Friday, October 18, 2024

ad

Homeസിനിമകിഷ്‌കിന്ധാ കാണ്ഡം: ഓർമയ്ക്കും മറവിക്കുമിടയിൽ

കിഷ്‌കിന്ധാ കാണ്ഡം: ഓർമയ്ക്കും മറവിക്കുമിടയിൽ

കെ എ നിധിൻ നാഥ്‌

റവി ബാധിച്ചൊരാൾ തന്റെ ഓർമകളെ തേടുന്നു. ഓർമയുള്ളയാൾ ഓർമകളെ മറവിക്ക്‌ നൽകാൻ ശ്രമിക്കുന്നു. ഇത്തരത്തിൽ ചികഞ്ഞെടുക്കാനും മറന്നുകളയാനുമുള്ള മനുഷ്യ ശ്രമങ്ങളുടെ ഇടയിൽ സത്യം തേടുന്ന മൂന്നാമതൊരാൾ. മൂവരും ചേർന്ന്‌ കഴിയുന്ന ഒരിടം. ഇതാണ്‌ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥാഭൂമിക.

കാടിനോട്‌ ചേർന്നുള്ള വലിയൊരു വീടും അതിനുചുറ്റും വലിയൊരു പറമ്പും. അതിരിൽ റിസർവ്‌ വനം. പറമ്പിൽ നിറയെ കുരങ്ങുകളും. ഇത്തരത്തിലുള്ള ഒരു ഭൂമികയിലേക്ക്‌ പ്രധാന കഥാപാത്രങ്ങൾ പ്രവേശിക്കുന്നിടത്താണ്‌ ‘കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയുടെ പേര്‌ തെളിയുന്നത്‌. സിനിമയുടെ പേരിനൊപ്പമുള്ള ടാഗ്‌ ലൈൻ ‘എ ടൈൽ ഓഫ്‌ ത്രീ വൈസ്‌ മങ്കീസ്‌’ എന്നാണ്‌. ഇതുകൂടി ചേർത്ത്‌ വായിക്കുമ്പോഴാണ്‌ പേരും കഥയും തമ്മിൽ ചേരുന്നത്‌.

അപ്പു പിള്ള (വിജയരാഘവൻ), മകൻ അജയ ചന്ദ്രൻ (ആസിഫ്‌ അലി), ഭാര്യ അപർണ (അപർണ ബാലമുരളി) എന്നിവരാണ്‌ വീട്ടിലുള്ളത്‌. മുൻ സൈനികനായ അപ്പുപിള്ളയുടെ തോക്ക്‌ കാണാതാകുന്നതും അത്‌ തേടിയുള്ള അന്വേഷണവും തുടർന്ന്‌ കുടുംബത്തിന്റെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന കണ്ടെത്തലുകളും അതിലെ സത്യം തേടിയുള്ള യാത്രയുമാണ്‌ സിനിമ. ആദ്യവസാനം നിഗൂഢത സൂക്ഷിക്കുന്ന ചിത്രം, കഥാഗതിയിൽ നിന്ന്‌ ഒരിടത്തും തെന്നിമാറാതെയാണ്‌ മുന്നോട്ടുപോകുന്നത്‌. ത്രില്ലറിന്റെ രീതിയിലുള്ള ആഖ്യാനത്തെ പിൻപറ്റുമ്പോഴും ഒരിടത്തുപോലും അനാവശ്യ ഗിമ്മിക് ഉപയോഗിക്കുന്നില്ല.

ഈ സിനിമാറ്റിക്ക്‌ സത്യസന്ധത കാഴ്‌ചാസമയം മുഴുവൻ പ്രേക്ഷകനെ സിനിമയുടെ ഭൂമികളിൽ കൃത്യമായി തളച്ചിടാൻ കഴിയുന്നുണ്ട്‌. ബാഹുൽ രമേശിന്റെ മുറുക്കമുള്ള എഴുത്തിന്റെ മിടുക്കാണ്‌ കിഷ്‌കിന്ധാ കാണ്ഡത്തെ മികച്ച സിനിമകളിൽ ഒന്നാക്കി മാറ്റുന്നത്‌. സിനിമിയിൽ ഉയരുന്ന ചോദ്യങ്ങൾക്ക്‌ കൃത്യമായ ഘട്ടങ്ങളിൽ പ്രേക്ഷകനെ ഒരു ഉത്തരസമാന മറുപടിയിലേക്ക്‌ എത്തിക്കുകയും എന്നാൽ ഊഹിച്ചത്‌ തെറ്റാണെന്ന്‌ സ്ഥാപിച്ച്‌, അടുത്ത തലത്തിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യുന്ന ആഖ്യാനമാണ്‌ സിനിമയുടെ ഏറ്റവും വലിയ മികവ്‌. ഒന്നിൽ നിന്ന്‌ അടുത്തതിലേക്ക്‌ സന്ദർഭങ്ങൾ ഇഴകോർത്തെടുക്കുന്ന ശൈലിയാണ്‌ സിനിമയുടേത്‌. സസ്‌പെൻഷൻ ത്രില്ലർ ജോണറിലുള്ള സിനിമകൾ സാധാരണ ഗതിയിൽ ഒറ്റക്കാഴ്‌ചയുടേത്‌ മാത്രമാണ്‌. കുറ്റകൃത്യം അല്ലെങ്കിൽ കുറ്റവാളി ആരാണ്‌, എന്താണ്‌ സംഭവിച്ചത്‌ എന്ന ഉത്തരം നൽകുന്ന അനുഭൂതിയിലാണ്‌ ചിത്രം അവസാനിക്കുക. എന്നാൽ ഈ ശ്രേണി ചിത്രങ്ങളിൽ നിന്ന്‌ വ്യത്യസ്‌തമാകുന്നത്‌ വീണ്ടുമുള്ള കാഴ്‌ചയ്‌ക്കുകൂടി അവസരം സൃഷ്ടിക്കുന്നുണ്ട്‌ എന്നിടത്താണ്‌. വീണ്ടുമുള്ള കാഴ്‌ചയിൽ സിനിമയിൽ സംവിധായകൻ കരുതിവച്ചിട്ടുള്ള അതിസൂക്ഷ്‌മതകളെ അനുഭവിക്കാനാകും.

അപ്പു പിള്ളയായി മികച്ച പ്രകടനമാണ്‌ വിജയരാഘവൻ കാഴ്‌ച വയ്ക്കുന്നത്‌. ഓർമയ്ക്കും മറവിക്കുമിടയിൽ വീർപ്പുമുട്ടുന്ന മനുഷ്യന്റെ സംഘർഷങ്ങളെ അനായാസം പ്രതിഫലിപ്പിച്ചു. കാഴ്‌ചയിൽ വളരെ സട്ടിലായ കഥാപാത്രമാണ്‌ ആസിഫിന്റെ അജയചന്ദ്രൻ. എന്നാൽ കഥാഗതിയെ നിയന്ത്രിക്കുന്ന പല അടരുകളുള്ള കഥപാത്രമാണിത്‌. പ്രകടനം കൊണ്ട്‌ ആസിഫ്‌ മികച്ചുനിന്ന ചിത്രം അയാളുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു. കഥാവഴിയിൽ നിർണായകമാകുന്ന കഥാപാത്രമാണ്‌ അപർണ ബാലമുരളിയുടേത്‌. സിനിമയുടെ ത്രില്ലർ സ്വഭാവത്തെ നിയന്ത്രിക്കുന്നതിൽ അപർണയുടെ അപർണ എന്ന കഥാപാത്രമാണ്‌. ജഗദീഷ്‌, അശോകൻ, നിഷാൻ തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളെ നല്ല രീതിയിൽ അവതരിപ്പിച്ചു.

കക്ഷി അമ്മിണിപിള്ളയിലൂടെ മലയാള സിനിമയുടെ ഭാഗമായ ദിന്‍ജിത്ത് അയ്യത്താന്‍ കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ സംവിധായകൻ എന്ന നിലയിൽ തന്റേതായി ഒരു ഇടം ഉറപ്പിക്കുന്നുണ്ട്‌. എഴുത്തുകാരനായ ബാഹുല്‍ രമേഷ് തന്നെയാണ്‌ ഛായാഗ്രാഹണവും നിർവഹിച്ചിട്ടുള്ളത്‌.

കിഷ്‌കിന്ധാ കാണ്ഡം അവസാനിക്കുന്നത്‌ രണ്ടുതരം സത്യങ്ങളെക്കുറിച്ച്‌ പറഞ്ഞാണ്‌. മനുഷ്യർക്ക്‌ ആവശ്യമുള്ളതും, ആവശ്യമില്ലാത്തതും. ഈ സത്യങ്ങളുടെ പുറത്ത്‌ മനുഷ്യന്റെ ഓർമയെയും മറവിയെയും കൃത്യമായി സന്നിവേശിപ്പിച്ചാണ്‌ കഥപറച്ചിൽ. ജോണറിനോട്‌ പൂർണമായും നീതിപുലർത്തി, വിജയ ഫോർമുലകളെയും ടെംപ്ലേറ്റ്‌ രീതികളെയും അപ്പാടെ അകറ്റിനിർത്തിയാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌. തിരക്കഥയെ അളന്ന്‌ മുറിച്ചെന്നപോലെ നൽകിയ ദൃശ്യപരിചരണവും അതിന്‌ പുർണത നൽകുന്ന അഭിനയവും കിഷ്‌കിന്ധാ കാണ്ഡം ഉറപ്പായും കാണേണ്ട സിനിമയാക്കി മാറ്റുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − four =

Most Popular