Friday, October 18, 2024

ad

Homeപ്ലസ്‌ കവർ സ്റ്റാേറിപ്രിയപ്പെട്ട സഖാവ്‌ സീതാറാം യെച്ചൂരി, മരിക്കുന്നില്ല നിങ്ങളൊരിക്കലും

പ്രിയപ്പെട്ട സഖാവ്‌ സീതാറാം യെച്ചൂരി, മരിക്കുന്നില്ല നിങ്ങളൊരിക്കലും

സുസ്മേഷ് ചന്ദ്രോത്ത്

“ആരെയും നോക്കി പുഞ്ചിരിക്കാനുള്ള കഴിവ് എത്ര പ്രധാനപ്പെട്ടതാണെന്ന് ഞാൻ തിരിച്ചറിത്തത് താങ്കളുടെ മന്ദഹാസങ്ങളിലൂടെയാണ്…!’

താങ്കളിന്ന് ആ വാതിൽ കടന്നുപോയി..

സമ്മതപത്രത്തിലെ ബന്ധുക്കളുടെ ഒപ്പുകൾക്കുശേഷം താങ്കൾ ഒരു ശരീരം മാത്രമായി ആ വാതിൽ കടന്നുപോയി..

ജീവിതത്തിന്റെ അർത്ഥമെന്താണ്..? തീർച്ചയായും അത് ജീവിച്ച ജീവിതം തന്നെയാണ്. അതിനൊപ്പം ആ ജീവിതം സങ്കടങ്ങളിലൂടെ തേടിയ പൊരുളുകൾ കൂടിയാണ്. താങ്കൾ എന്റെ ഹൃദയത്തിനുള്ളിലുണ്ടായിരുന്നു എന്ന് ഞാൻ ആഴത്തിലറിയുന്നത് ഇപ്പോഴാണ്. ഒരുപക്ഷേ ഈ മണിക്കൂറുകളിൽ.. അതെല്ലാം നമ്മളൊന്നിച്ചു തുഴഞ്ഞ അദൃശ്യമായ ഇരുവഴികളായിരുന്നു എന്ന തിരിച്ചറിവ് എന്നെ വല്ലാതെ നടുക്കിക്കളയുന്നു! മനുഷ്യരെന്ന നിലയിൽ, വിയോജിപ്പുകളോടെ മറ്റു മനുഷ്യരെ സ്‌നേഹിക്കുന്നവരെന്ന നിലയിൽ, മനസ്സിലാക്കുന്നവരെന്ന നിലയിൽ.. താങ്കൾ ബഹുദൂരം മുന്നേറുമ്പോൾ വിദൂരമായ നിഴലായി ഞാനും അതേ പാതയിൽ ഒന്നിച്ചുണ്ടായിരുന്നു. ഒരിക്കലെങ്കിലും ഒരു ഹസ്തദാനം പോലും പകരാതെ.

ആരെയും നോക്കി പുഞ്ചിരിക്കാനുള്ള കഴിവ് എത്ര പ്രധാനപ്പെട്ടതാണെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുള്ളത് താങ്കളുടെ മന്ദഹാസങ്ങളിലൂടെയാണ്. വികാരങ്ങളിൽ മനുഷ്യൻ അടിയുലഞ്ഞുപോകുമെന്ന് മനസ്സിലാക്കിയിട്ടുള്ളത് വ്യക്തിപരമായ ആഘാതങ്ങളിൽ താങ്കൾ വിതുമ്പിയപ്പോഴാണ്. മനുഷ്യൻ ആരോ ഉണ്ടാക്കിയ യന്ത്രമല്ല. ആരുടെയും കരിങ്കൽ നിർമ്മിതിയല്ല. മജ്ജയും മാംസവും തലച്ചോറും വികാരങ്ങളും വിചിന്തനങ്ങളുമുള്ള നിസ്സാരനായ ഒരു ജീവി മാത്രമാണെന്ന് മനസ്സിലായിട്ടുള്ളത് താങ്കൾ ഇടറിയപ്പോഴും കൂടിയാണ്. ഒരു കമ്യൂണിസ്റ്റുകാരന് ഇടറാനും കരയാനും കരകയറാനും അതിജീവിക്കാനും പ്രതിരോധിക്കാനും പോരാട്ടം അവസാനിപ്പിക്കാതിരിക്കാനും മറ്റാരെക്കാളും കഴിയുമെന്ന് താങ്കളും ഓർമ്മിപ്പിച്ചു. അതാണ് മനുഷ്യന്റെ നിയോഗമെന്നും പറയാതെ പറഞ്ഞു.

ഒന്നുരണ്ടു തവണ ദീപ എന്നോട് താങ്കളെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞിരുന്നു. ഒരിക്കൽ ഞാനല്പം മദ്യപിച്ചിട്ടുണ്ടായിരുന്നതിനാൽ പിന്നെയാവാമെന്ന് പറഞ്ഞൊഴിഞ്ഞു. മറ്റൊരിക്കൽ എന്റെ വിഷാദങ്ങൾ താങ്കളോട് മിണ്ടുന്നതിൽ നിന്നും വിലക്കി. ആ സന്ദർഭങ്ങളിൽ താങ്കളോട് ദീപ സംസാരിക്കുന്നത് ഞാൻ ആഹ്ലാദത്തോടെ ദൂരെ കണ്ടുനിന്നു. താങ്കൾ ചടങ്ങുകളിൽ നിന്നും വളരെ വേഗം മടങ്ങി. അപ്പോളെല്ലാം ആ വരവും പോക്കും വെറുതെ ഞാൻ നോക്കിനിന്നു. എപ്പോഴും ഞാൻ താങ്കളുടെ വേഷത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ഏതു വേഷത്തിലും ആ വേഷത്തിന്റെ ലാളിത്യം പ്രകടിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞിരുന്നു. അതൊരു ചെറിയ കാര്യമല്ല. ഇട്ടിരിക്കുന്ന വേഷമല്ല, വേഷത്തിനുള്ളിലെ വേഷം കെട്ടലില്ലാത്ത മനുഷ്യനാണ് വേഷത്തിന്റെ വിഭിന്ന ഭാവങ്ങളെ ലാളിത്യത്തിലേക്ക് അടുപ്പിക്കുന്നത്.

അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ച വേളയിൽ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തുവച്ച് സുജിത്താണ് എന്നോട് താങ്കൾ ദില്ലിയിലെ ആശുപത്രിയിലാണെന്ന വാർത്ത അടക്കം പറഞ്ഞത്. കേരളത്തിലെ നേതാക്കളിൽ പലരും കൊൽക്കത്തയിലുണ്ടായിരുന്നു. എനിക്കിഷ്ടമുള്ള യുവനേതാവ് മീനാക്ഷി മുഖർജിയും. പതിവുപോലെ ആരോടും ചെന്നുമിണ്ടാതെ ഒഴിഞ്ഞുനിന്നപ്പോൾ എനിക്ക് താങ്കളുടെ അഭാവത്തെയാണ് ഓർമ്മ വന്നത്. താങ്കൾക്ക് സുഖമില്ലെന്നറിഞ്ഞപ്പോൾ എന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനോടാണ് ഞാൻ പോരാടാൻ പോകുന്നതെന്ന് അന്ന് മനസ്സിലാക്കാനായില്ല. സുജിത്തിനോട് ഇടക്കിടെ വിളിച്ച് താങ്കളുടെ വിവരങ്ങളറിഞ്ഞുകൊണ്ടിരുന്നപ്പോൾ.. കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ മെല്ലെ മെല്ലെ ഞാനത് ഉള്ളിലേക്ക് സ്വീകരിക്കുകയായിരുന്നു.

എനിക്ക് താങ്കളുടെ വിയോഗത്തിൽ ദുഃഖമുണ്ടോ..? ഇല്ല. ക്രൂരമായ മറുപടിയാണോ ഇത്.. അല്ല. താങ്കൾ ശരീരത്തോടെ ആ വാതിൽ കടന്നുപോകുകയല്ലേ ചെയ്തിട്ടുള്ളത്.. ആ കാഴ്ചയിൽ എന്തിനൊരാൾ ദുഃഖിക്കണം..?

എനിക്കറിയില്ല. വളരെ വൈകി ഞാനീ എഴുതുന്നതെല്ലാം ഉചിതമാകുന്നുണ്ടോ എന്ന്. ആരെങ്കിലും മരിച്ചാലുടനെ കൂടെ നിന്നെടുത്ത ഫോട്ടോ ഇടുന്നതോ ചരമക്കുറിപ്പെഴുതുന്നതോ അനുശോചനം പറയുന്നതോ ഒന്നും എന്റെ ശീലമല്ല. അനാദരവല്ല. ഓർമ്മിക്കാനുള്ളത് മറ്റൊരവസരത്തിൽ ഓർമ്മിക്കാമെന്ന് കരുതി മാറ്റിവയ്ക്കും. എന്നാൽ പ്രിയപ്പെട്ട സഖാവേ.. ഹൃദയത്തിനുള്ളിലിരുന്ന് താങ്കൾ ഞങ്ങളിലൊരാളായി സംസാരം തുടരുമ്പോൾ എനിക്ക് ഇതെഴുതാതിരിക്കാനാവുന്നില്ല. നമുക്ക് ഒരിക്കലെങ്കിലും ഒരു ഹായ് പറയാമായിരുന്നു അല്ലേ.. അടുത്തു കണ്ടപ്പോളെല്ലാം കുറച്ച് സ്വകാര്യതയുണ്ടായിരുന്നെങ്കിൽ ഞാനതിന് മുതിരുമായിരുന്നു. കഴിഞ്ഞില്ല. സാരമില്ല..

നമ്മൾ സഹയാത്രികരായിരുന്നു. താങ്കൾ ബഹുദൂരം മുന്നിലായിരുന്നു. ഞാൻ വളരെ വളരെ പിന്നിലും.. പക്ഷേ താങ്കൾ നയിക്കുന്ന വഴിയിലെ മങ്ങാത്ത പ്രകാശത്താൽ ഞാനും താങ്കളുടെ പിന്നാലെ നടക്കുക തന്നെയായിരുന്നു.. ഇപ്പോഴും ദൂരെ ദൂരെ നിന്നും താങ്കളുടെ ദൃഢമായ സ്വരം കേൾക്കാം. ആരോടും പകരുന്ന പുഞ്ചിരി കാണാം. മനുഷ്യനെ മനുഷ്യനായി കാണുന്ന ജീവിതം കാണാം. ലാളിത്യത്തിന്റെ മനോഹാരിതയും ആകർഷണീയതയും കാണാം. ജ്ഞാനത്തിന്റെ, ബോധത്തിന്റെ, തിരിച്ചറിവിന്റെ, ഉൾബോധത്തിന്റെ, ആഴമേറിയ കനിവിന്റെ അടയാളങ്ങൾ കാണാം. താങ്കൾ സ്വയമൊരു രാഷ്ട്രീയമായിരുന്നു. മാതൃകയാക്കാവുന്ന പ്രത്യയശാസ്ത്രത്തിന്റെ ആൾരൂപവും ആശയവും.

ഇന്ന്, അപരാഹ്നത്തിൽ ആ വാതിൽ കടന്ന് താങ്കൾ പോയപ്പോൾ ഞാൻ തിരിച്ചറിഞ്ഞത് എന്റെയുള്ളിൽ താങ്കളോടുണ്ടായിരുന്ന അപാരവും അഗാധവുമായ സ്‌നേഹത്തെക്കുറിച്ചാണ്. അത് തിരിച്ചറിയാൻ താങ്കളാ വാതിൽ കടന്ന് മറയേണ്ടിവന്നുവല്ലോ.

അഭിവാദ്യങ്ങൾ, പ്രിയപ്പെട്ട സ.സീതാറാം യെച്ചൂരി. മരിക്കുന്നില്ല നിങ്ങളൊരിക്കലും…

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + 3 =

Most Popular