Wednesday, October 9, 2024

ad

Homeരാജ്യങ്ങളിലൂടെക്രൊയേഷ്യയിൽ ഉനാ നദിക്കുവേണ്ടി ജനങ്ങൾ നടത്തിയ പ്രതിഷേധം വിജയിച്ചു

ക്രൊയേഷ്യയിൽ ഉനാ നദിക്കുവേണ്ടി ജനങ്ങൾ നടത്തിയ പ്രതിഷേധം വിജയിച്ചു

ടിനു ജോർജ്‌

ക്രൊയേഷ്യയുടെ അത്യപൂർവ്വ സുന്ദര നദികളിൽ ഒന്നായ ഉനാനദിയുടെ ഗതിതന്നെ മാറ്റിമറിച്ചുകൊണ്ട് ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റ് നിർമ്മിക്കുവാനുള്ള നീക്കത്തെ ചെറുത്തുകൊണ്ട് പ്രദേശവാസികൾ നടത്തിയ സമരം നിർണായക വിജയം കൈവരിച്ചിരിക്കുന്നു. ആഴ്ചകൾ നീണ്ടുനിന്ന പ്രതിഷേധ സമരത്തിനൊടുവിൽ ഹൈഡ്രോഇലക്ട്രിക് പ്ലാന്റിന്റെ നിർമ്മാണം നിർത്തിവച്ചുകൊണ്ട് പാരിസ്ഥിതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ക്രൊയേഷ്യൻ സ്റ്റേറ്റ് ഇൻസ്പെക്ടറേറ്റ് ഉത്തരവിറക്കി. പ്ലാന്റ് നിർമ്മിക്കുന്നതിന് മുന്നിട്ടിറങ്ങിയ സ്വകാര്യ നിക്ഷേപകനെതിരെ ഭരണനടപടികൾ കൈക്കൊള്ളുകയും ചെയ്തു. അതേസമയം പ്ലാന്റ് നിർമ്മിക്കുന്നതിന് നിയമപരമായി തടയിട്ടു എങ്കിലും ഇക്കാലയളവിനുള്ളിൽ ജൈവസമ്പന്നമായ നദിയുടെ ഗതിയെതന്നെ മാറ്റിക്കൊണ്ട് അവിടെ നടത്തിയ പാരിസ്ഥിതികമായ ചൂഷണം വളരെ വലുതാണെന്നും പ്രകൃതി സമ്പന്നമായ മുന്നവസ്ഥയെ എത്രയും പെട്ടെന്ന് വീണ്ടെടുക്കണമെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനം തങ്ങൾ തുടരുമെന്നും ആക്ടിവിസ്റ്റുകൾ പറഞ്ഞു. ഉദ്രുക ഉന, എസിടി തുടങ്ങിയ സംഘടനകളാണ് ഈ സമരത്തെ നയിച്ചത്. പ്രാദേശിക ജനതയെ അണിനിരത്തിക്കൊണ്ട് തങ്ങൾ നടത്തിയ പോരാട്ടം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഈ സംഘടനയിലെ നേതാക്കൾ. കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങൾ നടത്തിയ സംഘടിതമായ പോരാട്ടത്തിന്റെ നിർണായക വിജയമാണ് ഇപ്പോൾ കണ്ടിട്ടുള്ളത് എന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. ആഗസ്റ്റ് 19ന് ഉദ്രുകാ ഉന നൽകിയ പ്രസ്താവനയിൽ പറയുന്നത് ‘ഐക്യവും നിശ്ചയദാർഢ്യവുംകൊണ്ട് നമുക്ക് ക്രൂരതകൾക്കെതിരെയും അഴിമതിക്കെതിരെയും പോരാടുവാനും ജൈവഹത്യക്ക് തടയിടുവാനും സാധിക്കും’ എന്നാണ്. ഇപ്പോൾ വിജയം കണ്ടുവെങ്കിലും തങ്ങൾ ജാഗരൂകരായിരിക്കണമെന്നും ലാഭം മാത്രം പ്രതീക്ഷിച്ചുകൊണ്ട് തങ്ങളുടെ മണ്ണിനെയും വിഭവങ്ങളെയും ചൂഷണം ചെയ്യുവാൻ സ്വകാര്യ നിക്ഷേപകർ പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും ഈ ജനതയ്ക്ക് തിരിച്ചറിവുണ്ട്. പ്രദേശവാസികളും സംഘടനാ പ്രവർത്തകരും ആദ്യം വിവിധ രീതിയിൽ പരാതികൾ നൽകിയിട്ടും ഭരണകൂടമോ പ്രാദേശിക അധികാരികളോ നിർമ്മാണത്തെ തടയുവാൻ തയ്യാറായിരുന്നില്ല; എന്തിനു പറയുന്നു, ഇത്തരത്തിൽ ഒരു പ്ലാന്റ്‌ നിർമ്മാണം അവിടെയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ച വിലയിരുത്തൽപോലും നടത്തുകയുണ്ടായില്ല. ഇതൊന്നും തന്നെ നടത്താതെ ഉനാനദിയുടെ ഗതിയെതന്നെ മാറ്റിമറിച്ചു കൊണ്ട് നദീതടത്തിലുള്ള മരങ്ങൾ വെട്ടിമുറിച്ചുകൊണ്ട് വലിയ രീതിയിലുള്ള ചൂഷണമാണ് അവിടെ സ്വകാര്യ നിക്ഷേപകർ നടത്തിയത്. ചുരുക്കിപ്പറഞ്ഞാൽ വൻതോതിൽ പ്രകൃതി ചൂഷണം നടത്തുന്നതിന് ഭരണകൂടം കൂട്ടുനിൽക്കുകയും വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുകയുമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രക്ഷോഭകർ ക്യാമ്പയിൻ നടത്തിയത്. ക്യാമ്പയിനിലൂടനീളം ബോസ്നിയയിൽ നിന്നും ഹേഴ്സഗോവിനായിൽനിന്നും (Herzegovina) ക്രൊയേഷ്യയിൽനിന്നുമുള്ള തദ്ദേശീയരായ ആക്ടിവിസ്റ്റുകൾ യൂറോപ്പിന്റെയാകെ പിന്തുണ തേടുകയുണ്ടായി. കൂട്ടായ അണിനിരക്കലുകൾ തുടർച്ചയായി നടത്തി. വിവിധ രീതിയിലുള്ള സർഗാത്മകമായ ചെറുത്തുനിൽപ്പ് പരിപാടികൾ നദീതീരത്ത് സംഘടിപ്പിക്കുകയുണ്ടായി. സംഗീത സദസ്സടക്കം സംഘടിപ്പിക്കുകയും അതിൽ പ്രശസ്തരായ സംഗീതജ്ഞരും അഭിനേതാക്കളും അടക്കം പങ്കെടുക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ സർഗാത്മകവും സംഘടിതവുമായ ചെറുത്തുനിൽപ്പ് പോരാട്ടം നടത്തിയ ജനത ഒടുവിൽ വിജയം കണ്ടിരിക്കുന്നു. പ്രകൃതിയോടും മനുഷ്യനോടും മുതലാളിവർഗ്ഗം നടപ്പാക്കുന്ന ബഹുവിധ ചൂഷണങ്ങളിലൊന്നിനെ അവർ ഫലപ്രദമായി ചെറുത്തു തോൽപ്പിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular