Friday, October 18, 2024

ad

Homeപ്ലസ്‌ കവർ സ്റ്റാേറിവർഗീയത: സീതാറാമിന്റെ സമരമുഖം

വർഗീയത: സീതാറാമിന്റെ സമരമുഖം

എ എം ഷിനാസ്‌

ന്ത്യയും ലോകവും നേരിടുന്ന ഗൗരവപൂർണ്ണമായ പ്രശ്‌നങ്ങളെക്കുറിച്ചും അവ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും എഴുതുകയും പ്രസംഗിക്കുകയും വിശദീകരിക്കുകയും വിശകലനം ചെയ്യുകയും മാത്രമായിരുന്നില്ല സീതാറാം യെച്ചൂരി നിർവഹിച്ചുപോന്ന ധൈഷണിക കർത്തവ്യം. യെച്ചുരിയുടെ പുസ്‌തകങ്ങളും പ്രബന്ധങ്ങളും ഭാഷണങ്ങളും വെറും വിശ്ലേഷണവ്യായാമങ്ങളായിരുന്നില്ല. അവ പ്രവർത്തിക്കാനുള്ള ആഹ്വാനങ്ങളുമായിരുന്നു. പരന്ന വായനയും അപഗ്രഥന പാടവവും പ്രത്യയശാസ്‌ത്രദാർഢ്യവും അടിപ്പടവായ രാഷ്ട്രീയ ധൈഷണിക സപര്യയുടെ നിദർശനങ്ങളായി കഴിഞ്ഞ മൂന്നു വ്യാഴവട്ടത്തിനിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ പുസ്‌തകങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും നമുക്കു മുൻപിലുണ്ട്.

ഇക്കൂട്ടത്തിൽ ഒരു ഗ്രന്ഥത്തിന്റെ തലക്കെട്ട് സവിശേഷ ശ്രദ്ധയർഹിക്കുന്നു. ‘ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്: കോൺക്രീറ്റ് അനാലിസിസ് ഓഫ് കോൺക്രീറ്റ് കണ്ടീഷൻസ്’ എന്നത്രെയത്. ‘മൂർത്തമായ സാഹചര്യങ്ങളോടുള്ള മൂർത്തമായ പ്രതികരണമാണ് മാർക്‌സിസത്തിന്റെ സാരവും സത്തയു’ മെന്നു പറഞ്ഞത് വ്ളാദിമിർ ലെനിനാണ്.

എഴുപതുകളുടെ മധ്യത്തിൽ ജെ.എൻ.യു വിൽ യെച്ചൂരിയുടെ സഹപാഠിയും ഇപ്പോൾ പത്രപ്രവർത്തകനുമായ റോഷൻ കിഷോർ എഴുതിയ അനുസ്മ‌രണക്കുറിപ്പിൽ (ഹിന്ദുസ്ഥാൻ ടൈംസ്, സെപ്‌തംബർ 13) മറ്റൊരു കാര്യം, ഏറെക്കുറെ മേൽപ്പറഞ്ഞ പുസ്‌തക ശീർഷകവുമായി ചാർച്ചയുള്ള ഒരു ജെ.എൻ.യു അനുഭവം വിവരിക്കുന്നുണ്ട്. റോഷൻ കിഷോർ എഴുതുന്നു: ‘‘ജെ.എൻ.യുവിൽ അത്താഴശേഷം മിക്കപ്പോഴും നടക്കാറുള്ള സംവാദയോഗങ്ങളിൽ യെച്ചൂരി പലവുരു ആവർത്തിച്ചിരുന്ന ഒരു കാര്യമുണ്ട്. ‘എ കോൺട്രിബ്യൂഷൻ റ്റു ദ ക്രിറ്റിക് ഓഫ് ഹെഗൽസ് ഫിലോസഫി ഓഫ് റൈറ്റ്’ എന്ന മാർക്സിന്റെ രചനയുടെ അവതാരികയിൽ നിന്നുള്ള ഭാഗമായിരുന്നു അത്. ഭൗതികശക്തിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് ഭൗതികശക്തി കൊണ്ട് തന്നെയാണ്. എന്നാൽ ജനമനസ്സുകളിൽ സിദ്ധാന്തം ആഴത്തിൽ പതിഞ്ഞുകഴിഞ്ഞാൽ സിദ്ധാന്തങ്ങളും ഭൗതിക ശക്തിയായി മാറും. ആശയങ്ങളും ചരിത്രത്തിന്റെ ചാലകശക്തിയായ ഭൗതികശക്തിയാണെന്ന് ജെ.എൻ.യു വിലെ സംവാദ മുഖരിതമായിരുന്ന യോഗങ്ങളിൽ വിദ്യാർഥികളെ അദ്ദേഹം ബോധ്യപ്പെടുത്തു മായിരുന്നു. ആശയങ്ങളുടെ ഭൗതികശക്തിയെ പറ്റി തികഞ്ഞ ബോധ്യവും സമൂർത്തമായ സാഹചര്യങ്ങളോടുള്ള സമൂർത്തമായ പ്രതികരണവുമാണ് മാർക്സിസത്തിന്റെ സാരാംശങ്ങളിലൊന്നെന്ന ഗ്രാഹ്യവുമുണ്ടായിരുന്ന യെച്ചുരി ബഹുമുഖവും സർവതല സ്‌പർശിയുമായ സംഭവവികാസങ്ങളെ പറ്റി തൂലികയും നാവും പടവാളാക്കി കർമ്മധീരതയോടെ പ്രവർത്തിച്ചു. ഫാസിസ്റ്റ് പ്രകൃതമാർജിച്ച ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ സ്വരൂപത്തെക്കുറിച്ചും അതിന് വളവും വെള്ളവും പോഷണവും നൽകുന്ന മറ്റു മതമൗലികവാദ-വർഗീയ സംഘടനകളെപ്പറ്റിയും യെച്ചുരി എഴുത്തിലും ഭാഷണത്തിലും അവതരിപ്പിച്ചു പോന്ന ധീര നിലപാടുകളുടെ രത്നച്ചുരുക്കമാണ് ഇവിടെ കുറിക്കുന്നത്.

ബാബറി മസ്‌ജിദ് ധ്വംസനാനന്തരം 1993 മാർച്ചിൽ ഫ്രണ്ട് ലൈൻ മാഗസിനിൽ ‘വാട്ട് ഈസ് ഹിന്ദു രാഷ്ട്ര?’ എന്ന ശീർഷകത്തിൽ യെച്ചൂരി ഗഹനമായ ഒരു പ്രബന്ധമെഴുതിയിരുന്നു. പിന്നീട് തദ്‌വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പുസ്‌തകങ്ങളുടെയും പ്രഭാഷണങ്ങളുടെയും അടിക്കല്ലായത് ഈ പ്രബന്ധമാണെന്ന് പറയാം. ഹിന്ദുത്വവാദവും ഹിന്ദുരാഷ്ട്രസ്ഥാപന പദ്ധതിയും സംഘപരിവാറിന്റെ സംഘടനാ സംവിധാനവും അനാവരണം ചെയ്യുന്ന പ്രമാണരേഖ എന്ന് നിർവിശങ്കം വിളിക്കാവുന്ന, എം.എസ് ഗോൾവാൾക്കറിന്റെ 1939-ൽ പുറത്തുവന്ന ‘വീ ഓർ ഔർ നേഷൻഹുഡ് ഡിഫൈൻഡ്’ എന്ന ചെറുപുസ്‌തകത്തിന്റെ ആപത്‌കരമായ പൊരുളടക്കം ശസ്ത്രക്രിയാസൂക്ഷ്‌മതയോടെ യെച്ചൂരി അതിൽ പരിശോധിക്കുന്നുണ്ട്. ഗോൽവൽക്കർ തന്റെ വ്യായാമം തുടങ്ങുന്നത് ‘സ്വരാജ്’ എന്ന വാക്കിന്റെ അർഥം വ്യാഖ്യാനിച്ചു കൊണ്ടാണ്. ‘സ്വ’ എന്നാൽ ‘നാം’ ‘നമ്മൾ’ എന്ന അർഥത്തെ ചോദ്യം ചെയ്തും സ്വരാജ് എന്നാൽ ‘നമ്മുടെ രാജ്യം എന്ന് സ്ഥാപിച്ചുകൊണ്ടും മുന്നോട്ടുപോകുന്ന ഗോൽവൽക്കർ തുടർന്ന് ആരാണ് ഈ ‘നമ്മൾ’ എന്ന ചോദ്യമുയർത്തുന്നു. ‘നമ്മൾ’ എന്നത് ഹിന്ദുക്കൾ മാത്രമാണ് അതിനാൽ സ്വരാജിന്റെ അർത്ഥം ‘ഹിന്ദുരാജ്’ അല്ലെങ്കിൽ ‘ഹിന്ദുരാഷ്ട്രം’ എന്നത്രേ. ഹിന്ദുക്കളല്ലാത്ത എല്ലാ ഇന്ത്യക്കാരും ഒന്നുകിൽ ‘ഹൈന്ദവ സംസ്കാര’ത്തെ താന്താങ്ങളുടെ ജീവിതത്തിൽ സ്വാംശീകരിച്ച് ഭാരതവത്കരിക്കപ്പെടണമെന്നും അതിന് സന്നദ്ധരല്ലാത്തവർ ഇവിടെ നിന്ന് പുറത്തു പോവുകയോ അല്ലെങ്കിൽ ഹിന്ദുക്കളുടെ സൗമനസ്യത്തിൽ വിനീത വിധേയരായ രണ്ടാംകിട പ്രജകളായി ഇന്ത്യയിൽ തുടരുകയോ ചെയ്യണമെന്നുമാണ് ഗത്രോൾക്കർ അറുത്തു മുറിച്ച് പറയുന്നത്.

യെച്ചൂരി ഹിന്ദുത്വത്തിന്റെ രണോൽസുക പദ്ധതിയെപ്പറ്റി സവിസ്തരം പ്രതിപാദിച്ച ശേഷം പ്രബന്ധം ഉപസംഹരിക്കുന്നത്, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാൻ സാഫ്രൺ ബ്രിഗേഡിന്റെ അജൻഡയെ മാത്രം തോൽപ്പിക്കണമെന്ന് പറഞ്ഞു കൊണ്ടല്ല. ‘ഗോൾവാൾക്കറിന്റെ ഹിന്ദുത്വ കൈപുസ്തകം പുറത്തിറങ്ങി രണ്ടുവർഷം കഴിഞ്ഞ്, 1941 ൽ ഇന്ത്യാ ഉപവൻകരയിൽ അബ്ദുൽ അഅ്ലാ മൗദൂദി പ്രോദ്ഘാടനം ചെയ്‌ത രാഷ്ട്രീയ ഇസ്ലാമിന്റെ സംഘടനാരൂപമായ ജമാ അത്തെ ഇസ്‌ലാമിയുടെ പ്രതിലോമ വീക്ഷണങ്ങളിലേക്കും യെച്ചുരി വിരൽ ചൂണ്ടുന്നു: ‘‘ആർ.എസ്.എസിന് ഗോൾവാൾക്കർ എന്താണോ അതാണ് ജമാ അത്തെ ഇസ്‌ലാമിക്ക് മൗദൂദി. രണ്ടുപേർക്കും ഹിറ്റ്ലർ വീരപുരുഷനായിരുന്നു. മാനവനാഗരികത ഉയർത്തിപ്പിടിക്കുന്ന ആധുനികമൂല്യങ്ങളും ആദർശങ്ങളുമായ എല്ലാം ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്യം, സമത്വം, സാഹോദര്യം, പാർലമെന്ററി സ്ഥാപനങ്ങൾ എന്നിവ – ഗോൾവാൾക്കർ ‘അന്യവും വൈദേശികവു’മായി മുദ്രകുത്തി നിരാകരിച്ച പോലെ മൗദൂദിയും അവയൊക്കെ ഇതേ മട്ടിൽ തിരസ്ക‌രിച്ചു.’’

1947 മെയ് മാസത്തിൽ പത്താൻകോട്ടിൽ മൗദൂദി നടത്തിയ പ്രസംഗത്തിൽ ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമാക്കുന്നതിനു പകരം ഹിന്ദു രാഷ്ട്രമാക്കാനാണ് ആഹ്വാനം ചെയ്‌തതെന്ന് യെച്ചൂരി എഴുതുന്നു. 1953ൽ പാകിസ്‌താനിൽ അഹമ്‌ദിയ്യ മുസ് ‌ലിങ്ങൾക്കെതിരെ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കോടതി മുമ്പാകെ മൗദൂദി നൽകിയ മൊഴികളിലൊന്ന് ‘കൺഫ്രണ്ടിങ് ചാലഞ്ചസ്’ എന്ന ഗ്രന്ഥത്തിലുള്ള ‘എമേർജസ് ഓഫ് കമ്യൂണൽ ആൻഡ് ഫാസിസ്റ്റ് ഫോഴ്സസ് ഇൻ ഇൻഡിപ്പെൻഡന്റ് ഇന്ത്യ’ എന്ന പ്രബന്ധത്തിൽ യെച്ചൂരി ഉദ്ധരിക്കുന്നുണ്ട്. ജസ്റ്റിസ് എം. മുനീർ അധ്യക്ഷനും ജസ്റ്റിസ് എം. ആർ. കയാനി അംഗവുമായ അന്വേഷണക്കോടതി മൗദൂദിയോട് ചോദിച്ചത് ‘പാക്കിസ്‌താനിൽ ഇസ്‌ലാമിക ഭരണം വരുകയും അതേ തുടർന്ന് മുസ്‌ലിങ്ങൾ അല്ലാത്ത ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരരായി മാറുകയും ചെയ്‌താൽ ഇന്ത്യയിലെ മുസ്ല‌ിം ന്യൂനപക്ഷത്തെ അതെങ്ങനെ ബാധിക്കും’ എന്നായിരുന്നു. മൗദൂദി അപ്പോൾ പറഞ്ഞത് ‘‘ഇന്ത്യയിൽ ഹിന്ദുമതാടിസ്ഥാനത്തിലുള്ള ഭരണം സ്ഥാപിക്കുകയും മനുവിന്റെ നിയമങ്ങൾ നടപ്പാക്കുകയും തന്മൂലം ഇന്ത്യയിലെ മുസ്‌ലിങ്ങളെ ശുദ്രരോ മ്ലേച്ഛരോ ആയി കണക്കാക്കുകയും അവർക്ക് പൗരാവകാശങ്ങൾ തന്നെ നിഷേധിക്കുകയും ചെയ്‌താലും തനിക്ക് വിരോധമില്ലെ’’ന്നായിരുന്നു.

യെച്ചൂരി ഫ്രണ്ട് ലൈനിലെ പ്രബന്ധം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘‘ഹിന്ദു വർഗീയതയും മുസ്ലിം വർഗീയതയും പരസ്‌പര പോഷകങ്ങളായി വർത്തിക്കുന്നവയാണ്. രണ്ടും വർഗീയ വിഷത്തെ രാഷ്ട്ര ശരീരത്തിലേക്ക് ആഴത്തിൽ പടർത്തുകയും രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ മതനിരപേക്ഷ ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഹിറ്റ്ലർ‐-ഗോൾവാൾക്കർ‐-മൗദൂദി അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണം.’’

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − six =

Most Popular