Tuesday, September 17, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍സമുദായത്തിലെ വിപ്ലവത്തിന്റെ ഈറ്റില്ലത്തിൽനിന്ന്‌ കമ്യൂണിസത്തിലേക്കെത്തിയ ഐ സി പി നമ്പൂതിരി

സമുദായത്തിലെ വിപ്ലവത്തിന്റെ ഈറ്റില്ലത്തിൽനിന്ന്‌ കമ്യൂണിസത്തിലേക്കെത്തിയ ഐ സി പി നമ്പൂതിരി

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 46

ല്ലാ മോഷണങ്ങളും മോഷണങ്ങളല്ല. കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ഇട്ട്യാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി എന്ന ഐ.സി.പി. നമ്പൂതിരിയുടെ പേരിലുള്ള പോലീസ് റെക്കോഡ് നോക്കിയാൽ അദ്ദേഹമൊരു മോഷ്ടാവാണ്. മോഷ്ടിച്ചതെന്താണെന്നോ ഒരു അച്ചുകൂടം. നോട്ടീസടിക്കുന്ന പ്രസ്സല്ല, ദേശാഭിമാനി ദിനപത്രം ആദ്യം അച്ചടിച്ച ഡബിൾ ഡമ്മി പ്രസ്. അത് പൊലീസ് കടത്തിക്കൊണ്ടുപോകുന്നതിന് മുമ്പ് രായ്ക്കുരാമാനം അഴിച്ചുപെറുക്കി നിഗൂഢമായ ഒരു ഗുദാമിൽ ഒളിപ്പിച്ചുവെച്ച പുള്ളിയാണ് കക്ഷി ആ കഥയും അതിലേക്കെത്തിയ കഥയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നത്രേ.

നമുക്ക് പക്ഷേ ആ കഥ പരിണാമഗുപ്തിക്കുവേണ്ടി തൽക്കാലം വിസ്മരിക്കാം. മഹാനായ വി.ടി.ഭട്ടതിരിപ്പാട് വിപ്ലവത്തിന്റെ ഈറ്റില്ലം എന്നു വിശേഷിപ്പിച്ച ഇട്ട്യാംപറമ്പത്ത് മനയിലേക്ക് നമുക്കൊന്ന് പോയി നോക്കാം. 1978‐ൽ പ്രീ ഡിഗ്രിക്ക്, അതല്ലെങ്കിൽ 1980‐ൽ ഡിഗ്രിക്ക്‐ ഗദ്യമഞ്ജരിയിൽ ഇ.എം.എസിന്റെ ഒരു ലേഖനമുണ്ടായിരുന്നു പഠിക്കാൻ‐ വിവാഹവിപ്ലവം സാമൂഹ്യപരിവർത്തനത്തിൽ, സാമൂഹ്യവിപ്ലവത്തിൽ വിവാഹവും, ചെറിയൊരളവോളം ചരമാനന്തരക്രിയകളും വലിയ ഘടകങ്ങളാണ്. വിധവാ വിവാഹം, എല്ലാവരും സ്വജാതി വിവാഹം കഴിക്കൽ, അന്യജാതിക്കാരെ വിവാഹം കഴിക്കൽ എന്നിത്യാദികാര്യങ്ങൾ സമൂഹത്തിൽ വലിയ ആഘാത‐പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുന്നതിനുള്ള തുടക്കംകുറിച്ചതുമായി ബന്ധപ്പെട്ട് വിവാഹവിപ്ലവം എന്ന പേരിൽ ഇ.എം.എസ്. എഴുതിയ ലേഖനം. എം.പി.ഭട്ടതിരിപ്പാട് എഴുതിയ ഋതുമതി എന്ന നാടകവും അക്കാലത്ത് പഠിക്കാനുണ്ടായിരുന്നു. ഋതുമതിയായൊരു പെൺകിടാവെന്നാകിൽ കുടയെടുത്തീടണം, കുപ്പായമൂരണം, കുടിലസമുദായ നീതിനോക്കൂ എന്ന ആമുഖവരികളുള്ള നാടകം. അതെല്ലാം നടന്നത്, അഥവാ അതിന്റെയെല്ലാം കേന്ദ്രമായത് ചളവറയിലെ ഇട്ട്യാംപറമ്പത്ത് മനയാണ്. വി.ടി.ഭട്ടതിരിപ്പാടും എം.ആർ.ബി.യും വിവാഹംചെയ്ത വീട്. അക്കാലത്ത് സവർണർ അയിത്തജാതിയായി അകറ്റിനിർത്തിയ തീയ്യ സമുദായത്തിൽ ജനിച്ച കല്ലാട്ട് കൃഷ്ണൻ വിവാഹംചെയ്ത വീട് തറവാടിന്റെ വിപ്ലവാത്മകത കാരണം വിവാഹം മുടങ്ങിപ്പോകുന്ന അവസ്ഥയിൽ രക്ഷകനായി സ്വസമുദായത്തിൽനിന്നുതന്നെ വരൻ എത്തുന്നത്‐ ഐ.സി.പി.യുടെ കുടുംബം.

നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവർത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തിയ ഐ.സി.പി. നമ്പൂതിരിക്ക് ഔപചാരിക വിദ്യാഭ്യാസമില്ലായിരുന്നു. ചെറുപ്പത്തിൽ സംസ്കൃതം പഠിച്ചു. വേദപഠനം നിലച്ചപ്പോൾ യോഗക്ഷേമസഭ ഐ.സി.പി.യെ എസ്.എസ്.എൽ.സി. വരെ തൃശൂരിലെ സ്കൂളിൽ അയച്ച് സൗജന്യമായി പഠിപ്പിക്കാൻ തീരുമാനിച്ചു. അതിനായി അവിടെയെത്തുകയുംചെയ്തതാണ്. പക്ഷേ കാരണവർ സൂത്രത്തിൽ തിരിച്ചുവിളിക്കുകയായിരുന്നു. ഇതരജാതിക്കാർക്കൊപ്പം അതും മ്ലേഛമായ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ പോവുക‐ ശാന്തം, പാപം. അങ്ങനെ ഔപചാരികവിദ്യാഭ്യാസത്തിനുള്ള അവസരം കൊട്ടിയടക്കപ്പെട്ടു. പി്ന്നീട് അച്യുതവാരിയർ എന്ന ഒരു അധ്യാപകൻ വീട്ടിൽവന്ന് പഠിപ്പിക്കുകയായിരുന്നു ഐ.സി.പിയെയും സഹോദരിമാരെയും. അത്യാവശ്യം ഇംഗ്ലീഷടക്കം പഠിക്കാനും സ്വയം തുടർപഠനത്തിന് ഇച്ഛാശക്തിയുണ്ടാകാനും അത് പ്രയോജനപ്പെട്ടു. ഐ.സിപി.യുടെ കൂടി അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നമ്പൂതിരി യുവജനസംഘം ഔപചാരിക വിദ്യാഭ്യാസത്തിനുള്ള പ്രചരണം നടത്താൻ തുടങ്ങിയത്. മംഗളോദയം പ്രസ്സിൽ പ്രൂഫ് റീഡറായ വി.ടി. ഭട്ടതിരിപ്പാട് രാജിവെച്ച് നാട്ടിലെത്തി. വി.ടി.യും ഐ.സി.പിയുമടക്കമുള്ളവർ യുവജനസംഘത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽനിന്ന് കാസർകോടുവരെ യാചനായാത്ര എന്ന ഒരു സമരയാത്ര നടത്തി. വിദ്യാഭ്യാസത്തിന് പണം നൽകാൻ നമ്പൂതിരിമാരെ പ്രേരിപ്പിക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം.

യാചനായാത്ര മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. അതിന് രണ്ടുവർഷത്തോളം മുമ്പാണ് സമുദായവിപ്ലവത്തിന് തുടക്കംകുറിച്ച അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ സംഘാടനം. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐ.സി.പി. വിശദീകരിക്കുമ്പോൾ യോഗക്ഷേമസഭയുടെ ആലത്തിയൂർ ഉപസഭാ വാർഷികത്തിൽ നടന്ന ഒരു സംഭവം പറയുന്നുണ്ട്. ആ യോഗത്തിൽ പാർവതി നെന്മേനിമംഗലം ഒരു ചോദ്യംചോദിച്ചു. സമുദായപരിഷ്കരണത്തെപ്പറ്റി ആവേശംകൊള്ളുന്ന നിങ്ങളിൽ ആരെങ്കിലും വിധവാ വിവാഹത്തിന് സന്നദ്ധമാണോ. സന്നദ്ധമാണെന്ന് സമ്മതിച്ച് എം.ആർ.ബി.യും പ്രേംജിയും അപ്പോൾത്തന്നെ വേദിയിലേക്ക് കുറിപ്പ് കൊടുത്തു. അത് അതിവേഗം പ്രാവർത്തികമാവുകയുംചെയ്തു. ഐ.സി.പി.യുടെ സഹോദരി നങ്ങേമ ഗർഭിണിയായിരിക്കെയാണ്‌ വിധവയായത്. ഏതാനും ദിവസത്തെ ദാമ്പത്യം മാത്രം. അവരെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് എം.ആർ.ബി. അറിയിച്ചു. വി.ടി.യടക്കമുള്ളവരുടെ ഒത്താശയോടെയായിരുന്നു ആ തീരുമാനം. നമ്പൂതിരിസമുദായത്തിൽ ഒരു വിപ്ലവംതന്നെയായിരുന്നു ആ വിവാഹം. ഒരു പൊതു പന്തലിൽ യാഥാസ്ഥിതിക ആചാരങ്ങളൊന്നുമില്ലാതെ പൊതുചടങ്ങായി വിവാഹം. സഹോദരൻ അയ്യപ്പൻ, നാലപ്പാട്ട് നാരായണമേനോൻ, കുട്ടികൃഷ്ണ മാരാർ, എം.സി.ജോസഫ്, ഇഎം.എസ്., നിലമ്പൂർ വലിയരാജ, കെ.എ.ദാമോദരമേനോൻ, പാർവതി അയ്യപ്പൻ, മന്നത്ത് പത്മനാഭൻ, ചൊവ്വര പരമേശ്വരൻ എന്നിവരെല്ലാം സംബന്ധിച്ച വിവാഹം. വർഷങ്ങൾക്കുശേഷം ഇട്ട്യാംപറമ്പത്ത് മനയിൽ മറ്റൊരു വിവാഹവിപ്ലവം നടന്നു. ഐ.സി.പി.യുടെ ഇളയ സഹോദരിയായ പ്രിയദത്തയെ ഈഴവ സമുദായത്തിൽപ്പെട്ട കല്ലാട്ട് കൃഷ്ണൻ വിവാഹം ചെയ്തു. കെ.കേളപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, ഇ.എം.എസ്. എന്നിവർ പങ്കെടുത്ത വേദിയിലായിരുന്നു ആ വിവാഹം. നമ്പൂതിരിസമുദായത്തിൽ പുരുഷാധിപത്യകാലമായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലംവരെ. മൂത്ത പുരുഷനുമാത്രം സ്വജാതി വിവാഹം, താഴെയുള്ള സഹോദരന്മാർക്ക് അതായത് അഫൻ നമ്പൂതിരിമാർക്ക് നായർവീടുകളിലോ കോവിലകങ്ങളിലോ സംബന്ധം. മൂത്ത നമ്പൂതിരിമാർക്ക് സ്വജാതിയിൽനിന്ന് മൂന്നുവിവാഹം വരെയാകാം. 15 വയസ്സുള്ള പെൺകുട്ടിയെ 90 വയസ്സുള്ള നമ്പൂതിരിമാർവരെ വേൾക്കുന്ന കാലം. വൃദ്ധവിവാഹം. ഐ.സി.പി.യുടെ മൂത്ത സഹോദരിയായ ശ്രീദേവിയെ വൃദ്ധനായ ഒരാൾക്ക് വിവിഹംചെയ്തുകൊടുക്കാൻ കാരണവന്മാർ ധാരണയിലെത്തിയിരുന്നു. എങ്ങനെയെങ്കിലും അത് ഒഴിവാക്കാൻ ഐ.സി.പി.യുടെ നേതൃത്വത്തിൽ നമ്പൂതിരി യുവജനസംഘത്തിൽ ചർച്ച നടന്നു. തൃശൂരിൽ പൂരക്കാലത്ത് സമ്മേളിച്ച ഉല്പതിഷ്ണുക്കളായ നമ്പൂതിരിമാർ അക്കാര്യം ചർച്ച ചെയ്തു. ഇട്ട്യാംപറമ്പത്തെ ശ്രീദേവിയെ താൻ വേട്ടുകൊള്ളാമെന്ന് വി.ടി. പ്രഖ്യാപിച്ചു.

1929 ഡിസമ്പർ 24‐ന് നടന്ന യോഗക്ഷേമസഭാ വാർഷികത്തിലാണ് അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് ആദ്യമായി അവതരിപ്പിച്ചത്. സമ്മേളനത്തിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏതാനും ദിവസംകൊണ്ട് വി.ടി. എഴുതിപ്പൂർത്തിയാക്കിയതാണ്. നാടകം അവതരിപ്പിക്കുന്നതിനെ യാഥാസ്ഥിതികർ എതിർത്തു. എന്നാൽ പുരോഗമനകാംക്ഷികൾ എന്ത് ത്യാഗത്തിനും തയ്യാറായി നാടകം കളിക്കാൻ ഒരുങ്ങി. വി.ടി.യും ഇ.എം.എസ്സും സൈഡ് കർട്ടന് പിറകിൽനിന്ന് പ്രോംപ്റ്റ് ചെയ്ത നാടകം. ചരിത്രം സൃഷ്ടിച്ച ആ നാടകം മേഴത്തൂരിൽ വി.ടി.യുടെ വീട്ടിൽ അവതരിപ്പിക്കുന്നത് തടയാൻ വി.ടി.യുടെ സഹോദരനാണ് ശ്രമിച്ചത്. അവിടെയും പക്ഷേ നാടകം നടന്നു. ആ നാടകദിവസമാണ് വി.ടി.യുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകുന്നത്. സംബന്ധത്തിനുപകരം സ്വജാതീയവിവാഹംതന്നെയാവാം അമ്മയുടെ സമ്മതപ്രകാരം വി.ടി. തയ്യാറാകുന്നു‐ ഇട്ട്യാംപറമ്പത്തെ ശ്രീദേവിയുമായി വി.ടി.രാമൻ ഭട്ടതിരിപ്പാടിന്റെ വിവാഹം നടക്കുന്നു. ഇതെല്ലാം നടന്ന് അല്പദിവസത്തിനുശേഷം ഐ.സി.പി.യുടെ വിവാഹം നടക്കുന്നു, ഏതാനുംദിവസത്തിനുശേഷം ഐ.സി.പി.യുടെ സഹോദരി തേതിയുടെ വിവാഹം. വിവാഹത്തിനായി ബന്ധുക്കളെല്ലാം ഒത്തുകൂടിയപ്പോഴാണ് വിവരമെത്തുന്നത്, വരൻ വരില്ല. വരനെ യാഥാസ്ഥിതികരുടെ ഗുണ്ടകൾ വിലക്കിയിരിക്കുന്നു. ആചാരങ്ങളെല്ലാം ലംഘിച്ച ഇട്ട്യാംപറമ്പ് മനയുമായി ബന്ധമേ പാടില്ല. പക്ഷേ യഥാസമയംതന്നെ വിവാഹം നടന്നു‐ വരനെ വി.ടി. കണ്ടെത്തുകയായിരുന്നു‐ തന്റെ അനുജൻ നാരായണൻ. അങ്ങനെ എല്ലാം മംഗളമായി നടന്നു.

ഇതാണ് ഐ.സി.പി. നമ്പൂതിരി കോൺഗ്രസ്സും കോൺഗ്രസ് സോഷ്യലിസ്റ്റും പിന്നെ കമ്മ്യൂണിസ്റ്റുമാകുന്നതിന്റെ പശ്ചാത്തലം. നാട്ടുകാരനായ പി.വി.കുഞ്ഞുണ്ണിനായരാണ് കോൺഗ്രസ്സിന്റെ പ്രാദേശികനേതാവ്. ഇ.പി.ഗോപാലൻ, എ.കെ.ശേഖരപിഷാരോടി കെ.സി.ഗോപാലനുണ്ണി എന്നിവരാണ് മറ്റു നേതാക്കൾ. ഇവരോടൊപ്പം ഐ.സി.പി.യും സജീവ കോൺഗ്രസ് പ്രവർത്തകനായി. കുഞ്ഞുണ്ണിനായർ നിരവധിയാളുകൾക്ക് മെമ്പർഷിപ്പ് നൽകി. പലരും പണം നൽകിയില്ല. എല്ലാംകൂടി മേൽ കമ്മിറ്റിക്ക് കൊടുക്കേണ്ടത് 150 രൂപ. സമയപരിധി കഴിയാറായിട്ടും പണമില്ല. കുഞ്ഞുണ്ണിനായരെ സഹായിക്കാൻ ഐ.സി.പി. കണ്ടുപിടിച്ച മാർഗം ഒരു അർധമോഷണമാണ്. ബന്ധുവീട്ടുകാരായ വൈശ്രവണത്തുമനക്കാർ സുരക്ഷിതമായി സൂക്ഷിക്കാൻ തന്റെ പിതാവിനെ ഏൽപിച്ച സ്വർണാഭരണങ്ങളുണ്ട്. പെട്ടിയിൽനിന്ന് ആ സ്വർണമെടുത്ത് ചെറുതുതുരുത്തിയിലെ യോഗക്ഷേമം ബാങ്കിൽ പണയംവെച്ച് 150 രൂപ എടുത്തുകൊടുക്കുകയാണ് ഐ.സി.പി. പക്ഷേ അതാ വിന വരുന്നു. സൂക്ഷിക്കാനേൽപിച്ച സ്വർണം വാങ്ങാനെത്തുമെന്ന് വൈശ്രവണത്തുകാരുടെ അറിയിപ്പ്. പ്രതിസന്ധിയിലായ ഐ.സി.പി.ക്ക് മുമ്പിൽ തെളിഞ്ഞ വിദ്യ പിതാവിന്റെ ഭണ്ഡാരത്തെ ആശ്രയിക്കൽ തന്നെയാണ്. നിലവറയിൽ പെട്ടിക്കകത്ത് അഛൻ സൂക്ഷിച്ചുവെച്ച സ്വർണനാണയശേഖരം എടുത്ത് കോഴിക്കോട്ടേക്ക് വണ്ടി കയറി. അവിടെ കോൺഗ്രസ് നേതാവും സ്വർണ വ്യാപാരിയുമായ മഞ്ചുനാഥറാവുവിനെ കണ്ടു. സ്വർണനാണയം വാങ്ങി റാവു വില നൽകി. ആ പണംകൊണ്ട് പണയ സ്വർണമെടുത്ത് വൈശ്രവണത്തു വീട്ടുകാർക്ക് കൊടുത്തു.

നിയമലംഘനസമരത്തിൽ പങ്കെടുക്കാൻപോകുന്ന ഇ.എം.എസിന് നൽകിയ അനൗപചാരിക യാത്രയയപ്പിൽ പങ്കെടുത്ത ഐ.സി.പി. ഇ.എം.എസ്. ജയിൽമോചിതനായി എത്തിയപ്പോൾ ഇടയ്ക്കിടെ അദ്ദേഹത്തെ ചെന്നുകണ്ട് രാഷട്രീയം സംസാരിച്ചു. അവിടെവെച്ച് കൃഷ്ണപിള്ളയുമായും പരിചയപ്പെട്ടു. പ്രസംഗത്തിനും അധികം പരസ്യപ്രവർത്തനത്തിനും പോകാതെ പ്രത്യേക രീതിയിൽ പ്രവർത്തിക്കണമെന്ന് കൃഷ്ണപിള്ള നിർദേശിച്ചു. അതനുസരിച്ച് പ്രവർത്തിച്ചുവരവെ പുതിയ ചുമതല ലഭിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രം നടത്തണം. പത്രം തുടങ്ങുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കും പ്രസ് സംഘടിപ്പിക്കാനും ഇ.എം.എസ്. ചുമതലപ്പെടുത്തിയത് ഐ.സി.പി.യെ അക്കാലത്ത് പാലക്കാട് വലിയപാടത്ത് കെ.എസ്. നായർ എന്നയാൾ പ്രഭാതം എന്ന പത്രം നടത്തുന്നുണ്ടായിരുന്നു. കടക്കെണിയിലായതിനാൽ അദ്ദേഹത്തിന് പത്രം തുടർന്നുനടത്താൻ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു. പത്രം അച്ചടിക്കുന്ന ഉദയഭാനു പ്രസ്സ് ബാങ്കിൽ പണയത്തിലായിരുന്നു. ഐ.സി.പി. കെ.എസ്. നായരുമായി ചർച്ച നടത്തി പ്രസ്സും പത്രവും വാങ്ങാൻ ധാരണയായി. പ്രസ്സ് ബാങ്കിലെ ബാധ്യത തീർത്ത് വാങ്ങുന്നതിനുള്ള പണം ഇ.എം.എസ്. സ്വന്തംനിലയ്ക്ക് നൽകി. പ്രസ്സ് ഷൊർണൂരിലെത്തിച്ച് ഷൊർണൂർ ബസ് സ്സാൻഡിനടുത്ത് ചെറിയൊരു വീട് വാടകയ്ക്കെടുത്ത് അവിടെ സ്ഥാപിച്ചു. പ്രസ് നേരത്തെ നടത്തിക്കൊണ്ടിരുന്നത് കുഞ്ഞിരാമപൊതുവാളാണ്‐ നവാബ് രാജേന്ദ്രന്റെ പിതാവാണ് പൊതുവാൾ. പ്രഭാതം പത്രം അച്ചടിക്കാൻ അദ്ദേഹവും ഷൊർണൂരിലേക്ക് എത്തി. അച്ചടിപ്പണിയിൽ വിദഗ്ധരായ രണ്ട് തൊഴിലാളികളെ വി.ടി. സംഘടിപ്പിച്ചു‐ വി.ടി. നേരത്തെ പ്രവർത്തിച്ച മംഗളോദയത്തിലെ പ്രവർത്തകരായ പുഷ്കരനും പൊറിഞ്ചുവും. പത്രം മാനേജരായി കെ.പി.ദാമോദരൻ. പ്രിന്ററും പബ്ലിഷറും ഐ.സി.പി. പത്രാധിപർ ഇ.എം.എസ്. ഇ.എം.എസ്സും കെ.ദാമോദരനും രാമചന്ദ്രൻ നെടുങ്ങാടിയും മൊയാരത്ത് ശങ്കരനും പ്രധാന എഴുത്തുകാർ. കോൺഗ്രസ് സോഷ്യലിസ്റ്റ് എന്ന ഇംഗ്ലീഷ് പത്രത്തിൽവരുന്ന ലേഖനങ്ങൾ തർജമചെയ്തുനൽകൽ പലപ്പോഴും നിർവഹിച്ചത് ഐ.സി.പി. ഇ.എം.എസ്. സ്ഥലത്തില്ലാത്തപ്പോൾ മറ്റ് മാർഗമില്ലാതെ ഒരിക്കൽ ഐ.സി.പി. മുഖപ്രസംഗമെഴുതി. പിച്ച കിട്ടുകയുംചെയ്തില്ല, പട്ടി കടിക്കുകയുംചെയ്തു എന്ന തലക്കെട്ടിൽ നികുതിവർധനയ്ക്കെതിരായ മുഖപ്രസംഗം. പൊതിഞ്ഞുപറയുന്നതിനുപകരം നേർക്കുനേർ വിമർശവും ആക്ഷേപവുമായിരുന്നു അതിൽ. സർക്കാർ പ്രഭാതത്തിനെതിരെ തിരിഞ്ഞു. പ്രിന്ററും പബ്ലിഷറുമായ ഐ.സി.പി.യെ കളക്ടറേറ്റിൽ വിളിപ്പിച്ച് കളക്ടർ ചോദ്യംചെയ്തു. ശാസനയിൽ ആ പ്രശ്നം ഒതുങ്ങി. എന്നാൽ അടുത്തൊരു ലക്കത്തിൽ ചൊവ്വര പരമേശ്വരന്റെ ആത്മനാദം എന്ന കവിത പ്രസിദ്ധപ്പെടുത്തിയതോടെ ബ്രിട്ടീഷ് സർക്കാർ പത്രം പൂട്ടിക്കാൻതന്നെ തീരുമാനിച്ചു‐ രണ്ടായിരം രൂപ പിഴയടച്ചാൽ പ്രസിദ്ധീകരണം തുടരാം, അതല്ലെങ്കിൽ പൂട്ടാം‐അതായിരുന്നു ഉത്തരവ്. പത്രം തൽക്കാലം പൂട്ടുകയായിരുന്നു പിന്നീട് മദിരാശിയിൽ അധികാരത്തിൽവന്ന രാജാജി മന്ത്രിസഭ പ്രഭാതം വീണ്ടും നടത്താൻ അനുമതി നൽകി. ഇ.എം.എസിന്റെ പത്രാധിപത്യത്തിൽത്തന്നെ കോഴിക്കോട്ടുനിന്ന് പ്രഭാതം വീണ്ടും ഇറങ്ങി. ആദ്യത്തെ മൂന്നുമാസത്തിനുശേഷം പ്രിന്ററും പബ്ലിഷറുമെന്ന സ്ഥാനത്തുനിന്നും ഐ.സി.പി. മാറി, പകരം പി.കെ.ബാലകൃഷ്ണൻ ചുമതലയേറ്റു 1939 സെപ്റ്റംബറിൽ രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ പ്രഭാതം നിലച്ചു. അപ്പോഴേക്കും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരിക്കപ്പെട്ടുകഴിഞ്ഞു. പാർട്ടി തുടക്കത്തിലേതന്നെ നിരോധനത്തിലാണ്. 1942 ജൂലായ് വരെ ആ നിരോധനം നിലനിന്നു. അത്രവരെ പാർട്ടിക്ക് പ്രവർത്തകരെയും അണികളെയും അഭിസംബോധനചെയ്യാൻ, രാഷ്ട്രീയം പഠിപ്പിക്കാൻ കണ്ടെത്തിയ മാർഗം പാർട്ടിക്കത്ത് എന്ന സംവിധാനമാണ്. ബോംബെയിൽനിന്ന് കല്ലച്ച് വാങ്ങിക്കൊണ്ടുവന്ന് പാർട്ടിക്കത്തിന്റെ രഹസ്യ പ്രസിദ്ധീകരണസംവിധാനമൊരുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് ഐ.സി.പി.യാണ്. സാർവദേശീയ‐ദേശീയ വാർത്തകളും പ്രസ്താവനകളുമടക്കം വാർത്താപാത്രത്തിന്റെ രൂപത്തിൽത്തന്നെയായിരുന്നു പാർട്ടിക്കത്ത്. ബോംബെയിൽനിന്ന് കൊണ്ടുവന്ന കല്ലച്ച് തൃത്താലയ്ക്കടുത്ത് ആലൂരിൽ വി.ടി.നാരായണന്റെ വീട്ടിലാണ് കൊണ്ടുവന്ന് ഘടിപ്പിച്ചത്. ഐ.സി.പി.യുടെ സഹോദരി ദേവകി( തേതി) യുടെ വീട്. സഹോദരീഭർത്താവാണല്ലോ വി.ടി.യുടെ അനുജനായ നാരായണൻ. സൈക്ലോസ്റ്റൈൽ യന്ത്രം പ്രവർത്തിപ്പിച്ച് പാർട്ടിക്കത്ത് തയ്യാറാക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചു. കത്തിലെ ഉള്ളടക്കം തയ്യാറാക്കുന്നതിൽ പ്രധാന പങ്കവഹിച്ചിരുന്നവരിലൊരാൾ എ.മാധവനാണ്. പണ്ഡിതനായ മാധവന്റെ പിതൃസഹോദരൻ പോലീസ് സൂപ്രണ്ടായിരുന്നു, അങ്ങനെ വലിയ ബന്ധങ്ങളുണ്ടായിരുന്നു‐ ഇദ്ദേഹമാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചത്.

രഹസ്യമായി നിർവഹിക്കേണ്ട പല ചുമതലകളും ഐ.സി.പി.യെ അക്കാലത്ത് കൃഷ്ണപിള്ളയും ഇ.എം.എസ്സും ഏല്പിക്കുമായിരുന്നു. 1936‐ൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ പട്ടണി ജാഥ തുടങ്ങിയപ്പോൾ മദിരാശിയിലെത്തുമ്പോൾ സ്വീകരണം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സുന്ദരയ്യ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കത്ത് നൽകാൻ അങ്ങോട്ടയച്ചത് ഐ.സി.പി.യെയാണ്. കൃഷ്ണപിള്ളയുടെ കത്ത് എസ്.വി.ഘാട്ടേയ്ക്ക് നൽകി തിരിച്ചുവരു്നപോൾ സേലത്തിറങ്ങി ജാഥയോടൊപ്പം മദിരാശിവരെ പോയി.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ സജീവമായ ശേഷം 1937‐ലെ ഫയിസ്പൂർ കൺഗ്രസ്സിൽ പ്രതിനിധിയായി ഐ.സി.പി.പങ്കെടുക്കുകയുണ്ടായി. കോഴിക്കോട്ടുനിന്ന് കപ്പലിൽ ബോംബെയിലെത്തി അവിടെനിന്ന് ഫയിസ്പൂരിലേക്ക്. ബാരിസ്റ്റർ എ.കെ.പിള്ള, പി.നാരായണൻനായർ, പി.വി.കുഞ്ഞുണ്ണിനായർ, രാമചന്ദ്രൻ നെടുങ്ങാടി എന്നിവരോടൊപ്പം. സമ്മേളന നഗരയിൽത്തന്നെ നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് സമ്മേളനത്തിലും സംബന്ധിച്ചു. ആ സമ്മേളനത്തിൽവെച്ചാണ് കമ്മ്യൂണിസ്റ്റാകുന്നതിനുള്ള മാനസികമായ തുടക്കംകുറിച്ചത്. പാർട്ടി രൂപീകരണത്തിന്റെ ഭാഗമായി 1939‐ൽ കരിവെള്ളൂരിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത് മാർക്സിസത്തെക്കുറിച്ച് സാമാന്യമായി പഠിച്ചു. ഉണ്ണിരാജ, എം.എസ്. ദേവദാസ്, കെ.പി.ജി. തുടങ്ങിയവരുടെ ക്ലാസുകൾ. പിന്നീട് പിണറായിയിൽ നടന്ന പാർട്ടി രൂപീകരണസമ്മേളനത്തിലും പങ്കെടുത്തു. ഇതിനുശേഷമാണ് നേരത്തെ വിശദീകരിച്ച പാർട്ടിക്കത്ത് പ്രസി്ദ്ധീകരണച്ചുമതലയടക്കമുള്ള കാര്യങ്ങൾ.

1948‐ലെ നിരോധനകാലത്ത് പാർട്ടിയുടെ ടെക് സംഘടനയിൽ പ്രധാന ചുമതലക്കാരനായി. നേതാക്കളെ വിവിധ കേന്ദ്രങ്ങളിലെത്തിക്കുക, ഒളിവുകേന്ദ്രങ്ങൾ സംഘടിപ്പിക്കുക, പാർട്ടി സാഹിത്യപ്രചരണം നടത്തുക, പാർട്ടികേന്ദ്രം നടത്തുക തുടങ്ങിയ ചുമതലകൾ. ഇ.എം.എസിനെയും കെ.സി.ജോർജിനെയും കൽക്കത്തയിലെ പാർട്ടി കേമന്ദ്രത്തിലെത്തിക്കാൻ ബംഗളുരുവരെയെത്തിക്കാൻ സാഹസികമായി പ്രവർത്തിക്കേണ്ടിവന്നതുപോലുള്ള എത്രയെത്രയോ അനുഭവങ്ങൾ. രഹസ്യം തരിമ്പും ചോരാതെ , പോലിസിന്റെ പിടിയിൽപ്പെടാതെ ഐ.സി.പി വർഷങ്ങളോളം പ്രവർത്തിച്ചു. 1948‐ൽ ടെക് സംഘടനയുടെ ഭാഗമായിരുന്നപ്പോൾ അങ്കമാലി, ആലുവ, തുടർന്ന് ചങ്ങനാശ്ശേരി എന്നീ കേന്ദ്രങ്ങളിൽ പാർട്ടിയുടെ സംസ്ഥാനകേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് കെ.പി.നാണുവടക്കമുള്ളവർക്കൊപ്പം പ്രവർത്തിച്ചു. ദേശാഭിമനി നിരോധിക്കപ്പെട്ടതോടെ പാർട്ടിക്ക് മുഖപത്രമില്ലാത്ത പ്രശ്നത്തിന് നേരിയ പരിഹാരമെങ്കിലുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തൃശൂരിൽനിന്ന് റിപ്പബ്ലിക്ക് എന്ന പേരിൽ പത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. യോഗക്ഷേമം വാരികയുടെ ഓഫീസും പ്രസ്സും ഉപയോഗിച്ചാണ് പുറമേക്ക് കമ്മ്യൂണിസ്റ്റ് മുഖപത്രമെന്ന് തോന്നിക്കാത്ത രൂപത്തിൽ റിപ്പബ്ലിക് പത്രം. എന്നാൽ യോഗക്ഷേമം പ്രസ്സിന് പത്രമടക്കാൻ വേണ്ട സൗകര്യംപോരാ. വലിയ ഡബിൾ ഡമ്മി പ്രസ്സുതന്നെ വേണം. നിരോധിക്കപ്പെട്ട ദേശാഭിമാനിയുടെ പ്രസ്സ് ലിക്വിഡേറ്ററുടെ നിയന്ത്രണത്തിലാണ്. കോടതിയുടെ നിർദേശപ്രകാരം ചുമതലയേറ്റ ലിക്വിഡേറ്റർക്ക് പ്ര്സ്ഥാനവുമായി ചെറിയ ബന്ധമുണ്ട്. ആ പ്രസ്സ് ഏതുവിധേനയും വീണ്ടെടുക്കണമെന്ന് പാർട്ടി തീരുമാനിച്ചു. ഐ.സി.പി.ക്കുതന്നെ അതിന്റെ ചുമതലയും. ലിക്വിഡേറ്ററുമായി ബന്ധപ്പെട്ട് അതിനുള്ള ഏർപ്പാടുകൾ ചെയ്തു. പതിനെണ്ണായിരം രൂപ കൊടുത്താൽ‐ അതായത് പത്രം നടത്തുമ്പോൾ വാങ്ങിയ കടം‐ പ്രസ്സ് കിട്ടും. കിള്ളിമംഗലം വാസുദേവൻ മ്പൂതിരിപ്പാട് ആയിരത്തഞ്ഞൂറ് രൂപ ഐ.സി.പി.ക്ക് നൽകി. പത്രത്തിനായി നേരത്തെ കടം കൊടുത്തത് പാർട്ടിക്കാർ തന്നെയാണ്. അവരെയെല്ലാം രഹസ്യമായി ബന്ധപ്പെട്ട് ആ ആയിരത്തഞ്ഞൂറുകൊണ്ട് തന്നെ പതിനെണ്ണായിരം രൂപ കൊടുത്ത് കടം തീർത്തതായി രേഖയാക്കി ലിക്വിഡേറ്റർ പ്രസ്സ് യോഗക്ഷേമം വാരികയുടെ ഓഫീസിൽ സ്ഥാപിക്കാനായി വിട്ടുനൽകി.

തൃശൂരിലെ യോഗക്ഷേമം ഓഫീസിൽ സ്ഥാപിച്ച പഴയ ദേശാഭിമാനി പ്രസ്സിൽനിന്ന് റിപ്പബ്ലിക് പുറത്തിറങ്ങി. എൻ.വി.കൃഷ്ണവാരിയരുടെ സഹോദരൻ എൻ.വി.എസ്. വാരിയർ, കഥാകൃത്ത് ഡി.എം.പൊറ്റെക്കാട്, ഇ.വി.ദേവ്, പുറയന്നൂർ ചിത്രഭാനു, ടി.എം.രാജഗോപാലൻ തമ്പുരാൻ, കെ.കുഞ്ഞുക്കുട്ടി തമ്പുരാട്ടി എന്നിവരടങ്ങിയ പ്ത്രാധിപസമിതി. ആയിരത്തഞ്ഞൂറ് രൂപ മുടക്കി നോട്ടിരട്ടിപ്പിക്കൽവിദ്യപോലെ പതിനെണ്ണായിരം രൂപയുടെ കടം തീർത്ത് പ്രസ്സ് സ്വന്തമാക്കിയ കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്നു. കിള്ളിമംഗലം തന്നെയാണ് റിപ്പബ്ലിക്കിന്റെ പത്രാധിപരും. പ്രിന്ററും പബ്ലിഷറും പ്രധാന മാനേജ്മെന്റ് ചുമതലക്കാരനും ഐ.സി.പി. പത്രാധിപസമിതിയിലെ അംഗങ്ങളിൽ തമ്പാനും തമ്പുരാട്ടിയുമൊഴിച്ച് എല്ലാവരും നേരത്തെ ദേശാഭിമാനി പത്രാധിപസമിതി അംഗങ്ങളായിരുന്നു. എം.ശിവകരൻ, മാനുവൽ, പി.ശങ്കരൻ ( പി.നാരായണൻനായരുടെ അനന്തരവൻ) എന്നിവരാണ് മാനേജ്മെന്റ് കൈകാര്യം ചെയ്തത്. എന്നാൽ അധികകാലം റിപ്പബ്ലിക്കിന് പ്രവർത്തിക്കാനായില്ല. റിപ്പബ്ലിക് പത്രത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഐ.സി.പിയെ തേടി പോലീസ് എത്തി. പിടികൊടുക്കാതെ മാറിയ ഐ.സി.പി.യും സഖാക്കളും എടുത്ത തീരുമാനം പ്രസ് പൊളിച്ച് കടത്തലാണ്. പത്രം പൂട്ടിക്കാൻ യോഗക്ഷേമംത്തിന്റെ മാനേജിങ്ങ് ഡയറക്ടർക്ക് പോലീസ് നിർദേശം നൽകിയതായും മാനേജിങ്ങ് ഡയറക്ടർ അതിന് വഴങ്ങിയതായും വിവരം ലഭിച്ചു. യോഗക്ഷേമത്തിന്റെ പ്രവർത്തകരെല്ലാം ഓഫീസ് വിട്ടുപോയതോടെ രാത്രിയിൽ പ്രസ് പൂർണമായും അഴിച്ച് ലോറിയിൽ കയറ്റി പാലക്കാട്ട് കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചു. പിറ്റേന്ന് യോഗക്ഷേമം വാരികയുടെ മാനേജ്മെന്റും പ്രവർത്തകരും വന്നപ്പോൾ പ്രസ് കാണാനില്ല. യോഗക്ഷേമക്കാർ കേസുകൊടുത്തു. ഐ.സി.പി. ഒന്നാം പ്രതിയായി കേസ്. റിപ്പബ്ലിക് മാനേജ്മെന്റിൽ പ്രവർത്തിച്ച ശങ്കരൻ, ശിവകരൻ എന്നിവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ തല്ലിച്ചതച്ചു. ഐ.സി.പി.യെ പിടികിട്ടാത്തതിനാൽ കേസ് നീണ്ടുപോയി. പാലക്കാട് വടക്കന്തറയിൽ കെ.സി.ഗോപാലനുണ്ണിയുടെ കെട്ടിടത്തിൽ സൂക്ഷിച്ച പ്രസ് പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ എത്തിച്ചു. പ്രസ്മോഷണക്കേസിൽ പ്രതികളായ ഐ.സി.പി.യടക്കമുള്ളവർ കുറ്റക്കാരല്ലെന്ന് വിധിച്ച് കോടതി വെറുതെ വിടുകയായിരുന്നു. പ്രസ് തൃശൂർ കോടതിയുടെ വളപ്പിൽ തുരുമ്പിച്ചുനശിച്ചു. അപ്പോഴേക്കും പാർട്ടി നിയമവിധേയമായിക്കഴിഞ്ഞിരുന്നു.

പാർട്ടി നിരോധനത്തിലായ കാലത്തു മുഴുവൻ സംസ്ഥാനത്താകെ നിറഞ്ഞുനിന്നു പ്രവർത്തിക്കുകയായിരുന്നിട്ടും ഒരിക്കൽപ്പോലും പോലിസിന് ഐ.സി.പി.യെ പിടികൂടാൻ കിട്ടിയിരുന്നില്ല. പക്ഷേ ഒരുദിവസം പെട്ടു. 1950 അവസാനം. പാലക്കാട് മങ്കരയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മലബാർ കമ്മിറ്റിയുടെ ഒരു യോഗം നടത്താൻ രഹസ്യതീരുമാനമുണ്ടായിരുന്നു. നേതാക്കളിൽ ഭൂരിഭാഗവും ജയിലിലോ ഒളിവിലോ ആണ്. ഒളിവിലുള്ളവരിൽ ചിലർ മാത്രം പങ്കെടുക്കുന്ന യോഗമാണ്. ആ യോഗത്തിൽ പങ്കെടുക്കാൻ എ.വി.കുഞ്ഞമ്പു, ഒ.ജെ.ജോസഫ്, എം.കുമാരൻ മാസ്റ്റർ എന്നിവർ കോഴിക്കോടുഭാഗത്തുനിന്ന് വരുന്നു. അവരെ മങ്കര റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ച് രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ടെക് സംഘടന ചുമതലപ്പെടുത്തിയത് പി.വി.കൃഷ്ണൻ എന്ന സഖാവിനെയാണ്. കൃഷ്ണൻ അവിടെയെത്തിയില്ലെങ്കിൽ, അഥവാ മറ്റെന്തെങ്കിലും പ്രശ്നമുണ്ടായാൽ കൈകാര്യംചെയ്യാൻ ടെക് സംഘടനയുടെ നേതാക്കളിലൊരാളായ ഐ.സി.പി.യും രഹസ്യമായി പിന്തുടരണം തിരുവില്വാമലയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിൽപോയി ഭക്ഷണംകഴിച്ച് വിശ്രമിച്ച് ലെക്കിടി റെയിൽവേ സ്റ്റേഷനിൽനിന്നും ഐ.സി.പി. മങ്കരയിലേക്ക് പോകാൻ വണ്ടിയിൽ കയറി. ആ കമ്പാർട്ടുമെന്റിൽത്തന്നെ എ.വി.യും ഒ.ജെയും കുമാരൻമാഷുമുണ്ട്. പരിചയം പ്രകടിപ്പിക്കാതെ അവർ മങ്കര സ്റ്റേഷനിലിറങ്ങി. ടെക് ചുമതലക്കാരൻ കൃഷ്ണൻ അവിടെയില്ല. അതിനാൽ ഐ.സി.പി. തന്നെ ചുമതലയേറ്റെടുത്തു. നേതാക്കളെ സ്വീകരിച്ചുനിൽക്കവേ അതാ മഫ്തിയിലുള്ള പോലീസുകാർ വളയുന്നു. പറഞ്ഞ കളവുകളൊന്നും ഏശാതെ പിടിയിലാവുകയാണ്. മങ്കര ലോക്കപ്പിൽ എ.വി.യെയും ഐ.സി.പി.യെയും മറ്റു സഖാക്കളെയും അടച്ചു. പിറ്റേന്ന് തിരിച്ചറിയലിനായി ഷൊർണൂരിൽ കൊണ്ടുപോയി. പിറ്റേന്ന് രാവിലെ മങ്കരയിലെ സ്റ്റേഷനിലേക്കുതന്നെ കൊണ്ടുവന്ന് ലോക്കപ്പ് മർദനം. ഐ.സി.പി.യെ മർദിക്കാൻ വലിയൊരു സംഘം പോലീസുകാർ. കാരണം ടെക് സംഘടനയുടെ ഭാഗമാണ്. നേതാക്കളുടെ ഒളിവുസ്ഥലം സംബന്ധിച്ച് അറിയാവുന്നവർ ടെക്കുകളാണ്. ഉരുട്ടലടക്കമുള്ള നാലാം മുറകൾ. പിന്നീട് പാലക്കാട് സബ് ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി ഏതാനും ആഴ്ച തടങ്കലിൽ വി.ടി.ഭട്ടതിരിപ്പാട് എത്തി ജാമ്യത്തിലെടുക്കുകയായിരുന്നു ഒടുവിൽ.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയത് പലവിധേനയാണ്. ഭക്തിയും ആയുർവേദവും സമുദായവിപ്ലവവുമടക്കം എല്ലാം ഉപയോഗിക്കപ്പട്ടു. തൈക്കാട് മൂസിന്റെ വൈദ്യശാലയടക്കം, കോട്ടക്കൽ ആര്യവൈദ്യശാലയടക്കം അക്കാലത്ത് കമ്യൂണിസ്റ്റ് പ്രവർത്തനത്തിന് സഹായകമായി വർത്തിച്ചു. അതിലെല്ലാം വലിയൊരു പങ്കുവഹിക്കാൻ സാധിച്ച വിപ്ലവകാരിയാണ് ഐ.സി.പി. നമ്പൂതിരി. അല്ല അങ്ങനെ പറഞ്ഞാൽ തീരില്ല ആ കുടുംബമാകെ, ആ തറവാടാകെ, അവരുടെ ബന്ധുജനങ്ങളാകെ. പ്രകടമായി കമ്മ്യൂണിസ്റ്റല്ലെങ്കിലും പാർട്ടിയുടെ നിലനില്പിൽ, വളർച്ചയിൽ വലിയ പങ്കുവഹിച്ച മഹാനായ വി.ടി.ഭട്ടതിരിപ്പാട് അനുസ്മരിച്ചതുപോലെ വിപ്ലവത്തിന്റെ ഈറ്റില്ലമായി ഇട്ട്യാംപറമ്പത്ത് മന. ആ മനയിലെ ചെറിയ പരമേശ്വരൻ നമ്പൂതിരി, അദ്ദേഹത്തിന്റെ അനുജനും സി.പി.ഐ. നേതാവും സോവിയറ്റ് ലാൻഡ് പത്രാധിപരുമായിരുന്ന ഐ.എസ്. നമ്പൂതിരി, വി.ടി., എം.ആർ.ബി., പ്രേംജി,, അവർക്കെല്ലാം പ്രചോദനമായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് സാക്ഷാൽ ഇ.എം.എസും വിവാഹവിപ്ലവം എന്ന ഇ.എം.എസിന്റെ ലേഖനത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണല്ലോ ഈ ലേഖനം തുടങ്ങിയത്. ഒന്നുകൂടി അതോർമിപ്പിച്ചുകൊണ്ട് ഇത് നിർത്തട്ടേ.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − fourteen =

Most Popular