Thursday, September 19, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിന്റെ ‘രണ്ടടവുകൾ’

ലെനിന്റെ ‘രണ്ടടവുകൾ’

എം എ ബേബി

1970ൽ ലെനിന്റെ ജന്മശതാബ്ദിയായിരുന്നുവല്ലോ. അന്ന് മാക്കിനേനി ബസവ പുന്നയ്യ (1914–1992) ലെനിനെക്കുറിച്ച് എഴുതിയ ഒരു ലഘുകൃതിയിൽ ‘സമരമുറകളുടെ ആചാര്യൻ’ എന്നാണ് റഷ്യൻ വിപ്ലവ നായകനെ വിശേഷിപ്പിച്ചത്. ലെനിന്റെ അസാധാരണമായ മാർക്സിസ്റ്റ് നേതൃത്വപാടവത്തെ (താത്ത്വികവും പ്രായോഗികവും) ആറ്റിക്കുറുക്കിയ ഭാഷയിൽ ആവിഷ്കരിച്ചിട്ടുള്ള പ്രസ്തുത രചന, ലെനിനെ പഠിക്കുന്നവർക്ക് ഒരു നല്ല പ്രവേശികയാണ്.

ഇവിടെ നാം പരിശോധിക്കുന്ന അതിപ്രശസ്തമായ ലഘുഗ്രന്ഥത്തിന്റെ മുഴുവൻ പേര് ‘ജനാധിപത്യ വിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ടടവുകൾ’ എന്നാണ്.

രണ്ടു കാര്യങ്ങൾ തുടക്കത്തിൽ വ്യക്തമാക്കേണ്ടതുണ്ട്. ‘സോഷ്യൽ ഡെമോക്രസി’ എന്നത് കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടോളം കാലമായി കമ്യൂണിസ്റ്റു വിപ്ലവകാരികൾക്കിടയിൽ ഒരു കുറ്റപ്പേരായാണ് ഉപയോഗിക്കാറുള്ളത്. വിപ്ലവകരമായ കമ്യൂണിസ്റ്റ് സമീപനം ഉപേക്ഷിച്ച് അവസരവാദപരമായ ഒത്തുതീർപ്പുനയങ്ങൾ പിന്തുടരുന്ന രാഷ്ട്രീയപ്പാർട്ടികളുടെ സോഷ്യലിസ്റ്റ് നാട്യങ്ങളെ വിമർശിക്കുവാനാണ് സോഷ്യൽ ഡെമോക്രാറ്റുകൾ എന്ന് അത്തരക്കാരെ വിമർശനപരമായി വിശേഷിപ്പിക്കുന്നത്. എന്നാൽ ലെനിൻ ഈ ലഘുകൃതി എഴുതുന്ന കാലഘട്ടത്തിൽ റഷ്യയിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ പേര് ‘‘റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി’’ (ആർഎസ്ഡിഎൽപി‍) എന്നായിരുന്നു. അതുകൊണ്ട് ‘ജനാധിപത്യ വിപ്ലവത്തിൽ റഷ്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ രണ്ടടവുകൾ’ എന്നുവേണം ഈ കൃതിയെ മനസ്സിലാക്കുവാൻ.

രണ്ടാമതായി, തലക്കെട്ടിൽ ‘രണ്ടടവുകൾ’ എന്ന പദമാണ് ലെനിൻ പ്രയോഗിച്ചിട്ടുള്ളത് എങ്കിലും ‘വിപ്ലവ തന്ത്രത്തിന്റെ തത്ത്വങ്ങൾ’ കൂടി ഇതിൽ വിശദീകരിച്ചിട്ടുണ്ട്. അതുകൂടി പരിഗണിച്ചാണ് ലെനിന്റെ രചനകളിൽ വളരെ പ്രാധാന്യത്തോടെ ഇത് പഠനവിയേധമാക്കാറുള്ളത്.

പശ്ചാത്തലം
1898 മാർച്ച് മാസം മിൻസ്കിൽ ചേർന്ന ഒന്നാം പാർട്ടി കോൺഗ്രസിൽവെച്ച് മൂന്ന് അംഗങ്ങളടങ്ങുന്ന കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തുകൊണ്ടാണ് ആർഎസ്ഡിഎൽപി പ്രവർത്തനം തുടങ്ങുന്നത്. 1903ൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൽ വച്ചു തന്നെ ബോൾഷെവിക്ക് – മെൻഷെവിക്ക് ചേരിതിരിവ് ഉണ്ടായി. ഇപ്രകാരം 1905 ലെ ഒന്നാം റഷ്യൻ വിപ്ലവത്തിന്റെ കാലത്ത് രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായാണ് ബോൾഷെവിക്കുകളും (ഭൂരിപക്ഷം) മെൻഷെവിക്കുകളും (ന്യൂനപക്ഷം) സോഷ്യൽ ഡെമോക്രാറ്റിക്ക് ലേബർ പാർട്ടിയിൽ പ്രവർത്തിച്ചത്. 1905ൽ മൂന്നാം പാർട്ടി കോൺഗ്രസ് സംയുക്തമായി നടത്തുവാൻ ബോൾഷെവിക്കുകൾ താൽപര്യമെടുത്തെങ്കിലും മെൻഷെവിക്കുകൾ സഹകരിച്ചില്ല. അങ്ങനെയാണ് 1905 ഏപ്രിൽ മാസത്തിൽ ലണ്ടനിൽവെച്ച് ബോൾഷെവിക്കുകൾ മൂന്നാം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചത്. 20 ബോൾഷെവിക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 24 പ്രതിനിധികളാണ് ഇതിൽ സംബന്ധിച്ചത്.

അതേസമയത്ത് മെൻഷെവിക്കുകൾ ജനീവയിൽവെച്ച് അവരുടെ സമ്മേളനം ചേർന്ന് തീരുമാനങ്ങൾ കെെക്കൊണ്ടു.

‘രണ്ടു കോൺഗ്രസുകൾ, രണ്ടു പാർട്ടി’ എന്ന് ലെനിൻ സ്ഥിതിഗതികളെ പരാമർശിച്ചു പറഞ്ഞു.ബോൾഷെവിക്ക് പാർട്ടി കോൺഗ്രസും മെൻഷെവിക്ക് പാർട്ടി കോൺഫ്രൻസും എന്നാണ് അവയുടെ തീരുമാനങ്ങൾ സംബന്ധിച്ച് അപഗ്രഥിക്കുന്ന ‘രണ്ടടവുകൾ’ എന്ന ഗ്രന്ഥത്തിൽ ലെനിൻ പരാമർശിക്കുന്നത്. രണ്ടു വേദികളിൽ ചർച്ച ചെയ്ത് ആവിഷ്കരിച്ച അടവുകൾ പരസ്പരവിരുദ്ധമാണ് എന്ന് ലെനിൻ തന്റെ കൃതിയിൽ സ്ഥാപിക്കുന്നു. ഒന്ന് മാർക്സിസ്റ്റ് വിപ്ലവ സമീപനം. മെൻഷെവിക്കുകളുടേത് അവസരവാദപരവും തൊഴിലാളിവർഗ്ഗ വിരുദ്ധവുമാണെന്ന് യുക്തിയുക്തമായി ലെനിൻ വ്യക്തമാക്കി. സിപിഎസ്-യുബി ചരിത്രം ഇതിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തി: ‘‘(ബോൾഷെവിക്ക്) കോൺഗ്രസ് അംഗീകരിച്ച അടവ്, അപ്പോൾ നടന്നുകൊണ്ടിരുന്ന വിപ്ലവം ഒരു ‘ബൂർഷ്വാ – ജനാധിപത്യവിപ്ലവ’മാണെന്നും, മുതലാളിത്തത്തിന്റെ പരിധിയിൽ സാദ്ധ്യമാകുന്നതിനേക്കാൾ മുന്നോട്ടുപോകുവാൻ തൽക്കാലം അതിന് കഴിവില്ലെന്നത് വാസ്തവമാണെന്നും ചൂണ്ടിക്കാട്ടി. പക്ഷേ വിപ്ലവത്തിന്റെ പരിപൂർണ്ണ വിജയത്തിൽ തൊഴിലാളിവർഗത്തിനാണ് താൽപര്യമുള്ളത്. വിപ്ലവം ജയിക്കുന്നപക്ഷം തൊഴിലാളിവർഗത്തിന് സ്വന്തം സംഘടന വളർത്തി രാഷ്ട്രീയമായും ആശയപരമായും മറ്റു വർഗങ്ങളെ കൂടി നയിക്കുന്നതിനുള്ള പ്രാപ്തിയും പരിചയവും നേടി, ബൂർഷ്വാ വിപ്ലവത്തിൽനിന്നു സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്കു പോകാൻ കഴിയും. ഇതാണ് കോൺഗ്രസ് സ്വീകരിച്ച നിലപാട്.

ഈ തൊഴിലാളിവർഗ അടവുകൾക്ക് കൃഷിക്കാരുടെ ആനുകൂല്യവും പിന്തുണയും ലഭിക്കുമെന്നും ബോൾഷെവിക്ക് കോൺഗ്രസ് വ്യക്തമാക്കി.

മെൻഷെവിക്കുകൾ കോൺഫറൻസിൽ അംഗീകരിച്ച അടവ് ലിബറൽ ബൂർഷ്വാസിയുമായി സഹകരിക്കണമെന്നാണ്. അവർക്ക് വിപ്ലവം പരിപൂർണ്ണമായി വിജയിക്കണമെന്നില്ല. സാറിസ്റ്റ് ഭരണവുമായി ഒത്തുതീർപ്പിലെത്തി, അനിയന്ത്രിതമായ രാജാധിപത്യത്തെ നിയന്ത്രിക്കുന്നതിന് സാറിനെക്കൊണ്ടു സമ്മതിപ്പിക്കുവാൻ ശ്രമിക്കുകയാണ് ലക്ഷ്യം!

വിപ്ലവം ജയിക്കണമെങ്കിൽ അത് തൊഴിലാളിവർഗ നേതൃത്വത്തിലാവണം എന്ന് കോൺഗ്രസ് (ബോൾഷെവിക്ക്) വ്യക്തമാക്കി. വിപ്ലവ വിജയത്തെത്തുടർന്ന് ജനങ്ങളുടെ മുഴുവൻ പ്രാതിനിധ്യമുള്ള ഒരു ജനപ്രതിനിധി സഭ വിളിച്ചുകൂട്ടണമെന്നും, ഒരു താൽക്കാലിക വിപ്ലവ ഗവൺമെന്റ് സ്ഥാപിക്കണമെന്നും സ്ഥിതിഗതികൾ അനുകൂലമാണെങ്കിൽ സോഷ്യൽ ഡെമോക്രാറ്റുകൾ (കമ്യൂണിസ്റ്റുകാർ) മടിക്കാതെ വിപ്ലവ ഗവൺമെന്റിൽ പങ്കുകൊണ്ട് വിപ്ലവത്തെ അവസാനം വരെ എത്തിക്കണമെന്നും (ബോൾഷെവിക്ക്) കോൺഗ്രസ് തീരുമാനിച്ചു.

നേരെമറിച്ച് മെൻഷെവിക്ക് കോൺഫറൻസ് ബൂർഷ്വാ വിപ്ലവത്തിന്റെ നേതൃത്വം ലിബറൽ ബൂർഷ്വാസിക്കു വിട്ടുകൊടുക്കുന്ന അടവാണ് ആവിഷ്കരിച്ചത്. തൊഴിലാളിവർഗം ഇവരുമായി സൗഹാർദ്ദം സ്ഥാപിക്കണം. ജനകീയ കലാപത്തിന്റെ ഫലമായി ഒരു താൽക്കാലിക വിപ്ലവ ഗവൺമെന്റ് രൂപീകരിക്കപ്പെട്ടേക്കാം. പക്ഷേ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഒരു നിലയ്-ക്കും അതിൽ പങ്കുകൊള്ളരുത്. രണ്ടു കാരണങ്ങളാലാണ് അതിൽ പങ്കുകൊള്ളരുതെന്നു പറയുന്നത്: ഒന്നാമത്, അതൊരു സോഷ്യലിസ്റ്റ് ഗവൺമെന്റല്ല. രണ്ടാമത്, തൊഴിലാളിവർഗം അതിൽ പങ്കുകൊള്ളുകയും വിപ്ലവ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്താൽ ലിബറൽ ബൂർഷ്വാസി ഭയപ്പെടും; വിപ്ലവത്തിന്റെ അടിത്തറ തകരും!

യഥാർഥത്തിൽ റഷ്യൻ മെൻഷെവിക്കുകാരെ മാത്രം ഉദ്ദേശിച്ചല്ല ലെനിൻ ഇതെഴുതിയത്. വാസ്തവത്തിൽ മെൻഷെവിക്കുകാരെ വിമർശിക്കുമ്പോൾ സാർവ്വലൗകിക അവസരവാദത്തിന്റെ തനിനിറം തുറന്നുകാട്ടുക കൂടിയാണ് ലെനിൻ ചെയ്യുന്നത്. ബൂർഷ്വാ വിപ്ലവഘട്ടത്തിൽ മാർക്സിസ്റ്റുകാരുടെ സമരതന്ത്രത്തെ ന്യായീകരിച്ച് ബൂർഷ്വാ വിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിലുള്ള വ്യത്യാസം വിവരിച്ചപ്പോൾ ലെനിൻ ചെയ്തത്, ബൂർഷ്വാ വിപ്ലവം സോഷ്യലിസ്റ്റ് വിപ്ലവമായി മാറുന്ന കാലഘട്ടത്തിലെ മാർക്സിസ്റ്റ് സമരതന്ത്രത്തിന്റെ അടിസ്ഥാനമിടുകയായിരുന്നു.

‘രണ്ടടവുകൾ’ എന്നാണ് ചുരുക്കത്തിൽ ഈ ലഘുകൃതിയുടെ ശീർഷകമെങ്കിലും വിപ്ലവതന്ത്രവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും ലെനിൻ ഈ ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങളിൽ അവതരിപ്പിക്കുന്നുണ്ട് എന്ന് ഇ എം എസ് ചൂണ്ടിക്കാട്ടിയത് അതുകൊണ്ടാണ്. തൊഴിലാളി –കർഷകസഖ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിലാളിവർഗ നേതൃത്വം റഷ്യയിൽ ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിൽ അതിനിർണായകമായ പങ്കുവഹിക്കണമെന്ന ലെനിന്റെ കാഴ്ചപ്പാട് യൂറോപ്പിലെ ബൂർഷ്വാ ജനാധിപത്യവിപ്ലവ അനുഭവങ്ങളിൽനിന്നുള്ള മാറിനടക്കലാണ്. ബൂർഷ്വാ ജനാധിപത്യവിപ്ലവങ്ങളുടെ (പടിഞ്ഞാറൻ യൂറോപ്പിലെ) നേതൃത്വം മുതലാളിവർഗത്തിനായിരുന്നു. അതിന്റെ റിസർവ്വ് സെെനികവിഭാഗമായാണ് കൃഷിക്കാർ പ്രവർത്തിച്ചത്.

റഷ്യൻ സാഹചര്യത്തിൽ കൃഷിക്കാരെ ഉറ്റസമര സഖാക്കളായി ഒപ്പം കൂട്ടിയ തൊഴിലാളിവർഗം തന്നെ ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ഒപ്പം അണിനിരത്താനാവുന്ന ജനാധിപത്യ ബൂർഷ്വാസിയെയും പെറ്റി ബൂർഷ്വാ വിഭാഗങ്ങളെയും അവരുടെ ബലഹീനതകളും ചാഞ്ചാട്ട സ്വഭാവവും മനസ്സിലാക്കിക്കൊണ്ടുതന്നെ അണിനിരത്തുകയും ചെയ്യുക എന്ന സമരതന്ത്രമാണ് വികസിപ്പിച്ചെടുത്തത്.

സാർ ഭരണത്തെ അട്ടിമറിച്ച് ഒരു ജനകീയ റിപ്പബ്ലിക്ക് സ്ഥാപിക്കുവാൻ (അന്നത്തെ റഷ്യൻ സാഹചര്യത്തിൽ) ആയുധമേന്തിയ ഒരു ജനകീയകലാപമാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നും ‘രണ്ടടവുകൾ’ എന്ന കൃതിയിൽ ലെനിൻ വ്യക്തമാക്കി. മെൻഷെവിക്കുകൾ ഇവിടെയും ബോൾഷെവിക്ക് സമീപനത്തിനു വിരുദ്ധമായ സമീപനം സ്വീകരിച്ചു. നിയമവിധേയമായ പ്രവർത്തനങ്ങളോടൊപ്പം അതല്ലാത്ത രഹസ്യ സംഘടനാ സമരരീതികളും ബോൾഷെവിക്കുകൾ പിന്തുടർന്നു.

ഇതിന്റെ ഭാഗമായി ഭൂരിപക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന രാഷ്ട്രീയ പൊതുപണിമുടക്കുകൾ, ജനകീയ സമരകലാപങ്ങളുടെ ഭാഗമായി സംഘടിപ്പിക്കണം. എട്ടു മണിക്കൂർ ജോലി എന്നതുൾപ്പെടെയുള്ള തൊഴിലാളികളുടെ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും ഉയർത്തുക. ജന്മികളുടെ ഭൂസ്വത്തുക്കൾ പിടിച്ചെടുക്കുന്നതടക്കമുള്ള ജനാധിപത്യപരമായ മാറ്റങ്ങൾക്ക് വിപ്ലവകരമായ കർഷക കമ്മിറ്റികൾ രൂപീകരിക്കുക. തൊഴിലാളികളെയും ജനങ്ങളെയും ആയുധമണിയിക്കുന്നതും വേണ്ടിവന്നാൽ ഉശിരൻ സായുധ മുന്നേറ്റങ്ങൾ നടത്തുന്നതും ഇതിന്റെ ഭാഗമായ പ്രധാന കടമയാണ്.

പട്ടണങ്ങളിലെ പണിമുടക്കു കമ്മിറ്റികളും നാട്ടിൻപുറങ്ങളിലെ കർഷകകമ്മിറ്റികളും ജനകീയ സമര മുന്നേറ്റങ്ങളുടെ ഭാഗമായി തൊഴിലാളി സോവിയറ്റുകളും കർഷക സോവിയറ്റുകളുമായി രൂപാന്തരപ്പെടും.

ജനകീയ കലാപം വിജയിക്കുന്നതോടെ താൽക്കാലിക വിപ്ലവ ഗവൺമെന്റ് രൂപീകരിക്കണം. ആർഎസ്ഡിഎൽപി തയ്യാറാക്കിയ മിനിമം പരിപാടി നടപ്പിൽ വരുത്തുക അതിന്റെ മുഖ്യകടമയായിരിക്കും. അതിനു നേതൃത്വം നൽകാൻ കഴിയണമെങ്കിൽ തൊഴിലാളികളുടെയും കൃഷിക്കാരുടെയും വിപ്ലവ ജനാധിപത്യ സർവ്വാധിപത്യ ഗവൺമെന്റ് എന്ന സ്വഭാവം പാലിക്കാൻ കഴിയണമെന്നും ലെനിൻ ചൂണ്ടിക്കാട്ടി.

വിപ്ലവ ജനാധിപത്യ സർവ്വാധിപത്യം എന്ന ലെനിന്റെ പ്രയോഗം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. താൽക്കാലിക വിപ്ലവ ഗവൺമെന്റിൽ ബോൾഷെവിക്കുകൾ പങ്കെടുക്കണമെന്ന് മൂന്നാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചത് രണ്ടു വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു.

ഒന്ന്– ഗവൺമെന്റിൽ പങ്കെടുക്കുന്ന തൊഴിലാളിവർഗ മന്ത്രിമാർ, തൊഴിലാളി വർഗപ്പാർട്ടിയുടെ അച്ചടക്കത്തിന് പൂർണമായും വിധേയമാവണം.

രണ്ട് – ഗവൺമെന്റിന് മാർഗനിർദേശം നൽകാനും, സ്വതന്ത്രമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുത്ത് ജനകീയ വിഷയങ്ങളിൽ ഗവൺമെന്റിൽ സമ്മർദം ചെലുത്താനും തൊഴിലാളിവർഗപ്പാർട്ടിക്ക് പൂർണ അധികാരം ഉണ്ടായിരിക്കണം.

ഈ ഗ്രന്ഥത്തിലെ ഒന്നാം അധ്യായത്തിന്റെ ശീർഷകം ‘‘ഒരു അടിയന്തര രാഷ്ട്രീയ പ്രശ്നം’’ എന്നും, രണ്ടാം അദ്ധ്യായത്തിന്റേത് ‘‘താൽക്കാലിക വിപ്ലവ ഗവൺമെന്റിനെക്കുറിച്ചുള്ള മൂന്നാം ആർഎസ്ഡിഎൽപി കോൺഗ്രസിന്റെ പ്രമേയത്തിൽനിന്ന് നമുക്കെന്തു പഠിക്കാം?’’ എന്നുമാണ്. ഇവ രണ്ടും ക്രിയാത്മകമായി വിശദീകരിക്കുന്നത് ബോൾഷെവിക്ക് പാർട്ടിയുടെ സമരതന്ത്രവും അടവുകളും എന്തുകൊണ്ട് റഷ്യയിലെ അന്നത്തെ സാഹചര്യത്തിൽ മാർക്സിസത്തിന്റെ ശരിയായ പ്രയോഗമാണ് എന്ന കാര്യമാണ്.

തുടർന്നുള്ള 8 അദ്ധ്യായങ്ങൾ എതിരാളികളുടെ വാദമുഖങ്ങൾ എന്തുകൊണ്ട് അശാസ്ത്രീയവും തൊഴിലാളിവർഗ രാഷ്ട്രീയ മുന്നേറ്റത്തിനും നേതൃത്വത്തിനും വിഘാതമാകുന്നതുമാണ് എന്ന് വിശദീകരിക്കുന്നു. ‘‘സാറിസത്തിനുമേൽ വിപ്ലവത്തിന്റെ നിർണ്ണായക വിജയം എന്നാലെന്താണ്?’’ ‘‘രാജവാഴ്ചയുടെ ഉന്മൂലനം: റിപ്പബ്ലിക്ക്’’, ‘‘വിപ്ലവത്തെ മുന്നോട്ടുകൊണ്ടു പോകേണ്ടത് എങ്ങനെ?’’, ‘‘സ്ഥിരതയില്ലാത്ത ബൂർഷ്വാസിക്കെതിരായ സമരത്തിൽ തൊഴിലാളിവർഗത്തിന്റെ കെെകൾ വരിഞ്ഞു കെട്ടപ്പെടുമെന്ന അപകടമുണ്ടാകുന്നത് ഏതു ഭാഗത്തുനിന്നാണ്?’’, ‘‘ഗവൺമെന്റിൽനിന്ന് യാഥാസ്ഥിതികരെ നീക്കം ചെയ്യുക’’ എന്ന അടവ്, ‘‘ഒസെ-്വാ ബൊഷ്ദേനിയെ പ്രവണതയും പുത്തൻ ‘ഇസ്ക്ര’ പ്രവണതയും’’, ‘‘വിപ്ലവസമയത്ത് അങ്ങേയറ്റത്തെ പ്രതിപക്ഷപ്പാർട്ടിയാവുകയെന്നാലെന്ത്?’’, ‘‘വിപ്ലവ കമ്യൂണുകളും, തൊഴിലാളി – കർഷക വർഗങ്ങളുടെ വിപ്ലവ ജനാധിപത്യ സർവ്വാധിപത്യവും’’ എന്നിങ്ങനെയാണ് അവയുടെ ശീർഷകങ്ങൾ.

‘‘ഒസെ-്വാ ബൊഷ്ദേനിയെ’’ (വിമോചനം) എന്ന പേരിൽ വിദേശത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന (1902 – 1905) ലിബറൽ ബൂർഷ്വാസിയുടെ പ്രസിദ്ധീകരണവും, മെൻഷെവിക്കു നിയന്ത്രണത്തിലായ ‘ഇസ്ക്ര’യും സമാനമായ ആശയങ്ങൾ പങ്കുവച്ചതിനെ ഒരദ്ധ്യായത്തിൽ ലെനിൻ നിശിതമായി തുറന്നുകാട്ടിയിട്ടുണ്ട്. 1900ൽ ലെനിൻ വിദേശത്തുനിന്നാരംഭിച്ച, അഖില റഷ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മാർക്സിസ്റ്റ് (രഹസ്യ) പത്രമായ ഇസ്ക്ര 1903ലാണ് മെൻഷെവിക്കധീനതയിലായത്.

തുടർന്നുള്ള 11–ാം അധ്യായത്തിന്റെ ശീർഷകം: ‘‘മൂന്നാം ആർഎസ്ഡിഎൽപിയുടെ കോൺഗ്രസിന്റെയും, (മെൻഷെവിക്ക്) സമ്മേളനത്തിന്റെയും പ്രമേയങ്ങളെക്കുറിച്ചുള്ള ക്ഷിപ്രമായ ഒരു താരതമ്യപഠനം’’ എന്നാണ്. അവസരവാദികളുടെ സമ്മേളനവും വിപ്ലവകാരികളുടെ പാർട്ടി കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ഇവിടെ ലളിതമായി വിവരിക്കുന്നു.

‘‘ബൂർഷ്വാസി പിന്തിരിഞ്ഞാൽ ജനാധിപത്യ വിപ്ലവത്തിന്റെ വ്യാപ്തി കുറയുമോ?’’ ‘‘ഉപസംഹാരം: നമുക്കു വിജയിക്കുവാൻ ധെെര്യമുണ്ടോ?’’ എന്ന രണ്ടു ചോദ്യങ്ങൾ ശീർഷകങ്ങളായുള്ള അവസാന രണ്ട് അദ്ധ്യായങ്ങൾ ബോൾഷെവിക്ക് പരിപാടി നടപ്പിലാക്കിയാൽ ഉണ്ടാവുന്ന ഫലം വിശദീകരിക്കുന്നു.

ഈ കൃതിയുടെ ഉപസംഹാരത്തിനുശേഷം ‘ഒസെ-്വാ ബൊഷ്ദേനിയെ’ യുടെ രണ്ടു ലക്കങ്ങളിലും മെൻഷെവിക്ക് നിയന്ത്രണത്തിലായ ‘ഇസ്ക്ര’യുടെ രണ്ടു ലക്കങ്ങളിലും വന്ന രചനകളെ ആസ്പദമാക്കി അനുബന്ധമായി മൂന്നു ഭാഗങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ‘‘ബൂർഷ്വാ ലിബറൽ യാഥാർത്ഥ്യവാദികൾ, സോഷ്യൽ ഡെമോക്രാറ്റിക്ക് ‘യാഥാർത്ഥ്യവാദികളെ’ സ്തുതിക്കുന്നതെന്തുകൊണ്ട്?’’ എന്നും, ‘‘സഖാവ് മർത്തീനോവ് വീണ്ടും പ്രശ്നത്തെ ‘ഗഹന’മാക്കുന്നു’’ എന്നും, സർവ്വാധിപത്യത്തെക്കുറിച്ചുള്ള പ്രാകൃത – ബൂർഷ്വാ ചിത്രീകരണവും മാർക്സിന്റെ വീക്ഷണവും’’ എന്നീ തലക്കെട്ടുകളുള്ള ഈ അനുബന്ധ ഭാഗം ലെനിന്റെ രചനയുടെ സുപ്രധാന ആശയലോകങ്ങൾ ക്രോഡീകരിക്കുന്നു.

‘‘മാർക്സ്, എംഗൽസ്, ലെനിൻ – വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന കൃതിയിൽ ‘‘രണ്ടടവുകൾ’’ എന്ന ലെനിന്റെ രചനയെപ്പറ്റി ഇ എം എസ് ഇപ്രകാരം നിരീക്ഷിക്കുന്നു:

‘‘റഷ്യൻ വിപ്ലവത്തിന്റേയും ലോകവിപ്ലവത്തിന്റേയും ചരിത്രത്തിൽ ഈ ഗ്രന്ഥത്തിനുള്ള പ്രാധാന്യം അന്യാദൃശമാണ്. ഭാവി സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് സമൂഹത്തിലേക്ക് പോകുന്നതു സംബന്ധിച്ച് പൊതുകാഴ്ചപ്പാടു മാത്രമല്ല, ദെെനംദിനം മാറിവരുന്ന പരിതഃസ്ഥിതിയിൽ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ അധ്വാനിക്കുന്ന ബഹുജനങ്ങളേയും മറ്റു പുരോഗമനവാദികളേയും അണിനിരത്താനുള്ള അടവുകൾ കൂടി രൂപീകരിക്കേണ്ടതെങ്ങനെ എന്നതിന്റെ ഉജ്വലമായ ഉദാഹരണമാണത്.

‘‘ഇതിൽ പ്രകടമാക്കപ്പെട്ട പരിശോധനാ മാർഗമുപയോഗിച്ച് മാറി മാറി വരുന്ന സ്ഥിതിഗതികളിൽ പ്രയോഗിക്കേണ്ട തന്ത്രവും അടവുകളും ആവിഷ്കരിക്കാൻ കഴിഞ്ഞതിനാലാണ് ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ, സോഷ്യലിസ്റ്റ് വിപ്ലവം നടന്നതും പിന്നീടത് സോവിയറ്റ് യൂണിയനും ആഗോള സോഷ്യലിസ്റ്റ് ചേരിയുമായി ഉയർന്നതും’’.

‘‘ജനാധിപത്യ വിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ടടവുകൾ’’ എന്ന വിഖ്യാത രചനയിൽ ലെനിൻ വികസിപ്പിച്ചെടുത്ത വെെരുദ്ധ്യാത്മകമായ കാഴ്ചപ്പാട് ഇന്ത്യൻ സാഹചര്യത്തിൽ പ്രയോഗിക്കാൻ സിപിഐ (എം) ശ്രമിച്ചിട്ടുണ്ട്. 1967ൽ സിപിഐ (എം) കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച പ്രമേയം അപ്രകാരമായിരുന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും നിലവിൽ വന്ന ഐക്യമുന്നണി ഗവൺമെന്റുകളിൽ പാർട്ടി പങ്കെടുക്കുമ്പോൾ പിന്തുടർന്ന സമീപനം, ലെനിൻ മുന്നോട്ടുവച്ച വീക്ഷണത്തിന്റെ കാലോചിതവും രാജേ-്യാചിതവുമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു’’.

തീവ്രവലതുപക്ഷ ശക്തികൾ രാഷ്ട്രീയമായി ബഹുജന സ്വാധീനം നേടാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് 119 വർഷങ്ങൾക്കുമുമ്പ് റഷ്യൻ സാഹചര്യത്തിൽ ലെനിൻ രചിച്ച ഒരു സവിശേഷ കൃതി നാം ചർച്ച ചെയ്യുന്നത്, ലെനിന്റെ ചരമശതാബ്ദി വർഷത്തിൽ. കരുത്തുറ്റ തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനം വളർത്തിയെടുക്കുവാൻ ഇന്ത്യൻ സാഹചര്യത്തിൽ നാം ഏറ്റെടുക്കേണ്ട കടമകളെപ്പറ്റി സൂക്ഷ്മമായ പഠനം നടത്തുവാനും മുൻകാല അനുഭവങ്ങളെ വിമർശന–സ്വയം വിമർശന ബുദ്ധിയോടെ അപഗ്രഥിക്കാനും സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള നിലയ്-ക്കാത്ത സമരത്തിൽ സ്വയം ഏർപ്പെടാനും നാം ഓരോരുത്തരും തയ്യാറാവുകയാണ് ലെനിന്റെ രചനകളോടും ഓർമകളോടും നീതി പുലർത്തുന്നതിനുള്ള ഒരേയൊരു മാർഗം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 20 =

Most Popular