Friday, October 18, 2024

ad

Homeചിത്രകലപെൺജീവിതത്തിന്റെ നിറക്കാഴ്‌ചകൾ

പെൺജീവിതത്തിന്റെ നിറക്കാഴ്‌ചകൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതി, സമൂഹം, ജീവിതാബബോധം ഇവയുടെ പ്രതിഫലനങ്ങളിലൂടെയാണ്‌ സൗന്ദര്യബോധത്തെ നിർവചിക്കാനാവുക. സൗന്ദര്യത്തെക്കുറിച്ചുള്ള ക്രിയാത്മക ചിന്തകൾ സംസ്‌കാരത്തെ നിർവചിക്കുന്നതിൽ മുഖ്യ ഘടകമാകുന്നു. വികാസപരിണാമ വഴിയിൽ സൗന്ദര്യത്തിലധിഷ്‌ഠിതമായ ഭാവനയുടെ പ്രസക്‌തി വർധിക്കുമ്പോഴാണ്‌ കലാവിഷ്‌കാരങ്ങൾ കൂടുതൽ ശക്തിപ്രാപിക്കുനനത്‌‐ ആസ്വാദകരിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നത്‌. മനസ്സിന്റെ പൂർണത സൗന്ദര്യചിന്തയിലും പ്രതിഫലിക്കുന്നു. സൗന്ദര്യശാസ്‌ത്ര ചിന്തയിൽ മനുഷ്യനും പ്രകൃതിയും എങ്ങനെ പരിഗണിക്കപ്പെടുന്നു എന്ന വലിയ ചോദ്യത്തിലൂടെയാണ്‌ കലാകാരർ കടന്നുപോകുന്നത്‌. നിത്യജീവിത കാഴ്‌ചാനുഭവങ്ങളെ ഉൾക്കരുത്തോടെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയും സാമൂഹ്യ‐സാംസ്‌കാരിക‐രാഷ്‌ട്രീയരംഗങ്ങളിലെ പ്രശ്‌നങ്ങളെ പഠിക്കുകയും ചെയ്യുമ്പോഴാണ്‌ കാലഘട്ടത്തെയടക്കം പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികൾ രൂപമെടുക്കുന്നത്‌. അവതരണങ്ങളിൽ ഓരോ കലാകാരനിലുമുള്ള ശൈലീവ്യത്യാസങ്ങളാണ്‌ അനുഭവവേദ്യമാകുക. എങ്ങനെയാണ്‌ കലാകാരൻ പ്രകൃതിയെയും മനുഷ്യനെയും നോക്കിക്കാണേണ്ടത്‌? കലാകാരൻ ആദ്യം നിരീക്ഷിക്കേണ്ടത്‌ പ്രകൃതിയുടെ ഭാവവും ചലനവും സമന്വയിക്കുന്ന അനന്തമായ സൗന്ദര്യക്കാഴ്‌ചകളിലൂടെയാവണം. പ്രകൃതിയുടെ നിശബ്ദതയും ശബ്ദായമാനമായ മറ്റ്‌ പശ്ചാത്തലവും സംഭവബഹുലവും സങ്കീർണവുമായ മനുഷ്യജീവിതങ്ങളും ചേർന്ന കാഴ്‌ചയുടെ കാണാപ്പുറങ്ങൾ കാണിച്ചുകൊടുക്കാൻ കലാകാരന്‌ കഴിയും. പ്രത്യേകിച്ച്‌ ചിത്രകാരർക്ക്‌. ചിത്ര ശിൽപകലകൾക്ക്‌ ഇവിടെ ഏറെ പങ്കുവഹിക്കാനുണ്ട്‌. പ്രകൃതിയെ നിരീക്ഷിച്ച്‌ സ്വാംശീകരിച്ച്‌ കലാസൃഷ്ടികളിലേക്ക്‌ സന്നിവേശിപ്പിക്കുവാൻ കലാകാരർക്ക്‌ കഴിയുന്നു. ഒരു പരിധിവരെ മനുഷ്യരാശിക്കുവേണ്ടി പ്രവർത്തിക്കുവാനും കലാസൃഷ്ടികൾ സഹായകമാവുന്നു. ഇങ്ങനെ പ്രകൃതിയെയും സമൂഹത്തെയും തൊട്ടറിഞ്ഞുകൊണ്ട്‌ കലയുടെ സവിശേഷ സ്വഭാവത്തിന്റെ ഉള്ളറിയുന്ന കലാകാരരും കലാസ്വാദകരും നിരവധിയാണ്‌. അവരിലൊരാളാണ്‌ എഴുത്തിലൂടെയും വരയിലൂടെയും സജീവമാകുന്ന നല്ലൊരു കലാസ്വാദകകൂടിയായ അശ്വതി അരവിന്ദൻ.

സമൂഹത്തോടൊപ്പം സഞ്ചരിക്കുന്ന കലകൾക്ക്‌ അതിന്റേതായ ലക്ഷ്യവും ഭാഷയും ഭാവനയുമുണ്ടെന്നും അതിനോട്‌ സംവദിക്കാനുള്ള മാനസിക സന്നദ്ധത ഒരുക്കലാണ്‌ ആസ്വാദകരിലുണ്ടവേണ്ടതെന്നും വിശ്വസിക്കുന്ന കലാകാരിയാണ്‌ അശ്വതി. അതിനുള്ള ശ്രമമാണ്‌ തന്റെ എഴുത്തും വരയുമെന്ന്‌ അവർ പറയുന്നു. അശ്വതി അരവിന്ദാക്ഷന്റെ അമ്പതോളം പെയിന്റിംഗുകളുടെ പ്രദർശനം ‘ആൽക്കെമി’ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാദമി ഗ്യാലറിയിൽ സംഘടിപ്പിച്ചു. ചിത്രരചനാ ശൈലീസങ്കേതങ്ങളുടെ ഏറ്റവും നവീനമായ സങ്കേതമാണ്‌ അശ്വതി സ്വീകരിച്ചിരിക്കുന്നത്‌. തന്റെ കാഴ്‌ചാനുഭവങ്ങൾ ചിത്രങ്ങളിലേക്ക്‌ ആവാഹിച്ചിരിക്കുന്നത്‌ കൈവിരലുകളും നിറങ്ങളുമായിട്ടാണ്‌. കാഴ്‌ചാനുഭവങ്ങളും ഭാവനയും ചേരുന്ന ചിത്രഭാഷ കൈവിരലുകൾകൊണ്ട്‌ വരച്ചുകാട്ടിയ വിഖ്യാതരായ പാശ്ചാത്യ ചിത്രകാരരുടെ പിൻബലത്തിലാണ്‌ അശ്വതി സ്വയം പരിശീലിച്ചതും ആത്മവിശ്വാസത്തോടെ പ്രദർശനത്തിന്‌ തയ്യാറായതും. വര ഏറ്റവും സ്വതന്ത്രമായ സർഗാത്മക പ്രവർത്തനമാണ്‌. കവിത എഴുതുന്നതിനേക്കാളേറെ ചിത്രം വരയ്‌ക്കുമ്പോഴാണ് സ്വാതന്ത്ര്യമനുഭവിക്കുന്നതെന്നും ഒരു സ്‌ത്രീയുടെ ചിന്തകൾ വാക്കുകളേക്കാൾ ഫലപ്രദമായി ആവിഷ്‌കരിക്കാനാകുന്നത്‌ ചിത്രതലങ്ങളിലായിരിക്കുമെന്നും അശ്വതി പറയുന്നു. പെൺജീവിതത്തിനുമേൽ ഇന്ന്‌ സമൂഹത്തിലുണ്ടാകുന്ന അതിക്രമങ്ങൾക്ക്‌ കടിഞ്ഞാണിടാനാവാത്ത അവസ്ഥയ്‌ക്കെതിരെയുള്ള കലാവിഷ്‌കാരങ്ങൾ കൂടിയാണ്‌ ഈ ചിത്രങ്ങൾ‐ ചിത്രകാരി അടിവരയിടുന്നു.

മുഖം നഷ്ടമായ സ്‌ത്രീകൾ, അവരുടെ സങ്കീർണമായ ജീവിതക്കാഴ്‌ചകൾ, നിത്യജീവിത വ്യവഹാരങ്ങൾ, ബന്ധങ്ങളിലെ ശൂന്യതയും ഏകാന്തതയും ഇരുട്ടും വെളിച്ചവും ഇഴചേരുന്ന പ്രകൃതി ഇവയൊക്കെ നിറങ്ങളുടെ വിവിധ ടോണുകളിലൂടെ, ടെക്‌സ്‌ചറുകളിലൂടെ ആവാഹിച്ചവതരിപ്പിക്കുകയാണ്‌. സ്‌ത്രീജീവിതത്തിന്റെ നിറവൈവിധ്യങ്ങൾ, ഇരുണ്ട നിറച്ചേരുവകൾ എന്നിവയുടെ പ്രാധാന്യത്തെ ചിത്രകാരി ഓർമിപ്പിക്കുന്നത്‌ നമ്മുടെ ചുറ്റുപാടുകളെയാണ്‌. സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ഉത്‌കണ്‌ഠപ്പെടുത്തുകയും ചെയ്യുന്ന നിറങ്ങളിലൂടെ നഷ്ടമാകുന്ന ജീവിതത്തെയും ഇവിടെ അടയാളപ്പെടുത്തുന്നു.

നിറങ്ങളുടെ പ്രയോഗത്തിന്‌ ബ്രഷുകളേക്കാൾ വിരലുകളാണ്‌ അശ്വതി ഉപയോഗിച്ചിരിക്കുന്നത്‌. വിരൽത്തുമ്പിലൂടെ നിറങ്ങൾ സഞ്ചരിക്കുമ്പോഴുള്ള ചാലുകൾ നിറവൈവിധ്യം സൃഷ്ടിക്കുന്നതുപോലെ ഇരുളും വെളിച്ചവും കൂടി ഇൾചേർന്നു നിൽക്കുന്നു. ചിത്രകലയുടെ അടിസ്ഥാനപ്രമാണമായ നിഴൽ‐വെളിച്ച സിദ്ധാന്തം ഇവിടെ കട്ടിയുള്ള രേഖകളിലൂടെ ശക്തിപ്രാപിക്കുന്നു. ഒപ്പം പശ്ചാത്തലത്തിൽ പ്രകൃതിയുടെ നിറക്കൂട്ടുകളും പ്രധാന രൂപനിർമിതികളോട്‌ ഇണങ്ങിനിൽക്കുന്നതു കാണാം. പ്രകൃതി അമ്മയാണ്‌, സ്‌ത്രീയാണ്‌ എന്ന കാഴ്‌ചപ്പാടിലൂടെയാണ്‌ അശ്വതി പുഴയെയും കാടിനെയും മലനിരകളെയും കടലലകളെയും ജീവജാലങ്ങളെയുമൊക്കെ ആധുനിക ബിംബകൽപനകളിലൂടെ അവതരിപ്പിച്ചിട്ടുള്ളത്‌. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവ ഉൾച്ചേർന്ന പഞ്ചഭൂത സീരീസ്‌ പെയിന്റിങ്ങുകളും ഈ പ്രദർശനത്തിന്റെ ഭാഗമായിരുന്നു. മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാനാവുന്ന ജലസ്‌പർശമായി, സ്‌നേഹസാന്ത്വനത്തിന്റെ തൂവൽസ്‌പർശമാകുന്ന ഇളംകാറ്റായി, സംഹാരശേഷിയുടെ തീക്ഷ്‌ണമായ അഗ്നിനാളമായി, നിത്യസാന്നിധ്യമാകുന്ന ആകാശമായി ജീവിതത്തെ ചേർത്തുപിടിക്കുന്ന ഭൂമിയുടെ കരുതലുമൊക്കെച്ചേർന്ന സ്‌ത്രീമനസ്സിന്റെ വിശാലത ഈ പ്രദർശനത്തിന്റെ വിജയമായെന്ന്‌ ആസ്വാദകർ പറയുന്നു. വീട്ടമ്മമാരും ഉദ്യോഗസ്ഥരും കലാകാരരുമടങ്ങുന്ന വലിയ വിഭാഗം സ്‌ത്രീകളായിരുന്നു പ്രദർശനം കാണാനെത്തിയത്‌. അവരുടെ വാക്കുകൾ ഇതായിരുന്നു: ‘ഇതെന്റെ ജീവിതംപോലെ’. ഈ പ്രദർശനത്തിന്റെ വിജയവും മറ്റൊന്നല്ല.

ചിത്രകലപോലെ എഴുത്തിന്റെ വഴി ഇഷ്ടപ്പെടുന്ന അശ്വതി അരവിന്ദാക്ഷന്റെ രണ്ടു കഥാസമാഹാരങ്ങൾ ഈയിടെ പ്രസിദ്ധീകരിച്ചു. നീറമൺകര എൻഎസ്‌എസ്‌ കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറായ അശ്വതി അരവിന്ദാക്ഷൻ ചിത്രകല, അക്കാദമിക്‌ ആയി പഠിക്കാതെ തന്നെ പരിശീലനത്തിലൂടെയാണ്‌ വരയിലേക്കുള്ള വഴിതുറന്നത്‌.

ചിത്രപ്രദർശനത്തോടൊപ്പം ഷഹീൻ നദീമിന്റെ ടെറാകോട്ട ചെറുശിൽപങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഗൃഹാലങ്കരണത്തിനുപയോഗിക്കാവുന്ന രൂപനിർമിതികളാണ്‌ ഷഹീൻ നദീമിന്റെ ശിൽപരചനകൾ. യഥാതഥമായ പ്രാചീന ശിൽപരൂപ മാതൃകകളെ ഓർമിപ്പിക്കുകയാണീ ശിൽപങ്ങൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − five =

Most Popular