Tuesday, September 17, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്യന്ത്രമനുഷ്യനും മിച്ചമൂല്യവും

യന്ത്രമനുഷ്യനും മിച്ചമൂല്യവും

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 53

മുതലാളിത്ത ഉല്പാദനക്രമത്തിൽ ലാഭത്തിന്റെ ഉറവിടം തൊഴിലാളിയുടെ അധ്വാനശക്തിയാണ് എന്നതാണ് മാർക്സിസ്റ്റ് അർത്ഥശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം. അങ്ങിനെയെങ്കിൽ തൊഴിൽ ശക്തിയുടെ നേരിട്ടുള്ള ഉപയോഗം ഗണ്യമായി കുറയുന്ന നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും മറ്റ് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഈ കാലത്ത് ഈ സങ്കല്പനത്തിന്റെ സാധുതയെന്താണ്? വളരെ ലളിതമായി ഈ സമസ്യയുടെ കുരുക്കഴിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

മാർക്സിസ്റ്റ് അർത്ഥശാസ്ത്ര സമവാക്യങ്ങളെ ഒന്ന് refresh ചെയ്തതിനു ശേഷം ഈ വിശകലനത്തിലേക്കു വരാം.

യന്ത്രസാമഗ്രികളും അസംസ്കൃതവസ്തുക്കളും തൊഴിലാളിയുടെ അധ്വാനശക്തിയും ചേരുമ്പോഴാണ് ഉല്പാദനപ്രവർത്തനം സാധ്യമാകുന്നത് . ഇതിൽ ആദ്യം പറഞ്ഞ രണ്ടു ഘടകങ്ങളും – യന്ത്രസാമഗ്രികളും അസംസ്കൃതവസ്തുക്കളും – സ്ഥിരമൂലധനമെന്നും (c), മൂന്നാമത്തേതിനെ, അതിൽ ഉപയോഗിക്കപ്പെടുന്ന തൊഴിലാളിയുടെ അധ്വാനശക്തിയെ അസ്ഥിര മൂലധനമെന്നും പറയുന്നു.

ഒരു തൊഴിൽശാലയിൽ ഒരു തൊഴിലാളി ചെലവഴിക്കുന്ന അധ്വാനശക്തിയുടെ മൂല്യത്തെ മാർക്സ് രണ്ടായി വിഭജിക്കുന്നു. അയാളുടെ അധ്വാനശക്തി പുനരുൽപാദിക്കാനായി അയാൾക്ക് നൽകുന്ന കൂലിയും (v) അയാളുടെ അധ്വാനശക്തി കവർന്നെടുക്കുന്നതുവഴി മുതലാളി ഉണ്ടാക്കുന്ന മിച്ച മൂല്യവും (s).
ഒരു ചരക്കിന്റെ മൂല്യം (C), സ്ഥിരമൂലധനവും (c) + അസ്ഥിര മൂലധനവും (v) + മിച്ച മൂല്യവും (s) ചേർന്നതാണ്.

C = c + ( v + s)

ഇവിടെ മാർക്സ് വ്യക്തമാക്കുന്ന കാര്യം, സ്ഥിര മൂലധനത്തിൽ നിന്നും ലാഭം സൃഷ്ടിക്കപ്പെടുന്നില്ല എന്നും, തൊഴിലാളിയുടെ അധ്വാനശക്തിയിൽ (v+s) നിന്നും കവർന്നെടുക്കപ്പെടുന്ന മൂല്യം (s) ആണ് ലാഭത്തിന്റെ ഏക ഉറവിടം എന്നുമാണ്. ക്ലാസ്സിക്കൽ ഇക്കണോമിസ്റ്റുകളുടെ അധ്വാനമൂല്യ സിദ്ധാന്തത്തെ മാർക്‌സ് വിപ്ലവകരമായി നവീകരിക്കുന്നത് ഇത്തരത്തിലാണ്. മുതലാളിത്ത ഉല്പാദന സമ്പ്രദായം നിലനിൽക്കുന്നത് തൊഴിലാളിയുടെ അധ്വാനശക്തിയെ കവർന്നെടുത്തുകൊണ്ടു മാത്രമാണ് എന്നാണ് മാർക്സ് ഇവിടെ സമർത്ഥിക്കുന്നത്. യന്ത്രസാമഗ്രികളും അസംസ്കൃതവസ്തുക്കളും അവയിലടങ്ങിയിരിക്കുന്ന പൂർവ്വാർജ്ജിത മൂല്യത്തെ ഒരുല്പന്നത്തിലേക്ക് പകരുക മാത്രമാണ് ചെയ്യുന്നത്. ഇവ പ്രദാനം ചെയ്യുന്ന മൂല്യത്തിൽ മാറ്റമില്ല. അത് സ്ഥിരമായി നിൽക്കുന്നു. ഇവ വാങ്ങുവാനായി ചെലവഴിക്കുന്ന മൂലധനത്തെ ജഡമൂലധനമെന്നും വിളിക്കുന്നു. ഉല്പാദനപ്രക്രിയയിലേർപ്പെടുന്ന ഇവയുടെ ചരിത്രത്തിലേക്ക്, അവയുടെ ശൃംഖലകളിലേക്ക്, സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയുക ഘനീഭവിച്ചു കിടക്കുന്ന തൊഴിൽശക്തി മാത്രമാകും. ഈ ഉല്പാദനോപാധികൾ പുതുതായ ഒരു മൂല്യവും സൃഷ്ടിക്കുന്നില്ല. അപ്പോൾപ്പിന്നെ നേരത്തെ സൂചിപ്പിച്ച സമവാക്യത്തിൽ അവശേഷിപ്പിക്കുന്ന ഘടകം തൊഴിലാളിയുടെ അധ്വാനശക്തി മാത്രമാണ്. പുതിയ മൂല്യം ഉല്പാദിപ്പിക്കാൻ ശേഷിയുള്ളത് ഇതിനു മാത്രമാണ്.

സമകാലികമായ ഒരുദാഹരണം പറഞ്ഞുകൊണ്ട് ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഇന്ന് ഏറ്റവുമധികം ആൾക്കാർ പണിയെടുക്കുന്ന ഐടി മേഖലയെടുക്കുക. ഒരു ഐടി കമ്പനിക്ക് വിദേശത്തുനിന്നും ഔട്ട്സോഴ്സ് ചെയ്യപ്പെട്ട 15,00,000 ലക്ഷം രൂപയുടെ ഒരു പ്രൊജക്റ്റ് ലഭിക്കുന്നു എന്ന് വിചാരിക്കുക. ഇത് ചെയ്യാൻ 5 പേരുടെ മനുഷ്യാധ്വാനം 3 മാസത്തേക്ക് വേണ്ടിവരുന്നു എന്നും വിചാരിക്കുക. ഒരാളുടെ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയാണെങ്കിൽ 3 മാസത്തേക്ക് ആകെ വേണ്ടിവരുന്ന തുക 9 ലക്ഷം രൂപ. ഇതല്ലാതെ വേണ്ടിവരുന്ന സ്ഥിര മൂലധന ചെലവ് ഏതാനും കംപ്യൂട്ടറുകളുടെ 3 മാസത്തെ ഡിപ്രീസിയേഷൻ ചെലവാണ്. ഒരു കംപ്യൂട്ടറിന് 50000 രൂപ വിലയുണ്ടെങ്കിൽ, അതിന്റെ പരമാവധി ആയുസ്സ് 5 വർഷമാണെങ്കിൽ, മൂന്ന് മാസത്തെ തേയ്മാന ചെലവ് 2500 രൂപയായിരിക്കും. 3 കംപ്യൂട്ടറുകൾക്കും കൂടി 7500 രൂപ. ഈ പ്രൊജക്ട്‌ ചെയ്യാൻ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ആ ഇനത്തിൽ ചെലവില്ല. ഇന്റർനെറ്റ് സൗകര്യങ്ങൾ, കെട്ടിടവാടക, മറ്റ് മാനേജീരിയൽ ചെലവുകൾ എല്ലാം കൂടി പ്രതിമാസം 25000 രൂപ കണക്കാക്കിയാൽ 3 മാസത്തേക്ക് 75000 രൂപ. സ്ഥിരമൂലധന ചെലവ് ആകെ 82500 രൂപ.

c = 82500, v = 9,00,000. ആകെ ചെലവ് 9,82,500/-. പ്രസ്തുത പ്രോജക്ടിൽ നിന്നുള്ള മിച്ചമൂല്യം അഥവാ ലാഭം 15 ,00,000 – 9,82,500= 5,17,500/- രൂപ.

സചേതനമായ മനുഷ്യാധ്വാനം മാത്രമാണ് പുതിയ മൂല്യം ഉല്പാദിപ്പിക്കുന്നതെന്ന് മനസിലാക്കാൻ ലളിതമായ ഇന്നത്തെ യഥാർത്ഥ ലോകവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ ഉദാഹരണം മാത്രം മതിയാകും. നമ്മുടെ വിഷയത്തെ അധികരിച്ചുള്ള ചർച്ചക്കായി മാർക്സിന്റെ അദ്ധ്വാനമൂല്യസിദ്ധാന്തം ഇവിടെ വളരെ ലളിതമായി ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതാണ്. ഏറ്റവും ലളിതമായ ഉല്പാദനപ്രവർത്തനം മുതൽ അതിസങ്കീർണമായ ആധുനിക ഉല്പാദന സമ്പ്രദായങ്ങൾ വരെ ഇതേ രീതിയിൽ അമൂർത്തമായി മനസ്സിലാക്കാനാവും (abstract thinking).

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. ഒരു ചരക്കിന്റെ ഉത്പന്ന പ്രക്രിയയിൽ നിന്നും അധ്വാനശക്തിയെ പൂർണമായും ഒഴിവാക്കി എന്ന് സങ്കൽപ്പിക്കുക. ഇവിടെ പറഞ്ഞ ഉദാഹരണം തന്നെയെടുക്കുക. മേൽപ്പറഞ്ഞ സോഫ്ട്‍വെയർ ഡെവലപ്മെന്റ് പ്രൊജക്റ്റ് പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്തു എന്ന് സങ്കൽപ്പിക്കുക. മുഴുവൻ കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിനെയും പറഞ്ഞുവിട്ട് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഒരു റോബോട്ട് ഈ പ്രൊജക്റ്റ് പൂർണമായും ചെയ്തു എന്ന് വിചാരിക്കുക. ഇത് സാധ്യമാണോ എന്ന് ചോദിച്ചാൽ തത്വത്തിൽ സാധ്യമാണ് എന്നുതന്നെയാകും ഉത്തരം. അങ്ങനെയെങ്കിൽ മിച്ചമൂല്യ ഉത്പാദനം നടക്കുന്നത് സചേതനമായ തൊഴിൽശക്തിയിൽ നിന്നാണ് എന്ന മാർക്സിയൻ പരികല്പന പരാജയപ്പെട്ടില്ലേ എന്നാണ് ചോദ്യം. സാമൂഹ്യമായി വിന്യസിച്ചുകിടക്കുന്ന ഉല്പാദനപ്രക്രിയകളുടെ ശൃംഖല ഇതിനുത്തരം തരും. മേൽപ്പറഞ്ഞ പ്രൊജക്റ്റ് പൂർണമായും യന്ത്രവൽക്കരിക്കാനായി, കമ്പനിക്ക് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു റോബോട്ടിനെ വാങ്ങേണ്ടി വന്നു (റോബോട്ട് എന്ന് ഭംഗിക്ക് പറയുന്നു എന്നുമാത്രം, റോബോട്ട് അല്ലെങ്കിൽ സങ്കീർണമായ ഒരു സോഫ്ട്‍വെയർ ആപ്ലിക്കേഷൻ). ഈ റോബോട്ടിനെ ആര് നിർമിച്ചു? ഉത്തരം തൊഴിലാളികൾ എന്നാകും. കുറെയധികം തൊഴിലാളികൾ ദീർഘകാലം പണിയെടുത്താൽ മാത്രമേ സ്വന്തമായി പ്രോഗ്രാമെഴുതുന്ന ഒരു റോബോട്ടിനെ, അല്ലെങ്കിൽ ഒരു സങ്കീർണമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനെ വികസിപ്പിച്ചെടുക്കാൻ കഴിയൂ. അപ്പോൾ തൊഴിലാളിയുടെ അധ്വാനത്തിന്റെ ഉറവിടം മാറുന്നു എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്, തൊഴിലാളി യന്ത്രത്താൽ പകരംവെയ്ക്കപ്പെടുന്നില്ല.

ഉല്പാദനപ്രക്രിയകൾ ആധുനിക കാലത്ത് ഒരു ഒറ്റപ്പെട്ട തുരുത്തിൽ നടക്കുന്നവയല്ല. ഏതൊരു ഉല്പന്നവും പല ഭാഗങ്ങളായി തിരിക്കപ്പെട്ട്, ഓരോ ഭാഗവും ലോകത്തിന്റെ വ്യത്യസ്ത കോണുകളിലായിട്ടാണ് നടക്കുന്നത്. അങ്ങിനെയൊരു ലോകത്ത് മിച്ചമൂല്യത്തിന്റെ സ്രോതസ്സുകളും വികേന്ദ്രീകൃതമായിട്ടായിരിക്കും വിന്യസിക്കപ്പെട്ടിരിക്കുക. ഏതെങ്കിലും ഒരു ഫാക്ടറിയിലെ പ്രവർത്തനങ്ങൾ മാത്രമെടുത്തുകൊണ്ട് മിച്ചമൂല്യ നിർമ്മാണ പ്രക്രിയയെ വിശദീകരിക്കാനാവില്ല എന്നുമാത്രം.

ഡിജിറ്റൽ യുഗം ഈ പ്രക്രിയകളെ ഏറെ സങ്കീർണമാക്കിയിട്ടുണ്ട്. നമുക്ക് നേരിട്ട് കാണുകയും തൊട്ട് മനസിലാക്കുകയും ചെയ്യുന്ന യന്ത്രങ്ങളും അധ്വാനശക്തിയും ഇവിടെ പരിമിതമാണ്. നിർമിക്കപ്പെടുന്ന ഉല്പന്നം പോലും പലപ്പോഴും അദൃശ്യമായിരിക്കും. ഇതിനർത്ഥം ലാഭത്തിന്റെ ഉറവിടങ്ങളെക്കുറിച്ചുള്ള മാർക്സിയൻ അർത്ഥശാസ്ത്ര സങ്കല്പങ്ങൾ കലഹരണപ്പെട്ടുവെന്നല്ല. അല്പം കൂടി സൂക്ഷ്മതയോടെ ആധുനിക ഉല്പാദന പ്രക്രിയകളെ മനസിലാക്കണം എന്നുമാത്രമാണ്. വ്യാവസായിക വിപ്ലവത്തെത്തുടർന്നുള്ള ആദ്യനാളുകളിൽ മനുഷ്യന്റെ മസ്സിൽ ശക്തി ഉപയോഗിച്ചുള്ള ഉല്പാദനത്തിന് പകരം യന്ത്രങ്ങൾ കൊണ്ടുവരപ്പെട്ടുവെങ്കിൽ ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ബുദ്ധിശക്തിക്കുള്ള ബദൽ മാർഗ്ഗങ്ങൾ തേടുന്ന യന്ത്രങ്ങളാണ് കടന്നുവരുന്നത്. ഒരു സിമ്പിൾ calculator നിർവഹിക്കുന്നതും, സങ്കീർണമായ ഒരു നിർമ്മിതി ആപ്ലിക്കേഷൻ നിർവഹിക്കുന്നതും ഇതേ ധർമ്മമാണ്. നെയ്ത്തുയന്ത്രവും ഒരു റോബോട്ടുമെല്ലാം ഈ അർത്ഥത്തിൽ ഒരേ ഗണത്തിൽ പെടുന്നവയാണ്. വലിയ തോതിലുള്ള technology hype നടക്കുന്ന ഈ കാലത്ത് ആധുനിക ഡിജിറ്റൽ യന്ത്രങ്ങൾ വലിയതോതിൽ mystify ചെയ്യപ്പെടുന്നുണ്ട്. അതുമായി ബന്ധപ്പെട്ട അർത്ഥശാസ്ത്ര വിശകലനങ്ങൾ നടക്കാതെ പോകുന്നുണ്ട്. Mr Robot, you are just another machine എന്ന് ആരെങ്കിലും വിളിച്ചുപറയേണ്ടിയിരിക്കുന്നു. മിച്ചമൂല്യ ഉല്പാദനവുമായി ബന്ധപ്പെട്ട് മാർക്സ് നടത്തിയ വിശകലനങ്ങളുടെ ചട്ടക്കൂടിന്‌ പുറത്തുനിൽക്കുന്ന ഒന്നല്ല ഡിജിറ്റൽ യുഗത്തിലെ ഉല്പാദനപ്രക്രിയകൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + nine =

Most Popular