ദേശാഭിമാനിയുടെ 80-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ഓരോ ജില്ലയിലും നടന്നുകൊണ്ടിരിക്കുകയാണ്. 2022 സെപ്തംബര്‍ 6 ന് കോഴിക്കോടുവെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. ദേശാഭിമാനി വാരിക ദിനപത്രമായി മാറിയ ജനുവരി 18-ാം തീയതി വരെയായിരുന്നു ആഘോഷ പരിപാടികള്‍. ആഘോഷങ്ങളുടെ സമാപന പരിപാടി ജനുവരി 18-ാം തീയതി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിനും, സമാപനത്തിനും ഇടയിലുള്ള ദിവസങ്ങളില്‍ വികസന ശില്പശാലകള്‍, സെമിനാറുകള്‍, സാംസ്കാരിക സംഗമങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഓരോ ജില്ലയിലും ദേശാഭിമാനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്താകമാനം വര്‍ഗ്ഗീയ ധ്രുവീകരണത്തിനായി മലപ്പുറം ജില്ലയെ ഉപയോഗപ്പെടുത്തുന്ന സവിശേഷ സാഹചര്യത്തിലാണ് മലപ്പുറം മഹോത്സവമെന്ന പരിപാടി അവിടെ സംഘടിപ്പിച്ചത്. 1921-ലെ മലബാര്‍ കാര്‍ഷിക കലാപത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തില്‍ ഹിന്ദു / മുസ്ലീം ദ്വന്ദ്വത്തിന്‍റെ അടിസ്ഥാനത്തില്‍ ചര്‍ച്ച കൂടുതല്‍ സജീവമായി. 1921-ലെ കാര്‍ഷിക കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചത്. ഹിന്ദുത്വ ശക്തികളും ഇതേ തരത്തില്‍ തന്നെയാണ് ഇതിനെ വിലയിരുത്തിയിട്ടുള്ളത്. ഇസ്ലാമിസ്റ്റുകളുടെ വിലയിരുത്തലും വ്യത്യസ്തമല്ല. അതായത് കൊളോണിയല്‍ പാഠങ്ങളാണ് എല്ലാ മതരാഷ്ട്രവാദികളും ഏറ്റെടുത്ത് മുന്നോട്ടുപോകുന്നത് എന്നര്‍ത്ഥം.
സംസ്ഥാന സര്‍ക്കാരിനെതിരായി സംഘപരിവാര്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങളിലൊന്ന് മലപ്പുറം ഭീകരവാദികളുടെ കേന്ദ്രമാക്കി മാറിയിരിക്കുന്നു എന്നതാണ്. മലപ്പുറം ജില്ലയെ സംബന്ധിച്ച് സവിശേഷമായി പഠിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി വര്‍ഗ്ഗീയ പാഠങ്ങള്‍ പടച്ചുവിടുന്ന തിരക്കില്‍ കൂടിയാണ് സംഘപരിവാര്‍ കടന്നുപോകുന്നത്. വര്‍ഗ്ഗീയതയുടെ പാഠങ്ങള്‍ സൂക്ഷ്മ തലത്തിലും, ജീവിത ശൈലിയിലും വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പരസ്പരം സ്വാംശീകരിച്ച് ഇഴുകിച്ചേരുന്ന ജീവിത രീതികളെ പകുത്തുമാറ്റി പൊതു ഇടങ്ങളെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മതരാഷ്ട്രവാദികള്‍ ജീവിതത്തിന്‍റെ സൂക്ഷ്മ അടരുകളില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്. ചരിത്രത്തേയും, സംസ്കാരത്തേയും വര്‍ഗ്ഗീയമായി വായിച്ച് ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു കൊളോണിയല്‍ തന്ത്രം. അതുതന്നെയാണ് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി വര്‍ത്തമാനകാലത്ത് അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
വര്‍ഗ്ഗീയവല്‍ക്കരണത്തിന്‍റെ പ്രഭവകേന്ദ്രമായി മലപ്പുറം ജില്ലയെ മതരാഷ്ട്രവാദികള്‍ വര്‍ത്തമാനകാലത്ത് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം ഘട്ടത്തില്‍ യഥാര്‍ത്ഥ മലപ്പുറം എന്താണെന്ന് പുറംലോകത്തെ കാണിച്ചുകൊടുക്കുക എന്നത് പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ഉത്തരവാദിത്വമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊളോണിയല്‍ ശക്തികളും അതിനെ പിന്‍പറ്റി മതരാഷ്ട്രവാദികളും വികൃതമാക്കിയ മലപ്പുറത്തിന്‍റെ യഥാര്‍ത്ഥ മുഖം അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമായിരുന്നു മലപ്പുറം മഹോത്സവം. സൂക്ഷ്മതലത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ ഇടപെടുന്ന ഘട്ടത്തില്‍ അവയ്ക്കെതിരായി ജനകീയ പ്രതിരോധത്തിനുള്ള കൂട്ടായ്മ വികസിപ്പിക്കുക എന്നതുകൂടിയായിരുന്നു ഇതുകൊണ്ട് ലക്ഷ്യം വെച്ചത്. മത രാഷ്ട്രവാദത്തെ പിന്തുണയ്ക്കാതെ മതനിരപേക്ഷമായി രാജ്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മലപ്പുറത്തെ ജനതയുടെ കൂട്ടായ്മ കൂടിയായിരുന്നു മലപ്പുറം മഹോത്സവത്തില്‍ വെളിപ്പെട്ടത്.
മലപ്പുറത്തെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുന്ന വ്യക്തിത്വങ്ങള്‍ ഈ സമ്മേളനത്തില്‍ സജീവ സാന്നിദ്ധ്യമായി നിലകൊണ്ടു. എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്ത മഹോത്സവത്തിന്‍റെ സമാപന സമ്മേളനം ഡോ. ടി.എം തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്തത്. എം സ്വരാജ്, മുഹമ്മദ് റിയാസ്, മുനവറലി തങ്ങള്‍, എ.പി അനില്‍കുമാര്‍ എംഎല്‍എ, പി ഉബൈദ് എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത്. എന്‍ അലി അബ്ദുള്ള തുടങ്ങിയവരെല്ലാം വിവിധ സെഷനുകളിലും സിമ്പോസിയങ്ങളിലുമായി പങ്കെടുത്തു. ബഹുസ്വരതയും ജനാധിപത്യവും, വികസന മുന്നേറ്റങ്ങളുടെ മലപ്പുറം വേഗം, നാലാം തൂണിന്‍റെ കാതലും പൂതലും എന്നിവയായിരുന്നു സിമ്പോസിയത്തിന്‍റെ വിഷയങ്ങള്‍. മലപ്പുറത്തിന്‍റെ വൈവിധ്യങ്ങളെ തുറന്നുകാട്ടുന്ന വിധമുള്ള 28 സെഷനുകളായിരുന്നു മറ്റൊരു പ്രധാന സവിശേഷത. പി.എച്ച്.ഡി പ്രബന്ധങ്ങളുള്‍പ്പെടെ 200 ഓളം പേപ്പറുകള്‍ ഇതില്‍ അവതരിപ്പിക്കപ്പെട്ടു. ഫുട്ബോളിന്‍റെ നാടുകൂടിയായ മലപ്പുറത്ത് ലോകകപ്പ് ഫുട്ബോളിന്‍റെ അവലോകനം എന്ന നിലയില്‍ ‘കളി വര്‍ത്തമാനം’ എന്ന പ്രത്യേക പരിപാടിയും ഇതോടൊപ്പം ഉണ്ടായിരുന്നു.
മലപ്പുറത്തിന്‍റെ വിവിധങ്ങളായ കലാരൂപങ്ങള്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറി. അതിലൂടെ മലപ്പുറത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ പരിചയപ്പെടുത്തുന്ന ഒന്നായും മലപ്പുറം മഹോത്സവം മാറുകയുണ്ടായി. ആതിഥേയ മര്യാദയ്ക്ക് പേരുകേട്ട മലപ്പുറത്തിന്‍റെ രുചിവൈവിധ്യങ്ങളുടെ സംഗമമായിരുന്നു കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യമേള. ആയിരങ്ങള്‍ പങ്കെടുത്ത, മലപ്പുറംകാരനായ ഷഹബാസ് അമന്‍റെ പാട്ടുകളുടെ സമാപന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ ഈ മഹോത്സവത്തെ ജനങ്ങളേറ്റെടുത്തുവെന്നതിന്‍റെ തെളിവുകൂടിയായിരുന്നു. പുറമേ പ്രചരിപ്പിക്കപ്പെടുന്നതല്ല മലപ്പുറമെന്നും അത് വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടേയും, ജീവിതങ്ങളുടേയും സമ്മേളനമാണ് എന്നും മഹോത്സവം തെളിയിച്ചു.
ആധുനിക കേരള സൃഷ്ടിയുടെ എല്ലാ ചലനങ്ങളിലും സജീവ നേതൃത്വമായിരുന്ന ഇ.എം.എസ് പിറന്നത് മലപ്പുറത്തിന്‍റെ മണ്ണിലാണ്. സഖാവിന്‍റെ സ്വത്ത് കൂടിയാണല്ലോ ദേശാഭിമാനിയുടെ രൂപീകരണത്തിന് അടിസ്ഥാനമിട്ടത്. നമ്മുടെ നാടിന്‍റെ ചിന്തകളെ വൈരുധ്യാത്മക ഭൗതികവാദത്തിന്‍റെ അടിത്തറയില്‍ വികസിപ്പിച്ച കെ ദാമോദരന്‍റെ ജന്മനാടുകൂടിയാണ് മലപ്പുറം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതുകൊണ്ടാണ് പഴശ്ശിയും വേലുത്തമ്പിയുമെല്ലാം നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ചത്. പഴശ്ശിക്ക് സഹായിയായി മലപ്പുറത്തുകാരായ അത്തന്‍ കുട്ടി മൂപ്പനും ചെമ്പന്‍ പോക്കറുമെല്ലാം ഉണ്ടായിരുന്നവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇത് ഒന്നുകൂടി മുന്നോട്ടുപോയി സാമ്രാജ്യത്വത്തോടൊപ്പം ജന്മിത്വത്തേയും എതിര്‍ത്തുകൊണ്ടാണ് മലബാറിലെ കാര്‍ഷിക കലാപം മുന്നോട്ടുപോയത്. ആലി മുസലിയാരും വാരിയന്‍കുന്നത്തുമെല്ലാം ഇത്തരം പോരാട്ടങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്.
വാരിയന്‍കുന്നത്ത് മതരാഷ്ട്രവാദിയായിരുന്നില്ല. അദ്ദേഹം സ്ഥാപിച്ച നാടിന് നല്‍കിയ പേര് മലയാള നാട് എന്നായിരുന്നു. ബ്രിട്ടീഷുകാര്‍ വാരിയന്‍കുന്നത്തിനെ പിടികൂടുമ്പോള്‍ മലയാള നാടിന്‍റെ എല്ലാ രേഖകളും അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു. അതെല്ലാം ബ്രിട്ടീഷുകാര്‍ നശിപ്പിക്കുകയായിരുന്നു. അദ്ദേഹം സ്ഥാപിച്ച മലയാള നാടിനെപ്പോലും ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടിരുന്നു. എന്നിട്ടാണ് മതരാഷ്ട്രവാദത്തിന്‍റെ കിരീടം വാരിയന്‍കുന്നത്തിന് നല്‍കാന്‍ ബ്രിട്ടീഷുകാരും, മതരാഷ്ട്രവാദികളും മത്സരിക്കുന്നത്.
യമനില്‍ നിന്നെത്തിയ സൂഫിവര്യന്മാരുടെ മനുഷ്യസ്നേഹപരമായ ആശയങ്ങള്‍ ഏറെ വെളിച്ചം വീശിയ മണ്ണ് കൂടിയാണ് മലപ്പുറം. മമ്പറം തങ്ങള്‍മാരുടെ പാരമ്പര്യം ഇതിന്‍റെ തുടര്‍ച്ചയാണ്. മത സൗഹാര്‍ദത്തിന്‍റെ അടിയൊഴുക്കുകളാല്‍ സമ്പന്നമായ ജാറങ്ങളുടെ സംസ്കാരവും മലപ്പുറത്തിന് സ്വന്തമാണ്. ബാസല്‍ മിഷന്‍ മുന്നോട്ടുവെച്ച വിദ്യാഭ്യാസപരവും വ്യാവസായികവുമായ സ്പന്ദനങ്ങള്‍ മലപ്പുറത്തുണ്ട്. ജൈനമതത്തിന്‍റേയും സംസ്കൃതത്തിന്‍റേയും അടിവേരുകള്‍ മലപ്പുറത്തിന്‍റെ ജനതയുടെ സംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടത്തില്‍ രക്തസാക്ഷികളുടെ പരമ്പരതന്നെ നിലനില്‍ക്കുന്ന നാടാണ് മലപ്പുറത്തിന്‍റേത്.
പ്രാചീന ശിലായുഗത്തോളം പഴക്കമുള്ള മനുഷ്യവാസമുള്ള പ്രദേശമാണ് മലപ്പുറം. പില്‍ക്കാലത്ത് സാമൂതിരിയും വള്ളുവക്കോനാതിരിയുമെല്ലാം രൂപപ്പെട്ടുവന്നത് ഈ മണ്ണില്‍ നിന്നാണ്. മാമാങ്കത്തിന്‍റെ സവിശേഷമായ സംസ്കൃതിയേയും മലപ്പുറം ഉള്‍ക്കൊള്ളുന്നുണ്ട്. മലയാള ഭാഷയുടെ പിതാവ് എന്നു വിളിക്കപ്പെടുന്ന എഴുത്തച്ഛന്‍റെ മണ്ണാണ് മലപ്പുറം. ബ്രാഹ്മണ്യത്തിനെതിരെ കലാപം നടത്തി ഇതിഹാസങ്ങളെ മാതൃഭാഷയിലേക്ക് തന്‍റേതായ ശൈലിയില്‍ കൊണ്ടുവരികയായിരുന്നു എഴുത്തച്ഛന്‍. “കൊല്ലിക്കയത്രെ നിനക്ക് രസമെടോ” എന്ന് ഗാന്ധാരിയെക്കൊണ്ട് കൃഷ്ണനോട് പറയിപ്പിച്ച് യുദ്ധത്തിന്‍റെ ആണധികാരത്തെ തുറന്നുകാട്ടുക കൂടിയായിരുന്നു എഴുത്തച്ഛന്‍. ഭക്ത കവി പൂന്താനത്തിന്‍റെ ജന്മനാടും മറ്റൊന്നല്ല.
ബദര്‍മുനീറിന്‍റേയും, ഹുസുമുല്‍ ജമാലിന്‍റേയും പ്രണയകഥയുമായി മുന്നോട്ടുവന്ന മൊയിന്‍കുട്ടി വൈദ്യരുടേയും നാടാണ് മലപ്പുറം. സാമൂതിരിയോടൊപ്പം ചേര്‍ന്ന് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പൊരുതാന്‍ മുസ്ലീം ജനവിഭാഗങ്ങളോട് ആഹ്വാനം ചെയ്ത ഷെയ്ഖ് സൈനുദ്ധീന്‍ മഖ്ദൂമിന്‍റെ നാടും മലപ്പുറം തന്നെ. ഇടശ്ശേരിയേയും ഉറൂബിനേയും സാഹിത്യ ലോകത്ത് സംഭാവന ചെയ്തതും മറ്റൊരിടമല്ല. കോട്ടക്കലിന്‍റേയും, ചങ്ങമ്പള്ളിക്കാരുടേയും ആയുര്‍വ്വേദ പാരമ്പര്യവും മലപ്പുറത്തിന് സ്വന്തമാണ്. ലോകപ്രസിദ്ധരായ നിരവധി ഗണിത ശാസ്ത്രജ്ഞരെ സംഭാവന ചെയ്ത മണ്ണുകൂടിയാണ് ഇത്.
വൈവിധ്യമാര്‍ന്ന നിരവധി സംസ്കാരങ്ങളെ അകമേവ പേറിക്കൊണ്ട് ജീവിക്കുന്ന നാടാണ് മലപ്പുറം. വര്‍ഗ്ഗീയതയുടെ കൊളോണിയല്‍ പാഠങ്ങളേയും ഏകമുഖ സംസ്കാരത്തിന്‍റെ മതരാഷ്ട്രവാദങ്ങളേയും ജീവിതംകൊണ്ടും സംസ്കാരംകൊണ്ടും തള്ളിക്കളയുന്നതാണ് മലപ്പുറത്തിന്‍റെ മനസ്സ്. മനുഷ്യസ്നേഹത്തിന്‍റെ ഇഴയടുപ്പങ്ങളാല്‍ സമ്പന്നമാണ് മലപ്പുറം ജനതയുടെ ജീവിതങ്ങള്‍. മതവിദ്വേഷത്തിന്‍റേതല്ല മനുഷ്യ സ്നേഹത്തിന്‍റേതാണ് മലപ്പുറത്തെ ജനതയുടെ ജീവിതം. ഈ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന 175 ഓളം പ്രബന്ധങ്ങളാണ് മലപ്പുറം മഹോത്സവത്തിന്‍റെ വേദികളില്‍ അവതരിപ്പിക്കപ്പെട്ടത്.
മലപ്പുറത്തെക്കുറിച്ച് പഠിച്ച ഡോക്ടറേറ്റ് പ്രബന്ധങ്ങളെല്ലാം മലപ്പുറത്തിന്‍റെ വൈവിധ്യങ്ങളേയും മനുഷ്യസ്നേഹപരമായ ഉള്ളടക്കങ്ങളേയും തുറന്നുകാട്ടുന്നതാണെന്ന് ഓരോ സെഷനും തെളിയിക്കുകയായിരുന്നു. മലപ്പുറത്തെ ജനജീവിതത്തില്‍ നിന്ന് അക്കാദമിക് രംഗം ആര്‍ജ്ജിച്ച ഈ വിജ്ഞാനം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം കൂടിയാണ് മലപ്പുറം മഹോത്സവം ഏറ്റെടുത്തത്. ഈ പ്രബന്ധങ്ങളെല്ലാം പ്രസിദ്ധീകരിക്കുന്നതിനായി ഒരു സമിതി രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ആഗസ്ത് മാസത്തോടെ ഈ പ്രബന്ധങ്ങളെല്ലാം ജനങ്ങളുടെ മുമ്പിലെത്തും. മലപ്പുറത്തിന്‍റെ വികസന വെല്ലുവിളികളെ കണ്ടെത്താനും, അവ പരിഹരിക്കുന്നതിനുള്ള ബദല്‍ നിര്‍ദ്ദേശങ്ങളും അടുത്ത ഘട്ടമായി രൂപപ്പെടും. അങ്ങനെ മലപ്പുറത്തിന്‍റെ ചരിത്രവും, വര്‍ത്തമാനവും മാത്രമല്ല ഭാവിയെക്കൂടി രൂപപ്പെടുത്തുന്ന ചുവടുവെപ്പായി മലപ്പുറം മഹോത്സവം മാറി. $
മലപ്പുറം മഹോത്സവം എന്ത്? എന്തിന്?
പുത്തലത്ത് ദിനേശന്‍
ARTICLES