Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിഎസ്എന്‍ഡിപിയും സംഘപരിവാര്‍ 
അജൻഡയും

എസ്എന്‍ഡിപിയും സംഘപരിവാര്‍ 
അജൻഡയും

എം വി ഗോവിന്ദന്‍

ധുനിക കേരളം രൂപപ്പെട്ടത് നവോത്ഥാന പ്രസ്ഥാനവും, അതിന്റെ തുടര്‍ച്ചയില്‍ ദേശീയ പ്രസ്ഥാനവും, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇടപെട്ട മേഖലകളെ ആധുനികവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിത്തറയിട്ടവയാണ്.

ഫ്യൂഡല്‍ കാലഘട്ടം മുന്നോട്ടുവച്ച സാംസ്കാരിക രൂപങ്ങള്‍ക്കെതിരായുള്ള ആശയതലത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രതിരോധ പ്രസ്ഥാനമായിരുന്നു നവോത്ഥാന മുന്നേറ്റങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുചലനങ്ങള്‍ സൃഷ്ടിച്ച് വികസിച്ചുവന്ന നവോത്ഥാന ചിന്തകള്‍ സംസ്ഥാനത്തെയാകമാനം മാറ്റിമറിക്കുന്ന ഒന്നായി മാറുന്നത് ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശനത്തോടെയാണ്. 1888 ല്‍ ശിവരാത്രി ദിവസം അരുവിപ്പുറത്ത് ഒരു ശിലാഖണ്ഡമെടുത്ത് മണ്ഡപത്തില്‍ ശിവലിംഗമായി പ്രതിഷ്ഠിച്ചത് കേരളത്തില്‍ അതുവരെ നിലനിന്ന ബ്രാഹ്മണ മേധാവിത്വത്തിനെതിരായുള്ള വിപ്ലവകരമായ ചിന്തയായിരുന്നു. ആഢ്യബ്രാഹ്മണര്‍ക്ക് മാത്രം നീക്കിവച്ചിരുന്ന പ്രതിഷ്ഠാ കര്‍മ്മമാണ് ശ്രീനാരായണ ഗുരു ഇവിടെ നിര്‍വ്വഹിച്ചത്. ചുരുക്കത്തില്‍ ബ്രാഹ്മണർ കൈവശംവച്ചിരുന്ന ഒരു മേഖലയെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയെന്ന ജനാധിപത്യപരമായ ചുവടുവെപ്പാണ് ഇവിടെ ശ്രീനാരായണ ഗുരു നിര്‍വ്വഹിച്ചത്.

ചാതുര്‍വര്‍ണ്യത്തിനും, അതിന്റെ തുടര്‍ച്ചയില്‍ വികസിച്ചുവന്ന ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടമാണ് ഇതിലൂടെ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ അതിന് അനുയോജ്യമായ ആശയസംഹിതകളും അദ്ദേഹം രൂപപ്പെടുത്തി. ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇതിന്റെ തുടര്‍ച്ചയിലാണ് അദ്ദേഹം മുന്നോട്ടുവെച്ചത് എന്ന് കാണാം. ജാതീയതയ്ക്കെതിരായുള്ള സമരത്തോടൊപ്പം തന്നെ മതപരമായ ഐക്യത്തിന്റെ പ്രാധാന്യവും ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചു.

അരുവിപ്പുറത്തെ ക്ഷേത്ര മതിലില്‍ സ്വന്തം കൈയക്ഷരത്തില്‍ ശ്രീനാരായണ ഗുരു കുറിച്ചുവെച്ച നാലു വരികള്‍ ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതുകൂടിയാണ്.

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്…
ഇത്തരത്തില്‍ ജാതിക്കും മതത്തിനും അതീതമായ ജനങ്ങളുടെ യോജിപ്പിന്റേയും, ജനാധിപത്യപരമായ ഒത്തുചേരലിന്റേയും കാഴ്ചപ്പാടുകളാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചതെന്നര്‍ത്ഥം. അദ്ദേഹത്തിന്റെ ക്ഷേത്ര പ്രതിഷ്ഠകള്‍ പോലും ജാതീയമായ മതില്‍ക്കെട്ടുകളെ തകര്‍ക്കുന്നതും, മതപരമായ സൗഹാര്‍ദത്തിന്റെ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നതുമായിരുന്നു. എല്ലാ മതങ്ങളേയും മനസ്സിലാക്കുന്നതിനും, അതിലെ പണ്ഡിതരുമായി ചര്‍ച്ച നടത്തുന്നതിനും സദാ സന്നദ്ധമായ സമീപനമാണ് ശ്രീനാരായണ ഗുരു സ്വീകരിച്ചിരുന്നത്. 1918 ല്‍ ശ്രീനാരായണ ഗുരു സിലോണ്‍ സന്ദര്‍ശിച്ചപ്പോള്‍ ബുദ്ധ സന്ന്യാസികളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

1920 ല്‍ ആലുവയില്‍ വച്ച് സമസ്ത കേരള സഹോദര സമ്മേളനത്തില്‍ വച്ച് ശ്രീനാരായണ ഗുരു പ്രഖ്യാപിച്ച കാര്യം ഈ അവസരത്തിലേറെ പ്രസക്തമാണ്: ‘‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല”. ഇത്തരത്തില്‍ മനുഷ്യ ജാതിയെന്ന കാഴ്ചപ്പാടിനെയാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചത് എന്ന് കാണാം. ജാതിക്കും മതത്തിനും അതീതമായ മാനവികതയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാട്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ജീവിച്ച മനുഷ്യനെ ആധുനിക ലോകത്തിന്റെ മൂല്യബോധങ്ങളുമായി പരിവര്‍ത്തിപ്പിക്കുകയെന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ് ശ്രീനാരായണ ഗുരു നിര്‍വ്വഹിച്ചത് എന്നുകാണാം.

1924 ആകുമ്പോഴേക്കും ആലുവയില്‍ വച്ച് സര്‍വ്വമത സമ്മേളനം തന്നെ അദ്ദേഹം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ആ സമ്മേളനത്തിന്റെ അവസാനം ശ്രീനാരായണ ഗുരു നല്‍കിയ സന്ദേശം ഇപ്രകാരമായിരുന്നു: ‘‘സര്‍വ്വമത സമ്മേളന സന്ദേശം എല്ലാ മതങ്ങളുടേയും പരമോദ്ദശ്യം ഒന്നാണെന്നും, ഭിന്നമതാനുയായികള്‍ തമ്മില്‍ കലഹിക്കേണ്ടയാവശ്യമില്ലെന്നും ഈ മത മഹാസമ്മേളനത്തില്‍ നടന്ന പ്രസംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കാന്‍ വിചാരിക്കുന്ന മഹാ പാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാക്കണമെന്ന് വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ തൃപ്തികരമായ നടത്തിപ്പിന് അഞ്ച് ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിശ്വസിക്കുന്നു”. ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യം എല്ലാ മതങ്ങളുടേയും ആശയങ്ങളെ ജനങ്ങളെ പഠിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ്. അങ്ങനെ പഠിച്ചുകഴിഞ്ഞാല്‍ പലമതസാരമേകം എന്ന ആശയത്തിലേക്ക് ജനങ്ങൾ എത്തിച്ചേരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ഫ്യൂഡല്‍ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തെ വലിഞ്ഞുമുറുക്കുന്ന ആചാരങ്ങളേയും, സമ്പ്രദായങ്ങളേയും മാറ്റിമറിക്കുന്നതിനായുള്ള നിലപാടുകളും അദ്ദേഹം സ്വീകരിച്ചു. അതിന്റെ ഭാഗമായി നിരവധി ആചാരവിശേഷങ്ങളെ മാറ്റിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. എസ്.എന്‍.ഡി.പി രൂപീകരിച്ച ശേഷം തൊട്ടടുത്ത വര്‍ഷം പറവൂരില്‍ വച്ച് ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ ഒരു വലിയ യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. അതിലൂടെ ആചാര പരിഷ്കാരങ്ങള്‍ക്കും ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്യുകയുണ്ടായി. താലികെട്ട് കല്യാണം, തിരണ്ടുകുളി, പുളികുടി തുടങ്ങിയ ആചാരങ്ങള്‍ നിര്‍ത്തല്‍ ചെയ്യുവാന്‍ ഈ സമ്മേളനത്തില്‍ വച്ചാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. വിവാഹ സമ്പ്രദായങ്ങളും ലളിതമായി തീര്‍ക്കുന്നതിനുള്ള കാഴ്ചപ്പാടുകളും ഈ യോഗത്തിന്റെ തുടര്‍ച്ചയില്‍ അദ്ദേഹം നടപ്പിലാക്കുകയുണ്ടായി. ജാതീയമായ ആചാരങ്ങളേയും, ജീവിതരീതികളേയും പരിഷ്കരിക്കുന്നതിനായി വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയും വ്യവസായവും വാണിജ്യവുമെല്ലാം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ഇത്തരം ആശയങ്ങളെ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്.എന്‍.ഡി.പി രൂപീകരിച്ചത്. അതായത് ജാതീയതയ്ക്കും, മത വൈര്യത്തിനും ഇടയാക്കുന്ന പിന്തിരിപ്പനായ ആചാരങ്ങളും മാറ്റിപ്പണിയുകയെന്ന ലക്ഷ്യമായിരുന്നു എസ്.എന്‍.ഡി.പിക്കുണ്ടായിരുന്നത് എന്നര്‍ത്ഥം. ഇത്തരം കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ വേണ്ടി എസ്.എന്‍.ഡി.പി തയ്യാറായതോടെ ആധുനിക കേരളത്തിന്റെ പതാകവാഹകരായി മാറുന്നതിന് ആ പ്രസ്ഥാനത്തിന് കഴിയുകയും ചെയ്തു.

ശ്രീനാരായണ ഗുരുവും, എസ്. എന്‍.ഡി.പിയും മുന്നോട്ടുവെച്ച ഇത്തരം ആശയങ്ങളുമായി ഒരു തരത്തിലും യോജിക്കുന്നതല്ല സംഘപരിവാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ചാതുര്‍വര്‍ണ്യത്തെ അരക്കിട്ടുറപ്പിക്കുന്ന ആശയഗതികളാണ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്നത്. ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥമായി വിചാരധാരയില്‍ തന്നെ ചാതുര്‍വര്‍ണ്യത്തെ അരക്കെട്ടുറപ്പിക്കുന്ന ആശയങ്ങളാണ് മുന്നോട്ടുവെക്കുന്നത്. വിരാട് പുരുഷന്റെ തലയില്‍ നിന്നാണ് ബ്രാഹ്മണനുണ്ടായതെന്നും, കാലില്‍ നിന്നാണ് ശൂദ്രനുണ്ടായതെന്നുമുള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ചാതുര്‍വര്‍ണ്യത്തേയും, അതിന്റെ പിന്നാലെ രൂപപ്പെട്ടുവരുന്ന ജാതീയതയേയും അരക്കിട്ടുറപ്പിക്കുന്ന ആശയഗതികളാണ് മുന്നോട്ടുവെക്കുന്നത്.

ശ്രീനാരായണ ദര്‍ശനം എല്ലാ മതങ്ങളോടും സൗഹാര്‍ദപരമായ സമീപനമാണ് മുന്നോട്ടുവെക്കുന്നത്. മതങ്ങളുടെ സാരം ഒന്നാണെന്നും, അവയെല്ലാം പഠിക്കുന്നതിന് ശിവഗിരിയില്‍ സംവിധാനമുണ്ടാക്കണമെന്നും പറഞ്ഞ ശ്രീനാരായണ ദര്‍ശനവും, സംഘപരിവാറിന്റെ ചിന്താഗതികളും ഒരിക്കലും പൊരുത്തപ്പെടുന്നവയല്ല. രാജ്യത്തിന്റെ ആന്തരിക ശത്രുക്കളായ മതങ്ങളെന്ന നിലയിലാണ് ഇസ്ലാം മതത്തേയും, ക്രിസ്തു മതത്തേയും സംഘപരിവാര്‍ കാണുന്നത്. വിചാരധാരയില്‍ രാജ്യത്തിന്റെ ആന്തരിക ഭീഷണികള്‍ എന്നു പറഞ്ഞുകൊണ്ട് ഈ രണ്ട് മതവിഭാഗങ്ങള്‍ക്കെതിരായ ശക്തമായ ആക്രമണമാണ് അവതരിപ്പിക്കുന്നത്. എസ്.എന്‍.ഡി.പി മുന്നോട്ടുവെച്ച മതനിരപേക്ഷതയും, സംഘപരിവാറിന്റെ മതരാഷ്ട്രവാദവും ഒരര്‍ത്ഥത്തിലും പൊരുത്തപ്പെടുന്നവയല്ല.

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തള്ളിക്കളയുകയാണ് ശ്രീനാരായണ ദര്‍ശനത്തിന്റെ മറ്റൊരു സവിശേഷത. എന്നാല്‍ അത്തരം രീതികളെ അവതരിപ്പിച്ച് ജാതീയമായ കാഴ്ചപ്പാടുകളെ ശക്തിപ്പെടുത്തുകയെന്നതാണ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ആശയഗതികള്‍. ജാതീയമായി വിവിധ വിഭാഗങ്ങളെ പിളര്‍ത്തിയെടുക്കുകയും, വര്‍ഗ്ഗീയമായി അവയെ യോജിപ്പിക്കുകയും ചെയ്യുകയെന്നതാണ് സംഘപരിവാറിന്റെ സമീപനം. അതിന്റെ അടിസ്ഥാനത്തില്‍ വിവിധങ്ങളായ ജാതിസംഘടനകളില്‍ നുഴഞ്ഞു കയറുകയും, പൊതുസമൂഹത്തെ ജാതീയമായി വിഭജിക്കുകയും ചെയ്ത് ജാതിബോധം വളര്‍ത്തിയെടുക്കുകയെന്നതാണ് ഇവരുടെ സമീപനം. അതിനായി പണത്തിന്റേയും, അധികാരത്തിന്റേയും പ്രലോഭനങ്ങള്‍ മുന്നോട്ടുവെച്ച് ജാതി സംഘടനകളെ കൈവശപ്പെടുത്താന്‍ അവർ ഇടപെടുന്നു. അതോടൊപ്പം തന്നെ പ്രതിപക്ഷ കക്ഷികളെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് ഇത്തരം സംഘടനാ നേതൃത്വങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതിയും അവര്‍ മുന്നോട്ടുവെക്കുകയാണ്. ഇത്തരം ഇടപെടലുകളിലൂടെ ജാതി സംഘടനകളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ശ്രീനാരായണ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് നിരവധി സംഭാവനകൾ ചെയ്തിട്ടുണ്ട്. ഗുരു മുന്നോട്ടുവെച്ച ആശയങ്ങള്‍ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുക മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വളരുവാനുള്ള വളക്കൂറുള്ള മണ്ണ് ഒരുക്കുകയുമാണ് ചെയ്തത്. അതുകൊണ്ട് ശ്രീനാരായണ ദര്‍ശനം നടപ്പിലാക്കുന്നതിന് സിപിഐ എം എതിരല്ല. യഥാര്‍ത്ഥ ശ്രീനാരായണ ദര്‍ശനം പ്രചരിപ്പിക്കുന്നത് വര്‍ഗ്ഗ രാഷ്ട്രീയത്തെ വളരാനാണ് സഹായിക്കുക.

ആധുനികമായ കേരളത്തെ രൂപപ്പെടുത്താന്‍ വലിയ സംഭാവന നല്‍കിയ എസ്.എന്‍.ഡി.പി നേതൃത്വത്തിലെ ചിലരെ പലവിധത്തില്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്ന് ശ്രീനാരായണ ദര്‍ശനത്തിന് പകരം സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിന് എസ്എൻഡിപിയെ ഉപയോഗപ്പെടുത്തുന്ന സ്ഥിതി വര്‍ത്തമാനകാലത്ത് വളര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു പ്രവണത ശക്തമാണ്. സംഘപരിവാറിന്റെ ഈ നുഴഞ്ഞുകയറ്റം ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ആശയഗതികള്‍ക്കു പകരം മതരാഷ്ട്രവാദ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായി എസ്.എന്‍.ഡി.പിയെ മാറ്റാനുള്ള ശ്രമമാണ്.

ഗുരുദര്‍ശനത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനും, അവര്‍ക്കനുയോജ്യമായ രാഷ്ട്രീയ അടിത്തറയൊരുക്കാനും എസ്എൻഡിപി നേതൃത്വം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്പര്യമറിയാവുന്ന ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല. കേരള സമൂഹത്തെ ഇന്നത്തെ ജനാധിപത്യ ബോധമുള്ള സമൂഹമായി പരിവര്‍ത്തിപ്പിക്കാന്‍ ഇടപെട്ട ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ കെട്ടുകെട്ടിച്ച് മതരാഷ്ട്രവാദം സ്ഥാപിക്കാന്‍ സംഘടനയിലെ ചിലരെ ഉപയോഗിച്ച് നടത്തുന്ന ഈ ശ്രമങ്ങൾ ശ്രീനാരായണ ദര്‍ശനത്തെ മുന്നോട്ടുവെക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല. അതിന്റെ ഭാഗമായുള്ള ആശയപരമായ ഏറ്റുമുട്ടലുകളും ആ സംഘടനയ്ക്കകത്തും ഉയര്‍ന്നുവരാതിരിക്കില്ല. യഥാര്‍ത്ഥ ശ്രീനാരായണ ദര്‍ശനം പ്രചരിപ്പിക്കുന്നതിന് എസ്.എന്‍.ഡി.പി നേതൃത്വം തയ്യാറാകണമെന്ന ആവശ്യമാണ് സിപിഐ എം മുന്നോട്ടുവെക്കുന്നത്. അല്ലാതെ ശ്രീനാരായണ ദര്‍ശനങ്ങളോടുള്ള വിയോജിപ്പല്ല പാർട്ടിപ്രകടിപ്പിച്ചിട്ടുള്ളത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + thirteen =

Most Popular