Monday, September 9, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റീനയിൽ വാഗ്ദാനങ്ങൾ പാലിക്കാതെ വലതുപക്ഷം: ജനങ്ങൾ ദാരിദ്ര്യത്തിൽതന്നെ

അർജന്റീനയിൽ വാഗ്ദാനങ്ങൾ പാലിക്കാതെ വലതുപക്ഷം: ജനങ്ങൾ ദാരിദ്ര്യത്തിൽതന്നെ

ഷിഫ്‌ന ശരത്‌

ക്തമായ നടപടികൾ കൈക്കൊണ്ടുകൊണ്ട് രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പിനും സാമൂഹിക പരാധീനതകൾക്കും അതിവേഗം പരിഹാരം കാണുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിൽവന്ന വലതുപക്ഷ ലിബർട്ടെറിയൻ പാർട്ടിക്കാരനായ ജാവേർ മിലിയുടെ ഗവൺമെന്റ് അക്കാര്യത്തിൽ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു. താൻ അധികാരത്തിൽ വരുന്നതിനുമുമ്പ്, തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽലുടനീളം മിലി അവകാശപ്പെട്ടത് സമ്പദ്ഘടനയുടെ അപനിയന്ത്രണവത്കരണം (deregulation) – അതായത് വില നിയന്ത്രണം എടുത്തു മാറ്റുക, സമ്പദ്ഘടനയ്ക്ക് മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം പരിമിതപ്പെടുത്തുക, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക തുടങ്ങിയവ – ഉടൻതന്നെ സാമ്പത്തിക വീണ്ടെടുപ്പ് സാധ്യമാക്കുമെന്നും ജനജീവിതം കൂടുതൽ സുരക്ഷിതമാകും എന്നുമായിരുന്നു. എന്നാൽ ലോകരാജ്യങ്ങളിലെല്ലാംതന്നെ വലതുപക്ഷ മുതലാളിത്ത നയങ്ങൾ പിന്തുടരുന്ന ഭരണാധികാരികൾ നടപ്പാക്കിയ ഈ അപനിയന്ത്രണവത്കരണ പരിപാടികൾ മറ്റെല്ലായിടത്തും എന്നപോലെ അർജന്റീനയിലും യാതൊരുവിധ സാമ്പത്തികമായ വീണ്ടെടുപ്പോ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ സാമൂഹിക സാമ്പത്തിക അവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള പുരോഗതിയോ ഉണ്ടാക്കിയിട്ടില്ല. 2023 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽവന്ന മിലി ഇപ്പോൾ ഒരു വർഷം പൂർത്തിയാക്കുമ്പോഴും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാധാരണ ജനതയുടെ സാമ്പത്തിക സാമൂഹിക ദുരിതങ്ങൾ തുടച്ചുനീക്കുന്നതിനുവേണ്ടിയുള്ള യാതൊരുവിധ നയങ്ങളും കൈക്കൊള്ളുവാൻ ഈ വലതുപക്ഷക്കാരന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം മുന്നോട്ടുവെച്ച ‘ലിബർട്ടേറിയൻ ചേരുവ’ ഈ രീതിയിൽ അദ്ദേഹം തുടരുകയാണെങ്കിൽ രാജ്യത്തെ പാവപ്പെട്ട ജനതയുടെ ജീവിതത്തിൽ യാതൊരുവിധ വ്യത്യാസവും ഉണ്ടാവുകയില്ല എന്നുമാത്രമല്ല, ദരിദ്രരുടെ എണ്ണം ഇനിയും കൂട്ടുകയും ചെയ്യുമെന്ന് ഉറപ്പാണ്. നിലവിൽ രാജ്യത്ത് പെസോയുടെ (peso) മൂല്യം ഇടിയുകയും നാണയപ്പെരുപ്പം വർദ്ധിക്കുകയും അതുപോലെതന്നെ തൊഴിലില്ലായ്മ അഭൂതപൂർവ്വമായ നിരക്കിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. ഇതെല്ലാംതന്നെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അർജൻറീന (യുസിഎ) പുറത്തുവിട്ട റിപ്പോർട്ട്പ്രകാരം, 2024 ആദ്യപാദം വരെയുള്ള കണക്കനുസരിച്ച് അർജന്റീനയിലെ 54.6% കുടുംബങ്ങളുടെ പ്രതിശീർഷ പ്രതിമാസ വരുമാനം 198,000 പെസോയിൽ താഴെയാണ്, അതായത് ഏകദേശം 17616 ഇന്ത്യൻ രൂപയിൽ താഴെ. ഇത് വ്യക്തമാക്കുന്നത് മുന്നത്തെ കണക്കുകൾ വെച്ച് നോക്കുമ്പോൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം അർജന്റീനയിലെ ദരിദ്ര ജനങ്ങളുടെ എണ്ണം 16 ശതമാനത്തിനടുത്ത് വർദ്ധിച്ചിട്ടുണ്ട് എന്നാണ്. അർജന്റീനയിൽ ദാരിദ്ര്യം കുറയുകയല്ല മറിച്ച് ഗണ്യമായ തോതിൽ അത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുസിഎ റിപ്പോർട്ട് അനുസരിച്ച് കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ വരുമാനത്തിൽ ഉണ്ടാകുന്ന കുറവ്, അവശ്യവസ്തുക്കളുടെ വിലയിലുണ്ടായിട്ടുള്ള അനിയന്ത്രിതമായ വർദ്ധന, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയാണ് അർജന്റീനയിലെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നത്. ഉദാഹരണത്തിന്, നഗര തൊഴിലാളികളുടെ ശരാശരി വരുമാനം 18.5% ത്തോളം കുറഞ്ഞു.

അതുകൊണ്ടുതന്നെ മുൻപ് താഴ്ന്ന ഇടത്തരം വർഗ്ഗത്തിൽപ്പെട്ടിരുന്ന ആയിരക്കണക്കിനാളുകൾ ഇപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പോയിരിക്കുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഒപ്പം തന്നെ ഇതുവരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ജനങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്ത നിലയിലേക്ക് എത്തിയിരിക്കുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിതീവ്ര ദാരിദ്ര്യത്തിന്റെ കാര്യത്തിൽ അത്ഭുതപൂർവ്വമായ വർദ്ധനവാണ് അർജന്റീനയിൽ ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത്. 16.5 ശതമാനം അർജന്റീനക്കാരും അതിതീവ്ര ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്ക് ഭാഗത്തും വടക്കു പടിഞ്ഞാറൻ ഭാഗത്തുമാണ് ദാരിദ്ര്യം കൂടുതൽ ബാധിച്ചിട്ടുള്ളത്. അവിടങ്ങളിലെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ പേരിലേക്ക് ദാരിദ്ര്യം കടന്നുകയറിയിരിക്കുന്നു. ബ്യൂണസ് അയേഴ്‌സിൽമാത്രം, അവിടുത്തെ ജനസംഖ്യയുടെ 56.7 ശതമാനവും ദാരിദ്രരാണ്.

യുസിഎ റിപ്പോർട്ടിൽ അവർ കണക്കാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് 50 ശതമാനത്തിലധികം അർജന്റീനക്കാർ ദാരിദ്ര്യത്തിന് കീഴിലാണ് ജീവിക്കുന്നത് എന്നാണ്. അതേസമയം ലാറ്റിൻ അമേരിക്കൻ സ്ട്രാറ്റജിക് സെന്റർ ഫോർ ജിയോപൊളിറ്റിക്സ് (CELAG) കണക്കനുസരിച്ച് അർജന്റീനയുടെ ദരിദ്ര ജനങ്ങളുടെ ശരിയായ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 73.3 ശതമാനത്തിനടുത്ത് വരുമെന്നാണ്. അർജന്റീന ഒരു ഇടത്തരംവർഗ ജനതയുടെ രാജ്യമാണെന്ന വിശ്വാസത്തെ CELAGന്റെ ഈ വിശകലനം പാടെ തച്ചുതകൾക്കുകയാണ്. അർജന്റീനയിൽ ഇന്ന് ഇടത്തരം വർഗ്ഗം എന്നൊന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇടത്തരം വർഗ്ഗത്തിൽപെട്ട ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. കണക്കുകൾ സൂചിപ്പിക്കുന്നത്, മൊത്തം ജനസംഖ്യയുടെ 16 ശതമാനം മാത്രമേ ഇന്ന് അർജന്റീനയുടെ ഇപ്പറയുന്ന ഇടത്തരം വർഗ്ഗത്തിൽ ഉൾപ്പെടുന്നുള്ളൂ എന്നാണ്; മാത്രമല്ല, ജനസംഖ്യയുടെ ഏതാണ്ട് 10.7 ശതമാനത്തിനു മാത്രമേ ഉയർന്ന വരുമാനമുള്ളൂ. അതായത് ജാവേർ മിലിയുടെ കീഴിൽ അർജന്റീനയെ മൊത്തം ജനസംഖ്യയുടെ 75 ശതമാനത്തിനടുത്ത് ആളുകൾ ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഒരു രാജ്യമായി മാറിയിരിക്കുന്നു. ഇടത്തരം വർഗ്ഗത്തിന്റെ രാജ്യമാണ് അർജന്റീന എന്ന സാങ്കല്പിക വിശ്വാസങ്ങളെ ഇത് പാടെ തള്ളിക്കളയുന്നു. പൂർണ്ണമായും നവലിബറൽ വലതുപക്ഷ നയങ്ങൾകൊണ്ട് ഭൂരിപക്ഷ ജനതയെ ദാരിദ്ര്യത്തിന്റെ ദുരിതങ്ങളിലേക്ക് അതിവേഗത്തിൽ തള്ളിവിടുന്ന ഒരു രാജ്യമായി അർജന്റീന മാറിയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + fourteen =

Most Popular