നടന്ന തൃശ്ശൂര്‍ കലാപത്തോടനുബന്ധിച്ച് ഉണ്ടായിവന്ന ഹിന്ദു മുസ്ലിം മൈത്രിയും മലബാറിലെ മാപ്പിളമാരുടെ സാന്നിധ്യവും പങ്കാളിത്തവും എടുത്തുപറഞ്ഞുകൊണ്ടാണ് സിന്ദൂര കൃഷ്ണ തന്‍റെ പ്രബന്ധം അവതരിപ്പിച്ചത്.
കേരളത്തിലെ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും സുപ്രധാന വ്യക്തിത്വമാണ് എംപി നാരായണമേനോന്‍റേതെന്ന് രാഹുല്‍ എം രമേശ് അവതരിപ്പിച്ച പ്രബന്ധത്തില്‍ അവകാശപ്പെടുകയുണ്ടായി. പതിനാല് വര്‍ഷം മലബാര്‍ കലാപത്തിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട എംപി നാരായണമേനോന്‍ ആര്‍ക്കു മുമ്പിലും കീഴടങ്ങാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും തന്‍റെ വേഷംകൊണ്ടും പെരുമാറ്റംകൊണ്ടും സാധാരണ മനുഷ്യരുടെ ഇടയില്‍നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഒരിക്കലും മാപ്പുപറഞ്ഞു ബ്രിട്ടീഷ് കാരാഗൃഹത്തില്‍നിന്ന് മോചിപ്പിക്കപ്പെടുവാന്‍ ആഗ്രഹിച്ചില്ല എന്നും പ്രബന്ധ ത്തിലൂടെ സ്ഥാപിക്കുകയുണ്ടായി.
മലബാര്‍ സമരവും ഇടതുപക്ഷവും എന്ന പ്രബന്ധം അവതരിപ്പിച്ചത് നവാസ് ആയിരുന്നു. മലബാര്‍ കലാപത്തെ കാര്‍ഷിക കലാപമാണെന്ന് കണ്ടെത്തി മാപ്പിള സമൂഹത്തെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണിയിലെത്തിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന് നവാസ് പ്രബന്ധത്തിലൂടെ സ്ഥാപിച്ചു.
“ചരിത്രത്തിന്‍റെ വലതുപക്ഷവല്‍ക്കരണവും കാര്‍ഷിക സ്വാതന്ത്ര്യസമരവും” എന്ന പ്രബന്ധം അവതരിപ്പിച്ചത് ജോബിഷ് ആയിരുന്നു. കേരള സ്വാതന്ത്ര്യ സമരത്തിലെ മറക്കാനാവാത്ത വ്യക്തിത്വമാണ് കമ്പളത്ത് ഗോവിന്ദന്‍ നായരെന്ന് പ്രബന്ധം അവതരിപ്പിച്ച സഫ്ന അവകാശപ്പെട്ടു. മനുഷ്യ വേട്ടയുടെ ഓര്‍മ്മയ്ക്കായി ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിച്ച വള്ളുവമ്പ്രത്തെ സ്മാരകത്തിനെതിരെ ജനകീയ മുന്നേറ്റം നയിച്ചത് അബ്ദുറഹിമാന്‍ സാഹിബും എ കെ ഗോപാലനും ആയിരുന്നു. ഈ സമരമുന്നേറ്റത്തിന് ഗാനങ്ങള്‍ പടപ്പാട്ട് രീതിയില്‍ എഴുതി തയ്യാറാക്കിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനും എഴുത്തുകാരനും ആയിരുന്നുവെന്ന് തന്‍റെ പ്രബന്ധത്തിലൂടെ സഫ്ന സ്ഥാപിച്ചു. തൃക്കളം കൃഷ്ണന്‍കുട്ടി എന്ന കഥാപ്രസംഗകലയുടെ മികവുറ്റ കലാകാരനെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജാഗ്രതയോടെയുള്ള നിലപാടും കൂടി ചേര്‍ത്തുകൊണ്ട്, കഥയുടെ രാഷ്ട്രീയ ജാഗ്രത’ എന്ന പ്രബന്ധം ഡോ. സൗമ്യ അവതരിപ്പിക്കുകയുണ്ടായി. ഈ പ്രബന്ധം അവതരിപ്പിക്കുന്ന സമയത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായ തൃക്കളം കൃഷ്ണന്‍കുട്ടിയും സദസ്സില്‍ സന്നിഹിതനായിരുന്നു.
മലപ്പുറം ജില്ലയുടെ ചരിത്രം സംബന്ധിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളാണ് തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊന്നിലെ കലാപകാലത്തെ സ്ത്രീ ജീവിതത്തെക്കുറിച്ച് ഡോ. പി ഗീതയും, തൃപ്പനച്ചിയുടെ പ്രാദേശിക ചരിത്രത്തെ സംബന്ധിച്ച് ഷാന പര്‍വീണും, “മേലാറ്റൂരും 1921ലെ കലാപവും” എന്ന പ്രബന്ധമവതരിപ്പിച്ച് ഡോക്ടര്‍ അനീസുദ്ദീനും, “വാഗണ്‍ ട്രാജഡി എന്ന വാഗണ്‍ കൂട്ടക്കൊല” എന്ന പ്രബന്ധമവതരിപ്പിച്ച് മുബഷിറയും, “ഹിച്ച്കോക്ക് സ്മാരക വിരുദ്ധ സമരം” എന്ന പ്രബന്ധമവതരിപ്പിച്ച് എം ജയകൃഷ്ണനും, “മധ്യവര്‍ഗ്ഗ രാഷ്ട്രീയത്തിന് തുടക്കമിട്ട മഞ്ചേരി സമ്മേളനം” എന്ന പ്രബന്ധമവതരിപ്പിച്ച് അതുല്യയും, “പുഴക്കാട്ടിരിയുടെ പ്രാദേശിക ചരിത്രം” എന്ന വിഷയമവതരിപ്പിച്ച് അര്‍ഷാദലിയും, മഹോത്സവത്തിലെ ചരിത്ര സെമിനാറില്‍ പങ്കെടുത്തു.
സ്ഥലനാമങ്ങളുടെ പ്രസക്തി
ചരിത്ര സംബന്ധമായ പ്രബന്ധങ്ങള്‍ മലപ്പുറം മഹോത്സവത്തിന്‍റെ കെ സെയ്താലിക്കുട്ടി ഹാളില്‍ നടന്ന ചരിത്രം വിജ്ഞാനീയം എന്ന വേദിയിലും അവതരിപ്പിക്കപ്പെട്ടു. ഡോ. ബ്രിജേഷ് വി കെ ആയിരുന്നു ഈ വേദിയുടെ മോഡറേറ്റര്‍. “മലയാള സാഹിത്യത്തിലെ സ്ഥലനാമരൂപങ്ങള്‍: മലപ്പുറം ജില്ലയിലെ സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം” എന്ന പ്രബന്ധം ഗവേഷകയായ അര്‍ഷിദ എ ടി അവതരിപ്പിക്കുകയുണ്ടായി. മിശ്രഭാഷയാല്‍ സമ്പന്നമാണ് അറബി മലയാളമെന്നും മാപ്പിളപ്പാട്ടുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നവയാണെന്നും മലപ്പുറം ജില്ലയുടെ സമ്പന്നമായ ചരിത്രം സംബന്ധിച്ച് നിരവധി സ്ഥലനാമങ്ങള്‍ ഇവ നമ്മള്‍ക്കു നല്‍കുന്നുണ്ടെന്നും അര്‍ഷിദ പറയുകയുണ്ടായി. സ്ഥല നാമങ്ങള്‍ക്ക് മിത്തുകള്‍ക്കുമപ്പുറത്ത് വലിയ ചരിത്ര പ്രാധാന്യമുണ്ടെന്നും മലപ്പുറം ജില്ലയിലെ ഊരുകളും കാടുകളും അങ്ങാടികളും ഈ സ്ഥലനാമങ്ങളില്‍ കാണാവുന്നതാണെന്നും പ്രബന്ധം സൂചന നല്‍കി.
കച്ചവടത്തിന്‍റെ ഭാഗമായി പൊന്‍ നാണയങ്ങള്‍ ലഭിക്കുമായിരുന്ന പൊന്നാനി എന്ന തുറമുഖം മാപ്പിളപ്പാട്ടുകളില്‍ സ്വര്‍ണാനി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അര്‍ഷിദ സ്ഥാപിച്ചു. “പരപ്പനാട്ടിലെ ഉപ്പുപടന്നകള്‍ സ്ഥലനാമങ്ങളില്‍” എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഡോ. കലാചന്ദ്രന്‍ ടി സ്ഥലപേരുകളിലെ ചരിത്രത്തെ വേര്‍തിരിച്ചെടുക്കുവാനുള്ള വിദ്യകള്‍ വിശദീകരിച്ചു. വളപ്പ് പേരുകളില്‍ നിന്നും കേരളത്തിന്‍റെ തീരപ്രദേശത്തെ ഉപ്പു കുറുക്കുന്നതിനുവേണ്ടി ഉണ്ടായിരുന്ന നിരവധി സ്ഥലങ്ങള്‍ പടന്നകള്‍ എന്ന പേരില്‍ ഇപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നതാണെന്നും ഈ പ്രബന്ധം പറയുകയുണ്ടായി. മലപ്പുറത്തിന്‍റെ പടിഞ്ഞാറെ തീരത്തെ പരപ്പനാട്ടില്‍ അത്തരത്തില്‍ നിരവധി സ്ഥലങ്ങള്‍ ഭൂസംബന്ധമായ രേഖകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്നായിരുന്നു കലാചന്ദ്രന്‍റെ വാദം. ഉപ്പടം, പടന്ന, ഉപ്പളം തുടങ്ങിയ നിരവധി സ്ഥലങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയുന്നു എന്നുള്ളത് സദസ്സിന് പുതിയ അറിവായി. പടന്ന എന്ന വാക്കിന് ഉപ്പ് കുറുക്കുന്ന പാടം എന്നാണര്‍ഥമെന്ന് കലാചന്ദ്രന്‍ അവകാശപ്പെട്ടു. സംഘകൃതികളില്‍ കടല്‍വെള്ളം പാടങ്ങളില്‍ കള്ളി തിരിച്ച് വറ്റിച്ചുണ്ടാക്കുന്നതിനെ സംബന്ധിച്ച് സൂചന നല്‍കുന്നുണ്ടെന്നും തിരൂരങ്ങാടിയിലും പരപ്പനാട്ടിലും ഇത്തരത്തില്‍ നിരവധി സ്ഥലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ഗവേഷകന്‍ സദസ്സില്‍ പറയുകയുണ്ടായി.
“താനൂരിന്‍റെ സാംസ്കാരിക ചരിത്രം” എന്ന പ്രബന്ധമാണ് ഗവേഷകനായ മനു വിശ്വനാഥ് അവതരിപ്പിച്ചത്. ബുദ്ധ ചരിത്രത്തിന്‍റെയും, മധ്യകാല ജീവിതത്തിന്‍റെയും, ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെയും നാടാണ് താനൂരെന്നും മത്സ്യ വ്യാപാരത്തിന്‍റെ കേന്ദ്രമായിരുന്നു താനൂരെന്നും മനു വിശനാഥ് പറയുകയുണ്ടായി. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തിന്‍റെ തെളിവുകളും മലബാര്‍ കലാപത്തിന്‍റെ നിരവധി സൂചനകളും താനൂരില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്നും കേരള ഭഗത് സിംഗ് എന്നറിയപ്പെട്ട വക്കം ഖാദറിനെ താനൂരില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ പിടികൂടിയതെന്നും 1943 സെപ്റ്റംബര്‍ 10ന് ആ ധീരദേശാഭിമാനിയെ സാമ്രാജ്യത്വ ഭരണകൂടം തൂക്കിലേറ്റിയെന്നും പ്രബന്ധത്തിലൂടെ വിശദീകരിച്ചു. ഫ്രഞ്ച് ശക്തികള്‍ക്ക് താനൂരില്‍ ഒരു കോളനിയുണ്ടായിരുന്നുവെന്നും അതിനെ ഫ്രഞ്ച് ചാപ്പ എന്നാണ് വിളിക്കുന്നതെന്നും ഈ പ്രബന്ധത്തില്‍ പറയുകയുണ്ടായി.
മലപ്പുറം ജില്ലയുടെ പ്രാക് ചരിത്രത്തെ സംബന്ധിച്ച് കോഴിക്കോട് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം ഗവേഷക ഹസനത്ത് കെ പി അവതരിപ്പിച്ച പ്രബന്ധം വ്യത്യസ്തവും ശ്രദ്ധേയവുമായിരുന്നു.
പ്രാചീനശിലായുഗം വരെ നീണ്ടുകിടക്കുന്ന മലപ്പുറം ജില്ലയുടെ പ്രാക് ചരിത്ര പ്രാധാന്യം വെളിപ്പെടുത്തുന്ന ഗവേഷണ പ്രബന്ധം കോഴിക്കോട് സര്‍വകലാശാല സമീപകാലത്ത് പുറത്തുകൊണ്ടുവന്ന നൂതന അറിവുകള്‍ ചേര്‍ത്തുള്ളതുമായിരുന്നു. ഈ തെളിവുകള്‍ സംരക്ഷിക്കേണ്ടതിന്‍റെയും ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കേണ്ടതിന്‍റെയും ആവശ്യകത ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹസനത്തിന്‍റെ പ്രബന്ധം.
“താനൂരിന്‍റെ മുഹമ്മദലി നമ്പീശന്‍: മലപ്പുറത്തിന്‍റെ സമന്വയ സംസ്കാരത്തിന്‍റെ പൈതൃകം” എന്ന പ്രബന്ധത്തിലൂടെ ജില്ലയുടെ പുരോഗമന പ്രസ്ഥാനത്തിന് അടിത്തറയിട്ട ആദ്യകാല കമ്യൂണിസ്റ്റായ മുഹമ്മദലി നമ്പീശനെ ഗവേഷകയായ മനീഷ കെ കെ അവതരിപ്പിക്കുകയുണ്ടായി. ജാതി ജന്മിത്ത വ്യവസ്ഥയെ ധീരമായി നേരിട്ട മുഹമ്മദലി നമ്പീശന്‍ മലപ്പുറം ആധുനിക സമൂഹത്തിനു നല്‍കിയ സംഭാവനയാണ്. വിസ്മൃതിയിലാണ്ടുപോയ മുഹമ്മദലിയുടെ ജീവിതത്തെ വിശദമായ അന്വേഷണത്തിലൂടെയാണ് പ്രബന്ധമാക്കി മഹോത്സവ വേദിയില്‍ മനീഷയെത്തിച്ചത്.
മലപ്പുറം മഹോത്സവത്തിന്‍റെ ഇഎംഎസ് സെമിനാര്‍ ഹാളില്‍ ഡിസംബര്‍ ഇരുപത്തിയേഴിനു ചേര്‍ന്ന മലപ്പുറം ജില്ലയുടെ ചരിത്രവും സംസ്കാരവും സംബന്ധിച്ച പ്രബന്ധാവതരണസദസ്സിന് നേതൃത്വം കൊടുത്തത് ഡോക്ടര്‍ പി പി അബ്ദുല്‍ റസാഖ് ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര ഭാഗം അധ്യാപകന്‍ ഡോ. ശിവദാസന്‍ പി ക്കായിരുന്നു സെമിനാര്‍ വിഭാഗത്തിന്‍റെ ചുമതല.
രണ്ടു ദിവസങ്ങളിലായി നടന്ന പ്രബന്ധാവതരണങ്ങള്‍ക്കൊപ്പം മലപ്പുറത്തിന്‍റെ നാടന്‍ കലാരൂപങ്ങളും സിമ്പോസിയങ്ങളും ഗസല്‍ ഗാനമേളയും ജില്ലയിലെ ജനങ്ങളെ ആകര്‍ഷിക്കുകയുണ്ടായി. വര്‍ഗ്ഗീയവിദ്വേഷം ആളിക്കത്തിക്കുവാന്‍ ശ്രമിക്കുന്ന നാടിന്‍റെ ശത്രുക്കള്‍ക്ക് മലപ്പുറത്തിന്‍റെ മണ്ണിനെ ഒരിക്കലും പോറലേല്‍പ്പിക്കുവാന്‍ കഴിയില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന അക്കാദമികോത്സവമായിരുന്നു മലപ്പുറം മഹോത്സവം. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + five =

Most Popular