രാജ്യസഭയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗം സീതാറാം യെച്ചൂരി (2017 ആഗസ്ത് 10)
ഇസ്ലാമിക ശരീരത്തിൽ വേദാന്താത്മക മനസ്സിനെക്കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് അതാണ് ഇന്ത്യയുടെ ഭാവി എന്ന അർഥത്തിലാണ്. നമ്മുടെ നാടിന്റെ ഭാവി എന്തായിരിക്കുമെന്ന് കാണാൻ കഴിയാത്ത ആരോ ഒരാൾ ആയിരുന്നില്ല സ്വാമി വിവേകാനന്ദൻ. ഇന്ന് നാം അറിയുന്ന ഇന്ത്യയിലെ വിവിധ ദർശനങ്ങളുടെ സത്ത കടഞ്ഞെടുത്തതിന്റെ കേവല പരിണാമം മാത്രമായിരുന്നില്ല അത്; അതാണ് നമ്മുടെ ബലം. നമ്മുടെ ഈ വെെവിധ്യത്തിനുമേൽ ഏതെങ്കിലും വിധത്തിലുള്ള ഐകരൂപ്യം (Uniformity) അടിച്ചേൽപ്പിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ– അത് മതപരമോ ഭാഷാപരമോ സാംസ്കാരികമോ ആകട്ടെ–അതോടെ പിന്നീടൊരിക്കലും നമ്മുടെ ഈ നാടിന് ഒന്നിച്ചുനിൽക്കാൻ കഴിയില്ല; അതാകെ പൊട്ടിച്ചിതറുകയേയുള്ളൂ. നമ്മുടെ ഈ ബഹുസ്വരതയിലൂടെ കടന്നുപോകുന്ന പൊതുവായ മാനവികതയുടെ കണ്ണികളെ നാം ശക്തിപ്പെടുത്തുമ്പോൾ മാത്രമേ, നമ്മുടെ ഈ നാടിനെയും ശക്തിപ്പെടുത്താനാകൂ. നമ്മുടെ ബഹുസ്വരതയിലൂടെ കടന്നുപോകുന്ന പൊതുവായ ഈ മാനവികതയുടെ കണ്ണികളിലായിരിക്കണം നമ്മുടെയാകെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
കഴിഞ്ഞ 12 വർഷത്തെ എന്റെ സ്വന്തം അനുഭവത്തിൽനിന്നുതന്നെ, നമ്മൾ പുറത്തുനിൽക്കുന്ന ജനങ്ങളുടെ ആശങ്കകളും ആകുലതകളും പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ഉറപ്പായും എനിക്കു പറയാൻ കഴിയും; മറിച്ച് പുറത്തുനിൽക്കുന്ന ജനങ്ങൾക്ക് ഒരു അജൻഡ നൽകുകയും കൂടിയാണ് നമ്മൾ എന്നും നമ്മുടെ നാട് എങ്ങനെയായിരിക്കണമെന്നും കൂടി പറയാൻ കഴിയും; സഭയ്ക്ക് പുറത്തു നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും വേണ്ട ഇൻപുട്ടുകൾ പാർലമെന്റ് അഥവാ സഭ നൽകണം. ഞാൻ ഇപ്പോൾ തന്നെ അവിടെയാണ്; സഭയ്ക്ക് പുറത്തുള്ള സമരങ്ങൾക്കൊപ്പമാണ്; എന്നാൽ, ഇനി എന്റെ സമയമാകെ അതിനായി മാറ്റി വയ്ക്കും; എന്റെ ശ്രദ്ധയാകെ ഇനി മേൽ കേന്ദ്രീകരിക്കുന്നത് അതിലായിരിക്കും. ‘‘സാരേ ജഹാം സെ അച്ഛാ ഹിന്ദുസ്താൻ ഹമാര, ഇസ് ബുൽബുലേം ഹെെ ഇസ്-ക്കി, യെ ഗുൽസിതാൻ ഹമാര’’ എന്ന് നാം പറയുമ്പോൾ നാം ഒരു പൂന്തോട്ടത്തെക്കുറിച്ചാണ് പറയുന്നത്, അവിടെ ആ പൂന്തോട്ടത്തിൽ ഒട്ടേറെ പൂക്കളുണ്ടാകും; ഈ പൂക്കളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പൂമ്പാറ്റകളും അവിടുണ്ടാകും. അതിൽ ആ ഗുൽസിതാൻ (പൂന്തോട്ടം) ആണ് നമ്മുടെ രാജ്യം. നമ്മുടെ ഇടുങ്ങിയ, കൊച്ചു കൊച്ചു താൽക്കാലിക കാര്യസാധ്യങ്ങൾക്കായി ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെയോ മറ്റെന്തിനെയെങ്കിലുമോ ആക്രമണ ലക്ഷ്യമാക്കരുത്. അത് നമ്മെ എല്ലാം ഒന്നോടെ ഇല്ലാതാക്കുകയേയുള്ളൂ; ഉടനെയൊന്നും അങ്ങനെ ഉണ്ടായില്ലെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ അങ്ങനെ ഉണ്ടാകുമെന്നുറപ്പാണ്.
സർ, ഇന്നത്തെ അവസ്ഥയിൽ നമ്മൾ ജീവിക്കുന്നത് സാധാരണയായി സത്യാനന്തരം എന്നു വിളിക്കാറുള്ള ഒരു കാലത്താണ് എന്നാണ് ഞാൻ കരുതുന്നത്. സർ, 2016ൽ അതായത്, കഴിഞ്ഞ വർഷം, ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഒരു വാക്കായാണ് ‘സത്യാനന്തര’ ത്തെ (Post–Truth) ഓക്സ്ഫോർഡ് ഡിക്-ഷണറി നിർവചിച്ചിരിക്കുന്നത്. സർ, എങ്ങനെയാണ് അത് നിർവചിക്കപ്പെട്ടത്? 2016ലെ വാക്കായാണ് അതറിയപ്പെടുന്നത്. ഓക്സ്ഫോർഡ് ഡിക്-ഷണറിയിൽ പറയുന്നതിങ്ങനെയാണ്; ഞാൻ ഇവിടെ അത് ഉദ്ധരിക്കാം: ‘‘പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളെക്കാൾ കൂടുതൽ സ്വാധീനം ചെലുത്തുന്നത്, വെെകാരികമായ അഭ്യർഥനകളും വ്യക്തിഗതമായ വിശ്വാസങ്ങളുമായിരിക്കുന്ന അവസ്ഥയുമായി ബന്ധപ്പെട്ടോ, അതിനെ അടയാളപ്പെടുത്തിയോ ആയിരിക്കും.’’
സർ, ഈ സത്യാനന്തരമെന്നത് ഇന്ത്യൻ യാഥാർഥ്യമേയല്ല; നമ്മുടെ ആ ഇന്ത്യൻ യാഥാർഥ്യത്തെ നമുക്ക് തിരിച്ചുപിടിക്കണം. കഴിഞ്ഞ 45 വർഷമായി ഈ സഭയുടെ നേതാവുമായി വളരെയേറെ സ്നേഹമസൃണമായ ബന്ധമാണ് എനിക്കുണ്ടായിരുന്നത്. ഞങ്ങളിരുവരും ഒരുമിച്ച് വളർന്നുവന്നവരാണെന്ന് അദ്ദേഹം പറഞ്ഞത് തെറ്റല്ല. എന്നാൽ ഈ 45 വർഷക്കാലത്തുടനീളം ഞങ്ങൾ വേലിക്കെട്ടിന്റെ ഇരുവശത്തായാണ് നിന്നിരുന്നത് എന്ന് ഞാൻ പറഞ്ഞതും തെറ്റല്ല; നമ്മുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകളുടെ അടിസ്ഥാനത്തിൽ താങ്കൾ അവിടെയും ഞാൻ ഇവിടെയുമാണ്. പക്ഷേ, അപ്പോഴും ഞാൻ പറഞ്ഞുവരുന്നത്, നമ്മുടെ ഈ രാജ്യമാണ്, ഈ ഭരണഘടനയാണ് ശാക്തീകരിക്കപ്പെടേണ്ടത്, അതിനെയാണ് നാം മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്നാണ്.
അതെയതെ, സഭാ നേതാവ് വളരെയേറെ ഹാസ്യഭാവത്തിൽ പറഞ്ഞത് സീതാറാം ഒരിക്കലും അധികാരത്തിൽ വന്നിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹം ഇത്രയേറെ മോശപ്പെട്ട, യാഥാർഥ്യത്തിനു നിരക്കാത്ത ആവശ്യങ്ങൾ ഉന്നയിക്കുന്നത്, പ്രായോഗികമല്ലാത്ത കാര്യങ്ങൾ പറയുന്നത്; ചിലപ്പോഴെല്ലാം എന്നല്ല പലപ്പോഴും അവരും പങ്കുവച്ചിട്ടുള്ള മൂല്യമാണതെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, സർ എനിക്കും എന്റെ പാർട്ടിക്കും താങ്കൾ ഒരു പരിഗണന തന്നേ പറ്റൂ.
ബൗദ്ധികസ്വത്തവകാശത്തിൽ എനിക്ക് ഒരു വിശ്വാസവുമില്ലെങ്കിലും, ഇനി അഥവാ അങ്ങനെയൊരു ബൗദ്ധിക സ്വത്തവകാശമുണ്ടെന്നാണെങ്കിൽ പുറത്തുനിന്നുള്ള പിന്തുണ എന്ന ആശയത്തിന് ഞങ്ങൾക്ക് തന്നെയായിരിക്കണം യാതൊരു മടിയും കൂടാതെ അത് നൽകേണ്ടത്. പുറത്തുനിന്നുള്ള പിന്തുണയെന്നത് സിപിഐ എമ്മിന്റെ ബൗദ്ധിക സ്വത്തവകാശമാണ്. സർ, അതെങ്കിലും താങ്കൾ ഞങ്ങൾക്കായി വിട്ടുതന്നേ പറ്റൂ. (That is something you will have to give sir)
ഒരംഗം: ആ തെറ്റ് ഇനിയും ആവർത്തിക്കരുതേ!
സീതാറാം യെച്ചൂരി: അതെയതെ നിശ്ചയമായും, എന്റെ പ്രിയ സുഹൃത്ത് ജയറാം രമേശ് പറഞ്ഞത്, ഞങ്ങൾ ഒരുപാട് വർഷം പിന്നിലേക്ക് പോകണമെന്നാണ്. പക്ഷേ, കഥ മൊത്തം അദ്ദേഹം പൂർത്തിയാക്കിയില്ല. അദ്ദേഹം പറഞ്ഞത്, ‘‘സീതാറാം യെച്ചൂരി, താങ്കളെ ഞാൻ സീതാറാം ചരമക്കുറിപ്പ് എഴുത്തുകാരൻ എന്നാണ് വിളിക്കുന്നത്’’ (Sitaram Yechury, I call you sitaram Obituary) എന്നാണ്; അദ്ദേഹം അത് പറയുമ്പോഴെല്ലാം അതിനുള്ള എന്റെ മറുപടി ഇങ്ങനെയായിരുന്നു– ‘‘ഇതാണ് ജയറാം ശ്മശാനം! (This is Jairam Mortuary), അദ്ദേഹത്തിന്റെ നയങ്ങൾ പിന്തുടരുകയാണെങ്കിൽ, ഉറപ്പാണ് നിങ്ങൾക്ക് ശ്മശാനത്തിൽ വിശ്രമിക്കാൻ പിന്നെ ഏറെക്കാലം വേണ്ടിവരില്ല. സർ ഞാനിപ്പോൾ കൂടുതൽ കടുപ്പിക്കുന്നില്ല, ഇത്ര മാത്രമേ പറയുന്നുള്ളൂ!
അരുൺ ജയറ്റ്ലി: മി. ജയറാമും അൽപ്പവും മാറിയിട്ടില്ല. അദ്ദേഹം ഇപ്പോഴും ചരമക്കുറിപ്പുകൾ എഴുതിക്കൊണ്ടിരിക്കുകയാണ്!
സീതാറാം യെച്ചൂരി: നാമിപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന് ആശ്ചര്യം നിറഞ്ഞ ഒരു ചങ്ങാത്തത്തിലും അത്തരമൊരന്തരീക്ഷത്തിലുമായിരിക്കെ, സത്യാനന്തരത്തിനെതിരായ പോരാട്ടം ശരിക്കും എന്നെ ഉൽക്കണ്ഠപ്പെടുത്തുന്നു ഒന്നു തന്നെയാണ്. അത് ഞങ്ങളെ ആശങ്കപ്പെടുത്തുന്ന ഞങ്ങൾ അതിനെക്കുറിച്ച് പലവട്ടം ഇവിടെ പറഞ്ഞിട്ടുണ്ട്. ദയവുചെയ്ത് ഞങ്ങൾ ചോദിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് യാഥാർഥ്യത്തിലേക്ക്, സത്യത്തിലേക്ക് നിങ്ങൾ മടങ്ങി വരണം. ദയവു ചെയ്ത് നിങ്ങൾ യാഥാർഥ്യമെന്തെന്ന് തിരിച്ചറിയണം. നമ്മുടെ കർഷകർ ആത്മഹത്യയിൽ അഭയം തേടുകയാണ്; ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തുടനീളമുള്ള ചെറുപ്പക്കാർക്ക് സുരക്ഷിതത്വബോധം ഇല്ലാതായിരിക്കുകയാണ്. നമ്മളാണ് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം, നമ്മുടെ യുവജനങ്ങൾക്ക് നാം വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും നൽകുകയാണെങ്കിൽ, ലോകത്തിലെ വിഞ്ജാനസമൂഹത്തിന്റെ നേതാവാകുന്നതിൽ നിന്നും ഇന്ത്യയെ തടയാൻ ഒരാൾക്കും ഒരു ശക്തിക്കുമാവില്ല. ആ സാധ്യത നമുക്കുണ്ട്.
ദയവുചെയ്ത് ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂ; ഒരു നല്ല ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി എല്ലാവരേയും ഒരുമിപ്പിക്കുന്നതിനുപകരം അനാവശ്യമായ വിഷയങ്ങളുയർത്തി ഭിന്നതയുണ്ടാക്കുന്നതിനായി ദയവു ചെയ്ത് നിങ്ങൾ ആളുകളുടെ ശ്രദ്ധതിരിക്കരുത്; എല്ലാവരെയും ചേർത്തുനിർത്തിയാൽ ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്ക് കഴിയും. അതേ, അതുതന്നെയാണ് രാഷ്ട്രീയ സമീപനം. അതെങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് നമുക്കൊരു രാഷ്ട്രീയ തീരുമാനത്തിലെത്തേണ്ടതുണ്ട്. സത്യാനന്തരത്തിൽ വിശ്വസിക്കുന്നവരുണ്ടെങ്കിൽ, ഈ നാടിന്റെ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്നവരുണ്ടെങ്കിൽ, അതിനെ ചെറുത്തുതോൽപ്പിച്ചേ പറ്റൂ. ആ വിഷയത്തിൽ ഒരു ഒത്തുതീർപ്പും സാധ്യമല്ല; ഞാൻ ഒരിക്കലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. അത് ഒത്തുതീർപ്പുണ്ടാക്കേണ്ട ഒരു വിഷയമേയല്ല. എന്റെ നാടിന്റെ ഐക്യം, എന്റെ സമൂഹത്തിലെ മെെത്രി ഇതെല്ലാം എങ്ങനെയാണ് അടിയറ വയ്ക്കാനാവുക?
അതുകൊണ്ടാണ്, സർ ഞാൻ അവസാനമായി ഒരു കാര്യം പറയുന്നത്; ദയവു ചെയ്ത് അതൊന്നു മനസ്സിലാക്കൂ? എല്ലാം ഒത്തുചേർന്ന ഒരു സംസ്കാരത്തെകുറിച്ച് നിങ്ങൾ പറയുന്നുണ്ട്. മഹനീയമായ ഈ സഭയിൽ ഇത് മുൻപൊരിക്കലും ഞാൻ പറഞ്ഞിട്ടില്ല; പക്ഷേ ഞാനിത് ഇപ്പോൾ പറഞ്ഞേ പറ്റൂവെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾ എന്നോടു പറഞ്ഞു. ഈ രാജ്യത്ത് എന്നെപ്പോലെയുള്ള ദശലക്ഷക്കണക്കിന് ആളുകളാണുള്ളത്. ഞാൻ ജനിച്ചത് മദ്രാസ് ജനറൽ ഹോസ്പിറ്റലിലാണ്; ഇപ്പോൾ ആ സ്ഥലത്തിന്റെ പേര് ചെന്നെെയെന്നാണ്; മദ്രാസിലെ ജനറൽ ഹോസ്-പിറ്റലിലാണ് തെലുങ്ക് സംസാരിക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ ഞാൻ പിറന്നത്. എന്റെ മുത്തച്ഛൻ മദ്രാസിലെ ഹെെക്കോടതിയുടെ ആന്ധ്രാബഞ്ചിലെ ജഡ്ജി ആയിരുന്നു; സംസ്ഥാന പുനഃസംഘടനയെ തുടർന്ന് ആ ഹെെക്കോടതിയുടെ ആന്ധ്രാബഞ്ച് ഗുണ്ടൂരിലേക്ക് മാറ്റി; അങ്ങനെ ഞങ്ങൾ 1954ൽ താമസം അവിടേക്ക് മാറ്റി. 1952ലാണ് ഞാൻ ജനിച്ചത്; 1956ൽ ഹെെദരാബാദിലേക്ക് താമസം മാറ്റി. എന്റെ സ്കൂൾ വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ, നെെസാം വാഴ്ചയ്ക്കുകീഴിൽ 1956ലെ ഹെെദരാബാദിൽ നിലനിന്നിരുന്ന ഇസ്ലാമിക് സാംസ്കാരിക പശ്ചാത്തലത്തിലായിരുന്നു. മേരി താലീം വഹീം ഹുയി ഹെെ. ഉസി താലിം കെ സാഥ് മെെം യഹാം ആയാ ഹൂം.
പിന്നീട് പഠിക്കാനായി ഞാൻ ഡൽഹിയിലേക്ക് വന്നു. ഞാൻ വിവാഹം കഴിച്ച വ്യക്തിയുടെ പിതാവ് ഇസ്ലാമിക ശാസനപ്രകാരമുള്ള ഒരു സൂഫിയായിരുന്നു; അദ്ദേഹത്തിന്റെ കുടുംബപ്പേര് ചിസ്തി എന്നാണ്–ചിസ്തി സൂഫികൾ; അവരുടെ മാതാവ് രജപുത്ര വിഭാഗത്തിൽപ്പെട്ടവരായിരുന്നു, പക്ഷേ മെെസൂരിലെ രജപുത്രർ എഡി 8–ാം നൂറ്റാണ്ടിൽ മെെസൂറിലേക്ക് കുടിയേറിയ കുടുംബത്തിലെ പിന്മുറക്കാരി. എന്റെ ജീവിത പങ്കാളി ഇവർ രണ്ടു പേരുടെയും മകളാണ്– അവരാണ് അവളുടെ മാതാപിതാക്കൾ. ദക്ഷിണേന്ത്യയിലെ ഒരു ബ്രാഹ്മണകുടുംബത്തിലെ ചെറുപ്പക്കാരനാണ് ഈ സ്ത്രീയെ വിവാഹം കഴിച്ചത് ! അപ്പോൾ എന്റെ മകൻ എന്തായി അറിയപ്പെടും? അവൻ ഇതിൽ ഏതിൽപ്പെടും? അവൻ ബ്രാഹ്മണനാണോ? അവനൊരു മുസ്ലീമാണോ? അവൻ ഹിന്ദുവാണോ? എന്താണവൻ? ഒരിന്ത്യക്കാരൻ എന്നല്ലാതെ എന്റെ മകനെ വിശേഷിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല. അതാണ് നമ്മുടെ നാട്. എന്റെ ഉദാഹരണം അതാണ്. എന്റെ തന്നെ ഉദാഹരണമാണ് ഞാൻ നിങ്ങൾക്ക് നൽകുന്നത്. ഇത്തരത്തിലുള്ള എത്രയാളുകളുണ്ടെന്ന് ഒന്ന് നോക്കൂ! ഇതാണ് ആ ഇന്ത്യ. സർ, നിങ്ങളാണ് ആ ഇന്ത്യയുടെ കസ്റ്റോഡിയൻ. നമ്മളെല്ലാം അതിന്റെ കസ്റ്റോഡിയന്മാരാണ്. ആ ഇന്ത്യയുടെ കസ്റ്റോഡിയൻ നമ്മളെല്ലാം കൂടിയാണ്; നമുക്കതിനെ കാത്തു രക്ഷിച്ചേ മതിയാകൂ. ♦