Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിമാതൃക കാട്ടി മുന്നേ നടന്ന മലപ്പുറം

മാതൃക കാട്ടി മുന്നേ നടന്ന മലപ്പുറം

എ ശ്രീധരന്‍, മലപ്പുറം

ദേശാഭിമാനി പത്രത്തിന്‍റെ എണ്‍പതാം പിറന്നാളിന്‍റെ ഭാഗമായി നടന്ന മലപ്പുറം മഹോത്സവത്തില്‍ ശ്രദ്ധേയമായ സെഷനായിരുന്നു മാതൃക സൃഷ്ടിച്ച മലപ്പുറംകാരുടെ അവതരണങ്ങള്‍. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ എ ശീധരന്‍ മോഡറേറ്ററായിരുന്നു.
വള്ളിക്കുന്ന് മാതൃക
1. അധികാരവികേന്ദ്രീകരണത്തിന്‍റെ മലപ്പുറം മാതൃക അവതരിപ്പിച്ചത് ഒമ്പതാം പദ്ധതിക്കാലത്ത് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന യു. കലാനാഥന്‍ മാഷായിരുന്നു.
1995 ല്‍ മാഷ് പ്രസിഡന്‍റായ സമയത്ത് മൂന്നേകാല്‍ ലക്ഷം രൂപയുടെ കടത്തിലായിരുന്നു പഞ്ചായത്ത്. അന്നാകെ ലഭിച്ചിരുന്ന വാര്‍ഷിക ഗ്രാന്‍റ് 14.57 ലക്ഷം രൂപ മാത്രം.
ജനങ്ങളെ അണിനിരത്തി എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചെടുക്കാം എന്നതായിരുന്നു മാഷിന്‍റെ അവതരണത്തിലെ ഊന്നല്‍.
സംസ്ഥാനത്തു തന്നെ ആദ്യമായി വികസന സമിതി എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് വള്ളിക്കുന്നിലാണ്. 50 വീടുകള്‍ ഉള്‍ക്കൊള്ളുന്ന 112 അയല്‍ക്കൂട്ടങ്ങളും 13 വാര്‍ഡുകളിലും വാര്‍ഡ് സമിതികളും രൂപീകരിച്ചു.
അഞ്ചു തരം പഠനങ്ങള്‍ നടത്തി അതില്‍ ഉരുത്തിരിഞ്ഞു വന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് പഞ്ചായത്ത് ശ്രമിച്ചത്.
സാമൂഹ്യ സാമ്പത്തിക സര്‍വെ, വിഭവ ഭൂപട സര്‍വെ, നീരൊഴുക്ക് സര്‍വെ, പൊതു വിവര സര്‍വെ, വൈദ്യുതി സര്‍വെ എന്നിവ വഴി ലഭിച്ച വിവരങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി മാറി. സാമ്പത്തിക ചെലവില്ലാതെ തികച്ചും ജനകീയമായാണ് ഈ സര്‍വെകള്‍ സംഘടിപ്പിച്ചത് എന്നത് ഏറെ സവശേഷത അര്‍ഹിക്കുന്നു.
13 വാര്‍ഡുകളിലും 1996 നവംബര്‍ ഒന്നിന് പുനരര്‍പ്പണ ദിനത്തിന്‍റെ ഭാഗമായി 17 പ്രവൃത്തികള്‍ ഏറ്റെടുത്തു. 1,23,703 രൂപ ചെലവു വന്ന പ്രവൃത്തികള്‍ക്ക് 2250 രൂപ മാത്രമാണ് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് വിനിയോഗിക്കേണ്ടി വന്നത്.
1600 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള കാട്ടുങ്ങല്‍ തോട് 1997 മാര്‍ച്ച് 30 ന് പുനര്‍ നിര്‍മ്മിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു പദ്ധതിയാണ്. 2442 പേരാണ് സന്നദ്ധപ്രവര്‍ത്തകരായി ഇതില്‍ പങ്കാളികളായത്. ചെലവു വന്ന 2,54,775 രൂപയും ജനപങ്കാളിത്തത്തിലൂടെയാണ് കണ്ടെത്തിയത്. അറബിക്കടല്‍ തീരത്ത് മുദിയം ബീച്ചില്‍ കടലാക്രണം തടയാന്‍ മണല്‍ ചാക്ക് നിരത്തി 50 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച കടല്‍ ഭിത്തിയാണ് വികസന സമിതിയുടെ അടുത്ത ജനകീയ പ്രവര്‍ത്തനം. 100 മത്സ്യത്തൊഴിലാളികളടക്കം 300 പേരാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. 31750 രൂപയുടെ പ്രവൃത്തിയില്‍ 12830 രൂപ മാത്രമാണ് പഞ്ചായത്ത് വഹിക്കേണ്ടി വന്നത്.
1998 മാര്‍ച്ച് 8 ന് പുഞ്ചപ്പാടത്തെ ആഫ്രിക്കന്‍ പായല്‍ നീക്കം ചെയ്ത് അത് ജൈവവളമാക്കി മാറ്റുന്നതില്‍ 600 പേര്‍ പങ്കാളികളായി. 1,43,800 രൂപ ചെലവു വന്നതില്‍ 15,948 രൂപ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു, 1643 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമുള്ള മലയാറ്റില്‍ തോട് നിര്‍മ്മാണത്തില്‍ 600 പേരാണ് പങ്കാളികളായത്. 1998 മാര്‍ച്ച് 22 ന് നടന്ന പ്രവൃത്തിയില്‍ ആകെ 64,800 രൂപ ചെലവു വന്നു. 13,254 രൂപ പഞ്ചായത്ത് വിഹിതമായി ഉപയോഗിച്ചു.
2400 പേര്‍ പങ്കെടുത്ത കുണ്ടന്‍ പാടം ജനകീയ ജലസേചന പദ്ധതിക്കായുള്ള തോടു നിര്‍മ്മാണം നടന്നത് 1998 ഏപ്രില്‍ നാലിനാണ്. 1523 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള തോട് നിര്‍മ്മാണത്തിന് 53,672 രൂപ പഞ്ചായത്ത് വിഹിതമടക്കം 2,62,550 രൂപ ചെലവായി.
പരിമിതമായ സാമ്പത്തിക സാഹചര്യത്തിലും ജനങ്ങളെ അണിനിരത്താനായാല്‍ വികസന മുന്നേറ്റം നടത്താം എന്ന് തെളിയിച്ച വള്ളിക്കുന്നിനായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള ആദ്യ സ്വരാജ് ട്രോഫി ലഭിച്ചത്.
വള്ളിക്കുന്ന് മാതൃക സംസ്ഥാനത്തെ പല പഞ്ചായത്തുകളും ഏറ്റെടുത്ത് നടപ്പാക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.
2. പത്മശ്രീ പുരസ്കാരം ലഭിച്ച കെ. വി. റാബിയയുടെ ആത്മകഥയുടെ പേരാണ് സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് എന്നത്. ആരാണ് കെ. വി. റാബിയ? പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടവള്‍. അക്ഷരത്തോടുള്ള അടങ്ങാത്ത ആവേശം മൂലം ശാരീരിക അവശതകള്‍ അവഗണിച്ച് ബിരുദ പഠനം പൂര്‍ത്തിയാക്കിയ സാമൂഹ്യ പ്രവര്‍ത്തക. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്ത്രീ ശാക്തീകരണത്തിലും റാബിയ ശ്രദ്ധിച്ചിരുന്നു. ചലനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് അതിന്‍റെ കീഴില്‍ 60 അയല്‍ക്കൂട്ടങ്ങള്‍ നടത്തിവരുന്നു. നവസാക്ഷര മഹിളാ സമാജവുമുണ്ടിവിടെ.
ശാരീരിക ക്ഷമതയില്ലാത്തവര്‍ക്കുള്ള സ്കൂളുകള്‍, മൊബൈല്‍ ലൈബ്രറി, മെഡിസിന്‍ കവര്‍ യൂണിറ്റ്, സ്ക്രീന്‍ പ്രിന്‍റിംഗ്, കൂണ്‍കൃഷി, പാഴ്വസ്തുക്കള്‍ കൊണ്ടുള്ള അലങ്കാര സാധനങ്ങള്‍ നിര്‍മ്മിക്കല്‍ തുടങ്ങി നിരവധി തൊഴില്‍ യൂണിറ്റുകള്‍ വഴി സ്ത്രീകളെ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കാനും റാബിയ ശ്രമിച്ചു വരുന്നു. കാന്‍സര്‍ രോഗിയാണിന്ന് റാബിയ. ഒരു വീഴ്ചയുടെ ഭാഗമായി നട്ടെല്ലിന് ക്ഷതമേറ്റ് പ്രയാസമനുഭവിക്കുകയുമാണ്. സഹായികളായ രണ്ടു സഹോദരിമാരുടെയും ജീവന്‍ കോവിഡില്‍ നഷ്ടപ്പെട്ടു, വേദനകള്‍ കടിച്ചമര്‍ത്തുമ്പോഴും സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് എന്ന ശുഭപ്രതീക്ഷ നല്‍കുന്ന റാബിയയെ തേടി നിരവധി പുരസ്കാരങ്ങളാണ് വന്നു ചേര്‍ന്നത്. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാമിഷന്‍ അവാര്‍ഡ്, യു.എന്‍. ഇന്‍റര്‍നാഷണല്‍ അവാര്‍ഡ്, മുരിമഠത്തില്‍ ബാവാ അവാര്‍ഡ്, സീതി സാഹിബ് സ്മാരക അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം, വനിതാ രത്നം അവാര്‍ഡ്… പത്മശ്രീയില്‍ എത്തി നില്‍ക്കുകയാണ് റാബിയയ്ക്കുള്ള അംഗീകാരങ്ങള്‍. മലപ്പുറം മഹോത്സവത്തില്‍ തീര്‍ച്ചയായും പങ്കെടുക്കും എന്ന് അറിയിച്ചിരുന്നെങ്കിലും അസുഖം കൂടിയതിനാല്‍ ആശുപത്രിയിലായിരുന്നു ആ നാളുകളില്‍. പങ്കെടുക്കാന്‍ ഒത്തില്ലെങ്കിലും സെമിനാറിലേക്ക് വിവരങ്ങള്‍ അറിയിച്ചിരുന്നു. പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത അത്ര പരിചിതയാണ് മലപ്പുറത്തുകാര്‍ക്ക് റാബിയ.
3. ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ നേരിടേണ്ടി വന്ന അവഹേളനങ്ങളും ചൂഷണങ്ങളും സ്വന്തം അനുഭവങ്ങളിലൂടെ പങ്കുവച്ചാണ് മലപ്പുറത്തെ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടായ്മയെക്കുറിച്ച് മോനിഷ ശേഖര്‍ പ്രതികരിച്ചത്.
ട്രാന്‍സ്ജന്‍ഡര്‍ നയത്തിന് രൂപം നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ കൂടെ നിന്നതാണ് ഈ വിഭാഗത്തിന്‍റെ മോചനത്തിലേക്കുള്ള വാതില്‍ തുറന്നു തന്നത് എന്നാണ് മോനിഷയുടെ അഭിപ്രായം. 18 പേര്‍ അടങ്ങുന്ന ഒരു കൂട്ടായ്മയ്ക്ക് മലപ്പുറത്ത് തുടക്കംകുറിച്ചു. ബാംഗ്ളൂരിലായിരുന്നു മോനിഷ. പുനര്‍ജന്മം എന്ന കരിമ്പ്ജൂസ് കടയ്ക്കാണ് തുടക്കമിട്ടത്. സംസ്ഥാന സര്‍ക്കാരിന്‍റെ ട്രാന്‍സ്ജന്‍ഡര്‍ നയം വന്നതോടെ നാട്ടിലേക്ക് തിരിച്ചു പോന്നു. 2017 ല്‍ ഒരു കുടുംബശ്രീ യൂണിറ്റായി ഒരു സംരംഭം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. മൊബൈല്‍ തട്ടുകട, ലേഡീസ് ടെയിലറിങ് ഷോപ്പ്, ബ്യൂട്ടീഷന്‍ ഷോപ്പ് എന്നിവ നടത്തി വരികയാണിപ്പോള്‍ ഈ കൂട്ടായ്മ. ദ്വയ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയും ഈ കൂട്ടായ്മ സ്ഥാപിച്ചിട്ടുണ്ട്.
4. നാഷണല്‍ ഹൈവെ 66 വീതികൂട്ടി വെട്ടിച്ചിറയിലെത്തിയപ്പോഴാണ് ജുമാസ്ജിദ് ഖബര്‍സ്ഥാനിന്‍റെ നടുക്കുകൂടിയാണ് അലൈന്‍മെന്‍റ് പോകുന്നത് എന്ന് തിരിച്ചറിഞ്ഞത്. അലൈന്‍മെന്‍റ് മാറ്റുക എന്നത് പ്രയാസമാണ് എന്ന് അറിഞ്ഞപ്പോള്‍ ഒട്ടും മടിക്കാതെ എഴുനൂറോളം ഖബറുകള്‍ പുറത്തെടുത്ത് മാറ്റിസ്ഥാപിച്ച മലപ്പുറത്തിന്‍റെ മതേതര മഹത്വം പങ്കിട്ടത് ആതവനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മമ്മു മാസ്റ്ററാണ്. ആതവനാട് പഞ്ചായത്തില്‍ തന്നെയുള്ള പുന്നത്തലയിലെ ലക്ഷ്മീ നരസിംഹമൂര്‍ത്തി പുന:പ്രതിഷ്ഠക്കായി രൂപീകരിച്ച ജനകീയ കമ്മറ്റിയുടെ ചെയര്‍മാനായിരുന്നു മമ്മു മാസ്റ്റര്‍. ഈ പ്രദേശത്ത് കൂടുതലായുള്ള മുസ്ലീം സമൂഹമാണ് ക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്ക് കൂടുതല്‍ പണം സംഭാവനയായി നല്‍കിയത്. ക്ഷേത്രം പുനഃപ്രതിഷ്ഠ നടന്നത് റംസാന്‍ കാലത്തായിരുന്നതിനാല്‍ അമ്പലം കമ്മറ്റി ഇഫ്താര്‍ വിരുന്നൊരുക്കിയാണ് ക്ഷേത്രം പുനഃപ്രതിഷ്ഠ നടത്തിയത് എന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി.
5. കാഴ്ച പരിമിതരുടെ പ്രശ്നങ്ങളും അവ പരിഹരിക്കാനായി വള്ളിക്കാപ്പറ്റയിലെയും പുളിക്കലെയും അന്ധവിദ്യാലയങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചത് കാഴ്ച പരിമിതി തട്ടിമാറ്റി നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ജലീല്‍ പരപ്പനങ്ങാടിയാണ്. മലപ്പുറം ജില്ലയിലാണ് കാഴ്ച പരിമിതര്‍ക്കായുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്. പുളിക്കലിലെ സ്ഥാപനം വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ബ്രെയിലി പ്രസ്സുണ്ടവിടെ. വെള്ളച്ചാട്ടവും ബസ് സ്റ്റാന്‍ഡും വിമാനത്താവളവും കാഴ്ച പരിമിതര്‍ക്ക് അനുഭവവേദ്യമാക്കുന്ന ടാക്റ്റല്‍ മൊബിലിറ്റി ഹബ്, വസ്തുക്കളെ തൊട്ടും മണത്തും അറിയാന്‍ സാധിക്കുന്ന നാമ്പ് എന്ന പേരിലുള്ള സ്പര്‍ശനോദ്യാനം എന്നിവ ഇവിടുത്തെ സവിശേഷതകളാണ്. കാഴ്ചയുള്ളവര്‍ക്കു വേണ്ടി ഉണ്ടാക്കിയ ലോകത്തില്‍ കാഴ്ച പരിമിതര്‍ നേരിടുന്ന വെല്ലുവിളികളെ ജനകീയമായി പരിഹരിക്കുന്നതിന് കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് ജലീല്‍ മാഷ് സംസാരം അവസാനിപ്പിച്ചത്.
6. പൊന്നാനിയില്‍ തുടക്കമിടുകയും പിന്നീട് സംസ്ഥാനത്തെ പലയിടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്ത സാമൂഹ്യ അടുക്കളയുടെ പാഠങ്ങള്‍ പങ്കുവച്ചത് അതിന്‍റെ അമരത്തുള്ള അഡ്വക്കറ്റ് എ.എം. മാജിതയാണ്.
സാമൂഹ്യ അടുക്കള
മൂന്നുപേരില്‍ തുടങ്ങിയ സാമൂഹ്യ അടുക്കളയില്‍ പത്ത് കുടുംബങ്ങള്‍ പിന്നീട് കണ്ണിചേരുകയായിരുന്നു. കുടുംബ ബജറ്റില്‍ കുറവു വരുത്താനായി എന്നതു മാത്രമല്ല ഒട്ടേറെ സമയം മറ്റ് കാര്യങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു എന്നതാണിതിന്‍റെ സവിശേഷത. അടുക്കളയുടെ ഭാരം ഇറക്കി വച്ച് കാണാപ്പണിയില്‍ നിന്നുള്ള മോചനവും ഇതുവഴി സാധ്യമാകുകയായിരുന്നു. ആരാലും പരിഗണിക്കപ്പെടാതിരുന്നിരുന്ന അടുക്കള ജോലി വരുമാനമാര്‍ഗ്ഗമായ ഒരു സംരംഭമായി മാറുകയായിരുന്നു.
ഡോ. തോമസ് ഐസക്കിന്‍റെ നേതൃത്വത്തില്‍ അടുക്കളയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഒരു സെമിനാറും പൊന്നാനിയില്‍ സംഘടിപ്പിക്കുകയുണ്ടായി. അടുക്കളയില്‍ നിന്ന് മോചനം, അടുക്കള എന്ന വരുമാന മാര്‍ഗ്ഗം എന്നീ ആശയങ്ങള്‍ മുന്നോട്ടു വച്ച പൊന്നാനി മാതൃക സംസ്ഥാനത്ത് മറ്റു പലയിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
7. സുബൈദ എന്ന വ്യക്തിജീവിതം മതയാഥാസ്ഥിതികതയുടെ ബദല്‍ രൂപം എന്ന പ്രബന്ധം അവതരിപ്പിച്ചത് അതുല്യ പി.എസ് ആണ്. കാളികാവിലെ സുബൈദ പിന്നാക്കവിഭാഗത്തിലെ മൂന്ന് കുട്ടികളെ അവരുടെ മതപരമായ സ്വാതന്ത്ര്യത്തെ നിലനിര്‍ത്തിക്കൊണ്ട് ദത്തെടുത്ത് വളര്‍ത്തി വലുതാക്കിയത് അക്കാലത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വയസ്സുള്ളപ്പോള്‍ അമ്മ നഷ്ടപ്പെട്ട ശ്രീധരനെയും അനിയത്തിമാരെയും സ്വന്തമായുള്ള മൂന്നു മക്കളുടെ കൂടെ വളര്‍ത്തുകയായിരുന്നു കാളികാവ് അടക്കാക്കുണ്ടിലെ തെന്നാടന്‍ സുബൈദ. ശ്രീധരനെയും സഹോദരിമാരെയും വിദ്യാഭ്യാസം നല്‍കി വളര്‍ത്തി. സഹോദരിമാരെ വിവാഹം ചെയ്തയച്ചതും സുബൈദ തന്നെ. മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നത് അന്നു തന്നെ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
മതത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലുന്ന ലോകത്തിനു മുന്നില്‍ തികച്ചും മാതൃകയായ സുബൈദയുടെ ജീവിതം ആസ്പദമാക്കി ശ്രീധരനും ഷാനവാസും ചേര്‍ന്ന് “എന്ന് സ്വന്തം ശ്രീധരന്‍” എന്ന പേരില്‍ ഒരു ലഘു സിനിമയും ചെയ്തിട്ടുണ്ട്. 2019 ലാണ് സുബൈദ മരിക്കുന്നത്.
8. പാലിയേറ്റീവ് രംഗത്ത് ഒട്ടേറെ മാതൃകകള്‍ സമ്മാനിച്ച മലപ്പുറത്തെ സാന്ത്വന പ്രവര്‍ത്തനങ്ങളെക്കുറിച്ച് “സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍” എന്ന വിഷയം അവതരിപ്പിച്ചത് ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ്ഖാനാണ്.
1990 ല്‍ കാന്‍സര്‍ രോഗികളുടെ വേദനയും മറ്റ് പ്രയാസങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അനസ്തേഷ്യാ വിഭാഗം ആരംഭിച്ച പാലിയേറ്റീവ് പരിചരണം 2000 ത്തിലാണ് മലപ്പുറം ജില്ലയിലെത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകരെ സാന്ത്വന പരിചരണ രംഗത്തേക്ക് കൊണ്ടുവന്ന് നിലമ്പൂരില്‍ 2001 ന് ആരംഭിച്ച് സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എന്ന പദ്ധതി മലപ്പുറം ജില്ലയില്‍ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്ക് പരിചരണം രോഗിയുടെ അവകാശം എന്ന ചിന്താഗതി രൂപപ്പെട്ടു. പൊതുജന പങ്കാളിത്തം കൂടി വന്നതോടെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരമായി. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും നഗരസഭകളും പാലിയേറ്റീവ് രംഗം ഏറ്റെടുത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ടിപ്പോള്‍. 2005 ല്‍ അരീക്കോട് വച്ച് വിപുലമായ സെമിനാര്‍ സംഘടിപ്പിച്ചു. 2008 ല്‍ ഗൃഹ കേന്ദ്രീകൃത പരിചരണമാണ് അടിത്തറ എന്നും ബഹുജന പങ്കാളിത്തം പ്രധാനമാണ് എന്നും വ്യക്തമാക്കുന്ന പാലിയേറ്റീവ് കെയര്‍ പോളിസി പ്രഖ്യാപിച്ചു. 2001 മുതല്‍ മലപ്പുറം ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ എന്ന കൂട്ടായ്മ പ്രവര്‍ത്തിച്ചു വരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ച് ഒരു സംസ്ഥാന ഘടകവും പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഗൗരവമായെടുത്ത് ശൈലി എന്ന ആപ്പ് മുഖേന ആശാ വര്‍ക്കര്‍മാരെ വച്ച് വിവരശേഖരണം നടത്തി പ്രവര്‍ത്തനം വ്യാപിപ്പിച്ചുവരുന്നു. ജനുവരി 15 കേരളത്തില്‍ ജനകീയ പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നു. ഏത് അവസ്ഥയിലായാലും തങ്ങള്‍ സംരക്ഷിക്കപ്പെടും എന്ന ആത്മവിശ്വാസത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ആധുനിക സമൂഹം രൂപപ്പെടുത്താന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു.
ദൈവത്തിന്‍റെ ഭൂമിക്ക് കരം പിരിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കെന്തധികാരമെന്ന് 18-ാം നൂറ്റാണ്ടില്‍ തന്നെ വിളിച്ചു പറഞ്ഞ വെളിയംകോട് ഉമ്മര്‍ ഖാസിയെയും വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വെളിയംകോട്ടുകാരന്‍ തന്നെയായ മക്തി തങ്ങളെയും പിന്‍പറ്റി മതേതരത്വത്തിനും മാനവികതയ്ക്കും പുത്തന്‍ മാതൃകകള്‍ തീര്‍ക്കുകയാണ് മലപ്പുറം എന്ന് ദേശാഭിമാനി എണ്‍പതാം വാര്‍ഷികാഘോഷവും വിളംബരം ചെയ്യുകയായിരുന്നു.$

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular