Friday, October 18, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ലാഭത്തിന്റെ ഉറവിടം സംബന്ധിച്ച വിവാദങ്ങൾ

ലാഭത്തിന്റെ ഉറവിടം സംബന്ധിച്ച വിവാദങ്ങൾ

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 55

മുതലാളിത്ത ഉല്പാദനക്രമം ആധിപത്യം വഹിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ വരുമാനത്തിന്റെ സുപ്രധാന സ്രോതസ്സുകൾ കൂലിയും ലാഭവുമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സമൂഹത്തെ സംബന്ധിക്കുന്ന സാമ്പത്തിക വിശകലനങ്ങളിൽ ഈ രണ്ടു സംവർഗങ്ങളും ഏറ്റവും പ്രാധാന്യമർഹിക്കുന്നു. തന്റെ അർത്ഥശാസ്ത്ര രചനകളിൽ കൂലിയും വിലയും സംബന്ധിച്ച് ആഴമേറിയ വിശകലനങ്ങൾ മാർക്സ് നടത്തിയത് അതിനാലാണ്. ഒരു പക്ഷേ നമ്മുടെ മുഖ്യധാരാ അർത്ഥശാത്രകാരർ ഏറ്റവും മൗനം പുലർത്തുന്നതും ഇത് സംബന്ധിച്ചാണ് എന്നത് കൗതുകകരമാണ്. മുതലാലാളിത്ത ഉല്പാദനക്രമം ഭ്രമണം ചെയ്യുന്നത് തന്നെ ലാഭമെന്ന\ഗുരുത്വാകർഷണത്തെ കേന്ദ്രീകരിച്ചാണ് എന്നതിനാലാവും ഇത്. Profit maximisation അഥവാ പരമാവധി ലാഭം ഉറപ്പുവരുത്തുക എന്ന ഏക ലക്ഷ്യത്തോടെയാണല്ലോ സ്വകാര്യ മൂലധനം പ്രവർത്തിക്കുന്നത്. ഇത് സംബന്ധിച്ച് രസകരമായ തോമസ് ഡണ്ണിങ്ങിന്റെ ഒരുദ്ധരണി മൂലധനത്തിന്റെ ഒന്നാം വോള്യത്തിൽ മാർക്സ് ചേർത്തിട്ടുണ്ട്‌.

Capital eschews no profit, or very small profit, just as nature abhors a vacuum. With adequate profit, capital is very bold. A certain 10 percent will ensure its employment anywhere; 20 percent certain will produce eagerness; 50 percent, positive audacity; 100 percent will make it ready to trample on all human laws; 300 percent, and there is not a crime at which it will scruple, nor a risk it will not run, even to the chance of its owner being hanged. (T.J. Dunning, l. c., pp. 35, 36. Karl Marx Capital. Vol. 1). 10 ശതമാനം ലാഭം കിട്ടിയാൽ അതെവിടെയും എത്തിപ്പെടും. 100 ശതമാനം കിട്ടിയാൽ അത് എല്ലാ മാനുഷിക നിയമങ്ങളെയും തച്ചു തകർക്കും. 300 ശതമാനം കിട്ടിയാൽ അത് അതിന്റെ ഉടമയെത്തതന്നെ വേണമെങ്കിൽ കഴിവിലേറ്റും.

മൂലധനവും അധ്വാനശക്തിയും സംയുക്തമായിട്ടാണ് ചരക്കുല്പാദനം നടത്തുന്നത് എന്നതാണ് പൊതുവെയുള്ള സങ്കൽപ്പം. എന്നാൽ ഈ രണ്ടു ചേരുവകളുടെയും മിശ്രിതത്തിന്റെ തോത് യഥാർത്ഥത്തിൽ നിർണയിക്കുന്നത് മറ്റു പല ഘടകങ്ങളുമാണ്. എത്രത്തോളം ചൂഷണവിധേയമാണ് തൊഴിലാളികൾ, തൊഴിലാളികൾക്ക് പകരം യന്ത്രങ്ങൾ ഉപയോഗിക്കുന്നത് സാമ്പത്തികമായി എത്ര കണ്ട് ലാഭകരമാണ് എന്നിങ്ങനെയുള്ള പല ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. നിലവിലുള്ള സാങ്കതികവിദ്യയുമായി അത് ദൃഢമായി ബന്ധപ്പെട്ടിരിക്കുന്നു. അധികമായി ഉപയോഗിക്കുന്ന input ഘടകത്തിൽ നിന്ന് ലഭിക്കുന്ന ഉല്പന്നത്തിന്റെ ലാഭമാണ് ആത്യന്തികമായി മുതലാളിത്ത ഉല്പാദനത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ഈ കണക്കുകൂട്ടലിൽ മുതലാളി രണ്ടു സാധ്യതകളിൽ എത്തിപ്പെടുന്നു. അധികം ഉല്പാദനത്തിന്റെ ഫലം നഷ്ടത്തിൽ ചെന്ന് കലാശിക്കുമെങ്കിൽ അയാൾ ഉല്പാദനം നിർത്തും. അതല്ല അത് ലാഭത്തിലേക്ക് വഴിതെളിക്കുമെങ്കിൽ ഉല്പാദനം കൂട്ടും.ചുരുക്കത്തിൽ ലാഭം എന്ന ഏക ഘടകമാണ് മുതലാളിത്ത ഉത്പാദനത്തെ നയിക്കുന്ന ഏക ശക്തി. കൂടുതൽ ലാഭമുണ്ടാക്കുന്ന മേഖലകളിലേക്ക് കൂടുതൽ മൂലധനം വന്നെത്തും. അത് ആത്യന്തികമായി ആ മേഖലയിലെ ലാഭത്തിന്റെ തോതിനെ ഇടിക്കും. പ്രസ്തുത മേഖലയിലെ ലാഭം കുറഞ്ഞു കുറഞ്ഞു പൂജ്യത്തിൽ എത്തുന്നതുവരെ ഈ പ്രക്രിയ തുടരും.

ലാഭമെന്ന ഈ മഹാശക്തിയെ എങ്ങനെയാണ് നിർവചിക്കുക. ഒരു മുതലാളിയെ സംബന്ധിച്ചിടത്തോളം, നമ്മുടെ നാട്ടുഭാഷയിൽ വരവും ചെലവും തമ്മിലുള്ള അന്തരമാണ് ലാഭം. ചെലവ് കുറയ്ക്കുക, വരവ് കൂട്ടുക ഇതിനാവശ്യമായ, സാധ്യമായ, എല്ലാ നടപടികളും കൈക്കൊള്ളുക.

അർത്ഥശാസ്ത്രത്തിന്റെ ചരിത്രത്തിൽ മാർക്സ് നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ലാഭ നിരക്കിലെ ഇടിവ് എന്ന പ്രതിഭാസം. മൂലധനത്തിന്റെ മൂന്നാം വോളിയത്തിൽ ഒരധ്യായം തന്നെ ഇതിനായി മാറ്റിവെച്ച മാർക്സ് തന്റെ സാമ്പത്തികശാസ്ത്രകുറിപ്പുകളിൽ ഇത് സംബന്ധിച്ച് പറയുന്നത്, ‘ആധുനിക അർത്ഥശാസ്ത്രത്തിലെ ഏറ്റവും സുപ്രധാന നിയമമാണ് ഇതെന്നാണ്’. ഒരു വഴിക്ക് ഉല്പാദനക്ഷമത കൂട്ടി ലാഭം വർധിപ്പിക്കാൻ ഒരു കൂട്ടർ ശ്രമിക്കുമ്പോൾ ആ ലാഭത്തിന്റെ പങ്കു പറ്റാൻ കൂടുതൽ മുതലാളിമാർ ,മൂലധനം, എത്തിച്ചേരുന്നു. കമ്പോളങ്ങൾ വികസിപ്പിച്ചും ഉല്പാദനക്ഷമത കൂട്ടിയും ഇത് ലഘൂകരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു. ആവർത്തിച്ചുവരുന്ന മുതലാളിത്ത പ്രതിസന്ധി ഒരേ സമയം ഇതിന്റെ കാരണമായും താൽക്കാലിക പരിഹാരമായും വർത്തിക്കുന്നു. മാർക്സ് നടത്തിയ ഈ നിരീക്ഷണങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ചൂടുപിടിച്ച സംവാദങ്ങൾക്കാണ് വഴി തെളിച്ചത്. വലതുപക്ഷ സാമ്പത്തികശാസ്ത്രജ്ഞരും അക്കാഡമിക് പണ്ഡിതരും മാർക്സിന്റെ ഈ വാദഗതികളെ നിരാകരിക്കാനോ തമസ്കരിക്കാനോ ശ്രമങ്ങൾ നടത്തിയപ്പോൾ മാർക്സിസ്‌റ്റുകൾക്കിടയിൽ തന്നെ ഇത് ഭിന്ന വ്യാഖ്യാനങ്ങൾക്കിടയാക്കി.

ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച നിരീക്ഷണം ആദ്യമായി നടത്തുന്നത് മാർക്സല്ല. ക്ലാസിക്കൽ അർത്ഥശാസ്ത്രകാരരായ ആദം സ്മിത്തും, റിക്കാർഡോയും, മാൽത്തൂസും, ജോൺ സ്റ്റുവർട്ട് മില്ലുമെല്ലാം ലാഭനിരക്കിലുണ്ടാകുന്ന ഇടിവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പക്ഷേ വ്യത്യസ്ത സന്ദർഭങ്ങളും കാരണങ്ങളും മുൻനിർത്തിയാണെന്നു മാത്രം. മുതലാളിത്ത ഉല്പാദനപ്രക്രിയക്ക് പുറത്താണ് ഇവരിൽ പലരും ഇതിന്റെ കാരണങ്ങൾ കണ്ടെത്തിയത്. ജനസംഖ്യാവർദ്ധനവും അതുമൂലം ഫലഭൂയിഷ്ഠമായ കൃഷിയിടത്തിന്റെ വിസ്തൃതിയിലുണ്ടാകുന്ന ഇടിവുമാണ് ഇതിന്റെ കാരണമായി റിക്കാർഡോ കണ്ടെത്തിയത്. ഇത് കൂലിയുടെയും ഭക്ഷണസാധനങ്ങളുടെയും വില വർധനവിലേക്കും അത് കൂലിനിരക്കുകൾ ഉയരുന്നതിലേക്കും അങ്ങനെ ലാഭത്തിന്റെ ഇടിവിലേക്കും വഴിവെക്കുമെന്ന് റിക്കാർഡോ കരുതി. ഇതിനെ മാർക്സ് രൂക്ഷമായി പരിഹസിക്കുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ നിന്നും ഒളിച്ചോടിയ റിക്കാർഡോ ഓർഗാനിക് കെമിസ്ട്രിയിലാണ് അഭയം തേടിയത് എന്നാണ് ഗ്രുൻഡ്രിസ്സെയിൽ മാർക്സ് ഇത് സംബന്ധിച്ച് പരാമർശിച്ചത്. തന്റെ മുൻഗാമികളായ അർത്ഥശാസ്ത്രകാരന്മാരിൽ നിന്നും മാർക്സ്‌ വേറിട്ടു നിൽക്കുന്നത് ഇവിടെയാണ്. ലാഭനിരക്കിലുള്ള ഇടിവ് മുതലാളിത്ത ഉല്പാദനപ്രക്രിയയയുടെ തീർത്തും ആഭ്യന്തരമായ ഒരു പ്രതിഭാസമാണെന്ന് മാർക്സിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

ലാഭത്തിന്റെ ഏക സ്രോതസ്സ് അധ്വാനശക്തിയാണെന്ന വാദമാണ് മാർക്സ് അതിശക്തമായി മുന്നോട്ടുവെച്ചത്. (ഈ വാദം വിശദമായി മുൻപ് ഒരു ലക്കത്തിൽ പരാമർശിച്ചിരുന്നതിനാൽ ഇവിടെ അതിലേക്ക് കൂടുതൽ കടക്കുന്നില്ല). അതെ സമയം ഉല്പാദനപ്രവർത്തനത്തിൽ അധ്വാനശക്തിയെ അപേക്ഷിച്ച് യന്ത്രങ്ങളുടെ പങ്ക് കൂടുന്നതോടെ ലാഭനിരക്കിൽ ഇടിവ് സംഭവിക്കും. ഇത് ഗണിതശാസ്ത്രപരമായി ഇങ്ങനെ സമർഥിക്കാം.

(1) K = C/V
(2) E= S/V
(3) R=S/(C+V)

(കടപ്പാട്: ഹൊവാഡ്, കിംഗ്)

K എന്നത് സ്ഥിര മൂലധനവും അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ സൂചിപ്പിക്കുന്നു. C സ്ഥിര മൂലധനം അഥവാ യന്ത്രങ്ങളും മറ്റും. V അസ്ഥിരമൂലധനം അഥവാ അധ്വാനശക്തി. മിച്ചമൂല്യവും അധ്വാനശക്തിയും തമ്മിലുള്ള ബന്ധത്തെയാണ് E അഥവാ ചൂഷണത്തോത് സൂചിപ്പിക്കുന്നത്. മിച്ചമൂല്യവും മൊത്തം മൂലധനവും തമ്മിലുള്ള ബന്ധത്തെ R സൂചിപ്പിക്കുന്നു. ഈ സമവാക്യത്തിന്റെ (3) രണ്ടു ഘടകങ്ങളെയും (numerator and denominator) V കൊണ്ട് ഹരിച്ചാൽ (ഇതിനെ ഒരു ഗണിതശാസ്ത്രപരമായ സൂത്രവിദ്യയായി കരുതുക) താഴെപ്പറയുന്ന സമവാക്യം കിട്ടും.

(4) R = E /(K +1 )

ചൂഷണനിരക്ക് കൂടുന്നതനുസരിച്ച് ലാഭം കൂടുകയും മൂലധനത്തിന്റെ ജൈവഘടന കൂടുന്നതനുസരിച്ച് ലാഭം കുറയുകയും ചെയ്യുമെന്ന് സമവാക്യം 4 തെളിയിക്കുന്നു. ചൂഷണനിരക്കിനേക്കാൾ കൂടുതലായിരിക്കണം മൂലധനത്തിന്റെ ജൈവഘടനയിലെ വർദ്ധനവ് എന്നു മാത്രം.

ലാഭനിരക്ക് ഇടിയുന്നത് സംബന്ധിച്ച മാർക്സിന്റെ നിരീക്ഷണങ്ങളെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്.

(തുടരും)

 

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 18 =

Most Popular