Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിസ്വാതന്ത്ര്യസമരവും ഹിന്ദുത്വ ഫാസിസവും

സ്വാതന്ത്ര്യസമരവും ഹിന്ദുത്വ ഫാസിസവും

പി എൻ ഗോപീകൃഷ്ണൻ

പി എൻ ഗോപീകൃഷ്ണൻ

ആർ എസ് എസിന്റെ പ്രവർത്തനത്തെക്കുറിച്ച് ചുഴിഞ്ഞാലോചിക്കുന്ന ആധികാരികമായ ആദ്യ ലേഖനം പ്രത്യക്ഷപ്പെടുന്നത് 1950 ലാണ്. ആ വർഷം ഫെബ്രുവരി നാലിന് പുറത്തിറങ്ങിയ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലാണ് (അന്നത്തെ പേര് ഇക്കണോമിക് വീക്കിലി) അത് പ്രത്യക്ഷപ്പെടുന്നത്. ദി ആർ എസ് എസ് എന്ന പേരിലുള്ള ആ ലേഖനം എഴുതിയത് ഡി.വി.കേൽക്കർ ആണ്. ഡി.വി. കേൽക്കർ ആർ എസ് എസ് വിരുദ്ധനായിരുന്നു എന്ന് കരുതുക വയ്യ. മറിച്ച് ആർ എസ് എസിന്റെ സ്ഥാപകനായിരുന്ന ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സുഹൃത്തും ഒരു പരിധിവരെ അദ്ദേഹത്തോട് യോജിച്ച് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായിരുന്നു. അതിനാൽ തന്നെ ആർ എസ് എസിന്റെ പ്രവർത്തനങ്ങൾ സമീപത്തുനിന്ന് വീക്ഷിക്കാനുള്ള അവസരം കേൽക്കറിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഉദ്ധരിക്കുന്നത് ഹെഡ്ഗേവാറും കേൽക്കറും തമ്മിലുള്ള അടുപ്പം വ്യക്തമാക്കാൻ ഉപകരിക്കും:

‘‘ഡോക്ടർ (ഡോ. ഹെഡ്ഗേവാർ) ഒരു പ്രഭാതത്തിൽ ഈ ലേഖകന്റെ അതിഥിയായി ബോംബെയിൽ സാന്നിധ്യമറിയിക്കുകയുണ്ടായി. അപ്പോൾ തന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യം ഈ ലേഖകനോട് വ്യക്തിപരമായി അദ്ദേഹം അറിയിക്കുകയുണ്ടായി. വീർ സവർക്കറിനോട് ആർ എസ് എസ് സംഘടനയുടെ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ആരായാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു’’.

1925 ലെ വിജയദശമി ദിനത്തിൽ നാഗ്പൂരിലാണ് ആർ എസ് എസ് പിറവിയെടുക്കുന്നത്. ഡോ. ഹെഡ്ഗേവാറിനെ മുൻനിർത്തി ആർ എസ് എസ് രൂപീകരിക്കുന്നതിൽ ഡോ. ബി.എസ്.മുഞ്ജേ , ബാബാറാവു എന്നറിയപ്പെട്ടിരുന്ന ഗണേഷ് ദാമോദർ സവർക്കർ എന്നിവർ പ്രധാന പങ്കുവഹിച്ചിരുന്നു. ഹെഡ്ഗേവാർ , ഡോ.ബി. എസ്. മുഞ്ജേയുടെ സംഘടനയായിരുന്ന രാഷ്ട്രീയമണ്ഡലിന്റെ പ്രവർത്തകനായിരുന്നു. ഡി.വി .കേൽക്കറും ആ സംഘടനയിൽ പ്രവർത്തിച്ചിരുന്നു. ഗാന്ധിജിയുടെ വരവോടെ ദേശീയ പ്രസ്ഥാനം ബാൽ ഗംഗാധർ തിലക് ഉയർത്തിപ്പിടിച്ചിരുന്ന നവ ബ്രാഹ്മണിക മൂല്യങ്ങളിൽ നിന്ന് തെന്നി മാറിയതോടെ തിലകിന്റെ അനുയായികൾ ദേശീയ പ്രസ്ഥാനത്തെ വെടിഞ്ഞ്,വ്യത്യസ്ത പേരുകളിലുള്ള സംഘടനകളിൽ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. അത്തരമൊരു തിലകൈറ്റ് സംഘടനയായിരുന്നു രാഷ്ട്രീയ മണ്ഡൽ. ആർ എസ് എസിന്റെ ആദ്യ ദശയിൽ നവ ബ്രാഹ്മണിക പ്രസ്ഥാനത്തിൽ നിന്നും ഫാസിസ്റ്റ് സംഘടനയായി അതിനെ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ഡോ.ബി എസ് മുഞ്ജേ .ഫാസിസ്റ്റ് ഇറ്റലിയിൽ ചെന്ന് മുസ്സോളിനിയെ നേരിൽ കാണുകയും കുട്ടികളെ ചെറുപ്പത്തിൽ തന്നെ പിടികൂടി ഫാസിസ്റ്റുകളാക്കി വളർത്തിയെടുക്കുന്ന ബലില്ല ,അവാങ് ഗാർഡിസ്റ്റി തുടങ്ങിയ സ്കൂളുകളുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്ത ആളാണ് മുഞ്ജേ .ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ബലില്ല സ്കൂൾ മാതൃകയാണ് ആർഎസ്എസിന് നിർദ്ദേശിച്ചത്. ഒരേ സമയം കായിക പരിശീലനത്തിനും ഫാസിസ്റ്റ് പ്രത്യയശാസ്ത്ര പ്രവർത്തനത്തിനും ഊന്നൽ കൊടുത്തുള്ള രീതിയായിരുന്നു ബലില്ല സ്കൂളിന്റേത്. ആ മട്ടിൽ ആർ എസ് എസിന്റെ പ്രവർത്തനത്തെ പുന:ക്രമീകരിക്കുന്നതിൽ മുഞ്ജേ പ്രധാനപ്പെട്ടൊരു മാർഗ്ഗനിർദ്ദേശകൻ ആയിരുന്നു. ഗണേഷ് ദാമോദർ സവർക്കർ ആകട്ടെ, വിനായക് ദാമോദർ സവർക്കറുടെ സഹോദരനും നവ ബ്രാഹ്മണിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനുമായിരുന്നു. വി.ഡി. സവർക്കർക്കൊപ്പം ആൻഡമാൻ തടവറയിൽ കഴിഞ്ഞിരുന്നു, അദ്ദേഹവും.

വിനായക് ദാമോദർ സവർക്കർ ആകട്ടെ ,ഇക്കാലത്ത് രത്നഗിരി ജില്ലയിൽ ജില്ലാത്തടവിൽ കഴിയുകയായിരുന്നു. ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ട് ജയിലിലേയ്ക്ക് പോയ വി.ഡി .സവർക്കർ ബ്രിട്ടീഷുകാർക്ക് നിരന്തരം മാപ്പെഴുതിക്കൊടുത്ത് വിമുക്തിവാങ്ങിയ കാലമായിരുന്നു അത്. ജയിൽ വിമുക്തനായെങ്കിലും കരുതൽ എന്ന നിലയിൽ രത്നഗിരി ജില്ല വിട്ടുപോകാൻ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് അനുമതി നൽകിയിരുന്നില്ല. ജയിൽ വിമുക്തനായി പുറത്തുവരുന്നതിന് തൊട്ടുമുമ്പ് 1923 ലാണ് സവർക്കർ , ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ‘ഹിന്ദുത്വ’ എന്ന പ്രബന്ധം രചിക്കുന്നത്. നവബ്രാഹ്മണ രാഷ്ട്രീയത്തെ ഹിന്ദുവംശീയതയെ അടിസ്ഥാനമാക്കിയുള്ള ഫാസിസ്റ്റ് രാഷ്ട്രീയമായി പരിവർത്തിപ്പിച്ച അടിസ്ഥാന ഗ്രന്ഥമാണ് പിൽക്കാലത്ത് “ഹിന്ദുത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾ ’. ( ദി എസ്സൻഷ്യൽസ് ഓഫ് ഹിന്ദുത്വ ) എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട ഈ പ്രബന്ധം. യഥാർത്ഥത്തിൽ ആർ എസ് എസിന്റെ രൂപീകരണത്തിന് നിദാനമായിത്തീർന്നത് ഈ ചെറുഗ്രന്ഥമാണ്.

സ്വാതന്ത്ര്യസമരം മൂർച്ഛിച്ചു വരുന്ന കാലത്താണ് ഈ ഗ്രന്ഥം എഴുതപ്പെടുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും എന്നു വേണ്ട, ഇന്ത്യയിലെ ബഹുസ്വരസമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഒന്നിച്ചു ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുന്ന ഘട്ടത്തിൽ ഇന്ത്യൻ മുസ്ലീങ്ങളെ ഒന്നാം നമ്പർ ശത്രുവായി കാണുന്ന പുസ്തകം യഥാർത്ഥത്തിൽ ചെയ്യുന്നത് സ്വാതന്ത്ര്യസമരത്തെ ശിഥിലീകരിക്കുക എന്ന ദൗത്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ “ഹിന്ദുത്വ’ എന്ന വി.ഡി .സവർക്കറുടെ ഗ്രന്ഥം ഹിന്ദുത്വഫാസിസത്തിന്റെ പ്രത്യയശാസ്ത്ര പുസ്തകം മാത്രമായിരുന്നില്ല .അത് ഇറങ്ങിയ ചരിത്ര സന്ദർഭത്തിൽ സ്വാതന്ത്ര്യ സമരത്തെ പിളർക്കുന്ന ഗ്രന്ഥവും അതുവഴി ബ്രിട്ടീഷ് അനുകൂലമായ ഒന്നുമായിരുന്നു. അതിനെ മുൻനിർത്തി രൂപീകരിച്ച ആർ എസ് എസ് അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമര വിരുദ്ധ പ്രസ്ഥാനമായിരുന്നു.

രത്നഗിരിയിൽ പോയി സവർക്കറെ സന്ദർശിച്ചു വന്ന ഹെഡ്ഗേവാർ ആർ എസ് എസിനെ സ്വാതന്ത്ര്യവിരുദ്ധ പ്രസ്ഥാനമാക്കി വളർത്തിയെടുത്തതെങ്ങനെ എന്ന് ആർ എസ് എസിനെ കുറിച്ചു പഠിച്ച നിരവധി ഗവേഷകർ വിശകലനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് സ്വാതന്ത്ര്യ സമരത്തിൽ നിന്നും എന്തുകൊണ്ട് മാറി നില്ക്കണമെന്ന് ഹെഡ്ഗേവാർ തന്റെ പ്രവർത്തകരെ ഉദ്ബോധിപ്പിക്കുന്നത് ഷംസുൾ ഇസ്ലാമിനെപ്പോലുള്ള പഠിതാക്കൾ എടുത്തുകാണിക്കുന്നുണ്ട്. ഹെഡ്ഗേവാർ പറഞ്ഞത് ഇങ്ങനെയാണ്: ‘‘നൈമിഷികമായ ആവേശങ്ങളുടേയും പെട്ടെന്നുണ്ടാകുന്ന വികാരങ്ങളുടേ പൊട്ടിത്തെറികളുടേയും പരിപാടികളിൽ നിന്നും സംഘം അകന്നുനിൽക്കേണ്ടതുണ്ട്. അത്തരം പരിപാടികളുമായുള്ള സഹകരണം സംഘത്തിന്റെ അടിസ്ഥാനത്തെ തന്നെ നശിപ്പിക്കാൻ മാത്രമേ ഉതകൂ’’. ഇന്ത്യ മുഴുവൻ ബ്രിട്ടീഷുകാർക്കെതിരെ തിളച്ചു മറിയുന്ന കാലത്താണ് ഹെഡ്ഗേവാർ ഇതു പറയുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ ഹെഡ്ഗേവാർ അന്തരിച്ചു. പിന്നീട് സർസംഘചാലകായി വന്ന എം എസ് ഗോൾവാൾക്കർ ആണ് ആർ എസ് എസിനെ ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടനയായി വാർത്തെടുത്തത്. സവർക്കറുടെ ഹിന്ദുത്വ കഴിഞ്ഞാൽ ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ മുന്നോട്ടു നയിച്ച പുസ്തകം ഗോൾവാൾക്കറുടെ “നമ്മൾ അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട ദേശീയാസ്തിത്വം’ ( We or our Nationhood Defined ) ആണ്. ഡി.വി. കേൽക്കർ തന്റെ ലേഖനത്തിൽ പറയുന്നത് പ്രസ്തുത പുസ്തകം ആർ എസ് എസ് പ്രവർത്തകരുടെ ബൈബിൾ ആയിരുന്നുവെന്നാണ്. ആർ എസ് എസിനെ അടുത്തു നിന്ന് നേരിട്ടു കണ്ട ഒരാൾ എന്ന നിലയിൽ കേൽക്കറുടെ വാക്കുകൾ ചരിത്ര രേഖകളാണ് .അതിലേയ്ക്ക് വരുന്നതിന് മുമ്പ് ബ്രിട്ടീഷ് വിരുദ്ധ സമരത്തെക്കുറിച്ചുള്ള ഗോൾവാൾക്കറുടെ അഭിപ്രായം എന്തായിരുന്നു എന്ന് നോക്കാം.

‘‘രാഷ്ട്രത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പനങ്ങൾക്ക് അടിത്തറയായി വർത്തിച്ച സ്ഥലപരമായ ദേശീയതയെക്കുറിച്ചും പൊതു അപകടത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങൾ നമ്മെ , നമ്മുടെ യഥാർത്ഥ ഹിന്ദു ദേശീയതാബോധത്തിന്റെ ഗുണാത്മകവും പ്രചോദനാത്മകവുമായ ഉള്ളടക്കത്തിൽ നിന്ന് പുറത്താക്കുന്നവയാണ്. അത് പല ” സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളേയും ’ അയഥാർത്ഥമായ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങൾ ആക്കിത്തീർക്കുന്നു . ബ്രിട്ടീഷ് വിരുദ്ധത,രാജ്യസ്നേഹവുമായും ദേശീയതയുമായി സമീകരിക്കപ്പെടുന്നു. ഈ പിന്തിരിപ്പൻ ദർശനം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവൻ പ്രവർത്തനത്തിനുമേലും അതിന്റെ നേതാക്കളിലും സാധാരണ മനുഷ്യരിലും ദുരന്താത്മകമായ ഫലങ്ങൾ വീഴ്ത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ ബഹുസ്വരതയെ ഉൾക്കൊള്ളുന്ന ,മതേതരമായ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ ഒക്കെത്തന്നെ ദുരന്തഫലങ്ങൾ ആണ് ഉണ്ടാക്കുക എന്നായിരുന്നു ഗോൾവാൾക്കറുടെ അഭിപ്രായം. ഹിന്ദു ദേശീയതയിൽ ഊന്നിയ ഒരു രാഷ്ട്രദർശനത്തിൽ കവിഞ്ഞുള്ള ഒരു രാഷ്ട്രദർശനവും ആർ എസ് എസും ഗോൾവാൾക്കറും അംഗീകരിച്ചിരുന്നില്ല.

“നമ്മൾ അഥവാ നമ്മുടെ നിർവ്വചിക്കപ്പെട്ട ദേശീയാസ്തിത്വ ’ത്തിൽ ഗോൾവാൾക്കർ ഇത് കൂടുതലായി വ്യക്തമാക്കുന്നുണ്ട്. ” രാഷ്ട്രം എന്ന പദം ഉൾക്കൊള്ളുന്ന ആശയം അഞ്ച് വ്യത്യസ്ത ഘടകങ്ങളുടെ സങ്കലനമാണ് .ഒന്നായി ഉരുകിച്ചേർന്ന അഞ്ചു കാര്യങ്ങൾ . പ്രസിദ്ധമായ അഞ്ചുകളുടെ ‘ഐക്യപ്പെടൽ’ : ഭൂമിശാസ്ത്രപരം (രാജ്യം) ,വംശീയം (വംശം), മതപരം (മതം) ,സാംസ്കാരികം (സംസ്കാരം),ഭാഷാപരം (ഭാഷ). സവർക്കർ “ഹിന്ദുത്വ ’ യിൽ ആവിഷ്കരിച്ച പിതൃഭൂമിയും പുണ്യഭൂമിയും എന്ന സങ്കല്പനങ്ങളെ വികസിപ്പിച്ചെടുത്തതാണിത്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായങ്ങളുടെ പുണ്യസ്ഥലങ്ങൾ ഇന്ത്യൻ ഭൂപടത്തിനു പുറത്തായതിനാൽ അവരെ പൗരരായി കണക്കാക്കാൻ പറ്റില്ല എന്നതായിരുന്നു സവർക്കർ മുന്നോട്ടുവെച്ച വാദത്തിന്റെ ആകെത്തുക. ഈ വാദം അനുസരിച്ചാണെങ്കിൽ ഈ ലോകം എന്നത് ചരിത്രപരമായി മതങ്ങൾ ഉടലെടുത്ത പ്രദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമായിത്തീരില്ലേ എന്ന് സവർക്കറോട് ആരും ചോദിക്കാഞ്ഞത് ,അക്കാലത്തെ തന്നെ പൗരത്വ ദർശനങ്ങൾ ഗോത്ര വ്യവസ്ഥ വിട്ട് ആധുനിക ദശ പൂകിയതുകൊണ്ടാണ്. എന്നാൽ സവർക്കറുടെ പ്രാകൃതമായ ഈ ഫാസിസ്റ്റ് പൗരത്വവാദത്തെ കൊടും ക്രൂരമായ ഫാസിസ്റ്റ് ദർശനമായി അവതരിപ്പിക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്. മേൽപ്പറഞ്ഞ അഞ്ച് ഏകകങ്ങളെ ഭാരതം, ഹിന്ദു ,സംസ്കൃതം എന്നീ മൂന്ന് ഘടകങ്ങൾക്കുള്ളിൽ വിരിയുന്ന ആര്യസങ്കല്പത്തെ മുന്നോട്ടുവെയ്ക്കുന്നതിനാണ് ഗോൾവാൾക്കർ ശ്രമിച്ചത്; അതുമായി ചേർന്നുനില്ക്കാത്ത ന്യൂനപക്ഷങ്ങളെ വൈദേശികമാക്കാനും . തലമുറതലമുറയായി ഇവിടെ ജീവിച്ചു വരുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെട്ട ന്യൂനപക്ഷങ്ങൾ അതോടെ നിന്ന നില്പിൽ വൈദേശികരായിത്തീരുന്നു. ഗോൾവാൾക്കർ വ്യക്തമാക്കുന്നു: ‘‘ആത്യന്തികമായി രാഷ്ട്രത്തെപ്പറ്റി ആലോചിക്കുമ്പോൾ നാം മനസ്സിൽ കരുതേണ്ടത് ആ (മേൽപ്പറഞ്ഞ) ആശയത്തിന്റെ അഞ്ചു മടക്കുകളുടെ പരിധിയ്ക്ക് പുറത്തു വീഴുന്നവർ ( ന്യൂനപക്ഷങ്ങൾ) അവരുടെ വ്യത്യസ്തത വെടിയുന്നില്ലെങ്കിൽ, രാഷ്ട്രത്തിന്റെ മതവും സംസ്കാരവും ഭാഷയും (ഹിന്ദുമതവും ഹിന്ദു സംസ്കാരവും സംസ്കൃതവും / സംസ്കൃതജന്യ ഭാഷകളും) സ്വീകരിച്ചില്ലെങ്കിൽ , ദേശീയ വംശത്തിൽ (ഹിന്ദുവംശം) മുഴുവനായി തങ്ങളെത്തന്നെ അലിയിച്ചില്ലെങ്കിൽ, അവർക്ക് ദേശീയ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല എന്നാണ്. എത്രയും കാലം അവർ അവരുടെ വംശീയവും മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ കൊണ്ടു നടക്കുന്നുവോ അത്രയും കാലം അവർ വിദേശികൾ മാത്രമായിരിക്കും. രാഷ്ട്രത്തോട് സൗഹൃദമോ ശത്രുതയോ പുലർത്തുന്ന വിദേശികൾ’’. അതായത് ഇന്ത്യാക്കാരാണെങ്കിലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണെങ്കിലും ന്യൂനപക്ഷങ്ങൾ ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം ആത്യന്തികമായി വിദേശികൾ മാത്രമാണ്.

അപ്പോൾ ഗോൾവാൾക്കറുടെ ‘ഹിന്ദുരാഷ്ട്ര ‘ത്തിൽ ന്യൂനപക്ഷങ്ങൾ എന്താണ് ചെയ്യുക? അതിനും ഗോൾവാൾക്കർ ഉത്തരം തരുന്നുണ്ട്. ‘‘രണ്ടേ രണ്ടു വഴികൾ മാത്രമേ വൈദേശിക മൂലകങ്ങൾക്ക് (ന്യൂനപക്ഷങ്ങൾക്ക്) മുന്നിലുള്ളു. ഒന്നുകിൽ ദേശീയ വംശത്തിൽ (ഹിന്ദുവംശത്തിൽ) തങ്ങളെത്തന്നെ ലയിപ്പിച്ച് അതിന്റെ സംസ്കാരം ആർജ്ജിക്കുക . അല്ലെങ്കിൽ ദേശീയ വംശം (ഹിന്ദുവംശം) അനുവദിക്കും വരെ അവരുടെ കരുണയിൽ ജീവിക്കുകയും ദേശീയ വംശത്തിന്റെ (ഹിന്ദുവംശത്തിന്റെ ) മധുരേച്ഛ മറ്റൊന്നാകുമ്പോൾ രാജ്യം വിടുകയും ചെയ്യുക .അതാണ് ന്യൂനപക്ഷ പ്രശ്നത്തിന്മേൽ എടുക്കേണ്ട ശരിയായ വീക്ഷണം. അതു മാത്രമാണ് രാജ്യത്തിനുള്ളിൽ രാജ്യത്തെ സൃഷ്ടിക്കുന്ന ,രാഷ്ട്രത്തിന്റെ രാഷ്ട്രീയ ശരീരത്തെ ബാധിക്കുന്ന ക്യാൻസറിന്റെ അപകടത്തിൽ നിന്നും അതിനെ അകറ്റി നിർത്തുക .പഴയ തീക്ഷ്ണ ബുദ്ധികളായ രാഷ്ട്രങ്ങൾ അനുമതി തന്ന ഈയൊരു വീക്ഷണകോണിൽ നിന്നും നോക്കിയാൽ ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ (ന്യൂനപക്ഷങ്ങൾ ) ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും പഠിക്കുകയും അതിനോട് എപ്പോഴും ആദരവ് സൂക്ഷിക്കുകയും ഹിന്ദു രാഷ്ട്രത്തിന്റെ മഹത്വപ്രഘോഷത്തെയല്ലാതെ മറ്റാശയങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും അവരുടെ വ്യത്യസ്തമായ അസ്തിത്വത്തെ ഹിന്ദുവംശത്തിൽ ലയിപ്പിച്ചില്ലാതാക്കുകയും ചെയ്യുക. അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു മുൻഗണനയും അർഹിക്കാതെ, ഏതെങ്കിലും തരത്തിലുള്ള സംരക്ഷണ നടപടികളിൽ നിന്നും ദൂരെ, പൗരാവകാശങ്ങൾ പോലുമില്ലാതെ, മുഴുവനായി ഹിന്ദുരാഷ്ട്രത്തിന് കീഴ്പ്പെട്ട് അവർക്കിവിടെ ജീവിക്കാം. മറ്റൊരു വഴിയും അവർക്ക് സ്വീകരിക്കാനില്ല. നമ്മൾ ഒരു പുരാതന രാഷ്ട്രമാണ്. ജീവിക്കാൻ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുത്ത വൈദേശിക വംശങ്ങളെ (ന്യൂനപക്ഷങ്ങളെ) കൈകാര്യം ചെയ്യാൻ ആ പുരാതനരാജ്യങ്ങൾ എമ്മട്ടിൽ നിർബന്ധിതമായോ അമ്മട്ടിൽ നമുക്കും പ്രവർത്തിക്കാം’’.

1939 ൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് ഈ പുസ്തകം ഗോൾവാൾക്കർ പുറത്തിറക്കുന്നത്. അതോടൊപ്പം ഇതിലെ ആശയങ്ങൾ സ്വരൂപിക്കപ്പെടുന്നത് ജർമ്മനിയും ഇറ്റലിയും ഫാസിസത്തിന്റെ വിജയം ആഘോഷിക്കുന്ന കാലത്താണെന്നും മനസ്സിലാക്കാൻ പ്രയാസമില്ല. ബ്രിട്ടൻ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുമ്പോൾ , ഗോൾവാൾക്കർ വിദേശികൾ എന്ന് വിളിക്കുന്നത് ബ്രിട്ടീഷുകാരെയല്ല എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. പകരം ഇന്ത്യക്കാരായ ന്യൂനപക്ഷങ്ങളെയാണ്. ആർ എസ് എസിന് സ്വാതന്ത്ര്യ സമരത്തോടുള്ള കാഴ്ചപ്പാട് എന്തായിരുന്നുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. സ്വാതന്ത്ര്യ സമരത്തിലെ മിക്കവാറും എല്ലാ ധാരകളും സാമ്രാജ്യത്വത്തിനെതിരെ നിലപാട് എടുക്കുകയും സാമ്രാജ്യത്വ വിരുദ്ധ സമരത്തിനായി ഇന്ത്യൻ ജനതയെ മത നിരപേക്ഷമായി സംഘടിപ്പിക്കുകയും ചെയ്യുന്ന സമയത്താണ് ഇന്ത്യൻ ജനതയുടെ ഐക്യത്തേയും മുന്നേറ്റത്തേയും വെട്ടിമുറിക്കുന്ന നിലപാട് ആർ എസ് എസും ഗോൾവാൾക്കറും സ്വീകരിക്കുന്നത്.

സ്വാതന്ത്ര്യം നേടിയ കാലത്ത് ആർ എസ് എസുകാരുടെ മനോഭാവം എന്തായിരുന്നുവെന്ന് കേൽക്കർ വെളിപ്പെടുത്തുന്നുണ്ട്. ‘‘എല്ലാ ആർ എസ് എസ് അംഗങ്ങളും ,ഏറ്റവും ചുരുങ്ങിയത് ഈ ലേഖകൻ അറിയുന്നവരും കണ്ടുമുട്ടിയവരും, 1947 ആഗസ്റ്റ് 15 ന് കാണപ്പെട്ടത് കരയും പോലെയാണ്. ഒരുപക്ഷേ സ്വരാജ്, പരമാധികാര റിപ്പബ്ലിക്ക് പോലും , ബ്രിട്ടനെതിരെയുള്ള അക്രമാസക്തമായ യുദ്ധത്തിലൂടെയല്ലാതെ നേടാൻ കഴിഞ്ഞതിലുള്ള നിരാശ അവരെ മൂടിയതാകാം .അതും ദേശീയ പ്രസ്ഥാനം തുടങ്ങിവെച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ ആർ എസ് എസിന്റേതായ എന്തെങ്കിലും ഔദ്യോഗിക സംഭാവന ഇല്ലാതിരിക്കേ. ” അത് മാത്രമല്ല നേരിട്ടുള്ള സാക്ഷി എന്ന നിലയ്ക്ക് കേൽക്കർ രേഖപ്പെടുത്തിയിട്ടുള്ളത്, ‘‘1947 നവംബറിൽ എപ്പോഴോ ,ഇപ്പോഴത്തെ സർ സംഘ് ചാലക് ആയിട്ടുള്ള എം എസ് ഗോൾവാൾക്കർ ദാദറിലെ ശിവാജി പാർക്കിൽ നടത്തിയ പ്രഭാഷണത്തിൽ ജീവിതം മുഴുവൻ നീണ്ടു നിന്ന ത്യാഗത്തിലൂടെയും അദ്ധ്വാനത്തിലൂടെയും രക്തച്ചൊരിച്ചിലോ ദുഷ്ടവിചാരമോ കൂടാതെ സ്വരാജ്യം സാധ്യമാക്കിയ ശില്പികളെക്കുറിച്ച് ഒരു നല്ല വാക്കുപോലും പറയാനുണ്ടായിരുന്നില്ല. അതിനുവിരുദ്ധമായി അദ്ദേഹം ഗാന്ധിക്ക് മേൽ വെറുപ്പു ചൊരിഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഗാന്ധി നിരവധി വിഡ്ഢിത്തങ്ങൾ ചെയ്ത ഒരാളായിരുന്നു’’.

സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന അവസ്ഥയിൽ അതിൽ പങ്കെടുക്കുന്ന ജനങ്ങളെയും ,അതിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഇന്ത്യൻ ജനത എന്ന സങ്കല്പനത്തേയും പിളർക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ ബ്രിട്ടീഷുകാർക്ക് നേരിട്ടു പിന്തുണ നൽകുന്നതിനും ഹിന്ദുത്വഫാസിസ്റ്റുകൾ മുന്നിട്ടിറങ്ങി. രണ്ടാംലോകയുദ്ധത്തിൽ ,ബ്രിട്ടനെടുത്ത നിലപാടുകളെ എതിർത്ത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രവിശ്യാ ഗവണ്മെന്റുകൾ രാജിവെച്ചപ്പോൾ അതുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ ഓടിയെത്തിയത് ഹിന്ദുമഹാസഭയും ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗുമാണ്. വർഗ്ഗീയ രാഷ്ട്രീയത്തെ മുൻനിർത്തി പരസ്പരം കടിച്ചു കീറാനൊരുങ്ങി നിൽക്കുന്ന കക്ഷികൾ ബ്രിട്ടീഷുകാരുടെ മടിയിൽ ഇരട്ടക്കുട്ടികളെപ്പോലെ ഒന്നിച്ചിരുന്നു. ബംഗാളിൽ ,ജിന്നയുടെ മുസ്ലീംലീഗിൽ നിന്ന് പിളർന്നു പോന്ന കക്ഷിയായ കൃഷക് സമാജ് പാർട്ടിയുമായി ഹിന്ദുമഹാസഭ കൂട്ടുകൂടി ഭരണം തുടങ്ങി. ഫസ്ലുൽ ഹക്കിന്റെ മന്ത്രിസഭയിൽ ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖർജി ഉപമുഖ്യമന്ത്രിയായി. ജിന്നയുടെ മുസ്ലീം ലീഗിൽ നിന്നും സാങ്കേതിക കാരണങ്ങളാൽ വേർപിരിഞ്ഞെങ്കിലും ഫസ് ലുൽ ഹക്ക് പിന്തുടർന്നിരുന്നത് മുസ്ലീം ലീഗിന്റെ വിഭജന നയം തന്നെയായിരുന്നു. സിന്ധും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസും അവർ മുസ്ലീംലീഗിനൊപ്പം ഭരിച്ചു. സിന്ധ് ഗവണ്മെന്റ് ഇന്ത്യാ വിഭജനത്തിനു വേണ്ടിയുള്ള പ്രമേയം പാസ്സാക്കുമ്പോൾ ഹിന്ദുമഹാസഭ ആ ഗവണ്മെന്റിൽ പങ്കാളിയായിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

സ്വാതന്ത്ര്യ സമരത്തിൽ ഒരു നിലയ്ക്കും പങ്കെടുത്തില്ലെങ്കിൽ പോലും ഹിന്ദുത്വ ഫാസിസ്റ്റ് കക്ഷികൾ ,സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഹിന്ദുരാഷ്ട്രരൂപീകരണത്തിനുള്ള ശ്രമം നടത്തുകയുണ്ടായി എന്ന് അക്കാലത്തെ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ അറിയാൻ കഴിയും. പൊരുതി നേടിയ സ്വാതന്ത്ര്യത്തെ അവർ അംഗീകരിച്ചിരുന്നില്ല എന്നതിനപ്പുറം അതിനെ എതിർക്കാനാണ് അവർ തുനിഞ്ഞത്. ലാറി കോളിൻസും ഡൊമിനിക് ലാപിയറും “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന വിശ്രുത പുസ്തകത്തിൽ അവരുടെ മനോഭാവം എന്തായിരുന്നുവെന്ന് വിവരിക്കുന്നുണ്ട്:

‘‘ബോംബെയിൽ നിന്ന് 119 മൈലുകൾ തെക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന പൂന എന്ന ഉൾനഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഒരിടത്താണ് ആഘോഷം നടന്നിരുന്നത്. ഇന്ത്യ എന്ന പുതിയ രാജ്യത്തിന്റെ തലങ്ങും വിലങ്ങുമുള്ള സ്ഥലങ്ങളിൽ സംഭവിച്ച പോലെ ഇവിടെയും ആയിരങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യപ്പെട്ടു. അതൊരു പതാകാരോഹണമായിരുന്നു. പക്ഷേ, മറ്റു സ്ഥലങ്ങളിൽ നടന്നതിൽ നിന്നും ഇത് അല്പം വ്യത്യസ്തമായിരുന്നു. അഞ്ഞൂറ് പേരടങ്ങുന്ന ആൾക്കൂട്ടത്തിന് നടുവിൽ താത്കാലികമായി നിർമ്മിച്ച ദണ്ഡിൽ , പതുക്കെ പതുക്കെ ഉയർന്നു പൊങ്ങുന്ന പതാക സ്വതന്ത്ര ഇന്ത്യയുടേതായിരുന്നില്ല. അത് ത്രികോണരൂപത്തിലുള്ള കാവി പതാകയായിരുന്നു. യൂറോപ്പിനെ ദശകങ്ങളോളം പേടിപ്പെടുത്തിയ ആ ചിഹ്നം ,സ്വസ്തിക ,ഇത്തിരി പരിഷ്കരണത്തോടെ അതിൽ വരച്ചു ചേർത്തിരുന്നു’’.

ആരായിരുന്നു അവർ ?ലാറി കോളിൻസും ഡൊമിനിക് ലാപിയറും പറയുന്നു: ‘‘പൂനയിൽ തടിച്ചു കൂടിയ ആ മനുഷ്യർ എല്ലാം തന്നെ ആർ എസ് എസുകാരായിരുന്നു’’. ആർ എസ് എസിനെ ഫാസിസ്റ്റോന്മുഖ സംഘടന എന്നാണ് അവർ വിശേഷിപ്പിക്കുന്നത്.

സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യൻ പതാകയേയും ഇന്ത്യൻ ഭരണഘടനാ അസംബ്ലിയേയും ഹിന്ദുത്വഫാസിസ്റ്റ് സംഘടനകൾ അംഗീകരിക്കാതിരുന്നത് സ്വാതന്ത്ര്യ സമരത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച അതേ നയത്തിന്റെ തുടർച്ചയായിരുന്നു. ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിനുമേൽ ഹിന്ദുത്വ ഇന്ത്യ എന്ന പ്രയോഗം നടപ്പിലാക്കാൻ അവർ ശ്രമിച്ചത് വിഭജനത്തിന് ശേഷം പാകിസ്താനിൽ നിന്നും ഇന്ത്യയിലെത്തപ്പെട്ട ഹിന്ദു അഭയാർത്ഥികളെ മുൻനിർത്തിയായിരുന്നു. ഇന്ത്യയിലേയ്ക്കുള്ള യാത്രയിൽ അവരനുഭവിച്ച കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദി ഗാന്ധിയാണെന്ന ദുഷ്-്പ്രചാരണം അവർ ഹിന്ദു അഭയാർത്ഥികളിൽ കുത്തിവെയ്ക്കാൻ തുടങ്ങി. ഡൽഹിയിലെ വർഗ്ഗീയമായ അസ്വസ്ഥതകൾക്കുപിന്നിൽ രാഷ്ട്രീയമായി വർത്തിച്ചത് ഹിന്ദുഫാസിസ്റ്റുകളുടെ ഈ തന്ത്രമായിരുന്നു. ഡൽഹി ,ഗാന്ധിയുടെ ഭാഷയിൽ ‘മൃതരുടെ നഗരം’ ആയി മാറി. 1948 ജനുവരി 13 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ 78 വയസ്സിനപ്പുറം പ്രായമുള്ള ഗാന്ധിജി നടത്തിയ നിരാഹാര സമരമാണ് അവരുടെ ഈ രാഷ്ട്രീയ നീക്കത്തെ തകർത്തെറിഞ്ഞത്. അതിന് സ്വജീവൻ ഒരു ഹിന്ദു ഫാസിസ്റ്റിന് മുന്നിൽ ഗാന്ധിജിക്ക് നൽകേണ്ടി വന്നു.

ഗാന്ധിവധത്തിന് ശേഷം ഉടൻ തന്നെ ആർ എസ് എസ് നിരോധിക്കപ്പെട്ടു. 1948 ഫെബ്രുവരി 4 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേൽ പുറപ്പെടുവിച്ച ഉത്തരവിൽ ഇങ്ങനെ പറയുന്നു: ‘‘രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ അംഗങ്ങൾ തീവെയ്പ്, കൊള്ള ,സായുധക്കൊള്ള , കൊല എന്നീ ഹിംസാത്മക നടപടികളിൽ മുഴുകുന്നതായും അനധികൃത ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുന്നതായും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് ഭീകരവാദം സ്വീകരിക്കാനും തോക്കുകളും മറ്റും ശേഖരിക്കാനും അവരിൽ ഗവണ്മെന്റിനെതിരെ വിരോധം സൃഷ്ടിക്കാനും പൊലീസിനേയും സൈന്യത്തേയും അന്യായമായി സ്വാധീനിച്ച് വഴിതെറ്റിക്കാനും ഉദ്ദേശിച്ചിട്ടുള്ള ലഘുലേഖകൾ അവർ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്’’.

പുതുതായി ലഭിച്ച സ്വാതന്ത്ര്യത്തെ അസ്വസ്ഥപ്പെടുത്താനുള്ള അവരുടെ നടപടികളുടെ ചുരുക്കം ഈ ഗവണ്മെന്റ് കമ്യൂണിക്കേയിൽ നിന്നും നമുക്ക് മനസ്സിലാക്കാനാകും.

ഇന്ത്യൻ പതാകയേയും ഇന്ത്യൻ ഭരണഘടനാ അസംബ്ലിയേയും അക്രമാസക്തമായ രീതിയിൽ അപലപിച്ചിരുന്ന ആർ എസ് എസ് താൽക്കാലികമായെങ്കിലും ആ എതിർപ്പ് ചുരുട്ടിക്കെട്ടാൻ നിർബന്ധിതമായത് ഈ നിരോധനം കൊണ്ടാണ്. നിരോധനം മാറ്റിക്കിട്ടാൻ ഇന്ത്യൻ പതാകയേയും ഇന്ത്യൻ ഭരണഘടനയേയും കടലാസിലെങ്കിലും അംഗീകരിക്കാൻ ആർഎസ്എസ് നേതാക്കൾ നിർബന്ധിതരായി. അതോടൊപ്പം ഒരു രഹസ്യ സംഘടന അല്ല എന്ന് കാണിക്കാൻ ആർ എസ് എസിന്റെ പ്രവർത്തനത്തിന് ആധാരമാക്കാനായി ,ഒരു സംഘടനാ ഭരണഘടന നിർമിക്കാനും അവർ നിർബന്ധിതരായി.

മേൽപ്പറഞ്ഞ ചരിത്രത്തെ ക്രോഡീകരിച്ചാൽ ,ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മാറിനിൽക്കുക എന്നത് മാത്രമല്ല ഹിന്ദു ഫാസിസ്റ്റുകൾ ചെയ്തത്, ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുക കൂടിയാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പുമായി നടന്ന ഇന്ത്യൻ റിപ്പബ്ലിക് രൂപീകരണത്തേയും ഭരണഘടനാ നിർമ്മാണത്തേയും സംബന്ധിച്ച എല്ലാ പ്രക്രിയകളേയും തുരങ്കം വെയ്ക്കാൻ അവർ പരിശ്രമിച്ചു. സാമ്രാജ്യത്വത്തെ അനുകൂലിക്കുന്ന ആഗോള നയവും ഫാസിസത്തെ അനുകൂലിക്കുന്ന ആഭ്യന്തര നയവുമായിരുന്നു അവരിൽ അടിമുടി നിലനിന്നിരുന്നത്. വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ ദേശീയതയുടെ, ഇന്ത്യൻ പതാകയുടെ ,ദേശാഭിമാനത്തിന്റെ പ്രതീകങ്ങളാക്കി തങ്ങളെ തന്നെ അവതരിപ്പിക്കുമ്പോൾ, അതിന്റെ സത്യാനന്തരത തിരിച്ചറിയാൻ നമുക്ക് കഴിയണം. അവർ മുഴക്കുന്നത് നുണയുടെ പൊള്ളച്ചെണ്ടകളാണ് എന്ന് വിളിച്ചു പറയാൻ യഥാർത്ഥ ചരിത്രവിതരണത്തിന്റെ പാതകൾ ശക്തമായേ തീരൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular