കുന്നും കടല്‍ത്തീരവും വയല്‍പ്രദേശങ്ങളും നിറഞ്ഞതാണ് മലപ്പുറം.മലപ്പുറത്തിന്‍റെ സാഹിത്യഭാവനയില്‍ ഈ തിണകളുടെ അടയാളപ്പെടുത്തലുകളുണ്ട്. വൈവിധ്യത്തിന്‍റെ സംസാകാരിക ഭൂമിശാസ്ത്രം ഇതിലൂടെ രൂപപ്പെട്ടിട്ടുമുണ്ട്.
വ്യത്യസ്തനാട്ടുരാജ്യങ്ങളുടെ ചരിത്രസംഘര്‍ഷങ്ങളിലൂടെ കടന്നുവന്നതിന്‍റെ അടയാളപ്പെടുത്തലുകളും മലപ്പുറത്തിന്‍റെ സാഹിത്യഭാവനയിലുണ്ട്. അനേകം കൈവഴികളിലൂടെ ഒഴുകിയ സാമ്രാജ്യത്വവിരുദ്ധസമരങ്ങളുടെ സ്മരണകളില്‍ നെയ്തെടുത്തതാണ് ആ സാഹിത്യഭാവന.
അധിനിവേശവിരുദ്ധചരിത്രത്തിന്‍റെ രൂപരേഖ കേരളത്തിന് നല്‍കിയ ഷെയ്ഖ് സൈനൂദ്ദീന്‍ മഖ്ദൂമില്‍ തുടങ്ങുന്ന ചരിത്രരചനാപാരമ്പര്യവും മലപ്പുറത്തിനുണ്ട്. അത്തരമൊരു സമരവീര്യത്തെ അടയാളപ്പെടുത്തിയ നൂറുകണക്കിന് വാമൊഴിപ്പാട്ടുകളും മലപ്പുറത്തിന് സ്വന്തം. മലയാളത്തിന്‍റെ സാഹിത്യഭാവനയില്‍നിന്ന് അറബിമലയാളത്തെ വേറിട്ടുനിര്‍ത്തുകയായിരുന്നു പതിവ്. മലയാളഭാഷയും സാഹിത്യവും എന്നത് അറബിമലയാളവും കൂടി ചേര്‍ന്നതാണ് എന്നുവന്നതോടെ മലപ്പുറത്തിന്‍റെ സാഹിത്യചക്രവാളം വിപുലമായി.വരേണ്യമായ സൗന്ദര്യസങ്കല്പങ്ങളോട് വിടപറഞ്ഞുകൊണ്ട് പുതിയ വിമര്‍ശരീതിശാസ്ത്രങ്ങളില്‍ പിറന്ന അന്വേഷണങ്ങളാണ് മലപ്പുറം ദേശാഭിമാനി മഹോത്സവത്തിലുണ്ടായിരുന്നത്.സാമ്പ്രദായിക സാഹിത്യചരിത്രത്തിന്‍റെ ലക്ഷ്മണരേഖകള്‍ ഭേദിച്ചുകൊണ്ടാണ് ദേശാഭിമാനി മലപ്പുറം മഹോത്സവം മലപ്പുറത്തിന്‍റെ സാഹിത്യഭാവന രേഖപ്പെടുത്തിയത്. പരിണതപ്രജ്ഞരായ എഴുത്തുകാരോടൊപ്പം യുവഗവേഷകരുടെ പ്രബന്ധാവതരണവും നടത്തിയത് കേള്‍വിക്കാരില്‍ പുതിയൊരനുഭവം പകര്‍ന്നു.
ഡോ കെ പി മോഹനന്‍ മോഡറേറ്ററായ സെഷനില്‍ 11 പേപ്പറുകള്‍ അവതരിപ്പിക്കപ്പെട്ടു. മലപ്പുറം മഹോത്സവത്തില്‍ എന്തുകൊണ്ട് സാഹിത്യപാരമ്പര്യം പ്രധാനമാകുന്നു എന്നാണ് കെ പി മോഹനന്‍ ആമുഖമായി പറഞ്ഞത്.ഡോ സി രാജേന്ദ്രന്‍റെ ‘മലപ്പുറത്തിന്‍റെ സംസ്കൃതപാരമ്പര്യം’ എന്ന പ്രാബന്ധാവതരണത്തോടെയാണ് മലപ്പുറത്തിന്‍റെ സാഹിത്യപാരമ്പര്യത്തെക്കുറിച്ചുള്ള സെഷന്‍ ആരംഭിച്ചത്.
“വൈദികവാങ്ങ്മയം, വൈദ്യം, വ്യാകരണം, ജ്യോതിശാസ്ത്രം, സര്‍ഗ്ഗാത്മകസാഹിത്യം തുടങ്ങിയ സംസ്കൃതപാരമ്പര്യത്തിന്‍റെ വ്യത്യസ്തമേഖലകളില്‍ ഈ പ്രദേശത്തുനിന്നുള്ള മഹാമനീഷികള്‍ അര്‍പ്പിച്ച സംഭാവനകളുടെ വ്യാപ്തിയും ആഴവും അത്ഭുതപ്പെടുത്തുന്നവയാണ്” എന്നെഴുതുന്നത് വിശദമായ ഡാറ്റയുടെ പിന്‍ബലത്തിലാണ്. ലോകത്തിനുതന്നെ മാതൃകയായ ഗണിതശാസ്ത്രപദ്ധതികള്‍ നല്‍കിയ ജ്യേഷ്ഠദേവനടക്കമുള്ളവരുടെ സംഭാവനകള്‍ ക്രോഡീകരിച്ചവതരിപ്പിച്ച പ്രബന്ധം സംസ്കൃതഗവേഷണം കടന്നുചെല്ലേണ്ട നൂതന മേഖലകള്‍ പുതിയ തലമുറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുകകൂടിയായിരുന്നു.
സംസ്കൃതഭാഷയില്‍നിന്നുള്ള രചനകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് വള്ളത്തോള്‍ നിര്‍വഹിച്ച ചരിത്രദൗത്യത്തെക്കുറിച്ചുകൂടി ഈ പ്രബന്ധം സൂചിപ്പിക്കുന്നുണ്ട്. മലപ്പുറം എന്ന ദേശഭാവനയ്ക്കുള്ളില്‍ വരുന്ന സംസ്കൃതകൃതികള്‍, സംസ്കൃത സ്വാധീനത്തില്‍ പിറന്ന കൃതികള്‍, വിവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള രചനകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രബന്ധമായിരുന്നു ഇത്. മലപ്പുറത്തിന്‍റെ അധിനിവേശവിരുദ്ധഭാവനയെ രൂപപ്പെടുത്തിയ ശൈഖ് സൈനുദ്ധീനെക്കുറിച്ചുള്ളതായിരുന്നു ഡോ എ ബി മൊയ്ദീന്‍കുട്ടിയുടെ ‘മലപ്പുറം പെരുമയിലെ ഷെയിഖ് സൈനുദ്ദീന്‍ പര്‍വം’ എന്ന പ്രബന്ധം. മലപ്പുറത്തിന്‍റെ സാമ്രാജ്യത്വവിരുദ്ധപാരമ്പര്യത്തിന്‍റെ ആദ്യ കണ്ണിയായാണ് ഷെയിഖ് സൈനുദ്ധീന്‍റെ തുഹഫത്തുല്‍ മുജാഹിദിനെ ഈ പ്രബന്ധം അവതരിപ്പിക്കുന്നത്.ഈ രചനയിലെ ജിഹാദ് എന്ന സങ്കല്പനം പൊളിറ്റിക്കല്‍ ഇസ്ലാമിന്‍റെ വക്താക്കള്‍ അവതരിപ്പിക്കുന്ന ജിഹാദില്‍നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന കാര്യം കൂടി ഇതില്‍ വിശദീകരിക്കുന്നുണ്ട്.
മലപ്പുറത്തിന്‍റെ സാഹിത്യപാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്ന കണ്ണികളെ പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന പ്രബന്ധമാണ് ഡോ ഉണ്ണി ആമപ്പാറക്കലിന്‍റെ ‘മലപ്പുറത്തിന്‍റെ സാഹിത്യപാരമ്പര്യം’, കവിത, കഥ, നോവല്‍, തുടങ്ങിയ വ്യത്യസ്ത ജനുസ്സുകളില്‍ മലപ്പുറത്തിന്‍റേതായ കയ്യൊപ്പുണ്ട്. ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരെവരെ പരിചയപ്പെടുത്തുന്നരീതിയിലാണ് ഈ പ്രബന്ധം സംവിധാനം ചെയ്തിരിക്കുന്നത്. ‘കാവ്യപാരമ്പര്യം’ എന്ന പ്രബന്ധത്തില്‍ വിജു നായരങ്ങാടി മലപ്പുറത്തിന്‍റെ കാവ്യവഴികളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. എഴുത്തച്ഛന്‍, പൂന്താനം, മേല്‍പ്പത്തൂര്‍ തുടങ്ങി പുതിയ തലമുറയിലെ കവികളെവരെ ചേര്‍ത്തുകൊണ്ട് കാവ്യഭാഷയില്‍ വന്നപരിണാമത്തെ വിശകലനം ചെയ്യുകയായിരുന്നു വിജു നായരങ്ങാടി.മലപ്പുറത്തിന്‍റെ സാഹിത്യപാരമ്പര്യത്തിന്‍റെ രാഷ്ട്രീയം അനാവരണം ചെയ്യുന്നതായിരുന്നു എം എം നാരായണന്‍റെ പുരോഗമനസാഹിത്യപ്രസ്ഥാനം എന്ന പ്രബന്ധം. ദാരിദ്ര്യം, സാമൂഹ്യമായ പിന്നോക്കാവസ്ഥ, സാമ്രാജ്യത്വം എന്നിവയെ ആഭിമുഖീകരിച്ചുകൊണ്ട് സംസാരിച്ച സംഘബോധത്തിന്‍റെ പേരാണ് പുരോഗമനസാഹിത്യപ്രസ്ഥാനം. മനുഷ്യര്‍ക്ക് കലയിലും ചരിത്രത്തിലും ഇടപെടാനുള്ള ശേഷിയുണ്ടാക്കിയ പുതിയ ഭാവനയുടെ പേരാണത്. അന്നുവരെയുണ്ടായിരുന്ന സൗന്ദര്യബോധങ്ങളെ തിരുത്തിയാണ് പുരോഗമനസാഹിത്യപ്രസ്ഥാനം കടന്നുവന്നത്. ഈ പുതിയ ഭാവുകത്വത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഇടമാണ് മലപ്പുറം. ഇ എം എസും ചെറുകാടും അടക്കമുള്ള പുരോഗമനപ്രസ്ഥാനത്തിന്‍റെ പ്രധാന വക്താക്കളെക്കുറിച്ച് വിശദമായിത്തന്നെ പ്രബന്ധത്തില്‍ വിശദീകരിക്കുന്നുണ്ട്.മലപ്പുറത്തിന്‍റെ പുരോഗമനസാംസ്കാരികപ്രവര്‍ത്തനചരിത്രം വീണ്ടെടുക്കുന്നത് ഇന്നിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്ന പ്രത്യാശ പ്രബന്ധം പങ്കിട്ടു.
കവനകൗമുദിയുടെ പ്രസക്തി
തുടര്‍ന്ന് യുവഗവേഷകരുടെ പ്രബന്ധാവതരണങ്ങളായിരുന്നു. ‘കോട്ടയ്ക്കലിന്‍റെ കവിതാപാരമ്പര്യം’ എന്ന് വിഷയത്തിലാണ് രശ്മി വി പി പ്രബന്ധം അവതരിപ്പിച്ചത്. കോട്ടക്കല്‍ ആയുര്‍വേദപ്പെരുമയിലൂടെയാണ് ലോകത്തിന്‍റെ നെറുകയില്‍ സ്ഥാനം നേടുന്നത്. സാഹിത്യചരിത്രത്തില്‍ വേണ്ടരീതിയില്‍ പരിഗണിക്കപ്പെടാതെപ്പോയ എഴുത്തുകാരികളെക്കുറിച്ച് വിശദമായിത്തന്നെ ഈ പ്രബന്ധം പ്രതിപാദിക്കുന്നുണ്ട്.മനോരമത്തമ്പുരാട്ടിയുടെ രചനകള്‍ തുടര്‍പഠനം ആവശ്യപ്പെടുന്നതാണ്.
കോട്ടയ്ക്കലിന്‍റെ സാഹിത്യചരിത്രത്തില്‍ കവനകൗമുദി വഹിച്ച പങ്ക് ഈ പ്രബന്ധത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. കോട്ടയ്ക്കലിലെ പുതിയ കവികളെക്കുറിച്ചു കൂടി സൂചിപ്പിച്ചുകൊണ്ടാണ് പ്രബന്ധം അവസാനിക്കുന്നത്. മലപ്പുറത്തിന്‍റെ സംസ്കൃതപാരമ്പര്യം എന്ന പ്രബന്ധത്തില്‍ വി വി അനൂപ് സംസ്കൃതത്തിലെ വിവിധ വൈജ്ഞാനിക ധാരകള്‍ പരിചയപ്പെടുത്തുന്നു. ആയുര്‍വേദം കൂടാതെ വ്യാകരണം, വേദാന്തം, ജ്യോതിഷം തുടങ്ങിയ മേഖലകളില്‍ക്കൂടി മലപ്പുറത്തിന് തനതായസംഭാവനയുണ്ട്.കേരളത്തിന്‍റെ ആദ്യത്തെ സംസ്കൃതമാസിക മലപ്പുറത്തിനവകാശപ്പെട്ടതാണ്. സംസ്കൃതപഠനത്തെ ജനകീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതും മലപ്പുറമാണ്. അറിയപ്പെടാത്ത ഇത്തരം സംസ്കൃതവൈജ്ഞാനിക ധാരകളെ ജനാധിപത്യ പ്ലാറ്റ്ഫോമുകള്‍ കണ്ടെടുക്കേണ്ടതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രബന്ധം.
തീവ്രദേശീയത ഹിന്ദ്വത്വദേശീയതയായി രൂപംപ്രാപിച്ച ഒരു ഇന്ത്യന്‍ സാഹചര്യത്തില്‍ എഴുത്തച്ഛനെ വായിക്കുന്നതില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന പ്രബന്ധമാണ് ‘കെ പി കൃഷ്ണയുടെ എഴുത്തച്ഛന്‍: വിജ്ഞാനീയത്തില്‍നിന്നും പ്രീണനത്തിലേക്ക് എഴുത്തച്ഛന്‍ വിജ്ഞാനീയത്തിന്‍റെ സാമാന്യസ്വഭാവത്തെ വിശകലനം ചെയ്യുന്ന ആദ്യഭാഗവും വ്യവഹാരത്തിന്‍റെ രാഷ്ട്രീയം പരിശോധിക്കുന്ന രണ്ടാം ഭാഗവുമാണ് പ്രബന്ധത്തിനുള്ളത്. സമകാലിക കേരളീയ വ്യവഹാരത്തില്‍ എഴുത്തച്ഛന്‍ വായനകള്‍ പുനരുഥാനപരമായ രീതികള്‍ കൈക്കൊള്ളുന്നുണ്ട്. സ്ഥാപനങ്ങള്‍, വാഴ്ത്തുസാഹിത്യം, ജാതിത്തര്‍ക്കങ്ങള്‍, പ്രതിമാസ്ഥാപനം എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ഈ പ്രബന്ധം ക്രമീകരിച്ചിരിക്കുന്നത് . വൈവിധ്യങ്ങളെ ഏകമുഖമായി അവതരിപ്പിക്കുന്നതിലെ അപകടങ്ങളിലേക്കാണ് പ്രബന്ധം വെളിച്ചം വീശുന്നത്. ബദല്‍ അന്വേഷണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നുകൊണ്ടുമാത്രമേ ഈ അപകടത്തെ ചെറുക്കാന്‍ കഴിയൂ എന്ന കാര്യം കെ പി കൃഷ്ണ ഓര്‍മ്മിപ്പിക്കുന്നു.
പൊന്നാനിക്കളരി
മലപ്പുറത്തിന്‍റെ സാഹിത്യപാരമ്പര്യത്തില്‍ സവിശേഷമായി അടയാളപ്പെടുത്തിയ പൊന്നാനിക്കളരിയിലൂടെ രൂപപ്പെട്ട എം ഗോവിന്ദനെക്കുറിച്ചുള്ളതാണ് “പൊന്നാനിക്കളരിയിലെ ജൈവബുദ്ധിജീവി എം ഗോവിന്ദന്‍റെ ചിന്താലോകം” എന്ന ശ്രീജിത്ത് പി യുടെ പ്രബന്ധം.അധികാരത്തോടുള്ള എം ഗോവിന്ദന്‍റെ കലഹമാണ് ജൈവബുദ്ധിജീവി എന്ന രീതിയില്‍ ഗോവിന്ദനെ ശ്രദ്ധേയനാക്കിയത്. ഒരു ജൈവബുദ്ധിജീവിയായി ഗോവിന്ദന്‍ രൂപപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് ഇതില്‍ നടത്തുന്നത്. അധികാരവിമര്‍ശനമാണ് കമ്യുണിസ്റ്റ് പ്രസ്ഥാനത്തോടുള്ള വിമര്‍ശനമായി മാറിയത്.ജനസഞ്ചയജനാധിപത്യത്തിന്‍റെ ആശയം ഗോവിന്ദനിലൂടെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പൊന്നാനിക്കളരിയില്‍ത്തന്നെ രൂപപ്പെട്ടിരുന്നു എന്ന കാര്യം സമര്‍ഥിക്കാനാണ് ശ്രീജിത്ത് പി ശ്രമിക്കുന്നത്. മലപ്പുറത്തിന്‍റെ കഥനവഴികളെയാണ് ‘മണ്ണില്‍നിന്ന് മുളച്ച ജീവിതം മലപ്പുറത്തിന്‍റെ കഥനപാരമ്പര്യം’ എന്ന പ്രവീണ കെ യുടെ പ്രബന്ധം അന്വേഷിക്കുന്നത്.ഉറൂബ്, നന്തനാര്‍, ചെറുകാട്, പി സുരേന്ദ്രന്‍, സി രാധാകൃഷ്ണന്‍ എന്നിവരെ സവിശേഷമായും ഉത്തരാധുനിക എഴുത്തുകാരെ സാമാന്യമായും പഠിക്കാന്‍ ശ്രമിക്കുന്നതാണ് പ്രബന്ധം.
അറബിമലയാളത്തിന്‍റെ ഉച്ചാരണം മലയാളത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുള്ള പ്രബന്ധമാണ് പ്രജിഷ എ കെ യുടെ ‘അറബിമലയാളത്തിലെ സിനിമാവശിഷ്ടങ്ങള്‍’ ഭാഷയിലെ സ്വാധീനങ്ങളെ ചരിത്രപരമായും ഭാഷാശാസ്ത്രപരമായും സമീപിക്കുന്ന രീതിയാണ് പ്രജിഷ പിന്തുടര്‍ന്നിരിക്കുന്നത്.
സംഘപരിവാര്‍ അജന്‍ഡയില്‍ രൂപപ്പെടുന്ന മലപ്പുറം എന്ന ഭാവനയെ പൊതുബോധമായി രൂപപ്പെടുത്താനുള്ള ശ്രമം നടക്കുന്ന ഒരു കാലമാണിത്. അത്തരമൊരു ചരിത്രസന്ദര്‍ഭത്തില്‍ മലപ്പുറത്തിന്‍റെ മതനിരപേക്ഷ സാഹിത്യഭൂപടത്തെ അതിന്‍റെ എല്ലാ വൈവിധ്യങ്ങളോടും കൂടി വരച്ചെടുക്കുക എന്ന ചരിത്രദൗത്യമാണ് മലപ്പുറം മഹോത്സവം ഏറ്റെടുത്തത്. സാഹിത്യഭാവനയില്‍ ഒരു ദേശം പിറന്നതിന്‍റെ സൗന്ദര്യം ഈ സെഷനില്‍ പങ്കെടുത്തവരും ആസ്വദിച്ചു.പുതുതലമുറ ഗവേഷകര്‍ക്ക് മഹോത്സവം ഒരുക്കിയ ഈ ഇടം നഷ്ടപ്പെട്ടുപ്പോകാതെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം പൊതുജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുണ്ട് എന്ന കാര്യംകൂടി ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ഈ വിജ്ഞാനോത്സവം.$
മലപ്പുറത്തിന്‍റെ സാഹിത്യഭാവന
ഡോ സോണിയ ഇ പ
ARTICLES