ഐതിഹാസികമായ തെലുങ്കാന സമരത്തിന്റെ നായകൻ, സിപിഐ എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി, മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ… എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്കുടമയാണ് പി സുന്ദരയ്യ. ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നത് 1957ൽ കേരളത്തിലാണ്. ആന്ധപ്രദേശിന്റെ പ്രഥമ മുഖ്യമന്ത്രി സുന്ദരയ്യ ആകുമെന്നാണ് 1950കളിൽ പൊതുവെ കരുതപ്പെട്ടിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ആന്ധ്രയിലെ ജനങ്ങളുടെ ഇടയിൽ അത്രമാത്രം ശക്തമായിരുന്നു, അന്ന്. പാർട്ടിക്ക് ബഹുജനങ്ങളുടെ ഇടയിൽ വേരോട്ടമുണ്ടാക്കാൻ ഏറ്റവും ശക്തമായും സാഹസികമായും പ്രവർത്തിച്ച നേതാവായിരുന്നു പുച്ചലപ്പല്ലി സുന്ദരയ്യ എന്ന പി സുന്ദരയ്യ.
ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലൽ കോവൂര് താലൂക്കിൽ ജലഗാനിപാട് എന്ന ഗ്രാമത്തിലാണ് സുന്ദരയ്യ ജനിച്ചത്. അച്ഛൻ പുച്ചലപ്പല്ലി വെങ്കിട്ടരാമ റെഡ്ഡി, അമ്മ ശേഷമ്മ. വെങ്കിട്ടരാമ റെഡ്ഡിയുടെ രണ്ടാം ഭാര്യയായിരുന്നു ശേഷമ്മ. അച്ഛനമ്മമാരുടെ ഏഴു മക്കളിൽ ആറാമനായിരുന്നു സുന്ദരയ്യ. വെങ്കിടസുന്ദര രാമറെഡ്ഡി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. പൊതുപ്രവർത്തനത്തിൽ സജീവമായതോടെ പേരിലും മാറ്റം വരുത്തി. വീട്ടിലെ വിളിപ്പേര് ഔപചാരികമായി സ്വീകരിക്കുന്നതിന് സുന്ദരയ്യയ്‌ക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടായിരുന്നു. അതേക്കുറിച്ച് സുന്ദരയ്യ തന്നെ പറയുന്നത് ഇങ്ങനെയാണ്: ‘‘വീട്ടിൽ സാധാരണഗതിയിൽ എന്നെ ആരും വെങ്കിടസുന്ദരരാമറെഡ്ഡി എന്ന് വിളിക്കാറില്ല. സുന്ദരയ്യ എന്നേ വിളിച്ചിരുന്നുള്ളൂ. ഈ വെങ്കിട എന്ന വാക്ക് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും പേരിനു മുൻപിൽ ഉണ്ടായിരിക്കും. അച്ഛന്റെ ആദ്യ ഭാര്യയ്‌ക്ക് കുട്ടികൾ ഉണ്ടാകാതിരുന്ന സമയത്ത് തിരുപ്പതി വെങ്കിടേശ്വര സ്വാമിയെ പ്രാർഥിച്ചുകൊണ്ട് ഉണ്ടാകുന്ന കുട്ടികൾക്കെല്ലാം ഭഗവാന്റെ പേരിടാമെന്ന് അച്ഛൻ വഴിപാട് നേർന്നിരുന്നു. അതുകൊണ്ടാണ് എന്റെ മൂത്ത ജ്യേഷ്‌ഠന് വെങ്കിടരമണ റെഡ്ഡിയെന്നും എന്റെ അനുജന് വെങ്കിടരാമചന്ദ്ര റെഡ്ഡിയെന്നും പേരുകൾ നൽകപ്പെട്ടത്. 1928ലോ 1930ലോ മഹാത്മാഗാന്ധിയുടെ സ്വാധീനം മൂലം സത്യഗ്രഹസമരത്തിൽ ചേർന്നതോടുകൂടിയാണ് വെങ്കിട, രാമ, റെഡ്ഡി എന്നീ പദങ്ങൾ എന്റെ പേരിൽനിന്ന് എടുത്തുകളഞ്ഞ് സുന്ദരയ്യ എന്നാക്കി മാറ്റിയത്’’.
കനിഗിരി റിസർവോയറിന്റെ കിഴക്കുഭാഗത്തുള്ള കനാലിനരികിലായിരുന്നു ജലഗാനിപാട് ഗ്രാമം. പുച്ചലപ്പല്ലി തടവാടിന് അന്ന് സ്വന്തമായി 50 ഏക്കർ കൃഷിസ്ഥലമുണ്ടായിരുന്നു.
ജലഗാനിപാടി ഗ്രാമത്തിൽ അന്ന് ഒരേയൊരു സ്‌കൂളേ ഉണ്ടായിരുന്നുള്ളൂ. ആ സ്‌കൂളിലാണ് സുന്ദരയ്യയെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തത്. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. രണ്ടുവർഷം ഈ സ്‌കൂളിൽ പഠിച്ചു. പിന്നീട് സുന്ദരയ്യയെ പഠിപ്പിക്കാനുള്ള ചുമതല, കുരൂൽ ജില്ലാ മുനിസിഫ് ആയിരുന്ന സഹോദരീഭർത്താവ് ഏറ്റെടുത്തു. തിവുവള്ളൂരിലേക്ക് അളിയന് സ്ഥലംമാറ്റം ലഭിച്ചതോടെ സുന്ദരയ്യയെയും അദ്ദേഹം കൂടെക്കൂട്ടി. അവിടെ റസ്‌ലർ ഹൈസ്‌കൂളിൽ മൂന്നാം ക്ലാസിൽ ചേർത്തു. അഞ്ചാം ക്ലാസുവരെ അവിടെ പഠിച്ചു. ആറാം ക്ലാസ് ആയപ്പോഴേക്ക് അളിയന് ഏലൂരേക്ക് സ്ഥലംമാറ്റമായി. അവിടത്തെ ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒരുവർഷം സുന്ദരയ്യ പഠിച്ചു. പിന്നീട് രണ്ടുവർഷം പഠിച്ചത് രാജമുന്ദ്രിയിലാണ്. മദ്രാസിലെ ട്രിപ്ലിക്കയിനിലുള്ള ഹൈസ്‌കൂളിലാണ് പിന്നീടുള്ള മൂന്നുവർഷം അദ്ദേഹം പഠിച്ചത്. വീരാറെഡ്ഡി സത്രത്തിലാണ് ഈ കാലയളവിൽ അദ്ദേഹം താമസിച്ചത്. വിപ്ലവകാരികളുടെ ജീവചരിത്രം വായിക്കുക, അവരുടെ പ്രവർത്തനങ്ങൾ ചർച്ചചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവന്ന ഗ്രൂപ്പിനൊപ്പം അദ്ദേഹം ചേർന്നത് ഈ കാലയളവിലാണ്.
കുട്ടിക്കാലം മുതൽ ദളിതരോടും മറ്റ് താഴ്‌ന്ന സമുദായക്കാരോടും തന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള സവർണ സമുദായാംഗങ്ങൾ കാണിച്ച വിവേചനങ്ങൾ സുന്ദരയ്യയിൽ വലിയ ധാർമികരോഷമാണ് ഉളവാക്കിയത്. അതിന്റെപേരിൽ ബന്ധുക്കളിൽ പലരോടും കലഹിക്കാൻ അദ്ദേഹം തയ്യാറാവുകയും ചെയ്‌തു. ദളിതരുടെയും മറ്റ് അധഃസ്ഥിതിരുടെയും ജീവിയപ്രയാസങ്ങൾ നേരിട്ടറിയാൻ അദ്ദേഹം അവരുടെ താമസസ്ഥലങ്ങൾ പതിവായി സന്ദർശിച്ചു. ബന്ധുക്കളുടെ വിലക്ക് അദ്ദേഹം കൂട്ടാക്കിയില്ല.
സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ വായനയോട് വലിയ ആഭിമുഖ്യമാണ് സുന്ദരയ്യ പ്രകടിപ്പിച്ചത്. തെലുങ്കിലും ഇംഗ്ലീഷിലും കിട്ടിയ പുസ്‌തകങ്ങളെല്ലാം വായിച്ചു. നോവലുകൾ, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രങ്ങൾ എന്നിവയാണ് അദ്ദേഹം ആവേശപൂർവം വായിച്ച പുസ്‌തകങ്ങൾ. 1927ൽ മദ്രാസിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും അതിന്റെ പ്രാധാന്യം പത്രങ്ങളിലൂടെ അദ്ദേഹം മനസ്സിലാക്കുകയും സമ്മേളനത്തിന്റെ ആവേശം ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്‌തു.
1928ൽ സൈമൺ കമ്മീഷൻ ബഹിഷ്‌കരണം നടക്കുമ്പോൾ സുന്ദരയ്യ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിക്കണമെന്ന് അന്ന് ആഹ്വാനം ചെയ്യപ്പെട്ടിരുന്നില്ല. എങ്കിലും സുന്ദരയ്യ ക്ലാസ് ബഹിഷ്‌കരിച്ചു. അതേക്കുറിച്ചുള്ള സ്‌കൂൾ അധികൃതരുടെ ചോദ്യത്തെ അദ്ദേഹം സധൈര്യം നേരിട്ടു. ആ വർഷം ജലഗാനിപാട് ഗ്രാമത്തിനു സമീപമുള്ള വല്ലപ്പാട് ആശ്രമം ഗാന്ധിജി സന്ദർശിച്ചപ്പോൾ സുന്ദരയ്യ ആ പ്രദേശത്തെ കുറെ ചെറുപ്പക്കാരെയും കൂട്ടി ഗാന്ധിജിയെ ചെന്നു കണ്ടു.
1929ൽ മദിരാശിയിലെ ലയോള കോളേജിൽ സുന്ദരയ്യ ഇന്റർമീഡിയറ്റിനു ചേർന്നു. നല്ല മാർക്ക് ഉണ്ടായിരുന്നതിനാലാണ് അന്ന് വളരെ പ്രശസ്‌തമായ ലയോള കോളേജിൽ അദ്ദേഹത്തിന് അഡ്‌മിഷൻ ലഭിച്ചത്.
ലയോള കോളേജിൽ പഠിക്കുമ്പോഴാണ് സോഷ്യലിസ്റ്റ് സാഹിത്യം വായിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. എച്ച് ഡി രാജയുമായി പരിചയപ്പെട്ടത് ഈ കാലയളവിലാണ്. ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ വായിക്കാൻ നൽകിയത് രാജയാണ്. ആ പുസ്‌തകം തന്നിൽ വലിയ സ്വാധീനമാണ് ചെലുത്തിയതെന്ന് സുന്ദരയ്യ രേഖപ്പെടുത്തിയിട്ടുണ്ട്.
1930 ജനുവരി 26ന് നടന്ന പൂർണ സ്വാതന്ത്ര്യദിനാചരണത്തിൽ സുന്ദരയ്യ പങ്കെടുത്തു. അദ്ദേഹം ഉൾപ്പെടെ 200 ഓളം വിദ്യാർഥികൾ ദേശീയപതാകയുമേന്തി ട്രിപ്ലിക്കേനിൽ മാർച്ച് ചെയ്‌താണ് ദിനാചരണത്തിൽ പങ്കെടുത്തത്. ദിനാചരണത്തിനുശേഷം കോളേജിലും ഹോസ്റ്റലുകളിലും ലഘുലേഖകളും മറ്റും വിതരണം ചെയ്യുന്നതിന് അദ്ദേഹം മുന്നിട്ടുനിന്ന് പ്രവർത്തിച്ചു. ജനുവരി 27ന് കോളേജിൽ ഒരു വിദ്യാർഥി ഗാന്ധിത്തൊപ്പി ധരിച്ച് ക്ലാസിൽ വന്നപ്പോൾ അധികൃതർ അതിനെ വിലക്കി. അതോടെ സുന്ദരയ്യ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ക്ഷുഭിതരായി. കർമംകൊണ്ടാണ് അവർ ആ വിലക്കിനെ നേരിട്ടത്. 500 വിദ്യാർഥികൾ കൂട്ടത്തോടെ ഗാന്ധിത്തൊപ്പി ധരിച്ച് കോളേജിലെത്തി. അതോടെ ഗാന്ധിയൻ ആശയങ്ങൾക്ക് വിദ്യാർഥികളിലും പൊതുജനങ്ങളിലുമുള്ള സ്വാധീനം കോളേജ് അധികൃതർക്ക് ബോധ്യപ്പെട്ടു. അതോടെ അവർക്ക് സ്വന്തം നിലപാട് മാറ്റേണ്ടിവന്നു. ഗാന്ധിത്തൊപ്പി ധരിച്ച് കോളേജിൽ വരുന്നതിന് ഒരു തടസ്സവുമില്ലെന്ന് കോളേജ് അധികൃതർ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു.
നാട്ടിലെ കർഷകത്തൊഴിലാളികളിൽ മഹാഭൂരിപക്ഷവും അയിത്തജാതിക്കാരായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ? ഒരേസമയം സാമ്പത്തികമായും സാമൂഹികമായുമുള്ള അടിച്ചമർത്തലുകൾക്ക് വിധേയരായി കഴിഞ്ഞവർ. ചെയ്യുന്ന ജോലിക്ക് വളരെ തുച്ഛമായ കൂലിയാണവർക്ക് ലഭിച്ചത്. പൊതുവഴികളിലൂടെ നടക്കാനോ പൊതുകിണറുകൾ ഉപയോഗിക്കാനോ അവർക്കനുവാദമില്ലായിരുന്നു. വിദ്യാലയങ്ങളിൽ പ്രവേശനം അന്ന് സ്വപ്‌നം കാണാൻപോലും അവർക്ക് കഴിഞ്ഞിരുന്നില്ല. അവരുടെ സാമ്പത്തിക‐സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് നിരവധി സമരങ്ങൾക്ക് സുന്ദരയ്യ നേതൃത്വം നൽകി.
ആന്ധ്രയിലെ അറിയപ്പെട്ട കവിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന വാമനന്റെ ജന്മദിനത്തിന് സുന്ദരയ്യ മുൻകൈയെടുത്ത് പന്തിഭോജനത്തിന് ആഹ്വാനം ചെയ്‌തു. എന്നാൽ പ്രമാണിമാരുടെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പാണ് അതിനുനേരെ ഉണ്ടായത്. പന്തിഭോജനത്തിൽ പങ്കെടുത്താൽ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് പറഞ്ഞ് ജന്മിമാരും അവരുടെ ഗുണ്ടകളും ഭീഷണിപ്പെടുത്തി. അതുമൂലം കർഷകത്തൊഴിലാളികൾ അതിൽ പങ്കെടുത്തില്ല.
ഗാന്ധിസത്തിന് ജനങ്ങളുടെയിടയിലുള്ള സ്വാധീനശക്തി മനസ്സിലാക്കിയ സുന്ദരയ്യ ജന്മീമാരുടെ ഗുണ്ടായിസത്തിനെതിരെ രണ്ടുദിവസം നിരാഹാരസത്യഗ്രഹം നടത്തി. ഭീഷണിക്കു മുന്നിൽ താൻ കയ്യുംകെട്ടി വെറുതെയിരിക്കില്ലെന്ന സന്ദേശം സവർണ ജന്മികൾക്ക് നൽകാനായിരുന്നു അത്. ദളിതരുടെയിടയിൽ സുന്ദരയ്യയ്‌ക്ക് അനുകൂലമായ ചിന്തയുണർത്താൻ ഈ സത്യഗ്രഹം സഹായകമായി.
1930 ഏപ്രിലിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാനുള്ള ആഹ്വാനം കോൺഗ്രസും മഹാത്മാഗാന്ധിയും പുറപ്പെടുവിച്ചു. സുന്ദരയ്യയും സോദരസമിതിയിലെ സഹപ്രവർത്തകരും ആ ആഹ്വാനം നടപ്പാക്കാൻ തീരുമാനിച്ചു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ ചാഗല്ലുവിൽ എത്തി സുന്ദരയ്യയും സത്യഗ്രഹികളുടെ കൂട്ടത്തിൽ ചേർന്നു. പ്രായത്തെ മറികടന്ന പക്വതയും അച്ചടക്കവും അഭൂതപൂർവമായ സംഘടനാശേഷിയും സുന്ദരയ്യയെ ക്യാമ്പംഗങ്ങൾക്കിടയിൽ ശ്രദ്ധേയനാക്കി. ക്യാമ്പിന്റെ ഫിസിക്കൽ ഡയറക്ടറായി സുന്ദരയ്യയെയാണ് കോൺഗ്രസ് നേതാക്കൾ നിയോഗിച്ചത്. ഏപ്രിൽ 13ന് ‘സുമർരു’ ഗ്രാമത്തിൽനിന്നാണ് ഉപ്പുസത്യഗ്രഹം ആരംഭിച്ചത്. പിന്നീട് സമീപപ്രദേശങ്ങളിലും ദീവസങ്ങളോളം ഉപ്പുകുറുക്കി സത്യഗ്രഹം നടന്നു.
മദ്യനിരോധന പ്രസ്ഥാനം
ഈ സമയത്തുതന്നെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മദ്യനിരോധനപ്രസ്ഥാനവും ആരംഭിച്ചു. ചെത്തുന്ന പനകളുടെ കുലകൾ അരിഞ്ഞുകളയുക, കള്ളുഷാപ്പുകൾ പിക്കറ്റു ചെയ്യുക എന്നിവയായിരുന്നു മദ്യനിരോധന പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. പനകളുടെ കുലകൾ അറുത്തുകളയുന്ന സമരഭടന്മാരുടെ നേതാവ് സുന്ദരയ്യയായിരുന്നു.
പിന്നീട് പനകൾ തന്നെ മുറിച്ചുമാറ്റുക എന്നതായി സമരമുറ. ആ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരവെ, 1930 ജൂണിൽ സുന്ദരയ്യയും കൂട്ടരും ‘മാലാപർരു’ ഗ്രാമത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവർഷത്തെ കഠിനതടവിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അന്ന് പതിനെട്ടു വയസ്സു പൂർത്തിയാകാത്തതിനാൽ ദുർഗുണപരിഹാര പാഠശാലയിലാണ് സുന്ദരയ്യയെ അടച്ചത്. ജിലിനെക്കാൾ കഷ്ടമായിരുന്നു അവിടത്തെ അവസ്ഥയെന്ന് സുന്ദരയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്‌ട്രീയ തടവുകാരോട് വളരെ മോശമായാണ് ജയിൽ അധികൃതർ പെരുമാറിയത്. അതിനെതിരെ രണ്ടുതവണ സുന്ദരയ്യ നിരാഹാരസമരം നടത്തി. ഗാന്ധി‐ഇർവിൻ സന്ധിയെത്തുടർന്ന് സുന്ദരയ്യ ഉൾപ്പെടെയുള്ള സത്യഗ്രഹികൾ ജയിൽമോചിതരായി.
ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം നിർത്തിവെച്ചു. അതോടെ യുവജനങ്ങളാകെ നിരാശരായി. പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാഭ്യാസം പൂർത്തിയാക്കാൻ സുന്ദയ്യ തീരുമാനിച്ചു. നേരെ ബാംഗ്ലൂർക്ക് പോയി രണ്ടാംവർഷ ഇന്റർമീഡിയറ്റിന് ചേർന്നു. അവിടെ പഠനത്തിൽ മുഴുകി കഴിയവെയാണ് കമ്യൂണിസ്റ്റ് നേതാവ് അമീർ ഹൈദർഖാനുമായി പരിചയപ്പെടുന്നത്. താമസിയാതെ പഠനം ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തി.
കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ലെനിന്റെ ഭരണകൂടവും വിപ്ലവവും എന്ന കൃതിയും തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തി.
ഗാന്ധിയൻ സമരമാർഗത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം 1932ൽ പുനരാരംഭിക്കപ്പെട്ട സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തില്ല. പകരം സ്വന്തം നാട്ടിൽ ജനകീയസമരങ്ങൾക്ക് നേതൃത്വം നൽകി. തീവ്രവാദത്തോട് ആഭിമുഖ്യം പുലർത്തിയ ചെറുപ്പക്കാരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു.
അയിത്തോച്ചാടന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഗാന്ധിജി ആന്ധ്രപ്രദേശിൽ പര്യടനം ആരംഭിച്ചു. അതിന്റെ ഭാഗമായി നെല്ലൂരിലും അദ്ദേഹം എത്തി. ഗാന്ധിജിയുടെ നെല്ലൂർ സന്ദർശനം അലങ്കോലപ്പെടുത്താനും ദളിതരുടെ ക്ഷേത്രപ്രവേശനം തടയാനും ജന്മിമാരും അവരുടെ ഗുണ്ടകളും ജസ്റ്റിസ് പാർട്ടിക്കാരും മുന്നോട്ടുവന്നു. എന്നാൽ അതിനെതിരെ സുന്ദരയ്യയുടെ നേതൃത്വത്തിലുള്ള പുരോഗമനവാദികളായ ചെറുപ്പക്കാർ രംഗത്തുവന്നു. അതോടെ ജന്മിമാർക്കും അവരുടെ ഗുണ്ടകൾക്കും പിന്മാറേണ്ടിവന്നു. ഗാന്ധിജിയുടെ യോഗം വിജയകരമായി കലാശിച്ചു. അതോടെ കോൺഗ്രസുകാർ ഉൾപ്പെടെയുള്ള ബഹുജനങ്ങളിൽ സുന്ദരയ്യയെക്കുറിച്ചുള്ള മതിപ്പ് വലിയതോതിൽ വർധിച്ചു.
കമ്യൂണിസ്റ്റാകുന്നു
1931ൽ രണ്ടുതവണ സുന്ദരയ്യ അമീർ ഹൈദർഖാനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആദ്യം ബാംഗ്ലൂരിലും പിന്നീട് മദ്രാസ് റെയിൽവേ സ്‌റ്റേഷനിലും വെച്ച്. യുവാവായ സുന്ദരയ്യയിൽ ഉറച്ച ഒരു കമ്യൂണിസ്റ്റുകാരനെ കണ്ട ഹൈദർഖാൻ 1931ൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ അദ്ദേഹത്തെ ക്ഷണിച്ചു. അതിനിടെ ഹൈദർഖാൻ ജയിലിലടയ്‌ക്കപ്പെട്ടു.
1934ൽ ഹൈദർഖാൻ ജയിൽമോചിതനായി. മദ്രാസിലെത്തി രഹസ്യസങ്കേതത്തിൽ വെച്ച് സുന്ദരയ്യ അദ്ദേഹത്തെ സന്ദർശിച്ചു. പാർട്ടി പ്രവർത്തനത്തിന് കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ രൂപരേഖയെക്കുറിച്ച് വിശദമായി ഹൈദർഖാൻ സംസാരിച്ചു. ബോംബെയിൽ പ്രവർത്തിക്കുന്ന കേന്ദ്രകമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്നും ഹൈദർഖാൻ നിർദേശിച്ചു.
ആദ്യ മദ്രാസ് സംസ്ഥാന സെക്രട്ടറി
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലടയ്‌ക്കപ്പെട്ട പലരുമായും പരിചയപ്പെടാൻ ജയിൽവാസം സുന്ദരയ്യയെ സഹായിച്ചു. അവരിൽ പലരുടെയും ദേശീയ വിപ്ലവകാരികളുടെയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളായിരുന്നവരുടെയും മറ്റും ലിസ്റ്റ് അദ്ദേഹം തയ്യാറാക്കി. അവരെ ഓരോരുത്തരെയും നേരിൽകണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിപ്പിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം മുഴുകി.
ഇതിനിടയിൽ മദ്രാസിൽ ‘യങ് വർക്കേഴ്‌സ് ലീഗ്’ പ്രവർത്തനം ആരംഭിച്ചിരുന്നു. അതിന്റെ ആരംഭഘട്ടത്തിൽ പശ്ചിമ ഗോദാവരി, കൃഷ്‌ണ, ഗുണ്ടൂർ, നെല്ലൂർ എന്നീ ജില്ലകളിൽനിന്നായി പലരെയും സുന്ദരയ്യ നേരിൽ കണ്ടു. അങ്ങനെ പരിചയപ്പെട്ടവർ വിജയവാഡയിലുള്ള ഒരു തോട്ടത്തിൽ ഒത്തുകൂടി. അവരിൽനിന്ന് ഏഴംഗങ്ങളടങ്ങിയ ഒരു പ്രവർത്തക കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇവരാണ് ആന്ധ്രയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിനു തുടക്കമിട്ടവർ.
അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെ പ്രവർത്തനത്തിനായി രൂപീകരിക്കപ്പെട്ട ആദ്യ കമ്മിറ്റിയുടെ സെക്രട്ടറി സുന്ദരയ്യ ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുവരവെ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. അതിൽ കമ്യൂണിസ്റ്റുകാർ ചേർന്നു പ്രവർത്തിക്കേണ്ട എന്നാണ് ആദ്യം പാർട്ടി തീരുമാനിച്ചത്. എന്നാൽ പിന്നീട് പാർട്ടി ആ തീരുമാനം മാറ്റി. കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കണമെന്ന തീരുമാനത്തിലേക്ക് വന്നു. 1936ൽ സുന്ദരയ്യ കോൺഗ്രസിൽ ചേർന്നു; തുടർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും. സിഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ കൃഷിക്കാർക്കിടയിൽ ഇടതുപക്ഷസ്വഭാവമുള്ള ഒരു സംഘടന രൂപീകരിക്കേണ്ടത് അനിവാര്യമാണ് എന്ന തീരുമാനത്തിൽ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും കോൺഗ്രസിലെ ഇടതുപക്ഷക്കാരും എത്തി. അഖിലേന്ത്യാ കിസാൻസഭ രൂപീകരിക്കപ്പെട്ടത് ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കിസാൻ സഭയുടെ സ്ഥാപകനേതാക്കളിലൊരാളായ സുന്ദരയ്യ, അതിന്റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുന്ദരയ്യയുടെ നേതൃത്വത്തിൽ ആന്ധ്രപ്രദേശിലെ ഇഛാപുരത്തുനിന്ന് മദിരാശിയിലേക്ക് നടത്തിയ കർഷകമാർച്ച് ഏറെ ചലനങ്ങൾ സൃഷ്ടിച്ചു. 525 ഗ്രാമങ്ങൾ പിന്നിട്ട് 1500 നാഴിക സഞ്ചരിച്ച് മദിരാശിയിലെത്തിയ ആ ജാഥയെ പ്രതീക്ഷയോടെയാണ് കർഷകജനത വരവേറ്റത്.
1939ൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുഭാഷ്‌ചന്ദ്ര ബോസും പട്ടാഭി സീതാരാമയ്യരും തമ്മിലായിരുന്നു മത്സരം. ഗാന്ധിജിയുടെ പിന്തുണ പട്ടാഭിക്കായിരുന്നു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ സുഭാഷ്‌ചന്ദ്രബോസ് വിജയിച്ചു. ബോസിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിക്കാൻ സുന്ദരയ്യയ്‌ക്ക് സാധിച്ചു.
‘നവശക്തി’യുടെ പ്രസിദ്ധീകരണം ആരംഭിക്കുന്നു
1937‐39 ആയപ്പോഴേക്ക് ആന്ധ്രപ്രദേശിലെ മിക്കവാറും എല്ലാ ജില്ലകളിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം വ്യാപിച്ചിരുന്നു. നവശക്തി എന്ന വാരിക ഈ ഘട്ടത്തിലാണ് ആരംഭിച്ചത്. സുന്ദരയ്യയ്‌ക്ക് സ്വന്തമായുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റാണ് നവശക്തിയുടെ പ്രസ് വാങ്ങിയത്. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി വളർത്താനുള്ള ചുമതല സുന്ദരയ്യയ്‌ക്കായിരുന്നു. ആ ചുമതല വിശ്രമമില്ലാതെ നിർവഹിക്കുമ്പോഴും നവശക്തിക്കുവേണ്ടി ലേഖനങ്ങൾ എഴുതുന്നതിന് അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തി. നവശക്തിയുടെ നടത്തിപ്പിലും അദ്ദേഹത്തിന്റെ ശ്രദ്ധ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ന്യൂ ഏജിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
1938ൽ നവശക്തിയുടെ കെട്ടിടത്തിൽവെച്ചാണ് ആന്ധ്രപ്രദേശ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. 1936ൽ കാക്കിനടയിൽ ചേർന്ന യുവജനസമ്മേളനമാണ് ആന്ധ്രയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സമ്മേളനമായി കണക്കാക്കപ്പെടുന്നത്.
1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ‘നവശക്തി’ പരസ്യമായി നടത്താൻ കഴിയുമോ എന്ന ആശങ്കമൂലം വാരികയുടെ പ്രവർത്തനം നിർത്തിവെച്ചു. വിജയവാഡയിൽനിന്ന് ഒരു രഹസ്യകേന്ദ്രത്തിലേക്ക് പ്രസും മറ്റുപകരണങ്ങളും മാറ്റിസ്ഥാപിച്ചു. അതീവ രഹസ്യമായി പ്രസിദ്ധീകരണം തുടർന്നു. ആദ്യ പതിപ്പുതന്നെ രാജാജിയുടെ ശ്രദ്ധയിൽപെട്ടു.
1939ൽ സുന്ദരയ്യ ഒളിവിൽ പോയി. പാർട്ടി മുഖപത്രമായി സ്വതന്ത്രഭാരതം രഹസ്യമായി പുറത്തിറക്കുന്നതിന് നേതൃത്വം നൽകി. മൂന്നുവർഷക്കാലം അദ്ദേഹം ഒളിവിലിരുന്നാണ് പാർട്ടി കെട്ടിപ്പടുത്തത്. 1942ൽ പാർട്ടിക്കുമേലുള്ള നിയന്ത്രണം സർക്കാർ പിൻവലിച്ചതോടെ സുന്ദരയ്യയും സഖാക്കളും ഒളിവിൽനിന്ന് പുറത്തുവന്നു. പാർട്ടിയുടെ നിർദേശമനുസരിച്ച് അദ്ദേഹം ബോംബെയിലേക്ക് താമസം മാറ്റി. അവിടെയാണ് അന്ന് കേന്ദ്രകമ്മിറ്റി ഓഫീസ് പ്രവർത്തിച്ചത്. ന്യൂ ഏജിന്റെ ചുമതലയും സുന്ദരയ്യയ്‌ക്കായിരുന്നു. ജപ്പാൻ ഇന്ത്യയിലേക്ക് കടന്നുകയറുകയാണെങ്കിൽ സ്വയം രക്ഷയ്‌ക്കായി ദേശവ്യാപകമായി ഗറില്ല ദളങ്ങൾ രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചു. ഗറില്ല ദളങ്ങൾക്ക് പരിശീലനം നൽകാനുള്ള ചുമതലയും സുന്ദരയ്യയ്‌ക്കായിരുന്നു.
രണ്ടാം ലോകമഹായുദ്ധ വേളയിൽ സോവിയറ്റ് യൂണിയൻ ആക്രമിക്കപ്പെട്ടു. അതിനെ എങ്ങനെ വിലയിരുത്തണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം ഉടലെടുത്തു. സാമ്രാജ്യത്വയുദ്ധം ജനകീയ യുദ്ധമായി മാറി എന്നാണ് പാർട്ടി വിലയിരുത്തിയത്. അതോടെ പാർട്ടിക്കുമേലുള്ള വിലക്ക് സർക്കാർ നീക്കി.
1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ പി സുന്ദരയ്യ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം ഫെബ്രുവരി 27ന് സുന്ദരയ്യയുടെയും ലൈലയുടെയും വിവാഹം നടന്നു. പിന്നീട് ലീല എന്നാണ് അവർ അറിയപ്പെട്ടത്. വിവാഹം കഴിഞ്ഞ ഉടനെ സുന്ദരയ്യ ഭാര്യയോട് അഭ്യർഥിച്ചത് ഇങ്ങനെയാണ്: ‘‘ഇനി ജീവിതകാലം മുഴുവൻ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാമെന്ന് നീ പ്രതിജ്ഞ ചെയ്യണം’’ .
രണ്ടുവർഷം കൂടി കഴിഞ്ഞാൽ പെൻഷനും പ്രോവിഡന്റ് ഫണ്ടും ലഭിക്കുമായിരുന്ന ഗവൺമെന്റ് ജോലി ലൈല അതോടെ രാജിവെച്ചു. ആയുഷ്‌കാലം മുഴുവൻ അവർ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്‌തു.
തെലങ്കാന സമരം
ഫ്യൂഡൽ ഭൂപ്രഭുക്കൾ അന്യായമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയും തരിശുനിലങ്ങളും പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് 1946 അവസാനം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിച്ചു. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കർഷകസമരങ്ങൾ ശക്തമായി നടക്കുന്ന സമയമായിരുന്നു അത്. 1947 ജനുവരിയിൽ പ്രകാശം മന്ത്രിസഭ, കർഷകസമരങ്ങളെ നേരിടാൻ ഒരു ഓർഡിനൻസിറക്കി. കർഷകനേതാക്കളെ തെരഞ്ഞുപിടിച്ച് ജയിലിലടയ്‌ക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ആ ഓർഡിനൻസ്. കർഷകനേതാക്കളിൽ പലരും ജയിലിലായതോടെ ആന്ധ്രപ്രദേശിൽ കർഷകസമരം മുന്നോട്ടു കൊണ്ടുപോകാൻ വയ്യാത്ത അവസ്ഥയായി.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യൻ യൂണിയനിൽ ചേരാൻ നാട്ടുരാജ്യങ്ങളായ ഹൈദരബാദും തിരുവിതാംകൂറും വിസമ്മതിച്ചു. വിപ്ലവപ്പാത എന്ന ആത്മകഥയിൽ സുന്ദരയ്യ ഇങ്ങനെ എഴുതുന്നു: ‘‘ഇന്ത്യൻ യൂണിയനിൽ ഹൈദരാബാദിനെ ചേർത്തുകിട്ടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹൈദരാബാദ് സംസ്ഥാനത്ത് ഒരു സത്യഗ്രഹം നടത്താൻ നിർബന്ധിതമായി. ആ പ്രക്ഷോഭത്തിൽ പാർട്ടിയും പങ്കുചേർന്നു. ഈ മുന്നേറ്റത്തിന് ആന്ധ്രപ്രദേശിലെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചു. റസാക്കർമാർക്കും നൈസാമിനുമെതിരെ പടപൊരുതാൻ വിജയവാഡ പട്ടണത്തിൽനിന്നുതന്നെ രണ്ടുമൂന്നു ദിവസങ്ങൾക്കകം ഇരുപതിനായിരം രൂപ പിരിച്ചെടുക്കാൻ കഴിഞ്ഞു.
ഗ്രാമങ്ങൾ കടന്നാക്രമിക്കുക, വീടുകൾ കൊള്ളയടിക്കുക, സ്‌ത്രീകളെ അപമാനിക്കുക, ബലാത്സംഗം ചെയ്യുക, വീടുകൾക്ക് തീയിടുക, ജനങ്ങളെ കൊല്ലുക, നിർബന്ധിച്ച് ലെവിയും അബ്‌കാരി നികുതിയും പിരിക്കുക എന്നീ കാര്യങ്ങൾ റസാക്കർമാരുടെയും സായുധ പൊലീസിന്റെയും പതിവു നടപടികളായിത്തീർന്നു. ജനങ്ങൾ അതിനെ ചെറുത്തുനിന്നു. സാധാരണ ഗറില്ല സ്‌ക്വാഡുകളെ പാർട്ടി സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തു. ഗ്രാമതലത്തിലും മേഖലാതലത്തിലും ജില്ലാതലത്തിലും ഈവിധം സ്‌ക്വാഡുകൾ രൂപീകരിക്കപ്പെട്ടു. റസാക്കർമാരെയും പൊലീസിനെയും ചെറുത്തുനിൽക്കാൻ ജില്ലാ സ്‌ക്വാഡുകൾ മാത്രം മതിയായിരുന്നില്ല. ഈ പ്രായോഗിക വിഷമം പാർട്ടിക്ക് ബോധ്യമായി. താലൂക്ക് സ്‌ക്വാഡുകൾ രൂപീകരിച്ച് ജില്ലാ സ്‌ക്വാഡുകളിൽനിന്ന് അവർക്ക് നവീന ആയുധസാമഗ്രികൾ വിതരണം ചെയ്‌തു.
പതിനായിരംപേരടങ്ങുന്ന ഗ്രാമീണ സ്‌ക്വാഡുകളും രണ്ടായിരംപേരടങ്ങുന്ന ഗറില്ലാ സ്‌ക്വാഡും രൂപീകരിച്ചു. ഏകദേശം രണ്ടായിരം സന്നദ്ധഭടന്മാരും നേതാക്കളും നൈസാം സേനയ്‌ക്കും പൊലീസ് ഏജന്റുമാർക്കും റസാക്കന്മാർക്കും ഭൂപ്രഭുക്കൾക്കും ഗുണ്ടകൾക്കും കനത്ത ആഘാതങ്ങൾ നൽകിക്കൊണ്ടും അവരെ ഗ്രാമങ്ങളിൽനിന്നും ആട്ടിയോടുച്ചുകൊണ്ടും നിരവധി സംഘട്ടനങ്ങളിൽ ഏർപ്പെട്ടു. ഇവരിൽ പലരും ധീരമായി പൊരുതി ജീവത്യാഗം ചെയ്‌തു.
പത്തോ പതിനഞ്ചോ ഗ്രാമങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ ഒന്നിച്ച് മറ്റു ഗ്രാമങ്ങളിലേക്ക് ലാത്തിവീശി മാർച്ചുചെയ്‌തു പോകുക, ചെങ്കൊടികളും ദേശീയപതാകകളും ഉയർത്തുക, ഭൂപ്രഭുക്കളുടെ ധാന്യശേഖരങ്ങൾ പിടിച്ചെടുത്ത് അതു ജനങ്ങൾക്കായി വിതരണം ചെയ്യുക, ഈവിധം ജൈത്രയാത്ര നടത്തിക്കൊണ്ടാണ് തെലുങ്കാന സമരം മുന്നേറിയത്.
തെലങ്കാന കർഷകർ തങ്ങളുടെ ധീരോദാത്തമായ പോരാട്ടത്തിലൂടെ നല്ലഗൊണ്ട, വാറങ്കൽ, ഖമ്മം എന്നീ ജില്ലകളിൽപെട്ട മൂവായിരം ഗ്രാമങ്ങൾ തങ്ങളുടെ അധീനതയിലാക്കി. അവിടങ്ങളിൽ ഗ്രാമസ്വരാജ് സ്ഥാപിക്കാൻ കർഷകർക്ക് കഴിഞ്ഞു. ജനശത്രുക്കളായ ഭൂപ്രഭുക്കളെ ആട്ടിയോടിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്‌തു. ജനകീയ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ ഈ പത്തുലക്ഷം ഏക്കർ ഭൂമിയും ജനങ്ങൾക്ക് വിതരണം ചെയ്‌തു. കുടിയൊഴിപ്പിക്കലുകളും നിർബന്ധ തൊഴിൽസേവനങ്ങളും നിർത്തലാക്കി. മർദ്ദകരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലംവിട്ടു പോകേണ്ടിവന്നു.
തെലങ്കാന ജനതയുടെ രോഷവും മുന്നേറ്റവും പ്രബലവും ഗംഭീരവുമായിരുന്നു. ലാത്തി പ്രയോഗിക്കാൻ മാത്രമല്ല സായുധസജ്ജരായി ചെറുത്തുനിൽക്കാനും കേഡർമാരെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. വെറും നാടൻ ബോംബുപയോഗിക്കുന്നതിനുപോലും പ്രവർത്തകർ വളരെക്കാലം സംശയിച്ചുനിന്നിരുന്നു. അതിന്റെ തിരിച്ചടിയും നേരിടേണ്ടിവന്നു. മുന്നോട്ടുള്ള ഓരോ കാൽവെയ്‌പിനും പ്രസ്ഥാനത്തിന്റെ അംഗീകാരം കൂടി ആവശ്യമാണല്ലോ? ഓരോ ഘട്ടത്തിലും അതു നേടിക്കൊണ്ടാണ് മുന്നോട്ടുപോയത്. എല്ലാ പരിമിതികളും വെച്ചുകൊണ്ടുതന്നെ പാർട്ടി നൽകിയ നേതൃത്വത്തിൽ തെലങ്കാന പോരാളികൾ ഊർജസ്വലരായി പ്രവർത്തിക്കുകയും ആവേശകരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്‌തു’’.
ഗവൺമെന്റ് അടിച്ചമർത്തൽ നയവുമായി മുന്നോട്ടുപോയി. പൊലീസും സൈന്യവും കണ്ണിൽകണ്ടവരെയെല്ലാം മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തു.
‘‘പ്രക്ഷോഭം പിൻവലിച്ചതിനുശേഷം കേഡറുകൾക്ക് മാപ്പുകൊടുക്കുമെന്നും കൃഷിഭൂമിയുടെ അവകാശം ഇനിയും ഭൂവുടമകൾ തട്ടിയെടുക്കില്ലെന്നുമുള്ള ഗവൺമെന്റിന്റെ വാക്കാലുള്ള പ്രസ്‌താവനയെ അടിസ്ഥാനമാക്കി പ്രക്ഷോഭം നിരുപാധികം പിൻവലിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു’’. 1951 ഒക്ടോബർ 21ന് സായുധസമരം പിൻവലിക്കാനുള്ള തീരുമാനം പൊതുജനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി അറിയിച്ചു.
1952ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണം തെലങ്കാന സമരമായിരുന്നു എന്നത് തർക്കമറ്റ വസ്‌തുതയാണ്. കമ്യൂണിസ്റ്റ് പാർട്ടിക്ക് 17 ലോക്‌സഭാംഗങ്ങളെയാണ് അന്ന് ആന്ധ്രയിൽനിന്നു ലഭിച്ചത്.
237 അംഗ നിയമസഭയിൽ പാർട്ടിക്ക് 85 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് 84 സീറ്റേ നേടാനായുള്ളൂ.
മദിരാശി നിയമസഭയിൽനിന്ന് സുന്ദരയ്യ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ പാർലമെന്ററി ഗ്രൂപ്പിന്റെ നേതാവ് അദ്ദേഹമായിരുന്നു.
ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സുന്ദരയ്യ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1972 വരെ അദ്ദേഹം തുടർച്ചയായി നിയമസഭയിലേക്ക് വിജയിച്ചു. നിയമസഭയിൽ അവിഭക്ത പാർട്ടിയുടെയും സിപിഐ എം രൂപീകരിക്കപ്പെട്ടതിനുശേഷം പാർട്ടിയുടെയും നേതാവ് സുന്ദരയ്യയായിരുന്നു.
1950കളുടെ മധ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ശക്തമായ ആശയസമരമാണ് നടന്നുവന്നത്. അതാണ് 1964ൽ പാർട്ടിയിലെ പിളർപ്പിൽ കലാശിച്ചത്. സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ ആദ്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് പി സുന്ദരയ്യയാണ്. ഒരു പതിറ്റാണ്ടുകാലം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. 1985 മെയ് 19ന് സഖാക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ പി എസ് എന്ന് അറിയപ്പെട്ട സുന്ദരയ്യ അന്തരിച്ചു. ♦