Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിയഥാർഥത്തിൽ ആർഎസ്എസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?

യഥാർഥത്തിൽ ആർഎസ്എസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?

രാം പുനിയാനി

രാജ്യത്തെ എല്ലാ മതങ്ങളിൽനിന്നും എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടിയതായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന സങ്കൽപനവും ബഹുസ്വരതയുമായിരുന്നു അതിന്റെ ആധാരശില. സാഹോദര്യബന്ധത്താൽ അത് ജനങ്ങളെ തമ്മിൽ കൂട്ടിയിണക്കി. ഹിന്ദു, മുസ്ലീം ദേശീയതകൾക്കായി നിലകൊണ്ട വിഭാഗങ്ങൾ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽനിന്നും അകന്നുനിന്നു.

ഹിന്ദു ദേശീയവാദികൾ കഴിഞ്ഞ കുറെ വർഷങ്ങളായി അവകാശപ്പെടുന്നത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ അവരും പങ്കെടുത്തിരുന്നു എന്നും തങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല എന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് – ഇടതുപക്ഷ ചരിത്രകാരർ മാത്രമാണെന്നുമാണ്. ഈയിടെ പുറത്തുവന്ന രാകേഷ് സിൻഹ എഴുതിയ ഒരു ലേഖനത്തിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ ആർഎസ്എസ്സിന്റെ പങ്കിനെപ്പറ്റി ചില സാങ്കല്പിക കഥകൾ അവതരിപ്പിക്കുന്നു. ഇതിനെ സാധൂകരിക്കുന്നതിനായി അദ്ദേഹം എടുക്കുന്ന മുഖ്യ സ്രോതസ്സ് ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടുകളാണ്. 1930ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ആർഎസ്എസ് പങ്കെടുത്തതായും കെ ബി ഹെഡ്ഗേവാറിന്റെ പങ്കാളിത്തം അതിലുണ്ടായിരുന്നതുകൊണ്ടാണ് ആ പ്രസ്ഥാനം ശക്തിപ്പെട്ടതെന്നുമുള്ള അദ്ദേഹത്തിന്റെ അവകാശവാദം ഭാവനയിൽ സൃഷ്ടിച്ചെടുത്ത നുണക്കഥയാണ്. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു എന്നതും അദ്ദേഹം ജയിൽവാസം അനുഷ്ഠിച്ചു എന്നതും ശരിയാണ്. പക്ഷേ അത് തികച്ചും വ്യക്തിപരമായ കാരണങ്ങളാലായിരുന്നു. അതായത് അദ്ദേഹത്തിന്റെ ഹിന്ദുരാഷ്ട്ര അജൻഡയെ പിന്തുണയ്ക്കാൻ സാധ്യതയുള്ളവരെ ജയിലിൽ നേരിട്ടു കാണുന്നതിനുള്ള വഴിയൊരുക്കാനായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു വരി പോലും ഹെഡ്ഗേവാറിന്റെതായോ ആർഎസ്എസിന്റേതായോ ഇല്ല.

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടുള്ള ആർഎസ്എസിന്റെ സമീപനം ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലക്ക് ആയ എം എസ് ഗോൾവാൾക്കറിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. (ശ്രീ ഗുരുജി സമഗ്ര ദർശൻ എന്ന കൃതിയിൽ നിന്നും എടുത്തിട്ടുള്ളത്. വോള്യം IV, പേജ് 39) ഇതിൽ ഇങ്ങനെ പറയുന്നു: ‘‘നാൾക്കുനാൾ രാജ്യത്ത് ഉയർന്നുവരുന്ന സാഹചര്യം മനസ്സിൽ അസ്വസ്ഥത സൃഷ്ടിച്ചു. 1942ൽ ഇത്തരത്തിലൊരു അശാന്തിയുണ്ടായി. ഇതിനുമുമ്പ് 1930 – 31ൽ ഒരു മുന്നേറ്റം ഉണ്ടായി. ആ കാലത്ത് മറ്റനേകമാളുകൾ ഡോക്ടർജി (ഹെഡ്ഗേവാർ)യെ കാണാൻ പോയിരുന്നു. ഈ മുന്നേറ്റം നമുക്ക് സ്വാതന്ത്ര്യം നേടിത്തരുമെന്നും സംഘം അതിൽനിന്നും പിന്നോട്ടുപോകരുതെന്നും പ്രതിനിധി സംഘം ഡോക്ടർജിയോട് അഭ്യർഥിച്ചു. ആ സമയം ഒരു മാന്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി താൻ ജയിലിൽ പോകാൻ തയ്യാറാണെന്ന് ഡോക്ടർജിയോട് പറഞ്ഞപ്പോൾ ഡോക്ടർജി ചോദിച്ചു, ‘‘തീർച്ചയായും പോകൂ. പക്ഷേ അപ്പോൾ നിന്റെ കുടുംബത്തെ ആര് സംരക്ഷിക്കും? ആ വ്യക്തി അപ്പോൾ അതിനു മറുപടിയായി പറഞ്ഞു: ‘‘രണ്ടു വർഷത്തെ കുടുംബച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ വിഭവ സ്രോതസ്സുകൾ ഞാൻ ക്രമീകരിച്ചിട്ടുണ്ടെന്നു മാത്രമല്ല ആവശ്യം വരുമ്പോൾ പിഴയൊടുക്കാനുള്ളതും ഞാൻ കണ്ടു വച്ചിട്ടുണ്ട്’’. അപ്പോൾ ഡോക്ടർജി അദ്ദേഹത്തോടായി പറഞ്ഞു, രണ്ടു വർഷത്തേക്കുള്ള മുഴുവൻ വിഭവവും സമാഹരിച്ചുവെച്ചിട്ടുണ്ടെങ്കിൽ ആ രണ്ടുവർഷത്തേക്ക് സംഘത്തിനുവേണ്ടി പ്രവർത്തിക്കാനിറങ്ങുക’’. വീട്ടിലേക്കു മടങ്ങിയ അയാൾ ജയിലിലേക്കും പോയില്ല സംഘത്തിനുവേണ്ടി പ്രവർത്തിക്കാനുമിറങ്ങിയില്ല.

ഇതേരീതിയിൽ, 1942ൽ ഇന്ത്യയിൽ ക്വിറ്റിന്ത്യ പ്രക്ഷോഭമാരംഭിച്ചപ്പോൾ ആർഎസ്എസ് അതിന്റെ പതിവ് പ്രവർത്തനങ്ങൾ തുടരണമെന്നും ബ്രിട്ടീഷുകാരെ വിഷമിപ്പിക്കുന്ന യാതൊന്നും ചെയ്യരുതെന്നുമുള്ള നിർദ്ദേശം ഗോൾവാൾക്കർ പുറപ്പെടുവിച്ചു: ‘‘1942ൽ അനേകം ഹൃദയങ്ങളിൽ ശക്തമായ ഒരു വികാരം ഉണ്ടായിരുന്നു. എന്നാൽ സംഘം ആ സമയത്തും അതിന്റെ പതിവ് പ്രവർത്തനങ്ങളിൽ മുഴുകി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനുവേണ്ടി നേരിട്ട് യാതൊന്നും ചെയ്യില്ലെന്ന് സംഘം പ്രതിജ്ഞയെടുത്തു’’. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം തങ്ങളുടെ അജൻഡയുടെ ഭാഗമല്ലെന്ന് ഈ ആർഎസ്എസ് പ്രത്യയശാസ്ത്രകാരൻ വ്യക്തമായി പറയുന്നു: ‘‘മതത്തെയും സംസ്കാരത്തെയും സംരക്ഷിച്ചുകൊണ്ടുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി നമ്മുടെ പ്രതിജ്ഞയിൽ പറഞ്ഞത് നാം സദാ ഓർക്കണം; ബ്രിട്ടീഷുകാർ ഇവിടം വിട്ടു പോകുന്നതിനെക്കുറിച്ച് അതിൽ പരാമർശമില്ല എന്നതും’’ (ശ്രീ ഗുരുജി സമഗ്രദർശൻ, വോള്യം IV, പേജ് 40).

ഇപ്പോൾ സിൻഹ ആവശ്യപ്പെടുന്നത്, ആർഎസ്എസിന്റെ ലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകർ 1942ലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും അവരിൽ പലരും ബ്രിട്ടീഷുകാരാൽ കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്തു എന്ന് വിശ്വസിക്കണമെന്നാണ്. ആർഎസ്എസിന് അച്ചടക്കമുള്ള ഒട്ടേറെ സന്നദ്ധ പ്രവർത്തകരുണ്ടെന്നത് പ്രസിദ്ധമാണ്; അതുകൊണ്ടുതന്നെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിനുവേണ്ടി ആർഎസ്എസ് പ്രവർത്തകർ അവരുടെ സർ സംഘ ചാലകിനെ ധിക്കരിക്കുമെന്ന് കരുതാനാവില്ല. (ബ്രിട്ടീഷ് ഇന്റലിജൻസുപോലും ആർഎസ്എസിന്റെ അടിസ്ഥാന രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ച് ഓഫീസർമാർക്ക് മുന്നറിയിപ്പു നൽകുന്ന സർക്കുലർ) സംശയദൃഷ്ടിയോടെയാണ് ആർഎസ്എസിനെ കണ്ടത്. എന്തെന്നാൽ ആർഎസ്എസ് എല്ലായ്-പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങൾ ഒരു രാഷ്ട്രീയ സംഘടനയല്ല; സാംസ്കാരിക സംഘടനയാണ് എന്നാണ്. ഈ ആഖ്യാനത്തിനു വിരുദ്ധമായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആർഎസ്എസിനെപ്പറ്റിയുള്ള വ്യാഖ്യാനം.

സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ പങ്കെടുത്തതായി ഏറെക്കാലം അവകാശവാദങ്ങളൊന്നും ആർഎസ്എസിൽനിന്നും ഉണ്ടായിട്ടില്ല. എന്നാൽ ആദ്യമായി ആർഎസ്എസ് /ബിജെപി രാഷ്ട്രീയാധികാരത്തോടടുത്തെത്തിയപ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. ഈ ദിശയിലുള്ള ആദ്യത്തെ ശ്രമങ്ങളിലൊന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി നടത്തിയതാണ്. 1998 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി അദ്ദേഹം ഒരു വോട്ടഭ്യർത്ഥന നടത്തിയിരുന്നു. ആർഎസ്എസിനുവേണ്ടി. ശാഖാതല പ്രവർത്തനം മാത്രമല്ല ഞാൻ നടത്തിയിരുന്നത്, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും താൻ പങ്കെടുത്തിരുന്നു എന്ന് അദ്ദേഹം ആ അഭ്യർഥനയിൽ എഴുതി. ബദേശ്വർ സംഭവം ഉണ്ടാകുന്നതിന് ഏതാണ്ടടുപ്പിച്ചാണ് താൻ അറസ്റ്റ് ചെയ്യപ്പെട്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അറസ്റ്റിനുശേഷം ഉടൻതന്നെ അദ്ദേഹം കോടതിയിൽ കുറ്റസമ്മതവും നടത്തി. ആ കുറ്റസമ്മത മൊഴി അദ്ദേഹത്തെ ജയിൽമോചിതനാക്കാൻ സഹായിച്ചു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായ ബദേശ്വർ പ്രക്ഷോഭത്തിന്റെ നേതാക്കളുടെ പേരു പറയുകയുണ്ടായി. കെട്ടിടത്തിനുമുകളിൽ ത്രിവർണ പതാക ഉയർത്താൻ പോയവർ സ്വത്തുനാശം വരുത്തിയതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വാജ്പേയി കുറ്റസമ്മതമൊഴിയിൽ പറയുന്നു. താൻ ആ ഘോഷയാത്രയുടെ ഭാഗമായിരുന്നില്ല, വെറുമൊരു കാഴ്ചക്കാരൻ മാത്രമായിരുന്നു എന്നും അദ്ദേഹം കുറ്റസമ്മതം നടത്തുന്നു. ഇങ്ങനെ ക്ഷമാപണം നടത്തിയതിന്റെ ഫലമായി അദ്ദേഹം ജയിൽ മോചിതനാക്കപ്പെട്ടു.

സിൻഹയ്ക്ക് സമ്പന്നമായ ഭാവനാശേഷിയുണ്ട്. അതുകൊണ്ട് ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ ആർഎസ്എസിന്റെ പങ്ക് ബ്രിട്ടീഷ് ഭരണാധികാരികളെ പുല്ലുപോലെ തൂത്തെറിഞ്ഞെന്ന് അദ്ദേഹത്തിന് അവകാശപ്പെടാം. അപ്പോഴും ആർഎസ്എസിന്റെ ശാഖകളിലെ പതിവ് പ്രവർത്തനവും ക്യാമ്പുകളും മുടക്കംകൂടാതെ തുടർന്നു എന്നതാണ് യാഥാർഥ്യം. ഗാന്ധിയുടെയും കോൺഗ്രസിന്റെയും അനുയായികൾ അപ്പോൾ തെരുവുകളിലും ജയിലുകളിലുമായിരുന്നു. ചരിത്രത്തിലെങ്ങും ഇല്ലാതിരുന്ന ആർഎസ്എസ് ഇപ്പോൾ ആ ഇടത്തിലേക്ക് സ്വയം തിരുകിക്കയറാൻ ശ്രമിക്കുകയാണ്.

ആശയപരമായി, ഹിന്ദുത്വ രാഷ്ട്രീയ സംഘടനകൾ അവർക്കിടയിലെ ആഭ്യന്തര ഭിന്നതകൾക്കിടയിലും മുഖ്യമായും മുസ്ലിം ദേശീയതയെ തുരങ്കംവെക്കാനും ആ ലക്ഷ്യം നേടുന്നതിന് ബ്രിട്ടീഷുകാരുമായി സഹകരിക്കാനും യാതൊരു മടിയും കൂടാതെ തയ്യാറായി. ഹിന്ദു – മുസ്ലീം ഐക്യം എന്ന, ഗാന്ധിജിയുടെ കേന്ദ്ര മുദ്രാവാക്യത്തിൽ പ്രകടമാകുന്ന രാജ്യത്തിന്റെ വെെവിധ്യങ്ങളെ അവഗണിക്കുന്നതിലേക്കാണ് അവരുടെ ശ്രമങ്ങളുമുണ്ടായത്. സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് ഇല്ലായിരുന്നു എന്ന യാഥാർഥ്യത്തെ നിഷേധിച്ചുകൊണ്ട് ഇന്ന് അവർ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പുതിയ നിർമിതികൾ മുന്നോട്ടുവയ്ക്കുകയാണ്. ആഴത്തിൽ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഹിന്ദു ദേശീയതയ്ക്കായി നിലകൊള്ളുന്ന ആർഎസ്എസിന് ഇന്ത്യൻ ദേശീയതയ്ക്കുവേണ്ടി നിലകൊണ്ട പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിയില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 3 =

Most Popular