Saturday, December 21, 2024

ad

Homeവിശകലനംകേരളത്തിലെ 
വര്‍ഗീയ രാഷ്ട്രീയത്തിന്റെ 
വികാസവും 
വര്‍ത്തമാനകാല പ്രതിരോധവും

കേരളത്തിലെ 
വര്‍ഗീയ രാഷ്ട്രീയത്തിന്റെ 
വികാസവും 
വര്‍ത്തമാനകാല പ്രതിരോധവും

എ വിജയരാഘവന്‍

ന്നത്തെ ബൂര്‍ഷ്വാ സാമൂഹ്യ ഘടനയില്‍ ഒരു വിശ്വാസ വ്യവസ്ഥ എന്ന നിലയില്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും നോക്കിക്കാണാനുള്ള ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ വര്‍ഗീയതയെ നാം കാണേണ്ടതുണ്ട്. സമൂഹത്തെ ഈ പ്രത്യയശാസ്ത്രത്തിന് ചുറ്റും ഹിന്ദുത്വ ശക്തികൾ സംഘടിപ്പിക്കുന്നു. വര്‍ഗീയതയെ ഭരണവര്‍ഗ്ഗം അതിന്റെ താല്‍പര്യത്തിനായി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും അത് നിലവിലുള്ള വ്യവസ്ഥയെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
സിപിഐ എം പാർട്ടി പരിപാടിയുടെ ഖണ്ഡിക 5(7) ഇന്ത്യയുടെ വര്‍ഗീയതയുടെ വ്യാപനത്തെ ഇപ്രകാരം സൂചിപ്പിക്കുന്നു:

5.7 ഭരണഘടനയില്‍ മതനിരപേക്ഷതയുടെ തത്ത്വങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വന്‍കിട ബൂര്‍ഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തില്‍ ബൂര്‍ഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്ചപ്പാടിനെ അപ്പാടെ അവര്‍ വളച്ചൊടിക്കുന്നു. മതത്തെ പൂര്‍ണമായും രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുന്നതിനുപകരം ഭരണകൂട വിഷയങ്ങളിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ ഇടപെടാന്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യം എന്നാണ് മതനിരപേക്ഷതയുടെ അര്‍ത്ഥമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ പ്രവണതകള്‍ക്കെതിരെ അടിയുറച്ചുനിന്ന് പോരാടുന്നതിനുപകരം ബൂര്‍ഷ്വാസി പലപ്പോഴും ഇളവുകള്‍ നല്‍കി അവയെ ശക്തിപ്പെടുത്തുന്നു. വര്‍ഗീയവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ആര്‍ എസ് എസ് നേതൃത്വത്തിലുള്ള കൂട്ടുകെട്ട് ഉയര്‍ന്നുവരുകയും കേന്ദ്രത്തില്‍ അധികാരത്തിലേറുകയും ചെയ്തതോടെ മതനിരപേക്ഷതയുടെ അടിത്തറ നേരിടുന്ന ഭീഷണി സംഭ്രമജനകമായിട്ടുണ്ട്. ഭരണകൂട സ്ഥാപനങ്ങളെയും ഭരണസംവിധാനത്തെയും വിദ്യാഭ്യാസ വ്യവസ്ഥയേയും മാധ്യമങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാന്‍ നിരന്തരശ്രമങ്ങള്‍ നടക്കുന്നു. ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ച ന്യൂനപക്ഷവര്‍ഗീയ ശക്തികള്‍ക്ക് കരുത്തേകുകയും ദേശീയ ഐക്യത്തെ അപകടപ്പെടുത്തുകയും ചെയ്യും. വന്‍കിട ബൂര്‍ഷ്വാസിയിലെ ചില വിഭാഗങ്ങള്‍ ബി ജെ പിക്കും അതിന്റെ വര്‍ഗീയവേദിക്കും നല്‍കുന്ന പിന്തുണ രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉളവാക്കുന്നവയാണ്.”
അധികാരം പിടിച്ചെടുക്കാന്‍ മതവിശ്വാസത്തെ ദുര്‍വിനിയോഗം ചെയ്യുന്ന തരത്തില്‍ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച സിപിഐ എം നിലപാട് പാര്‍ട്ടി പരിപാടി ഖണ്ഡിക 5.8ൽ പറയുന്നു:

5.8 അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങളിലേർപ്പെടാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചു പോരാടേണ്ടതാണ്.”

‘‘മതവും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വ്യക്തിയുടെ സ്വകാര്യ വിഷയമായി അംഗീകരിക്കുകയും മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിനെ നിശിതമായി എതിര്‍ക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി സമീപനം. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ ഘടനയില്‍ മതം, ജാതി, ഭാഷാ എന്നീ സ്വത്വബോധങ്ങളെ രാഷ്ട്രീയാധികാരം നേടാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ്.

മുതലാളി, തൊഴിലാളി, കര്‍ഷകന്‍, കര്‍ഷകത്തൊഴിലാളി, ഇടത്തരക്കാര്‍ എന്നിങ്ങനെ വര്‍ഗപരമായ സമീപനം പിന്തള്ളപ്പെടുകയും പകരം മതബോധം വല്ലാത്ത തരത്തില്‍ അവരോധിക്കപ്പെടുകയും ചെയ്യുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല സാമൂഹികവും സാംസ്കാരികവുമായ ഉദ്ദേശ്യങ്ങള്‍ക്കായി ജനങ്ങളെ അവരുടെ മത സ്വത്വത്തിലൂടെ സംഘടിപ്പിക്കാനും സംഘം ചേര്‍ക്കാനും സാധിക്കും എന്ന വിശ്വാസമാണ് മതാധിഷ്ഠിത രാഷ്ട്രീയ ചേരിയെ നിയന്ത്രിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ തുടക്കകാലത്ത് വര്‍ഗീയ ചേരി തിരിവിന്റെ അംശങ്ങള്‍ കാണാനാകും. എന്നാല്‍ അത് തീവ്ര ഫാസിസ്റ്റ് വര്‍ഗീയതയായി വിപുലമായി വളര്‍ന്നത് സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പുള്ള ദശകത്തിലായിരുന്നു. ഹിന്ദു, മുസ്ലീം വിദ്വേഷത്തിന്റെ രാഷ്ട്രീയം കോണ്‍ഗ്രസ് നയിച്ച ദേശീയ പ്രസ്ഥാനത്തിന് സമാന്തരമായി ശക്തിപ്പെട്ടു. അത് സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ ഹിന്ദുþമുസ്ലീം വിദ്വേഷത്തിന്റെ ആക്രമണോത്സുകതയിലേക്ക് വളരുകയും രാജ്യം ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെടുകയും ചെയ്തു. വിഭജന കാലത്ത് രാജ്യം വലിയ തോതിലുള്ള കലാപത്തിലേക്ക് നീങ്ങാനിടയായത് കടുത്ത വര്‍ഗീയ വിഭജനത്തിലൂടെയാണ്. മഹാത്മജിയുടെ രക്തസാക്ഷിത്വം ഇതിന്റെ ദൗര്‍ഭാഗ്യകരമായ ഉയര്‍ന്ന രൂപമായിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനായ പണ്ഡിറ്റ് നെഹ്രു വര്‍ഗീയതയ്ക്കെതിരെ ആദ്യകാലത്ത് ഉറച്ച നിലപാടെടുത്തിരുന്നു. 1954ലെ ഒരു പ്രസംഗത്തില്‍ നെഹ്രു പറഞ്ഞത് ‘‘എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ ഇന്ത്യയില്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും പരാജയപ്പെടാന്‍ ഞാന്‍ തയ്യാറാണ്; പക്ഷേ വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും ഒരിഞ്ചുപോലും എന്റെ രാജ്യത്തെ വിട്ടുകൊടുക്കില്ല’’ എന്നാണ്. പണ്ഡിറ്റ് നെഹ്രുവിനും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും ഈ നിലപാടില്‍ ഉറച്ചുനില്‍ക്കാനായില്ല. 1957ലെ പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആ സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ വിമോചന സമരത്തിലാകട്ടെ എല്ലാ വര്‍ഗീയശക്തികളും ഒരുമിക്കുകയും ജാതി പ്രമാണിമാരുമായി കൂട്ടുചേരുകയും തുടര്‍ന്ന് നെഹ്രു തന്നെ 1959 ല്‍ ഇ എം എസിന്റെ സര്‍ക്കാരിനെ പിരിച്ചു വിടുകയും ചെയ്തു.

ഐക്യ കേരളപ്പിറവിക്ക് മുമ്പു തന്നെ നടന്ന തിരു–കൊച്ചി തിരഞ്ഞെടുപ്പിലും മദിരാശി നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലും വര്‍ഗീയമായ ചേരിതിരിവിന്റെ സ്വഭാവം കാണാന്‍ കഴിയും. തിരുകൊച്ചി പ്രദേശത്ത് കോണ്‍ഗ്രസ് മുന്നണിക്ക് ജയിക്കാന്‍ കഴിഞ്ഞെങ്കിലും അന്നത്തെ കോണ്‍ഗ്രസ് മുന്നണി എന്നത് ക്രിസ്ത്യന്‍, മുസ്ലീം, നായര്‍, ഈഴവ തുടങ്ങിയ മതജാതി സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയം നേടിയത്.

സ്വാതന്ത്ര്യാനന്തരം 1952ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ബി.പോക്കര്‍ സാഹിബ് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മദിരാശി നിയമസഭയില്‍ അഞ്ച് മുസ്ലീം ലീഗ് എം.എല്‍.എമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം വര്‍ഗീയ രാഷ്ട്രീയം മലബാര്‍ മേഖലയില്‍ ശക്തിപ്പെട്ട് തുടങ്ങുന്നതിന്റെ സൂചനകള്‍ ഇതില്‍ കാണാം.

1959 ലെ വിമോചന സമരമാണ് കേരളത്തില്‍ പൂര്‍ണമായും രാഷ്ട്രീയ ഘടനയെ വര്‍ഗീയ രാഷ്ട്രീയത്തിന് കീഴ്പ്പെടുത്തുന്ന പ്രവര്‍ത്തന രീതിക്ക് തുടക്കം കുറിച്ചത്. ക്രിസ്ത്യന്‍ സഭയാണ് ഈ നിലയിലുള്ള പ്രവര്‍ത്തനത്തിന് തുടക്കം മുതല്‍ ശ്രമിച്ചത്. പിന്നീട് ലീഗ് ഈ മുന്നണിയില്‍ ചേര്‍ന്നു. എന്‍.എസ്.എസും അന്നത്തെ ഹിന്ദുത്വ ശക്തികളും വിമോചന സമരത്തോടൊപ്പം നിന്നു. കേന്ദ്രസര്‍ക്കാര്‍ ഇ.എം.എസ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്തത് ഈ രാഷ്ട്രീയത്തിന് വളരാനുള്ള അടിത്തറയായി മാറി.

മുസ്ലീം വിഭാഗത്തിലെ സമ്പന്നരും വിദ്യാസമ്പന്നരുമായ ഒരു വിഭാഗം സ്വാതന്ത്ര്യാനന്തരം മലബാറില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പൊതുവെ വിദ്യാസമ്പന്നരായ ലീഗ് നേതൃത്വം മുസ്ലീം സുന്നി വിഭാഗത്തിന്റെ ആത്മീയ നേതാക്കളായ ബാഫഖി തങ്ങളെയും പാണക്കാട് പൂക്കോയ തങ്ങളെയും ലീഗ് നേതൃത്വത്തിലേക്ക് കൊണ്ടുവരികയും മുസ്ലീം മത വിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയുമുണ്ടായി. പിന്നീട് മുസ്ലീം ബഹുജന പിന്തുണയെ കൃത്യമായി രാഷ്ട്രീയ ആവശ്യത്തിനായി ലീഗ് ഉപയോഗപ്പെടുത്തുന്നത് കേരളത്തിലെ സ്ഥിരം പ്രത്യേകതയാണ്. 1960 മുതല്‍ ആറു പതിറ്റാണ്ടുകാലമായി മുസ്ലീം വര്‍ഗീയ ചേരുവകളെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗപ്പെടുത്തിവരുന്നു. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിലെ ഏറ്റവും കൂടുതല്‍ ആള്‍ബലമുള്ള പ്രമുഖ പാര്‍ട്ടി മുസ്ലീം ലീഗാണ്.

1967ല്‍ ലീഗ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി. 1970 മുതല്‍ തുടര്‍ച്ചയായി കേരളത്തില്‍ കോണ്‍ഗ്രസ് – ലീഗ് സഖ്യം തുടരുകയാണ്. ക്രിസ്ത്യന്‍ സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ഈ സഖ്യത്തിന്റെ ഭാഗമാക്കി പൊതുവെ നിലനിര്‍ത്തിയാണ് യു.ഡി.എഫ് സംവിധാനം നിലനില്‍ക്കുന്നത്. അധികാരം ഉപയോഗിച്ചും വിലപേശിയും ലീഗ് ഈ കാലയളവില്‍ ശക്തിപ്പെട്ടു. മലബാറിന് പുറത്തേക്ക് വ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ യു.ഡി.എഫിലെ പ്രബല ശക്തിയാണ് ലീഗ്.

1987ൽ വര്‍ഗീയ പാര്‍ട്ടികള്‍ ഇല്ലാത്ത ഒരു സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടിന് ജനപിന്തുണ ലഭിച്ചു. എന്നാല്‍ ബിജെപിയെ കൂടി തരാതരം ഉപയോഗപ്പെടുത്തി വോട്ട് കൈമാറുന്ന രീതി യുഡിഎഫ് സ്വീകരിച്ചു. 1957–59, 1967–69, 1980–82 എന്നിങ്ങനെ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ ഹിന്ദുത്വ ശക്തികളുമായി യുഡിഎഫ് ഐക്യപ്പെടുകയുണ്ടായി. 1984ലെ വടകര ബേപ്പൂര്‍ സഖ്യം ഇതിന്റെ ഉയര്‍ന്ന രൂപമായിരുന്നു.

കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയ ഘടനയില്‍ നിയന്ത്രണം പുലര്‍ത്തിപ്പോന്നത് ന്യൂനപക്ഷ വര്‍ഗീയതയായിരുന്നെങ്കില്‍ ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത നിര്‍ണായക മുന്നേറ്റം നടത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തിയ സാമൂഹ്യ പരിഷ്കരണ നിയമങ്ങളുടെ ഗുണഭോക്താക്കളായി ഒരു മധ്യവര്‍ഗം ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ മധ്യവര്‍ഗ്ഗത്തില്‍ പ്രകടമാകുന്നത് ആധുനിക ചിന്തകളല്ല. ഇവരെ പൊതുവെ നയിക്കുന്നത് യാഥാസ്ഥിതിക ബോധമാണ്. പുരുഷ മേധാവിത്വ ചിന്തകള്‍, യുക്തിബോധത്തിന്റെ കുറവ്, ശാസ്ത്രീയതയുടെ അഭാവം തുടങ്ങിയവ ഇവരില്‍ പ്രകടമാണ്. ഈ വിഭാഗത്തിലേക്ക് ഹിന്ദുത്വ വര്‍ഗീയ ആശയങ്ങള്‍ക്ക് കടന്നു കയറാന്‍ എളുപ്പമാണ്.

ഇന്ത്യന്‍ സാമൂഹ്യഘടനയില്‍ ആര്‍എസ്എസ് ബിജെപി ആശയങ്ങള്‍ക്ക് പൊതുവെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനം കേരളീയ സമൂഹത്തിലും സാധ്യമാക്കുന്നതിന് വളരെ സംഘടിതമായ ശ്രമങ്ങളാണ് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. തീവ്ര ഹിന്ദു സമൂഹങ്ങള്‍ക്ക് സ്വീകാര്യമാകുന്ന രാമായണ മാസാചരണം, നാലമ്പല യാത്ര തുടങ്ങിയ പല പുതിയ അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും അത്തരം ഇടപെടലുകളിലൂടെ തീവ്ര ഹിന്ദുത്വ ചിന്ത കടത്തിവിടുകയും ചെയ്യുന്നു. പുതുതായി നിര്‍മ്മിച്ച അയോധ്യ രാമ ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടന പരിപാടികള്‍ അവർ സംഘടിപ്പിക്കുന്നു. എല്ലാ ജാതി സംഘടനകളെയും ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്നു. ഈ നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ ഹിന്ദു സമുദായത്തില്‍ ഇടതുപക്ഷ സ്വാധീനം ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി ദീര്‍ഘകാല ലക്ഷ്യം വച്ച് സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്.

ജനകീയ പ്രതിച്ഛായയില്ലാത്ത കായിക ആക്രമണ സ്വഭാവമുള്ള ആര്‍എസ്എസ്, സേവാഭാരതിയെ ഉപയോഗിച്ച് സമൂഹത്തില്‍ ജനസ്വീകാര്യത സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളുമായി ബന്ധം സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്താക്കാനുള്ള നിരന്തര പരിശ്രമമാണ് ഹിന്ദു വര്‍ഗീയ ശക്തികൾ നടത്തുന്നത്. അവരുടെ സാമൂഹ്യ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ പിന്നാക്ക വിഭാഗമായ ഈഴവര്‍ക്കിടയില്‍ ആരംഭിച്ച എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനത്തിന് വലിയ സ്വാധീനം ചെലുത്താനായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ അതിന്റെ സമ്പന്ന നേതൃത്വത്തെ വരുതിയിലാക്കി ജാതി ചിന്ത വളര്‍ത്തി ആര്‍എസ്എസ് വലയത്തിലാക്കാന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഈഴവ വിഭാഗത്തിനിടയില്‍ കൂടുതല്‍ വര്‍ഗീയ ചിന്ത ബിജെപിക്ക് അനുകൂലമായി രൂപപ്പെടുത്താന്‍ ഇടയാക്കിയിട്ടുണ്ട്. ദളിത് വിഭാഗത്തിലും ധീവരര്‍ക്കിടയിലും വിവിധ ഹിന്ദു ഉപജാതി വിഭാഗത്തിലും പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ട് ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗങ്ങളിലും വര്‍ഗീയ ചിന്ത വളരാനിടയാക്കിയിട്ടുണ്ട്.

ചില ക്രിസ്ത്യന്‍ പുരോഹിതര്‍ ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. സംഘപരിവാര്‍ ഉയര്‍ത്തിയ ലൗ ജിഹാദ് വിഷയം ശരിയാണ് എന്ന നിലയില്‍ ചില പ്രചാരണങ്ങളും ഇവര്‍ നടത്തി. സിപിഐ എം മുസ്ലീം പ്രീണനം നടത്തുന്നു എന്ന പ്രചാരണവും വിശ്വാസികള്‍ക്കിടയില്‍ ഈ വിഭാഗം നടത്തിവരുന്നു. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കരിസ്മാറ്റിക് ധ്യാനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ പ്രത്യേകം സംഘടനകള്‍ക്ക് രൂപം നല്‍കല്‍, വന്‍തോതില്‍ പണം ചെലവഴിച്ചു സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ തുടങ്ങിയവയിലൂടെയെല്ലാം വിശ്വാസികളെ സ്വന്തം പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്നു. അവരില്‍ ഇടതുപക്ഷ വിരുദ്ധ മനോഭാവം വളര്‍ത്താന്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ സഭകള്‍ ഇപ്പോള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് യുഡിഎഫിനോടും ബിജെപിയോടും അടുപ്പം കാണിക്കുന്ന രീതിയിലാണ് ഈ മേഖലയിലെ ചില പുരോഹിതരും സഭകളും പ്രവര്‍ത്തിക്കുന്നത്. സിപിഐ എം വിരുദ്ധമായ ചിന്തകള്‍ വളര്‍ത്തുന്നതിനും അവരെ കൂടുതല്‍ വര്‍ഗീയവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നുള്ളത് നാം ശ്രദ്ധിക്കേണ്ടതാണ്.

ബിജെപി തെക്കേ ഇന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ തുടക്കം കുറിച്ചുകൊണ്ട് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ബിജെപിക്ക് ജയിക്കാനായി. യുഡിഎഫിനു വേണ്ടി മത്സരിച്ചത് ദുര്‍ബലനായ ഒരു ഘടകകക്ഷി സ്ഥാനാര്‍ത്ഥിയായിരുന്നു. കേന്ദ്ര ഭരണകൂടാധികാരത്തെ ദുര്‍വിനിയോഗം ചെയ്തും ക്രിസ്ത്യന്‍ സഭകളില്‍ സ്വാധീനം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു. കേരളത്തില്‍ നിന്ന് ഇത്തവണ ആദ്യമായി ഒരു ബിജെപി പ്രതിനിധി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഗൗരവമേറിയ കാര്യമാണ്. ഈ മണ്ഡലത്തില്‍ നല്ലൊരു വിഭാഗം ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്തു. സിപിഐ എമ്മിന് നിര്‍ണായക സ്വാധീനമുള്ള ചില മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും വലിയ തോതില്‍ വോട്ട് ബിജെപിയിലേക്ക് പോയിരിക്കുന്നു. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തു പോരുന്ന ആളുകള്‍ ഹിന്ദുത്വ വര്‍ഗീയ ആശയങ്ങള്‍ക്ക് വിധേയമായിരിക്കുന്നുവെന്നത് ഗൗരവമായി കാണണം. കേന്ദ്ര മന്ത്രിസഭയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു മന്ത്രിയെ ഉള്‍ക്കൊള്ളിച്ചും കേരളത്തില്‍ നിന്നുള്ള ഗവര്‍ണറെ ഉപയോഗിച്ചും ഹിന്ദുത്വ വര്‍ഗീയ ചിന്തയ്ക്കൊപ്പം ക്രിസ്ത്യന്‍ മത വിശ്വാസികളെ കൂട്ടിയോജിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പൊതുവെ കേരളത്തില്‍ എല്ലാ വര്‍ഗീയതയും ശക്തിപ്പെടുന്ന പ്രവണതയാണ് ഇപ്പോള്‍ നാം കാണുന്നത്.

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീം വിഭാഗവും കൂടുതലായി യുഡിഎഫിന് വോട്ട് ചെയ്തു. ഇത് ഇടതുപക്ഷ തോല്‍വി ഉറപ്പിച്ച ഒരു ഘടകമാണ്. ഇത്തരം ഒരു തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കുന്നതിന് കഴിഞ്ഞത് മുസ്ലീം വര്‍ഗീയ രാഷ്ട്രീയം, മുസ്ലീം യാഥാസ്ഥിതികവിഭാഗം, മുസ്ലീം മൗലികവാദികളായ ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവയെപോലെയുള്ള തീവ്ര മുസ്ലീം വിഭാഗം എന്നിവയെല്ലാം ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്. പൊതുവെ നോക്കിയാല്‍ വര്‍ഗീയ ചിന്ത മുസ്ലീം വിഭാഗത്തില്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനം ശക്തിപ്പെടുന്നുണ്ട്.

വര്‍ഗീയതയുടെ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. വര്‍ഗീയതയ്ക്കെതിരായ പ്രചാരണം എന്നത് ഏതാനും ക്യാമ്പയിനുകളില്‍ ഒതുക്കി നിര്‍ത്തേണ്ടതല്ല. അത് തുടര്‍ച്ചയായി, നിരന്തരമായി നടത്തേണ്ടതാണ്. വര്‍ഗീയതയില്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമായത്. ആര്‍എസ്എസ് നൂറു വര്‍ഷമായി തുടര്‍ച്ചയായി, തീവ്രമായ പ്രവര്‍ത്തനം നടത്തിവരികയാണ് എന്ന വസ്തുത മനസിലാക്കേണ്ടതുണ്ട്. വലിയ തോതില്‍ അവരെ ചെറുക്കുന്നതിന് കഴിയുന്നതിന് നിരന്തരമായ ചെറുത്തുനില്‍പ്പും ആശയ സമരവും നടത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

വര്‍ഗീയ പ്രത്യയശാസ്ത്രത്തിനുചുറ്റും കെട്ടിപ്പടുക്കുന്നതാണ് വര്‍ഗീയ കക്ഷികള്‍. അത്തരം ഒരു കക്ഷിയുമായും ഐക്യപ്പെടുന്ന അവസരവാദപരമായ നിലപാട് ഒരു ഘട്ടത്തിലും സ്വീകരിക്കരുത്.

വിദ്യാഭ്യാസ – ചരിത്ര മേഖലകളിലെ ആര്‍എസ്എസ് കടന്നുകയറ്റം പരിശോധിക്കേണ്ടതും അതിനെതിരായ പ്രചരണ പരിപാടികള്‍ പ്രത്യേകം സംഘടിപ്പിക്കേണ്ടതുമാണ്.

അടിസ്ഥാനപരമായി എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരെയും; നമുക്കൊപ്പം നില്‍ക്കുന്നവരെ മാത്രമല്ല; നേരിട്ട് സമീപിക്കുവാനും വര്‍ഗീയതയ്ക്കെതിരായി അണിനിരത്താനുമുള്ള പ്രവര്‍ത്തനം നടത്തേണ്ടത് ആവശ്യമാണ്.

ഇന്നത്തെ നിലയില്‍ ഭൂരിപക്ഷ വര്‍ഗീയവാദത്തിനെതിരെ ശക്തമായ പ്രവര്‍ത്തനം തുടര്‍ച്ചയായി നാം സംഘടിപ്പിക്കണം. എന്നാല്‍ ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുകയാണ്. വ്യത്യസ്തമായ യാഥാസ്ഥിതികത്വം, മതമൗലികവാദം ഇതിനെ ഉള്‍ക്കൊള്ളുന്ന നിലയില്‍ ശക്തിപ്പെടുന്ന ന്യൂനപക്ഷ വര്‍ഗീയത എന്നിവയ്ക്കെതിരായും ബഹുജനങ്ങളെ നാം അണിനിരത്തണം. വര്‍ഗീയതയോട് അയവേറിയ സമീപനം സ്വീകരിച്ചാല്‍ അത് അവസരവാദപരമായ രാഷ്ട്രീയ നിലപാടായി മാറും.

വര്‍ഗീയത വിപുലമാക്കാന്‍ കേരളത്തില്‍ സംഘപരിവാര്‍ ശക്തികളും ന്യൂനപക്ഷ വര്‍ഗീയ ചേരിയും വിവിധ സാമുദായിക ഘടകങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബദലായി പ്രാദേശിക തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആശയ രംഗത്ത് നമുക്ക് നടത്താനാവണം. നാം നേതൃത്വം നല്‍കുന്ന വായനശാലകള്‍, ക്ലബ്ബുകള്‍, എന്നിവയെ ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്താൻ കഴിയണം.

ശാസ്ത്ര പ്രവര്‍ത്തകര്‍. ശാസ്ത്ര അധ്യാപകര്‍, മഹിള, യുവജന, വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ എന്നിവരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം വര്‍ഗീയതയ്ക്ക് എതിരെ പ്രാദേശിക തലത്തില്‍ നിരന്തരം നടത്താനാകണം. പ്രാദേശിക സാമൂഹ്യ സവിശേഷതകള്‍ അനുസരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താൻ നമുക്കു സാധിക്കണം.

ആരാധനാലയങ്ങള്‍ ഇന്ന് വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ മതവിശ്വാസത്തെ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യമായ ഇടപെടല്‍ നാം നടത്തണം. ആരാധനാലയങ്ങളുടെ ഭരണ നിര്‍വഹണ നേതൃത്വം സംഘപരിവാറിന് കിട്ടുന്നത് ഒഴിവാക്കാനാവുന്ന നിലയില്‍ ഇടപെടണം. ഇതിനുള്ള സമീപനം പ്രാദേശിക തലത്തില്‍ നാം രൂപപ്പെടുത്തണം.

അരാഷ്ട്രീയവാദത്തെ നാം തുറന്നു കാണിക്കണം. മതനിരപേക്ഷ രാജ്യമാണ നമ്മുടേതെന്ന നിലയിലുള്ള പ്രചാരണം ശക്തിപ്പെടുത്തണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ പ്രചാരണത്തെ എതിര്‍ക്കണം. ന്യൂനപക്ഷ പ്രീണനം അല്ല, മതനിരപേക്ഷത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭരണ ഘടന നല്‍കുന്ന ന്യൂനപക്ഷ പരിഗണനയ്ക്കൊപ്പം പാര്‍ട്ടി നിലകൊള്ളുന്നു എന്ന കാര്യം നിലയില്‍ നാം പ്രചരിപ്പിക്കണം.

സ്ത്രീകളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ആചാരാനുഷ്ഠാനങ്ങളുടെ പുനഃസ്ഥാപനം ഈ ആവശ്യത്തിനായി സംഘപരിവാര്‍ സംഘടിപ്പിക്കുന്നുവെന്നത് തിരിച്ചറിഞ്ഞ് ഇതിലെ അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും വളര്‍ത്തുന്ന ഘടകങ്ങളെ വിമര്‍ശിക്കാന്‍ നാം തയ്യാറാവണം.

നവോത്ഥാനം എന്നത് സമൂഹത്തില്‍ തുടര്‍ച്ചയായി നടക്കേണ്ട ഒന്നാണ്. ജാതീയതയെ ഉന്മൂലനംചെയ്യാന്‍ ആരംഭിച്ച ഈ പ്രവര്‍ത്തനത്തെ ബ്രാഹ്മണ, ആര്യദൈവ സങ്കല്‍പ്പങ്ങളെ ആചാരത്തിലേക്കും വിശ്വാസങ്ങളിലേക്കും സന്നിവേശിപ്പിക്കുന്ന പ്രവര്‍ത്തനമാക്കി ആർഎസ്എസ് പരിവര്‍ത്തിപ്പിക്കുന്നത് നാം തുറന്നുകാണിക്കണം. മാറ്റത്തിന്റെ മൂല്യങ്ങളെ പ്രചരിപ്പിക്കാന്‍ ഉതകുന്ന നിലയില്‍ മികച്ച പ്രഭാഷണങ്ങള്‍ നടത്താന്‍ കഴിയുന്നവരെ പരിശീലിപ്പിക്കുകയും അവരുടെ പ്രഭാഷണങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കുകയും വേണം.

സാംസ്കാരിക മേഖലയില്‍ നാം പ്രത്യേകം ഊന്നല്‍ നല്‍കണം. സാംസ്കാരിക പ്രതിരോധ പ്രവര്‍ത്തനങ്ങൾ നാം സംഘടിപ്പിക്കണം. ഇക്കാര്യത്തിലുള്ള പാര്‍ട്ടി സമീപനം നമ്മുടെ പൊതുബോധം ആക്കി മാറ്റണം.

കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചാരണം ഇന്ന് പല ക്യാമ്പസുകളിലും വ്യാപകമായിട്ടുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിച്ച് പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരക്കാരുടെ പ്രവര്‍ത്തനം മനസ്സിലാക്കി ബദല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.

ജാതി സംഘടനകളുടെ നേതൃത്വം കൈപ്പിടിയിലാക്കി, അത്തരം സംഘടനകളിലൂടെ ആര്‍.എസ്.എസ-് വത്കരണം ശക്തിപ്പെടുത്തുന്നത് മനസ്സിലാക്കി അതിനെതിരെ ജനങ്ങളെ നാം അണിനിരത്തണം.

സ്വത്വ രാഷ്ട്രീയത്തിന്റെ വ്യാപനത്തെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ രാഷ്ട്രീയമായ പ്രതിലോമ വശങ്ങളെ അക്കാദമിക് രംഗത്ത് വിമര്‍ശനപരമായി തുറന്നു കാണിക്കണം.

അവശ ജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പൊതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഏറ്റെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ വര്‍ഗീയവാദികളെയും മൗലികവാദികളെയും തുറന്നുകാണിക്കാനും എതിര്‍ക്കാനും നമുക്കു കഴിയണം.

ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവയെ തുറന്നുകാണിക്കണം. എല്ലാ മുസ്ലീം മതമൗലികവാദ വര്‍ഗീയ ശക്തികള്‍ക്കുമൊപ്പം നിന്ന് വര്‍ഗീയ രാഷ്ട്രീയത്തിന്റെ ലാഭം കൊയ്യുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ അവസരവാദത്തെ നാം നല്ല നിലയില്‍ തുറന്നുകാട്ടുകയും എതിര്‍ക്കുകയും വേണം.

വിവിധതരം ജാതി ഉപജാതി സംഘടനകള്‍ ശക്തിപ്പെടുന്നത് ഗൗരവപൂര്‍വ്വം നിരീക്ഷിച്ച് സമൂഹത്തില്‍ സ്വാധീനം ഉറപ്പിക്കുന്നത് നമുക്ക് തടയാനാവണം.

എസ്.എന്‍.ഡി.പി യെ വര്‍ഗീയവല്‍ക്കരിച്ച് ആര്‍എസ്എസ് പാളയത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളെ തടയാനാകണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 16 =

Most Popular