വെനസ്വേലയിലെ തെരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായ നിക്കോളാസ് മഡുറോയുടെ വിജയം അംഗീകരിക്കുവാൻ തയ്യാറാകാതെ സാമ്രാജ്യത്വ രാജ്യങ്ങളും വലതുപക്ഷവുംചേർന്ന് രാജ്യത്താകെ ആക്രമണങ്ങളും കലാപവും അട്ടിമറി ശ്രമങ്ങളും നടത്തുന്നതിനെതിരെ വിവിധ രാജ്യങ്ങളിലെ ജനാധിപത്യ വിശ്വാസികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും അണിനിരന്നിരിക്കുന്നു. അമേരിക്കയും മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളും ചേർന്ന് വെനസ്വേലയിലെ വലതുപക്ഷത്തെ കൂട്ടുപിടിച്ചുകൊണ്ട് അവിടെ നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി ശ്രമങ്ങൾക്കെതിരായി ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമായി അത് മാറി. വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആഗസ്റ്റ് 17ന് ലോകത്തുടനീളം ഉള്ള ഒട്ടേറെ നഗരങ്ങളിൽ സാർവദേശീയ ഐക്യദാർഢ്യ ദിനം ആചരിച്ചു. ജനകീയ പ്രസ്ഥാനങ്ങളും ഇടതുപക്ഷ പാർട്ടികളും ട്രേഡ് യൂണിയനുകളും ചേർന്ന് സംയുക്തമായി നടത്തിയ ഈ സാർവദേശീയ ഐക്യദാർഢ്യ ദിനാചരണത്തിന്റെ മുദ്രാവാക്യം ‘ജനാധിപത്യത്തെ സംരക്ഷിക്കുക പരമാധികാരത്തെ സംരക്ഷിക്കുക’ എന്നതായിരുന്നു. ലാറ്റിനമേരിക്കയിൽനിന്നും കരീബിയയിൽ നിന്നുമുള്ള സാമൂഹിക പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും പൊതുവേദിയായ ആൽബ മൂവ്‌മെന്റോസ്, ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി, സൈമൺ ബൊളിവർ ഇൻസ്റ്റിറ്റ്യൂട്ട്, അസംബ്ലി ഓഫ് കരീബിയൻ പീപ്പിൾസ് എന്നീ കൂട്ടായ്മകൾ ചേർന്ന് ആഗസ്റ്റ് 9നാണ് ഇത്തരത്തിൽ ഒരു സാർവദേശീയ ഐക്യദാർഢ്യ ദിനാചരണം നടത്തുവാൻ ആഹ്വാനം ചെയ്തത്.
ബൊളിവേറിയൻ വിപ്ലവത്തിനും ജനാധിപത്യത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ വെനസ്വേലൻ എംബസികൾ അതത് രാജ്യത്തെ ജനകീയ പ്രസ്ഥാനങ്ങൾ സന്ദർശിക്കുകയുണ്ടായി. 2019 ലെ അട്ടിമറിശ്രമങ്ങളുടെ സമയത്ത് തീവ്ര വലതുപക്ഷ എതിരാളികൾ വെനസ്വേലയുടെ എംബസികൾ ആക്രമിക്കുകയുണ്ടായി തദ്ദേശീയ ഗവൺമെന്റുകളുടെ പിന്തുണയും അതിനുണ്ടായിരുന്നു. അത് കണക്കിലെടുത്താണ് എംബസികളിലേക്ക് ജനങ്ങൾ ഇപ്പോൾ മാർച്ച് ചെയ്തത്. വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിൽ- സ്പെയിനിലെ ഗലീഷ്യയിലെ വിഗോ പട്ടണം, ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയ, അങ്കോളയിലെ ലുവാണ്ട, നോർവേയുടെ തലസ്ഥാനമായ ഓസ്ലോ, സെർബിയ, ഈജിപ്ത്, മാലി, സെനഗൽ എന്നിവിടങ്ങളിലെ വെനസ്വേലൻ എംബസികളിൽ ജനങ്ങൾ ഐക്യദാർഢ്യ യോഗങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോയിൽ യുവകർഷകരുടെ ലീഗ് (ലീഗ് ഓഫ് ദി യംഗ് പെസന്റ്‌സ് ഓഫ് ദി ഡി ആർ സി) ‘വെനസ്വേലയിൽ നിന്ന് പുറത്തുപോകു’ എന്ന് ഫാസിസത്തോട്, സാമ്രാജ്യത്തോട് താക്കീത് ചെയ്തുകൊണ്ട് ഒപ്പ് ശേഖരണം നടത്തുകയുണ്ടായി. ദക്ഷിണ കൊറിയയിലെ സിയാവൂളിൽ ‘ഇനിയൊരു ലോകയുദ്ധം ഉണ്ടാവരുത്; സാമ്രാജ്യത്വം തുലയട്ടെ’ എന്നെഴുതിയ ബാനറുകൾ ഉയർത്തിക്കൊണ്ട് ആക്ടിവിസ്റ്റുകൾ അണിനിരന്നു. ഇറ്റലിയിലെ റോമിൽ മഡുറോയ്ക്കും ഷാവേസിനും പിന്തുണ നൽകിക്കൊണ്ടുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളുമായി ജനങ്ങൾ പൊതുനിരത്തിൽ സംഘടിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിലുടനീളവും നിലവിലും ലാറ്റിനമേരിക്കയിലാകെ ജനാധിപത്യവിരുദ്ധമായ അട്ടിമറികൾക്ക് ചുക്കാൻപിടിക്കുന്ന അമേരിക്ക മഡുറോയുടെ വിജയത്തെ തുടർന്ന് തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് വലതുപക്ഷം അധികാരത്തിൽ വരണമെന്നും മധുറോയുടെ വിജയത്തെ അംഗീകരിക്കുന്നില്ലെന്നും പ്രസ്‌താവിച്ചു. അതിനെതിരായി അമേരിക്കയിൽ തന്നെ ആക്ടിവിസ്റ്റുകൾ നിരവധി ഐക്യദാർഢ്യ പ്രവർത്തനങ്ങൾ വെനസ്വേലയെ പിന്തുണച്ചുകൊണ്ട് നടത്തുകയുണ്ടായി. ആഗസ്റ്റ് 9ന് അമേരിക്ക അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ ചേർന്ന് വെനസ്വേലയിൽ ഭരണമാറ്റം വേണമെന്ന അമേരിക്കയുടെ അഭിപ്രായത്തിന് ജനകീയ സമ്മതി തേടുന്ന ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഓഫീസിനു പുറത്ത് പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 17ന് സാമ്രാജ്യത്വ പ്രചാരണം നടത്തുന്ന ഫോക്‌സ് ന്യൂസിന്റെ ഹെഡ് ക്വോട്ടേഴ്സിലേക്കും ജനങ്ങൾ മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. സാൻഫ്രാൻസിസ്കോയിൽ പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ എന്ന സംഘടന എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയയിലെ ഭീമനായ എക്സിന്റെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. വെനസ്വേലയിലെ സോഷ്യലിസത്തിനെതിരായ വിദ്വേഷ ക്യാമ്പയിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് എക്സിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരമായ രാഷ്ട്രീയ കാര്യങ്ങളിലേക്ക് അമേരിക്ക നടത്തുന്ന കടന്നുകയറ്റത്തിനെതിരെ അമേരിക്കയിലെ ജനങ്ങൾ തന്നെ തങ്ങളുടെ രാജ്യത്തിന്റെ ഫാസിസ്റ്റ് സമീപനത്തിന് എതിരായി നിരവധി ഇടങ്ങളിൽ അണിനിരക്കുകയാണ്.
വെനസ്വേലയിലും ഇടതുപക്ഷവും വലതുപക്ഷവും പ്രക്ഷോഭങ്ങൾ നടത്തുകയുണ്ടായി. സത്യത്തിനു വേണ്ടി ലോക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വലതുപക്ഷ നേതാവായ മറിയ കൊറീനക്കും ഗോൺസാലസിനും 2000 പേരെ പോലും അണിനിരത്തുവാൻ സാധിച്ചില്ല എന്നത് വെനസ്വേലയിലെ ജനങ്ങൾ ബോളിവേറിയൻ വിപ്ലവത്തോട് എത്രമേൽ ചേർന്നുനിൽക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിൽ കാരക്കസിൽ സംഘടിപ്പിക്കപ്പെട്ട വമ്പിച്ച മാർച്ചിൽ പതിനായിരക്കണക്കിന് ആളുകളാണ് ഇതേ ദിവസം പങ്കെടുത്തത് എന്നത് ജനങ്ങൾക്ക് അവിടുത്തെ ഭരണകൂടത്തിലും ജനാധിപത്യത്തിലും വിപ്ലവത്തിലുമുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു.
അതേസമയം വെനസ്വേലയിൽ ജൂലൈ 28ന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് തികച്ചും സുതാര്യമായിരുന്നു എന്നും അത് ശക്തമായും സാധുവാണെന്നും സുപ്രീം കോർട്ട് ഓഫ് ജസ്റ്റിസ് ആഗസ്റ്റ് 22ന് ഉത്തരവിട്ടു. തിരഞ്ഞെടുപ്പിന്റെ സാധുതയുമായി ബന്ധപ്പെട്ട തർക്കത്തിൽ കോടതി നടത്തിയ ഈ ഉത്തരവ് നാഷണൽ ഇലക്ട്രൽ കൗൺസിൽ പ്രഖ്യാപിച്ച ഫലത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ചു എന്നുള്ള വലതുപക്ഷ ആരോപണം അടക്കമുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സുപ്രീം കോർട്ട് ഓഫ് ജസ്റ്റിസ് കണ്ടെത്തി. എന്നിട്ടും ഇതൊന്നുംതന്നെ അംഗീകരിക്കാതെ വീണ്ടും മഡുറോയുടെ ഗവൺമെന്റ് മാത്രമല്ല രാജ്യത്തെ നീതിനിർവഹണ സംവിധാനവും കള്ളക്കളി കളിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഗോൺസാലസും മരിയ മച്ചാടോയും രാജ്യത്താകെ വീണ്ടും അസ്വസ്ഥതകൾ പടർത്തുകയാണ്. അതിന് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് അമേരിക്ക നടപ്പാക്കുന്നത് തികച്ചും ഫാസിസ്റ്റ് കടന്നാക്രമണം തന്നെയാണ്. ♦