Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിസ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ആർഎസ്എസ്

സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ആർഎസ്എസ്

പിണറായി വിജയൻ

പിണറായി വിജയൻ

ന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരം ബഹുമുഖമായ ഒന്നായിരുന്നു. വിവിധ ചിന്താധാരകൾ ഒന്നിച്ചു നിന്ന് കോളോണിയൽ ശക്തിക്കെതിരെ നടത്തിയ മുന്നേറ്റമായിരുന്നു നമ്മുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം. ​ഇന്നത്തെ സംഘപരിവാറിന്റെ പൂർവ്വസൂരികളായ സംഘടനകൾ ഒഴിച്ച് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സജീവമായ പങ്കാളിത്തം സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നു. നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു ഈ സമര മുന്നണി. ഈ ദേശീയ പ്രസ്ഥാനത്തിൽ ഒരു പങ്കും അവകാശപ്പെടാൻ കഴിയാത്ത ഒരു കൂട്ടരാണ് ഇന്ന് സംഘപരിവാർ ആയി അറിയപ്പെടുന്ന ആർഎസ്എസും അനുബന്ധ സംഘടനകളും എന്നത് നിസ്തർക്കമായ കാര്യമാണ്. വൈദേശിക ഭരണത്തെയോ കോളനിവൽക്കരണത്തെയോ പ്രശ്നവൽക്കരിക്കാൻ അവർ തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഊർജ്ജം കളയാതെയിരിക്കാനായിരുന്നു അവരുടെ താല്പര്യം. സ്വാതന്ത്ര്യ സമരത്തിന്റെ സത്തയെ മലിനമാക്കിയ ചരിത്രമാണ് വർഗീയ പ്രസ്ഥാനങ്ങളുടേത്.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യൻ റിപ്പബ്ലിക്കിനെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവും ഫെഡറൽ വ്യവസ്ഥയുമൊക്കെ ഉണ്ടാകുന്നത് സ്വാതന്ത്ര്യ സമരപ്രസ്‌ഥാനം പകർന്നുനൽകിയ മൂല്യങ്ങളിൽ നിന്നുമാണ്. എന്നാൽ,സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രൂപീകരണത്തിലേക്ക് നയിച്ച ആശയങ്ങളെ ആർഎസ്എസ് എതിർത്തു പോന്നു. ഹിന്ദു മതവിശ്വാസത്തെ മാത്രമല്ല ഇന്ത്യൻ ദേശീയതയെത്തന്നെ തങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് വ്യാഖ്യാനിക്കാനാണ് അവർ ശ്രമിച്ചത്.

1925 ൽ രൂപീകൃതമായ ആർഎസ്എസ്സിനു സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് അങ്ങേയറ്റം വിപ്രതിപത്തിയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ആശയപരിസരങ്ങൾ ആർഎസ്എസ്സിന്റെ സങ്കുചിത രാഷ്ട്രീയത്തിന് ഉൾക്കൊള്ളാൻ കഴിയാവുന്നതായിരുന്നില്ല എന്നു ചുരുക്കം. “വിചാരധാര”യിൽ ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലക് മാധവ സദാശിവ ഗോൾവാൾക്കർ പറയുന്ന വാചകങ്ങളിൽ നിന്നും എങ്ങനെയാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ആർഎസ്എസ് നോക്കിക്കണ്ടത് എന്ന് വ്യക്തമാണ്:

“നമ്മുടെ രാഷ്ട്ര സങ്കൽപ്പത്തിന് അടിത്തറയിട്ട പ്രാദേശിക ദേശീയതയുടെയും പൊതു അപകടത്തിന്റെയും സിദ്ധാന്തങ്ങൾ, നമ്മുടെ യഥാർത്ഥ ഹിന്ദു രാഷ്ട്രത്തിന്റെ നിയതവും പ്രചോദനാത്മകവുമായ ഉള്ളടക്കം നമുക്ക് നഷ്ടപ്പെടുത്തുകയും നിരവധി ‘സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ’ ഫലത്തിൽ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളാക്കി മാറ്റുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധത എന്നത് ദേശസ്നേഹവും ദേശീയതയുമായി കണക്കാക്കപ്പെടുകയാണ്. ഈ പിന്തിരിപ്പൻ വീക്ഷണം സ്വാതന്ത്ര്യ സമരത്തിന്റെ മുഴുവൻ ഗതിയിലും അതിന്റെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.” (വിചാരധാര/ പേജ് 138).

നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ഇന്ത്യൻ ദേശീയതയ്ക്ക് പകരം ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷം കാൽക്കീഴിലാക്കണമെന്ന് നിഷ്കർഷിക്കുന്ന ഹിന്ദുത്വ ദേശീയതയെയാണ് ആർഎസ്എസ് ഉയർത്തിപ്പിടിച്ചത്. ഹിന്ദു മതവിശ്വാസത്തിനു പകരം ഹിന്ദുത്വ വർഗീയതയെ പ്രതിഷ്ഠിക്കാൻ അവർ ശ്രമിച്ചു. വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ താല്പര്യം കാട്ടാതെ “ആഭ്യന്തര ശത്രുക്കൾ”ക്കെതിരെ പടനയിക്കാക്കാനായിരുന്നു ആർഎസ്എസ്സിന്റെ താല്പര്യം.

ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവനം ചെയ്തുകൊണ്ടാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്‌ഥാനശിലയായ ഭരണഘടന ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്‍പം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ് ഇന്ന്. എന്നാൽ ഇന്ത്യൻ ഭരണഘടനയോട് ഹിന്ദുത്വ ശക്തികൾ തുടക്കം മുതൽ കാട്ടിയ മനോഭാവം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

1949 നവംബർ 26 ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണഘടനയ്ക്ക് അന്തിമ അംഗീകാരം നൽകിയപ്പോൾ ആർഎസ്എസ്സിന് അതിൽ പരിപൂർണ അതൃപ്തിയും അസന്തുഷ്ടിയുമായിരുന്നു ഉണ്ടായിരുന്നത്. ആർഎസ്എസ് മുഖപത്രമായ “ഓർഗനൈസ”റിൽ നവംബർ 30 ന് പ്രത്യക്ഷപ്പെട്ട എഡിറ്റോറിയലിൽ ഇത്‌ വ്യക്തമായിരുന്നു:

‘‘എന്നാൽ നമ്മുടെ ഭരണഘടനയിൽ പുരാതന ‘ഭാരത’ത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെക്കുറിച്ച് പരാമർശമില്ല. മനുവിന്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈക്കർഗസിനോ പേർഷ്യയിലെ സോളോണിനോ വളരെ മുമ്പുതന്നെ എഴുതപ്പെട്ടതാണ്. ‘മനുസ്മൃതി’യിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ലോകത്തിന്റെ പ്രശംസയ്ക്ക് പാത്രമാവുകയും സ്വാഭാവിക അനുസരണയും അനുരൂപതയും ഉളവാക്കുകയും ചെയ്തു. പക്ഷേ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാർക്ക് അത് മനസ്സിലാകുന്നില്ല.” (ഓർഗനൈസർ എഡിറ്റോറിയൽ, നവംബർ 30, 1949)

ഹിന്ദുത്വ ദേശീയതയിൽ വിശ്വസിക്കുന്ന ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെ ചതുർഥിയായാണ് കണ്ടത്. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെയാണ് അവർ ഉയർത്തിപ്പിടിച്ചത് എന്നത് ഓർഗനൈസർ എഡിറ്റോറിയലിൽ നിന്നും വ്യക്തമാണ്.
പാശ്ചാത്യരെ അനുകരിച്ചുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ എഴുതി ഉണ്ടാക്കിയതെന്നും വ്യക്തികളും സമൂഹവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഇന്ത്യൻ ധാരണകളിൽനിന്ന് തീർത്തും വേർപിരിഞ്ഞുള്ളതാണ് ഈ ഭരണഘടനയെന്നും അഭിപ്രായപ്പെട്ടത് ബിജെപിയുടെ മുൻ രൂപമായ ജനസംഘത്തിന്റെ നേതാവായിരുന്ന ദീനദയാൽ ഉപാധ്യായയായിരുന്നു.

ഇന്ത്യയുടെ ദേശീയ പതാകയോടും ഇതേ മനോഭാവമായിരുന്നു സംഘപരിവാർ സ്വീകരിച്ചത്. 1947 ജൂലായ്‌ 17 ന് ‘ഓർഗനൈസറി’ൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ളതാകണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെട്ടത്.

ഇന്ത്യൻ ഭരണഘടനാ അസംബ്ലി ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചപ്പോൾ, ‘ഓർഗനൈസർ’ 1947 ആഗസ്ത് 14 ലെ ലക്കത്തിൽ എഴുതിയത് ‘‘വിധിയുടെ ചവിട്ടുപടിയിൽ അധികാരത്തിലെത്തിയ ആളുകൾ നമ്മുടെ കൈകളിൽ ത്രിവർണ്ണ പതാക നൽകിയേക്കാം, പക്ഷേ അത് ഒരിക്കലും ഹിന്ദുക്കൾക്ക് ആദരവും ഉടമസ്ഥതയും നൽകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും അത് സൃഷ്ടിക്കും. വളരെ മോശമായ മനഃശാസ്ത്രപരമായ ഫലവും ഒരു രാജ്യത്തിന് ഹാനികരവുമാണ്” എന്നാണ്.

ത്രിവർണ്ണ പതാകയ്ക്കു പകരം കാവി പതാകയെയാണ് ആർ എസ് എസ് അംഗീകരിക്കാൻ തയ്യാറായതെന്ന് അവരുടെ നേതാക്കളുടെ പ്രസ്താവനകളിൽ നിന്നും എഴുത്തുകളിൽ നിന്നും വ്യക്തമായിരുന്നു. 1946 ജൂലൈ 14-ന് നാഗ്പൂരിൽ ഗുരുപൂർണിമ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗോൾവാൾക്കർ പറഞ്ഞത് ഇത്‌ അടിവരയിടുന്നു.

“‘ഭാരതീയ സംസ്കാരത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നത് കാവി പതാകയായിരുന്നു. അത് ദൈവത്തിന്റെ മൂർത്തീഭാവമായിരുന്നു. അവസാനം രാജ്യം മുഴുവൻ ഈ കാവി പതാകയ്ക്ക് മുന്നിൽ തലകുനിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.” ഗോൾവാൾക്കറുടെ അതേ നിലപാടാണ് ആർഎസ്എസ്സിനും ഉണ്ടായിരുന്നത്.

സംഘപരിവാർ ശക്തികൾ ഇന്നും ആവേശം ഉൾക്കൊള്ളുന്നത് അവരുടെ താത്വികാചാര്യനായ വി ഡി സവർക്കറിന്റെ പേരിലാണ്.

വിഡി സവർക്കർ തടവറയിൽ നിന്നും ബ്രിട്ടീഷ് സർക്കാരിനയച്ച നാണംകെട്ട ദയാഹർജി കൂടെ ഇവിടെ ഓർക്കുന്നത് നന്നാവും. ആത്മാഭിമാനമെന്ന വാക്കിന്റെ അർത്ഥമറിയുന്ന ഏതൊരാളും നാണിച്ചു പോകുന്ന രീതിയിലാണ് അന്ന് സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പഭ്യർത്ഥിച്ചത്.

“‘ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കില്‍ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് സര്‍ക്കാറിന്റെ ശക്തനായ വക്താവായി ഞാന്‍ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂര്‍ണ്ണമായ വിധേയത്വം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവര്‍ത്തനം ഒരിക്കല്‍ എന്നെ മാര്‍ഗദര്‍ശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും. എന്റെ മനംമാറ്റം മനഃസാക്ഷിയുടെ പ്രേരണയാലുള്ളതാണ്; അതുകൊണ്ടുതന്നെ എന്റെ ഭാവി പ്രവര്‍ത്തനങ്ങളും അങ്ങനെ തന്നെ ആയിരിക്കും. അതിനാല്‍ സര്‍ക്കാരിന്റെ ഇഷ്ടമനുസരിച്ച് സര്‍ക്കാരിനെ ഏതു വിധത്തില്‍ സേവിക്കുന്നതിനും ഞാന്‍ തയ്യാറാണ്. എന്നെ ജയിലടച്ചാലുള്ള മെച്ചത്തെക്കാളും അധികമായിരിക്കും അത്.’’ ഇപ്രകാരമായിരുന്നു സവർക്കർ കൊളോണിയൽ ഭരണകൂടത്തിനു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തിയത്. ഇതേ സവർക്കറിനെയാണ് ഗാന്ധിയ്ക്കു പകരം സ്വാതന്ത്ര്യസമര നായകനായി സംഘപരിവാർ എഴുന്നള്ളിക്കുന്നത്. ഇതേ സവർക്കറുടെ വർഗീയ സിദ്ധാന്തങ്ങളാണ് നമ്മെ ഭിന്നിപ്പിക്കാനായി സംഘപരിവാർ ഉപയോഗിക്കുന്നതും.

ഇതേ സവർക്കറുടെ പിൻഗാമികളാണ് ആർഎസ്എസും സംഘപരിവാറും. സ്വാതന്ത്ര്യ സമര ഘട്ടങ്ങളിലാകെ അതിനോട് പിന്തിരിഞ്ഞു നിന്ന ആർഎസ്എസ്, ദേശീയ പ്രസ്ഥാനത്തിൽ തങ്ങൾക്കും പങ്കുണ്ടെന്നു സ്ഥാപിച്ചെടുക്കാൻ ഇന്ന് ശ്രമിക്കുകയാണ്. രാജ്യത്തിന്റെ വൈവിദ്ധ്യത്തെ ഇല്ലാതാക്കാനും നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഈ ശ്രമങ്ങളും.

റാണി അബ്ബക്ക, വേലു നാച്ചിയാർ, റാണി ഗൈഡിൻലിയു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ തങ്ങളുടേതാക്കി മാറ്റി സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കയറിക്കൂടാനാണ് ഏറ്റവും ഒടുവിൽ ഇക്കൂട്ടർ ശ്രമിക്കുന്നത്.

ഇങ്ങനെ ചരിത്രത്തെ വക്രീകരിച്ചും യാഥാർഥ്യങ്ങളെ തമസ്കരിച്ചും വ്യാജോക്തികൾ ചരിത്ര വസ്തുതകൾക്ക് പകരം സ്ഥാപിച്ചും രാജ്യത്തിന്റെ ഇന്നലെകളെ മലീമസമാക്കാൻ ശ്രമിക്കുന്ന ശക്തികൾ ജനാധിപത്യത്തോട് ചേർന്ന് നിൽക്കുന്നവരല്ല. മഹാത്മാഗാന്ധി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ് ആർ എസ് എസ്. എന്തിനായിരുന്നു ആ നിരോധനം എന്ന്, ഇന്നും ആർ എസ് എസ് ആരാധനാ മൂർത്തിയായി കാണുന്ന സർദാർ വല്ലഭായ് പട്ടേൽ സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. പട്ടേലിന്റെ ആ വാക്കുകളിലുണ്ട് ആർ എസ് എസ് എങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചന. വിപ്ലവ ചിന്തയും ജനാധിപത്യ ബോധവും ഉയർത്തിപ്പിടിച്ച് അവസാന ശ്വാസം വരെ പോരാടിയ ധീര ഭഗത് സിങ്ങിനെ പോലും സ്വന്തം കള്ളിയിലേക്ക് വലിച്ചിഴയ്ക്കുന്ന ആർ എസ് എസ്സിന് ഏതു ചരിത്രവും സ്വന്തം നിലയ്ക്ക് മാറ്റിയെഴുതാൻ മടിക്കേണ്ടതില്ല. എന്നാൽ സ്വാതന്ത്ര്യ സമര ചരിത്രം ആർ എസ് എസ്സിൽ നിന്ന് വേറിട്ടുതന്നെ നിൽക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − thirteen =

Most Popular