Sunday, November 10, 2024

ad

Homeകവര്‍സ്റ്റോറിസമൂഹ പ്രതിനിധാനവും പരിഷ്കരണവും

സമൂഹ പ്രതിനിധാനവും പരിഷ്കരണവും

പി.പവിത്രന്‍

മലപ്പുറത്തെ സാമൂഹ്യപരിഷ്കരണം എല്ലാ സമുദായങ്ങളെ സംബന്ധിച്ചും പ്രസക്തമാണ്. ജില്ലയിലെ ഭൂരിപക്ഷ സമുദായമായ മുസ്ലിം വിഭാഗത്തിലെ പരിഷ്കരണ ശ്രമങ്ങളോടൊപ്പം തന്നെ മറ്റു മത,ജാതി വിഭാഗങ്ങളിലുണ്ടായ മാറ്റങ്ങളും പരിഗണനാവിഷയങ്ങളാണ്. മതസാമുദായിക വിലക്കുകളെ സംബന്ധിച്ചുള്ള നടപടികള്‍ അപൂര്‍വമായെങ്കിലും ഇപ്പോഴും വാര്‍ത്തയാകുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ ചരിത്രപരമായ കണക്കെടുപ്പ് കൂടുതല്‍ പ്രസക്തവുമാണ്.
മലപ്പുറം മഹോത്സവത്തില്‍ ഇമ്പിച്ചിബാവ ഹാളില്‍ ഡിസംബര്‍ 27 ന് രാവിലെ നടന്ന സാമൂഹ്യപരിഷ്കരണം എന്ന സെഷനില്‍ ഏഴു പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. മലപ്പുറത്തിന്‍റെ സാമൂഹ്യപുരോഗതി (എ പി അഹമ്മദ്), ദേശാഭിമാനിയും മലബാര്‍ കലാപവും: അപകോളനിവത്കരണ ലക്ഷ്യത്തിലേക്കുള്ള മാധ്യമ പ്രവര്‍ത്തനം (മുനാവിര്‍ അലി എ പി), സര്‍വോദയവും മലപ്പുറവും (ചിറക്കല്‍ ഉമ്മര്‍), ആദ്യകാല കൊളോണിയല്‍ സര്‍വേകളും ദക്ഷിണ മലബാറിലെ മാപ്പിള സ്വത്വനിര്‍മിതിയും (പ്രണവ്.എം), മലപ്പുറം ജില്ലയിലെ അയിത്തോച്ചാടന സമരങ്ങള്‍ (വിഷ്ണു.കെ.പി), മലപ്പുറം നഗരത്തിന്‍റെ ചരിത്രം (ഷറഫുന്നിസ.സി.എച്ച്), കലാപാനന്തരകാലത്തെ മുഹമ്മദ് അബ്ദുറഹിമാന്‍ (രാഹുല്‍എം. രമേശ് ) എന്നിവയാണ് അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍. സാമൂഹ്യപരിഷ്കരണം മാത്രമല്ല, ചരിത്രവും കൊളോണിയല്‍ പ്രതിനിധാനവും കുടി സ്പര്‍ശിക്കുന്നതായിരുന്നു പ്രബന്ധങ്ങള്‍.
സാമൂഹ്യപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എ.പി അഹമ്മദിന്‍റെ പ്രബന്ധം നിലവില്‍ കേരളത്തിലെ മൂസ്ലിം നവോത്ഥാനത്തെക്കുറിച്ചുള്ള പാഠപുസ്തക സങ്കല്പങ്ങളെ തന്നെ ചോദ്യം ചെയ്തു കൊണ്ടാണ് തുടങ്ങിയത്. വക്കം മൗലവിയിലാണ് കേരളത്തിലെ മുസ്ലിം നവോത്ഥാനം തുടങ്ങുന്നതെന്ന ഭാഷ്യത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയിലെ ഷെയ്ക്ക് സൈനുദ്ദീന്‍ മഖ്ദും മുതലാണ് മലപ്പുറത്തെ മുസ്ലിം നവോത്ഥാനം ആരംഭിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രബന്ധം ആരംഭിച്ചത്. പൊന്നാനിയിലെ വലിയ പള്ളി സ്ഥാപിച്ച മഖ്ദൂം ഒന്നാമന്‍ മതനവീകരണത്തിന്‍റെ പ്രകടമായ ഉദാഹരണമാണ്. അദ്ദേഹത്തിന്‍റെ പൗത്രനായ മഖ്ദൂം രണ്ടാമനിലേക്കും ഈ പാരമ്പര്യം വ്യാപിക്കുന്നു. മതാഭിമാനത്തില്‍ നിന്ന് രാജ്യാഭിമാനത്തിലേക്കുള്ള ഇവരുടെ പരിവര്‍ത്തനശ്രമത്തില്‍ വ്യക്തമായും സാമൂഹ്യനവോത്ഥാനത്തിന്‍റെ ഒരു ധാരയുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലമാകുമ്പോഴേക്കും മമ്പുറം തങ്ങന്മാര്‍ക്കാണ് സാമുദായിക നേതൃത്വമുണ്ടായിരുന്നത്. മമ്പുറം വലിയ തങ്ങളുടെ ശിഷ്യനായിരുന്ന വെളിയങ്കോട് ഉമര്‍ഖാസി ( 1765-1857) ഇന്ത്യയില്‍ ആദ്യമായി നികുതി നിഷേധ സമരം നയിച്ച ആത്മീയ നേതാവാണ്. ഹിന്ദുക്കളെ കൂടി സഹോദരങ്ങളായി കാണുകയും വര്‍ഗീയത വര്‍ജ്ജിക്കുകയും ചെയ്യുന്ന സമീപനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മലപ്പുറം വലിയ പള്ളി തകര്‍ക്കാനിറങ്ങിയ പാറനമ്പി എന്ന നാടുവാഴിയുടെ ചോറ്റു പട്ടാളത്തെ നേരിടാന്‍ മാപ്പിളമാരുടെ മുന്‍പന്തിയില്‍ നിന്നിരുന്നത് നാല് ഹിന്ദു യുവാക്കളാണ്.
മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളില്‍ ഇവരെ പേരെടുത്ത് പറയുന്നുണ്ട്. പള്ളി സംരക്ഷിക്കാനായി പൊരുതി മരിച്ച 44 ശുഹദാക്കളുടെ ഓര്‍മയ്ക്കു വേണ്ടി നടത്തപ്പെടുന്ന മലപ്പുറം നേര്‍ച്ച മതസൗഹാര്‍ദ്ദത്തിന്‍റെ ഉദാഹരണമായി ഇ.എം. എസ് വിശേഷിപ്പിച്ചത് പ്രബന്ധകാരന്‍ എടുത്തു പറഞ്ഞു. മലപ്പുറം നേര്‍ച്ച പുനരാരംഭിച്ചത് ഒന്നാം ഇ.എം.എസ് സര്‍ക്കാറിന്‍റെ കാലത്താണ്. എഴുത്തച്ഛന്‍റെ ദൈവം ഒന്ന്, മനുഷ്യന്‍ ഒന്ന്, ദൈവവും മനുഷ്യനും ഒന്ന് എന്ന സന്ദേശം സൂഫി ദര്‍ശനങ്ങളായി അറബി-മലയാള ലിപിയില്‍ മാപ്പിളപ്പാട്ടുകളിലൂടെ പ്രചരിച്ചു. സയ്യിദ് സനാഹുല്ലാ മക്തി തങ്ങള്‍ (1847-1912) മലയാളഭാഷ പഠിക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ച നവോത്ഥാന നായകനാണ്. ഖുറാന്‍ പരിഭാഷപ്പെടുത്തുന്നതിനും ആണ്‍പെണ്‍ ഭേദമില്ലാതെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇംഗ്ലീഷ് പഠനവും പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസത്തില്‍ ഒരു കാലത്ത് പിന്നാക്കം നിന്നിരുന്ന ജില്ല ഇപ്പോള്‍ അക്കാര്യത്തില്‍ മുന്നിലെത്തിയതും അതില്‍ പ്രവാസികള്‍ക്കുള്ള പങ്കും അദ്ദേഹം എടുത്തു പറഞ്ഞു. നാടകം അഭിനയിച്ചതിന്‍റെ പേരില്‍ വെടിയുണ്ട നേരിടേണ്ടി വന്ന നിലമ്പൂര്‍ ആയിഷയുടെ മണ്ണാണ് മലപ്പുറം. എന്നാല്‍ ഈ പൗരോഹിത്യത്തിന്‍റെ വിലക്കുകള്‍ ലംഘിച്ച് സംഗീതവും നൃത്തവും ചിത്ര-ശില്പകലകളുമെല്ലാം ഇന്ന് മലപ്പുറത്തിന്‍റെ മുഖ്യധാരാ സംസ്കാരത്തിന്‍റെ ഭാഗമായിരിക്കുന്നു. സമകാലിക മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മലപ്പുറത്തുകാര്‍ ഏറെയാണ്. ചേകന്നൂര്‍ മൗലവിക്ക് നേരിടേണ്ടി വന്നതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കിലും അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത വിധം യുക്തിവാദമുള്‍പ്പെടെയുള്ള ആധുനിക ചിന്തകളുടെ ശക്തമായ സാന്നിധ്യം മലപ്പുറത്തുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കൂടി പരിഗണിക്കുന്ന ലിംഗനീതിയും
ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മലപ്പുറത്തു വന്നു ചേരുന്ന അതിഥികള്‍ തിരിച്ചുപോകാത്തതിന് കാരണം ഈ സ്വതന്ത്രവായു ഇവിടെയുള്ളതാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രബന്ധം അവസാനിപ്പിച്ചത്.
മാമാങ്കവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള തിരുന്നാവായ പ്രദേശം ദേശീയ പ്രസ്ഥാനത്തിന്‍റെ കാലത്ത് പ്രസക്തമായതെങ്ങനെ എന്നതായിരുന്നു ചിറക്കല്‍ ഉമ്മര്‍ അവതരിപ്പിച്ച പ്രബന്ധത്തിന്‍റെ ഉള്ളടക്കം. 1948 ഫെബ്രുവരി 12ന് ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തില്‍ നിമഞ്ജനം ചെയ്തത് ഭാരതപ്പുഴയടെ തിരുന്നാവായ പ്രദേശത്തായിരുന്നു. കെ.കേളപ്പനായിരുന്നു അതിനു നേതൃത്വം കൊടുത്തത്.
മതനിരപേക്ഷതയുടെയും ദേശീയബോധത്തിന്‍റെയും ഒരു സന്ദര്‍ഭമായി എല്ലാ ദിവസവും പില്‍ക്കാലത്ത് ഇതേ തീയതിയില്‍ തിരുന്നാവായയില്‍ സര്‍വോദയമേളകള്‍ സംഘടിപ്പിച്ചുപോന്നു. ഖാദി, കൈത്തറി ഉള്‍പ്പെടെയുള്ള പ്രാദേശിക ഉല്പന്നങ്ങളുടെ വിപണനമേളയും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഇതിന്‍റെ ഭാഗമാണ്. എന്നാല്‍ പില്‍ക്കാലത്ത് ഇതില്‍ ഹൈന്ദവ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുന്നത് അദ്ദേഹം തുറന്നു കാണിച്ചു. മേളയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടാകുന്ന വിഭാഗീയ പ്രവണതകളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. 2018-ല്‍ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ചതുപോലെയുള്ള അനുബന്ധ പരിപാടികള്‍ തിരുന്നാവായ-തവന്നൂര്‍ പഞ്ചായത്തുകളെയും മേള കമ്മിറ്റിയെയും ഉള്‍പ്പെടുത്തി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ചിറക്കല്‍ ഉമ്മര്‍ അഭ്യര്‍ത്ഥിച്ചു.
കൊളോണിയന്‍
സര്‍വേകളുടെ ന്യൂനതകള്‍
കൊളോണിയല്‍ സര്‍വേകള്‍ പലപ്പോഴും അവര്‍ക്കനുകൂലമായ തരത്തില്‍ ഇന്ത്യയിലെ സ്വത്വങ്ങളെ നിര്‍വചിക്കാനുള്ള ശ്രമമായിത്തീര്‍ന്നിട്ടുണ്ട്. ആദ്യകാല കൊളോണിയല്‍ സര്‍വേകളും റിപ്പോര്‍ട്ടുകളും ഈ നിലയില്‍ എങ്ങനെ ദക്ഷിണ മലബാറിലെ മാപ്പിള സ്വത്വത്തെ നിര്‍വചിച്ചു എന്നതാണ് പ്രണവ് എം അന്വേഷിക്കുന്നത്. മലബാര്‍ ജോയിന്‍റ് കമ്മിഷന്‍ റിപ്പോര്‍ട്ട്, രണ്ടാം മലബാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, ബുക്കാനന്‍റെ റിപ്പോര്‍ട്ട് എന്നിവയെയെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം ഇതു വിശദീകരിച്ചത്. ബുക്കാനന്‍ മലബാറിനെ സമ്പൂര്‍ണമായി നിരായുധീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ തെക്കന്‍ മലബാറിലെ നിരായുധീകരണം 1885- ഓടെ മാത്രമാണ് പൂര്‍ത്തിയാവുന്നത്. കൊളോണിയല്‍ ഇടപെടലുകളെ ന്യായീകരിക്കാന്‍ സമുദായങ്ങളെ ലക്ഷ്യമിടുന്നതായിരുന്നു ഈ സര്‍വേ. ഇത് ചില തദ്ദേശീയ സാമൂഹിക സ്ഥാപനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നതില്‍ കലാശിച്ചു. തീരത്ത് സ്ഥിരതാമസമാക്കിയ മാപ്പിളമാരും ഉള്‍നാടന്‍ മാപ്പിളമാരും എന്ന ദ്വന്ദ്വവും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.
കടല്‍ത്തീരത്തെ മാപ്പിളമാര്‍ ഉള്‍നാടന്‍ മാപ്പിളമാരെ സഹോദരങ്ങളായി അംഗീകരിക്കാത്ത ഏറ്റവും കഠിനാധ്വാനികളും ശാന്തരുമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ചരിത്രത്തില്‍ സ്ഥാനം നേടിയ ചൊവ്വാക്കാരന്‍ മൂസയെ കൊളോണിയല്‍ അധികാരികള്‍ പല റിപ്പോര്‍ട്ടുകളിലും തങ്ങളെ സാമ്പത്തികമായും സൈനികമായും സഹായിക്കുന്നയാളായാണ് കണ്ടത്. എന്നാല്‍ ബുക്കാനന്‍ മൂസയുടെ കുത്തക തങ്ങളുടെ വ്യാപാര താത്പര്യത്തിന് വിഘാതമായും കണ്ടു. ചുരുക്കത്തില്‍ കേവലമായി മാപ്പിളമാരെ ഒന്നാകെ ഏകശിലാരൂപത്തില്‍ പ്രതിനിധാനം ചെയ്യുകയല്ല, തങ്ങളുടെ വ്യാപാരപരവും സൈനികവുമായ താത്പര്യങ്ങള്‍ക്കനുസരിച്ച് പലതായി തിരിച്ചു കാണുകയാണ് കൊളോണിയല്‍ അധികാരികള്‍ ചെയ്തത്.
എ.ഡി 1800 വരെയുള്ള മലപ്പുറം നഗരത്തിന്‍റെ ചരിത്രത്തെ സാമൂഹ്യവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും നവീകരണത്തിന്‍റെയും യുക്തിയിലൂടെ നോക്കിക്കാണാനാണ് ഡോ.സി.എച്ച്. ഷറഫുന്നിസ ശ്രമിച്ചത്. സംഘകാലത്ത് ചേര രാജാക്കന്മാരുടെ ഭാഗമായിരുന്നു മലപ്പുറം എന്ന് തൃപ്പങ്ങോട് ക്ഷേത്ര രേഖകളെ മുന്‍നിര്‍ത്തി അവര്‍ വ്യക്തമാക്കുന്നു. ചേരപ്പെരുമാക്കന്മാരുടെ കാലം മുതല്‍ മൈസൂരിലെ ഹൈദരലിയുടെ കാലം വരെ സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു പട്ടണം. മുസ്ലിങ്ങളും സാമൂതിരിയും തമ്മില്‍ വിശ്വസ്തതയുടെ ബന്ധമാണ് നിലനിന്നത്.
മലപ്പുറം നഗരത്തിന്‍റെ പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന ബ്രാഹ്മണരായിരുന്ന പാറനമ്പിമാരെ തങ്ങളെ പിന്തുണയ്ക്കുന്ന അധികാരികളായി സാമൂതിരി കണ്ടു. പിതാവിനുള്ളതിനേക്കാള്‍ സദ്ഗുണങ്ങളും കഴിവുകളും എളുപ്പത്തില്‍ മാതാവിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന ധാരണയില്‍ നമ്പിമാരോട് മരുമക്കത്തായം സ്വീകരിക്കാന്‍ സാമൂതിരി ഉത്തരവിട്ടു. ഈ നമ്പിമാരാണ് പിന്നീട് 1728-29 കാലത്ത് മാപ്പിളമാരുമായുള്ള സംഘര്‍ഷത്തില്‍ വില്ലനായി മാറുന്നത്. ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 44 പേരുടെ ഓര്‍മയ്ക്കാണ് മലപ്പുറം നേര്‍ച്ച നടന്നുവന്നത്. പിന്നീട് ഭരണാധികാരി തന്നെ മാപ്പിളമാരെ തിരികെ കൊണ്ടു വരികയും സ്വന്തം ചെലവില്‍ പള്ളി പുനര്‍നിര്‍മിക്കുകയും ചെയ്തു. മൈസൂര്‍ ആധിപത്യത്തിന്‍റെ കാലം മാപ്പിള ആധിപത്യത്തിന്‍റെയോ ഭരണത്തിന്‍റെയോ കാലമായിരുന്നില്ല എന്നു വ്യക്തമാക്കിയ അവതാരക, ടിപ്പു സുല്‍ത്താന്‍റെ നികുതി പിരിക്കാനുള്ള ശ്രമത്തിന് ഒട്ടേറെ എതിര്‍പ്പുകള്‍ മാപ്പിളമാരില്‍ നിന്നു തന്നെ ഉണ്ടായത് ചൂണ്ടിക്കാണിച്ചു. മാപ്പിള പ്രമാണിമാരില്‍ ഒരാളായ മഞ്ചേരി അത്തര്‍ ഗുരുക്കള്‍ മൈസൂര്‍ സുല്‍ത്താനെതിരെ കലാപത്തിന് നേതൃത്വം നല്‍കിയത് ഇതിനുള്ള ഉദാഹരണമാണ്. മൈസൂര്‍ അധിനിവേശമാണ് ബ്രിട്ടീഷ് സായുധ സേനയെ മലപ്പുറത്തേക്ക് കൊണ്ടു വന്നതും. ഈ ഘട്ടത്തില്‍ത്തന്നെയാണ് താത്പര്യസംഘര്‍ഷത്തിന്‍റെ പേരില്‍ തീരദേശമാപ്പിളയും ഉള്‍നാടന്‍ മാപ്പിളയും എന്ന വേര്‍തിരിവും ഉണ്ടാകുന്നത്. 1800 മെയ് 21-ന് ബോംബെയില്‍ നിന്ന് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി മലബാറിനൊപ്പം മലപ്പുറവും മാറി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ തെക്കന്‍ മലബാറിലെ സ്പെഷ്യല്‍ പൊലീസ് ആടിസ്ഥാനമായി പിന്നീട് മലപ്പുറം നഗരം.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ പങ്ക്
കൊച്ചിയിലും തിരുവിതാംകൂറിലും സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങള്‍ സാമുദായിക സംഘടനകളുടെ രൂപീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ശക്തമായതെങ്കില്‍ മലബാറിലെ ജാതി വിരുദ്ധ സമരങ്ങള്‍ക്ക് മുഖ്യമായും ദേശീയ പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലമാണുണ്ടായിരുന്നത്. തുടര്‍ന്ന് കര്‍ഷക, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഈ ധാരയെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. ജാതിനിര്‍മൂലനം എന്ന ആദര്‍ശം നേരിട്ട് ഉന്നയിച്ചില്ലെങ്കിലും അയിത്തോച്ചാടനം എന്ന കോണ്‍ഗ്രസിന്‍റെയും ഗാന്ധിജിയുടെയും ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ദേശീയ പ്രസ്ഥാന കാലത്ത് ഈ ഉണര്‍വുണ്ടായത്.
ചരിത്രത്തില്‍ ഇടം കണ്ടെത്താതെ പോയ മൂന്ന് അയിത്ത വിരുദ്ധ സമരങ്ങളെയാണ് പ്രബന്ധത്തില്‍ വിഷ്ണു എടുത്തു കാണിച്ചത്. വെണ്ണായൂര്‍ ക്ഷേത്ര പ്രവേശന സമരം, കരിങ്ങാട് ക്ഷേത്ര പ്രവേശന സമരം എന്നിവയാണവ. എന്നാല്‍ മാപ്പിള ലഹളയെന്നു പേരിട്ട കര്‍ഷകസമരങ്ങളുടെ കാലത്തും ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ ഈ മേഖലയില്‍ നടന്നിരുന്നു. അവര്‍ണരുടെ മതംമാറ്റവുമായി ബന്ധപ്പെട്ട ചേറൂര്‍ കലാപം ഈ നിലയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്.
ബ്രിട്ടീഷുകാര്‍ കേവലം വര്‍ഗീയ ലഹളയായി മുദ്രകുത്താന്‍ ശ്രമിച്ച മലബാര്‍ കലാപം പില്‍ക്കാലത്തുള്ള പാഠനിര്‍മിതകളിലൂടെയാണ് അതിന്‍റെ യഥാര്‍ഥ അടിസ്ഥാനമായ കര്‍ഷക വിരുദ്ധ ,ബ്രിട്ടീഷ് വിരുദ്ധ സമരമായി തിരിച്ചറിയപ്പെട്ടത്. ഇക്കാര്യത്തില്‍ ദേശാഭിമാനി പത്രത്തിന് നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്നു. ഇത് എടുത്തുകാട്ടുകയാണ് മുനാവിര്‍ അലി എ പി ചെയ്തത്. കലാപത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ (1946) ഇ എം എസ് എഴുതിയ “ആഹ്വാനവും താക്കീതും” അതില്‍ പ്രധാനപ്പെട്ടതാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സംയുക്ത കമ്മിറ്റി പാസാക്കിയ പ്രമേയത്തിനാണ് ആഗസ്ത് 16- ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചു പ്രചാരം നേടിക്കൊടുത്തത്. ഇ.എം എസിനെയും എ കെ ജിയെയും അത്തരം സമരങ്ങളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് ആര്‍.ഡി ഒയുടെ അറസ്റ്റ് വാറണ്ട് പ്രകാരംഅറസ്റ്റ് ചെയ്തു. എ കെ ജിയെ മൂന്നു മാസം കോയമ്പത്തൂര്‍ ജയിലില്‍ തടവിലിടുകയും ചെയ്തു. 1971 ആഗസ്ത് 20 ന് കലാപത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ ദേശാഭിമാനി പ്രത്യേക പതിപ്പു പ്രസിദ്ധീകരിച്ചു. ഇ എം എസിന്‍റെ ലേഖനത്തിനു പുറമെ സര്‍ദാര്‍ ചന്ദ്രോത്തിന്‍റെ വീരമാപ്പിള നേതാവ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ലേഖനത്തിന്‍റെ പുനഃപ്രസദ്ധീകരണവും അതിലുണ്ടായിരുന്നു.
1921 നു ശേഷം കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മലപ്പുറത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമെന്നതുപോലെ തന്നെ സാമുദായിക നവീകരണത്തിന്‍റെ മാനങ്ങളുമുള്ളതായിരുന്നു. ഈ വശമാണ് രാഹുല്‍ എം. രമേശ് എടുത്തു കാണിച്ചത്. മലബാര്‍ കലാപത്തിനുശേഷം മുസ്ലിങ്ങള്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് അകന്നപ്പോള്‍ അവരെ ദേശീയ പ്രക്ഷോഭത്തിന്‍റെ മുഖ്യധാരയുമായി അടുപ്പിക്കാനാണ് സാഹിബ് ശ്രമിച്ചത്. അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, ആന്തമാന്‍ വിഷയം, വാഗണ്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഹിച്ച്കോക്ക് സ്മാരകം പൊളിക്കല്‍ എന്നിവയിലെല്ലാം അദ്ദേഹം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി. മുസ്ലിംലീഗില്‍ നിന്നുണ്ടായ ആക്രമണോത്സുകമായ പ്രതികരണങ്ങള്‍ക്കു പുറമെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തില്‍ നിന്നും അദ്ദേഹത്തിന് എതിര്‍പ്പ് നേരിടേണ്ടി വന്നു.
മലപ്പുറത്തെ മുസ്ലിം സമുദായത്തിന്‍റെ സാമൂഹ്യപരിഷ്കരണം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്‍റെയും ദേശീയ പ്രസ്ഥാനത്തിന്‍റെയും ചരിത്ര സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാവാത്തതാണ് എന്നാണ് ഈ സെഷനിലെ പ്രബന്ധങ്ങള്‍ വ്യക്തമാക്കിയത്. ഏതൊരു സമുദായവും അതിനകത്ത് സ്വയം അടഞ്ഞ വ്യവസ്ഥയെന്ന നിലയിലല്ല നിലനില്ക്കുന്നത് എന്നും അത് ഇതര സമുദായങ്ങളുമായും രാഷ്ട്രീയ സമരങ്ങളുമായും ബന്ധപ്പെട്ടാണ് അസ്തിത്വപരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നതെന്നും ഈ സെഷനിലെ ചര്‍ച്ചകള്‍ വ്യക്തമാക്കി. ഒരു മതസമുദായം എന്ന നിലയില്‍ ആകപ്പാടെ ഒന്നായല്ല, അതിനകത്തെ സാമ്പത്തിക താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ തരം ധ്രുവീകരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നിലനില്‍ക്കുന്നുണ്ടെന്നും കൂടി വിശദീകരിക്കപ്പെട്ടു. മമ്പുറം തങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധനായിരുന്നെങ്കില്‍ കൊണ്ടോട്ടിതങ്ങള്‍ ബ്രിട്ടീഷ് അനുകൂലിയായിരുന്നല്ലോ. മറ്റെല്ലായിടത്തുമെന്നതുപോലെ, സ്വന്തം അതിജീവനവുമായി ബന്ധപ്പെട്ട വര്‍ഗതാത്പര്യങ്ങളാണ് മലപ്പുറത്തെ ജനതയെയും ചരിത്രത്തിലിങ്ങോളം നയിച്ചത്. അതിനുള്ള സമരത്തിന്‍റെ ഭാഗമായിരുന്നു സാമൂഹ്യപരിഷ്കരണ ശ്രമങ്ങളും. $

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − five =

Most Popular