Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിസാമുദായികതയും വർഗരാഷ്ട്രീയവും

സാമുദായികതയും വർഗരാഷ്ട്രീയവും

കെ എൻ ഗണേശ്

കെ എൻ ഗണേശ്

എസ്എൻഡിപി കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ സാമുദായിക സംഘടനകളിലൊന്നാണ്. കേരളത്തിലുടനീളം അവർക്ക് ഘടകങ്ങളുണ്ട്, ധാരാളം പ്രവർത്തകരുമുണ്ട്. നിരവധി സ്കൂളുകൾ, കോളേജുകൾ, ധർമ്മസ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ അവരുടെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. സാമുദായിക സ്ഥാപനമാണെങ്കിലും എല്ലാ ക്കാലത്തും കേരള രാഷ്ട്രീയത്തിൽ അവർ സജീവ സാന്നിധ്യമാണ്.

1970കളിൽ എസ്ആർപി എന്ന രാഷ്ട്രീയ പാർട്ടി അവർ രൂപീകരിച്ചിരുന്നു. ആ പാർട്ടിക്ക് രാഷ്ട്രീയത്തിൽ വേണ്ടത്ര വേരുകൾ ലഭിക്കാത്തതുകൊണ്ട് ആ ശ്രമം അവർ ഉപേക്ഷിച്ചു. അടുത്തകാലത്താണ് തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് എന്ന രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കിയത്. ഉടൻ തന്നെ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ബിഡിജെഎസിന് ഭേദപ്പെട്ട നിലയിലുള്ള പിന്തുണ ലഭിച്ചു. അസംബ്ലിയിൽ സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും അവർ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ നിലപാടുകളിൽ ബിജെപിക്ക് അനുകൂലമായ മാറ്റമുണ്ടാക്കാൻ കഴിയുന്നുവെന്നത് വസ്തുതയാണ്. എസ്എൻഡിപിയുടെ നിലപാടുകളിൽ വന്ന മാറ്റത്തെയാണ് ഇതു കാണിക്കുന്നത്.

എസ്എൻഡിപിയുടെ സാമൂഹ്യ ധർമ്മം
പത്തൊമ്പതാം നൂറ്റാണ്ടിൽ അയ്യാ വെെകുണ്ഠർ, അയ്യാഗുരു, ആറാട്ടുപുഴ വേലായുധപ്പണിക്കർ തുടങ്ങിയവരുടെ പ്രവർത്തനം, ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും തുടർന്നു നടന്ന പ്രതിഷ്ഠകളും, ഈഴവ മെമ്മോറിയൽ തുടങ്ങിയവ സൃഷ്ടിച്ച കോളിളക്കമാണ് എസ്എൻഡിപിയുടെ സ്ഥാപനത്തിലേക്കു നയിച്ചത്. ഇതിന്റെ ഫലമായി ഇൗഴവരുടെ ഇടയിലും പൊതുവിൽ അവർണരുടെ ഇടയിലും നടന്ന മുന്നേറ്റം പൊതുവിലുള്ള ജാതിവിരുദ്ധ – നാടുവാഴി വിരുദ്ധ പ്രസ്ഥാനമായി മാറി. അവർണരുടെ സാമൂഹ്യമായ മുന്നേറ്റം കൂടാതെ അവരുടെ വിദ്യാഭ്യാസം, തൊഴിലുകൾ, ജീവിതരീതികൾ, പ്രപഞ്ചബോധം തുടങ്ങിയവയിലെല്ലാം സമൂല പരിവർത്തനം സൃഷ്ടിച്ചു. ഇതാണ് ശ്രീനാരായണഗുരുവിന്റെ അദ്വൈതാശ്രമത്തിലെ ജാതിയില്ലാ വിളംബരത്തിലേക്കും, സർവമത സമ്മേളനത്തിലേക്കും നയിച്ചത്.

അയ്യങ്കാളിയിൽനിന്നും സാധുജനപരിപാലന സംഘത്തിൽനിന്നും ആരംഭിച്ച അയിത്തത്തിനെതിരായും സഞ്ചാര സ്വാതന്ത്ര്യത്തിനും തൊഴിലവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പോരാട്ടം അവർണരുടെ പൊതുമുദ്രാവാക്യമായി മാറുകയും എസ്എൻഡിപി അവ ഏറ്റെടുക്കുകയും ചെയ്തു. ഈ മുന്നേറ്റമാണ് ടി കെ മാധവന്റെ കാക്കിനഡ എഐസിസിയിലെ അയിത്തോച്ചാടന പ്രമേയത്തിലേക്കും തുടർന്ന് വെെക്കം സത്യാഗ്രഹത്തിലേക്കും നയിക്കുന്നത്. ജാതി – നാടുവാഴിത്ത വിരുദ്ധ പോരാട്ടങ്ങളിൽ അവർണരെ ഒന്നിപ്പിക്കുന്നതിലും അവയെ ദേശീയ പ്രസ്ഥാനവുമായി സംയോജിപ്പിക്കുന്നതിലും എസ്എൻഡിപി വഹിച്ച പങ്ക് സ്തുത്യർഹമാണ്.

മേൽപറഞ്ഞ സാമൂഹ്യമുന്നേറ്റം എസ്എൻഡിപി പ്രവർത്തകരുടെ മതവീക്ഷണത്തിലും മാറ്റങ്ങൾ വരുത്തി. ശ്രീനാരായണ ഗുരുവിന്റെ ആധ്യാത്മികവീക്ഷണം ചാതുർവർണ്യത്തിലധിഷ്ഠിതമായ ബ്രാഹ്മണനീതിസംഹിതകൾക്ക് നേർവിപരീതമായിരുന്നു. ആധ്യാത്മികതയിലൂടെ ശ്രീനാരായണൻ ജാതിക്രമത്തെ മാത്രമല്ല, വിഗ്രഹപൂജയിലധിഷ്ഠിതമായ ആചാരബദ്ധതയെയും വെല്ലുവിളിച്ചു. ആചാരബദ്ധതയ്ക്കപ്പുറം കടന്ന് ഭൗതികജീവിതത്തിലും തൊഴിലുകളിലുമടക്കം മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആചാരബദ്ധതയിൽനിന്നുള്ള മോചനം വ്യത്യസ്ത മതവീക്ഷണങ്ങളുടെ സ്വാധീനത്തിലേക്കു മാത്രമല്ല, യുക്തിവാദത്തിന്റെയും ശാസ്ത്രബോധത്തിന്റെയും പ്രചാരത്തിലേക്കും നയിച്ചു. ഇതിന്റെ ഫലമായി സഹോദരൻ അയ്യപ്പൻ പ്രചരിപ്പിച്ചതുപോലെ സമത്വത്തിലും സാഹോദര്യത്തിലും ശാസ്ത്രബോധത്തിലും അധിഷ‍്ഠിതമായ സമൂഹനിർമ്മിതിയെ സംബന്ധിച്ചും ചൂഷിത സമുദായങ്ങളുടെ മുഴുവൻ ഐക്യത്തെ സംബന്ധിച്ചുമുള്ള ആശയങ്ങൾ വ്യാപിച്ചു. മത–ജാതി ആചാരബദ്ധതയിൽനിന്നും മർദ്ദന, ചൂഷണ രൂപങ്ങളിൽനിന്നും മോചിപ്പിക്കപ്പെട്ട സ്വതന്ത്രസമുദായമായി ഈഴവരെ കാണുന്ന ഇ മാധവന്റെ കൃതി സ്വതന്ത്ര സമുദായം’ എന്ന ‘ആ അവബോധത്തിന്റെ ഉൽപന്നമായിരുന്നു.

കേരളത്തിലെ വ്യാവസായിക തൊഴിലാളിവർഗവും വളർന്നുവന്നത് ഇതേ ഘട്ടത്തിലാണ്. കയർ, കശുവണ്ടി, നെയ്ത്ത്, ബീഡി മുതലായ മേഖലകളിലും പിന്നീട് ആധുനിക വ്യവസായങ്ങളിലും വളർന്ന തൊഴിലാളിവർഗം കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളിൽനിന്നു തന്നെയാണ് രൂപംകൊണ്ടത്. ആദ്യകാല വ്യവസായങ്ങളെല്ലാം കാർഷികാനുബന്ധ വ്യവസായങ്ങളായതുകൊണ്ട് അതതു മേഖലകളിൽ പ്രാവീണ്യമുള്ള തൊഴിലാളികളെയാണ് വ്യവസായ തൊഴിലാളികളാക്കിയത്. നവോത്ഥാനമുന്നേറ്റങ്ങളുടെ ആശയങ്ങൾ അവരുടെ ഇടയിൽ എത്തിയിരുന്നു. പുതിയ വ്യവസായ അന്തരീക്ഷം ജാതി–മത വിലക്കുകളെ ലംഘിക്കുന്നതിനും പുതിയ ജീവിതരീതികൾ വളർത്തുന്നതിനുമുള്ള സൗകര്യങ്ങളും സൃഷ്ടിച്ചു. സ്കൂളുകളിലേക്കുള്ള പ്രവേശനവും പൊതുജനാരോഗ്യ സംവിധാനങ്ങളും വളർന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. പുതിയതായി വളർന്നുവന്ന മുതലാളി – തൊഴിലാളി ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിലാളിവർഗബോധവും സംഘടനാബോധവും വളർന്നുവന്നു. ഇവയിൽ അന്നത്തെ നവോത്ഥാന സങ്കൽപങ്ങളുടെ സ്വാധീനം നിലനിന്നതിൽ അൽഭുതപ്പെടാനില്ല. എസ്എൻഡിപി പ്രവർത്തകനായിരുന്ന വാടപ്പുറം ബാവയാണ് ആലപ്പുഴയിലെ ആദ്യത്തെ ട്രേഡ് യൂണിയന്റെ സെക്രട്ടറിയായത്. ട്രേഡ് യൂണിയന്റെ പ്രവർത്തന മേഖലകളിൽ വിദ്യാഭ്യാസം, മദ്യവർജനം, ധാർമ്മിക ബോധനം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. മലബാറിലെ ബീഡിത്തൊഴിലാളികളുടെ ഒരു സംഘടന ശ്രീനാരായണീയ തൊഴിൽസംഘം എന്ന പേരിലാണ് അറിയപ്പെട്ടത്. വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘം സ്ത്രീതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. കേരളത്തിലെ ആദ്യത്തെ തൊഴിൽ കരാർ സംഘങ്ങളിൽ ഒന്നായ ഊരാളുങ്കൽ തൊഴിൽ കരാർ സംഘം വാഗ്ഭടാനന്ദനാണ് സ്ഥാപിച്ചത്.

സാമുദായിക രാഷ്ട്രീയവും വർഗ രാഷ്ട്രീയവും
മുതലാളിത്തത്തിന്റെ വളർച്ച സമുദായങ്ങൾക്കുള്ളിൽ വിഭജനം വളർത്തിക്കൊണ്ടുവന്നു. ജാതി നാടുവാഴിത്തത്തിനും ജന്മിത്തത്തിനും വിരുദ്ധവുമായ പോരാട്ടങ്ങളിൽ ഒന്നിച്ചുനിന്നവർ വ്യാവസായികമായ പ്രശ്നങ്ങളിൽ ഇരുപക്ഷങ്ങളിലായി അയിത്തത്തിന്റെ മർദ്ദനരീതികൾക്ക് ഇരയായവർ എന്നനിയിലും വ്യവസായ തൊഴിലാളികളെന്ന നിലയിലും വ്യത്യസ്തമായ ചൂഷണ മുറകളെ നേരിട്ടു. അതിനോടൊപ്പം സാമുദായികമായി വേറിട്ടുനിന്നവർ തൊഴിലാളികളെന്ന നിലയിൽ സമാനമായചൂഷണമുറകൾക്കെതിരെ ഒന്നിച്ചു വന്നു. ഇതിനോടൊപ്പം കൊളോണിയൽ വിരുദ്ധവും നാടുവാഴി വിരുദ്ധവുമായ പോരാട്ടങ്ങളും വ്യത്യസ്ത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുവന്നു. സ്വതന്ത്ര സമുദായം, സാഹോദര്യം മുതലായ ആശയങ്ങൾക്കപ്പുറം സോഷ്യലിസം എന്ന ലോകസങ്കൽപത്തിനു സ്വാധീനം ലഭിച്ചതും ഇക്കാലത്തായിരുന്നു. നവോത്ഥാന സാമൂഹ്യ സങ്കൽപങ്ങളാൽ സ്വാധീനിക്കപ്പെട്ടവർ തന്നെ സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് ആശയങ്ങളിലേക്കു മാറിയത് സാമുദായിക രാഷ്ട്രീയത്തിൽനിന്ന് വർഗ രാഷ്ട്രീയത്തിലേക്കു മാറുന്നതിന്റെ സൂചനയായിരുന്നു. സോഷ്യലിസത്തെ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി കണ്ട മുതലാളിമാർ ആ ആശയത്തെ അതിശക്തിയായി എതിർക്കുകയും ഗാന്ധിസത്തിന്റെയോ ലിബറൽ ജനാധിപത്യത്തിന്റെയോ ആശയങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം കാഴ്ചപ്പാടുകൾ സൃഷ്ടിക്കുകയും ചെയ്തു. സാമുദായിക നിലപാടുകൾ വർഗരാഷ്ട്രീയത്തിലേക്കു വഴി മാറുന്നതിന്റെ സൂചനകളാണിവ. തിരുവിതാംകൂറിൽ നിവർത്തന പ്രക്ഷോഭത്തിലും പിന്നീട് ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിലും പിന്നാക്ക സമുദായങ്ങൾ ക്രിസ്ത്യൻ–മുസ്ലീം സമുദായങ്ങളോടൊപ്പം ചേരുകയും പിന്നീട് അവയെല്ലാം ചേർന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തത് ഈ മാറ്റത്തിന്റെ ഉദാഹരണമാണ്. കേരളമാകെ വ്യാപിച്ച തൊഴിലാളി– കർഷകസമരങ്ങൾ വർഗസമരത്തിന്റെ രൂപങ്ങളുമാണ്.

സാമുദായിക രാഷ്ട്രീയം പിറകോട്ടടിച്ച കാലഘട്ടമായിരുന്നു ഇത്. നാടുവാഴിത്ത ഭരണത്തിനെതിരായ സംയുക്തരാഷ്ട്രീയ സമിതിയിലും പിന്നീട് സ്റ്റേറ്റ് കോൺഗ്രസിലും പിന്നാക്ക സമുദായ പ്രവർത്തകർ സജീവമായി. കുമാരനാശാന്റെ മകനായ കെ പ്രഭാകരൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായി. എസ്എൻഡിപി നേതാവായ ആർ ശങ്കർ സ്റ്റേറ്റ് കോൺഗ്രസിൽ സജീവമായി. സഹോദരൻ അയ്യപ്പൻ കൊച്ചി നിയമസഭയിൽ സോഷ്യലിസറ്റ് കക്ഷിയുടെ നേതാവായി. ഈഴവ സമുദായംഗങ്ങൾ കേരളത്തിലുടനീളം കർഷക–തൊഴിലാളിവർഗ സംഘടനകളുടെ സജീവ പ്രവർത്തകരാകുകയും അവരിൽ ഭൂരിഭാഗവും പാറപ്രം സമ്മേളനത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരാകുകയും ചെയ്തു. ഈഴവ വിഭാഗത്തിലെ മുതലാളിമാർ മറ്റു സമുദായങ്ങളിലെ മുതലാളിമാരോടൊപ്പം സഹകരിച്ചു പ്രവർത്തിച്ചു. വിവിധ ചേംബർ ഓഫ് കോമേഴ്സുകളിൽ അവർ സജീവമായി.

അയ്യാ വെെകുണ്ഠർ

ജനാധിപത്യസ്വഭാവമുള്ള വർഗരാഷ്ട്രീയത്തിലേക്കുള്ള ഈ മാറ്റം എല്ലാ സമുദായപ്രവർത്തകർക്കും രുചികരമായിരുന്നില്ല. സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നുവെങ്കിലും എസ്എൻഡിപി സ്വതന്ത്രമായി തന്നെ നിലനിന്നു. എസ്എൻഡിപിയുടെ പ്രമുഖ നേതാവായിരുന്ന സി വി കുഞ്ഞുരാമൻ സ്റ്റേറ്റ് കോൺഗ്രസിൽനിന്ന് വേറിട്ടുനിന്നത് ഉദാഹരണമാണ്. സ്വന്തം സമുദായാംഗങ്ങൾ അന്യമതങ്ങളിൽ ചേരുന്നതിനെ ശക്തമായി എതിർത്തതും കുഞ്ഞുരാമനായിരുന്നു. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഫലമായി സ്വന്തം സ്ഥാനം തെറിക്കുമെന്ന് ഭയപ്പെട്ട ദിവാൻ സി പി രാമസ്വാമി അയ്യർ സാമുദായിക സംഘടനകളെ ഹിന്ദു പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ യോജിപ്പിക്കാൻ ഒരു ശ്രമം നടത്തി. കേരള രാഷ്ട്രീയത്തിൽ ഹിന്ദു പാരമ്പര്യം ഒരു രാഷ്ട്രീയ രൂപമായി രംഗത്തുവന്ന ആദ്യ സന്ദർഭങ്ങളിലൊന്നായിരുന്നു അത്. ഈ ശ്രമത്തിൽ എസ്എൻഡിപിയുടെ ഭാഗത്തുനിന്ന് സി വി കുഞ്ഞുരാമൻ പങ്കെടുത്തു. സമുദായ രാഷ്ട്രീയവും ജനാധിപത്യരാഷ്ട്രീയവും തമ്മിലുള്ള വേർതിരിവുകൾ പ്രത്യക്ഷപ്പെട്ട ഘട്ടം കൂടിയായിരുന്നു ഇത്. ഇത് സൃഷ്ടിച്ച സംഘർഷങ്ങൾ മറ്റു പലരെയും സ്വാധീനിച്ചതായി കാണാൻ കഴിയും. ദിവാൻ ഭരണം നിലനിർത്താനുള്ള സർ സിപിയുടെ ശ്രമങ്ങളെ സഹോദരൻ അയ്യപ്പൻ പിന്തുണച്ചത് ഉദാഹരണമാണ്.

യുദ്ധാനന്തരകാലഘട്ടത്തിലുള്ള ജനകീയസമരങ്ങളുടെ വളർച്ച ഏതാണ്ടെല്ലാ സാമുദായിക സംഘടനകളെയും ശക്തമായി പിടിച്ചുകുലുക്കി. പുന്നപ്ര– വയലാർ പ്രക്ഷോഭത്തിൽനിന്ന് ഈഴവ സമുദായക്കാരായ തൊഴിലാളികളെ പിന്തിരിപ്പിക്കാൻ ആർ ശങ്കറും മറ്റും നടത്തിയ ശ്രമങ്ങളെ ചേർത്തല എസ‍്എൻഡിപി നേതാവായ എം കെ കൃഷ്ണൻ (വയലാർ രവിയുടെ അച്ഛൻ) എതിർത്തത് ഉദാഹരണമാണ്. കമ്യൂണിസ്റ്റ് പക്ഷപാതികളായ യുവാക്കൾ നേതൃത്വം നൽകിയ ഈഴവ യുവജനസംഘം എസ്എൻഡിപി നേതൃത്വത്തിന്റെ നാടുവാഴിത്ത അനുകൂല നിലപാടുകൾക്കെതിരെ ശക്തമായി രംഗത്തുവന്നു. കൊച്ചിയിൽ കർഷക–കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളിലും അയിത്തവിരുദ്ധ പ്രക്ഷോഭങ്ങളിലും എസ്എൻഡിപി പ്രവർത്തകർ സജീവമായി പങ്കെടുത്തു. പാലിയം സത്യാഗ്രഹവും കുട്ടംകുളം സമരവും ഇതിനുദാഹരണമാണ്. എസ്എൻഡിപി നേതൃത്വം പിൻവാങ്ങിയതിനുശേഷവും പാലിയം സത്യാഗ്രഹത്തിൽ പ്രവർത്തകർ സജീവമായി നിന്നു.

ഈ പശ്ചാത്തലത്തിലാണ് ഈഴവ സമുദായാംഗങ്ങൾ വർഗസമരങ്ങളിൽ സജീവ പങ്കാളികളായത്. വർഗബോധവും ജനാധിപത്യബോധവുമുള്ള, സമുദായത്തിന് അതീതമായി ചിന്തിക്കുന്ന പ്രവർത്തകരുടെ നിര തന്ന അവരിൽനിന്നു വളർന്നുവന്നു. കേരളത്തിലെ പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയതും ഇവരാണ്. സമുദായ രാഷ്ട്രീയത്തിൽനിന്ന് വർഗരാഷ്ട്രീയത്തിലേക്കുള്ള മാറ്റം ഇവിടെ പ്രകടമായിരുന്നു.

കേരളപ്പിറവിക്കുശേഷം

ആറാട്ടുപുഴ വേലായുധപ്പണിക്കർ

കേരളപ്പിറവിയോടെ കേരളത്തിലെ നാടുവാഴിത്തം തകരുകയും ലിബറൽ ജനാധിപത്യഘടനയിലേക്ക് നീങ്ങുകയും ചെയ്തു. എസ്എൻഡിപി നിലനിന്നുവെങ്കിലും അതിലെ അംഗങ്ങളെല്ലാം കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടിയിലോ സജീവമായി കഴിഞ്ഞിരുന്നു. ജന്മിസമ്പ്രദായത്തിനെതിരായ പോരാട്ടം തുടരുകയും അതിന്റെ ഭാഗമായി സവർണ–അവർണ വെെരുദ്ധ്യങ്ങൾ നിലനിൽക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇ എം എസ് മന്ത്രിസഭയുടെ ഭൂപരിഷ്-കരണ ബില്ലിനെ അനുകൂലിക്കുകയാണ് എസ്എൻഡിപി ചെയ്തത്. വിദ്യാഭ്യാസ നിയമത്തിനെതിരായ പ്രക്ഷോഭത്തെ പ്രത്യക്ഷത്തിൽ അനുകൂലിക്കാൻ എസ്എൻഡിപി തയ്യാറായില്ല. പ്രക്ഷോഭം വിമോചന സമരത്തിലേക്കു നീങ്ങിയപ്പോൾ കോൺഗ്രസ് എംഎൽഎയും എസ്എൻഡിപി നേതാവുമായിരുന്ന കെ കെ വിശ്വനാഥൻ (പിന്നീട് അദ്ദേഹം കെപിസിസി പ്രസിഡന്റായി) ഇതിൽ പ്രതിഷേധിച്ച് നിയമസഭാംഗത്വം രാജിവയ്ക്കാൻവരെ തയ്യാറായി. ഒരർഥത്തിൽ പിന്നാക്ക സമുദായ രാഷ്ട്രീയവും വർഗരാഷ്ട്രീയവും ഒന്നിച്ചുപോയ ഘട്ടമായിരുന്നു ഇത്.

പിന്നീടുള്ള ദശകങ്ങൾ സാമൂഹ്യമാറ്റങ്ങളുടെ കാലഘട്ടമാണ്. ഭൂപരിഷ്കരണങ്ങൾ കേരളത്തിലെ കുടിയാന്മാരായ പിന്നാക്ക സമുദായങ്ങളിൽപെട്ടവരെ ഭൂവുടുമകളാക്കി. തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും അടുത്ത തലമുറ വിദ്യാഭ്യാസം നേടുകയും വ്യവസായതൊഴിലുകളിലും സർവീസ് മേഖലയിലും അധികമായി തൊഴിൽ തേടുകയും ചെയ്തു. തെങ്ങ്, കൃഷി, കള്ളു ചെത്ത് വ്യവസായം മുതലായവയുടെ വ്യാപനം പുതിയൊരു സംഘം ധനിക കർഷകരെയും വ്യവസായികളെയും വളർത്തിക്കൊണ്ടുവന്നു. ഇവയെല്ലാം വർഗസംഘർഷങ്ങളെയും ശക്തിപ്പെടുത്തി. സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന്റെ വളർച്ചയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പൊതുവിൽ ഇടതുപക്ഷത്തിന്റെയും ശക്തമായ സാന്നിധ്യവും തൊഴിലാളികൾക്കും ചെറുകിട-–ഇടത്തരം കൃഷിക്കാർക്കും ശക്തമായ സുരക്ഷ നൽകിയപ്പോൾ പുതിയ ഭുവൂടമകളും വ്യവസായികളും കരാറുകാരും ഭരണവർഗപാർട്ടികളിൽ അഭയം തേടി. അതുകൂടാതെ സ്വന്തം തൊഴിലുകളെയും ആസ്തികളെയും വ്യത്യസ്ത ഇനം സംരംഭങ്ങളെയും നിലനിർത്തുന്നതിനായി അവർ വീണ്ടും സാമുദായിക സംഘടനകളെ പ്രയോജനപ്പെടുത്തി.

വാഗ്ഭടാനന്ദൻ

വിമോചനസമരവും കോടതികളുടെ ഇടപെടലും ചേർന്ന് സ്വകാര്യ സാമുദായിക വിദ്യാഭ്യാസ മാനേജ്മെന്റുകൾക്കു നൽകിയ സംരക്ഷണം പുതിയ സാമൂഹ്യബന്ധങ്ങളിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. 1971ൽ ഉന്നതവിദ്യാഭ്യാസത്തിലുണ്ടായ മാനേജ്മെന്റും ഗവൺമെന്റും അധ്യാപക യൂണിയനുകളുമായുണ്ടാക്കിയ കരാറിൽ പിന്നാക്ക സമുദായങ്ങളെ വിദ്യാഭ്യാസപരമായി പിന്നാക്കം’ എന്ന് അംഗീകരിച്ചത് പിന്നാക്ക സമുദായ സംവരണത്തിനുള്ള അംഗീകാരമായിരുന്നു. പിന്നീട് 1970കളുടെ അവസാനത്തിൽ നെട്ടൂർ ദാമോദരൻ കമ്മിറ്റി റിപ്പോർട്ടും ബീഹാറിലെ മുഖ്യമന്ത്രിയായിരുന്ന കർപുരി താക്കൂറിന്റെ സംവരണ ഫോർമുലയും കേരളത്തിനുള്ളിൽ സാമ്പത്തികസംവരണത്തെയും സാമൂഹ്യസംവരണത്തെയും സംബന്ധിച്ച സംവാദത്തിന് തിരികൊളുത്തി. എസ്എൻഡിപി ശക്തമായി സാമൂഹ്യസംവരണത്തിനു വേണ്ടി വാദിക്കുകയും അതിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിനായി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു (അപ്പോഴും സോഷ്യലിസം എന്ന പദം അവർ കാത്തുസൂക്ഷിച്ചു.) ഈ ആശയം ഈഴവരുടെ ഇടയിൽനിന്നുവന്ന മധ്യവർഗം അതിവേഗം സ്വായത്തമാക്കി. വർഗസംഘർഷങ്ങൾ സാമുദായിക വേർതിരിവുകളെ പിറകോട്ടടിപ്പിച്ചപ്പോൾ പുതിയ സാഹചര്യങ്ങളിൽ പുതിയ തൊഴിലുകളുടെയും സംവരണ ചർച്ചയുടെയും സാഹചര്യത്തിൽ സാമുദായികത പുനരവതരിക്കുകയായിരുന്നു. വ്യാപകമായ തൊഴിലില്ലായ്മയും മധ്യവർഗ സർവീസ് മേഖലയിലെ തൊഴിലുകൾക്കുള്ള പരക്കം പാച്ചിലും സംവരണത്തെ മുഖ്യപ്രശ്നമാക്കി. തൊഴിലുകൾക്കു വേണ്ടിയുള്ള മത്സരം ജാതി – മതാടിസ്ഥാനത്തിൽ നിർവചിക്കപ്പെടുകയും സാമുദായിക ബോധത്തെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്തു.

വർഗീയതയും 
വലതുപക്ഷവൽക്കരണവും
വർഗീയതയുടെ വളർച്ചയെക്കുറിച്ച് പ്രമുഖ ഗവേഷകർ എത്തിച്ചേരുന്ന നിഗമനമുണ്ട്. നഗരങ്ങളിലെ ഇടത്തരക്കാരിൽനിന്നാണ് വർഗീയവൽക്കരണം ആരംഭിക്കുന്നത്. നഗരങ്ങളിലെ കച്ചവടക്കാർ, കരാറുകാർ, ഇടനിലക്കാർ, അസ്ഥിര തൊഴിലാളികൾ, ജീവനക്കാർ മുതലായവർ പൊതുവിൽ അസംഘടിതരാണ്. അവർക്ക് വർഗബോധമോ ശക്തമായ സംഘടനകളുടെ പിന്തുണയോ ഇല്ല. അവർ നഗരങ്ങളിലെത്തുന്നത് ജീവിതത്തിൽ മേൽക്കെെ നേടാനാണ്. അതിനവർക്ക് സാധിക്കുന്നില്ലെങ്കിൽ മത്സരത്തിൽ വിജയിക്കുന്ന അയൽവാസിയെയാണ് പഴിക്കുക. ഇതിനെ വർഗീയമായി മാറ്റാനും വർഗീയസംഘർഷങ്ങളിലേക്കു നയിക്കാനും വിഷമമില്ല. സ്വതന്ത്ര ഇന്ത്യയിലെ വർഗീയ കലാപങ്ങളിൽ ഭൂരിഭാഗവും നഗരങ്ങളിലായിരുന്നുവെന്നും ഓർക്കണം.

വാടപ്പുറം ബാവ

കേരളത്തിൽ ഇതിന് ഇരട്ടസ്വഭാവം വരുന്നതുകാണാം. ജാതി–നാടുവാഴിത്ത വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിൽ സവർണർ എന്നു വിളിക്കപ്പെടുന്ന പരമ്പരാഗത അധീശവർഗങ്ങൾക്കെതിരായി നിലപാടുള്ള അവർണർ നിരവധിയാണ്. മുതലാളിത്ത വികാസത്തിന്റെയും വർഗസംഘർഷങ്ങളുടെയും സഹായത്തോടെ ഇവരിൽ പലർക്കും സമൂഹത്തിൽ മുന്നോട്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ചിലർക്ക് അതു കഴിഞ്ഞിട്ടില്ല. അവരെ സാമുദായികമായി സംഘടിപ്പിക്കാൻ കഴിയും. അതേസമയം, കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാമൂഹ്യമായ ഉയർച്ച മതപരമായ സംഘാടനത്തെ സഹായിച്ചിട്ടുണ്ട്. അതായത്, സവർണർക്കെതിരെ സ്വന്തം നിലനിൽപ്പിനായി സംഘടിക്കുന്ന അവർണർ ഹിന്ദുവായി ന്യൂനപക്ഷങ്ങൾക്കെതിരെയും നിലകൊള്ളാൻ തയ്യാറാണ്. ഇതിന് നല്ലൊരുദാഹരണം എൺപതുകളുടെ ആദ്യം തന്നെ ഉണ്ടായി. ശബരിമലയുടെ ഇടത്താവളമായ നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിന്റെ പറമ്പിൽ ഒരു കൽക്കുരിശ് കണ്ടെത്തി. കുരിശ് തോമാശ്ലീഹ സ്ഥാപിച്ചതാണെന്നും അവിടെ ഒരു പള്ളി പണിയണമെന്നും ക്രിസ്ത്യൻ വെെദികർ വാദിച്ചു. അതിനെതിരായി ആർഎസ്എസ് അടക്കം എല്ലാ വിധ ഹിന്ദു സംഘടനകളും രംഗത്തുവന്നു. എസ്എൻഡിപിയും കേരള കൗമുദിയും ശക്തമായി രംഗത്തുണ്ടായിരുന്നു.

പിന്നീട് ഈ ഇരട്ടസ്വഭാവം എസ്എൻഡിപി തുടർച്ചയായി സ്വീകരിക്കുന്നതുകാണാം. സാമുദായികമായ പ്രശ്നങ്ങളിലും സാമൂഹ്യമായ മുന്നേറ്റത്തെ സംബന്ധിച്ച ചർച്ചകളിലും പിന്നാക്ക സമുദായങ്ങൾക്കുവേണ്ടിയുള്ള നിലപാടുകൾ സ്വീകരിക്കുക, മതബോധത്തെയും മതസമുദായങ്ങളെയും ബാധിക്കുന്ന ചർച്ചകളിൽ ഹിന്ദുമതബോധം അംഗീകരിക്കുക എന്ന നിലപാട് എസ്എൻഡിപി നേതൃത്വം തുടർച്ചയായി സ്വീകരിച്ചു. ആദ്യഘട്ടത്തിൽ രണ്ടാമത്തെ നിലപാടിനോട് എസ്എൻഡിപിക്കകത്തുനിന്നു തന്നെ ശക്തമായ എതിർപ്പുണ്ടായിരുന്നു. വർഗസമരങ്ങളുമായി ഐക്യം സ്ഥാപിക്കാൻ തയ്യാറുള്ള എസ്എൻഡിപിക്കാർ എല്ലാ കാലത്തുമുണ്ടായിരുന്നു. അഖിലേന്ത്യാ രാഷ്ട്രീയത്തിൽ എൻഡിഎ സഖ്യത്തിനു പിന്തുണ വർദ്ധിക്കുകയും അവർ തുടർച്ചയായി അധികാരത്തിൽ വരുകയും ചെയ്തതതോടെ പിന്നാക്ക സമുദായങ്ങളുടെ നിലപാടുകളെ എൻഡിഎ രാഷ്ട്രീയവുമായി പരസ്യമായി ബന്ധിപ്പിക്കുന്ന രീതി തുടർന്നു. തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ഇതിന്റെ പരസ്യമായ പ്രതീകമാണ്.

സഹോദരൻ അയ്യപ്പൻ

2024ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയും എൻഡിഎ വോട്ടുകളിലുണ്ടായ വർധനയും മറ്റൊരു തരത്തിലുള്ള ചർച്ചകളിലേക്കു നയിച്ചിട്ടുണ്ട്. തൃശ്ശൂരിൽ ബിജെപി വിജയിച്ചതും തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ നേടിയ കനത്ത വോട്ടും ഇടതുപക്ഷ വോട്ടുകൾ ബിജെപിയിലേക്കു മറിഞ്ഞതിന്റെ സൂചനയാണെന്നും അത് ഈഴവരടക്കമുള്ള പിന്നാക്ക സമുദായ വോട്ടുകളാണെന്നുമാണ് വാദം. ഇവിടെ ഒന്ന് വ്യക്തമാക്കേണ്ടതാണ്. ബിജെപി വോട്ടുകൾ വർദ്ധിച്ചുവെന്നത് നിസ്തർക്കമാണ്. എന്നാൽ അത് യുഡിഎഫ് വോട്ടുകളെയും എൽഡിഎഫ് വോട്ടുകളെയും ഒരുപോലെ ബാധിച്ചുവെന്നതും വ്യക്തമാണ്. അതായത് ബിജെപി വോട്ടുകളുടെ വർദ്ധന സമൂഹത്തിൽ മൊത്തം നടക്കുന്ന സാമുദായിക ധ്രുവീകരണ പ്രക്രിയയുടെ ഭാഗമാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ വോട്ടുകൾ ബിജെപിയിലേക്കു മാത്രം മറിഞ്ഞതിന്റെ ഫലമല്ല. ഈ ധ്രുവീകരണത്തിന്റെ ഭാഗമായി ഈഴവസമുദായം മൊത്തത്തിൽ ബിജെപിയിലേക്ക് മാറി എന്നു കരുതുന്നതും മണ്ടത്തരമാണ്. കേരളത്തിലെ ഹിന്ദുക്കളിൽ പ്രബലവിഭാഗമാണ് ഈഴവർ. അവർ മൊത്തത്തിൽ മാറിയെങ്കിൽ എൻഡിഎ സഖ്യത്തിന് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും ഇപ്പോൾ ലഭിച്ചതിൽനിന്ന് ഏറെ അധികമായിരിക്കുമെന്നത് തീർച്ചയാണ്. മുമ്പു സൂചിപ്പിച്ച ധ്രുവീകരണത്തിന്റെ സ്വാധീനം മറ്റെല്ലാ വിഭാഗങ്ങളിലുമെന്നതുപോലെ എസ്എൻഡിപി അനുയായികളിലും കാണാമെന്നതിൽ സംശയമില്ല. മൊത്തത്തിലുള്ള മാറ്റം എന്നത് വസ്തുതാപരമായി ശരിയല്ല.

എസ്എൻഡിപി ഇപ്പോഴും പിന്നാക്ക സമുദായങ്ങളുടെ സംഘടനയാണ്. പിന്നാക്ക വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പോരാടാനും വർഗപരമായി സംഘടിക്കാനും തയ്യാറുള്ളവർ ഈ സംഘടനയിൽ നിരവധിയാണ‍്. അഖിലേന്ത്യാ രാഷ്ട്രീയത്തിന്റെയും കേരളത്തിൽ നിലവിലുള്ള ചില പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ ഈ സംഘടനയെ മൊത്തത്തിൽ ഹിന്ദുത്വ പാളയത്തിൽ കൊണ്ടുകെട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നതും വസ്തുതയാണ്.

അതിന് ചിലയിടങ്ങളിൽ സ്വാധീനം ഉണ്ടായിരിക്കാമെങ്കിലും പൂർണമായി എല്ലായിടത്തും വിലപ്പോയിട്ടുണ്ടെന്നു പറയാൻ കഴിയില്ല. നല്ലൊരു ശതമാനം ഈഴവർ ബിജെപിക്കെതിരെ യുഡിഎഫിനോ എൽഡിഎഫിനോ വോട്ടു ചെയ്തിട്ടുണ്ട്. അവരുടെ നിലപാടുകൾ പരിശോധിക്കേണ്ടത് കേവലമായ സാമുദായികതയുടെ അടിസ്ഥാനത്തിലല്ല, ഇനി വളർന്നുവരാൻ പോകുന്ന വർഗസമരങ്ങളിൽ അവർ സ്വീകരിക്കുന്ന നിലപാടുകളനുസരിച്ചാണ്. സാമുദായികതയെ ചെറുത്തുതോൽപ്പിക്കാൻ കഴിയുന്നത് ജനാധിപത്യവൽക്കരണത്തിനും വർഗരാഷ്ട്രീയത്തിനുമാണ് എന്നതിന് കേരള ചരിത്രം തന്നെ സാക്ഷിയാണ്. അതുതന്നെയാണ് ഭാവിയിൽ നടക്കേണ്ടുന്ന വർഗീയ വലതുപക്ഷ വിരുദ്ധ പോരാട്ടങ്ങളുടെ നിർണായക ഘടകവും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − four =

Most Popular