ഒരു നൂറ്റാണ്ടോളം മുമ്പ് രണ്ട് വലിയ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. വൈക്കം ക്ഷേത്രത്തിന്റെ അടുത്തുള്ള വഴിയിലൂടെ നടക്കാനായുള്ള അവകാശത്തിനായി നടന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹമാണ് ഒന്ന്. ലോകത്തിനു തന്നെ മാതൃകയായിത്തീര്‍ന്ന ആലുവയിലെ സര്‍വ്വമത സമ്മേളനമാണ് മറ്റൊന്ന്. ഇവ രണ്ടിലും ഗുരുവിന്റെ സ്വാധീനം വളരെ ശക്തമായി ഉണ്ടായിരുന്നു.
ജാതി, മതഭേദങ്ങൾക്കതീതമായ മാനവികതയായിരുന്നു ശ്രീനാരായണ ഗുരുദർശനം പകരുന്ന മഹത്തായ മൂല്യങ്ങളിലൊന്ന്. ആ മാനവികതയെ വാക്കുകളിൽ ഒതുക്കുകയല്ല ഗുരു ചെയ്തത്. മറിച്ച്, തന്റെ പ്രവൃത്തിയിലൂടെ അതെന്തെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. അതിന്റെ ഭാഗമായി സര്‍വമത സമ്മേളനം എന്ന സങ്കല്‍പ്പം അദ്ദേഹം മുന്നോട്ടുവയ്ക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. 1924-ൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഈ വേളയിൽ ആ പരിപാടിയിലൂടെ ഗുരു മുന്നോട്ടു വച്ച സന്ദേശങ്ങൾ കൂടുതൽ ആർജ്ജവത്തോടെ നാം ഏറ്റെടുക്കേണ്ട ഘട്ടമാണിത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ ഈ സമ്മേളനം എന്ന് സമ്മേളനപ്പന്തലില്‍ എഴുതിവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ‘പലമതസാരവുമേകം’ എന്ന ഗുരുവചനത്തിന്റെ സാക്ഷാൽക്കാരമായിരുന്നു സർവ്വമത സമ്മേളനം.
ഗുരു, സംഘടനയുണ്ടാക്കിയപ്പോള്‍ ആ സംഘടനയ്ക്ക് ഒരു ജാതിയുമായി ബന്ധപ്പെട്ട പേര് നല്‍കുകയല്ല ചെയ്തത്. മറിച്ച് ഒരു ജാതിയുടെയും പേരുപറയാതെ ശ്രീനാരായണധര്‍മത്തിന്റെ പേര് നല്‍കുകയാണ് ചെയ്തത്. മനുഷ്യന്‍ ഒന്നാണ് എന്ന തന്റെ സിദ്ധാന്തം സ്വന്തം ജീവിതത്തിലും അദ്ദേഹം പ്രാവര്‍ത്തികമാക്കി. താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രവേശനമുണ്ടാവണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. തന്റെ ശിഷ്യര്‍ ഒരേ സമുദായത്തില്‍പ്പെട്ടവര്‍ മാത്രമാവരുത് എന്ന് നിഷ്‌കര്‍ഷിച്ചു. അങ്ങനെയാണ് നായര്‍ സമുദായത്തില്‍നിന്നുള്ള സത്യവ്രതസ്വാമികളെയും ബ്രാഹ്‌മണ സമുദായത്തില്‍നിന്നുള്ള ആനന്ദതീര്‍ത്ഥരെയും പോലുള്ള പ്രമുഖര്‍ ഗുരുവിന്റെ ശിഷ്യനിരയിലുയര്‍ന്നുവന്നത്.
ഈ പാരമ്പര്യഭജനത്തിന്റെ രീതിയെ പാരമ്പര്യഭഞ്ജനത്തിന്റെ രീതികൊണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍ത്തന്നെ ആദ്യമായി പകരംവെച്ചത് ശ്രീനാരായണ ഗുരുവാണ്. ഗുരുനാഥനോടുള്ള ആദരവ് സൂക്ഷിക്കുമ്പോള്‍ തന്നെ ഗുരുവിനെ മറികടക്കാനുള്ള സ്വാതന്ത്ര്യം, അധികാരം എന്നിവ ശിഷ്യര്‍ക്ക് ഗുരു എല്ലാവിധത്തിലും അനുവദിച്ചു. വിനീതവിധേയരാവണം തന്റെ ശിഷ്യന്മാര്‍ എന്ന് ഒരിക്കലും ഗുരു ശഠിച്ചില്ല. എപ്പോഴൊക്കെ ശിഷ്യര്‍ താന്‍ പറഞ്ഞതിനപ്പുറം പോയിട്ടുണ്ടോ, അപ്പോഴൊക്കെ അതിനെ അംഗീകരിക്കുന്ന, അഭിനന്ദിക്കുന്ന, അതിന്റെ ഒപ്പം നില്‍ക്കുന്ന നിലപാടാണ് ഗുരു സ്വീകരിച്ചത്. കുമാരനാശാനോടും സഹോദരന്‍ അയ്യപ്പനോടും ടി കെ മാധവനോടും ഒക്കെയുള്ള നിലപാടുകളില്‍ ഇതു പ്രതിഫലിച്ചു.
സമരരീതികള്‍ ഗുരുവിന്റെ വഴിയായിരുന്നില്ല. എന്നാല്‍, ടി കെ മാധവന്‍ ആ വഴിക്കു നീങ്ങിയപ്പോള്‍ ഗുരു എതിരു നിന്നില്ല. ഒപ്പം നിന്നു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുതത്വത്തെ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന തത്വംകൊണ്ട് ഭേദഗതിപ്പെടുത്തി പറഞ്ഞപ്പോള്‍ ‘അങ്ങനെയുമാവാം’ എന്നേ ഗുരു പ്രതികരിച്ചുള്ളു.
ദൈവദശകം നിലനില്‍ക്കെയാണ് സഹോദരന്‍ അയ്യപ്പന്‍ സയന്‍സ് ദശകം ഉണ്ടാക്കിയത്. ഇങ്ങനെ ചിന്തയുടെ രംഗത്ത് തളംകെട്ടിക്കിടപ്പ് ഒഴിവാക്കുന്ന പുതിയ കൈവഴികള്‍ തുറക്കുന്ന മുന്‍കൈകള്‍ ശിഷ്യന്മാരില്‍ ഉണ്ടായത് ഗുരു സ്വീകരിച്ച ജനാധിപത്യപരമായ ഈ നിലപാടുകൊണ്ടാണ്. ഇത് അതുവരെയുള്ള ഗുരുപരമ്പരകളില്‍ ഈ വിധത്തില്‍ കാണാനില്ല.
ഈ ലോകവും ഇവിടുത്തെ ജീവിതവും മിഥ്യയാണ് എന്നു പറഞ്ഞു കൊണ്ടിരുന്നവരാണ് നമ്മുടെ പല ഗുരുക്കന്മാരും. എന്നാല്‍ ഈ ലോകവും ഇവിടുത്തെ ജീവിതവും സത്യം തന്നെയാണെന്നും അതിനെ മനുഷ്യോചിതമായി മാറ്റിത്തീര്‍ക്കേണ്ടതുണ്ടെന്നും അതിനായുള്ള സാമൂഹിക ഇടപെടലുകള്‍ കൂടിയേ തീരൂ എന്നും പറഞ്ഞ ഗുരു ശ്രീനാരായണ ഗുരുവാണ്.
രണ്ടില്ല ഒന്നേയുള്ളു എന്നാണ് അദ്വൈത സിദ്ധാന്തം പറയുന്നതെങ്കിലും പ്രായോഗിക തലത്തില്‍ രണ്ടുണ്ട് എന്നും രണ്ടും തമ്മില്‍ വേര്‍തിരിവ് ഉണ്ടാകേണ്ടതുണ്ട് എന്നും വേര്‍തിരിക്കുന്ന നിലപാടായിരുന്നു പല ഗുരുക്കന്മാരും കൈക്കൊണ്ടിരുന്നത്. എന്നാല്‍, ഒന്നേയുള്ളു എന്ന ചിന്ത പ്രായോഗിക തലത്തിലേക്കു കൊണ്ടുവന്ന ഗുരു ശ്രീനാരായണ ഗുരുവാണ്. ഒരു ജാതി, ഒരു മതം എന്നൊക്കെ പറഞ്ഞപ്പോള്‍ രണ്ടില്ല ഒന്നേയുള്ളു എന്ന മനുഷ്യത്വവാദപരമായ സമീപനമാണ് ഗുരു അതില്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇത്തരം ചിന്തകളും സിദ്ധാന്തങ്ങളും നിലപാടുകളുമാണ് പല ഗുരുക്കന്മാര്‍ ഉള്ള സമൂഹത്തില്‍ ഗുരു എന്നു പറഞ്ഞാല്‍ ശ്രീനാരായണഗുരു തന്നെ എന്ന അവസ്ഥയുണ്ടാക്കിയത്. ഗുരുവിന്റെ ഈ ചിന്തകൾ അന്യഥാ അന്ധകാര നിബിഡമായിരുന്ന നമ്മുടെ കേരളീയ ജീവിതത്തെ വെളിച്ചത്തിലേക്കു നയിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
ഗുരു എങ്ങനെയാണ് കേരളത്തെ മാറ്റിപ്പണിതത്? ഒരുകാലത്ത് എല്ലാ സാമൂഹിക നിയമങ്ങളും നീതിപ്രമാണങ്ങളും ബ്രാഹ്‌മണാധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് കല്‍പ്പിക്കുന്നിടത്തുവരെ ഇത് എത്തി. രാജാവുപോലും ബ്രാഹ്‌മണനെ പൂജിക്കണമെന്ന സ്ഥിതി. രാജാവുതന്നെ അങ്ങനെ ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിച്ച വ്യവസ്ഥ അംഗീകരിക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാനില്ലെന്ന് ശൂദ്രര്‍ ഏതാണ്ട് ബോധ്യപ്പെട്ട് കഴിയുന്ന സ്ഥിതി. അങ്ങനെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊണ്ട് മലീമസമായ അയിത്ത വ്യവസ്ഥ ശക്തിപ്പെട്ടു. അയിത്ത വ്യവസ്ഥ സവര്‍ണര്‍ക്കും അവര്‍ണര്‍ക്കുമിടയില്‍ ഒരുപോലെ നിലനിന്നു. ബ്രാഹ്‌മണനില്‍നിന്ന് 36 അടി അകലയേ ഈഴവന്‍ നില്‍ക്കാവൂ എന്നിടത്ത് അത് അവസാനിച്ചില്ല. ഈഴവനില്‍നിന്ന് 30 അടി അകലയേ പുലയന്‍ നില്‍ക്കാവൂ. ബ്രാഹ്‌മണന് ഇൗഴവനോട് അയിത്തം, ഈഴവന് പുലയനോട് അയിത്തം.
ഈ അവസ്ഥയെക്കുറിച്ചാണ് മഹാകവി കുമാരനാശാന്‍:
‘നരനുനരനശുദ്ധവസ്തുപോലും
ധരയില്‍ നടപ്പതു തീണ്ടലാണുപോലും’ എന്ന് എഴുതിയത്. സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ സാമൂഹികമായി അകറ്റിനിര്‍ത്തുക മാത്രമല്ല അന്ന് ചെയ്തത്. സാമ്പത്തികമായി ചൂഷണം ചെയ്തുകൊണ്ടുമിരുന്നു. അവര്‍ണര്‍ മണ്ണില്‍ അധ്വാനിക്കണം. എന്നാല്‍, അധ്വാനഫലം ഭൂ ഉടമയായ സവര്‍ണര്‍ക്ക് അവകാശപ്പെട്ടതാണ്. അതിനും പുറമെ, ലോകത്തൊരിടത്തും ഏറ്റവും ഇരുളടഞ്ഞ കാലഘട്ടത്തില്‍പ്പോലുമില്ലാത്ത തരത്തിലുള്ള നികുതികള്‍ ചുമത്തപ്പെട്ടിരുന്നു അവര്‍ണര്‍ക്കുമേല്‍.
ഒരുപാട് അനാചാരങ്ങള്‍ സമൂഹത്തെയാകെ ഗ്രസിച്ചിരുന്നു. മണ്ണാപ്പേടി, പുലപ്പേടി, മുണ്ടുകൊട, തിരണ്ടുകല്യാണം, പുലകുളി അങ്ങനെ പലതും. ജീര്‍ണിച്ച ആചാരങ്ങളും അന്യായമായ നികുതിഭാരങ്ങളും അയിത്തവും ഭൂപ്രമാണിമാരുടെ ഭീഷണികളും ഒക്കെയായി മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ജീവിതം ദുസ്സഹമായ അവസ്ഥ. ഈ വിധത്തില്‍ മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സാമൂഹ്യാവസ്ഥയെയാണ് തന്റെ ചിന്താപരമായ ഇടപെടലുകള്‍ കൊണ്ട് ഗുരു മാറ്റിത്തീര്‍ത്തത്. ‘സംഘടന കൊണ്ട് ശക്തരാവുക’ എന്ന ഗുരുവിന്റെ സന്ദേശം ഈഴവ സമുദായത്തില്‍ മാത്രമല്ല ചലനങ്ങളുണര്‍ത്തിയത്. കേരളത്തിലാകെ അത് മാറ്റത്തിന്റെ കാറ്റുപടര്‍ത്തി.
ശ്രീനാരായണ ചിന്ത ഈഴവ സമുദായത്തിലുളവാക്കിയ പുതിയ ബോധത്തിന്റെ ഉണര്‍വ് ഇതര സമുദായങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. പില്‍ക്കാലത്ത് നമ്പൂതിരി സമുദായത്തിലെ ആചാര ജീര്‍ണതകള്‍ അവസാനിപ്പിക്കാന്‍ യോഗക്ഷേമസഭയുണ്ടായി. നായര്‍ സമുദായത്തില്‍ എന്‍ എസ് എസ് ഉണ്ടായി. ഇതിന്റെയൊക്കെ പിന്നില്‍ പോലും ശ്രീനാരായണ ഗുരുവിന്റെ ചിന്തകളുളവാക്കിയ പ്രചോദനത്തിന്റെ ശക്തിയുണ്ട്.
പിന്നാക്ക സമുദായക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ കയറി ആരാധിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഘട്ടത്തിലാണ് ഗുരു ശിവപ്രതിഷ്ഠതന്നെ നടത്തിയത്. അന്ന് ശിവനെ പ്രതിഷ്ഠിക്കാന്‍ എന്തധികാരം എന്ന് ഗുരുവിനോട് ചോദിച്ചവരുണ്ട്. ‘‘നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണല്ലോ” എന്ന പ്രസിദ്ധമായ ആ മറുപടി കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ വരുത്തിയ മാറ്റം എത്രയാണെന്നത് വിശദീകരിക്കേണ്ടതില്ല.
ആ ശിവപ്രതിഷ്ഠയില്‍ സാമൂഹികമായ വിവേചനത്തിനെതിരായ കലാപമുണ്ട്. പ്രതിഷ്ഠ സ്ഥാപിക്കല്‍ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരായ കലാപമുണ്ട്. മഹാഭൂരിക്ഷം ജനവിഭാഗങ്ങളുടെ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനവുമുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന കഴിയുന്ന മാതൃകാസ്ഥാനമായി കേരളത്തെ മാറ്റാന്‍ ഉദ്ദേശിച്ചുള്ള പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കലായിരുന്നു അത്.
ഗുരു ഇക്കാര്യങ്ങളില്‍ ജാതിക്കതീതമായി ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെ സമീപനം ഇന്ന് അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് നമ്മൾ ആലോചിക്കണം.
ചാതുര്‍വര്‍ണ്യത്തിന്റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്നുകിടന്നിരുന്ന ഒരു സമൂഹത്തെ ആത്മാഭിമാനം പകര്‍ന്ന് ഉയര്‍ത്തിയെടുക്കുകയും നവോത്ഥാനത്തിന്റെ വെളിച്ചത്തിലൂടെ നയിച്ച് ഉയര്‍ത്തിക്കൊണ്ടുവരികയുമാണ് ഗുരു ചെയ്തത്. അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഒരു അധഃസ്ഥിത ജനസമൂഹത്തെ നട്ടെല്ല് നിവര്‍ത്തി തലയുയര്‍ത്തി നില്‍ക്കാന്‍ കെല്‍പ്പുള്ളവരാക്കി മാറ്റുകയാണ് ഗുരു ചെയ്തത്.
‘സംഘടിച്ച് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക’ എന്ന അദ്ദേഹത്തിന്റെ സന്ദേശം കേരള സമൂഹത്തെയാകെ മാറ്റിയെടുക്കുന്നതില്‍ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ ഏറ്റവും വലിയ ദൗത്യം ഇത് രണ്ടുമാണെന്ന് അദ്ദേഹം കരുതിയിരിക്കണം. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അറിവ് ഒരു ആയുധമാണെന്നും അത് നേടിക്കൊണ്ടുള്ള പോരാട്ടം മാത്രമേ സാമൂഹ്യമാറ്റം സാധ്യമാക്കൂ എന്നും അദ്ദേഹം ചിന്തിച്ചു. ഒപ്പം തന്നെ വ്യവസായങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസനത്തിന്റെ വഴി അതാണെന്ന് അദ്ദേഹം കണ്ടെത്തി.
മനുഷ്യന് ഒരു ജാതിയേ ഉള്ളു അത് മനുഷ്യജാതിയാണ് എന്ന ഗുരുവിന്റെ സന്ദേശം, ‘പലമതസാരവുമേകം’ എന്ന സന്ദേശം ഈ മതദ്വേഷം നിലനിൽക്കുന്ന മനുഷ്യമനസ്സുകളില്‍ എത്ര വലിയ വെളിച്ചമാകും പകര്‍ന്നുകൊടുക്കുക. വാളോങ്ങി നില്‍ക്കുന്നത് തന്റെ സഹോദരനെതിരെ തന്നെയാണ് എന്ന ഗുരുതത്വബോധം മനസ്സിലുണര്‍ന്നാല്‍ എത്രയോ കലാപങ്ങള്‍ അവസാനിക്കും, എത്രയോ രക്തച്ചൊരിച്ചിലുകള്‍ അവസാനിക്കും. അതിനാൽ ഗുരുവിന്റെ മാനുഷികസത്ത നിറഞ്ഞ സന്ദേശം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് എത്തിക്കാൻ കേരളം ശ്രമിക്കേണ്ടതാണ്.
‘അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം.’
എന്ന വരികളില്‍ അടങ്ങിയിട്ടുണ്ട് ഗുരുവിന്റെ ദൈവദര്‍ശനം. ‘ആത്മോപദേശ ശതക’ത്തിലേതാണ് ആ ഭാഗം. അന്യനോടുള്ള കരുതലാണ് മനുഷ്യത്വത്തിന്റെ ഔന്നത്യമെന്ന് ഗുരു പറഞ്ഞുവെക്കുന്നു ഈ വരികളില്‍. ഭേദചിന്തകള്‍ കൊണ്ട് മനുഷ്യരെ തമ്മില്‍ അകറ്റുന്ന ഇന്നത്തെ കാലത്ത് ഈ ദര്‍ശനം പ്രചരിപ്പിക്കേണ്ടത് ഏറെ അനിവാര്യമാണ്.
നമ്മുടെ സമൂഹത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെടുത്താല്‍ ഗുരു ചിന്തയുടെ വര്‍ത്തമാനകാല പ്രസക്തി തെളിയും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു പറയുന്ന നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഈയിടെ മണിപ്പൂരിലും ഹരിയാനയിലും ഒക്കെ കലാപങ്ങള്‍ നടക്കുന്നത് നാം കണ്ടു. ഉത്തര്‍പ്രദേശിലെ ക്ലാസ്-മുറികളില്‍ പോലും ആ വിദ്വേഷം പടര്‍ന്നു പിടിച്ചിരിക്കുന്നു. മണിപ്പൂരിലും ഹരിയാനയിലുമൊന്നും ഇപ്പോഴും വിദ്വേഷത്തിന്റെ തീയണഞ്ഞിട്ടില്ല. ലോകസമൂഹത്തിനു മുന്നില്‍ നമ്മള്‍ ലജ്ജിച്ചു തലതാഴ്ത്തുന്ന അവസ്ഥയിലേക്കു വരെ എത്തിച്ചേര്‍ന്നു കാര്യങ്ങള്‍. അങ്ങനെ വിദ്വേഷത്തിലേക്ക് നമ്മുടെ രാജ്യം സഞ്ചരിക്കുമ്പോള്‍, മാനവികതാമൂല്യങ്ങളിലേക്ക് അതിനെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഗുരുദർശനങ്ങളുടെ പ്രയോഗം.
ഗുരുവിനെപ്പോലെയുള്ള മഹത് വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്ന ഇടങ്ങളും അങ്ങനെയുള്ളവര്‍ ഇല്ലാതിരുന്ന ഇടങ്ങളും തമ്മിലുള്ള വ്യത്യാസം ഇന്ത്യന്‍ സമൂഹത്തില്‍ വളരെ പ്രകടമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ തുടര്‍ച്ച ഏറ്റെടുത്ത പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇല്ലാതിരുന്ന ഇടങ്ങളിലാണ് വംശവിദ്വേഷത്തിന്റെ പേരില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. ഇതര മതത്തില്‍പ്പെട്ട കുട്ടിയെ മര്‍ദ്ദിക്കാന്‍ മറ്റു കുട്ടികളോട് അധ്യാപകര്‍ ആവശ്യപ്പെട്ടതും അത്തരം ഇടങ്ങളില്‍ത്തന്നെ.
എന്നാല്‍ കേരളത്തില്‍ ഇതൊന്നും നടക്കാത്തത് എന്തുകൊണ്ടാണ്? ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിയ പുരോഗമന ചിന്തകളുടെയും അവയുടെ തുടര്‍ച്ച ഏറ്റെടുത്ത പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാന്നിധ്യം ഉള്ളതുകൊണ്ടാണ്.
ശാസ്ത്രബോധവും യുക്തിചിന്തയും ഇന്ന് വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ശാസ്ത്രരംഗത്ത് കുതിക്കുമ്പോഴും ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ നാം പരാജയപ്പെടുന്നു. സ്വയംവിമര്‍ശനപരമായിത്തന്നെ ഇതു പരിശോധിക്കേണ്ടതുണ്ട്.
പരിണാമസിദ്ധാന്തമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. പകരം തികച്ചും അശാസ്ത്രീയമായ അബദ്ധങ്ങളെ അവിടെ പ്രതിഷ്ഠിക്കുന്നു. ഇന്നലെ ചെയ്‌തോരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമായിത്തീരുന്നതിനെക്കുറിച്ച് ഗുരുശിഷ്യന്‍ കൂടിയായ കുമാരനാശാന്‍ എഴുതിയത് ഓർക്കേണ്ടതുണ്ട്. ഇതിനെല്ലാമെതിരെ വലിയ തോതിലുള്ള ചെറുത്തുനില്‍പ്പുകള്‍ നടത്താന്‍ ഉതകുന്നതാകണം ഗുരുസ്മരണ.
നാം ഇന്നു കാണുന്ന സ്വാതന്ത്ര്യവും ജനാധിപത്യ സംവിധാനങ്ങളും വിവേചനരഹിതമായ സമൂഹവുമൊക്കെ ആരും സുമനസ്സോടെ വെച്ചുനീട്ടിയതല്ലെന്ന ബോധം ഏവര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് എന്തിനൊക്കെ എതിരെയാണ് കേരളം നിലകൊണ്ടത്, അവയെ കേരളസമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്ന ഘട്ടമാണിത്. അയിത്തവും വിവേചനവും ഭേദചിന്തയുമെല്ലാം സമൂഹത്തിലേക്ക് മടങ്ങിവന്നാല്‍ മാത്രമേ അത്തരക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ വേരോട്ടമുണ്ടാവുകയുള്ളൂ. അത് അനുവദിക്കാനാവുന്ന ഒന്നല്ല. അത്തരം ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശ്രീനാരായണ ഗുരുവിന്റെ സ്മരണകളും സർവ്വമത സമ്മേളനത്തിലൂടെ അദ്ദേഹം പകർന്ന സന്ദേശങ്ങളും പ്രചോദനമായി മാറണം. ♦