Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിഉണര്‍ന്നിരിക്കുക

ഉണര്‍ന്നിരിക്കുക

ഗുജറാത്ത് വംശഹത്യ – സിനിമയില്‍
2002 ഫെബ്രുവരി, മാര്‍ച്ച് കാലയളവിലെ അതിഭീകരമായ വംശഹത്യ നടന്നിട്ട് ഇരുപത്തൊന്ന് വര്‍ഷം കഴിഞ്ഞു. ഗുജറാത്തിന്‍റെയും ഇന്ത്യയുടെയും മുറിവുകള്‍ ഉണങ്ങിയോ? ഏതു കനലാണ് വെള്ളമൊഴിക്കാതെ തന്നെ നാം കെടുത്തി എന്ന് ആശ്വസിക്കുന്നത്? ഗുജറാത്ത് വംശഹത്യ പ്രമേയമായി എടുത്ത നിരവധി സിനിമകളില്‍ നിന്നേതാനും ചിലതിനെ പരിചയപ്പെടുത്താനാണീ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

രാഹുല്‍ ധൊലാക്കിയയുടെ പര്‍സാനിയ(2005) ഉണര്‍ന്നിരിക്കാനുള്ള ഒരാഹ്വാനമാണ്, നമ്മുടെ തൊട്ടടുത്തു തന്നെയുള്ള ഒരു ലോകത്തെക്കുറിച്ചുള്ള ശക്തമായ ഒരു വെളിപ്പെടുത്തലാണത്, പുറമെ ശാന്തമെന്നു തോന്നിപ്പിക്കുന്ന ഉപരിതലത്തിനടിയിലെ രക്തദാഹത്തിലേക്കുള്ള ഒരു ചൂണ്ടുപലകയുമാണത്. മുസ്ലീങ്ങള്‍ അധികമായി താമസിക്കുന്ന അഹമ്മദാബാദിലെ ഒരു മധ്യവര്‍ഗ ഹൗസിങ് കോളനിയിലാണ് സൈറസിന്‍റെ(നസറുദ്ദീന്‍ ഷാ) കുടുംബം താമസിക്കുന്നത്. അദ്ദേഹം പാഴ്സി മതത്തില്‍ പെട്ടയാളാണ്. ഇന്ത്യയിലും ഗുജറാത്തിലും നടന്നിട്ടുള്ള നിരവധി വര്‍ഗീയകലാപങ്ങളില്‍ ഒരു പക്ഷത്തും ഇക്കാലമത്രയും അണിചേര്‍ന്നിട്ടില്ലാത്ത തീരെ ചെറിയ ന്യൂനപക്ഷമായ മതവിഭാഗമാണ് പാഴ്സികളുടേത്. അവരില്‍ പലരുടെയും പേരുകളില്‍ മുസ്ലിം ഛായയുണ്ടെന്നതുകൊണ്ട് ഹിന്ദു വര്‍ഗീയാക്രമണങ്ങളില്‍ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. സൈറസിന്‍റെ ഭാര്യയുടെ പേര് ഷെര്‍നാസ് (സരിക) എന്നും മക്കളുടെ പേര് പര്‍സാന്‍, ദില്‍ഷാദ് എന്നുമാണ്. ഗോധ്ര കൂട്ടക്കൊലയ്ക്കുശേഷം നടന്ന ഗുജറാത്ത് വംശഹത്യക്കിടയില്‍ പെട്ട് ചിന്നിച്ചിതറിപ്പോകുന്ന ഈ കുടുംബത്തിലെ മറ്റു മൂന്നംഗങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിക്കുന്നില്ലെങ്കിലും പത്തുവയസ്സുകാരനായ പര്‍സാനിനെ കാണാതാകുന്നു. ചോക്ലേറ്റുകൊണ്ട് കെട്ടിടങ്ങളും ഐസ്ക്രീം കൊണ്ട് കുന്നുകളും കെട്ടിയുണ്ടാക്കി അവിടെ ക്രിക്കറ്റ് മാത്രമുള്ള ഒരു ഉട്ടോപ്യന്‍ ലോകം (അതിന്‍റെ പേരാണ് പര്‍സാനിയ) സൃഷ്ടിക്കാമെന്നു സ്വപ്നം കണ്ടിരുന്ന നിഷ്കളങ്കനായ ആ ബാലനെ അന്വേഷിച്ച് സൈറസും ഷെര്‍നാസും ദില്‍ഷാദും കുഴങ്ങുന്നു. കലാപത്തിനു തൊട്ടുമുമ്പ് ഈ കുടുംബവുമായി പരിചയത്തിലാവുന്ന അലന്‍ എന്ന അമേരിക്കക്കാരന്‍റെ കണ്ണിലൂടെയാണ് സിനിമയുടെ ഇതിവൃത്തം ചുരുള്‍ നിവരുന്നത്. ഈ രാജ്യത്തെ കൂ ക്ലക്സ് ക്ലാന്‍ (അമേരിക്കയിലെ വര്‍ണവെറി പിടിച്ച വെള്ള ഭീകരര്‍) ആണ് സംഘപരിവാര്‍ എന്നതു പോലുള്ള നിരീക്ഷണങ്ങള്‍ അലന്‍ നടത്തുന്നുണ്ട്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്ന് കാണാതായ അസ്ഹര്‍ എന്ന പതിമൂന്നുകാരന്‍റ കഥ തന്നെയാണ് പര്‍സാനിയയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അസ്ഹറിന്‍റെ അച്ഛനായ ധാരാ മോദിയും അമ്മയും പെങ്ങളും അഭയം തേടിയത് മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്ന ഇസ്ഹാന്‍ ജാഫ്രിയുടെ ഫ്ളാറ്റിലായിരുന്നു. ജാഫ്രിയെയും കുടുംബത്തെയും പൈശാചികമായി ചുട്ടുകൊല്ലുന്നതിന് അവര്‍ സാക്ഷികളായി. ചിത്രം അവസാനിക്കുമ്പോള്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അസ്ഹറിന്‍റെ ഫോട്ടോ കാണിച്ചുകൊണ്ട് സംവിധായകന്‍ എല്ലാവരോടുമായി അവനെവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അച്ഛനമ്മമാരുടെയും സഹോദരിയുടെയും അടുത്തേക്ക് തിരിച്ചു കൊണ്ടെത്തിക്കണമെന്ന് അപേക്ഷിക്കുന്നു. ഗുജറാത്തുകാരന്‍ തന്നെയായ സംവിധായകന്‍ രാഹുല്‍ ധൊലാക്കിയ, വംശഹത്യക്കെതിരെ സംസാരിച്ചില്ലെങ്കില്‍ തന്‍റെ കുറ്റബോധത്തെ തുറന്നുകാണിക്കലാവില്ലെന്നു കരുതുന്നതുകൊണ്ടാണ് താനീ ഉദ്യമത്തിന് മുതിര്‍ന്നതെന്ന് പറയുകയുണ്ടായി.

രാകേശ് ശര്‍മയുടെ പ്രസിദ്ധമായ ഫൈനല്‍ സൊല്യൂഷന്‍(2004) എന്ന ഡോക്കുമെന്‍ററിയില്‍ വിശദീകരിക്കുന്നതു പോലെ, ഗുജറാത്തില്‍ അന്യ മതസ്ഥരെ ആക്രമിക്കാന്‍ ഫാസിസ്റ്റ് സംഘടനകളുടെ അംഗങ്ങളും അനുയായികളും അല്ലാത്തവരുമായ നിരവധി സാധാരണക്കാരെ പ്രേരിപ്പിക്കുന്ന ഒരു രാസത്വരകം അയാളുടെ/അവളുടെ ബോധാബോധ മനസ്സില്‍ തന്നെയാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. അതായത് വര്‍ഗീയാന്ധത പിടികൂടിയ ഏതെങ്കിലും സംഘടനയുടെയോ വിഭാഗത്തിന്‍റെയോ ആപ്പീസല്ല, മറിച്ച് ആ സംസ്ഥാനത്ത് അധിവസിക്കുന്ന വലിയൊരു വിഭാഗം ജനതയുടെ വ്യക്തിപരവും ആള്‍ക്കൂട്ടപരവുമായ മനസ്സുകളാണ് യഥാര്‍ത്ഥ ആയുധപ്പുരകള്‍. അവയെ സ്ഫോടനാത്മകമാക്കുന്നതിനാവശ്യമായ വെറുപ്പ് എന്ന ഇന്ധനം ചീറ്റിനിറക്കാന്‍ പ്രസംഗങ്ങള്‍, ലഘുലേഖകള്‍, ഊഹാപോഹങ്ങള്‍, അസത്യ വാര്‍ത്തകള്‍ അങ്ങനെ പലതും നിരന്തരം പ്രവര്‍ത്തനസജ്ജമായി പ്രയാണം നടത്തിക്കൊണ്ടിരിക്കുക തന്നെയാണ്. വസ്തുതാപരമായിരിക്കെത്തന്നെ നിര്‍മമമായ രൂക്ഷപരിഹാസം(സര്‍ക്കാസം) സാന്ദ്രമായി തിങ്ങി നില്‍ക്കുന്നതരം അവതരണരീതിയുള്ള ഈ അമ്പരപ്പിക്കുന്ന ഡോക്കുമെന്‍ററിയിലൂടെ രാകേശ് ശര്‍മ വെളിപ്പെടുത്തിയത് ഇന്ത്യ തന്നെ ഏതു നേരവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോബിലാണ് അതിന്‍റെ നിത്യവ്യവഹാരങ്ങളുടെ ചടുലതകള്‍ വിന്യസിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു. ഈ ചിത്രം ലോകവ്യാപകമായി നിരവധി മേളകളില്‍ പങ്കെടുക്കുകയും കുറേയേറെ അവാര്‍ഡുകള്‍ നേടുകയുമുണ്ടായി. ജര്‍മനിയിലും ആസ്ത്രേലിയയിലുമടക്കം പല രാജ്യങ്ങളിലും തിയേറ്റര്‍ റിലീസ് ചെയ്യുകയുമുണ്ടായി. ഇന്ത്യയിലും ഫൈനല്‍ സൊല്യൂഷന്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഔപചാരിക സെന്‍സറിങ്ങിന് ഈ ചിത്രം വിധേയമാക്കിയപ്പോള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ആദ്യഘട്ടത്തില്‍ സെന്‍സറിങ്ങിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാതെയും ഞൊട്ടു ന്യായങ്ങള്‍ പറഞ്ഞും നടപടിക്രമങ്ങള്‍ വൈകിക്കുകയും അവ്യക്തവും നിസ്സാരവുമായ കാരണങ്ങള്‍ നിരത്തിയുള്ള കത്തുകള്‍ സംവിധായകന് കൈമാറുകയും ചെയ്തപ്പോള്‍ അദ്ദേഹം കോടതിയെ സമീപിക്കുകയുണ്ടായി. പിന്നീട് യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ചിത്രത്തിന് പ്രദര്‍ശനാനുമതി കൊടുക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല. അന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനായിരുന്ന അനുപം ഖേര്‍ ഈ കള്ളക്കളിക്ക് കൂട്ടുനിന്നതിന്‍റെ പേരില്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിയും വന്നു. ഇതിനെ തുടര്‍ന്നാണ് ഫൈനല്‍ സൊല്യൂഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് അനുപം ഖേര്‍ അന്നത്തെ സി പി ഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് തനിക്ക്തിരിച്ചടിയാകുമെന്ന് ഭയന്നിട്ടാവണം മുന്നോട്ടുപോയില്ല. എന്നാല്‍ ഈ ചിത്രത്തിനും ഗുജറാത്ത് വംശഹത്യ വിഷയമാക്കിയ മറ്റു ചിത്രങ്ങള്‍ക്കുമെതിരായ ഒളിയുദ്ധങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതിന്‍റെ തെളിവാണ് ബിബിസി ഡോക്കുമെന്‍ററി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടത്.


ശുഭ്രദീപ് ചക്രവര്‍ത്തി സംവിധാനം ചെയ്ത ഗോധ്ര തക്ക് ദ ടെറര്‍ ട്രെയിന്‍(2003) എന്ന അമ്പതു മിനുറ്റ് ദൈര്‍ഘ്യമുള്ള ഡോക്കുമെന്‍ററി ഗോധ്ര തീവണ്ടി കത്തിക്കലിന്‍റെ പിന്നിലെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്നു. ഷാറിക് മിര്‍ഹാജ് സംവിധാനം ചെയ്ത ചാന്ദ് ഭുജ് ഗയ(2005) എന്ന ഫീച്ചര്‍ സിനിമയും നിരവധി തടസ്സവാദങ്ങള്‍ക്കു ശേഷമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഈ ചിത്രത്തിലെ വില്ലന് നരേന്ദ്രമോദിയുമായി രൂപസാദൃശ്യം ഉണ്ട് എന്നതായിരുന്നു മുഖ്യപ്രശ്നം. രമേഷ് പിംപിള്‍ സംവിധാനം ചെയ്ത ഇരുപതു മിനിറ്റ് ദൈര്‍ഘ്യമുള്ള ആംഗ്വിഷ് (2003)എന്ന ഡോക്കുമെന്‍ററിയും സെന്‍സര്‍ ബോര്‍ഡ് നിരോധിക്കുകയുണ്ടായി. ‘ഗുജറാത്ത് കലാപത്തിന്‍റെ അക്രമസംഭവങ്ങള്‍ ആളുകളുടെ ശ്രദ്ധയിലേക്ക് വീണ്ടും എത്തിക്കുന്ന ചിത്രമാണിത്, ഈ ചിത്രം സര്‍ക്കാരിനെയും പൊലീസിനെയും മോശമായി ചിത്രീകരിക്കുന്നു, ചിത്രമാകപ്പാടെ എടുത്താല്‍ നെഗറ്റീവായ മൂല്യങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്, അത് ജനങ്ങളെ വര്‍ഗീയവിദ്വേഷത്തിലേക്ക് നയിച്ചേക്കും’ എന്നാണ് സെന്‍സര്‍ബോര്‍ഡ് അഭിപ്രായപ്പെട്ടത്. മലയാളിയായ ഗോപാല്‍ മേനോന്‍ ഗുജറാത്ത് വംശഹത്യ വിഷയമാക്കി സംവിധാനം ചെയ്ത ഹേ റാം(2002) എന്ന ഡോക്കുമെന്‍ററിയുടെ പ്രദര്‍ശനം കേരളത്തിലടക്കം പലയിടങ്ങളിലും തടയപ്പെടുകയുണ്ടായി. ഗോധ്രയില്‍ മുസ്ലീങ്ങള്‍ എങ്ങനെയാണ് തീവണ്ടി കത്തിച്ചതെന്ന് വിശദീകരിക്കുന്ന ഒരു ഹ്രസ്വ ചിത്രം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തയ്യാറാക്കിയത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഗുജറാത്തിലുടനീളം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തിന് സെന്‍സര്‍ സര്‍ടിഫിക്കറ്റോ പൊലീസ് അനുമതിയോ ഇല്ലായിരുന്നെങ്കിലും ഒരിടത്തും തടയപ്പെട്ടതേ ഇല്ല. ഈ ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫൈനല്‍ സൊല്യൂഷനില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, തന്‍റെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രാകേശ് ശര്‍മ എഴുതിയ മറുപടിയില്‍ ഈ വി എച്ച് പി ചിത്രത്തിനെതിരെ ഒരു നടപടിയും എടുക്കാത്തതെന്തുകൊണ്ടാണ് എന്ന് ചോദിച്ചിരുന്നു. സ്വാഭാവികമായും മറുപടിയൊന്നും തന്നെ ലഭിച്ചില്ല. ഗുജറാത്ത് വംശഹത്യയെക്കുറിച്ചെടുത്ത ഈവിള്‍ സ്റ്റോക്സ് ദ ലാന്‍റ് (2002) എന്ന ഡോക്കുമെന്‍ററിയുമായി ഇന്ത്യയിലെമ്പാടും സഞ്ചരിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ഗുജറാത്തിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ മാസങ്ങളോളം താമസിക്കുകയും ചെയ്ത ഗൗഹര്‍ രാസ പറയുന്നതുപോലെ തികഞ്ഞ അസഹിഷ്ണുതയായിരിക്കുന്നു നമ്മുടെ കാലത്തിന്‍റെ കൊടിയടയാളം. അദ്ദേഹത്തിന്‍റെ ചിത്രം മുംബൈയിലും ഗോവയിലും തടയപ്പെടുകയുണ്ടായി.

2008ലിറങ്ങിയ ഫിറാഖ്, അഭിനേത്രി കൂടിയായ നന്ദിതാ ദാസ് ആണ് സംവിധാനം ചെയ്തത്. വിയോഗം, അന്വേഷണം എന്നിങ്ങനെ രണ്ടര്‍ത്ഥങ്ങളാണ് ഫിറാഖ് എന്ന അറബി വാക്കിനുള്ളത്. ഒരായിരം വസ്തുതകളില്‍ നിന്ന് കടഞ്ഞെടുത്തത് എന്ന വിശേഷണത്തോടെയാണ് ഫിറാഖ് അവതരിപ്പിക്കപ്പെട്ടത്. നസറുദ്ദീന്‍ ഷാ, ദീപ്തി നാവല്‍, നവാസുദ്ദീന്‍ സിദ്ദീഖി, എന്നിങ്ങനെ മുഖ്യധാരയിലുള്ള അഭിനേതാക്കള്‍ തന്നെ അഭിനയിച്ച ഫിറാഖ് ലോകവ്യാപകമായി മേളകളിലും അല്ലാതെയും പ്രദര്‍ശിപ്പിക്കപ്പെട്ടു. സിംഗപ്പൂര്‍, തെസ്സലോനിക്കി, കാര, കേരളം(ഐഎഫ്എഫ്കെ) എന്നീ മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ഫിറാഖിന് രണ്ട് ദേശീയ അവാര്‍ഡുകളും ലഭിച്ചു. എന്നാല്‍, ചിത്രം ഗുജറാത്തില്‍ നിരോധിക്കപ്പെട്ടു. ഇരുപത്തിനാലു മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന കാലയളവിലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ഫിറാഖ്, 2002 മാര്‍ച്ചിലെ ഒരു ദിവസമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വാലി ഗുജറാത്തി എന്ന സൂഫി കവിയുടെ മഖ്ബറ (ശവകുടീരം) തകര്‍ത്തത്, സംഗീതജ്ഞനായ ഖാന്‍ സാഹെബി(നസറുദ്ദീന്‍ ഷാ)നെ ദു:ഖിപ്പിക്കുന്നുണ്ടെങ്കിലും എല്ലാം അവസാനിച്ചെന്ന് അദ്ദേഹം കരുതുന്നില്ല. തനിക്ക് ആക്രമിക്കപ്പെട്ടവരെ സഹായിക്കാനായില്ലല്ലോ എന്നതിലാണ് ആരതി (ദീപ്തി നാവല്‍) ആകുലപ്പെടുന്നത്. അവളുടെ ഭര്‍ത്താവും കൂട്ടുകാരനുമാകട്ടെ, കൂട്ടബലാത്സംഗക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. യുവ ദമ്പതികളായ മുനീറയുടെയും ഹനീഫിന്‍റെയും വീടും സാമാനങ്ങളും കൊള്ളയടിക്കപ്പെടുന്നു. അവരുടെ വീട് കത്തിച്ചാരമാകുന്നു. അക്രമം ആരെയും വെറുതെ വിടുന്നില്ല. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + 2 =

Most Popular