Friday, October 18, 2024

ad

Homeപ്ലസ്‌ കവർ സ്റ്റാേറിരക്ഷപെടുന്ന മുതലകൾ മരിക്കുന്ന മത്സ്യങ്ങൾ

രക്ഷപെടുന്ന മുതലകൾ മരിക്കുന്ന മത്സ്യങ്ങൾ

സീതാറാം യെച്ചൂരി

(നോട്ടുനിരോധനത്തെ കുറിച്ച് രാജ്യസഭയിൽ സ. സീതാറാം യച്ചൂരി 2016 നവമ്പർ 16ന് ചെയ്ത പ്രസംഗം)

പേപ്പർ ഇല്ലെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിക്കുക. ഇത് എവിടെ നിന്നു കിട്ടും? നിങ്ങളുടെ പ്ലാസ്റ്റിക് പണത്തിന്റെ കവറേജ് എന്താണ്? 113 കോടി ഇന്ത്യക്കാരിൽ 2.6 കോടി പേർക്ക് മാത്രമാണ് ക്രെഡിറ്റ് കാർഡ് ഉള്ളത്. 113 കോടി ജനങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ചില്ലറ വില്പനശാലകളിൽ, പതിനാല് ലക്ഷം കാർഡ് റീഡറുകളെ ഉള്ളൂ. അത് നമ്മുടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുമോ? നമ്മുടെ എൺപത് ശതമാനത്തിൽ അധികവും പണ സമ്പദ് വ്യവസ്ഥയാണ്, ഇതിനെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം എന്ന് വിളിക്കുന്നു. ട്രക്ക് ഡ്രൈവർമാർ മുതൽ മത്സ്യത്തൊഴിലാളികൾ വരെ, ദൈനംദിനതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കർഷകർ തുടങ്ങി എല്ലാവരും കഷ്ടപ്പെടുന്നു.

രാവിലെ ഞാൻ പോക്കറ്റിൽ ഉണ്ടായിരുന്ന രണ്ടായിരം രൂപയുടെ നോട്ട് കാണിച്ചിരുന്നു . ഇവിടുത്തെ ബാങ്കിൽ നിന്നാണത് എനിക്കു കിട്ടിയത് . എനിക്ക് ചില്ലറ മാറി തരാൻ കഴിയാത്തതിനാൽ ആരും അത് എടുക്കാൻ തയ്യാറല്ല; എനിക്കത് ഒന്നിനും വേണ്ടി ചെലവഴിക്കാൻ കഴിയില്ല. ആ രണ്ടായിരം രൂപാ നോട്ടുമായി ഞാൻ ഇവിടെ നിന്ന് ചെന്നൈയിലേക്ക് വിമാനത്തിൽ പോയി. വിമാനത്താവളത്തിൽ, എനിക്ക് ഒന്നും വാങ്ങാൻ കഴിഞ്ഞില്ല. ചെന്നൈയിൽ നിന്ന് നേരെ തിരുനെൽവേലിക്ക് നെല്ലായി എക്സ്പ്രസിൽ പോയി. ട്രെയിനിൽ, എനിക്ക് ഭക്ഷണമോ കാപ്പിയോ വാങ്ങാൻ കഴിഞ്ഞില്ല. ഞാൻ അവിടെയിറങ്ങി ഡൽഹിയിൽ തിരിച്ചെത്തി, ആ നോട്ട് ഇപ്പോഴും എന്റെപക്കലുണ്ട്! എന്താണിത്?

നിങ്ങൾ ഈ രാജ്യത്തോട് എന്താണ് ചെയ്യുന്നത്? തേയിലത്തോട്ടത്തിലെ തൊഴിലാളികൾ സാമ്പത്തികഞെരുക്കം മൂലം ആത്മഹത്യ ചെയ്യുന്നു. അസമിൽ മറ്റന്നാൾ ഉപതെരഞ്ഞെടുപ്പാണ്. അതിനാൽ, അസമിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയിട്ടുണ്ട്, എന്നാൽ ബംഗാൾ, ഡാർജിലിംഗ് തേയിലത്തോട്ടതൊഴിലാളികൾക്ക് ഇത് അനുവദിച്ചിട്ടില്ല. നിങ്ങൾ ഈ ഇളവ് നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ അസമിലെ തേയിലത്തോട്ടതൊഴിലാളികൾക്ക് ഈ ഇളവ് നൽകുമ്പോൾ എന്തുകൊണ്ട് മറ്റ് തേയിലത്തോട്ടതൊഴിലാളികൾക്ക് നിങ്ങൾ ഇത് നൽകുന്നില്ല?

സിനിമാ ടിക്കറ്റുകൾക്ക് 500, 1000 രൂപ നോട്ടുകൾ ഉപയോഗിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചു. ഇത് എന്താണ്? ഞങ്ങൾക്ക് ആ ആയിരത്തിന്റെ നോട്ടോ അഞ്ഞൂറിന്റെ നോട്ടോ ഒരു കപ്പ് ചായ വാങ്ങാനോ ഭക്ഷണം കഴിക്കാനോ ഉപയോഗിക്കാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് സിനിമാ ടിക്കറ്റുകൾ വാങ്ങാം. ഇത് കള്ളപ്പണം വെളുപ്പിക്കാൻ അനുവദിക്കൽ അല്ലാതെ മറ്റെന്താണ്?

അതെ, ഒരു ആരോപണം ഇതിലുണ്ട്, പക്ഷേ ഞാൻ അത് ഉന്നയിക്കുക തന്നെയാണ്. ഈ ഇളവുകൾ നൽകേണ്ടവരെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?

കൊൽക്കത്തയിലെ സെൻട്രൽ അവന്യൂവിലുള്ള ഇന്ത്യൻ ബാങ്ക് ശാഖയുടെ ബാങ്ക് അക്കൗണ്ട്, എംഐസിആർ നമ്പർ,ഉൾപ്പടെയുള്ള വിശദാംശങ്ങൾ എന്റെ പക്കലുണ്ട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഒരു കോടി രൂപക്കുള്ള 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ 100 കെട്ടുകളിലായി പ്രാദേശിക ബിജെപി യൂണിറ്റ് ബാങ്കിൽ നിക്ഷേപിച്ചു. ഇത് തെറ്റാണെന്ന് തെളിയിച്ചാൽ ഞാൻ സന്തോഷിക്കും. ഞാൻ ഉന്നയിച്ചത് തെറ്റാണെന്ന് തെളിയിക്കൂ, പക്ഷേ ഇത് തെളിവാണ്. ഈ വിശദാംശങ്ങളെല്ലാം എന്റെ പക്കലുണ്ട്. അതിനാൽ, ശരദ്‌യാദവ്ജി പറഞ്ഞത് ശരിയാണ്, ഇത് അന്വേഷിക്കണം. എല്ലായിടത്തും സംഭവിച്ചത് ഇതുതന്നെയാണ്, നിങ്ങൾ നേരത്തെ കേട്ടകാര്യം.

തുടർന്ന്, പണരഹിത സമൂഹത്തിലേക്ക് മാറാൻ ആളുകളോട് പ്രധാനമന്ത്രി പറയുന്ന Paytm പരസ്യം വരുന്നു. ഇനി ‘ജയ് ഹിന്ദ്’ അല്ല. ഇപ്പോഴിതാ ജിയോ ഹിന്ദ് എന്ന് പറഞ്ഞ് പ്രധാനമന്ത്രി പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നു. എന്താണ് സംഭവിക്കുന്നത്? ലോകത്തിലെ ഒരു രാജ്യം പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിയിട്ടുണ്ട്, അതാണ് സ്വീഡൻ. എല്ലാ പൗരന്മാർക്കും ഇൻ്റർനെറ്റിൻ്റെ 100 ശതമാനം കവറേജ് ആക്കുന്നതിനാണവർ ഇത്രയും വർഷമെടുത്തത്. നമ്മുടെ രാജ്യത്ത് ഇന്ന് ഇൻ്റർനെറ്റിന്റെ കവറേജ് എന്താണ്? നിങ്ങളുടെ 4Gയുടെ കവറേജിന്റെയും നിങ്ങളുടെ മൊബൈൽ ഫോണുകളിലെ മറ്റു കാര്യങ്ങളുടെയും സ്ഥിതി എന്താണ്? സമ്പന്നരുടെ പക്കൽ നാല് ഫോണുകൾ ഉണ്ട്. സെറ്റുകളുടെ എണ്ണം എണ്ണി എത്ര പേരുടെ കയ്യിൽ ഫോണുണ്ടെന്ന് പറയാനാവില്ല, ഇത്രയധികം ആളുകൾക്ക് അവ ഉണ്ടെന്ന് പറയാനാവില്ല. അപ്പോൾ, നിങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 86 ശതമാനവും നോട്ടുപയോഗിച്ച് പണമിടപാട് നടത്തുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് നിങ്ങൾ പണരഹിത സമ്പദ്‌വ്യവസ്ഥയെ എവിടേക്കാണ് കൊണ്ടുപോകുന്നത്? പേയ്‌മെൻ്റുകളും സെറ്റിൽമെന്റുകളുമാണ് പണമിടപാടുകൾ. ഇത് തികച്ചും വെള്ളപ്പണമാണ്. അത് കള്ളപ്പണമല്ല. ഞാൻ കള്ളപ്പണത്തിലേക്ക് പിന്നീട് വരാം.

ഇത് ഒരു റോമൻ സെനറ്ററെ ഓർമ്മിപ്പിക്കുന്നു. ഞാൻ ചരിത്രത്തിലേക്കോ, മധ്യകാല ചരിത്രത്തിലേക്കോ തിരികെ പോകുകയാണെന്ന് പറയുന്നതിൽ ഖേദമുണ്ട്, പക്ഷേ ഒരു റോമൻ സെനറ്റർ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ പേര് ഗ്രാച്ചസ്, അദ്ദേഹം സീസർമാരിൽ ഒരാളായ ഒരു റോമൻ ചക്രവർത്തിയെക്കുറിച്ച് സംസാരിച്ചു, ജൂലിയസ് സീസറിനെക്കുറിച്ചല്ല. അദ്ദേഹം സംസാരിച്ചത്, നിങ്ങൾക്ക് മുഴുവൻ പേര് വേണമെങ്കിൽ, സീസർ മാർക്കസ് ഔറേലിയസ് കൊമോഡസ് അന്റോണിയസ് അഗസ്റ്റസിനിയെക്കുറിച്ചാണ്. ഈ സെനറ്റർ എന്താണ് പറയുന്നത്? അതിങ്ങനെയാണ് “അദ്ദേഹത്തിന് റോം എന്താണെന്ന് അറിയാമെന്ന് ഞാൻ കരുതുന്നു – അയാൾ ചക്രവർത്തിയെക്കുറിച്ചാണ് സംസാരിക്കുന്നത്. റോം ജനക്കൂട്ടമാണ്. അവർക്ക് മുന്നിൽ ഇന്ദ്രജാലം കാട്ടുക, അവരുടെ ശ്രദ്ധ മാറിപ്പോകും. അവരുടെ സ്വാതന്ത്ര്യം എടുത്തുകളയുക, അവർ പിന്നെയും അലറിക്കൊണ്ടിരിക്കും. റോമിന്റെ മിടിക്കുന്ന ഹൃദയം സെനറ്റിന്റെ വെണ്ണക്കല്ലല്ല, അത് കൊളോസിയത്തിലെ മണലാണ്. അവൻ അവർക്ക് മരണം കൊണ്ടുവരും, അവർ അത് ഇഷ്ടപ്പെടുകയും ചെയ്യും”. ഇപ്പോൾ, ഇത് ആപത് കാലമാണ്, പക്ഷേ ഞാൻ ഇത് ഇപ്പോൾ ഓർക്കുന്നു, കാരണം അതാണ് യഥാർത്ഥത്തിൽ ഇവിടെയും സംഭവിക്കുന്നത്.

ഇപ്പോൾ, ഇത്തരം ബുദ്ധിമുട്ടുകളാണ് ജനങ്ങൾ നേരിടുന്നതെങ്കിൽ കൂടി, ഈ നീക്കത്തിന്റെ ഫലമായി ഞങ്ങളോട് പറഞ്ഞിട്ടുള്ള ഏതെങ്കിലും ലക്ഷ്യം നേടുമെങ്കിൽ ഈ സർക്കാരിന് ചെറിയ അംഗീകാരം എങ്കിലും നൽകാൻ ഞാൻ തയ്യാറാണ്.

നാല് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി പരാമർശിച്ചത്. അതിലൊന്നാണ് കള്ളപ്പണം നിയന്ത്രിക്കൽ വിനിമയം ചെയ്യുന്ന ഇവിടെയുള്ള നാമെല്ലാം തന്നെ കഴിഞ്ഞ ഒരു ദശകത്തിൽ പലതവണ കള്ളപ്പണത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളവരാണ്. അത് നിയന്ത്രിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അത് ഇല്ലാതാക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. കൂടാതെ, ലോക ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 20.7 ശതമാനം അല്ലെങ്കിൽ ഏകദേശം 21 ശതമാനം കള്ളപ്പണ സമ്പദ്‌വ്യവസ്ഥയിലാണ്, അതായത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അഞ്ചിലൊന്നിൽ കൂടുതൽ. സംശയമില്ല, ഇത് നിയന്ത്രിക്കണം, ഇത് എടുത്തുകളയണം. എന്നാൽ, ഈ കള്ളപ്പണം എവിടെയാണുള്ളത്?

എല്ലാ കണക്കുകളും പറയുന്നത് ഈ കള്ളപ്പണത്തിന്റെ ആറ് ശതമാനം വിനിമയം ചെയ്യുന്ന പണമാണെന്നാണ്, ഓർക്കുക, ഈ കള്ളപ്പണം ഉണ്ടാക്കുന്നവർ പിശുക്കന്മാരല്ല. അവർ കള്ളപ്പണം കട്ടിലിനടിയിൽ അടുക്കിവയ്ക്കാറില്ല. അവരുടെ കള്ളപ്പണം വിനിമയം ചെയ്തുകൊണ്ടേയിരിക്കുന്നു. കള്ളപ്പണം കൂടുതൽ കള്ളപ്പണം ഉണ്ടാക്കുന്നു.

അവരുടെ കള്ളപ്പണം റിയൽ എസ്റ്റേറ്റിലാണ്, ഇപ്പോൾ 500, 1000 രൂപാ നോട്ടുകൾ ഇല്ലാത്തപ്പോൾ നിങ്ങൾക്ക് 15,000 രൂപ നാണയം ഉണ്ട്, അതായത് ഒരു സ്വർണ്ണ നാണയം, കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണ ഇറക്കുമതി കുതിച്ചുയർന്നു. ഒരു കണക്കനുസരിച്ച്, ഇത് ഏകദേശം മൂന്നിരട്ടിയായി. അതിനാൽ, ഇവിടെയാണ് വാങ്ങൽ നടക്കുന്നത്. സ്വർണക്കടക്കാർ ഇത് പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്റെ ഫോണിൽ എസ്എംഎസ് സന്ദേശങ്ങൾ ലഭിക്കുന്നു, അവരത് എല്ലാവർക്കും അയയ്‌ക്കുന്നു, “ഞങ്ങളുടെ കടകൾ രാത്രി മുഴുവൻ തുറന്നിരിക്കും, ഡിസംബർ 20 വരെ ഞങ്ങൾ 500, 1000 രൂപാ നോട്ടുകൾ സ്വീകരിക്കും; കള്ളപ്പണം സ്വർണമാക്കി മാറ്റാം.” നിങ്ങൾ കള്ളപ്പണം പിടിക്കുകയാണോ അതോ അത് വെള്ളയാക്കാൻ അവർക്ക് അവസരം നൽകുകയാണോ?

സർ, ഈ പ്രധാനമന്ത്രി തന്നെയാണ് പറഞ്ഞത് നമ്മുടെ രാജ്യത്ത് ഉണ്ടാകുന്ന കള്ളപ്പണത്തിന്റെ തൊണ്ണൂറു ശതമാനവും വിദേശങ്ങളിൽ, നികുതി സൗഹൃദ രാജ്യങ്ങളിൽ കിടക്കുന്നുവെന്ന് . ഞങ്ങളല്ല, അദ്ദേഹമാണ് ഇത് പറഞ്ഞത്. 2014ലെ തെരഞ്ഞെടുപ്പിൽ അക്കൗണ്ടുകളിലേക്ക് എന്റെ അക്കൗണ്ടിലേക്കും എല്ലാവരുടെയും അക്കൗണ്ടിലേക്കും പതിനഞ്ച് ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു, കാരണം കള്ളപ്പണം തിരികെ വരും . നമുക്കെല്ലാവർക്കും പതിനഞ്ച് ലക്ഷം രൂപ ലഭിക്കും. അപ്പോൾ, ഇതെല്ലാം വിദേശ രാജ്യങ്ങളിൽ ആണെന്നു വച്ചാൽ തന്നെ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? ഇതിലൂടെ ഈ പണം തിരികെ ലഭിക്കുമോ? ഒരു പട്ടിക സർക്കാരിന് നൽകിയിട്ടുണ്ടെന്ന് സ്വിസ് അധികൃതർ പറയുന്നു. നമുക്കറിയില്ല. ഞങ്ങൾ അത് നേരത്തെ ചർച്ച ചെയ്തു. ബഹു. ധനമന്ത്രി പറഞ്ഞത് നിയമപ്രശ്‌നങ്ങൾ ഉള്ളതിനാൽ അത് പരസ്യമാക്കാൻ കഴിയില്ലെന്നാണ്.

മൗറീഷ്യസ് പാതയെക്കുറിച്ചും സിംഗപ്പൂർ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും നിങ്ങൾക്കറിയാം. കള്ളപ്പണം വരവിന്റെ പകുതിയിലേറെയും ഇതിലൂടെയാണ് സംഭവിക്കുന്നത്. ഈ മേഖലകളിൽ ഒന്നും ചെയ്യാതെ കള്ളപ്പണം നിയന്ത്രിക്കുവാൻ കഴിയുമോ? കള്ളപ്പണം നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമോ? അതും നിയന്ത്രിക്കാൻ പോയാൽ ഇത് ആറ് ശതമാനമാകും. എന്നാൽ ഈ വിലപേശലിൽ, മുതലകൾക്ക് കരയിലും ജീവിക്കാൻ കഴിയുമെന്ന് മറന്ന് മുതലകളെ കൊല്ലാൻ പ്രധാനമന്ത്രി കുളം വറ്റിക്കുകയാണ്. വലിയ മുതലകൾ രക്ഷപ്പെട്ടു, ചെറുമത്സ്യങ്ങൾ ചത്തു. ചെറുമീനുകൾ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുകയാണ്. മുതലകളെല്ലാം അതിജീവിക്കുന്നു.

അതിനാൽ, ബഹു. പ്രധാനമന്ത്രി പരാമർശിച്ച നാലു കാര്യങ്ങൾക്കും, അത് കള്ളപ്പണമോ വ്യാജകറൻസിയോ തീവ്രവാദ ഫണ്ടിംഗോ അഴിമതിയോ ആയിക്കോട്ടെ യാതൊരു അടിസ്ഥാനവുമില്ല. അപ്പോൾ, ഈ ലക്ഷ്യങ്ങൾ ഇതുവഴി പൂർത്തീകരിക്കപ്പെടില്ലെങ്കിൽ പിന്നെ ഈ നീക്കത്തിന്റെ അർത്ഥമെന്താണ്? ഇപ്പോൾ ശ്രീ ശരദ് പവാർ എന്റെ ശ്രദ്ധയാകർഷിച്ചത്, വളരെ ശരിയായ കാര്യത്തിലാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ കാര്യമോ? സംസ്ഥാനതലത്തിൽ നോട്ടുമാറാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ജില്ലാ, ഗ്രാമീണ സഹകരണ ബാങ്കുകൾക്ക് അനുവദിച്ചിട്ടില്ല. ഇവയെല്ലാം വളരെ കാര്യക്ഷമമായ ബാങ്കുകളാണ്. ഇന്ന് ഈ ഗ്രാമീണ സഹകരണ ബാങ്കുകളിലാണ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഇടപാട് നടത്തുന്നത്. അവരുടെ നിഷ്‌ക്രിയ ആസ്തി ഒന്ന് അല്ലെങ്കിൽ രണ്ട് ശതമാനത്തിൽ താഴെയാണ്. എന്നാൽ നിങ്ങൾ അവരെ നോട്ട് മാറ്റാൻ അനുവദിക്കുന്നില്ല. ഇതിനർത്ഥം അതിസമ്പന്നർക്ക് ചെയ്യാൻ കഴിയും, എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന ജനസംഖ്യയുടെ 86 ശതമാനം വരുന്ന യഥാർത്ഥത്തിൽ ഈ ബാങ്ക് ഇടപാടുകളെ പൂർണമായും ആശ്രയിക്കുന്നവരെ നിങ്ങൾ അത് അനുവദിക്കുന്നില്ല. എന്താണ് ഇതിന്റെ അർത്ഥം? ഇത് തുഗ്ലക്ക് പരിഷ്‌കാരം മൊഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം എന്ന് ജനങ്ങൾക്ക് എളുപ്പത്തിൽ പറഞ്ഞ് പോകാനാകും..

അതുകൊണ്ട് സർ, 1000 രൂപ, 500 രൂപ നോട്ടുകൾ പിൻവലിച്ചതിലൂടെ പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുവാനാവില്ല.

ജനങ്ങൾ ദുരിതമനുഭവിക്കുന്നു,അവരുടെ ദുരിതം ദിനംപ്രതി വർദ്ധിച്ചുവരുന്നു. ദിവസം ചെല്ലുന്തോറും അത് വർധിച്ചുകൊണ്ടിരിക്കുകയാണ്, കാരണം, കഴിഞ്ഞ നാല് ദിവസങ്ങളിൽ ബാങ്കുകൾക്ക് മുന്നിലെ നിരകളുടെ നീളം വർദ്ധിക്കുന്നതെന്നെ അമ്പരപ്പിക്കുന്നു. ദയനീയമായ അവസ്ഥയാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യൻ ജനതയെ ഇങ്ങനെ കഠിനമായി വേദനിപ്പിക്കുന്നത്? വേദനിപ്പിക്കുക എന്ന് ഞാൻ പറയുമ്പോൾ നിങ്ങളുടെ വ്യക്തിജീവിതത്തെ ഞാൻ നിയന്ത്രിക്കുന്നു എന്ന ഒരു ആശയം അല്ലെങ്കിൽ സങ്കല്പനം ആണ് വ്യക്തമാക്കുവാൻ ശ്രമിക്കുന്നത്. ഞാൻ നിങ്ങളുടെ വ്യക്തിജീവിതത്തെ നിയന്ത്രിക്കുന്നു, നിങ്ങളുടെ നിലനിൽപ്പും ഞാൻ നിയന്ത്രിക്കുന്നു. ഇതൊരു ഫാസിസ്റ്റ് സന്ദേശമല്ലാതെ മറ്റെന്താണ്? എന്തിനാണ് ഇതെല്ലാം ചെയ്യുന്നത്? പറയൂ. നാല് ലക്ഷ്യങ്ങളിലൊന്നും ഇതുവഴി കൈവരിക്കാനാവില്ല. രക്ഷപ്പെടാൻ കഴിയുന്നവർ പൂർണമായി രക്ഷപ്പെടുന്നു.

അദ്ദേഹം പറയുന്നു, ബാങ്കുകളിൽ പോകുക, പണരഹിത സമൂഹം, പ്ലാസ്റ്റിക് പണം തുടങ്ങിയവ. ഏത് ബാങ്കുകൾ? നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ, ഗ്രാമീണ ജനസംഖ്യയുടെ 80.8 ശതമാനവും ബാങ്കിംഗ് സംവിധാനത്തിന്റെ പരിധിയിൽ വരുന്നില്ല. സർ, 80.8 ശതമാനം! കൂടാതെ, ഭൂമിശാസ്ത്രപരമായി, സർ, ഗ്രാമീണ ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ 93 ശതമാനവും ബാങ്കുകളുടെ പരിധിയിൽ വരുന്നില്ല. ഏത് ബാങ്കിലേക്കാണ് പ്രധാനമന്ത്രി നമ്മൾ പോകണമെന്ന് പറയുന്നത്? നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്? ഒരു ‘തിളങ്ങുന്ന ഇന്ത്യ’ ഉണ്ട്. അവർക്ക് Paytm, അവർക്ക് ഇ-വാലറ്റുകൾ, അവർക്ക് ഇവയെല്ലാം ഉണ്ടാകും, എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, അത് ഒരു വളരെ ചെറിയ ശതമാനം മാത്രമാണ് .അതിന്റെ അർത്ഥമെന്താണ് – ഇന്ത്യ മുഴുവൻ, അതായത് ഭാരതം ‘യാചക ഭാരതം’ ആണ്. അതിന് ഈ ബാങ്കിംഗ് സൗകര്യങ്ങളിലേക്ക് പ്രവേശനമില്ല, നിങ്ങളുടെ പ്ലാസ്റ്റിക് പണം ലഭ്യമല്ല.. നിങ്ങളുടെ പണമിടപാടുകളുടെ 86 ശതമാനവും 1000 രൂപയും 500 രൂപയും നോട്ടുകളിലായിരിക്കുമ്പോൾ, നിങ്ങൾ പെട്ടെന്ന് അവ പിൻവലിക്കുന്നതോടെ വല്ലാത്ത കൂട്ടക്കുഴപ്പമാണ് സംഭവിച്ചിരിക്കുന്നത് . ഒരാൾ പറഞ്ഞത് ‘കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 25 ആത്മഹത്യകൾ’ നടന്നു എന്നാണ്. സംഖ്യ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾക്ക് അവരുടെ അച്ഛനെയോ അമ്മയെയോ കുട്ടികളെയോ ആശുപത്രികളിൽ ചികിത്സിക്കാൻ കൊണ്ടുപോകാൻ കഴിയുന്നില്ല.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു നാല് മണിക്കൂർ മുമ്പ് ബംഗാളിലെ നിങ്ങളുടെ യൂണിറ്റുകൾക്ക് പോയി പണം നിക്ഷേപിക്കാം… (തടസ്സങ്ങൾ)… ഇത് സംബന്ധിച്ച് അന്വേഷിക്കേണ്ടതും സഭയുടെ സമവായം സ്വീകരിക്കേണ്ടതും ആണെന്ന് ഞാൻ കരുതുന്നു. ഒരു ജെപിസി ഉണ്ടാകണമെങ്കിൽ ഉണ്ടാകട്ടെ. ഇതിനെക്കുറിച്ച് ശരിയായ അന്വേഷണം നടക്കട്ടെ, ഇങ്ങനെ ചെയ്യാൻ ഈ സർക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് അറിയാൻ ഞങ്ങൾ ശരിക്കും ആഗ്രഹിക്കുന്നു. എല്ലാ പാർലമെൻ്റ് സമ്മേളനത്തിന് മുമ്പും ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുന്നതിലൂടെ പാർലമെന്റ് ചർച്ച പൂർണ്ണമായും പാളം തെറ്റും. നമ്മുടെ ആളുകൾക്ക് എന്താണ് സംഭവിക്കുന്നത്, അവർ എങ്ങനെ പട്ടിണി മൂലം മരിക്കുന്നു എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നില്ല.. ഹൈക്കോടതികളിൽ 452 ഒഴിവുകളാണുള്ളത്. പാവപ്പെട്ട വ്യവഹാരക്കാർ കഷ്ടപ്പെടുന്നു. കർഷക ആത്മഹത്യയിൽ 26 ശതമാനം വർധനവുണ്ടായി. നിങ്ങളുടെ അന്നദാതാവിന് ആശ്വാസം നൽകാൻ നിങ്ങൾക്ക് കഴിയുന്നില്ല.

ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്നതിനുപകരം നമ്മൾ ഇപ്പോൾ ഇതിൽ കുടുങ്ങിക്കിടക്കുകയാണ്.

പ്രധാനമന്ത്രി ഇപ്പോൾ പറഞ്ഞു – ഞാൻ ഞെട്ടിപ്പോയി – അമ്പത് ദിവസം കൂടി വേണമത്രെ. ബദൽ സംവിധാനങ്ങൾ വരാൻ അമ്പത് ദിവസം കൂടി ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു . ബദൽ ക്രമീകരണങ്ങൾ നിലവിൽ വരുന്നതുവരെ, പൊതുസേവനങ്ങൾക്കും പൊതു ആവശ്യങ്ങൾക്കുമുള്ള എല്ലാ ശരിയായ ഇടപാടുകൾക്കും ഈ നോട്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുക. ആശുപത്രികളിലെ ഉപയോഗം, ഗതാഗതത്തിനുള്ള ഉപയോഗം, റെയിൽവേ ടിക്കറ്റുകൾക്കുള്ള ഉപയോഗം, ഇതിനൊന്നും അവരെ തടയരുത്. നിങ്ങളുടെ ബദൽ മാർഗങ്ങൾ തയ്യാറാക്കുക. എടിഎമ്മുകൾ കാലിബ്രേറ്റ് ചെയ്തിട്ടില്ല. പിന്നെ പത്തുമാസത്തെ തയ്യാറെടുപ്പ് ഇതിനു വേണ്ടിവന്നുവെന്നും അദ്ദേഹം പറയുന്നു. ശ്രീ ശരദ് യാദവ് അങ്ങനെയാണ് പറഞ്ഞത്. നിങ്ങൾക്ക് ബദലുകളില്ലെങ്കിൽ നിങ്ങൾ എന്താണ് തയ്യാറാക്കുന്നത്? അതിനാൽ ബദലുകൾ നിലവിൽ വരുന്നതുവരെ അവരെ അനുവദിക്കുക. കറൻസി ഒരു കേന്ദ്ര വിഷയമാണെന്നും അത് കേന്ദ്ര ലിസ്റ്റിലാണെന്നും 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ സംസ്ഥാനങ്ങളുടെ പൊതു പണഇടപാടുകൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള, ത്രിപുര മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അതിനുള്ള അനുമതി ഉടൻ അവർക്ക് നൽകണം.

മൂന്നാമതായി, ദേശസാൽകൃത ബാങ്കുകൾക്കും കേന്ദ്ര ബാങ്കുകൾക്കും നൽകുന്ന സൗകര്യം ഗ്രാമീണ സഹകരണ ബാങ്കുകൾക്കും ഉടൻ പ്രാബല്യത്തിൽ വരുത്തണം. അത് ഉടനടി ചെയ്യണം. അതുമാത്രമാണ് ഗ്രാമീണ ജനതയ്ക്ക് വലിയതോതിൽ ആശ്വാസം പകരാൻ കഴിയുന്നത്.

അവസാനമായി, ദയവായി ഈ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുക. ഇത് പൂർണമായി അന്വേഷിക്കുകയും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതുവരെ ഈ ആവശ്യം അംഗീകരിക്കണമെന്ന് ഈ സഭയിൽ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു – ഈ നോട്ടുകൾ അസാധുവാകാത്ത അവസാന തീയതിയായി ഡിസംബർ 30 പ്രധാനമന്ത്രി പ്രഖ്യാപിച്ചു -അതുവരെ തുടരാൻ അവരെ അനുവദിക്കുക.

സർ, ആരെങ്കിലും അല്ലെങ്കിൽ ഒരു വ്യക്തി പറയുന്നതുകൊണ്ടല്ല, രാജ്യം മുഴുവൻ പറയുന്നതുകൊണ്ടാണ് സർക്കാർ ഇത് ഗൗരവമായി എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ ദയവായി ഇത് ഗൗരവമായി പരിഗണിക്കുകയും ഇതിനോട് പ്രതികരിക്കുകയും ചെയ്യണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − one =

Most Popular