Friday, October 18, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍യുഗപ്രഭാവനായ ഇ.എം.എസ്.‐3

യുഗപ്രഭാവനായ ഇ.എം.എസ്.‐3

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യ പഥികർ‐ 49

1936 ഡിസംബർ അവസാനം മഹാരാഷ്ട്രയിലെ ഫയിസ്പൂരിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിനുശേഷം കോൺഗ്രസ്സിനകത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഫ്രാക്ഷൻ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ആ ഫ്രാക്ഷനിൽ ഇസഡ് എ. അഹമ്മദ്, സജ്ജാദ് സഹീർ, ദിൻകർ മേത്ത, സോളി ബാട്ലിവാല എന്നിവർക്കൊപ്പം ഇ.എം.എസ്സും അംഗമായിരുന്നു. കേരളത്തിലാകട്ടെ കെ.പി.ആറും സർദാർ ചന്ദ്രോത്തും സി.എച്ച്.കണാരനും എൻ.സി.ശേഖറുമടക്കമുള്ളവർ ആ ഫ്രാക്ഷന്റെ ഭാഗം. കെ.ദാമോദരനാകട്ടെ കാശിയിൽവെച്ചുതന്നെ പാർട്ടി അംഗം. ദാമോദരന് അംഗത്വംനൽകിയത് പൊളിറ്റ്ബ്യൂറോ അംഗം ആർ.ഡി.ഭരദ്വാജാണ്. അന്ന് ജനറൽസെക്രട്ടറി പി.സി. ജോഷിക്കുപുറമെ ഭരദ്വാജും അജയഘോഷും ജി.അധികാരിയുമാണ് പി.ബി.യിലെ അംഗങ്ങൾ. ഫയിസ്പൂർ സമ്മേളനത്തിന്ശേഷമാണ് ദിൻകർമേത്ത ആർ.ഡി. ഭരദ്വാജിനെയും ഇ.എം.എസ്സിനെയും കൂട്ടിമുട്ടിക്കുന്നത്. അതിനുമുമ്പുതന്നെ അജയഘോഷ് ഇ.എം.എസ്സിനെ പരിചയപ്പെട്ടിരുന്നെങ്കിലും കൂടുതൽ രാഷ്ട്രീയചർച്ചകൾക്ക് അവസരമുണ്ടായിരുന്നില്ല. ഭരദ്വാജാണ് മണിക്കൂറുകളോളം സംസാരിച്ച് ഇ.എം.എസ്. എന്തുചെയ്യണമെന്ന വഴികാട്ടിയത്. അതിനുമുമ്പ് സുന്ദരയ്യ, എസ്.വി.ഘാട്ടെ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി മാത്രമേ ഇ.എമ്മിന് ബന്ധമുണ്ടായിരുന്നുള്ളൂ.
മേൽപറഞ്ഞ ദേശീയതല മുന്നൊരുക്കങ്ങൾക്കെല്ലാം ശേഷമാണ് കേരളത്തിൽ പാർട്ടി സെൽ കൃഷ്ണപിള്ള സെക്രട്ടറിയായി നിലവിൽവന്നത്‌. അതാകട്ടെ 1939 ഡിസംബർ അവസാനം പാറപ്രത്തുവെച്ച് സംസ്ഥാനതലത്തിൽത്തന്നെ രഹസ്യമായി ഒരു പാർട്ടിയായി മാറുന്നു. അതിന്റെ പരസ്യപ്പെടുത്തലിന് പിന്നെയും കുറെ സമയമെടുത്തു. നേരത്തെ പല അധ്യായങ്ങളിലായി അതിലേക്ക് വെളിച്ചംവീശുകയുണ്ടായി.

എന്നാൽ കോൺഗ്രസ്സിനകത്തുള്ള വിഭാഗീയതയിലേക്ക് ഒരിക്കൽക്കൂടി എത്തിനോക്കേണ്ടതുണ്ട്. കെ.പി.സി.സി.യിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ളത് വലതുപക്ഷത്തിന് ഒരുതരത്തിലും അംഗീകരിക്കാനാവുമായിരുന്നില്ല. കെ.കേളപ്പൻ പരസ്യമായിത്തന്നെ നേതൃത്വത്തെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായി. 1939 അവസാനം നടന്ന ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചാൽ ഇടതുപക്ഷത്തിനാവും മുൻതൂക്കം എന്ന് കണക്കുകൂട്ടി മത്സരിക്കുകയേവേണ്ട എന്ന് ദേശീയ നേതൃത്വത്തിൽ സമ്മർദംചെലുത്തി. അന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ ഇ.എം.എസ്. ഇക്കാര്യത്തിൽ കോൺഗ്രസ്സധ്യക്ഷന്നായ രാജേന്ദ്രപ്രസാദുമായി നടത്തിയ കത്തിടപാടുകൾ കേരളരാഷ്ട്രീയത്തിലെ അന്നത്തെ വലിയ സംഭവമായിരുന്നു. 1937‐ൽ കെ.പി.സി.സി. വലതുപക്ഷനേതൃത്വത്തിലായിരുന്നപ്പോൾ പ്രാദേശികനേതൃത്വങ്ങൾ മിക്കവാറും ഇടതുപക്ഷത്തായിരുന്നു. അക്കാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചവരിലേറെയും വലതുപക്ഷക്കാർ. അതൊന്നും കണക്കിലെടുക്കാതെ ഇടതുപക്ഷം അവരെ വിജയിപ്പിക്കാൻ ആത്മാർഥമായി പ്രവർത്തിച്ചു. എന്നാൽ കെ.പി.സി.സി. ഇടതുപക്ഷനേതൃത്വത്തിലായപ്പോൾ നടന്ന ജില്ലാ ബോർഡ് തിരഞ്ഞെടുപ്പിൽ കാലുവാരുകയായിരുന്നു വലതുപക്ഷം. എന്നിട്ടും വൻഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചു. തോറ്റത് കേളപ്പന്റെ നാട്ടിലാണ്! മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഇടതുപക്ഷവും യോജിച്ചതിനാലാണ് 1939‐ൽ കെ.പി.സി.സി. തിരഞ്ഞെടുപ്പിൽ വലതുപക്ഷം തോറ്റത്. നേരത്തെ സംഘടനാ സെക്രട്ടറിയായി ഇ.എം.എസ്. നിയമിക്കപ്പെടുകയായിരുന്നെങ്കിൽ 1938‐ൽ മുഹമ്മദ് അബ്ദുറഹ്മാൻ പ്രസിഡണ്ടും ഇ.എം.എസ്. സെക്രട്ടറിയും പി.നാരായണൻനായർ ട്രഷററുമായി ഭൂരിപക്ഷപ്രകാരം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതോടെ വലതുപക്ഷം കേളപ്പന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്തിനെതിരെ അപവാദപ്രചാരണവും തുടങ്ങി. കോൺഗ്രസ്സിനെ വർഗീയവാദികൾക്ക് അടിയറവെച്ചുവെന്നാണ് പ്രചാരണം നടത്തിയത്. മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ധീരദേശാഭിമാനിയെ വർഗീയവാദിയായാണ്‌ വലതുപക്ഷ കോൺഗ്രസ് നേതാക്കൾ മുദ്രകുത്തിപ്പോന്നത്. മുഹമ്മദ് അബ്ദുറഹ്മാൻ ഫോർവേഡ് ബ്ലോക്കിന്റെ ദേശീയസമിതി അംഗവും ഇ.എം.എസ്. സി.എസ്.പി.യുടെ നേതാവുമാണെന്നതിനാൽ കെ.പി.സി.സി. പിരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി ഉയർത്തി. അവരുടെ ലക്ഷ്യസാധ്യത്തിനുള്ള അവസരമൊരുങ്ങിയത് ഒരുവർഷത്തിനുശേഷം മാത്രമാണ്. സെപ്റ്റംബർ 15‐സംഭവത്തിനുശേഷം.

ഇ.എം.എസ്. മദിരാശി നിയമസഭയിലെ കോൺഗ്രസ് അംഗമായിരുന്നുവെന്ന വസ്തുത ഇപ്പോൾ അധികമാർക്കുമറിയില്ല. മദിരാശിയിലെ രാജാജി മന്ത്രിസഭയിൽ അംഗമായിരുന്ന കോങ്ങാട്ടിൽ രാമൻമേനോൻ അന്തരിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ ഇ.എം.എസ്. സ്ഥാനാർഥിയായി. വിജയിച്ചു. ഏതാനുംമാസം മാത്രമേ ആ എം.എൽ.എ സ്ഥാനംനിലനിന്നുള്ളൂ. അതിനുകാരണം രണ്ടാംലോക യുദ്ധത്തിന് ഇന്ത്യ പിന്തുണനൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മന്ത്രിസഭകൾ രാജിവെക്കുകയായിരുന്നു. എന്നാൽ ആ മന്ത്രിസഭയുടെ തീരുമാനപ്രകാരം മലബാറിലെ കുടിയായ്മ പ്രശ്നം പഠിക്കാൻ രൂപീകൃതമായ സമിതിയിൽ ഇ.എം.എസ്. അംഗമായിരുന്നു. അറക്കൽരാജയടക്കമുള്ളവരാണ് മറ്റ് അംഗങ്ങൾ. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേതന്നെ മന്ത്രിസഭ രാജിവെക്കുകയും നിയമസഭ ഇല്ലാതാവുകയുംചെയ്തിരുന്നു. ഇ.എം.എസ്. ഒളിവിലായിരുന്നു അക്കാലത്ത്. കുടിയായ്മാ സമിതിയുടെ റിപ്പോർട്ട് കൂട്ടായി ഇരുന്ന് തയ്യാറാക്കാൻ സാധിച്ചില്ല. ഇ.എം.എസ്. ഇടതുപക്ഷ നയത്തിലൂന്നി വിയോജനക്കുറിപ്പ് നൽകി. ഒരു വ്യാഴവട്ടക്കാലംമുമ്പ് പയ്യന്നൂരിൽ നടന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തിൽ ജന്മി സമ്പ്രദായത്തിനെതിരായ പ്രമേയത്തിനെതിരെ വോട്ടുചെയ്ത ഇ.എം.എസ്. ഈ കാലമാകുമ്പോഴേക്കും കമ്മ്യൂണിസ്റ്റാവുകയും ജന്മിത്തവിരുദ്ധ സമരത്തിന്റെ നേതൃനിരയിലേക്കെത്തുകയുമായിരുന്നു. ആ വിയോജനക്കുറിപ്പ് പിൽക്കാലത്ത് ഭൂപരിഷ്കരണനിയമമുണ്ടാക്കുമ്പോൾ അടിസ്ഥാനരേഖകളിലൊന്നായി മാറുകയുംചെയ്തു. കമ്മ്യൂണിസ്റ്റായ ശേഷം ഇ.എം.എസ്. ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് 1946‐ലാണ് മലപ്പുറം മണ്ഡലത്തിൽ വലിയ പരാജയമാണുണ്ടായത്.

യുദ്ധാരംഭത്തിൽത്തന്നെ മുഹമ്മദ് അബ്ദുറഹ്മാൻ അറസ്റ്റിലും ഇ.എം.എസ്. ഒളിവിലുമായതിനാൽ കെ.പി.സി.സി .പ്രസിഡണ്ടായി കെ.ടി.കുഞ്ഞിരാമൻനമ്പ്യാരെയും സെക്രട്ടറിയായി കെ.ദാമോദരനെയും തിരഞ്ഞെടുത്തിരുന്നു. സി.എസ്.പിക്കാരനല്ലെങ്കിലും ഇടതുപക്ഷത്തിന്റെ ഉറച്ച ബന്ധുവായിരുന്നു കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ. ദാമോദരൻ കമ്മ്യൂണിസ്റ്റും. യുദ്ധത്തിലേക്ക്‌ ഇന്ത്യയെ വലിച്ചിഴച്ചതിലും സർക്കാരിന്റെ മർദനനയത്തിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് 1940 സെപ്റ്റംബർ 15‐ന് വിവിധ കേന്ദ്രങ്ങളിൽ റാലി നടത്താൻ കെ.പി.സി.സിക്കുവേണ്ടി ജനറൽ സെക്രട്ടറി കെ.ദാമോദരൻ ആഹ്വാനംചെയ്തു. പ്രതിഷേധസമരം അമർച്ചചെയ്യാൻ പോലീസ് നരനായാട്ടാണ് നടത്തിയത്. വെടിവെപ്പിൽ തലശ്ശേരിയിൽ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി. മൊറാഴയിൽ രണ്ട് പോലീസുകാരും മട്ടന്നൂരിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഈ സംഭവം കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കാനുള്ള അവസരമായി ഉപയോഗിക്കുകയായിരുന്നു വലതുപക്ഷം. അതിന് നേതൃത്വം നൽകിയതാകട്ടെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായ പട്ടാഭി സീതാരാമയ്യയും. പട്ടാഭിയെ സംബന്ധിച്ച് ഇതൊരു വൈരനിര്യാതനംകൂടിയാണ്. കാരണം ഗാന്ധിജിയുടെ സ്ഥാനാർഥിയായ പട്ടാഭിക്കെതിരെ സുഭാഷ് ചന്ദ്രബോസിനെ സ്ഥാനാർഥിയായി കേരളത്തിൽനിന്ന് നാമനിർദേശംചെയ്തത് കെ.പി.സി.സി.യിലെ ഇടതുപക്ഷക്കാരാണ്. മാത്രമല്ല കേരളത്തിൽനിന്ന് സുഭാഷിന് എൺപത് വോട്ടും പട്ടാഭിക്ക് കേവലം 18 വോട്ടുമാണ് ലഭിച്ചത്. മൊറാഴ‐മട്ടന്നൂർ സംഭവം അന്വേഷിക്കാൻ പട്ടാഭി, ഒഡിഷയിൽനിന്നുള്ള ആർ.കെ.എൻ. നന്ദകോളിയർ, മുൻ മദിരാശി മന്ത്രി സുബ്ബരായൻ എന്നിവരെ ചുമതലപ്പെടുത്തി. അവരുടെ സിറ്റിങ്ങിൽ കെ.ദാമോദരൻ പാർട്ടിക്കനുകൂലമായ തെളിവുകളെല്ലാം ഹാജരാക്കി. ഒളിവിലുള്ള ഇ.എംഎസ്സാകട്ടെ വിശദമായ ഒരു കത്തെഴുതി എത്തിച്ചു. പക്ഷേ കെ.പി.സി.സി. പിരിച്ചുവിടാനാണ് നന്ദകോളിയർ ശുപാർശ ചെയ്തത്. ഒക്ടോബർ മധ്യത്തിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി കെ.പി.സി.യെ പിരിച്ചുവിടുകയും നന്ദകോളിയരുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ കെ.പി.സി.സി.യുടെ താൽക്കാലിക കമ്മിറ്റിയായി നിയമിക്കുകയുംചെയ്തു. അതിലൊരാൾ ഇ.എം.എസ്സിന്റെ ഗുരുവായ എം.പി.ഗോവിന്ദമേനോനാണ്. (കെ.പി.സി.സി.യുടെ അധ്യക്ഷനായിരുന്ന എം.പി.നാരായണമേനോന്റെ സഹോദരൻ) മറ്റൊരാൾ ഇ.എം.എസ്സിനൊപ്പം കെ.പി.സി. സെക്രട്ടറിയായിരുന്ന സി.കെ.ഗോവിന്ദൻനായരും.

ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ ഇ.എം.എസ്. ഒളിവിലായിരുന്നു. 1940 ഏപ്രിലിലാണ് ഏലംകുളം പുളിങ്കാവിലെ വസതിയിൽനിന്ന് സഖാവ് പി.വി.കുഞ്ഞുണ്ണിനായർക്കൊപ്പം ഇ.എം.എസ്. ഒളിവിൽപോകാനായി ഇറങ്ങിയത്.ആദ്യം പാലക്കാട് ചളവറയിൽ ഐ.സി.പി. നമ്പൂതിരിയുടെ വീട്. പകൽ അവിടെ കഴിഞ്ഞശേഷം വല്ലപ്പുഴ റെയിൽവേസ്റ്റേഷനിലേക്ക്. അവിടെനിന്ന് നിലമ്പൂർക്ക്. അവിടെനിന്ന് ഗൂഡല്ലൂരിൽ. പിന്നെ മാനന്തവാടിയിൽ. അവിടെ രണ്ട് ദിവസത്തെ താമസത്തിനുശേഷം തലശ്ശേരിയിലേക്ക്. കുഞ്ഞുണ്ണിനായർ മാനന്തവാടിയിൽനിന്ന് പാലക്കാട്ടേക്ക് മടങ്ങുന്നു. ഇ.എം.എസ്സിനെ കൂട്ടാൻ തലശ്ശേരിയിലെ പാർട്ടി പ്രവർത്തകനായ കെ.എൻ.ചാത്തുക്കുട്ടി മാനന്തവാടിയിൽ എത്തിയിട്ടുണ്ടായിരുന്നു. ഒരു ലോറിയിൽ തലശ്ശേരിയിലേക്ക്. അവിടെ വടക്കുമ്പാട് ഏതാനും ദിവസത്തെ താമസം. വീടുകളിൽനിന്ന് വീടുകളിലേക്ക് മാറി താമസം. സെപ്റ്റംബർ 15‐ന്റെ റാലി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനം. മൊറാഴയിൽ റാലി നടത്തേണ്ട സ്ഥലത്തിനടുത്ത് കടമ്പേരിയിൽ ഇ.എം.എസ്സും കൃഷ്ണപിള്ളയും കേരളീയനും കൂടിച്ചേർന്നു. മൊറാഴ, കല്യാശ്ശേരി, കടമ്പേരി മേഖലയിലായി അവരുടെ താമസം. മൊറാഴയിലെ നിരോധനാജ്ഞയടക്കമുള്ള സംഭവങ്ങൾ കെ.പി.ആർ. നേതാക്കളെ അറിയിച്ചുകൊണ്ടിരുന്നു. യോഗസ്ഥലം മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് കെ.പി.ആർ. തീരുമാനിച്ചത്.

മൊറാഴ സംഭവത്തെ തുടർന്ന് അതിവേഗം സ്ഥലംവിട്ട ഇ.എം.എസ്. പിന്നീട് അഞ്ചരക്കണ്ടി മേഖലയിലാണ് ഏതാനും ദിവസം കഴിഞ്ഞത്. 1940 ഒക്ടോബർ 29 മുതൽ ചെറുമാവിലായിയിൽ നള്ളക്കമ്ടി പൊക്കന്റെ കുടിലിൽ. ചെത്തുതൊഴിലാളിയായ പൊക്കന്റെ ചെറിയ വീട്ടിൽ ഒന്നരക്കൊല്ലമാണ് ഇ.എം.എസ്.താമസിച്ചത്. അവിടെ പാർട്ടിയുടെ താൽക്കാലിക ആസ്ഥാനമാക്കി. സുന്ദരയ്യയും കൃഷ്ണപിള്ളയുമടക്കമുള്ളവർ അതീവരഹസ്യമായി ആ വീ്ട്ടിലെത്തി ഇ.എം.എസുമായി ചർച്ച നടത്തി. കണ്ണിലെ കൃഷ്ണമണിപോലെ ഇ.എം.എസിനെ പൊക്കനും കുടുംബവും കാത്തു.

പൊക്കന്റെ വീട്ടിൽ താമസിച്ച് രഹസ്യമായി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കെ ഒന്നൊന്നരമാസം കഴിഞ്ഞ്, അതായത് 1940 ഡിസംബർ മധ്യത്തിൽ ഞെട്ടിക്കുന്ന ഒരു വിവരം‐ പാർട്ടിയുടെ എല്ലാമെല്ലാമായ കൃഷ്ണപിള്ള അറസ്റ്റിൽ. ദിവസങ്ങളെത്രയോ ആയിട്ടും കൃഷ്ണപിള്ള എവിടെ ,ഏതു ജയിലിൽ എന്ന വിവരമേയില്ല. മാതൃഭൂമി ഒരു മുഖപ്രസംഗമെഴുതി‐ കൃഷ്ണപിള്ള എവിടെ. (ശുചീന്ദ്രത്തെ ജയിലിലായിരുന്നു കൃഷ്ണപിള്ള). അങ്ങനെയിരിക്കെ ഒരുനാൾ പി.സുന്ദരയ്യ പൊക്കന്റെ വീട്ടിലെത്തി. സി.എച്ച്.കണാരനും. കൃഷ്ണപിള്ള ജയിൽമോചിതനാകുന്നതുവരെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക. എന്നാൽ രഹസ്യമായി എല്ലായിടത്തും സഞ്ചരിച്ച് ഏകോപന പ്രവർത്തനങ്ങൾ സി.എച്ച്. നിർവഹിക്കണം. ഇ.എം.എസ്. ചെറുമാവിലായിയിൽത്തന്നെ താമസിച്ച് പാർട്ടിയുടെ രഹസ്യകേന്ദ്രം‐ പി.എൽ.ഒ‐ അതായത് പാതാളലോകം‐ പ്രവർത്തിപ്പിക്കുക‐ പാർട്ടിയുടെ വാർത്തകൾ എത്തിക്കാൻ പ്രസിദ്ധീകരണം ആരംഭിക്കുകയും അതിന്റെ ചുമതല നിർവഹിക്കുകയും ചെയ്യേണ്ടത് ഇ.എം.എസ്. രണ്ടു ഘട്ടങ്ങളിലായി പ്രഭാതം പത്രം നടത്തി പരിചയസമ്പന്നനാണ് ഇ.എം.എസ്. പൊക്കന്റെ വീട് പാർട്ടിയുടെ സംസ്ഥാനകേന്ദ്രമാവുകയായിരുന്നു. ആ വീട്ടിലേക്ക് അതീവരഹസ്യമായി പാർട്ടിയുടെ സാർവദേശീയ‐ദേശീയ പ്രസിദ്ധീകരണങ്ങൾ എത്തി. ബോംബെ പാർട്ടി ആസ്ഥാനത്തുനിന്നുള്ള എഴുത്തുകുത്തുകൾ എത്തി. രാത്രികാലത്ത് രഹസ്യകേന്ദ്രങ്ങളിലേക്ക് നടന്നെത്തി ഇ.എം.എസ്. നേതാക്കൾക്കും പ്രവർത്തകർക്കും അത് വിവരിച്ചുകൊടുത്തു. സുന്ദരയ്യയുടെ നിർദേശപ്രകാരം പാർട്ടി പ്രസിദ്ധീകരണമായി പാർട്ടി കത്ത് തുടങ്ങി. സാർവദേശീയ‐ദേശീയ കാര്യങ്ങളും സംഘടനാകാര്യങ്ങളുമെല്ലാമടങ്ങിയ പ്രതിമാസ കത്ത്. അരപ്പായ കടലാസിൽ ആറുപേജ്. ആദ്യം പേരാമ്പ്രക്കടുത്ത് വടക്കുമ്പാട്ടും പിന്നീട് തലശ്ശേരിയിലും ഏർപ്പാടാക്കിയ സൈക്ലോസ്റ്റൈൽ യന്ത്രത്തിൽ കോപ്പിയെടുത്ത് മംഗലാപുരം മുതൽ ആലപ്പുഴ വരെ വിതരണം. തലശ്ശേരിയിലെ സഖാവായ ഹരിദാസാണ് വിതരണക്കാരൻ. ഇതിന് പുറമെയാണ് മറ്റൊരുത്തരവാദിത്തം കൂടിയുണ്ടായത്. പാർട്ടി ക്ലാസിക്കുകൾ തർജമചെയ്ത് പ്രസിദ്ധപ്പെടുത്താൻ തയ്യാറാക്കുക. സി.പി.എസ്.യു ബി ചരിത്രമാണ് ആദ്യമെത്തിയത്. ഇ.എം.എസ്. പൊക്കന്റെ വീട്ടിലിരുന്ന് അതിന്റെ തർജമ തുടങ്ങി. അപ്പോഴേക്കും സി.ഉണ്ണിരാജയും എം.എസ്. ദേവദാസും കൂടി ആ പ്രവർത്തനത്തിൽ പങ്കാളികളായി. തുടർന്ന് അവർ മറ്റു മാർക്സിസ്റ്റ് കൃതികൾ പരിചയപ്പെടുത്താനുള്ള ഒരുക്കങ്ങളായി.

1942 ജൂൺ 23‐ന് പാർട്ടിക്കുമേലുള്ള നിരോധനാജ്ഞ പിൻവലിച്ചു. കൃഷ്ണപിള്ളയടക്കമുള്ളവർ പുറത്തുവന്നു. വാറണ്ടുണ്ടായിരുന്നതിനാൽ ഇ.എം.എസ്. കുറച്ചുദിവസംകൂടി പൊക്കന്റെ വീട്ടിൽത്തന്നെ കഴിഞ്ഞു. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് പാർട്ടിയുടെ ഓഫീസ് തുടങ്ങി. ആഗസ്റ്റ് രണ്ടിന് ഇ.എം.എസ്. ആ ഓഫീസിലെത്തി. കയ്യൂർ സഖാക്കളെ തൂക്കിക്കൊല്ലാനുള്ള വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് വൈകിട്ട് ടൗൺഹാളിൽ പൊതുയോഗം. ഇ.എം.എസ്. ആ യോഗത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൂറുകണക്കിനാളുകളുടെ ഹർഷാരവവും ആവേശം നിറഞ്ഞ മുദ്രാവാക്യവും. ഇ.എം.എസിന്റെ പ്രസംഗം തീരേണ്ടതാമസം പോലീസ് വേദിയിലെത്തി. ജനങ്ങളുടെ പ്രതിഷേധത്തിനിടെ ഇ.എം.എസിനെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപനം. എതിർപ്പുവേണ്ട, ഞാൻ വേഗം പുറത്തുവരുമെന്ന് ജനക്കൂട്ടത്തെ ഇ.എം.എസ്. ശാന്തരാക്കാൻ ശ്രമിച്ചു. അറസ്റ്റിലായ ഇ.എം.എസ്. ഏതാനും മണിക്കൂറിനകംതന്നെ മോചിതനായി..വാറണ്ട് പിൻവലിക്കപ്പെട്ടിരുന്നു.

പരസ്യപ്രവർത്തനമാരംഭിച്ച് അധികദിവസം കഴിയുന്നതിനുമുമ്പ് ഇ.എം.എസ്. ബോംബെയിലെ പാർട്ടി ആസ്ഥാനത്തുചെന്ന് ജനറൽ സെക്രട്ടറി പി.സി.ജോഷിയടക്കമുള്ള നേതാക്കളെ കണ്ടു. തന്റെ സ്വത്ത് പാർട്ടിക്ക് സംഭവാനചെയ്യുന്നതായി ഇ.എസ്. ജോഷിയെയും പി.ബി.അംഗമായ ജി.അധികാരിയെയും അറിയിച്ചു. പാർട്ടി മുഖപത്രമായ പീപ്പിൾസ്‌ വാറിൽ അടുത്തലക്കത്തിൽ അക്കാര്യം അറിയിപ്പായി വന്നു. ഇ.എം.എസ്സിന് ആകെ ലഭിച്ച സ്വത്തിൽ പുളിങ്കാവിലെ വീടും ഒരേക്കർ പുരയിടവുമൊഴിച്ച്, 1500 പറ വാരംകിട്ടുന്ന ഭൂസ്വത്തുക്കൾ എഴുപതിനായിരത്തോളം രൂപയ്ക്ക് വിറ്റ് അത് പാർട്ടിക്ക് നൽകി. പാർട്ടി മുഖപത്രമായി ദേശാഭിമാനി ആരംഭിക്കുന്നതിന് അത് മുതൽക്കൂട്ടായി. പാർട്ടി പരസ്യമായി കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചതോടെ ഒരു വീട് വാടകയ്ക്കെടുത്ത് പാർട്ടി കമ്മ്യൂൺ ആരംഭിച്ചു. ഭാര്യ ആര്യ, മകൾ മാലതി എന്നിവരെയുംകൂട്ടി ഇ.എം.എസ്. കമ്മ്യൂണിൽ താമസമാക്കി. കൃഷ്ണപിള്ള, ഭാര്യ തങ്കമ്മ, ടി.സി.നാരായണൻനമ്പ്യാർ, പി.ആർ.നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, കാന്തലോട്ട് കുഞ്ഞമ്പു, യശോദടീച്ചർ, ഐ.സി.പി. നമ്പൂതിരി, എ.വി.കുഞ്ഞമ്പു, കെ.സി.ജോർജ് തുടങ്ങിയവരായിരുന്നു കമ്മ്യൂണിലെ അന്തേവാസികൾ.

1943 മെയ് മാസം ബോംബെയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസ്സിൽ ഇ.എം.എസ്സിനെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ലോകയുദ്ധം ഫാസിസ്റ്റ്‌ വിരുദ്ധ ജനകീയയുദ്ധമായെന്ന പാർട്ടിയുടെ പുതിയ സമീപനം പാർട്ടിക്കകത്ത് അതിരൂക്ഷമായ അഭിപ്രായസംഘർഷമാണുണ്ടാക്കിയിരുന്നത്. യഥാർഥത്തിൽ കേരളത്തിൽ പാർട്ടി രൂപംകൊള്ളുന്നതേയുണ്ടായിരുന്നുള്ളൂ. പ്രത്യയശാസ്ത്രപമായി പാർട്ടിയുടെ അണികൾ തീരെ സജ്ജരായിരുന്നില്ല. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കുകയും യുദ്ധത്തിൽ പങ്കാളികളാകാൻ ബ്രിട്ടീഷ് പട്ടാളത്തിൽചേരുകയുംചെയ്യുകയെന്ന നയമാണ് പാർട്ടി സ്വീകരിച്ചത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്ലീനംനടത്തി ആ നയത്തിന് അംഗീകാരം വാങ്ങിയെങ്കിലും കടുത്ത ഭിന്നത നിലനിന്നു. നിരവധി അംഗങ്ങളും കാഡർമാരും പാർട്ടിവിട്ടുപോകുന്ന സ്ഥിതിയുണ്ടായി. പാർട്ടിയിലേക്ക് എത്തുമെന്നു കരുതിയ ആയിരക്കണക്കിന് സോഷ്യലിസ്റ്റുകൾ പാർട്ടിക്ക് എതിരായി. അതിരൂക്ഷമായ ഈ പ്രശ്നം പരിഹരിക്കുന്നതിന് അണികളെ ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം ഇ.എം.എസ്. ജനകീയയുദ്ധത്തിലൂടെ പൂർണസ്വാതന്ത്ര്യത്തിലേക്ക് എന്ന ലഘുലേഖ എഴുതി പ്രസിദ്ധപ്പെടുത്തി.

പാർട്ടിനേതൃത്വത്തിലെ തർക്കം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രനേതൃത്വത്തോടുപോലും ആലോചിക്കാതെ പാർട്ടി സംസ്ഥാന കമ്മിറ്റി കൃഷ്ണപിള്ള പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ അധികാരവും തന്നിൽ നിക്ഷിപ്തമാണെന്ന പ്രഖ്യാപനവും നടത്തി. പാർട്ടി നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു അത്. കേന്ദ്ര കമ്മിറ്റി ഇടപെട്ട് സംസ്ഥാന കമ്മിറ്റിയെ പുനരുജ്ജീവിപ്പിച്ചുവെങ്കിലും സി.എച്ച്.കണാരൻ, ടി.കെ.രാജു തുടങ്ങിയവരെ കമ്മിറ്റിയിൽനിന്ന് സസ്പെന്റ് ചെയ്ത നടപടി തൽക്കാലം പിൻവലിക്കാനായില്ല. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ സംസ്ഥാനത്തെ സംഘടനാ പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ഇ.എം.എസ്. കൃഷ്ണപിള്ളയുടെ നടപടി സംഘടനാവിരുദ്ധമെങ്കിലും നടപടിയെടുക്കാൻ ശുപാർശ ചെയ്തില്ല. മഹാനായ നേതാവായിരിക്കുമ്പോൾത്തന്നെ അധികാരകേന്ദ്രീകരണത്തിന്റെയും തന്നിഷ്ടപ്രകാരം തീരുമാനമെടുക്കലിന്റെയും ദൗർബല്യം കൃഷ്ണപിള്ളയിൽ അക്കാലത്ത് നിറഞ്ഞുനിന്നിരുന്നതായി ഇ.എം.എസ്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന പുസ്തകത്തിൽ പിൽക്കാലത്ത് രേഖപ്പെടുത്തുകയുണ്ടായി. സോവിയറ്റു യൂണിയനിൽ സ്റ്റാലിനും ചൈനയിൽ മാവോയും അനുവർത്തിച്ച അപ്രമാദിത്വനയവും അധികാരകേന്ദ്രീകരണവും വ്യക്തിപൂജയും ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുപാർട്ടികളിൽ അക്കാലത്ത് ഒരു ‘കൊച്ചുസ്റ്റാലിൻ’ പ്രതിഭാസത്തെ വളർത്തിയെന്നുംകൂടി ഇ.എം.എസ്. വ്യക്തമാക്കുന്നു. ഈ സമീപനം പാർട്ടിയുടെ വളർച്ചയെ ബാധിച്ചുവെന്നും സ്വയംവിമർശപരമായി ഇ.എം.എസ്. വ്യക്തമാക്കുകയുണ്ടായി.

1943 മുതൽ 48‐ൽ രണ്ടാം കോൺഗ്രസ്സിന്റെ കാലംവരെയുള്ള ഘട്ടത്തിൽ കേരളത്തിൽ വർഗബഹുജനസംഘടനകൾ കെട്ടിപ്പടുത്ത് സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഇ.എം.എസ്. നേതൃത്വം നൽകി. രണ്ടാം ലോകയുദ്ധത്തെ തുടർന്ന് നാട്ടിൽ പട്ടിണി രൂക്ഷമായപ്പോൾ ഭക്ഷ്യോല്പാദനം വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ കർഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മഹത്തായ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. തരിശുനിലങ്ങൾ വെട്ടിത്തെളിച്ച് കൃഷിയിറക്കൽ, ഭക്ഷ്യോല്പാദക‐ഉപഭോക്തൃ സഹകരണസംഘങ്ങൾ കെട്ടിപ്പടുക്കൽ‐ കരിവെള്ളൂർ, കാവുമ്പായി സമരങ്ങളിലേക്ക് നയിച്ച രാഷ്ട്രീയാന്തരീക്ഷത്തിന്റെ സൃഷ്ടി. 1945‐ൽ കോഴിക്കോട്ടുനടത്തിയ കർഷകസമ്മേളനത്തിലാണ് അതിനുള്ള തീരുമാനമുണ്ടായത്. ഇ.എം.എസ്സാണ് അതിന് നേതൃത്വം നൽകിയത്.

കൊൽക്കത്ത തീസിസ് അംഗീകരിച്ച രണ്ടാം കോൺഗ്രസ്സിൽ നടന്ന രൂക്ഷമായ പ്രത്യയശാസ്ത്രസമരത്തിൽ കേരളത്തിൽനിന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ പങ്കെടുത്ത പ്രതിനിധിസംഘം മധ്യവർത്തിസമീപനമാണ് സ്വീകരിച്ചത്. പി.സി.ജോഷിയെ വിമർശിച്ചെങ്കിലും ബി.ടി.രണദിവെയുടെ നേതൃത്വത്തിൽ ജോഷിക്കെതിരെ നടന്ന തീവ്രമായ കുറ്റപ്പെടുത്തലിലും ഒറ്റപ്പെടുത്തതിലും കേരളം പങ്കാളികളായില്ല. ജോഷിയെ പുതിയ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പിന്തുണനൽകുകയാണ് കേരള പ്രതിനിധിസംഘം ചെയ്തത്. രണദിവെയുടെ തീവ്രവാദപരമായ നയത്തെ ഭാഗികമായെങ്കിലും എതിർത്തതിനാൽ പുതുതായി രൂപീകരിച്ച പോളിറ്റ്ബ്യൂറോയിൽ ഇ.എം.എസ്സിനെ ഉൾപ്പെടുത്തിയില്ല. ജോഷിയെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് പുറന്തള്ളിയതിനെ ഇ.എം.എസ്സടക്കമുള്ളവർ എതിർത്തു.

രണ്ടാം കോൺഗ്രസ് കഴിഞ്ഞതോടെ പാർട്ടി വീണ്ടും ഒളിവിലായി. ഈ ഘട്ടത്തിൽ കേരളത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കൃഷ്ണപിള്ള, ഇ.എം.എസ്., കെ.സി.ജോർജ് എന്നിവരടങ്ങിയ സമിതിയാണ് പാർട്ടി പ്രവർത്തനം കേരളത്തിൽ നയിച്ചത്. 1948 ആഗസ്റ്റ് 19‐ന് കൃഷ്ണപിള്ള അന്തരിച്ചതിനെ തുടർന്ന് എൻ.സി.ശേഖറും സ്റ്റേറ്റ് സെന്ററിന്റെ ഭാഗമായി. ഒരു ഘട്ടത്തിൽ സി.അച്യുതമേനോനും എൻ.ഇ.ബാലറാമും അതിന്റെ ഭാഗമായി.

നിരോധനകാലത്തെ കാര്യങ്ങൾ മറ്റധ്യായങ്ങളിൽ വരുന്നുണ്ടെന്നതിനാൽ ആ വിശദാംശങ്ങളിലേക്ക് വീണ്ടും പോകാതെ പ്രക്ഷുബ്ധമായ നാല്പതുകളിൽ ഇ.എം.എസ്. നടത്തിയതും ഐക്യകേരളത്തെ സംബന്ധിച്ച് നിർണായകവുമായ ഒരു പ്രവർത്തനത്തിലേക്ക് എത്തിനോക്കാം.

നാല്പതുകളിൽ സി.പി.ഐ കേന്ദ്ര കമ്മിറ്റി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനഏകോപനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. 1927‐ൽത്തന്നെ ജവഹർലാൽ നെഹ്റു ഈ മുദ്രാവാക്യം മുന്നോട്ടുവെച്ചെങ്കിലും കോൺഗ്രസ്സിലെ ഭൂരിപക്ഷം അതിനെ എതിർക്കുകയായിരുന്നു. 1928‐ൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽനടന്ന കേരളരാഷ്ട്രീയ സമ്മേളനത്തിൽ ഐക്യകേരളത്തിനുവേണ്ടി പ്രമേയമുണ്ടായി. എന്നാൽ കേരളത്തിലെതന്നെ കോൺഗ്രസ്സിലെ പ്രബലവിഭാഗം ഭാഷാസംസ്ഥാനത്തിനെതിരായിരുന്നു. പ്രത്യേകിച്ച് കേളപ്പനും കൂട്ടരും. എന്നാൽ കെ.പി.കേശവമേനോന്റെ നേതൃത്വത്തിൽ ഭാഷാസംസ്ഥാന രൂപീകരണത്തിന് സമ്മർദവും നടന്നു. തിരുവിതാംകൂർ രാജാവും ദിവാനും കേരളസംസ്ഥാനത്തിന് എതിരായിരുന്നു. മലബാറിനെ തിരുവിതാംകൂറിനോട് ചേർക്കുന്നതിനെ അവർ എതിർത്തു. അതേസമയം കൊച്ചി രാജാവ് ഐക്യകേരളത്തിനായി വാദിച്ചു. എന്നാൽ താൻ കേരളപ്പെരുമാളാണെന്ന നാട്യത്തോടെയുള്ള പ്രഖ്യാപനമായിരുന്നു അത്. ക്ഷേത്രപ്രവേശനംപോലും അനുവദിക്കാൻ തയ്യാറാകാത്ത കൊച്ചിരാജാവ് ഐക്യകേരള യോഗത്തിൽ പരശുരാമന്റെ പ്രതിമ സ്ഥാപിച്ചത്‌ പഴയ നാടുവാഴിത്തകാലത്തിലേക്കുള്ള തിരിച്ചുപോക്കാണ് വിളംബരം ചെയ്തത്. ഇതിനെയെല്ലാം എതിർത്തുകൊണ്ടും യഥാർഥ ഐക്യകേരളത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടും ഐക്യകേരളത്തിന്റെ സാംസ്കാരികഭൂമിക അവതരിപ്പിച്ചുകൊണ്ടും ഇ.എം.എസ്. ഒരു ലഘുലേഖ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി.‐ അതാണ് ഒന്നേകാൽ കോടി മലയാളികൾ. വിദ്യാസമ്പന്നരായ മലയാളികൾക്കിടയിലാകെ വലിയൊരു ചർച്ചാവിഷയമായി അത് മാറി. കേളപ്പനും സാമുവൽ ആറോണുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ പശ്ചിമതീരസംസ്ഥാനത്തിനുവേണ്ടി വാദിക്കുമ്പോൾ ഭാഷാസംസ്ഥാനത്തിലാണ് ഊന്നേണ്ടതെന്ന ബോധവൽക്കരണമാണ് ഇ.എം.എസ്. ഒന്നേകാൽ കോടി മലയാളികളിലൂടെ ഉദ്ദേശിച്ചത്. അതാകട്ടെ പാർട്ടിയുടെ ദേശീയനേതൃത്വത്തിന്റെ തീരുമാനപ്രകാരവുമത്രെ. പി.സുന്ദരയ്യ വിശാലാന്ധ്ര എന്ന പേരിലും ഭവാനി സെൻ നതുൻ ബംഗ്ലോ എന്ന പേരിലും പുസ്തകം എഴുതിയതും ഈ തീരുമാനത്തിന്റെ ഭാഗമായാണ്. ഒന്നേകാൽ കോടി മലയാളികൾ എന്ന ബൃഹത്തായ ലഘുലേഖയിൽ നിർത്താതെ, ഐക്യകേരളത്തിന്റെ ചരിത്രാടിസ്ഥാനത്തിലേക്കും സാംസ്കാരികൈക്യത്തിലേക്കും വെളിച്ചംവീശുന്ന ഒരു പുസ്‌തകരചനയിലേർപ്പെടുകയായിരുന്നു ഇ.എം.എസ്. മാർക്സിസ്റ്റ് വീക്ഷണത്തിൽ കേരളചരിത്രരചനയക്കുള്ള ആദ്യചുവടുവെപ്പായിരുന്നു അത്‐ കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥം. അതിലെ പ്രാചീനചരിത്രഭാഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിമർശനമുയർന്നുവന്നു. എന്നാൽ വിമർശനങ്ങളെ സ്വാഗതംചെയ്തുകൊണ്ട് പിഴവുകൾ പരിഹരിച്ച് പുതിയ പതിപ്പുകളിറക്കി. ഐക്യകേരളത്തിന്റെ മാനിഫെസ്റ്റോ പോലെ ആ കൃതി പ്രയോജനപ്പെട്ടു. അവിടെയും നിർത്താതെ നാഷണൽ ക്വസ്റ്റ്യൻ ഇൻ കേരള എന്ന ഇംഗ്ലീഷ് ഗ്രന്ഥവും ഇ.എം.എസ്. പ്രസിദ്ധപ്പെടുത്തി. ഐക്യകേരളത്തിനായുള്ള പരിശ്രമങ്ങൾക്ക് ഈ കൃതികൾ ഏറെ സഹായകമായി.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 7 =

Most Popular