Thursday, September 19, 2024

ad

Homeവിശകലനംഏകീകൃത 
പെൻഷൻ പദ്ധതി; വഞ്ചന, പ്രീണനം

ഏകീകൃത 
പെൻഷൻ പദ്ധതി; വഞ്ചന, പ്രീണനം

എം വി ശശിധരൻ

വ ഉദാരവൽക്കരണത്തിന്റെ ഏറ്റവും പ്രധാന ഇരകളിലൊന്നാണ് സിവിൽ സർവ്വീസ്. എല്ലാം മൂലധനം ചെയ്തുകൊള്ളും സർക്കാർ അതിനുള്ള സൗകര്യം ചെയ്തുകൊടുത്താൽ (Facilitator) മതിയെന്നുള്ള നവ ഉദാരവൽക്കരണത്തിന്റെ അടിസ്ഥാന രീതിശാസ്ത്രത്തിൽ ഇല്ലാതാക്കപ്പെടുന്നത് സർക്കാർ പ്രവൃത്തികളുടെ ഉപകരണമായിട്ടുള്ള സിവിൽ സർവ്വീസാണ്. തസ്തിക വെട്ടിക്കുറയ്ക്കൽ, നിയമന നിരോധനം, സ്വകാര്യവൽക്കരണം, അവകാശാനുകൂല്യങ്ങളുടെ കവർച്ച എന്നിവയെല്ലാം സിവിൽ സർവ്വീസിനെ ദുർബലപ്പെടുത്തുന്നതാണ്. ഇതിലൂടെ ഇരട്ട ചൂഷണമാണ് ലക്ഷ്യമിടുന്നത്. സിവിൽ സർവ്വീസ് ചെയ്തുകൊണ്ടിരുന്ന മേഖലകളിൽ കടന്നുകയറി സേവന മേഖലയുൾപ്പെടെ കയ്യടക്കുക; അവകാശാനുകൂല്യങ്ങളുടെ നിഷേധത്തിലൂടെ ലാഭം വർധിപ്പിക്കുക. എന്നിങ്ങനെ ഫ്യൂഡൽ കാലത്തെ അനുസ്മരിക്കും വിധം അധ്വാനത്തിന്റെ വിഹിതം നേരിട്ട് പിടിച്ച് ഓഹരികമ്പോളത്തിൽ കോർപ്പറേറ്റു കൾക്ക് ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന കങ്കാണിപ്പണിയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

1990 കളിൽ തന്നെ ധനമൂലധനം പെൻഷൻ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടിരുന്നു. 1998 ൽ എ.ബി.വാജ്പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഭട്ടാചാര്യകമ്മിറ്റിയെ വെച്ച് ഇതിന് വഴിയൊരുക്കി. 2004 ജനുവരി 1 മുതൽ സർവ്വീസിൽ വരുന്നവർക്ക് പങ്കാളിത്തപെൻഷൻ നടപ്പിലാക്കി. ഒന്നാം യു.പി.എ സർക്കാർ പിഎഫ്ആർഡിഎ നിയമം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇടതു പക്ഷത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് സാധിച്ചില്ല. 2013 സെപ്തംബർ 18 ന് രണ്ടാം യുപിഎ സർക്കാർ ബിജെപി പിന്തുണയോടെ പിഎഫ്ആർഡിഎ നിയമം കൊണ്ടുവന്നു.എതിർത്തത് ഇടതുപക്ഷം മാത്രം. തുടർന്നുവന്ന ബിജെപി സർക്കാർ ഇത് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോയി. പശ്ചിമബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം എൻപിഎസിലേക്ക് (ന്യൂ പെൻഷൻ സ്കീം) മാറുക യുണ്ടായി. ഈ കാലയളവിൽ എൻപിഎസിനെതിരെ കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും തൊഴിലാളികളുടെയും അതിശക്ത മായ പ്രക്ഷോഭങ്ങൾ ഉയർന്നു വരികയുണ്ടായി.

കേന്ദ്ര മന്ത്രിസഭായോഗം 2024 ജൂലൈ 24 ന് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് അവകാശവാദം. 90 ലക്ഷത്തോളം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കുകൂടി ബാധകമാക്കാനുള്ള വിദഗ്ധ ഉപദേശവും സൗജന്യമായി നൽകിയിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും ഇത് വാർത്തയാക്കിയിട്ടുണ്ട്. ചിലർ മുഖപ്രസംഗമെഴുതി പ്രകീർത്തിച്ച് വൻ സംഭവമാക്കി അതിനെ മാറ്റി. നേരത്തെ എൻപിഎസ് നടപ്പിലാക്കിയപ്പോഴും ഇതേ വാർത്തകളും പ്രലോഭനങ്ങളും തന്നെയാണ് ഉണ്ടായിരുന്നത്. സാമ്പത്തിക വിദഗ്ധർ ചാനൽ മുറിയിലിരുന്ന് വാതോരാതെ മേൻമയുടെ കണക്കു നിരത്തി. കേരളത്തിൽ എൻപിഎസിന് എതിരെ നടന്ന സമരത്തെ നേരിട്ടത് കോടികളുടെ ലാഭത്തിന്റെ കണക്കു പറഞ്ഞാണ്. അന്ന് അതിന് ജയ് വിളിച്ചവരെല്ലാം പിന്നീട് നാം പറഞ്ഞ നിലപാടിൽ എത്തുകയുണ്ടായി. 20 വർഷത്തിനു ശേഷം അത് നടപ്പാക്കിയവർ തന്നെ അതിനെ തള്ളിപ്പറഞ്ഞ് പുതിയ പെൻഷൻ പദ്ധതിയുമായെത്തിയിരിക്കുന്നു. എന്നാൽ അതിലും ശിങ്കിടി മുതലാളിത്തത്തിന്റെ ലാഭവും കൊടുക്കൽ വാങ്ങലുകളും ഉൾകൊള്ളിച്ചിരിക്കുകയാണ്. ഒരു സർക്കാർ ജീവനക്കാരനെയും സഹായിക്കാനല്ല; മറിച്ച് PFRDA നിയമത്തിനെതിരെയും NPS നെതിരെയും വളർന്നു വന്ന ജീവനക്കാരുടെ അതിശക്തമായ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും തണുപ്പിക്കാനും,കോർപ്പറേറ്റുകൾക്കുവേണ്ടി ജീവനക്കാരുടെ പേര് പറഞ്ഞു കൂടുതൽ പണം കമ്പോളത്തിലേക്ക് പമ്പ് ചെയ്യാനുമുള്ള ഒരു തന്ത്രമാണിതെന്ന് വസ്തുതകൾ പറയും.

ജീവനക്കാരോട് പ്രതിപത്തിയുള്ള സർക്കാർ ആണെങ്കിൽ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ മായ PFRDA നിയമം പിൻവലിക്കാൻ തീരുമാനിക്കുകയാണ് വേണ്ടിയിരുന്നത്. അല്ലെങ്കിൽ എൻപിഎസ് ഉപേക്ഷിച്ച് ഒപിഎസ് പുനസ്ഥാപിക്കണമായിരുന്നു. യുപിഎസ് എന്നത് ജീവനക്കാരുടെ ആവശ്യമേ അല്ലായിരുന്നു. മന്ത്രിസഭ യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ജെസിഎം മീറ്റിങ്ങിൽ എല്ലാ സംഘടനകളും ഏകകണ്ഠമായി ആവശ്യപ്പെട്ടതും ഇതായിരുന്നു. ഇവയൊന്നും പരിഗണിക്കാതെ യൂണിഫൈഡ് പെൻഷൻ പദ്ധതി (UPS) കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

UPS ലും ജീവനക്കാർ അവരുടെ അധ്വാനത്തിന്റെ വിഹിതം,10 ശതമാനം അടയ്ക്കേണ്ടതായിട്ടുണ്ട്. പെൻഷൻ അവകാശമാണെന്നും മാറ്റിവെച്ച വേതനമാണെന്നുമുള്ള കാഴ്ചപ്പാടിനെയും കോടതി വിധികളെയും ഇപ്പോഴും മോദി സർക്കാർ മാനിക്കുന്നില്ല. ചുരുക്കം പറഞ്ഞാൽ പെൻഷൻ പണം കൊടുത്ത് വാങ്ങുന്ന പരിപാടിക്ക് യാതൊരു മാറ്റവുമില്ല. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്നതിനായി സർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്നും 18.5% ആയി വർദ്ധിപ്പിച്ചു എന്നതാണ് ഇതിൽ വരുത്തിയ പ്രധാന മാറ്റമായി ഉയർത്തിക്കാട്ടുന്നത്. ഇതിലും ഒരു അപകടം പതിയിരിക്കുന്നുണ്ട്. PFRDA നിയമം നിലനിൽക്കെ എംപ്ലോയീ വിഹിതത്തിന്റെ മാച്ചിംഗ് ഫണ്ടാണ് എംപ്ലോയർ അടയ്ക്കുന്നത്. അതിനെ പിൻപറ്റി വേണമെങ്കിൽ സർക്കാരിന് എംപ്ലോയി വിഹിതം വർധിപ്പിക്കുന്നതിൽ നിയമതടസമില്ല. ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലഭിച്ചിരുന്നെ ങ്കിൽ എംപ്ലോയീസ് വിഹിതം 14% മായി ഉയർത്തിയേനെ. സർക്കാർ വിഹിതം എന്നത് ജീവനക്കാരും മറ്റു ജനങ്ങളും ഉൾപ്പെടുന്നവർ അടയ്ക്കുന്ന നികുതി വിഹിതം ആണെന്ന വസ്തുതയും മറക്കരുത്. രണ്ടുവിഹിതങ്ങളും ചേർത്ത് 28.5% നിക്ഷേപിക്കുന്നതാകട്ടെ ഓഹരി കമ്പോളത്തിലാണ്.

ഇപ്പോൾ വർധിപ്പിച്ച 4.5 ശതമാനത്തിന്റെ ഗുണം ആർക്കാണ് ലഭിക്കുന്നത് എന്ന് ഈ ഉദാഹരണം പറയും. പുതുതായി സർവീസിൽ വരുന്ന 19,900 അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരന്റെ (ഇപ്പോൾ കേന്ദ്രസർവ്വീസിൽ ഗ്രൂപ്പ് ഡി നിയമനം ഇല്ലാത്തതിനാൽ ഇതാണ് കുറഞ്ഞവേതനം) സർക്കാർ വിഹിതം 14% അടയ്ക്കുമ്പോൾ ഒരു വർഷം 50,148 രൂപയാണ്. 18.5% ആകുമ്പോൾ 66,264 രൂപ. വ്യത്യാസം 16,116 ഒരു വർഷം 23 ലക്ഷം ജീവനക്കാർക്ക് 3,706.68 കോടി രൂപ (16116×23,00,000) അതായത് പ്രതിവർഷം 3,706.68 കോടിരൂപ അധികമായി അടയ്ക്കേണ്ടി വരുന്നു. ഇനിയത് 90 ലക്ഷം സംസ്ഥാന ജീവനക്കാർക്കും ബാധകമാക്കിയാലോ 14,504.40 കോടി അധികം വരും. ഈ തുക ഓഹരിക്കമ്പോളത്തിൽ കോർപ്പറേറ്റുകൾക്കാണ് ലഭിക്കുന്നത്. ഗുണം ആർക്കാണ് ലഭിക്കുന്നത് എന്ന് വ്യക്തമായല്ലോ.

യുപിഎസ് 20 ഒപിഎസ് 20
പുതിയതായി പ്രഖ്യാപിച്ച പദ്ധതിയിലെ മേൻമകളായി സർക്കാർ മുന്നോട്ടുവെയ്ക്കുന്നത് ഇവയാണ്.

a) 25 വർഷത്തെ മിനിമം യോഗ്യ സേവന കാലയളവുള്ള ജീവനക്കാർക്ക് സൂപ്പർ ആന്വേഷന് മുൻപുള്ള അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി 50 ശതമാനം പെൻഷൻ ഉറപ്പുനൽകും. ഇത് കുറയുന്ന സർവ്വീസിന്, 10 വർഷ സർവ്വീസുവരെ ആനുപാതികമായി കുറയും.

b) ജീവനക്കാർ/ജീവനക്കാരി മരിച്ചുപോയാൽ പെൻഷന്റെ 60% ഫാമിലി പെൻഷൻ ഉറപ്പ്.

c) കുറഞ്ഞത് പത്തുവർഷ സർവീസുള്ളവർക്ക് 10,000 രൂപ മിനിമം പെൻഷൻ ഉറപ്പ്

d) വിലക്കയറ്റത്തിന് ആനുപാതികമായി പെൻഷന് ക്ഷാമാശ്വാസം (DR) നൽകും.

e) ഗ്രാറ്റ്വിവിറ്റിക്ക് പുറമേ ഒരു നിശ്ചിത തുക ഒന്നിച്ച് നൽകും. സൂപ്പർ ആനുവേഷന് തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളത്തിന്റെ (Pay +DA) പത്തിൽ ഒന്ന് (110) ഓരോ ആറു മാസ സർവ്വീസിനും കണക്കാക്കി നൽകും.

ഈ വാഗ്ദാനങ്ങൾ എല്ലാം എൻ.പി എസുമായി താരതമ്യം ചെയ്താണ് വലിയ നേട്ടങ്ങളായി ചിത്രീക രിക്കുന്നത്. വളരെ മോശമായ ഒന്നിനോട് താരതമ്യം ചെയ്ത് മേന്മ പറയുന്ന ഏർപ്പാടാണിത്. Something is better than nothing എന്ന മനഃശാസ്ത്ര സമീപനം.
ഒപിഎസ് മായി താരതമ്യം ചെയ്യുമ്പോഴാണ് കവർച്ചയുടെ വ്യാപ്തി വെളിപ്പെടുക

a) ഒപിഎസ് പ്രകാരം പൂർണപെൻഷൻ അർഹരായവരുടെ അവസാന മാസ ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ലഭിക്കും. 80 വയസ്സ് കഴിഞ്ഞവർക്ക് പിന്നീടങ്ങോട്ട് 5 വർഷം കഴിയുന്തോറും 20%, 30% എന്നിങ്ങനെ വർദ്ധനവ് ഉണ്ടാകുന്നു.

b) ജീവനക്കാരൻ/ജീവനക്കാരി സർവ്വീസിലിരിക്കെ മരണമടയുകയാണെങ്കിൽ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50% വും സാധാരണ നിലയിലാണെങ്കിൽ 30% വും ഫാമിലി പെൻഷൻ ലഭിക്കും.

c) കേന്ദ്ര സർവീസിൽ മിനിമം പെൻഷൻ 9,000 രൂപയും ക്ഷാമാശ്വാസം (50%) 4,500 രൂപയും ചേർത്ത് 13500 രൂപ പെൻഷൻ ഇപ്പോൾ ലഭിക്കും. കേരളത്തിൽ മിനിമം പെൻഷൻ 11,500 രൂപയും ക്ഷാമാശ്വാസവും ലഭിക്കും.

d) ഒപിഎസിലും ഡിയർനസ് റിലീഫ് നൽകുന്നുണ്ട്

e) ഒപിഎസിൽ പെൻഷൻ കമ്മ്യൂട്ടേഷൻ ഉണ്ട്. യുപിഎസിൽ ഇല്ല

f) ഒപിഎസിൽ ജിപിഎഫ് ഉണ്ട്. യുപിഎസിൽ ഇല്ല

g) ഒപിഎസിൽ യാതൊരു വിഹിതവും നൽകേണ്ടതില്ല; യുപിഎസിൽ ൽ 10% വിഹിതം നിർബന്ധമായും നൽകണം.

h) ഒപിഎസിൽ സർക്കാർ പെൻഷൻ നൽകുന്നു; യുപുഎസിൽ ഉറപ്പുമാത്രമാണ് നൽകുന്നത്

i) യുപിഎസിൽ ഗ്രാറ്റിവിറ്റിക്ക് പുറമെ ഒരു നിശ്ചിത തുക നൽകും എന്നതും കടുത്ത പറ്റിക്കലാണ്. 30 വർഷ സർവ്വീസുള്ള ഒരു ജീവനക്കാരന്റെ പേരിൽ അടയ്ക്കുന്ന 28.5%(10+18.5) കണക്കാക്കിയാൽ ഈ തുക ജീവനക്കാരൻ അടക്കുന്ന തുകയുടെ 6% മാത്രമാണ് വരിക.19,900 രൂപ ശമ്പളം വാങ്ങിക്കുന്ന ഒരാളുടെ 30 വർഷത്തെ വിഹിതം 59,94,391 രൂപ (22,72,858 (10%) + 37,21,533 (18.5%) യായിരിക്കും. 30 വർഷത്തിൽ (3% ഇൻക്രിമെന്റും 3% ഡിഎ വർദ്ധനവും മാത്രം കണക്കാക്കിയാൽ ശമ്പളം 64,247 രൂപയാണ് കിട്ടുക. അതിന്റെ 10 ൽ ഒന്ന് ഓരോ 6 മാസത്തിനും ചേർന്നത് 3,85,482 രൂപ മാത്രമായിരിക്കും.

j) ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒപിഎസ് മാറ്റിവക്കപ്പെട്ട വേതനം എന്ന രീതിയിൽ സർക്കാർ നൽകേണ്ടുന്ന തുകയാണ് യുപിഎസ് കമ്പോളാധിഷ്ഠിതവും ചാഞ്ചാട്ടങ്ങൾക്ക് വിധേയവുമാണ്.

പെൻഷൻ ഫണ്ട് ബാങ്ക് / 
ട്രഷറി നിക്ഷേപമാണെങ്കിൽ
ഇനി മറ്റൊരു തട്ടിപ്പിന്റെ ലളിതമായ കണക്ക് നോക്കാം. മുപ്പതാം വയസ്സിൽ സർവീസിൽ കയറുന്ന സെൻട്രൽ ഗവൺമെന്റിലെ ഒരു ഗ്രൂപ്പ് സി ജീവനക്കാരന്റെ സാലറി നോക്കാം. ഏറ്റവും ചുരുങ്ങിയ ശമ്പളമായ 19,900 രൂപയും 50% ക്ഷാമബത്തയും (19,900 + 9950) ചേർന്ന 29850/- രൂപയുടെ 10% 2,985 രൂപയും സർക്കാർ വിഹിതം (18.5%) 5,522 രൂപയും ചേർത്ത് 8,507 (28.5%) രൂപ പ്രതിമാസം അടയ്ക്കേണ്ടിവരുന്നു. ശമ്പളത്തിലും ക്ഷാമബത്തയിലും ഏറ്റവും ചുരുങ്ങിയത് 3% പ്രതിവർഷവർദ്ധന വരുത്തി 60 വയസിൽ വിരമിക്കുമ്പോൾ 30 വർഷത്തെ കോൺട്രിബ്യൂഷൻ ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിച്ചാൽ കിട്ടുന്ന തുകയും പലിശയും (8%) കേട്ടാൽ ഞെട്ടിപ്പോകും. എംപ്ലോയീസ് കോൺട്രിബ്യൂഷനും അതിന്റെ സാധാരണ പലിശയും ചേർത്താൽ 66,71,318 രൂപയും (2272858+4398460) ഇതിന്റെ കൂടെ എംപ്ലോയർ വിഹിതം 18.5 ശതമാനവും പലിശയും ചേർത്താൽ 1,18,58,684 (3721533+8137151) രൂപയാകും. ഇവരണ്ടും ചേർന്നാലോ 1,85,30,002 രൂപയാകും. റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന തുകയാണ് ഇത്!. വിരമിക്കലിനുശേഷം ഇതിന്റെ പലിശ (8%) ഒരു വർഷം 14,82,400 രൂപ ലഭിക്കും. പ്രതിമാസം 1,23,533 രൂപ ലഭിച്ചുകൊണ്ടിരിക്കും; ഭാവിയിൽ വർദ്ധിക്കുകയും ചെയ്യും. ഇത് ഉയർന്ന തസ്തികകളിൽ വലിയ തുകയായിരിക്കും. പക്ഷേ നിലവിൽ ഇത് കണക്കിലെ സ്വപ്നം മാത്രമാകുന്നു. കാരണം ഈ തുകയെല്ലാം കമ്പോളത്തിൽ ഒഴുക്കി വിടുകയാണ്. കാളക്കൂറ്റന്മാർക്ക് അർമാദിക്കാൻ കോർപ്പറേറ്റുകളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായി മാത്രമേ ലഭിക്കുകയുള്ളൂ. പെൻഷൻ ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് എൻപിഎസ് നടപ്പിലാക്കിയതെന്ന വാദത്തിന്റെയും മുനയൊടിക്കുകയാണത്. ഒരു ജീവനക്കാരന് 30 വർഷം കഴിഞ്ഞു നൽകേണ്ടുന്ന പെൻഷന്റെ വിഹിതം 18.5% സർവീസിൽ വന്ന ആദ്യമാസം മുതൽ നൽകേണ്ടിവരുന്നത് ഒപിഎസിനെക്കാൾ ബാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. കോർപ്പറേറ്റ് താൽപര്യം മാത്രമാണ് ഇതിനു പിന്നിൽ.

സർക്കാർ ഗ്യാരന്റി
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരുപാട് ഗ്യാരന്റികളെ സംബന്ധിച്ച് കേട്ടവരാണ് നാം. പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ, ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ, പെട്രോൾ, ഡീസൽ വില 50 രൂപയ്ക്ക് ഇങ്ങനെ പോകുന്ന ഗ്യാരന്റികളുടെ ലിസ്റ്റിൽ പെൻഷനും കടന്നുകൂടിയിരിക്കുകയാണ്. സർക്കാർ നൽകുന്ന പെൻഷൻ ഉറപ്പ് ആരാണ് നടപ്പിലാക്കുക എന്നത് വരും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കുമെന്ന് കരുതാം. എങ്കിലും കോർപ്പറേറ്റുകൾ ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ അവർ പെൻഷൻ നൽകാതിരിക്കാൻ എല്ലാ ശ്രമവും നടത്തും. 11 പെൻഷൻ ഫണ്ട് മാനേജർമാരാണ് നിലവിലുള്ളത് (PFMS) അതിൽ 8 എണ്ണവും സ്വകാര്യ സ്ഥാപനങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. UTI,LIC,SBI എന്നിവ മാത്രമാണ് പൊതു മേഖലയിൽ ഉള്ളത്. ഈ സ്ഥാപനങ്ങൾ തന്നെ സ്വകാര്യവൽക്കരണത്തിന്റെ പാതയിലുമാണ്. കോർപ്പറേറ്റുകൾ സർക്കാരിലേക്ക് ഒടുക്കേണ്ടുന്ന നികുതികളും പൊതുമേഖല ബാങ്കുകളിൽ നിന്നുള്ള വായ്പകളും ചേർത്ത് കോടിക്കണക്കിന് രൂപ കുടിശ്ശികയാണ്. ചില്ലിക്കാശ് പോലും അടയ്ക്കാതെ നടക്കുന്നവർക്കെതിരെ ഒരു നിയമനടപടിയും എടുക്കുന്നില്ല. എന്നു മാത്രമല്ല അവരുടെ കുടിശ്ശിക എഴുതിത്തള്ളി സഹായിക്കുകയാണ് ചെയ്യുന്നത്. ഈ കോർപ്പറേറ്റുകളിൽ നിന്നാണോ ജീവനക്കാരന്റെ കാശ് സർക്കാർ ഉറപ്പ് നൽകുന്നത്. NPS ഉം UPS ഉം രണ്ടു പെൻഷൻ പദ്ധതിയും കമ്പോളത്തിന്റെ ദയാ ദാക്ഷണ്യത്തിനാണെന്നതിൽ യാതൊരു മാറ്റവും വന്നിട്ടില്ല. കമ്പോളാധിഷ്ഠിത പദ്ധതികൾ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് തകർന്നതിന്റെയും പെൻഷൻ ലഭിക്കാത്തിന്റെയും നിരവധി അനുഭവങ്ങളുണ്ട്.

പോരാട്ടം തുടരുക
പെൻഷൻ അവകാശമാണ് ആരുടെയും ഔദാര്യമല്ല. അത് പണം കൊടുത്തു വാങ്ങേണ്ടതോ സർക്കാരിന്റെ ഗ്യാരന്റിയിൽ കെട്ടിത്തൂക്കിയിടേണ്ടതോ അല്ല; മറിച്ച് ജീവനക്കാരന് യഥാസമയം സർക്കാർ നൽകേണ്ടുന്ന ഒന്നാണ്. പിഎഫ്ആർഡിഎ പിൻവലിക്കുമോ എൻപിഎസ് ഉപേക്ഷിക്കുമോ എന്നൊക്കെ ചിലരൊക്കെ ആശങ്കപ്പെടുന്നുണ്ട്. ചരിത്രാവബോധത്തിന്റെ പ്രശ്നമാണിത്. രാജ്യത്ത് എമ്പാടും ഉയർന്നുവന്ന അതിശക്തമായ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും തുടർന്നാണ് കേന്ദ്രസർക്കാർ എൻ പി എസിൽ പരിഷ്കാരം വരുത്തുന്നതിനു നിർബന്ധിതമായത്. എന്നാൽ അതും ജീവനക്കാരോടുള്ള വഞ്ചനയിലും കോർപ്പറേറ്റ് പ്രീണനത്തിലുമാണ് എത്തിച്ചേർന്നത്. അതുകൊണ്ട് ഇനിയും പ്രക്ഷോഭം തുടരുക തന്നെ ചെയ്യേണ്ടിയിരിക്കുന്നു. പെൻഷൻ അവകാശം നേടിയെടുക്കാനുള്ള യോജിച്ച പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 6 =

Most Popular