Tuesday, September 17, 2024

ad

Homeമുഖപ്രസംഗംസർവ്വമത സമ്മേളനത്തിന്റെ സമകാലിക പ്രസക്തി

സർവ്വമത സമ്മേളനത്തിന്റെ സമകാലിക പ്രസക്തി

കേരള ചരിത്രത്തിൽ ആദ്യമായി, ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായി സർവമത സമ്മേളനം ചേർന്നതിന്റെ നൂറു വർഷം തികയുകയാണ് 2024ൽ. ലോക സർവമത സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തി സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ വന്ന് കേരളത്തെ ചൂണ്ടി ഈ നാടൊരു ഭ്രാന്താലയമാണെന്ന് പറഞ്ഞ് പിന്നെയും മൂന്ന് പതിറ്റാണ്ടോളം പിന്നിട്ട വേളയിലാണ് കേരള നവോത്ഥാനത്തിന്റെ നായകൻ ശ്രീ നാരായണഗുരു മുൻകെെയെടുത്ത് ആലുവയിൽ 1924ൽ സർവമത സമ്മേളനം വിളിച്ചു ചേർത്തത്.

ജാതി – മത വിദേ-്വഷങ്ങളാൽ സംഘർഷഭരിതമായിരുന്നു ആ കാലം. ഹിന്ദുമതം തന്നെ വിവിധ ജാതി ഉപജാതികളാൽ വേർതിരിക്കപ്പെട്ടിരുന്നുവെന്നു മാത്രമല്ല അതിൽ തന്നെ വലിയൊരു വിഭാഗത്തെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മുദ്ര കുത്തി സവർണ ജാതി മേധാവികൾ ചവിട്ടിത്താഴ്ത്തുകയായിരുന്നു. അങ്ങനെ അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനായുള്ള നവോത്ഥാന പോരാട്ടങ്ങൾക്കൊപ്പമാണ് എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെയാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ സർവമത സമ്മേളനം ചേർന്നത്. ജാതിക്കും മതത്തിനുമതീതമായി മനുഷ്യരൊന്നാണ് എന്ന ശ്രീനാരായണ സന്ദേശം ഉയർത്തിപ്പിടിച്ച ആ മഹാസമ്മേളനം കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ വലിയൊരു ചുവടുവയ്പായിരുന്നു.

ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എൻഡിപി യോഗത്തെ ജാതി സംഘടനയായും ഗുരുവിനെ അതിന്റെ നേതാവായും അവരോധിക്കാൻ നിക്ഷിപ്ത താൽപ്പര്യക്കാർ നീക്കം നടത്തിയ വേളയിൽ അതിനെതിരെ ശക്തമായ നിലപാടെടുത്താണ് ഗുരു തന്റെ പ്രസിദ്ധമായ ‘‘ജാതിയില്ലാ വിളംബരം’’ നടത്തിയത്. അതുകഴിഞ്ഞുള്ള ഗുരുവിന്റെ അടുത്ത വലിയ ചുവടുവയ്പായിരുന്നു സർവമത സമ്മേളനം. ജനാധിപത്യ–മതനിരപേക്ഷ സമൂഹമായി കേരള സമൂഹം മാറ്റപ്പെട്ടത് അതോടുകൂടിയാണ്.

എന്നാൽ മതസൗഹാർദം നിലനിൽക്കുന്നതും ജാതീയമായ ഉച്ചനീചത്വങ്ങളില്ലാത്തതുമായ കേരളം എന്ന നവോത്ഥാന നായകരുടെ കാഴ്ചപ്പാടിനെ പാടേ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇന്ന് നമുക്കുചുറ്റും നടക്കുന്നത്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാനായി ഒന്നിച്ചുകൂടിയ ജാതി മത പിന്തിരിപ്പൻ ശക്തികൾ ആ പിൻ നടത്തത്തിന് തുടക്കമിടുകയായിരുന്നു. അപ്രഖ്യാപിതമായി 1980കളോടെ ഇന്ത്യയിൽ നടപ്പാക്കാൻ തുടങ്ങിയ നവലിബറൽ സാമ്പത്തികനയങ്ങൾക്കൊപ്പം ഉയർന്നുവന്ന ഹിന്ദുത്വ രാഷ്ട്രീയം, അതിനെ നയിക്കുന്ന ആർഎസ്എസ് കേരളത്തിൽ നവോത്ഥാന കാലമൂല്യങ്ങളെയാകെ ചവിട്ടിമെതിച്ചിരിക്കുകയാണ്.

ഒരു കാലത്ത് നവോത്ഥാന നായകർ നേതൃത്വം നൽകിയിരുന്ന സംഘടനകളിൽ നുഴഞ്ഞുകയറി അവയെ കെെപ്പിടിയിലൊതുക്കാനും അങ്ങനെ കേരള സമൂഹത്തെ വർഗീയതയുടെ പിടിയിലൊതുക്കാനുമാണ് ഇന്ന് ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു ദശാസന്ധിയിലാണ് സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നത്. നൂറുവർഷത്തിനുമുൻപ് ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച ആശയത്തെ തകർക്കാൻ വർഗീയ കോമരങ്ങളെ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണിത്. .

സ്ത്രീസുരക്ഷയ്ക്കായി ദേശീയ നിയമം വേണം

മോദി വാഴ്ചയിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നിത്യേനയെന്നോണം വർധിച്ചുവരികയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ, അതേ സമയം ഭീകരവുമായ ദൃഷ്ടാന്തമാണ് 2024 ആഗസ്ത് ഒമ്പതിന് പുലർച്ചെ പശ്ചിമബംഗാളിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർഥിനിയായ യുവ ഡോക്ടർ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാക്കപ്പെട്ടത്.

പശ്ചിമബംഗാളിൽ വനിതാ മുഖ്യമന്ത്രിയാണ് ഭരണം നടത്തുന്നതെങ്കിലും സ്ത്രീകൾ അവിടെ അൽപ്പവും സുരക്ഷിതരല്ലയെന്നതിന്റെ ഒരുദാഹരണം മാത്രമാണ് കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഈ സംഭവം. മുഖ്യമന്ത്രി മമതയോടും തൃണമൂൽ കോൺഗ്രസിനോടും അടുപ്പമുണ്ടെങ്കിൽ എന്ത് അക്രമവും നടത്താമെന്ന അവസ്ഥയാണ് 2011 ൽ മമത മുഖ്യമന്ത്രിയായതുമുതൽ പശ്ചിമബംഗാളിൽ നിലനിൽക്കുന്നത്. ക്രിമിനൽ സംഘങ്ങളാണ് മമത വാഴ്ചയ്ക്ക് താങ്ങും തണലുമായി നിൽക്കുന്നതെന്നതുകൊണ്ടുതന്നെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലും ബംഗാളിലെ ആഭ്യന്തരവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.

ഈ അരുംകൊലയെ ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും വ്യഗ്രതയിൽനിന്നു തന്നെ ഉന്നതരാഷ്ട്രീയ ബന്ധമുള്ളവരാണ് കുറ്റവാളികൾ എന്നു വ്യക്തമാണ്. ദേഹമാസകലം മുറിവുകളോടെ ചോര വാർന്നൊലിച്ച് അർദ്ധനഗ്നയായി മരിച്ചുകിടന്ന ആ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വിധിയെഴുതിയ (എന്നാൽ ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറിച്ചാണ് സൂചിപ്പിക്കുന്നത്) ആ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള ഒരു വിഭാഗം ഡോക്ടർമാർ പറഞ്ഞുവെന്നതു തന്നെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. അറസ്റ്റിലായിരിക്കുന്ന സഞ്ജയ് റോയി എന്ന സിവിക് പൊലീസ് വളന്റിയർക്ക് മമത ഭരണത്തിലുള്ള സ്വാധീനം വെളിപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് കുമാർ ഘോഷ് തന്നെ അവിടെ നിന്ന് പലവട്ടം സ്ഥലം മാറ്റപ്പെട്ടെങ്കിലും ഒരിക്കൽപോലും അവിടെ നിന്ന് പോകാതെ പിടിച്ചുനിൽക്കാൻ കഴിയുന്നതിൽനിന്നു തന്നെ അയാൾക്ക് ശക്തമായ രാഷ്ട്രീയ പിൻബലമുണ്ടെന്നതിന്റെ തെളിവാണ്. കൊൽക്കത്ത ഹെെക്കോടതി ഇടപെടലിനെതുടർന്ന് ഇയാൾക്ക് തൽസ്ഥാനമൊഴിയേണ്ടതായി വന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സ്ഥാപനത്തിൽ നിയമനം ലഭിച്ചുവെന്നതുതന്നെ നിയമവാഴ്ചയോടുള്ള തെല്ലും താൽപ്പര്യമില്ലാത്തതാണ് മമത ഭരണത്തിന്റെ വെല്ലുവിളിയാണ്.

ഹെെക്കോടതി ഇടപെടലിനെ തുടർന്ന് ഇപ്പോൾ കേസ് സിബിഐ അനേ-്വഷണത്തിലാണ്. പക്ഷേ, ഇതെഴുതുമ്പോഴും കേസനേ-്വഷണം കാര്യമായി മുന്നോട്ടുപോയിട്ടില്ലയെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതേവരെ പുറത്തുവന്ന തെളിവുകളനുസരിച്ച് സഞ്ജയ് റോയി മാത്രമല്ല ഈ കുറ്റകൃത്യത്തിൽ പങ്കാളിയെന്ന് വ്യക്തമാണ്. മറ്റു കുറ്റവാളികളെ പിടികൂടാൻ ദിവസങ്ങൾ പലതും പിന്നിട്ടിട്ടും കേന്ദ്ര അനേ-്വഷണ ഏജൻസിക്ക് കഴിയാതിരുന്നതിൽ ഒരു മെല്ലെപ്പോക്ക് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

ഡോക്ടർമാരും വിദ്യാർഥികളും പൊതുജനങ്ങളാകെയും (ബംഗാളിൽ മാത്രമല്ല ഇന്ത്യയിലെമ്പാടും) പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മമത സർക്കാർ അധികാരമൊഴിയണമെന്നതാണ് മുഖ്യ ആവശ്യം. ഒപ്പം ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സുരക്ഷയുറപ്പാക്കുന്ന കേന്ദ്ര നിയമം കൊണ്ടുവരണമെന്നതാണ് രണ്ടാമത്തെ ആവശ്യം. അതംഗീകരിക്കാൻ മോദി സർക്കാർ തയ്യാറല്ല. കേരളത്തിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതുപോലെ ശക്തമായൊരു നിയമം വേണമെന്ന ആവശ്യമാണുയർന്നിരിക്കുന്നത്. ഈ കേസിൽ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി, ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സേന വേണമെന്നാവശ്യപ്പെട്ടത് പ്രത്യേക നിയമമെന്ന പ്രക്ഷോഭകരുടെ ആവശ്യത്തിന് ശക്തിപകർന്നിരിക്കുകയാണ്.

മോദി വാഴ്ചയെ സംബന്ധിച്ചിടത്തോളം കൊൽക്കത്തയിലെ ബലാത്സംഗക്കൊലപാതകം രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപകരണത്തിനപ്പുറം മറ്റൊന്നുമല്ല. 2014ൽ മോദി അധികാരത്തിലെത്തിയ ശേഷം ബലാത്സംഗ കൊലപാതകങ്ങളുടെ എണ്ണം 13 ശതമാനമാണ് വർധിച്ചത്. കൊൽക്കത്ത സംഭവത്തിന്റെ പിന്നാലെയാണ് ഉത്തർപ്രദേശിൽ 8–ാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ നിന്നും സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. കർക്കശമായ നിയമം കൊണ്ടുവരുകയും നിയമപാലനം ഉറപ്പാക്കുകയും ചെയ്യുന്നതുവരെ പൊരുതുമെന്ന പ്രഖ്യാപനത്തോടെ പോരാട്ടം തുടരുന്ന ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും പ്രക്ഷോഭത്തിന് രാജ്യത്തെ ജനങ്ങളുടെയാകെ പിന്തുണയുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular