പാർട്ടി വിദ്യാഭ്യാസ പരമ്പരയിൽ സിപിഐ എം കേന്ദ്ര നേതൃത്വം തയ്യാറാക്കിയത് |
ആർഎസ്എസും ഹിന്ദുത്വയും
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ സ്വഭാവത്തിനും ഇന്ത്യൻ ഭരണഘടനയ്ക്കു തന്നെയും നേരെ ഇന്നുയരുന്ന ഏറ്റവും വലിയ ഭീഷണിയാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്). വിഭാഗീയവും ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതുമായ പ്രവർത്തനങ്ങളിലൂടെ ആർഎസ്എസ് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വർഗപരമായ ഐക്യത്തെ തകർത്ത് കോർപ്പറേറ്റ് മൂലധനത്തിന്റെയും സാമ്രാജ്യത്വശക്തികളുടെയും താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്.
ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികം 2025 ൽ അവർ ആഘോഷിക്കും. ആ സമയമാകുമ്പോൾ, ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയെന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് ആർഎസ്എസസും പരിവാർ സംഘടനകളും പണിയെടുത്തുകൊണ്ടിരിക്കുന്നത്; കേന്ദ്രസർക്കാരിന്റെ അമരത്തുള്ള ബിജെപിയിലെ മോദി – ഷാ കൂട്ടുകെട്ടിന്റെ സഹായത്തോടെയാണ് അവർ അത് ചെയ്യാൻ ശ്രമിക്കുന്നത്.
നമ്മുടെ ഭരണഘടനയുടെ മതനിരപേക്ഷ – ജനാധിപത്യ അടിത്തറയെ തകർക്കുന്നതിനുള്ള ഈ നീക്കങ്ങൾക്കെതിരെ ജനങ്ങൾ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ചെറുത്തുനിൽപ്പ് ആർഎസ്എസ്സിന്റെ നീക്കങ്ങൾക്ക് ശക്തമായ തടസ്സം സൃഷ്ടിക്കുകയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കണമെന്നുണ്ടെങ്കിൽ, ഈ വിപത്തിനെ തുടച്ചുനീക്കണമെന്നുണ്ടെങ്കിൽ ആർഎസ്എസ്സിന്റെ പ്രവർത്തനരീതി എന്തെന്ന് നാം മനസ്സിലാക്കിയിരിക്കണം. അതിനായി ആർഎസ്എസ്സിന്റെ ലക്ഷ്യം, ഘടന, പ്രവർത്തനരീതി എന്നിവയെക്കുറിച്ച് ഹ്രസ്വമായ ഒരു പൊതു അവലോകനം ആവശ്യമാണ്; അതോടൊപ്പം തന്നെ ഈ വിപത്തിനെ എങ്ങനെ ചെറുക്കാം എന്നതിനെക്കുറിച്ചുമാണ് ചുവടെ വിവരിക്കുന്നത്.
I
പശ്ചാത്തലം
ആർഎസ്എസ് നിലവിൽ വന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി ഇന്ത്യയുടെ സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിൽ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് വർഗീയാടിസ്ഥാനത്തിൽ 1905-ല്‍ ബംഗാളിനെ വിഭജിച്ചപ്പോൾ ദേശീയ വികാരം അതിശക്തമായി വളരാൻ തുടങ്ങി. ഈ വിഭജനത്തിനെതിരെ ബംഗാളിലാകെയും രാജ്യത്തുടനീളവും വൻതോതിൽ സ്വദേശി പ്രക്ഷോഭം ഉയർന്നു വന്നു.
ദേശീയ പ്രസ്ഥാനം അതിവേഗം തീവ്രമായി വളർന്നുകൊണ്ടിരിക്കുന്നതിനോടുള്ള പ്രതികരണമെന്ന നിലയിൽ ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് അവലംബിച്ചത്; 1857ലെ ഒന്നാമത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുശേഷമാണ് ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ചു ഭരിക്കൽ നയം നടപ്പാക്കാൻ തുടങ്ങിയത്. ഉയർന്നുവരുന്ന ബഹുജന പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന് ബ്രിട്ടീഷ് ഗവൺമെന്റ് മനുഷ്യത്വരഹിതമായ നടപടികളാണ് കൈക്കൊണ്ടത്. വർഗീയശക്തികളെ പ്രോത്സാഹിപ്പിച്ച് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വിള്ളലുണ്ടാക്കുന്ന വിധത്തിലായിരുന്നു ഭരണഘടനാ പരിഷ്കാരങ്ങൾ നിർദ്ദേശിക്കപ്പെട്ടത്. 1906 ഒക്ടോബറിൽ പ്രമുഖരായ 35 മുസ്ലീം നേതാക്കളുടെ സിംല നിവേദക സംഘത്തിന് വർഗീയാടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രാതിനിധ്യം അനുവദിക്കാമെന്ന് ബ്രിട്ടീഷുകാർ ഉറപ്പു നൽകി. 1906 ഡിസംബറിൽ മുസ്ലീംലീഗിന്റെ രൂപീകരണത്തിന് പരോക്ഷമായെങ്കിലും ഇടംനൽകിയത് ഇതാണ്. ഇതിന് സമാന്തരമായി തന്നെ പല പ്രവിശ്യകളിലും ഹിന്ദു സഭയും സ്ഥാപിക്കപ്പെട്ടു; 1906ൽ പഞ്ചാബിലാണ് ഇതിന് തുടക്കമിട്ടത്; ഇതാണ് 1913ൽ ഹിന്ദു മഹാസഭയുടെ രൂപീകരണത്തിൽ കലാശിച്ചത്.
ആയിടെ നടന്ന 1917ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയം സൃഷ്ടിച്ച ആവേശകരമായ സ്വാധീനം ദേശീയ പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ, പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ യുവജനങ്ങളെ ആകൃഷ്ടരാക്കി.
1919 ലെ വൈശാഖി ദിനത്തിൽ, കുപ്രസിദ്ധമായ റൗലറ്റ് ആക്ട് അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ ജാലിയൻവാലാബാഗിൽ ബ്രിട്ടീഷുകാർ കൂട്ടക്കൊല ചെയ്തത് രാജ്യത്തെയാകെ ഇളക്കിമറിച്ചു; അതിനൊപ്പം മഹാത്മാഗാന്ധിയുടെ ഖിലാഫത്ത് ആഹ്വാനം കൂടിയായപ്പോൾ 1920–21ലെ നിസ്സഹകരണ പ്രക്ഷോഭത്തിലേക്ക് മുസ്ലീങ്ങളും ആകൃഷ്ടരായി. ഒന്നാം ലോക യുദ്ധകാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട സാമ്പത്തിക ഭാരം മൂലം തകർന്നു കൊണ്ടിരുന്ന ജീവിത സാഹചര്യങ്ങളും ജനങ്ങളെ സമരങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. ഈ പ്രക്ഷോഭം രാജ്യത്തെയാകെ പിടിച്ചുകുലുക്കി; മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കത്തിന് ഇത് തടയിട്ടു.
1922ലെ ചൗരി ചൗര സംഭവത്തെത്തുടർന്ന് പ്രക്ഷോഭം പിൻവലിക്കാൻ ഗാന്ധിജി പെട്ടെന്ന് കൈക്കൊണ്ട തീരുമാനം എല്ലാവരെയും ഞെട്ടിച്ചു; ഇത് വ്യാപകമായ ആശയക്കുഴപ്പത്തിനും ആത്മവിശ്വാസം ഇല്ലാതാക്കലിനും ഇടയാക്കി. ഗാന്ധിജി മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് കോൺഗ്രസിനുള്ളിലെ ഹിന്ദു ദേശീയവാദികളും ഹിന്ദുമഹാസഭയും ആരോപിക്കുന്നതിന് ഇത് ഇടയാക്കി; ഹിന്ദു – മുസ്ലീം സംഘർഷത്തിന് ചൂടുപിടിപ്പിക്കാൻ ബ്രിട്ടീഷുകാരും ബോധപൂർവം ശ്രമിച്ചു. ഈ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ തളംകെട്ടി നിന്നിരുന്ന മാനസികവിക്ഷോഭം വർഗീയമായ അക്രമ സംഭവങ്ങളിലേക്ക് അനായാസം വഴിതിരിച്ചു വിടപ്പെട്ടു.
നിസ്സഹകരണ പ്രക്ഷോഭകാലത്ത് ഉറങ്ങിക്കിടന്നിരുന്ന ഹിന്ദുമഹാസഭ മദൻ മോഹൻ മാളവ്യയുടെയും ലാലാ ലജ്പത് റായിയുടെയും ശ്രദ്ധാനന്ദയുടെയും മറ്റും നേതൃത്വത്തിൽ സജീവമായി; ഹിന്ദു–-മുസ്ലീം ഐക്യമെന്ന ഗാന്ധിജിയുടെ സങ്കൽപ്പനത്തിനെതിരെ സംസാരിച്ചു തുടങ്ങിയ അവർ മുസ്ലീങ്ങളെ ചെറുക്കേണ്ടതാവശ്യമാണെന്ന് വാദിച്ചു തുടങ്ങി.
വളർന്നുകൊണ്ടിരുന്ന വർഗീയ സംഘർഷങ്ങളുടേതായ ഈ പശ്ചാത്തലത്തിൽ, ഹിന്ദുക്കൾക്കായി ഒരു പ്രത്യേക അർദ്ധ സൈനിക സംഘടന എന്ന ആശയം ഉയർന്നു വന്നു.
1923ല്‍ നടന്ന ഹിന്ദുമഹാസഭയുടെ വാർഷിക സമ്മേളനത്തിൽ മുസ്ലീങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ഹിന്ദുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ഹിന്ദു സംഘടന രൂപീകരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. പിൽക്കാലത്ത് (മൂഞ്ചെയോടൊപ്പം) ആർഎസ്എസ് സ്ഥാപിച്ച ഹെഡ്ഗെവാറിന്റെ ബുദ്ധി ഉപദേശകനായിരുന്ന ഡോ. മൂഞ്ചെയെ പോലെയുള്ള കോൺഗ്രസ് നേതാക്കളും ഹിന്ദു പെൺകുട്ടികളെ സംരക്ഷിക്കുന്നതിന് പ്രത്യേക ഹിന്ദു സംഘടന രൂപീകരിക്കുന്നതിന് അനുകൂലമായിരുന്നു.
ഹിന്ദുമഹാസഭയുടെ നേതാവായ വിനായക് ദാമോദർ സവർക്കർ എഴുതിയ ‘ഹിന്ദുത്വ’ എന്ന പുസ്തകം 1923ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഹിന്ദു വർഗീയവാദികൾക്കെല്ലാം ഇത് മറ്റെന്തിനേക്കാളും വലിയ പ്രചോദനമായി.
ഹിന്ദു ദേശീയവാദികൾക്കിടയിൽ നിലനിന്നിരുന്ന ഈ മനോഭാവത്തിന്റെ അനന്തരഫലമായിരുന്നു 1925ൽ ആർഎസ്എസ് സ്ഥാപിച്ചതിൽ കലാശിച്ചത്.
സ്വയം സംരക്ഷണത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഹിന്ദു സംഘടനകളും അഖാഡകളും രൂപീകരിക്കുന്നതായി അറിഞ്ഞ ഗാന്ധിജി ഇത്തരം നീക്കങ്ങൾക്കെതിരെ താക്കീത് ചെയ്തു.
II
ആർഎസ്എസിന്റെ രൂപീകരണം
ഡോ. മൂഞ്ചെയുടെ അനുയായിയായിരുന്നു ആർഎസ്എസ് രൂപീകരിക്കുന്നതിനുമുൻപ് കേശവ് ബലിറാം ഹെഡ്ഗെവാർ.ഒരേസമയം കോൺഗ്രസിന്റെയും ഹിന്ദുമഹാസഭയുടെയും നേതാവായിരുന്നു ഡോ. ബി എസ് മൂഞ്ചെ. തന്റെ മാർഗദർശിയുടെ താൽപര്യാനുസൃതം ഹെഡ്ഗെവാർ കോൺഗ്രസിലും ഹിന്ദുമഹാസഭയിലും മറ്റ് നിരവധി യുവജന – സന്നദ്ധ സംഘടനകളിലും പ്രവർത്തിച്ചു. കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഹെഡ്ഗെവാർ 1920ൽ നാഗ്പൂരിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിന്റെ സംഘാടനത്തെ സഹായിക്കുന്നതിന് സേവാദൾ വളന്റിയറായി പ്രവർത്തിച്ചു. നിസ്സഹകരണ പ്രക്ഷോഭത്തിന്റെ കാലത്ത് കുറച്ചുകാലം അദ്ദേഹം ജയിൽവാസം അനുഭവിച്ചു. എന്നാൽ അപ്പോൾ അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്ന കാര്യം നാം പ്രത്യേകം ഓർമിക്കേണ്ടതുണ്ട്; അന്ന് ആർഎസ്എസ് രൂപീകരിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല.
ജയിൽമോചിതനായ ശേഷം മറ്റു പലരെയും പോലെ അദ്ദേഹവും ഗാന്ധിജിയെ വിമർശിച്ചു; ഗാന്ധിജിയുടെ ഖിലാഫത്ത് നയം മൂലമാണ് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നടന്ന കലാപങ്ങളിൽ പ്രത്യേകിച്ചും മാപ്പിള കലാപത്തിൽ ഹിന്ദുക്കൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 1923ല്‍ നാഗ്പൂരിൽ വർഗീയ സംഘർഷങ്ങളുണ്ടായപ്പോൾ മൂഞ്ചെയുടെ നേതൃത്വത്തിൽ ഹെഡ്ഗെവാർ സജീവ ഭാഗഭാക്കായി.
ഈ സംഭവവികാസങ്ങളോടുള്ള പ്രതികരണമെന്ന നിലയിൽ വർഗീയ സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ മുസ്ലീങ്ങളെ നേരിടുന്നതിന് ചെറുപ്പക്കാരെ കായികമായും മാനസികമായും സജ്ജരാക്കുകയെന്ന കാഴ്ചപ്പാടോടെ ഹെഡ‍്ഗെവാർ മഹാരാഷ്ട്ര വ്യായാമ ശാല എന്ന പേരിൽ ഒരു ജിംനേഷ്യം ആരംഭിച്ചു; ഇതിനൊപ്പം ശിക്ഷാ പ്രസാരക് മണ്ഡൽ എന്ന പേരിൽ ഒരു സ്റ്റഡി സർക്കിളും രാഷ്ട്രീയ സ്വയംസേവക് മണ്ഡൽ എന്ന സന്നദ്ധ സംഘടനയും രൂപീകരിച്ചു.
1925ലെ വിജയദശമി ദിനത്തിൽ സ്ഥാപിക്കപ്പെട്ട ആർഎസ്എസിന്റെ തൊട്ടുമുൻപുള്ള മുൻഗാമികൾ ഇവരായിരുന്നു. രൂപീകരണ ദിനത്തിൽ ഡോ. ബി എസ് മൂഞ്ചെ, ഡോ. എൽ വി പരഞ്ച് പെ, ഡോ. കെ ബി ഹെഡ്ഗെവാർ, ഡോ. തോൽക്കർ, ജി ഡി (ബാബറാവു) സവർക്കർ എന്നീ അഞ്ചുപേർ സന്നിഹിതരായിരുന്നു. ഇവരെല്ലാം ബ്രാഹ്മണരായിരുന്നു; ഹിന്ദുമഹാസഭയുടെ അംഗങ്ങളുമായിരുന്നു.
ആർഎസ്എസ് രൂപീകരണത്തിനുപിന്നിലുള്ള അടിയന്തരമായ ഉൾപ്രേരണ മുസ്ലിങ്ങളെ എതിരിടുന്നതിന് സമരോത്സുകരായ ഒരു സേന ആവശ്യമാണെന്ന ധാരണയാണ്; അല്ലാതെ ബ്രിട്ടീഷുകാർക്കെതിരായ ദേശീയ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകാനായിരുന്നില്ല. ഹിന്ദു –മുസ്ലീം ഐക്യത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ആർഎസ്എസ് വിട്ടുനിന്നത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന ദീർഘകാല ലക്ഷ്യം അതിനുണ്ടായിരുന്നു എന്നതിനാലാണ്.
മുഖ്യമായും വർഗീയമായ ഉല്പത്തിക്കും അജൻഡയ്ക്കും ഒപ്പം തന്നെ ആർഎസ്എസ് രൂപീകരണം മഹാരാഷ്ട്രയിലുടനീളം ശക്തിയാർജിച്ചു വന്നിരുന്ന ബ്രാഹ്മണ വിരുദ്ധ പ്രക്ഷോഭത്തോടുള്ള പ്രതികരണം കൂടിയായിരുന്നു അത്. ആ കാലത്ത്, പ്രഥമ പരിഗണനയർഹിക്കുന്ന സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഫൂലെ (1827–1890) നേതൃത്വം നൽകിയിരുന്ന സത്യ ശോധക് സമാജവും ഡോ. ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ ദളിതരും ജാതീയവും ലിംഗപരവുമായ അടിച്ചമർത്തലുകൾക്കെതിരെ സമരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മനുസ്മൃതിയിൽ സംഗ്രഹിക്കപ്പെട്ടിട്ടുള്ള ബ്രാഹ്മണിക്കൽ ഹിന്ദുമതത്തെ ആക്രമിക്കാൻ ആരംഭിച്ചു. അതിനാൽ, ഈ ആക്രമണങ്ങളിൽ നിന്ന് സനാതന ധർമത്തെ സംരക്ഷിക്കുന്നതിന് ഒരു സംഘടന ആവശ്യമാണെന്ന് ആർഎസ്എസിന്റെ സ്ഥാപകർ കരുതിയതിൽ അത്ഭുതപ്പെടേണ്ടതില്ല.
III
ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം
ആർഎസ്എസ് സ്ഥാപിച്ച ശേഷമുള്ള ആദ്യ യോഗം ചർച്ച ചെയ്തത് മുസ്ലിങ്ങളുടെ ‘റൗഡിസം’ വളർന്നുവരുന്നതിനെക്കുറിച്ചും മുസ്ലീങ്ങളുമായി തുറന്ന ഏറ്റുമുട്ടലിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുസ്ലിം ആക്രമണങ്ങളെ നേരിടുന്നതിന് ഹിന്ദു ചെറുപ്പക്കാരെ യുദ്ധ സജ്ജരാക്കി മാറ്റേണ്ടതിനെക്കുറിച്ചുമാണ്. ആ യോഗത്തിൽ ചർച്ച ചെയ്ത പരിപാടികളും പ്രവർത്തന പദ്ധതികളുമെല്ലാം മുഖ്യമായും ആ ലക്ഷ്യം സാധ്യമാക്കുന്നതിനുവേണ്ടിയായിരുന്നു.
വർഗീയതയ്ക്ക് ഊന്നൽ
ആദ്യ യോഗത്തിൽ ആർഎസ്എസ്സിന്റെ തത്വശാസ്ത്രമെന്തെന്ന് വിശദമാക്കുന്ന ഔപചാരികമായ രേഖയൊന്നും തന്നെ അവതരിപ്പിച്ചില്ലെങ്കിലും ഹിന്ദുത്വത്തെ അടിസ്ഥാനമാക്കി ഹിന്ദുക്കളെ ഏകീകരിക്കുന്നതിനായാണ് ആർഎസ്എസ് രൂപീകരിച്ചത് എന്ന് വ്യക്തമാണ്.
ആർഎസ്എസ് ജന്മംകൊള്ളുന്നതിന് രണ്ടുവർഷം മുൻപ്, 1923ൽ വി ഡി സവർക്കർ, ‘‘ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ’’ എന്ന ശീർഷകത്തിൽ പ്രത്യയശാസ്ത്രപരമായ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. പിന്നീട് ഇത് പുനഃപ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, ‘‘ഹിന്ദുത്വ: ആരാണ് ഹിന്ദു?’’ എന്ന് പുനർനാമകരണം ചെയ്തു.
പ്രത്യയശാസ്ത്രപരമായ ഈ ലഘുലേഖയുടെ അന്തഃസത്ത ‘ഹിന്ദുത്വ’ത്തെ നിർവചിക്കലാണ്: ഇന്ത്യയെ തങ്ങളുടെ മാതൃഭൂമിയും പിതൃഭൂമിയും പുണ്യഭൂമിയും ആയി കണക്കാക്കുന്ന എല്ലാ ആളുകളും അവരുടെ വിശ്വാസങ്ങൾക്കപ്പുറം ഹിന്ദുത്വത്തിന്റെ പരിധിയിൽ വരും. മുസ്ലിങ്ങളെയും (മെക്കയും മദീനയും) ക്രിസ്ത്യാനികളെയും (അവരുടെ പുണ്യഭൂമി ഇപ്പോൾ നശിപ്പിക്കപ്പെട്ട പലസ്തീനിലെ ജെറുസലേം, ബത്-ലഹേം തുടങ്ങിയവയാണ്) പോലെ പുണ്യഭൂമി മറ്റെവിടെയെങ്കിലും ആയിരിക്കുകയും ഇന്ത്യയിൽ ജീവിക്കുകയും ചെയ്യുന്നവർ ഹിന്ദുത്വത്തിന്റെ പരിധിക്ക് പുറത്താണ്’’.
തുടർന്ന് സവർക്കർ വ്യക്തമായും പറയുന്നത്, ഹിന്ദുത്വമെന്നാൽ ഒരു രാഷ്ട്രീയ പദ്ധതിയാണെന്നാണ്, അതിന് ഹിന്ദുമതവുമായി പൊതുവായിട്ടൊന്നുമില്ലെന്നും വ്യക്തമാക്കപ്പെടുന്നു. ഹിന്ദുത്വം സ്ഥാപിക്കുന്നതിനുവേണ്ടി ‘‘സൈന്യത്തെ ഹിന്ദുവൽക്കരിക്കുക, ഹിന്ദുവിനെ സൈനികവൽക്കരിക്കുക’’ എന്ന മുദ്രാവാക്യമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്; ഇപ്പോഴത്തെ ‘‘അഗ്നിപഥി’’ന്റെയും ഹിന്ദുത്വത്തിന്റെ വിദ്വേഷവും അക്രമവും ഭീകരതയും നിറഞ്ഞ വിഷലിപ്തമായ പ്രചാരണത്തിന്റെയും പ്രചോദനം ഇതാണ്.
ദേശീയതയെ കുറിച്ചുള്ള ആർഎസ്എസ്സിന്റെ ഈ നിർമിതിയാണ് ‘‘ഹിന്ദുരാഷ്ട്രം’’ (ഇതിന് ഒരു മതമെന്ന നിലയിൽ ഹിന്ദുമതവുമായി വിദൂര ബന്ധമേയുള്ളൂ, ശരിക്കും ഇതിനെ ‘ഹിന്ദുത്വ രാഷ്ട്രം’ എന്നാണ് വിളിക്കേണ്ടത്) സ്ഥാപിക്കുന്നതിനായുള്ള പ്രത്യയശാസ്ത്രപരവും സൈദ്ധാന്തികവുമായ ന്യായീകരണം. ഇതിനെ പിന്നീട് 1939ൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘‘നമ്മൾ അഥവാ നമ്മുടെ നിർവചിക്കപ്പെട്ട ദേശീയത’’ എന്ന കൃതിയിൽ ആർഎസ്എസിന്റെ സർ സംഘ് ചാലക് അഥവാ പരമോന്നത നേതാവ് ആദ്യമായി ഒന്നിച്ചു കൂട്ടിച്ചേർക്കുകയാണുണ്ടായത്. ഫാസിസ്റ്റ് സ്വഭാവമുള്ള ‘ഹിന്ദുത്വ രാഷ്ട്രം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സംഘടനാ സംവിധാനം സ്ഥാപിക്കുന്നതിനും ആശയങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിൽ ആർഎസ്എസ്സിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകിയത് ഇതാണ്.
‘‘എണ്ണായിരത്തിലേറെയോ പതിനായിരത്തിലേറെയോ വർഷങ്ങൾക്കു മുൻപു മുതൽ തർക്കങ്ങളും വഴക്കുകളുമൊന്നുമില്ലാതെ ഹിന്ദുക്കൾ ജീവിച്ചിരുന്ന ഈ രാജ്യത്തെ വിദേശ വംശങ്ങൾ ആക്രമിക്കുകയാണുണ്ടായത്’’. അതിനാലാണ് ഹിന്ദുക്കളുടെ നാട് എന്ന നിലയിൽ ഈ പ്രദേശം ഹിന്ദുസ്ഥാൻ എന്നറിയപ്പെടാൻ തുടങ്ങിയത് ’’ (എം എസ് ഗോൾവാൾക്കർ, ‘‘നമ്മൾ അഥവാ നമ്മുടെ നിർവചിക്കപ്പെട്ട ദേശീയത’’ , പേജ് 6) ഇത് ചരിത്രപരമായ വസ്തുതയാണോയെന്നതൊന്നും അവർക്ക് പ്രശ്നമേയല്ല. ഹിന്ദുസ്ഥാൻ എന്ന വാക്കു തന്നെ സിന്ധു (ഇൻഡസ്) നദിയുടെ മറുകരയിലുള്ള പ്രദേശം എന്ന് വിശദീകരിക്കാനായി അറബികൾ അവതരിപ്പിച്ചതാണ്. ഈ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചിട്ടുള്ളവരെ അവർ ‘ഹിന്ദുക്കൾ’ എന്ന് വിളിച്ചു.
ഹിന്ദുത്വ ആധിപത്യവാദികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്, എക്കാലത്തും ഹിന്ദുക്കൾ ഒരു രാഷ്ട്രമാണെന്നും അതങ്ങനെ തന്നെ തുടരുന്നുവെന്നുമാണ്; അശാസ്ത്രീയവും ചരിത്രപരമല്ലാത്തതുമായ ഒരു വിശകലനത്തെ ആധാരമാക്കിയാണ് ഇങ്ങനെ പറയുന്നത്; ഇത്തരമൊരു ഹിന്ദുത്വ രാഷ്ട്രത്തിന്റെ അസഹിഷ്ണുതയോടു കൂടിയതും ഫാസിസ്റ്റ് പ്രവണതയുള്ളതുമായ ഉള്ളടക്കമാണ് അത് മുന്നോട്ടുവയ്ക്കുന്നത്.
ഗോൾവാൾക്കർ അഞ്ച് സവിശേഷതകൾ എടുത്തു കാണിക്കുന്നുണ്ട്; അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അതാണ് രാഷ്ട്രത്തെ നിർവ്വചിക്കുന്നത്: ‘‘ഭൂമിശാസ്ത്രപരം (രാജ്യം), വംശീയം (വംശം), മതപരം (മതം), സാംസ്കാരികം (സംസ്കാരം), ഭാഷാപരം (ഭാഷ). (ഗോൾവാൾക്കർ, ‘‘നമ്മൾ അഥവാ നമ്മുടെ നിർവചിക്കപ്പെട്ട ദേശീയത’’, പേജ് 33). ഇന്ത്യയിലെ ഹിന്ദുക്കൾക്ക് എല്ലാ സവിശേഷതകളുമുണ്ടെന്നും അതുകൊണ്ടുതന്നെ എക്കാലത്തും അവർ ഒരു രാഷ്ട്രമാണെന്നും സ്ഥാപിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.
അസന്ദിഗ്ദ്ധമായും അവർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നിഗമനം ഇതാണ്: ‘‘ഹിന്ദുസ്ഥാനിൽ നിലനിൽക്കുന്നത് പൗരാണികമായ ഹിന്ദു രാഷ്ട്രമാണ്; അതങ്ങനെ തന്നെ നിലനിൽക്കേണ്ടതുണ്ട്; ഹിന്ദു രാഷ്ട്രമല്ലാതെ മറ്റൊന്നും ഇവിടെ സാധ്യമല്ല’’. ഈ ദേശീയതയുമായി ബന്ധമില്ലാത്തതെല്ലാം – അതായത് ഹിന്ദു, വംശം, മതം, സംസ്കാരം, ഭാഷ എന്നിവയല്ലാത്തതെല്ലാം – യഥാർഥ ‘ദേശീയ’ ജീവിതത്തിന്റെ അതിരുകൾക്ക് പുറത്തായിരിക്കും.
ക്രമേണ, ഇപ്പോഴത്തെ മന്ദതയിൽ നിന്നും ഹിന്ദു രാഷ്ട്രത്തെ പുനർ നിർമിക്കുകയും പുനരുജീവിപ്പിക്കുകയും മോചിപ്പിക്കുകയും ചെയ്യുമെന്ന് ലക്ഷ്യമിടുന്ന പ്രസ്ഥാനങ്ങളെ മാത്രമാണ് ശരിക്കും ‘ദേശീയം’ എന്ന് വിശേഷിപ്പിക്കാനാവുന്നത്. ‘‘ഹിന്ദു വംശത്തെയും ഹിന്ദു രാഷ്ട്രത്തെയും തങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ പ്രതിഷ്ഠിച്ച് മഹത്വവൽക്കരിക്കുകയെന്ന അദമ്യമായ ആഗ്രഹത്തോടുകൂടിയവർ മാത്രമാണ് ദേശീയവാദികളായ രാജ്യസ്നേഹികൾ; അവർക്കു മാത്രമേ കർമനിരതരാകാനും ആ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കാനുമാകൂ. മറ്റെല്ലാവരും ഒന്നുകിൽ ദേശീയമായ ആ ലക്ഷ്യത്തെ വഞ്ചിക്കുന്നവരും അതിന്റെ ശത്രുക്കളുമായിരിക്കും; അല്ലെങ്കിൽ നാം ഉദാരമായ ഒരു കാഴ്ചപ്പാട് പ്രകടിപ്പിക്കുകയാണെങ്കിൽ അത്തരക്കാർ പമ്പരവിഡ്ഢികളാണെന്നേ പറയാനാകൂ’’. (ഗോൾവാൾക്കർ, ‘‘നമ്മൾ അഥവാ നമ്മുടെ നിർവചിക്കപ്പെട്ട ദേശീയത’’, പേജ് 43 –44).
ചിലപ്പോഴെല്ലാം ചില വ്യാഖ്യാതാക്കൾ വാദിക്കാറുള്ളത് ആർഎസ്എസ് മാറിക്കൊണ്ടിരിക്കുകയാണെന്നാണ്; മാറ്റങ്ങളുടെ ചില ദൃഷ്ടാന്തങ്ങളും അതിന്റെ നയനിലപാടുകളിലെ ചില ക്രമീകരണങ്ങളും ആർഎസ്എസ് സംഘങ്ങൾക്കിടയിലെ ചില വ്യതിചലനങ്ങളും ചൂണ്ടിക്കാണിച്ചാണ് അവർ ഇങ്ങനെ വാദിക്കുന്നത്. എന്നാൽ അവയെല്ലാം തന്നെ നിലവിലുള്ള ദുർഘട സ്ഥിതി മറികടക്കാനുള്ള അടവുപരമായ കൗശലങ്ങളല്ലാതെ മറ്റൊന്നുമല്ല. ഈ ഗ്രന്ഥങ്ങളിൽ മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനാശയങ്ങൾ ആർഎസ്എസ്സിന്റെ സുദീർഘമായ ചരിത്രത്തിലുടനീളം മാറ്റമില്ലാതെ നിലനിൽക്കുകയാണ്.
ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം പ്രായോഗികമായി അതിന്റെ വാചകമടികളാകെ നീക്കം ചെയ്യപ്പെട്ടു കഴിയുമ്പോൾ മുസ്ലിം വിരുദ്ധവും ക്രിസ്ത്യൻ വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ വിദ്വേഷം തിളച്ചുമറിയുന്നതു തന്നെയാണ്. അനിവാര്യമായും അത് ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതു തന്നെയാണ്.
ആർഎസ്എസ്സിന്റെ അഭിപ്രായത്തിൽ അഫ്ഗാനിസ്താൻ മുതൽ ബർമ വരെയും ഹിമാലയം മുതൽ കന്യാകുമാരി വരെയുമുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാർക്കുന്ന ജനവിഭാഗമാകെ ഹിന്ദുക്കളാണ്. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള തദ്ദേശീയരായ ആര്യന്മാരുടെ സന്തതി പരമ്പരയാണവർ; ഈ ഉപഭൂഖണ്ഡത്തിലുടനീളം ശാരീരികമായും ഒപ്പം സാംസ്കാരികമായും അവർ വ്യാപിച്ചു; ആര്യന്മാരല്ലാത്ത മറ്റു തദ്ദേശീയ ജനവിഭാഗങ്ങളുമായി ഇടകലർന്നും കൂടിച്ചേർന്നുമാണ് ഹിന്ദു സമുദായവും അതിന്റെ സംസ്കാരവും ഉല്പാദിപ്പിക്കപ്പെട്ടത്. തങ്ങളുടെ പൂർവികർ ഇന്ത്യയുടെ അതിരുകൾക്കപ്പുറമാണെന്ന് കരുതുന്ന ഒരാളും ഹിന്ദുവല്ല; അത്തരക്കാർക്ക് ഒരിക്കലും ഹിന്ദുത്വ എന്ന സങ്കൽപ്പനത്തിന്റെ ഭാഗമാകാനും കഴിയില്ല.
രാഷ്ട്രം എന്നതിനെ സംബന്ധിച്ച ഹിന്ദുത്വ സങ്കൽപ്പനത്തിന്റെ കേന്ദ്രബിന്ദു മതമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായാണ് അവർ വിശേഷിപ്പിക്കുന്നത്; അവരുടെ അഭിപ്രായത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യകാലം മുതൽ പാർപ്പുറപ്പിച്ചിട്ടുള്ളവർ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നവരാണ്. ഹിന്ദുക്കൾ ആരാധിക്കുന്ന ദേവീ – ദേവന്മാരും അവരുടെ ആചാരങ്ങളും അവർ ആഘോഷിക്കുന്ന ഉത്സവങ്ങളും പൂജിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളുമെല്ലാം പൊതുവിലുള്ളതാണ്.
ഉല്പത്തി ഇന്ത്യൻ മണ്ണിൽ കണ്ടെത്താനാവുന്ന എല്ലാ ജനവിഭാഗങ്ങളുടെയും മതവിശ്വാസങ്ങൾ ഒന്നിച്ചു ചേർന്നത് എന്ന നിലയിലാണ് അവർ ഹിന്ദുമതത്തിനു നൽകുന്ന നിർവചനം. ഇന്ത്യയ്ക്ക് പുറത്ത് ഉറവിടമുണ്ടെന്നു കരുതുന്ന ഒരു വിശ്വാസത്തിനും ഹിന്ദുത്വത്തിൽ ഇടമുണ്ടായിരിക്കില്ല. ഈ നിർവചന പ്രകാരം ഹിന്ദുക്കളും ബുദ്ധമതക്കാരും ജെെനരും സിഖുകാരും മാത്രമേ ഹിന്ദുത്വത്തിന്റെ ഭാഗമാകുന്നുള്ളൂ; കാരണം അവരെല്ലാം തദ്ദേശീയരായി പരിഗണിക്കപ്പെടുന്നവരാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അതിനു പുറത്തുള്ളവരാണ്; അവർ വിദേശത്തുനിന്നുള്ളവരായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. മുസ്ലീമോ ക്രിസ്ത്യാനിയോ തങ്ങൾ ഇന്ത്യക്കാരാണെന്ന് ആണയിട്ടു പറഞ്ഞാൽ പോലും അവരുടെ തീർഥാടന കേന്ദ്രം മക്കയോ റോമോ ആയിരിക്കുന്നതിനാൽ അവർ ഹിന്ദുത്വ വിഭാഗത്തിൽ ഉൾപ്പെടുന്നതായി കാണാനാവില്ല. അവർ പൂർണമായും തങ്ങളുടെ വിശ്വാസം കൈവെടിഞ്ഞ് ഹിന്ദുമതവിശ്വാസം സ്വീകരിക്കാത്തിടത്തോളം ഇന്ത്യയോടാണ് അവരുടെ കൂറെന്ന് സംശയാതീതമായി കരുതാനാവില്ല. അതിനാൽ ഒന്നുകിൽ അവർ ഹിന്ദുമതം സ്വീകരിക്കുക, അല്ലെങ്കിൽ രണ്ടാംകിട പൗരരായോ അതിലും മോശപ്പെട്ട നിലയിലോ ഇവിടെ കഴിഞ്ഞുകൂടാൻ തയ്യാറാകേണ്ടതായി വരും – ഇതാണ് ആർഎസ്എസിന്റെ കാഴ്ചപ്പാട്.
വിശ്വാസത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമല്ല ഹിന്ദുത്വം വ്യാപരിക്കുന്നത്; മറിച്ച് അതിന്റെ നിർവചന പ്രകാരമുള്ള സംസ്കാരവും ആവശ്യമാണ്. ഹിന്ദു സമ്പ്രദായത്തിന്റെ പരിധിയിലുള്ള സംസ്കാരമാണ് ഇന്ത്യയുടെ ആധികാരികമായ സംസ്കാരമായി സങ്കൽപ്പിക്കപ്പെടുന്നത്; അതിനാൽ, അതായിരിക്കും ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ‘‘അവർ പിന്തുടരുന്ന പാരമ്പര്യം, അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവർ കഴിക്കുന്ന ഭക്ഷണം, അവർ സംസാരിക്കുന്ന ഭാഷ എന്നിവയായിരിക്കും ഇന്ത്യയുടെ യഥാർഥ സംസ്കാരം’’. ഇന്ത്യ എന്ന രാഷ്ട്രത്തിൽ ഉൾപ്പെട്ട് നിൽക്കാൻ താല്പര്യമുള്ളവരെല്ലാം ഈ സംസ്കാരത്തെ സ്വീകരിക്കുകയും സ്നേഹിക്കുകയും വേണം. ‘സംസ്കാരം’ എന്ന നിരുപദ്രവമായ വാക്കിന്റെ മറവിൽ ആർഎസ്എസ് സാംസ്കാരിക ദേശീയതയെന്ന സങ്കല്പനത്തെ പിൻപറ്റി തങ്ങളുടെ ഭ്രാന്തമായ വർഗീയതയെ ഒളിച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്.
രാഷ്ട്രത്തെ സംബന്ധിച്ച പ്രദേശവുമായും രാഷ്ട്രീയവുമായും ബന്ധപ്പെട്ട സങ്കൽപ്പനത്തെ ആർഎസ്എസ് തിരസ്കരിക്കുന്നു; സാംസ്കാരിക ദേശീയതയെ ഉയർത്തിപ്പിടിക്കുന്നു.
സാംസ്കാരിക ദേശീയതയെന്നാൽ നഗ്നമായ ഹിന്ദുത്വ വർഗീയ ദേശീയതയുടെ പര്യായപദമല്ലാതെ മറ്റൊന്നുമല്ല.
മതവും സംസ്കാരവും തമ്മിലുള്ള താദാത്മ്യപ്പെടുത്തലിലാണ് അത് വേരുറപ്പിച്ചിരിക്കുന്നത്. എല്ലാ സമൂഹങ്ങളിലും ചരിത്രപരമായി തന്നെ മതപരവും സാംസ്കാരികവുമായ വികാസങ്ങൾ കെട്ടുപിണഞ്ഞു കിടക്കുകയാണ്;ഈ അതിവ്യാപിക്കലിനെയാണ് (overlapping) സംഘപരിവാർ സാംസ്കാരിക പ്രയോഗങ്ങളെ മതപരമായ സ്വത്വവുമായി കൂട്ടിക്കെട്ടിക്കാൻ വാശിയോടെ ഉപയോഗിക്കുന്നത്; അങ്ങനെ അവർ മതബോധത്തിൽ വേരുറപ്പിച്ചിട്ടുള്ള ഒരു സാംസ്കാരിക പൊതുബോധം സൃഷ്ടിക്കുകയാണ്. അവർ മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും – ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്കാരം തുടങ്ങിയവ – സംസ്കാരത്തിന്റെ ആടയാഭരണങ്ങളണിയിച്ച് ഹിന്ദുത്വ വർഗീയ ദേശീയതയെ പ്രയോഗവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളവയാണ്.
ആർഎസ്എസ്സിന്റെ കാഴ്ചപ്പാടിൽ ‘ദേശീയത’യുടെയും ‘ദേശസ്നേഹ’ത്തിന്റെയും അർഥം ഹിന്ദുത്വത്തിന്റെ മഹത്വവൽക്കരണമാണ്. മറ്റു വ്യത്യസ്ത കാഴ്ചപ്പാടുകളെല്ലാം തന്നെ അവരുടെ അഭിപ്രായത്തിൽ ദേശവിരുദ്ധമാണ്; അത്തരമാളുകളെല്ലാം അവരെ സംബന്ധിച്ചിടത്തോളം ദേശദ്രോഹികളുമാണ്.
ചുരുക്കത്തിൽ,കടുത്ത ഒഴിവാക്കലും വിവേചനവും ഉൾപ്പെടുന്ന ഫാസിസ്റ്റ് പ്രവണതയോടുകൂടിയ രാഷ്ട്രീയ പദ്ധതിയാണത്. ഹിന്ദുത്വ രാഷ്ട്രത്തെ സംബന്ധിച്ച അവരുടെ ആശയം വ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസങ്ങളും സംയോജിച്ചു വരുന്ന സമ്മിശ്രമായ ഇന്ത്യൻ സ്വത്വം എന്ന സങ്കൽപനത്തെ നിരാകരിക്കുകയാണ്. ആർഎസ്എസ് മതത്തെയും സംസ്കാരത്തെയും ഒന്നായാണ് പരിഗണിക്കുന്നത്; സംസ്കാരത്തിന്റെ പേരിൽ മറ്റു മതങ്ങളുടെ അനുയായികൾക്കുമേൽ അവർ ഹിന്ദുമതം അടിച്ചേൽപ്പിക്കുകയാണ്. മുതലാളിത്തപൂർവ സമൂഹങ്ങളിൽ മതപരമായ വികാസം സംസ്കാരം ഉൾപ്പെടെയുള്ള ജീവിതത്തിന്റെ നാനാവശങ്ങളെ സ്വാംശീകരിക്കുകയാണെന്ന വസ്തുതയെയാണ്, വിശ്വാസത്തെയും സംസ്കാരത്തെയും കൂട്ടിക്കലർത്താനും മതവിശ്വാസവും മതനിരപേക്ഷമായ സംസ്കാരവും തമ്മിലുള്ള വ്യത്യാസത്തെ മൂടിവയ്ക്കാനുമായി അവർ ഉപയോഗിക്കുന്നത്.
ആർഎസ്എസ് ശാഖകളിൽ നിത്യേന നടത്തുന്ന ഒരു കളിയിൽ പങ്കെടുക്കുന്നവർ ഹിന്ദുസ്ഥാൻ ഹിന്ദുവോം കാ നഹിം കിസികെ ബാപ് കാ. (ഇന്ത്യ ഹിന്ദുക്കളുടേതാണ്; മറ്റൊരുത്തന്റെയും തന്തയുടെ വകയല്ല) എന്ന മുദ്രാവാക്യം ഉയർത്തുന്നുണ്ട്. ഇവിടെ, രാഷ്ട്രത്തെ ഹിന്ദു സമൂഹവുമായി താദാത്മ്യപ്പെടുത്തുകയാണ്. അത് ഹിന്ദുക്കളല്ലാത്തവരെ ഒഴിവാക്കുകയുമാണ്. ദേശീയതയെ സംബന്ധിച്ച ഈ സങ്കൽപനം മുസ്ലീങ്ങളോടും ഹിന്ദുക്കളല്ലാത്തവരോടുമുള്ള വെറുപ്പുകൊണ്ട് സമ്പൂർണ്ണമായി മൂടിവെക്കപ്പെട്ടതാണ്.
മതനിരപേക്ഷത എന്ന ആശയത്തെ ആർഎസ്എസ് കഠിനമായി വെറുക്കുന്നു. നമ്മുടെ ഭരണഘടനയുടെ മതനിരപേക്ഷ അടിത്തറ പാശ്ചാത്യമൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് അവർ വിശ്വസിക്കുന്നു; അതിനാൽ ഹിന്ദു മൂല്യവ്യവസ്ഥയുടെ പ്രത്യേകിച്ച് മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ അതിനെ പുതുക്കിയെഴുതണം എന്ന് അവർ കരുതുന്നു. മതനിരപേക്ഷത എന്ന സങ്കൽപനത്തെ പാശ്ചാത്യവും മതവിരുദ്ധവുമായ ആശയം എന്നും മുസ്ലീങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും പ്രീണിപ്പിക്കാനുള്ള ഉപാധിയാണതെന്നും പറഞ്ഞ് അവർ ആക്രമിക്കുന്നു.
മതനിരപേക്ഷത ഉരുവം കൊള്ളുന്നതുതന്നെ ആധുനിക സങ്കൽപനമായാണ്. അതിന്റെ അർഥം മതത്തെ രാഷ്ട്രീയത്തിൽനിന്നും വേർപ്പെടുത്തി കാണണമെന്നും മതം ഒരു സ്വകാര്യ വിഷയമാണെന്ന് കണക്കാക്കണമെന്നുമാണ്. അതായത് ഓരോ വ്യക്തിയുടെയും വിശ്വാസ സ്വാതന്ത്ര്യത്തെ വിട്ടുവീഴ്ച കൂടാതെ സംരക്ഷിക്കേണ്ട ഭരണകൂടം ഏതെങ്കിലുമൊരു മതത്തെ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ആചരിക്കുകയോ ചെയ്യാൻ പാടില്ല എന്നാണ്.
കോളനിവാഴ്ചയ്ക്കെതിരായ നമ്മുടെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് മതനിരപേക്ഷ പ്രക്രിയ ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നത്; ഇന്ത്യൻ ബൂർഷ്വാസിയുടെ നേതൃത്വത്തിൽ നടന്ന ആ സമരത്തിൽ ബഹുമത സമൂഹത്തിലെ ജനങ്ങളെയാകെ ഒന്നിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. സ്വാതന്ത്ര്യം കെെവരിച്ചശേഷം ഭരണകൂടത്തിൽനിന്ന് മതത്തെ അകറ്റിനിർത്തുന്നതിനു പകരം ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണകൂടം എല്ലാ മതങ്ങളോടും തുല്യബഹുമാനം പ്രകടിപ്പിക്കുകയും എല്ലാ മതങ്ങളിൽനിന്നും തുല്യ അകലം പാലിക്കുകയും ചെയ്യുന്ന തരത്തിലാണ് മതനിരപേക്ഷതയെ സ്വീകരിച്ചത്. മതത്തോട് സമ്പൂർണമായി അകന്നുനിൽക്കുന്നതിലുള്ള ഈ ദൗർബല്യം ഇന്ത്യൻ ഭരണവർഗങ്ങൾക്ക് ആവശ്യമായി വരുമ്പോഴെല്ലാം തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മതശക്തികളെ പ്രീണിപ്പിക്കുന്നതിനും തന്ത്രപൂർവം സ്വാധീനിക്കുന്നതിനും അവസരമൊരുക്കുന്നു. ഇത് മതനിരപേക്ഷ മൂല്യങ്ങളെ ദുർബലമാക്കുകയും വർഗീയ ശക്തികളുടെ വളർച്ചയ്ക്ക് മണ്ണൊരുക്കുകയും ചെയ്തു.
ഹിന്ദുത്വത്തിന്റെ ചില വക്താക്കൾ തങ്ങളാണ് ‘ശരിക്കു’മുള്ള മതനിരപേക്ഷവാദികൾ എന്ന അവകാശമുന്നയിക്കാനും അവരെ എതിർക്കുന്നവർ ‘കപട മതേതരവാദികൾ’ ആണെന്നു പറയാനും മടിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ സർവധർമ സമഭാവന എന്നതിന്റെയർഥം എല്ലാ മതസമുദായങ്ങളെയും നിയമപ്രകാരം ഒരേപോലെ പരിഗണിക്കണമെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുന്നത് മതനിരപേക്ഷതയുടെ ലംഘനമാണെന്നുമാണ്. അതിനാൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന നിയമങ്ങളും നയങ്ങളുമെല്ലാം കപടമതനിരപേക്ഷതയെന്നും ന്യൂനപക്ഷ പ്രീണനമെന്നും കണക്കാക്കി എതിർക്കേണ്ടതാണ് എന്ന് ആർഎസ്എസ് കരുതുന്നു. ഭരണഘടനയുടെ അനുച്ഛേദം 370 നെ അവർ എതിർക്കുന്നതും യൂണിഫോം സിവിൽകോഡ് വേണമെന്ന് അവർ ന്യായീകരിക്കുന്നതും ഈയടിസ്ഥാനത്തിലാണ്. അസമമായ നിലയിലുളള സമൂഹങ്ങൾക്കെല്ലാം തുല്യപരിഗണനയെന്ന് ആർഎസ്എസ് ഔപചാരികമായി ഉൗന്നിപ്പറയുന്നതിലൂടെ മേധാവിത്വമുള്ള മതസമൂഹത്തിന്റെ അധികാരത്തെയാണ് അവർ ശക്തിപ്പെടുത്തുന്നത്. സ്വന്തം മാനദണ്ഡങ്ങൾ മറ്റെല്ലാവരും പിന്തുടരണമെന്ന് സ്ഥാപിക്കാനാണവർ ശ്രമിക്കുന്നത്. മതനിരപേക്ഷതയ്ക്കുപകരം ഭൂരിപക്ഷവാദത്തെ (Majoritarianism) സ്ഥാപിക്കാനാണവർ ആഗ്രഹിക്കുന്നത്.
മനുവാദത്തിന് ഊന്നൽ
മനുസ്മൃതിയിൽ സംഗ്രഹിച്ചുചേർത്തിട്ടുള്ള സനാതന ധർമമെന്ന സങ്കൽപ്പനമാണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യക്രമത്തെ നിയന്ത്രിക്കുന്നത്; അത് മനുഷ്യത്വരഹിതമായി ജാതിപരവും ലിംഗപരവുമായ അടിച്ചമർത്തലുകളെ സാധൂകരിക്കുന്നതാണ്. അതുപ്രകാരം ലിംഗപരവും ജാതിപരവുമായ വിഭജനങ്ങൾ ദെെവദത്തവും പ്രകൃതിയിൽത്തന്നെ അടങ്ങിയിട്ടുള്ള വെെവിധ്യങ്ങളുമാണ്; സാമൂഹ്യജീവിതത്തിൽ ഈ വെെവിധ്യങ്ങളെ പ്രകടിപ്പിക്കുന്നതിൽ മാത്രമാണ് അവർ പങ്കുവഹിക്കുന്നത്. ലിംഗാടിസ്ഥാനത്തിലുള്ളതും ജാതിയടിസ്ഥാനത്തിലുള്ളതുമായ അടിച്ചമർത്തലും വിവേചനവും അസമത്വവും ഉണ്ടെന്നത് സനാതന ധർമത്തിന്റെ ശത്രുക്കളുടെ വെറും സങ്കൽപ്പ സൃഷ്ടിയോ വിദേശസ്വാധീനത്തിന്റെ –മുസ്ലീം സ്വാധീനത്തിന്റെയും പാശ്ചാത്യസ്വാധീനത്തിന്റെയും ഫലമായുണ്ടാകുന്നതോ ആണ് എന്നും ആർഎസ‍്എസ് പ്രചരിപ്പിക്കുന്നു.
എല്ലാ സംസ്ഥാനങ്ങൾക്കുമേലും ഹിന്ദി അടിച്ചേൽപ്പിക്കാനും ആർഎസ്എസ് ആഗ്രഹിക്കുന്നു. ദെെവങ്ങളുടെ സ്വന്തം ഭാഷയായ സംസ്കൃതവുമായി ഏറ്റവും അടുത്തുനിൽക്കുന്നതും അധികമാളുകൾക്കും മനസ്സിലാക്കാൻ കഴിയുന്നതുമായ ഭാഷയാണ് ഹിന്ദി എന്നവകാശപ്പെട്ടുകൊണ്ട് ഇതര ഭാഷകൾക്കുമേൽ അധികാരമുറപ്പിക്കുന്ന അധീശത്വഭാഷയായാണ് അവർ അതിനെ അടിച്ചേൽപ്പിക്കുന്നത്. മുസ്ലീങ്ങളോടുള്ള വെറുപ്പിന്റെ ഭാഗമെന്ന നിലയിൽ, ഉറുദു ഇന്ത്യയിലെ തദ്ദേശീയ ഭാഷയായിട്ടുപോലും അതിനെയവർ വിദേശ ഭാഷയായാണ് വിശേഷിപ്പിക്കുന്നത്.
യുക്തിയെയും യുക്തിചിന്തയെയും ശാസ്ത്രീയ വീക്ഷണത്തെയും ആർഎസ്എസ് വെറുപ്പോടെയാണ് കാണുന്നത്. യുക്തിയെ അയുക്തികത കൊണ്ടും യുക്തിപരതയെ യുക്തിരാഹിത്യംകൊണ്ടും പകരംവയ്ക്കാനുള്ള ആർഎസ്എസിന്റെ നീക്കങ്ങൾ ശാസ്ത്രീയമായ ലോകവീക്ഷണവും ആശയങ്ങളുമുള്ള മനുഷ്യരെ ദ്രോഹിക്കുന്ന വിനാശകരമായ നടപടികളാണ്. ‘‘ഹിന്ദുത്വവർഗീയ പ്രത്യയശാസ്ത്രം അശാസ്ത്രീയവും ചരിത്ര വിരുദ്ധവുമായതെന്ന നിലയിൽ യുക്തിപരതയെയും യുക്തിചിന്തയെയും ശാസ്ത്രീയ വീക്ഷണത്തെയും ആക്രമിക്കുകയാണ്. അന്ധവിശ്വാസങ്ങളെയും വിജ്ഞാനവിരോധത്തെയും പിന്നാക്കാവസ്ഥയെയും പ്രചരിപ്പിക്കുന്നത് ഹിന്ദു ഐതീഹ്യങ്ങളെ അനായാസം ഉൾക്കൊള്ളുന്നതിന് സഹായകമാണ്. അങ്ങനെ ഐതീഹ്യങ്ങളെ യഥാർഥ ചരിത്രമായി അംഗീകരിപ്പിക്കുന്നത് വർധിച്ചുവരുന്നു. ജനങ്ങൾക്കിടയിൽ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നത് അശാസ്ത്രീയവും യുക്തിരഹിതവുമായ ആശയങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നതിനാണ്.’’ (23–ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം).
വേദങ്ങളിലെയും മറ്റ് പ്രാചീന ഗ്രന്ഥങ്ങളിലെയും അന്ധവിശ്വാസങ്ങളെ ആർഎസ്എസ് പ്രോത്സാഹിപ്പിക്കുകയാണ്. ഐതീഹ്യങ്ങളും ശാസ്ത്രവും തമ്മിലുള്ള അതിർവരമ്പിനെ അവർ തുടച്ചുനീക്കുന്നു. നമുക്ക് ഇന്നുള്ള എല്ലാ ശാസ്ത്രീയമായ അറിവുകളും പുരാതനകാലത്തെ ഇന്ത്യൻ യോഗികൾക്ക് പണ്ടേ അറിയാവുന്നതാണെന്നും ഇന്നും നാം ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക ഉപകരണങ്ങളും നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നവയാണെന്നും അവർ അവകാശപ്പെടുന്നു. പുതിയ ശാസ്ത്രീയ അറിവു നേടുന്നതിനെ ഇത് തടസ്സപ്പെടുത്തുന്നു എന്നു മാത്രമല്ല വിദേശശാസ്ത്ര – സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിക്കാനും നമ്മുടെ സ്വന്തം പുരോഗതി തടയാനും ഇടയാക്കുന്നു.
ബിജെപിയുടെ പുത്തൻ വിദ്യാഭ്യാസ നയം യുക്തിപരതയെയും യുക്തിചിന്തയെയും അടിസ്ഥാനമാക്കിയുള്ള അറിവ് ആർജിക്കുന്നതിനെ ബോധപൂർവം തകർക്കുകയാണ്. വിജ്ഞാന വിരോധത്തിനും അന്ധവിശ്വാസത്തിനും യുക്തിരാഹിത്യത്തിനും അയുക്തികതയ്-ക്കും മേൽക്കെെ നൽകിക്കൊണ്ട്- ശാസ്ത്രീയ വീക്ഷണത്തെ പിന്നിലാക്കുകയാണ്. നമ്മുടെ ഭരണഘടന അവതരിപ്പിക്കുന്ന തത്വങ്ങളെയും മൂല്യങ്ങളെയും മുറുകെപ്പിടിക്കുന്നതിനുള്ള യുവജനങ്ങളുടെ ബോധനിലവാരം ശക്തിപ്പെടുത്തുന്നതിനുപകരം വർഗീയ ഹിന്ദുത്വ അജൻഡ എന്ന ആശയം അവതരിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ പാഠങ്ങളുടെ സ്ഥാനത്ത് ഹിന്ദു ഐതീഹ്യങ്ങളെയും ഇന്ത്യൻ തത്വചിന്തയുടെ വ്യത്യസ്ത ധാരകളുടെ സ്ഥാനത്ത് ഹിന്ദുമത ചിന്തയെയും പ്രതിഷ്ഠിക്കാനാണവർ ശ്രമിക്കുന്നത്’’ (23–ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം).
വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിന് സ്കൂൾ പാഠപുസ്തകങ്ങളിൽ കൃത്രിമത്വം കാണിക്കാനാണ് ആർഎസ്എസ് എക്കാലത്തും താൽപ്പര്യപ്പെട്ടത്. കഴിഞ്ഞ 2500 വർഷങ്ങളായി വിദേശ ഭരണാധികാരികൾക്കെതിരെ നടക്കുന്ന സ്വാതന്ത്ര്യസമരം എന്ന നിലയിലാണ് ചരിത്രം പഠിപ്പിക്കേണ്ടത് എന്നാണ് ആർഎസ്എസിന്റെ അഭിപ്രായം. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സിലബസുകളിൽ ശാശ്വതമായ ഹിന്ദുജീവിത മൂല്യങ്ങളെ അവതരിപ്പിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ബിജെപിക്ക് ഭരണകൂടത്തിന്റെ നിയന്ത്രണം ലഭിക്കുമ്പോഴെല്ലാം, യുവതലമുറക്കിടയിൽ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുകയാണ് തങ്ങൾ മുൻഗണന നൽകേണ്ട കടമ എന്ന നിലയിൽ സ്കൂൾ പാഠ പുസ്തകങ്ങളുടെ പരിഷ്കരണമാണ് ആദ്യം ഏറ്റെടുക്കുന്നത്.
ഫാസിസ്റ്റ് പ്രവണതയ്ക്ക് ഊന്നൽ
ആരംഭകാലം മുതൽ തന്നെ ആർഎസ‍്എസിന് ഫാസിസവുമായി വളരെ അടുത്ത പ്രത്യയശാസ്ത്ര ബന്ധമുണ്ടായിരുന്നു. 1931 മാർച്ചിൽ ആർഎസ്എസിന്റെ സ്ഥാപകരിലൊരാളായ ബി എസ് മൂഞ്ചെ വട്ടമേശ സമ്മേളനത്തിനായി യൂറോപ്പിൽ താമസിച്ചിരുന്ന കാലത്ത് ഇറ്റലി സന്ദർശിച്ചു. ബല്ലില പ്രസ്ഥാനത്തിന്റെ (ഇറ്റാലിയൻ ഫാസിസ്റ്റ് യുവജന സംഘടന) പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവരുടെ സംഘാടന രീതികൾ പഠിക്കുകയും ചെയ്ത മൂഞ്ചെ മാർച്ചിൽ ഫാസിസ്റ്റ് സേ-്വച്ഛാധിപതിയായ ബെനിറ്റൊ മുസോളിനിയെ സന്ദർശിക്കുകപോലും ചെയ്തു. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിലും സംഘടനയിലും പല ഫാസിസ്റ്റ് തത്വങ്ങളും ഉൾച്ചേർക്കപ്പെട്ടിട്ടുണ്ട്. 1938ൽ മഹാരാഷ്ട്രയിലെ നാസിക്കിൽ ആർഎസ്-എസ് ഭോൺസ്ലെ മിലിട്ടറി സ്കൂൾ ആരംഭിച്ചു. അത് ഇന്നും പ്രവർത്തിക്കുന്നുണ്ട്. 1938ൽ ഹിറ്റ്-ലർ സുഡറ്റൻലാൻഡ് കെെയടക്കിയതിനെ സവർക്കർ പിന്തുണച്ചു. നാസി അനുകൂല ജർമൻ എഴുത്തുകാരിൽനിന്നാണ് ഗോൾവാർക്കർ ആശയങ്ങളും പ്രചോദനവും സ്വീകരിച്ചത്. സാംസ്കാരിക ദേശീയതയെ സംബന്ധിച്ച തന്റെ ആശയങ്ങൾ രൂപീകരിക്കുന്നതിന് ഗോൾവാൾക്കർ ഈ എഴുത്തുകാരിൽനിന്ന് വളരെയേറെ കാര്യങ്ങൾ കടം കൊണ്ടിട്ടുണ്ട്.
നമ്മുടെ ഭരണഘടന ആർഎസ്എസിന്റെ ഇഷ്ടാനുസരണമുള്ളതല്ല. ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനെെസറിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ഗോൾവാൾക്കർ എഴുതിയത് ഇങ്ങനെയാണ്: ‘‘എന്നാൽ നമ്മുടെ ഭരണഘടനയിൽ പൗരാണിക ഭാരതത്തിലെ അനുപമമായ ഭരണഘടനാ വികാസത്തെക്കുറിച്ച് സൂചിപ്പിക്കുന്നതുപോലുമില്ല. മനുവിന്റെ നിയമങ്ങൾ എഴുതപ്പെട്ടത് സ്പാർട്ടയിലെ ലിക്കർഗസിനും പേർഷ്യയിലെ സോളോണിനും വളരെ മുമ്പായിരുന്നു. ഇപ്പോൾ പോലും മനുസ്മൃതിയിൽ വിശദീകരിച്ചിട്ടുള്ള നിയമങ്ങൾക്ക് ലോകത്തിന്റെയാകെ ആദരവ് പിടിച്ചെടുക്കാൻ കഴിയുന്നുണ്ട്; സ്വമേധയായുള്ള അനുസരണവും അനുവർത്തനവും ആകർഷിക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാർ അതിനൊന്നും യാതൊരു വിലയും കൽപ്പിക്കുന്നില്ല.’’ ഭരണഘടനയെ തകർക്കാനുള്ള മാർഗമെന്തെന്നുള്ള അനേ-്വഷണത്തിലാണ് ആർഎസ്എസ് സദാ ഏർപ്പെട്ടിരിക്കുന്നത്.
മോദിയുടെ നേതൃത്വത്തിൽ ആർഎസ്എസ്സിന്റെ രാഷ്ട്രീയമുഖമായ ബിജെപി നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സ്വാശ്രയത്വം എന്നീ വിലപ്പെട്ട മൂല്യങ്ങളെയാകെ കടന്നാക്രമിക്കുന്നത് തീവ്രമാക്കിയിരിക്കുന്നു. ഭരണഘടനയെ അതിനുള്ളിൽ നിന്നുതന്നെ തകർക്കുന്നതിനായി നിയമനിർമാണ വിഭാഗം, ജൂഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ, സിവിൽ സർവീസ്, സെെന്യം തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തുകൊണ്ടിരിക്കുകയാണ്. ഗവർണർ പദവിയെ ഫെഡറലിസത്തെ തകർക്കാൻ ദുരുപയോഗം ചെയ്യുന്നു. രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും ആക്രമിക്കുന്നതിന് കേന്ദ്ര അനേ-്വഷണ ഏജൻസികളെ ഉപയോഗിക്കുന്നു. ബിജെപി നയങ്ങളെ വിമർശിക്കുന്നത് ദേശവിരുദ്ധമെന്ന നിലയിൽ ഉടൻ തന്നെ മുദ്ര കുത്തുന്നു. ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരെയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലലടയ്ക്കുന്നു. ജനാധിപത്യ അവകാശങ്ങൾ സ്ഥിരമായി ലംഘിക്കപ്പെടുകയാണ്.
ഭൂരിപക്ഷവാദത്തെയാണ് ആർഎസ്എസ് ജനാധിപത്യമായി കണക്കാക്കുന്നത്. നേതാവിനെ അടിസ്ഥാനമാക്കിയുള്ള സേ-്വച്ഛാധിപത്യ രൂപത്തിലുള്ള ഭരണം സ്ഥാപിക്കാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇന്ത്യയ്ക്കനുയോജ്യമല്ലാത്ത പാശ്ചാത്യനിർമിതിയാണ് ജനാധിപത്യം എന്നാണ് ആർഎസ്എസ് വിശ്വസിക്കുന്നത്. ഗോൾവാൾക്കർ എഴുതുന്നു (ശ്രീ ഗുരുജി സമഗ്ര ദർശൻ, പേജ് 89, 90, Vol 5): ‘‘ഹിന്ദുരാഷ്ട്രത്തിന്റെ ഭരണം നടത്തുന്നത് നിസ്വാർഥരും ത്യാഗസന്നദ്ധരുമായ ഒരുകൂട്ടം ആളുകളായിരിക്കണം.’’ ഇത് ഫാസിസ്റ്റ് കാഴ്ചപ്പാടിന്റെ പ്രകടനം മാത്രമല്ല, കാലഹരണപ്പെട്ട വർണാശ്രമ വ്യവസ്ഥ (ചാതുർവർണ്യം) തിരിച്ചുകൊണ്ടുവരലാണ്. ഈ വ്യവസ്ഥയുടെ തലപ്പത്ത് ബ്രാഹ്മണരായിരുന്നു; അവരായിരുന്നു പടയാളികളെയും വ്യാപാരികളെയും നിയന്ത്രിച്ചിരുന്നത്. നിശ്ചയമായും അധ്വാനിക്കുന്ന വർഗങ്ങളാകെ അവരുടെ നിയന്ത്രണത്തിൽത്തന്നെയായിരുന്നു.
ഇതെല്ലാം കൊണ്ടുതന്നെയാണ് ഡോ. ബി ആർ അംബേദ്കർ ഇങ്ങനെ എഴുതിയത്: ‘‘ഹിന്ദുരാഷ്ട്രം യാഥാർഥ്യമാവുകയാണെങ്കിൽ ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും വലിയ ദുരന്തമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും അതൊരു ഭീഷണിയായിരിക്കും. ആ രീതിയിൽ അത് ജനാധിപത്യവുമായി പൊരുത്തപ്പെടുന്ന ഒന്നല്ല. എന്തു വില കൊടുത്തും ഹിന്ദുരാഷ്ട്രത്തെ തടയണം.’’
അസത്യങ്ങളെ ആധാരമാക്കിയ പ്രത്യയശാസ്ത്രം
ഹിന്ദുത്വത്തിന്റെ ഈ ഗോപുരത്തെയാകെ പണിതുയർത്തിയിരിക്കുന്നത് കെട്ടുകഥകൾക്കും നുണകൾക്കും കൃത്രിമമായി ചമയ്ക്കപ്പെട്ട ചരിത്രത്തിനുംമേലാണ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ആര്യന്മാർ ഇന്ത്യയിൽത്തന്നെ ഉരുവം കൊണ്ടവരാണെന്ന വാദം. ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ഹിന്ദുത്വ രാഷ്ട്രീയപദ്ധതിയുടെ വിജയം ഹിന്ദു സമൂഹത്തിന്റെ ഉറവിടം ഇന്ത്യയിൽത്തന്നെയാണെന്നു തെളിയിക്കുന്നതിനെ ആശ്രയിച്ചിരിക്കും. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ മഹത്തായ പൗരാണിക ഹിന്ദു സംസ്കാരത്തെ, ഇവിടെത്തന്നെ ഉരുവംകൊണ്ട തദ്ദേശീയരായ പൂർവപിതാക്കൾ അവശേഷിപ്പിച്ചുപോയ ഹിന്ദു സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിച്ച വിദേശികളും ആക്രമണകാരികളും ആണ് മുസ്ലീങ്ങളെന്ന, അവരുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ തന്നെ തകർന്നുപോകും.
ഈ നാട്ടിലെ ആദിമനിവാസികൾ ആര്യന്മാരായിരുന്നുവെന്നും അവർ മറ്റെവിടെനിന്നെങ്കിലും കുടിയേറിയവരല്ല എന്നുമാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. ഇപ്പോഴത്തെ ഇന്ത്യൻ അതിരുകൾക്കു പുറത്ത് ജന്മം കൊണ്ടവരാണ് ആര്യന്മാരെന്നും അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് കുടിയേറിയവരാണെന്നുമുള്ള ചരിത്രപരമായ വസ്തുത സ്വീകരിക്കപ്പെടുകയാണെങ്കിൽ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രപരമായ മണിമന്ദിരമൊന്നാകെ തകർന്നടിയും. അതുകൊണ്ടാണ് തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ആര്യന്മാർ ഇന്ത്യയിൽത്തന്നെ ജന്മംകൊണ്ടവരാണെന്നു തെളിയിക്കുന്നത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി മാറുന്നത്.
ശാസ്ത്രീയമായ തെളിവുകൾക്കെല്ലാം എതിരാണ് ആര്യന്മാർ ഇന്ത്യയിൽത്തന്നെ ജന്മം കൊണ്ടവരാണെന്ന ഈ സിദ്ധാന്തം. വേദകാല സംസ്കൃതത്തിലെ ഭാഷാപരമായ തെളിവുകൾ ആര്യന്മാർ ഇന്ത്യയ്ക്കു പുറത്തുനിന്നു വന്നവരാണെന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. ഹാരപ്പൻ പഠനങ്ങളിൽ നിന്നുള്ള തെളിവും ആര്യന്മാർ ഇന്ത്യയിൽത്തന്നെ ജന്മം കൊണ്ടവരാണെന്ന വാദത്തെ അംഗീകരിക്കുന്നില്ല. ഹിന്ദുക്കൾ ഇന്ത്യയിൽത്തന്നെ ജന്മംകൊണ്ടവരാണെന്നു മാത്രമല്ല ചരിത്രാതീതകാലംമുതൽ തന്നെ ഹിന്ദുരാഷ്ട്രമായി നിലനിന്നിരുന്നു എന്നും ആർഎസ്എസ് അവകാശപ്പെടുന്നു. അവർ അവകാശപ്പെടുന്നത് പൗരാണികലോകത്തെ ഏറ്റവും വലിയ സംസ്കാരങ്ങളിലൊന്നായ ഹാരപ്പൻ സംസ്കാരം ആര്യന്മാരുടേതായിരുന്നു എന്നാണ്. എന്നാൽ ചരിത്രപരവും പുരാവസ്തുപരവുമായ എല്ലാ തെളിവുകളും വ്യക്തമാക്കുന്നത് ഇന്ത്യയിൽ ആര്യന്മാർ പ്രത്യക്ഷപ്പെടുന്നതിനും വളരെ മുമ്പുതന്നെ ഈ സംസ്കാരം നിലനിന്നിരുന്നു എന്നാണ്. ഹാരപ്പൻ ജനത ആര്യന്മാരായിരുന്നില്ല.
ജനിതകശാസ്ത്രപരവും പുരാവസ്തു ശാസ്ത്രപരവും നരവംശ ശാസ്ത്രപരവും ചരിത്രപരവുമായ പഠനങ്ങളെ ആസ്പദമാക്കിയ ഏറ്റവും പുതിയ കണ്ടെത്തലുകൾ മനുഷ്യരാശിയുടെ ആഗോള കുടിയേറ്റത്തെ അടയാളപ്പെടുത്തുന്നതാണ്; ആര്യന്മാരുടെ ഉൽപ്പത്തി ഇന്ത്യയിലാണെന്ന ആർഎസ്എസ് സിദ്ധാന്തത്തെ ഇതും തള്ളിക്കളയുന്നു. 2019ൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ 177 ശാസ്ത്രജ്ഞർ സംയുക്തമായി തയ്യാറാക്കിയ ഒരു ശാസ്ത്ര പ്രബന്ധം സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചു. അതും ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്ന, പണ്ടുമുതൽ നിലനിന്നിരുന്ന കാഴ്ചപ്പാടിന് സ്ഥിരീകരണം നൽകുന്നു. (ദി ഹിന്ദു ദിനപത്രം, സെപ്തംബർ 14, 2019).
ഹിന്ദുമതത്തിലെ വെെജാത്യങ്ങൾ
പൊതുവായ സംസ്കാരവും മതവിശ്വാസങ്ങളും സാമൂഹ്യരീതികളും ആചാരാനുഷ്ഠാനങ്ങളും കൊണ്ട് പരുവപ്പെടുത്തപ്പെട്ട എല്ലാ ജാതിവിഭാഗങ്ങളും ഉൾപ്പെടുന്നതും എല്ലാ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നതുമായ ഒരൊറ്റ സമൂഹമാണ് ഹിന്ദുക്കൾ എന്ന ആർഎസ്എസിന്റെ ആശയം ചരിത്രപരമായ തെളിവിനെ അടിസ്ഥാനപ്പെടുത്തിയതല്ല. ഹിന്ദുമതമെന്ന പേരിൽ അവർ നടപ്പാക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണ മതമാണ്. ഇന്ത്യയിൽ ഉയർന്നുവന്ന നിരവധി പാരമ്പര്യങ്ങളിലൊന്നു മാത്രമാണത്; അത് ഒരു പ്രവാചകനെ അടിസ്ഥാനമാക്കിയുള്ള മതവുമല്ല. ബ്രാഹ്മണ മതത്തിന്റെ കേന്ദ്ര ആശയം മനുസ്മൃതിയിൽ ക്രോഡീകരിക്കപ്പെട്ടിട്ടുള്ള വർണജാതി വ്യവസ്ഥയാണ്.
ഇന്ത്യയിൽ തഴച്ചുവളർന്ന മതവ്യവസ്ഥകൾ തുടക്കംമുതൽതന്നെ ചരിത്രപരമായി ഉരുവംകൊണ്ടുവന്ന ഒരൊറ്റ മതം അല്ല. ബ്രാഹ്മണ മതം, ശ്രമണ മതം എന്നിവ പോലെയുള്ള നിരവധി മതവിശ്വാസങ്ങൾ സമാന്തരമായി നിലനിന്നിരുന്നു. ശ്രമണമതത്തിൽ ഉൾപ്പെടുന്നതാണ് ബുദ്ധമതവും ജെെനമതവും. ഇവയ്ക്കെല്ലാം പുറമെ താന്ത്രികമതം, ഭക്തിമതം, ശെെവ മതം, സിദ്ധാന്ത മതം എന്നിങ്ങനെ ഒട്ടേറെ സ്വതന്ത്ര മതവിഭാഗങ്ങളും ഉണ്ടായിരുന്നു. അവയെല്ലാംതന്നെ ബ്രാഹ്മണിക്കൽ നിയന്ത്രണത്തിൽനിന്നു വേറിട്ടുനിന്നു; ജാതീയമായ വേർതിരിവുകളെ അവ തിരസ്കരിച്ചു; അവ ബ്രാഹ്മണ മതത്തെ എതിരിട്ടാണ് നിലനിന്നത്. പിൽക്കാലത്തു മാത്രമാണ് ഈ എല്ലാ മതപാരമ്പര്യങ്ങളും ഹിന്ദുമതമെന്ന പൊതുപേരിൽ ഒന്നിച്ചുകൂട്ടിച്ചേർക്കപ്പെട്ടത്.
ഇന്ത്യയിലെ തദ്ദേശീയ മതവിഭാഗങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടിച്ചേർത്തത്, ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്നത് കഴിഞ്ഞ കാലത്ത് ഉണ്ടായിരുന്നതല്ല. ഹിന്ദു എന്ന പദംതന്നെ ഉപയോഗിക്കപ്പെട്ടിരുന്നില്ല. ആദ്യകാല ഘട്ടങ്ങളിൽ ഹിന്ദുധർമം എന്ന സൂചനപോലും കാണില്ല. ഈ സങ്കൽപ്പനങ്ങളെല്ലാം തന്നെ വളരെക്കാലത്തിനുശേഷം പിറവിയെടുത്തതാണ്. ഹിന്ദുമതത്തിന്റെ അടിവേരുകൾ ഇടതടവില്ലാതെ ഭൂതകാല ചരിത്രത്തിൽ ആണ്ടുകിടക്കുകയാണെന്നു സ്ഥാപിക്കാനുള്ള ആർഎസ്എസിന്റെ പരിശ്രമം ഭൂതകാലത്തുനിന്നും ഉരുവംകൊള്ളുന്ന പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദുമത സമൂഹത്തെ സൃഷ്ടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്.
തുടക്കം മുതൽ തന്നെ ഇന്ത്യൻ സമൂഹം സാംസ്കാരികമായി ഒരു സങ്കര സമൂഹമാണ്; വ്യത്യസ്ത ധാരകൾ ഒന്നിച്ചുചേർന്ന സമ്മിശ്രമായ ഒരു സമൂഹമാണത്. ഇന്ത്യൻ പാരമ്പര്യത്തിന്റെ പ്രധാനപ്പെട്ട ശക്തി ഈ സമ്മിശ്ര സ്വഭാവമാണ്. മതപരമായ പരസ്പര വിനിമയത്തിലൂടെയും ഉദ്ഗ്രഥനത്തിലൂടെയും വികസിച്ചു വന്നതുമാണത്.
മതത്തിന്റെ മണ്ഡലത്തിൽ ഏറ്റവും വലിയ സംയോജിത പ്രവണത ഹിന്ദുപക്ഷത്തുനിന്നുള്ള ഭക്തിപ്രസ്ഥാനവും ഇസ്ലാമിക പക്ഷത്തുനിന്നുള്ള സൂഫി പ്രസ്ഥാനവുമാണ്. ഈ പാരമ്പര്യങ്ങൾക്കെല്ലാം തന്നെ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന മാനവികമായ ഒരു സ്വഭാവമുണ്ട്. ഹിന്ദുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും അനുഷ്ഠാനങ്ങളുടെ പാരമ്പര്യം ഭക്തിയുടെയും തസാവുഫിന്റെയും രൂപത്തിലുള്ള സംയോജനം ഉണ്ടാക്കി. സ്നേഹത്തിന്റെയും ഉപാസനയുടെയും മതപരമായ ഒരു പ്രവണതയാണിത്.
ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് ആധുനിക കാലത്തിനുമുമ്പുള്ള വെെജാത്യങ്ങളോടുകൂടിയ മതസമ്പ്രദായങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഏകശിലാ നിർമിതവും ഏകാത്മകവുമായ ഹിന്ദുമതമായി പുനർനിർമിക്കാനാണ് ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സെമിറ്റിക് മതങ്ങളുടെ മാതൃകയിൽ ഹിന്ദുമതത്തെ നിർമിക്കാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. സന്ന്യാസിമാരെയും ആചാര്യന്മാരെയും മഹന്തുക്കളെയും അണിനിരത്തി പുരോഹിതരായി ഉപയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്. ഭഗവദ്ഗീതയെ ഒരേയൊരു വിശുദ്ധ ഗ്രന്ഥമായി ഉയർത്തിപ്പിടിക്കുന്നു. രാമനെ മറ്റെല്ലാ ദെെവങ്ങൾക്കുമുപരിയായി വിശുദ്ധമൂർത്തിയായി ഉയർത്തിപ്പിടിക്കുന്നു.
അങ്ങനെ ജനങ്ങളുടെ ബോധനിലവാരത്തെ എല്ലാ ആളുകളുടെയും ഐക്യത്തോടുകൂടിയുള്ളതാണ് ഹിന്ദുത്വം എന്നു വിശ്വസിക്കുന്ന തരത്തിൽ മാറ്റിയെടുക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയിൽ പാർപ്പുറപ്പിച്ചിട്ടുള്ള ജനങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഷയുടെയും ആചാരമര്യാദകളുടെയും വെെജാത്യത്തെയാകെ ഏകശിലാ നിർമിതവും ബ്രാഹ്മണ മതത്തെ അടിസ്ഥാനമാക്കിയുള്ളതും മനുവാദിയും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ഹിന്ദുത്വമായി മാറ്റിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്.
IV
ആർഎസ്എസ് തന്ത്രം
ആർഎസ്എസ്സിന്റെ ആത്യന്തിക ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്നതാണ്; അത് ഫാസിസ്റ്റ് പ്രവണതയോടുകൂടിയ ഭരണകൂടമായിരിക്കും.
ഈ ലക്ഷ്യം കെെവരിക്കുന്നതിന് സംഘപരിവാർ ഏഴ് വശങ്ങളുള്ള ഒരു തന്ത്രമാണ് പിന്തുടരുന്നത്. ഒന്നാമത്, പൗരാണിക ഇന്ത്യാ ചരിത്രത്തെ വിമർശനരഹിതമായ മഹത്വവൽക്കരിക്കലിലൂടെ; രണ്ടാമത്, ഒരേ രൂപഭാവങ്ങളോടുകൂടിയ ഹിന്ദുസ്വത്വവും ഏകശിലാ നിർമിതമായ ഹിന്ദുമതവും കൃത്രിമമായി നിർമിക്കുന്നതിലൂടെ; മൂന്നാമത്, രാഷ്ട്രം നേരിടുന്ന എല്ലാ തിന്മകളുടെയും മൂലകാരണം മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണെന്ന് ഉയർത്തിക്കാണിക്കുന്നതിലൂടെ, അവരെയാകെ ഉന്മൂലനം ചെയ്യുന്നതാണ് മഹത്തായ ഒരു രാഷ്ട്രത്തെ പുനരുജ്ജീവിപ്പിക്കാനും കെട്ടിപ്പടുക്കാനുമുള്ള ഒരേയൊരു വഴി; നാലാമത്, ഇന്ത്യൻ മുസ്ലീങ്ങളെയും ഹിന്ദുത്വത്തിന്റെ വിമർശകരെയും ദേശവിരുദ്ധരായും പാകിസ്ഥാൻ അനുകൂലികളായ വഞ്ചകരായും മുദ്ര കുത്തൽ; അഞ്ചാമത്, അവർ ആർഎസ്എസസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരായി ഭൂതകാലത്തിൽ നിന്നും ആർജിച്ച ആശയങ്ങളെയും പാരമ്പര്യങ്ങളെയുമെല്ലാം വിദേശ ആശയങ്ങളുടെ സ്വാധീനത്തിൽപെട്ട ഇടതുപക്ഷത്തിന്റെയും ലിബറൽ ബുദ്ധിജീവികളുടെയും കള്ളക്കഥകളാണെന്ന നിലയിൽ ആക്രമിക്കുന്നതിലൂടെ; യുവമനസ്സുകളെ ദുഷിപ്പിക്കുന്നതിന് പാഠപുസ്തകങ്ങൾ പൊളിച്ചെഴുതി വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിലൂടെ; ആറാമത്, വർഗീയസംഘർഷവും സംഘട്ടനങ്ങളും സൃഷ്ടിക്കുന്നതിനായി ഹിന്ദുക്കൾക്കിടയിൽ മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും വെറുപ്പും വിദേ-്വഷവും വളർത്തിയെടുത്തുകൊണ്ട് സമുദായങ്ങളെ ചേരിതിരിക്കാൻ സാധ്യതയുള്ള വിഷയങ്ങൾ കേന്ദ്രീകരിച്ച് പ്രക്ഷോഭമുണ്ടാക്കുന്നതിലൂടെ; ഏഴാമത്, തങ്ങളുടെ ഫാസിസ്റ്റ് അജൻഡ നടപ്പാക്കുന്നതിന് മതഭ്രാന്തരുടേതായ അർധ സെെനിക സംഘടന കെട്ടിപ്പടുക്കുന്നതിലൂടെ; ഭരണകൂടത്തിനുള്ളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടും തങ്ങളുടെ ലക്ഷ്യം നേടുന്നതിന് അതിനെ ഉപയോഗിച്ചുകൊണ്ടും.
ആർഎസ്എസ്സിനെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ഹിന്ദുരാഷ്ട്രത്തിന്റെ ആഭ്യന്തര ശത്രുക്കൾ. ഗോൾവാൾക്കറുടെ ‘വിചാരധാര’യിൽ ഇക്കാര്യം കൃത്യമായി വിവരിച്ചിട്ടുണ്ട്; ഇപ്പോൾ മതനിരപേക്ഷവാദികളെയും യുക്തിവാദികളെയും ഈ പട്ടികയിൽ കൂട്ടിച്ചേർത്തിരിക്കുകയാണ്. ഈ വിപത്തുകളെ ഉന്മൂലനം ചെയ്തുകൊണ്ടോ അവയെ പൂർണമായും കീഴടക്കിക്കൊണ്ടോ മാത്രമേ ഹിന്ദുരാഷ്ട്രത്തിനായുള്ള പാതയൊരുക്കാൻ കഴിയൂ. അതുകൊണ്ടാണ് സംഘപരിവാർ ശക്തികൾ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും യുക്തിവാദികൾക്കും കമ്യൂണിസ്റ്റുകാർക്കും മേൽ ഭീകരമായ ആക്രമണമഴിച്ചുവിടുന്നത്.
വർഗീയമായി ആളുകളെ അണിനിരത്തുന്നതിന് ആർഎസ്എസ് രാമ ജന്മഭൂമിയെയും പശുവിനെയും പോലെയുള്ള മതപരമായ പ്രതീകങ്ങളെയും ഉപയോഗിക്കുന്നു. ആളുകളെ പ്രത്യേകിച്ച് സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങളെ വർഗീയവൽക്കരിക്കുന്നതിനുള്ള പ്രധാന ഉപകരണമായി അവർ വർഗീയ കലാപങ്ങളെ ഉപയോഗിക്കുന്നു. ഘർ വാപസി, ലൗ ജിഹാദ്, ഗോരക്ഷ, അനുച്ഛേദം 370, ഏക സിവിൽ കോഡ്, ജനസംഖ്യാ വളർച്ചയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അന്തരം, വിദേശികളുടെ നിയമവിരുദ്ധ കുടിയേറ്റം, ഏറ്റവും ഒടുവിലായി സിഎഎ, എൻആർസി, എൻപിആർ എന്നിവയെയും വർഗീയവികാരം ഇളക്കിവിടുന്നതിന് ഉപയോഗിക്കുന്നു.
V
ആർഎസ്എസ്സിന്റെ വളർച്ച
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനും ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതിനുമായി ശാഖകളുടെ ശൃംഖല വികസിപ്പിക്കുന്നതിനായിരുന്നു ആർഎസ്-എസ് പ്രഥമ പരിഗണന നൽകിയത്. ഇന്ത്യയെ യൂണിറ്റുകളായി വിഭജിക്കുകയും ശൃംഖലയ്ക്കുള്ളിൽ കൊണ്ടുവരികയുമെന്നതാണ് ആർഎസ്എസ്സിന്റെ പ്രവർത്തനശെെലി. വ്യാപനത്തിന്റേതായ ഈ പരിപാടിയിലാണ് മുകൾതട്ടുമുതൽ താഴേതട്ടുവരെയുള്ള പ്രചാരകർ സദാ ജാഗ്രതയോടെ മുഴുകിയിരിക്കുന്നത്. പ്രചാരകരെ റിക്രൂട്ട് ചെയ്യുന്നതിലും അവർക്ക് പരിശീലനം നൽകുന്നതിലുമാണ് ആർഎസ്എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; അവരാണ് സാധ്യമായേടത്തോളം ശാഖകൾ സ്ഥാപിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
1925ൽ നാഗ്പ്പൂരിൽ ആർഎസ്എസ് രൂപീകരിച്ച ഉടൻ തന്നെ പുതിയ മേഖലകളിലേക്ക് അതിനെ വ്യാപിപ്പിക്കുന്നതിനായുള്ള ചുവടുവയ്പുകളും ആരംഭിച്ചു. ഹിന്ദുമഹാസഭയുമായും നിരവധി ഹിന്ദു മഹാസഭാ നേതാക്കളുമായുമുള്ള തന്റെ ബന്ധങ്ങളെ ഉത്തരേന്ത്യയിലേക്കും പശ്ചിമേന്ത്യയിലേക്കും കടന്നുകയറാനായി ഹെഡ്ഗെവാർ ഉപയോഗിച്ചു. ജയിൽമോചിതനായ ശേഷം വി ഡി സർവക്കറുടെ സവിശേഷമായ പരിലാളനയും പ്രോത്സാഹനവും ഈ പ്രവർത്തനങ്ങൾക്ക് ലഭിച്ചു; ആർഎസ്എസ്സിലേക്ക് യുവാക്കളെ ആകർഷിക്കാൻ സവർക്കർ സഹായിച്ചു. 1931ൽ ബാബാറാവു സവർക്കർ തന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന തരുൺ ഹിന്ദുസഭയെ (ഹിന്ദു യുവജനസഭ) ആർഎസ്എസ്സിൽ ലയിപ്പിച്ചു; ഇത് മഹാരാഷ്ട്രയിലെ പുതിയ മേഖലകളിലേക്ക് വ്യാപിക്കാൻ ആർഎസ്എസ്സിനു സഹായകമായി.
ആർഎസ്എസ് സ്വയം സേവകരെ യൂണിവേഴ്സിറ്റികളിലേക്കും കോളേജുകളിലേക്കും വിദ്യാർഥികളായി ചേരാൻ അയച്ചു.വിദ്യാർഥികൾക്കിടയിൽ പുതിയ അനുയായികളെ റിക്രൂട്ട് ചെയ്യുന്നതിന് കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ചേരുക എന്നതായിരുന്നു തന്ത്രം. പ്രചാരകർ സ്കൂളുകളിലെയും കോളേജുകളിലെയും തങ്ങൾക്ക് ബന്ധമുള്ളവരെ കാണുകയും അവരെ അനൗപചാരിക ഗ്രൂപ്പുയോഗങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു; അങ്ങനെ പിന്നീട് അവരെ ആർഎസ്എസ് ശാഖകളുമായി പരിചയപ്പെടുത്തുന്നു. 1928ൽ സംഘടനാപ്രവർത്തനം നടത്താൻ വിദ്യാർഥികളെന്ന നിലയിൽ മൂന്ന് സ്വയം സേവകരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു. കോൺഗ്രസ്സിന്റെയും ഹിന്ദുമഹാസഭയുടെയും നേതാവായ മദൻമോഹൻ മാളവ്യ ഇവർക്ക് പരിപൂർണമായ പിന്തുണ നൽകി; യൂണിവേഴ്സിറ്റിയിൽ അവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. കാൺപൂരിലെ സനാതൻ ധർമകോളേജിൽ നിന്നുള്ള ആപ്തെ സുന്ദർസിങ് ഭണ്ഡാരിയെയും ദീൻ ദയാൽ ഉപാധ്യായയെയും റിക്രൂട്ട്- ചെയ്തു.
1930കളുടെ രണ്ടാം പകുതിയിൽ നാഗ്പൂരിൽ നിന്നുള്ള അസംഖ്യം പ്രചാരകരെ മറ്റു പ്രദേശങ്ങളിൽ ശാഖകളുടെ ശൃംഖല വളർത്താൻ അയയ്ക്കുകയുണ്ടായി. 1936ൽ വസന്ത റാവു ഓക്കിനെ ഡൽഹിയിലേക്കും 1937 ൽ ബാല സാഹേബ് ദേവറസിനെ ലഖ്നൗവിലേക്കും അവിടെ നിന്ന് അദ്ദേഹത്തെ 1933ൽ ബംഗാളിലേക്കും 1940ൽ മധുസൂദനൻ മോഘെയെ അലഹബാദിലേക്കും രാജേന്ദ്ര സിങ്ങിനെ പ്രതാപ്ഗഢ് ജില്ലയിലേക്കും അയച്ചു. 1937ൽ ബാബ സാഹേബ് ആപ്തെയെ കാൺപൂരിലേക്കും അയച്ചു. പഞ്ചാബിൽ നിന്ന് സിന്ധിലേക്ക് അയച്ച ബൽരാജ് പുരിയാണ് അവിടെ ശാഖകൾ സ്ഥാപിച്ചത്.
പിൽക്കാലത്ത് മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്സെയെ ഈ കാലത്ത് സംഘടനാ പ്രവർത്തനങ്ങൾക്കായുള്ള യാത്രകളിൽ ഹെഡ്ഗെവാറിനെ അനുഗമിക്കാൻ ഉപയോഗിച്ചിരുന്നു; ഇപ്പോൾ ഈ ഗോഡ്സെയെയാണ് സംഘപരിവാർ മഹാനായ ദേശസ്നേഹിയായി വാഴ്ത്തുന്നത്.
മദ്രാസ് പ്രസിഡൻസിയിലെ പല പട്ടണങ്ങളിലേക്കും നിരവധി സംഘാടകരെ അയച്ചിരുന്നു. മദ്രാസ്, ബൽഗാം, ബിജാപ്പൂർ, ഹൂബ്ലി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ എസ് പരമാർഥിയാണ് മദിരാശി നഗരത്തിൽ ആദ്യത്തെ ശാഖയുടെ പ്രവർത്തനം ആരംഭിച്ചത്; 1946 വരെ പ്രചാരകനായി പരമാർഥി അവിടെ തുടർന്നു. 1942ൽ കേരളത്തിലേക്ക് മഹാരാഷ്ട്രയിൽനിന്നുള്ള മൂന്ന് പ്രചാരകരെ അയച്ചു.
1928ൽ 18 എണ്ണമായും 1930ൽ 60 എണ്ണമായും 1933ൽ 12,000 സ്വയം സേവകരോടുകൂടിയ 125 ശാഖകളായും ആർഎസ്എസ് ഇന്ത്യയിൽ വളർന്നു. 1938 ഓടുകൂടി 40,000 സ്വയം സേവകരുടെ ശൃംഖലയായി ആർഎസ‍്എസ് മാറി; അത് 1939ൽ 60,000ആയും 1943ൽ 76,000 ആയും വളർന്നു. ഇവരിൽ അധികം പേരും സെൻട്രൽ പ്രൊവിൻസുകളിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചത്. 1948 ആയപ്പോൾ സ്വയംസേവകരുടെ എണ്ണം ആറ് ലക്ഷമായി പെരുകി.
1940 ഓടുകൂടി ആർഎസ്എസ് പ്രവർത്തനവും സംഘടനയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. എന്നാൽ ഈ ശക്തി ഓരോ മേഖലയിലും വ്യത്യസ്ത തോതിലായിരുന്നു. 1940ൽ നാഗ്പൂരിൽ ചേർന്ന സംഘടനാ പരിശീലനക്യാമ്പിൽ (ഒടിസി) ആസാം, ഒറീസ, ജമ്മു–കാശ്മീർ എന്നിവിടങ്ങളിൽ നിന്നൊഴികെ രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ട്രെയ്നികൾ എത്തി. ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും പഞ്ചാബിൽ, ഈ കാലഘട്ടത്തിൽ ആർഎസ്എസ് വ്യാപനം ദ്രുതഗതിയിലായിരുന്നു. ഈ കാലത്ത് ഈ പ്രസ്ഥാനം വടക്കു കിഴക്കൻ ഇന്ത്യയിൽ വേണ്ടത്ര വളർന്നിരുന്നില്ല. ദക്ഷിണേന്ത്യയിലും അത് ദുർബലമായിരുന്നു. ഹിന്ദി ബെൽറ്റിൽ ആർഎസ്എസ് ശക്തമായിരുന്നു. ആർഎസ്എസ്സിന്റെ ഈ കടന്നുകയറ്റത്തിന് സംഭാവന നൽകിയ നിരവധി ഘടകങ്ങൾ ഈ പ്രദേശത്തുണ്ടായിരുന്നു: ഹിന്ദു പുനരുദ്ധാരണ സ്ഥാനങ്ങളുടെ പ്രദേശം, ഹിന്ദി സാഹിത്യ സംസ്കാരങ്ങളുടെ കേന്ദ്രം, ഉന്നത ജാതിക്കാരായ ഹിന്ദുക്കൾ, പ്രത്യേകിച്ചും ബ്രാഹ്മണർ താരതമേ-്യന കൂടുതലായുള്ള പ്രദേശം, മുസ്ലീം ന്യൂനപക്ഷത്തിന്റെ ശ്രദ്ധേയമായ സാന്നിധ്യം.
1940ൽ മരിക്കുന്നതിനുമുൻപ് ഹെഡ് ഗെവാർ ആർഎസ്എസ് സർ സംഘ ചാലക് ആയി (പരമാധികാരി) ഗോൾവാൾക്കറുടെ പേരു നിർദേശിച്ചു. ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് ഗോൾവാൾക്കർ നൽകിയ മുഖ്യസംഭാവന കമ്യൂണിസ്റ്റ് വിരുദ്ധവും സോഷ്യലിസത്തിനെതിരെയുമായ ദിശയിലേക്ക് അതിനെ വികസിപ്പിച്ചതായിരുന്നു. ആർഎസ്എസ് എത്രത്തോളം മുസ്ലീം വിരുദ്ധമായിരുന്നോ അത്രത്തോളം തന്നെ മാർക്സിസ്റ്റ് വിരുദ്ധമായും ആ സംഘടനയെ അദ്ദേഹം മാറ്റി. പുരോഗമനപരമായ ഒരു സാമൂഹ്യ മാറ്റത്തെ ഭയന്നിരുന്നവരെല്ലാം രക്ഷകനായി ആർഎസ്എസ്സിനെ കാണാൻ തുടങ്ങി എന്നതായിരുന്നു ഇതിന്റെ ഫലം. എല്ലാ നിക്ഷിപ്ത താൽപര്യക്കാരിൽനിന്നും – ഭൂപ്രഭുക്കൾ മുതൽ മുതലാളിമാരും സാമ്രാജ്യത്വ ശക്തികളും വരെയുള്ളവരിൽനിന്ന് – സഹായം ഏറ്റവുമധികം ഒഴുകിയെത്തുന്ന പ്രസ്ഥാനമായി ആർഎസ്എസ് മാറി.
ഇന്ത്യാ വിഭജനത്തിനിടയാക്കിയ 1940കളിലെ സംഭവവികാസങ്ങളും ഹിന്ദി മേഖലയിൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കുന്നതിന് ആർഎസ്എസ്സിനെ പ്രാപ്തമാക്കി. മുസ്ലീം വിരുദ്ധ വർഗീയ ലഹളകളിലെല്ലാം ആർഎസ്എസ് സജീവമായി പങ്കെടുത്തു; ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് മുഖ്യ പങ്കു വഹിക്കുന്ന ഉശിരൻ സംഘടനയെന്ന ഖ്യാതി അതിന് ലഭിച്ചു. 1940കളിൽ ചെറുപ്പക്കാർക്കിടയിൽ ആർഎസ്എസ്സിന് സ്വീകാര്യത ലഭിച്ചത് മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള മുസ്ലീം വിഘടനവാദ പ്രസ്ഥാനങ്ങളിൽ ആളുകളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നതും കോൺഗ്രസിനോടുള്ള അവിശ്വാസവും ആർഎസ്എസ്സിന്റെ അർധ സെെനിക ശെെലിയിലുള്ള പ്രവർത്തനത്തോടുള്ള ആകർഷകത്വവും മൂലമാണ്.
ആർഎസ്എസ് ശൃംഖല വികസിപ്പിക്കുന്നതിൽ പ്രാദേശികമായി സ്വാധീനമുള്ള പല പ്രമുഖരുടെയും പിന്തുണയും സഹായകമായി. കോൺഗ്രസിൽനിന്നും ഹിന്ദു മഹാസഭയിൽനിന്നും ആര്യസമാജത്തിൽനിന്നും മറ്റുമുള്ള പ്രമുഖ വ്യക്തികൾക്കൊപ്പം രാഷ്-ട്രീയബന്ധമില്ലാത്ത മറ്റു പല പ്രമുഖ വ്യക്തികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തങ്ങളുടെ സംസ്ഥാനങ്ങളിൽ സജീവമായിരുന്ന മുസ്ലീം അർധ സെെനിക ഗ്രൂപ്പുകളെ ചെറുക്കുന്നതിന് മഹാരാജാക്കന്മാർ അവരുടെ സംസ്ഥാനങ്ങളിലെ ആർഎസ്എസ് പ്രവർത്തനത്തിന് ആവശ്യമായ സഹായം നൽകി. രാജസ്താനിലെ ആൾവാർ സംസ്ഥാനമായിരുന്നു അതിൽ മുന്നിൽ നിന്നത്.
പടിഞ്ഞാറൻ പാകിസ്താനിൽനിന്നുള്ള അഭയാർഥികളെ സഹായിക്കുന്നതിന് ഹിന്ദു സഹായതാ സമിതിയുടെ ബാനറിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനവും ആർഎസ്എസ്സിന്റെ പ്രതിഛായ വർധിപ്പിച്ചു.
ഈ കാലഘട്ടത്തിൽ ഭരണാധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ ആർഎസ്എസ് വലിയ താൽപര്യമൊന്നും പ്രകടിപ്പിച്ചില്ല. അവരുടെ പ്രധാന പ്രവർത്തനം വർഗീയ സംഘർഷങ്ങൾ ഉത്തേജിപ്പിക്കുകയായിരുന്നു.
ഈ കാലഘട്ടത്തിൽ ഇളക്കിവിട്ട വർഗീയ ഭ്രാന്തിന്റെ അന്തിമ –ഫലം മഹാത്മാഗാന്ധിയുടെ കൊലപാതകമായിരുന്നു; ആർഎസ്എസ്സുകാരനും ഹിന്ദുമഹാസഭാ പ്രവർത്തകനുമായിരുന്ന നാഥുറാം ഗോഡ്സെ മറ്റു സഹ ഗൂഢാലോചനക്കാർക്കൊപ്പമാണ് ആ കൊലപാതകം നടത്തിയത്; വി ഡി സവർക്കർ തന്നെയായിരുന്നു കുറ്റാരോപിതരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ.
മഹാത്മാഗാന്ധിയുടെ കൊലപാതകം രാഷ്ട്രത്തെ ഇളക്കിമറിച്ചു. ആർഎസ്എസ്സിനെതിരെ രാജ്യത്തുടനീളം ജനരോഷം തിളച്ചുപൊങ്ങി. 1948 ഫെബ്രുവരി 4ന് ആർഎസ്എസ്സിനെ ഗവൺമെന്റ് നിരോധിച്ചു. കോൺഗ്രസ് പാർട്ടിയിലെ ഒരു വിഭാഗത്തിൽനിന്നും ഭരണസംവിധാനത്തിൽ നിന്നും അതേവരെ ലഭിച്ചുകൊണ്ടിരുന്ന നിശബ്ദമായ പിന്തുണ ഇതോടെ ആവിയായിപ്പോയി. പരസ്യമായി ആരും ആർഎസ്എസ്സിനെ പിന്തുണച്ചില്ല. പാർലമെന്റിനകത്തോ പുറത്തോ ആർഎസ്എസ്സിന്റെ കാര്യം പറയാൻ ആരും തയ്യാറായില്ല. ജനങ്ങളിൽനിന്നുള്ള ഒറ്റപ്പെടലിൽനിന്നും ജനങ്ങളുടെ വിരോധത്തിൽനിന്നും കരകയറാൻ ആർഎസ്എസ്സിന് കുറേ സമയം വേണ്ടിവന്നു.
ആർഎസ്എസ്സിനുമേലുള്ള നിരോധനം പ്രഖ്യാപിച്ചുകൊണ്ട് സർദാർ പട്ടേൽ തയ്യാറാക്കിയ 1948 ഫെബ്രുവരി 4ന്റെ സർക്കാർ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു: ‘‘എന്നാൽ ആർഎസ്എസ്സിന്റെ അധിക്ഷേപാർഹവും വിനാശകരവുമായ പ്രവർത്തനങ്ങൾ അൽപവും ശക്തി കുറയാതെ തുടർന്നു; അതിന്റെ പ്രവർത്തനങ്ങൾ പ്രചോദിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത അക്രമത്തിന്റെ സംസ്കാരം ഒട്ടേറെപ്പേരുടെ ജീവനെടുത്തു. അതിൽ ഏറ്റവും ഒടുവിൽ നടന്നതും ഏറ്റവും വിലപ്പെട്ടതും ഗാന്ധിജിയുടെ ജീവൻ തന്നെയായിരുന്നു’’.
കമ്യൂണിസ്റ്റ് ഭീഷണിയെന്ന ഉമ്മാക്കി കാണിച്ച് ആർഎസ്എസ്സിനുമേലുള്ള നിരോധനം നീക്കുന്നതിന് നെഹ്രുവിനെയും പട്ടേലിനെയും പ്രേരിപ്പിക്കാൻ ഗോൾവാൾക്കർ ജയിൽ മോചിതനായശേഷം നിരവധി കത്തുകളെഴുതി. 1948 സെപ്തംബർ 24ന് പട്ടേലിനെഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: ‘‘ആർഎസ്എസ്സിനെ നിരോധിച്ചതിനെ തുടർന്ന് യുവജനങ്ങൾ, പ്രത്യേകിച്ചും വിദ്യാർഥി വിഭാഗങ്ങൾ കമ്യൂണിസത്തിലേക്ക് കൂടുതൽ കൂടുതൽ ചായാൻ തുടങ്ങിയെന്നാണ് തെക്കേ ഇന്ത്യയിൽനിന്നും സംയുക്ത പ്രവിശ്യയിൽനിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അവരുടെ പ്രചാരണം വർധിച്ചുവരികയാണ്. അപകടാവസ്ഥയെക്കുറിച്ചുള്ള ഈ സൂചന ഞാൻ താങ്കൾക്ക് നൽകേണ്ടതില്ലല്ലോ. എന്നാൽ ഒന്നും ചെയ്യാതെ വെറുതെയിരുന്നും വിദേശത്തുനിന്നുള്ള ബന്ധങ്ങളുടെ വളർച്ചയുടെ നിസ്സഹായനായ കാഴ്ചക്കാരനായിരുന്നും എന്റെ നിയന്ത്രണം എത്രത്തോളം നഷ്ടപ്പെടുന്നുവെന്ന് താങ്കൾ മനസ്സിലാക്കുമല്ലോ; യാതൊരു കളങ്കവും കൂടാതെ പുറത്തുവരാനും സാധാരണഗതിയിൽ പ്രവർത്തിക്കാനും ആർഎസ്എസ്സിനെ അനുവദിക്കുകയാണെങ്കിൽ, വലിയൊരു പരിധിവരെ നമ്മുടെ ചെറുപ്പക്കാരെ രക്ഷപ്പെടുത്താൻ കഴിയുമെന്നും എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഗവൺമെന്റിന്റെ അധികാരവും ഞങ്ങളുടെ സംഘടിതമായ സാംസ്കാരികശക്തിയും കൂടിച്ചേർന്നാൽ ഈ വിപത്തിനെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. നമ്മുടെ അയൽരാജ്യങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന വിദേശ ഇസത്തിന്റെ വിജയത്തിന്റെ തരംഗത്തിൽ ഞാൻ അതീവ ആശങ്കാകുലനാണ്. ഈ ആകാംക്ഷയാണ് മുൻപത്തെപോലെ ആർഎസ്എസ്സിന് പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിലുള്ള അന്തരീക്ഷം എത്രയുംവേഗം സൃഷ്ടിക്കണമെന്ന് താങ്കളോട് അഭ്യർഥന നടത്താൻ എന്നെ പ്രേരിപ്പിക്കുന്നത്’’.
ആർഎസ്എസ്സിനുമേലുള്ള നിരോധനം 1948 ഫെബ്രുവരി 4 മുതൽ 1949 ജൂലെെ 10 വരെ തുടർന്നു.
എങ്ങനെയും നിരോധനം പിൻവലിപ്പിക്കണമെന്ന് താൽപര്യപ്പെട്ട ആർഎസ്എസ് ഇന്ത്യാ ഗവൺമെന്റുമായി വഞ്ചനാപരമായ ഒത്തുതീർപ്പുകളിലേക്ക് കടന്നു. ഒരു സാംസ്കാരിക സംഘടനയായി ഒതുങ്ങി നിൽക്കുമെന്നും രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും സർദാർ പട്ടേലുമായി ആർഎസ്എസ് ഒത്തുതീർപ്പിലെത്തി. അതിനാൽ, രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതിന് ആർഎസ്എസ്സിന് സ്വന്തം നേതൃത്വത്തിലും നിയന്ത്രണത്തിലും ഒരു രാഷ്ട്രീയ സംഘടന ആവശ്യമായി വന്നു. ഹിന്ദു കോഡ് ബില്ലിനുള്ള ഭേദഗതിയെ എതിർത്തുകൊണ്ട് നെഹ്രു മന്ത്രിസഭയിൽനിന്നും രാജിവെച്ച ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖർജി ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. 1952ൽ ഭാരതീയ ജനസംഘം രൂപീകരിക്കുന്നതിന് ശ്യാമപ്രസാദ് മുഖർജിയെ സഹായിക്കാൻ ആർഎസ്എസ് സ്വന്തം കാഡർമാരെ അയച്ചുകൊടുത്തു; ഈ ജനസംഘത്തിന്റെ പിൽക്കാലത്തെ അവതാരമാണ് ബിജെപി (തപൻബാബു, പ്രദീപ് ദത്ത, സുമിത് സർക്കാർ, തനിക സർക്കാർ, സംബുദ്ധ സെൻ – കാക്കി നിക്കറുകൾ: കാവിക്കൊടികൾ – khakishorts: Saffron flags. Tracts for the Times, Orient Longman, New Delhi, 1993)
അതായത്, ആർഎസ്എസ്സിന്റെ രാഷ്ട്രീയമുഖമായ ബിജെപിയാണ് ഭരണകൂടത്തെ ഇന്ന് നിയന്ത്രിക്കുന്നത്; ഇന്ത്യൻ ഭരണകൂടത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളെയും നിയന്ത്രിക്കുന്നത് ആ അർഥത്തിൽ ആർഎസ്എസ്സാണ്. അതിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ജനാധിപത്യപരവും മതനിരപേക്ഷവും ഭരണഘടനാപരവുമായ റിപ്പബ്ലിക്കിനെ നശിപ്പിക്കാനാണ്; ഭ്രാന്തവും അസഹിഷ്ണുതയോടുകൂടിയതും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുകയെന്ന ആർഎസ്എസ്സിന്റെ രാഷ്ട്രീയ പദ്ധതി സാക്ഷാത്കരിക്കാനും അത് ശ്രമിക്കുന്നു.
1950കളുടെ ഒടുവിലും 1960കളിലും ഇന്ത്യയും ചെെനയും തമ്മിൽ ഉയർന്നുവന്ന സംഘർഷാവസ്ഥ ആർഎസ്എസ്സിനെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടലിൽനിന്നും പുറത്തു കടക്കാനുള്ള അവസരമായി മാറി. 1962ൽ അതിർത്തി സംഘട്ടനമുണ്ടായ വേളയിൽ ഇടത്തരം വർഗക്കാർക്കിടയിൽ ഉയർന്നുവന്ന ചെെനവിരുദ്ധ വികാരത്തെ ഉപയോഗിക്കുന്നതിൽ ആർഎസ്എസ് സജീവമായി. 1965ലെ പാകിസ്താനുമായുള്ള യുദ്ധം ആർഎസ്എസ്സിന് മറ്റൊരവസരം കൂടി നൽകി; സങ്കുചിത ദേശീയവാദത്തിന്റേതായ ആ അന്തരീക്ഷം ഉപയോഗിച്ച് ആ ഘട്ടത്തിൽ അവർ വർഗീയ വികാരം ആളിക്കത്തിക്കുകയായിരുന്നു. 1967ലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗോൾവാൾക്കർ വിവിധ ഹിന്ദു സംഘടനകളെ അണിനിരത്തി 1966 നവംബറിൽ പാർലമെന്റിനുപുറത്ത് ഗോവധത്തിനെതിരായ ഒരു വമ്പിച്ച പ്രകടനം സംഘടിപ്പിച്ചു.
അതേസമയം തന്നെ, ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന അസംതൃപ്തി ഉപയോഗിച്ച് ആർഎസ്എസ് അവയെ വർഗീയ സംഘട്ടനങ്ങളിലേക്ക് വഴിതിരിച്ചുവിടാനും തുടങ്ങി. 1960കളിൽ വലിയ തോതിൽ വർഗീയമായ അക്രമങ്ങൾ വീണ്ടും ഉയർന്നുവന്നു. 1961 തുടക്കത്തിൽ രാജ്യം അസംഖ്യം വമ്പിച്ച ലഹളകൾക്കു സാക്ഷ്യംവഹിച്ചു. 1961ൽ മധ്യപ്രദേശിലെ ജബൽപൂരിൽ വലിയൊരു വർഗീയ ലഹള ഉണ്ടായി; അതിനു പിന്നാലെ ഉത്തർപ്രദേശിലെ അലിഗഡിലും മീററ്റിലും ലഹളകളുണ്ടായി. 1964ൽ രൂപംകൊണ്ട വിശ്വഹിന്ദുപരിഷത്തിന്റെ (വിഎച്ച്പി) പ്രവർത്തനങ്ങൾ വർഗീയ അന്തരീക്ഷത്തെ കൂടുതൽ മലീമസമാക്കി. റാഞ്ചി, കൊൽക്കത്ത, റൂർക്കേല, ജംഷഡ്പൂർ എന്നിവിടങ്ങളിൽ 1964ൽ ഭീകരമായ ലഹളകൾക്ക് അതിടയാക്കി. 1969ൽ അഹമ്മദാബാദിലും 1970ൽ ഭിവാണ്ടിയിലും സമാനമായ വർഗീയ ലഹളകൾ അരങ്ങേറി.
1974ൽ ജയപ്രകാശ് നാരായണൻ നയിച്ച ജനകീയ പ്രക്ഷോഭകാലത്ത് ഗുജറാത്തിലെയും ബീഹാറിലെയും വിലക്കയറ്റ വിരുദ്ധ പ്രസ്ഥാനത്തെയും അഴിമതിവിരുദ്ധ പ്രസ്ഥാനത്തെയും സംഘപരിവാർ ശരിക്കും ഉപയോഗപ്പെടുത്തി. 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസ് പ്രതിപക്ഷത്തിന്റെ പങ്ക് വഹിച്ചതായി പൊങ്ങച്ചമടിക്കുന്നതരത്തിൽ അതിന്റെ പെരുമാറ്റം ലജ്ജാവഹമായിരുന്നു.
തങ്ങളുടെ തടി രക്ഷിക്കാൻ പല സ്വയം സേവകരും സഞ്ജയ്ഗാന്ധിയുടെ യൂത്ത് കോൺഗ്രസിൽ ചേർന്നു പ്രവർത്തിച്ചു. അവരിലൊട്ടേറെപ്പേർ തങ്ങൾക്ക് ആർഎസ്എസുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞ് സർക്കാരിന് പ്രതിജ്ഞാപത്രം നൽകി. ആർഎസ്എസ്സിന്റെ സർസംഘ ചാലക് ആയ ദേവറസ് ആർഎസ്എസ്സിനേർപ്പെടുത്തിയ നിരോധനം പിൻവലിക്കുന്നതിനുവേണ്ടിയും ഔപചാരികമായ ഒരു കൂടിക്കാഴ്ച അനുവദിക്കണമെന്ന് അപേക്ഷിച്ചും പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്ക് നിരവധി കത്തുകളെഴുതി. അദ്ദേഹം ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ അവർക്ക് ആശംസയർപ്പിക്കുകയും തിരഞ്ഞെടുപ്പ് കൃത്രിമ ആരോപണത്തിൽനിന്നും സുപ്രീംകോടതി അവരെ കുറ്റവിമുക്തയാക്കിയപ്പോൾ അവരെ അഭിനന്ദിക്കുകയും ചെയ്യുന്നിടത്തോളം തരംതാണു. 10.11.1975ൽ എഴുതിയ ഒരു കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതിയതിലൂടെ നിന്ദ്യമായ ഒരവസ്ഥയിലേക്ക് എത്തിച്ചേർന്നു; ‘‘ആയിരക്കണക്കായ ആർഎസ്എസ് പ്രവർത്തകരെ മോചിപ്പിക്കുകയും സംഘടനയ്ക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കുകയും വേണം. അങ്ങനെ ചെയ്തുകഴിഞ്ഞാൽ ലക്ഷക്കണക്കിനായ ആർഎസ്എസ് വോളണ്ടിയർമാരുടെ ഭാഗത്തുനിന്നുള്ള നിസ്വാർഥമായ പ്രവർത്തനത്തിന്റെ കരുത്ത് ദേശീയ പുരോഗതിയ്ക്കായി (ഗവൺമെന്റിന്റെയും ഗവൺമെന്റിതരവും) ഉപയോഗിക്കപ്പെടും; നമ്മുടെ രാജ്യം സമൃദ്ധിയിലേക്ക് കുതിച്ചുയരുമെന്ന് ഞങ്ങളെല്ലാം ആശിക്കുന്നു’’.
ആർഎസ്എസ് നേതൃത്വം ജയിൽമോചനത്തിനായി കേണപേക്ഷിച്ചിരുന്നുവെങ്കിലും അടിയന്തരാവസ്ഥയോടുള്ള ജനങ്ങളുടെ എതിർപ്പ് തങ്ങളുടെ നാണംകെട്ട കീഴടങ്ങൽ മൂടിവെക്കാൻ ആർഎസ്എസ്സിനെ സഹായിച്ചു. ജനതാ പാർട്ടിയിൽ ഭാരതീയ ജനസംഘം ലയിച്ചതും 1977ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് രൂപംകൊണ്ട കേന്ദ്ര ഗവൺമെന്റിൽ അത് പങ്കാളിയായതും ഭരണകൂടത്തിന്റെ ഉപകരണങ്ങളിലേക്കു കടന്നുചെല്ലാൻ അവസരം നൽകി.
ഈ ഘടകങ്ങളെല്ലാം ചേർന്ന് ആർഎസ്എസ്സിനെ ഇതാദ്യമായി രാജ്യത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. ഇത് ആർഎസ്എസ്സിന്റെ അൽഭുതകരമായ വളർച്ചയ്ക്ക് സഹായകമായി. 1977ൽ 10,000 ശാഖകളുണ്ടായിരുന്ന ആർഎസ്എസ് 1979 ആയപ്പോൾ 13,000 ശാഖകളായി വളർന്നു എന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഈ കാലഘട്ടത്തിലാണ് കേരളത്തിലും കർണാടകത്തിലും അതിന്റെ അടിത്തറ ശക്തിപ്പെടുത്തിയത്. ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) മെമ്പർഷിപ്പ് 1977ൽ 12 ലക്ഷം ആയിരുന്നത് 1980ൽ 18 ലക്ഷമായി ഉയർന്നു. അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) മെമ്പർഷിപ്പ് 1977ൽ 1,70,000 ആയിരുന്നത് 1982ൽ 2,50,000 ആയി ഉയർന്നു.
1980കൾ മുതൽ ആർഎസ്എസ്സിനും അതിന്റെ പരിവാർ സംഘടനകൾക്കും നവലിബറലിസത്തിലേക്കുള്ള ഭരണവർഗങ്ങളുടെ നയം മാറ്റത്തെത്തുടർന്ന് ഉയർന്നുവന്ന മാറിയ സാഹചര്യത്തെ ഉപയോഗിക്കാൻ കഴിഞ്ഞു. ഈ കാലഘട്ടത്തിൽ സാമൂഹ്യ – സാമ്പത്തിക വിഷയങ്ങളുടെ സമ്മർദ്ദവും മതനിരപേക്ഷതയും പിന്തള്ളപ്പെട്ടു. ബിജെപിയിതര ബൂർഷ്വാ പാർട്ടികളുടെ മതനിരപേക്ഷ സമീപനത്തിൽ വെള്ളം ചേർത്തു; രാഷ്ട്രീയ ആവശ്യങ്ങൾക്കായി മതചിഹ്നങ്ങളും സ്വത്വവിഷയങ്ങളും ഉപയോഗിക്കുന്നത് വർധിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽ സമ്മിതിയുള്ളതും സ്വീകാര്യവുമായ ഒരു ശക്തി എന്ന നിലയിൽ സംഘപരിവാറിന് മുഖ്യധാരയിലേക്കു വരാൻ ഈ മാറ്റം സഹായിച്ചു. തങ്ങളുടെ ഹിന്ദുത്വ അജൻഡയുമായി മുന്നോട്ടുപോകാനും അത് ദുർബലമായിരുന്ന പ്രദേശങ്ങളിലേക്കു കടന്നുകയറാനും അനുകൂലമായ ഈ സാഹചര്യം ആർഎസ്എസ് ഉപയോഗിച്ചു.
1981 ഫെബ്രുവരിയിൽ നൂറുകണക്കിന് ദളിതർ മീനാക്ഷിപുരത്ത് (തമിഴ്നാട്) ഇസ്ലാമിലേക്ക് കൂട്ടത്തോടെ മതം മാറിയത് ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ പ്രചാരണമഴിച്ചുവിടാൻ ആർഎസ്എസ്സിന് മറ്റൊരവസരം കൂടി നൽകി.
അയോധ്യയിലെ രാമക്ഷേത്ര വിഷയം സംഘപരിവാർ 1983 മുതൽ അവരുടെ ഏക അജൻഡയായി ഏറ്റെടുത്തു. ഈ വിഷയം കേന്ദ്രീകരിച്ച് ചില പ്രധാന കാംപെയ്നുകൾ ആർഎസ്എസ് നടത്തുകയുണ്ടായി: ഏകാത്മയാത്ര, 1989ൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് വിഎച്ച്പി നടത്തിയ ശിലാന്യാസ് കാംപെയ്ൻ, 1991ൽ എൽ കെ അദ്വാനി നടത്തിയ രാജ്യവ്യാപകമായ രാം രഥയാത്ര. (രഥയാത്ര ആത്യന്തികമായി 1992 ഡിസംബർ 6ന് ബാബ്റി മസ്ജിദ് കെട്ടിടം തകർക്കുന്നതിലാണ് കലാശിച്ചത്). ഈ പ്രവർത്തനങ്ങളെല്ലാം ആ കാലഘട്ടത്തിൽ രാജ്യത്ത് സ്ഫോടനാത്മകമായ വർഗീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനിടയാക്കി; അത് വ്യാപകമായ വർഗീയ അക്രമങ്ങൾക്ക് കാരണമായി.
ആർഎസ്എസ് പല പട്ടണങ്ങളെയും കൊലക്കളങ്ങളാക്കി മാറ്റി. 1983നും 1992നുമിടയ്ക്ക് രാജ്യത്തുടനീളം വ്യാപിച്ച 44 വലിയ വർഗീയ ലഹളകൾ ഉണ്ടായി. രക്തരൂഷിതമായ ഒരു കാലഘട്ടമായിരുന്നു അത്. ജംഷഡ്പൂർ (1979), ഹെെദരാബാദും മൊറാദാബാദും (1980), ബീഹാറിലെ ഷെരീഫ് (1981), ആസാമിലെ നെല്ലി (1983), മുംബെെയിലെ ഭിവാണ്ടി (1984), അഹമ്മദാബാദിലെ (1986), മീററ്റ് (1987) എന്നിവിടങ്ങളിൽ ഭീകരമായ വർഗീയ ലഹളകൾ നടന്നു. തുടർന്നുള്ള അഞ്ചു വർഷക്കാലത്ത് വലിയ ലഹളകളുടെ എണ്ണം നാടകീയമായി വർധിച്ചു; 1989ൽ 5 ഇടങ്ങളിലും 1990ൽ 12 സ്ഥലങ്ങളിലും 1991ൽ 6 സ്ഥലങ്ങളിലും 1992ൽ 10 സ്ഥലങ്ങളിലും.
ബാബ്റി മസ്ജിദ് തകർക്കപ്പെട്ടശേഷം, രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ വ്യാപകമായി വർഗീയ അക്രമങ്ങൾ വൻതോതിൽ പൊട്ടിപ്പുറപ്പെട്ടു. ശിവസേനയും ബിജെപിയും ഊർജം പകർന്ന 1992–93ലെ മുംബെെ ലഹള, ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മീഷന്റെ ഔദ്യോഗിക റിപ്പോർട്ടു പ്രകാരം നിരപരാധികളായ 900 മനുഷ്യജീവനുകളാണ് കവർന്നത്.
1992ൽ നരറിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് ആർഎസ്എസ്സിനെയും വിഎച്ച്പിയെയും ബജ്റംഗ്-ദളിനെയും നിരോധിച്ചെങ്കിലും ആ നിരോധനം പ്രായോഗികമായി ഒരിക്കലും നടപ്പാക്കപ്പെട്ടില്ല (1992 ഡിസംബർ 6ന് ബാബ്റി മസ്ജിദ് തകർത്തതിൽ അവയ്ക്കുള്ള പങ്ക് കണക്കിലെടുത്തായിരുന്നു നിരോധനം); 1993 ജൂണിൽ കോടതി നടപടിയെത്തുടർന്ന് ആ നിരോധനം ഔദ്യോഗികമായി പിൻവലിച്ചു.
ഈ വർഗീയ അന്തരീക്ഷം ഉപയോഗിച്ച് ആർഎസ്എസിന് സ്വന്തം സ്വാധീനം പിന്നെയും വ്യാപിപ്പിക്കാൻ സാധിച്ചു. 1994 ഓടുകൂടി ശാഖകളുടെ എണ്ണം 30,288 ആയി വർധിച്ചു. ആർഎസ്എസ്സിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപിക്ക് അവരുടെ പാർലമെന്ററി സാന്നിധ്യം 1989 മുതൽ വർധിപ്പിക്കാനും കഴിഞ്ഞു. പിന്നീട് ഉത്തരേന്ത്യയിലെയും പശ്ചിമേന്ത്യയിലെയും പല സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരിക്കാനും ബിജെപിക്ക് കഴിഞ്ഞു.
1998 മുതൽ ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി ഒരു ദശകത്തിലേറെക്കാലം കേന്ദ്ര ഗവൺമെന്റിന് നേതൃത്വം നൽകി. സ്വയം ശക്തിയാർജിക്കുന്നതിനും എതിരാളികളെ വിരട്ടാനും മർദിച്ചൊതുക്കാനും ഭരണാധികാരത്തിന്റെ വിഭവങ്ങളാകെ ഉപയോഗിക്കാൻ ആർഎസ്എസ്സിന് കഴിഞ്ഞു. ഈ കാലഘട്ടത്തിലാണ് 1999ൽ ഒറീസയിൽവച്ച് ഗ്രഹാംസ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരെയും ബജ്റംഗ് ദൾ ഗുണ്ടകൾ ചുട്ടുകൊന്നത്.
വിഭജനം നടപ്പാക്കപ്പെട്ടശേഷം രാജ്യം കണ്ട ഏറ്റവും ക്രൂരവും നിഷ്ഠുരവുമായ വംശഹത്യയാണ് 2002 ഫെബ്രുവരി –മാർച്ച് കാലത്ത് ഗുജറാത്തിൽ മുസ്ലീങ്ങൾക്കെതിരെ നടന്നത്; നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആ കാലത്ത് സംസ്ഥാന സർക്കാരിന്റെ സജീവ പിന്തുണയോടെയും മൗനാനുവാദത്തോടെയുമാണ് ഗോധ്ര സംഭവത്തിനുശേഷം ഈ വംശഹത്യ നടപ്പാക്കപ്പെട്ടത്. രണ്ടായിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു; ആയിരക്കണക്കിനാളുകൾക്ക് പരിക്കു പറ്റി; നൂറുകണക്കിനു സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു; അസംഖ്യം കുട്ടികളെ ജീവനോടെ കത്തിച്ചു. ന്യൂനപക്ഷങ്ങളുടെ അനേകം കോടി രൂപ വില പിടിപ്പുള്ള സ്വത്തു വകകളാണ് മരണത്തിന്റെയും നാശത്തിന്റെതുമായ ഭീകരമായ ഈ താണ്ഡവത്തിൽ നശിപ്പിക്കപ്പെട്ടത്.
2010നു ശേഷമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം പുതിയ ശാഖകൾ കഴിഞ്ഞ 9 വർഷത്തിനകം കൂടുതലായി രൂപീകരിക്കപ്പെട്ടു. ഏകദേശ കണക്കുപ്രകാരം 2019ൽ 59,266 ശാഖകൾ അവർക്കുണ്ടായിരുന്നു; 17,729 പ്രതിവാര കൂട്ടായ്മകളും 8,382 പ്രതിമാസയോഗങ്ങളും ചേർന്നു. ആർഎസ്എസ് ശാഖകളിലെ 60 ശതമാനം അംഗങ്ങളും സ്കൂൾ– കോളേജ് വിദ്യാർഥികളാണ്. ശാഖകളിലെ 29 ശതമാനത്തോളം പേരും ചെറുപ്പക്കാരായ ബിസിനസ്സുകാരും വ്യാപാരികളുമാണ്. വ്യാപന സാധ്യത നിലനിൽക്കുന്ന, രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് 1000 പ്രചാരകരെ അയക്കുന്നതിന് ആർഎസ്എസ് തീരുമാനിച്ചിരുന്നു.
ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘടനകൾക്ക് ലോകത്തെല്ലായിടത്തുനിന്നും വൻതോതിൽ ഫണ്ട് ലഭിക്കുന്നു. കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽനിന്നുള്ള ഗണ്യമായൊരു ഭാഗം കോർപ്പറേറ്റുകൾ സംഘപരിവാറിനായാണ് നൽകുന്നത്. ബിജെപി നയിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നാനാവിധത്തിൽ അവയ്ക്ക് സംരക്ഷണ കവചം തീർക്കുന്നു. ഇലക്ടറൽ ബോണ്ടിലേക്കുള്ള പണത്തിന്റെ ഏറിയ പങ്കും ബിജെപിയുടെ കീശയിലേക്കാണ് പോയത് എന്നതുതന്നെ കോർപ്പറേറ്റുകൾ അതിനെ എത്രത്തോളം സമ്പത്ത് നൽകി സഹായിക്കുന്നുവെന്നതിന്റെ തെളിവാണ്.
VI
സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച
ആർഎസ്എസ്
കാലാകാലങ്ങളിൽ ആർഎസ്എസ് അവകാശപ്പെടാറുള്ളത് അതൊരു സാമൂഹ്യ–സാംസ്കാരിക സംഘടന മാത്രമാണെന്നും രാഷ്ട്രീയ സംഘടനയല്ലെന്നുമാണ്. എന്നാൽ അതിന്റെ ഈ സ്ഥിരം നിഷേധ പ്രസ്താവനകൾക്ക് വിരുദ്ധമാണ് യാഥാർഥ്യം; ഹിന്ദു രാജ്യം സ്ഥാപിക്കുകയെന്ന ആർഎസ്എസ്സിന്റെ മുഖ്യലക്ഷ്യം തന്നെ പ്രധാനമായും രാഷ്ട്രീയമാണ്.
ആർഎസ്എസ്സും സ്വാതന്ത്ര്യസമരവും
ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടേയില്ല. ബോധപൂർവം തന്നെ ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് പുറപ്പെടുവിച്ച വിവിധ നിരോധനാജ്ഞകൾക്ക് അത് വഴങ്ങിനിന്നു. വർഗീയ ലഹളകൾക്കായി മാത്രമാണ് അത് പ്രവർത്തനരംഗത്ത് വന്നിട്ടുള്ളത്. യുവജനങ്ങളുടെ ഊർജത്തെ വഴിതിരിച്ചു വിട്ടുകൊണ്ട് സ്വാതന്ത്ര്യസമരത്തിന് ബ്രേക്കിടാനുള്ള ഒന്നായാണ് അത് പ്രവർത്തിച്ചത്. ഹിന്ദു മഹാസഭയ്ക്കും മുസ്ലീം ലീഗിനുമൊപ്പം, ആർഎസ്എസ്സും രാഷ്ട്രീയമായി സാമ്രാജ്യത്വാനുകൂല നിലപാടാണ് കെെക്കൊണ്ടത്; ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ കളിക്ക് ആർഎസ്എസ് കൂട്ടുനിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അവർ പങ്കെടുത്തിരുന്നുവെന്ന ആഖ്യാനം സൃഷ്ടിക്കുന്നതിനായാണ് ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്രകാരർ രാപകൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ആർഎസ്എസ് പ്രസിദ്ധീകരിച്ച കെ ബി ഹെഡ്ഗെവാറിന്റെ ജീവചരിത്രത്തിൽ വളരെ വ്യക്തമായും ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: ‘‘1930ൽ ഗാന്ധി ഉപ്പ് സത്യാഗ്രഹം ആരംഭിച്ചപ്പോൾ സത്യാഗ്രഹത്തിൽ ആർഎസ്എസ് പങ്കെടുക്കില്ലെന്ന വിവരം അദ്ദേഹം (ഹെഡ്ഗെവാർ) രാജ്യത്തുടനീളം എത്തിച്ചു.’’ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച ഒരു ഡോക്ടറും ഹെഡ്ഗെവാറും തമ്മിലുള്ള ഒരു സംഭാഷണം ഗോൾവാൾക്കർ ഉദ്ധരിക്കുന്നുണ്ട്; അതിൽ പങ്കെടുക്കുന്നതിൽനിന്ന് ഹെഡ്ഗെവാർ ആ ഡോക്ടറെ പിന്തിരിപ്പിക്കുകയാണുണ്ടായത്.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്തുപോലും ഇതുതന്നെയാണ് സംഭവിച്ചത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഒരു ഒൗദ്യോഗിക കുറിപ്പുപ്രകാരം, ആർഎസ്എസ് നേതാക്കൾ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; ‘‘വലിയ തോതിൽ സിവിക് ഗാർഡിലേക്ക് ചേരാൻ ആർഎസ്എസ് അംഗങ്ങളെ പ്രേരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് അവർ വാക്കുകൊടുത്തു.’’ ആഭ്യന്തര സുരക്ഷയ്ക്കായി പ്രത്യേക നടപടിയെന്ന നിലയിൽ ബ്രിട്ടീഷ് ഗവൺമെന്റ് രൂപീകരിച്ചതായിരുന്നു ഈ സിവിക് ഗാർഡുകൾ. ബ്രിട്ടീഷുകാർ ഈ സഹായത്തിന് അംഗീകാരം നൽകി. ‘‘ആർഎസ്എസ് നിസ്സംശയമായും നിയമത്തിന്റെ പരിധിക്കകത്ത് നിൽക്കുകയാണ്; പ്രത്യേകിച്ചും, 1942 ആഗസ്തിൽ പൊട്ടിപ്പുറപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളിലൊന്നും പങ്കെടുക്കാതെ അവർ വിട്ടുനിൽക്കുകയാണ്’’ (ഗവൺമെന്റ് മെമ്മോ, ബോംബെ പ്രസിഡൻസി).
ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്ര ഗുരുവായ വിഡി സവർക്കർ തന്നെ ബ്രിട്ടീഷുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയായിരുന്നു. ആദ്യകാലങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിലും (അതിനാണ് ഗവൺമെന്റ് അദ്ദേഹത്തെ ആൻഡമാൻ ജയിലിലടച്ചത്) ജയിലിൽനിന്ന് അദ്ദേഹം ബ്രിട്ടീഷ് ഗവൺമെന്റിന് നിരവധി ദയാഹർജികൾ എഴുതി. തന്നെ മോചിപ്പിക്കണമെന്ന് സർക്കാരിനോടപേക്ഷിച്ച അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽനിന്നും താൻ വിട്ടുനിൽക്കുമെന്നും ഗവൺമെന്റിന് ഇഷ്ടപ്പെട്ട വിധം ബ്രിട്ടീഷ് വാഴ്ചയെ താൻ സേവിച്ചുകൊള്ളാമെന്നും വാഗ്ദാനം നൽകുന്നു. ഈ ദയാഹർജികളുടെ ഫലമായി അദ്ദേഹം ജയിൽമോചിതനായി; കൃത്യമായി തന്റെ വാഗ്ദാനം പാലിച്ച അദ്ദേഹം അതിനുശേഷം ഒരിക്കലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ല; തുടർന്ന് ഹിന്ദുമഹാസഭയുടെ വർഗീയമായ പ്രവർത്തനങ്ങളിൽ സജീവമായി. ഈ വഞ്ചനയെല്ലാം ചെയ്തിട്ടും ആർഎസ്എസ്സും ബിജെപിയും അദ്ദേഹത്തെ ‘മഹാനായ സ്വാതന്ത്ര്യസമര പോരാളി’ യായും ‘സാമൂഹ്യ രാഷ്ട്രീയ തത്വചിന്തക’നായും വാഴ്ത്തുകയാണ്.
സവർക്കർ നേതൃത്വം നൽകിയ ഹിന്ദുമഹാസഭ 1942ൽ ബംഗാളിലും സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും മുസ്ലീം ലീഗുമായി ചേർന്ന് കൂട്ടുകക്ഷി ഭരണം നടത്തുകയായിരുന്നു; കോൺഗ്രസ് നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു അപ്പോൾ; ത്രിവർണ പതാക പിടിക്കാൻ ധെെര്യപ്പെട്ടിരുന്ന ദേശസ്നേഹികളായ ഇന്ത്യക്കാരെ അന്ന് ബ്രിട്ടീഷുകാർ വെടിവച്ച് കൊല്ലുമായിരുന്നു. ബംഗാളിലെ മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ശ്യാമപ്രസാദ് മുഖർജി ഉപമുഖ്യമന്ത്രിയായിരുന്നു. ഹിന്ദുമഹാസഭ ബ്രിട്ടീഷ് സെെന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ക്യാമ്പുകൾ സംഘടിപ്പിച്ചു. ഹിന്ദുമഹാസഭയുടെ (എച്ച്എംഎസ്) ഈ ദേശവിരുദ്ധ പ്രവർത്തനങ്ങളോട് ആർഎസ്എസ് ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചില്ല.
സ്വാതന്ത്ര്യസമരകാലത്ത് ആർഎസ്എസ്സും ഹിന്ദുമഹാസഭയും ബ്രിട്ടീഷുകാർക്കനുകൂലമായ നിലപാടെടുത്തത് യാദൃച്ഛികമൊന്നുമല്ല. ഇതേ സാമ്രാജ്യത്വാനുകൂല, ഭരണവർഗാനുകൂല സമീപനം തന്നെയാണ് ധർമത്തിന്റെ ശക്തികളെ അമേരിക്കയാണ് നയിക്കുന്നതെന്ന് പ്രസ്താവിച്ചതിലും ആർഎസ്എസിനെ നയിച്ച നയങ്ങൾ. 2003ൽ, ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോൾ ആർഎസ്എസ് മേധാവി സുദർശൻ അതിനെ സ്വാഗതം ചെയ്തു. ഇപ്പോൾ മോദി ഗവൺമെന്റ് അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേർപ്പെട്ടുകൊണ്ട് അവരെ വണങ്ങിനിൽക്കുകയാണ്.
സ്വാതന്ത്ര്യം കെെവരിച്ചശേഷം രാഷ്ട്രീയ സാഹചര്യത്തിൽ വന്ന മൗലികമായ മാറ്റവും ആർഎസ്എസ് അകപ്പെട്ട അടിയന്തരസാഹചര്യത്തിന്റെ സമ്മർദങ്ങളും സ്വന്തമായ രാഷ്ട്രീയപാർട്ടി രൂപീകരിക്കാനും ബഹുജന സംഘടനകൾക്ക് രൂപം നൽകാനും ആർഎസ്എസ്സിനെ നിർബന്ധിതമാക്കി.
പുതിയ സാഹചര്യത്തിലുണ്ടായ പ്രധാന ഘടകങ്ങൾ ഇവയാണ്: ഒന്നാമത്, പാകിസ്താൻ രൂപീകരണത്തോടെയുണ്ടായ വിഭജനവും വൻതോതിൽ മുസ്ലീങ്ങൾ പാകിസ്താനിലേക്ക് കുടിയേറിയതും ആർഎസ്എസ്സിനെ മുസ്ലീം വിരുദ്ധ പ്ലാറ്റ്ഫോമിൽ ക്രമീകരണം വരുത്താൻ നിർബന്ധിതമാക്കി. ഇപ്പോൾ അത് സ്വന്തം വാചകക്കസർത്തുകൾ പാകിസ്താനെതിരായി മാറ്റുകയും രാജ്യത്തുതന്നെ തുടർന്നും താമസിച്ചിരുന്ന മുസ്ലീങ്ങളുടെ (പാകിസ്താനിലേക്കു കുടിയേറിയവരേക്കാൾ കൂടുതലുണ്ടായിരുന്നു ഇവർ) കൂറ് സംബന്ധിച്ച അപകടത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തുതുടങ്ങി. രണ്ടാമത്, നെഹ്റുവിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന മതനിരപേക്ഷ ഗവൺമെന്റ് (ആർഎസ്എസ്സിന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല ഇത്) കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. ഇപ്പോൾ ബ്രിട്ടീഷ് ഭരണകാലത്തു ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായി ജനങ്ങളെ അണിനിരത്തിക്കൊണ്ട് ദെെനംദിനം ഭരണാധികാരവുമായി ഇടപെടുന്നത് ഒഴിവാക്കാൻ കഴിഞ്ഞില്ല. മൂന്നാമത്, ഗോഡ്സെ ഗാന്ധിജിയെ വധിച്ചതും അതേത്തുടർന്ന് ആർഎസ്എസിനെ നിരോധിച്ചതും ഹിന്ദു ദേശീയവാദികളായ കോൺഗ്രസ് നേതാക്കളിൽനിന്നും അതിന് കിട്ടിക്കൊണ്ടിരുന്ന പിന്തുണ നഷ്ടപ്പെടുന്നതിനിടയാക്കി. മിക്കവാറുമെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ആർഎസ്-എസ് പൂർണമായും ഒറ്റപ്പെട്ടു. ഇപ്പോൾ അവർക്ക് രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ പുതിയ മാർഗങ്ങൾ തേടേണ്ടതായി വന്നു. രാഷ്ട്രീയ പിന്തുണ ലഭിക്കാനും പുതിയ സ്രോതസ്സുകൾ കണ്ടെത്തേണ്ടതായും വന്നു. നാലാമത്, കമ്യൂണിസ്റ്റുകാരുടെ കരുത്തും ജനപിന്തുണയും വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു; കമ്യൂണിസ്റ്റ് പാർട്ടി പ്രതിപക്ഷ ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. ജനങ്ങൾ കമ്യൂണിസ്റ്റുകാരുടെ സ്വാധീനവലയത്തിലാകുന്നത് അടിയന്തരമായും തടയണമെന്ന് ആർഎസ്എസ് കരുതി. ഈ സാഹചര്യങ്ങളെല്ലാം സ്വന്തം സംഘടനകളുണ്ടാക്കി അതിലൂടെ രാഷ്ട്രീയത്തിലേക്കും ബഹുജന പ്രക്ഷോഭങ്ങളിലേക്കും കടക്കുകയെന്ന തന്ത്രം സ്വീകരിക്കാൻ ആർഎസ്എസ് നിർബന്ധിതമായി.
സംഘപരിവാറിന്റെ സാമൂഹ്യവും
വർഗപരവുമായ അടിത്തറ
തുടക്കം മുതൽ ആർഎസ്എസിനും ഹിന്ദുമഹാസഭയ്ക്കും നാട്ടുരാജാക്കന്മാരുടെയും ഭൂപ്രഭുക്കളുടെയും സവർണജാതി മേധാവികളുടെയും സംരക്ഷണം ലഭിച്ചിരുന്നു. അവർക്ക് മുഖ്യമായും പെറ്റി ബൂർഷ്വാസിയിൽനിന്നും ഇടത്തരം വർഗങ്ങളിൽനിന്നുമാണ്, പ്രതേ-്യകിച്ചും കച്ചവടക്കാരിൽനിന്നും വ്യാപാരികളിൽനിന്നുമാണ് പിന്തുണ ലഭിച്ചിരുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം, പ്രതേ-്യകിച്ചും 1970കളിലും 1980കളിലും മതപരതയുടെ (Religiocity) വളർച്ചയെയും മതനിരപേക്ഷ ദേശീയത ദുർബലപ്പെടുന്നതിനെയും വിജയകരമായി ഉപയോഗിച്ചാണ് ആർഎസ്എസ് ചെറുകിട പട്ടണങ്ങളിൽ പുതുതായി ഉയർന്നുവന്ന ഇടത്തരം വർഗങ്ങൾക്കിടയിലേക്ക് കടന്നുകയറിയത്. പഴയ ഫ്യൂഡൽ ഭൂപ്രഭുവിഭാഗങ്ങൾക്കു പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹരിതവിപ്ലവത്തെത്തുടർന്ന് ഉയർന്നുവന്ന മുതലാളിത്ത ഭൂപ്രഭുക്കളും ധനികകർഷകരും അനായാസം വർഗീയമായ ചിന്താഗതികൾക്കൊപ്പം ചേർന്നു. ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലേക്കും വ്യാപരിച്ചിരിക്കുകയാണ്. ഇപ്പോഴത് കേവലം സവർണ ജാതിക്കാർക്കിടയിലെ പ്രതിഭാസം മാത്രമല്ലാതായിരിക്കുന്നു; താഴ്ന്ന ജാതിക്കാർക്കിടയിലേക്കും അത് കടന്നുചെന്നിരിക്കുകയാണ്.
നവലിബറൽ പരിഷ്കാരങ്ങളിൽനിന്നും നേട്ടമുണ്ടാക്കിയ ഇടത്തരം വർഗങ്ങളിൽ വലിയൊരു വിഭാഗം തൽസ്ഥിതി സംരക്ഷിച്ചുകൊണ്ട് തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബിജെപിക്കു കഴിയുമെന്ന് വിശ്വസിക്കുന്നു. ഉയർന്ന ജാതിക്കാർ വിശ്വസിക്കുന്നത് താഴ്ന്ന ജാതിക്കാരുടെ അഭിലാഷങ്ങളെ നിയന്ത്രിച്ചു നിർത്താൻ ബിജെപിക്കു മാത്രമേ കഴിയൂ എന്നാണ്. കോർപ്പറേറ്റ് മൂലധനം വിശ്വസിക്കുന്നത് ആക്രമണാത്മകമായ സേ-്വച്ഛാധിപത്യനയങ്ങളോടുകൂടിയ ബിജെപിക്ക് തങ്ങളുടെ താൽപ്പര്യങ്ങൾക്കതിരു നിൽക്കുന്ന ശക്തികളെയെല്ലാം, അടിച്ചൊതുക്കാൻ കഴിയും എന്നുമാണ്.
ഉദാരവൽക്കരണനയങ്ങൾ നടപ്പാക്കുന്നത് തുടരാൻ ബിജെപിയെ സഹായിക്കുന്നത് ആർഎസ്എസ്സായതുകൊണ്ടു തന്നെ അന്താരാഷ്ട്ര ധനമൂലധനവും ഇന്ത്യൻ കോർപ്പറേറ്റ് മൂലധനവും സന്തോഷത്തിലാണ്. സാമ്രാജ്യത്വ വിരുദ്ധ ദേശീയതയുടെ സ്ഥാനത്ത് കടുത്ത ഹിന്ദുത്വ സാംസ്കാരിക ദേശീയതയെ പ്രതിഷ്ഠിക്കുന്നതുകൊണ്ട് ചെറുപ്പക്കാരുടെ രാഷ്ട്രീയ ഉൗർജം സാമ്രാജ്യത്വത്തോടുള്ള എതിർപ്പിനായി ഉപയോഗിക്കപ്പെടാതിരിക്കുകയും രാജ്യത്തിനുള്ളിൽത്തന്നെയുള്ള ശത്രുക്കളിലേക്ക് –ന്യൂനപക്ഷങ്ങളിലേക്ക‍്, പ്രത്യേകിച്ച് മുസ്ലീങ്ങളിലേക്ക് –അത് വഴിതിരിച്ചുവിടപ്പെടുകയും ചെയ്തു.
VII
ആർഎസ്എസ്സിന്റെ
സംഘടനാ സംവിധാനം
ശാഖ: ആർഎസ്എസ് സംഘടനയുടെ ഏറ്റവുമധികം ദൃശ്യമാകുന്ന പ്രതീകമാണ് നിതേ-്യന ചേരുന്ന ശാഖ. ആർഎസ്എസ് സ്വയംസേവകരുടെ ദെെനംദിന കൂട്ടായ്മയാണ് ശാഖ; ഇതിന് ഒരു മണിക്കൂർ സമയം വേണം. ചില പൊതുഇടങ്ങളിലാണ് ഇത് ചേരാറുള്ളത് (ഇപ്പോൾ വാട്ട്സാപ്പ് ശാഖകളും പ്രവർത്തിക്കുന്നുണ്ട്.) ഈ ഒരു മണിക്കൂറിനുള്ളിൽ ഓട്ടവും കായികാഭ്യാസങ്ങളും കളികളും യോഗയും ചർച്ചയും പ്രാർഥനയുമെല്ലാം നടക്കും. സൂര്യനമസ്കാരവും ചെയ്യുന്നുണ്ട്. ഒടുവിൽ സുഭാഷിതം അഥവാ അമൃതവചനം ചൊല്ലും. ഏതെങ്കിലുമൊരു വിഷയത്തിൽ ഹ്രസ്വമായൊരു പ്രഭാഷണവും നടത്തും. പാട്ടുകളും മുദ്രാവാക്യങ്ങളും ശ്ലോകങ്ങളും ചൊല്ലും. ഇതിനുള്ള ഉത്തരവുകളെല്ലാം നൽകപ്പെടുന്നത് ദെെവങ്ങളുടെ ഭാഷയായി അറിയപ്പെടുന്ന സംസ്കൃതത്തിലാണ്.
പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ പരിശീലനത്തിനായുള്ള പരിപാടിയും പ്രവർത്തനങ്ങളും ആർഎസ്എസ് ആസൂത്രണം ചെയ്യുന്നത് തങ്ങളുടെ താൽപ്പര്യങ്ങൾ നിലനിർത്തുകയും ഹിന്ദു ദേശീയതയോടുള്ള അവരുടെ പ്രതിബദ്ധത കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ്.
ശാഖയുടെ ഘടനയും അതിന്റെ നടത്തിപ്പുതന്നെയും സെെനികമായ രീതിയിലാണ്. വെള്ള ഷർട്ടും കറുത്തതൊപ്പിയും ബെൽറ്റും തവിട്ടുനിറത്തിലുള്ള ഷൂസും കാക്കി നിക്കറും (ഇപ്പോൾ പാന്റ്സ്) ഉൾപ്പെടുന്ന യൂണിഫോം ധരിക്കേണ്ടത് നിർബന്ധമാണ്. ശാഖയുടെ തുടക്കത്തിൽ കാവിക്കൊടി ഉയർത്തുകയും അതിനെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു (ധ്വജപ്രണാമം); കെെ നെഞ്ചിൽവെച്ച് തല കുമ്പിട്ടാണ് ഇത് ചെയ്യുന്നത്. പതാകയെ ആർഎസ്എസ് ഗുരുവായാണ് കണക്കാക്കുന്നത്. പരമ്പരാഗത ഹിന്ദുമൂല്യങ്ങളെ പ്രതീകവത്കരിച്ചതെന്ന നിലയിലാണ് ആർഎസ്എസ് കാവിക്കൊടി സ്വീകരിച്ചത്. ആർഎസ്എസ് അർധ സെെനിക സംഘടനയാണ്; ഹിന്ദു സമൂഹത്തെ ആയുധമണിയിക്കുന്നതിനെയും സെെനികവൽക്കരിക്കുന്നതിനെയും ആർഎസ്എസ് പ്രോത്സാഹിപ്പിക്കുന്നു. മാരകായുധങ്ങൾ പ്രയോഗിക്കാൻ അവർ പരിശീലനം നൽകുന്നു. ദെെനംദിനം നടക്കാറുള്ള ശാഖകളിൽ പരസ്യമായിട്ടല്ല ഈ പ്രവർത്തനങ്ങൾ നടത്തുന്നത്; ട്രെയിനിങ് ക്യാമ്പുകളെയും മറ്റും പോലെയുള്ള പ്രത്യേക സന്ദർഭങ്ങളിലാണ് ഇത് ചെയ്യാറുള്ളത്.
ശാഖകളിൽ കുറുവടി (ദണ്ഡ) ഉപയോഗിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. എന്നാൽ ഒടിസികളിൽ (ഒാഫീസർ ട്രെയിനിങ് ക്യാമ്പ്) സ്വയം പ്രതിരോധത്തിന്റെ പേരിൽ കത്തിയും വാളും തോക്കും ഉപയോഗിക്കാനും പരിശീലനം നൽകുന്നു. ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിനു മുമ്പ് പെട്രോൾ ബോംബുകളും നാടൻ കെെബോംബുകളും (Molotov Cocktails) നിർമിക്കാനും ഉപയോഗിക്കാനുമുള്ള പരിശീലനവും പല സ്ഥങ്ങളിലും വോളണ്ടിയർമാർക്ക് നൽകിയിരുന്നു. ഗോൾവാൾക്കറും ദേവറസുമാണ് ശാഖകളുടെ ദെെനംദിനയോഗങ്ങളുടെ വിവരണം നൽകിയിട്ടുള്ളത്; അത് കാൽപനികവും സ്വയം നിർമിത നിയമങ്ങളനുസരിച്ചുമാണെങ്കിലും അത് ആർഎസ്എസ്സിന്റെ ഫാസിസ്റ്റ് സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്.
ഓരോ പ്രാവശ്യവും ശാഖയിലെ അംഗങ്ങൾ ഒത്തുചേരുമ്പോൾ അവർ ഹിന്ദുരാഷ്ട്രത്തെ അഭിവാദ്യം ചെയ്യുന്ന പ്രാർഥന ചൊല്ലാറുണ്ട്. ‘‘ഹിന്ദുധർമത്തെയും ഹിന്ദുരാഷ്ട്രത്തെയും ഹിന്ദു സംസ്കാരത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും എന്നാലാവും വിധമെല്ലാം -–സ്വയം സർവവും ത്യജിച്ചും പ്രവർത്തിക്കുമെന്ന് ദെെവത്തിനുമുന്നിൽ പ്രതിജ്ഞ ചെയ്യുന്നു. ഒടുവിൽ രാജ്യത്തിന്റെയും ഹിന്ദുക്കളുടെയും നന്മ സ്ഥിതി ചെയ്യുന്നത് ആർഎസ്എസ്സിലായതിനാൽ ഞാനെന്റെ ശരീരവും ഹൃദയവുമെല്ലാം കൊണ്ട് ആർഎസ്എസ്സിനെ സേവിക്കും’’ എന്ന് സത്യം ചെയ്യുന്നു.
ശാഖകളിലെ ബൗദ്ധിക് യോഗങ്ങളിൽ (ആശയപ്രചരണയോഗം) ഹിന്ദുത്വ ആശയപ്രചരണത്തിനാണ് ലക്ഷ്യമിടുന്നത്. ചോദ്യോത്തര രീതിയിലാണ് അത് നടപ്പാക്കുന്നത്. ഉത്തരങ്ങൾ ഈ വിധത്തിലായിരിക്കും: ‘‘നാം ഹിന്ദുക്കളാണ്; നമ്മുടേത് ശുദ്ധ ആര്യൻ രക്തമാണ്. ഏറ്റവും പൗരാണികമായ അനശ്വരമതമായ സനാതന ധർമമാണ് നമ്മുടേത്. ഇത് നമ്മുടെ രാജ്യമാണ്; ഹിന്ദുക്കൾ മാത്രമാണ് ഇതിനെ നമ്മുടെ മാതൃരാജ്യമായി കരുതുന്നത്. കർമങ്ങളിലൂടെ നാം സാക്ഷാത്കരിക്കുന്ന നാടാണിത്. ശകന്മാരും ഹൂണന്മാരും കുശാനൻമാരും യവനരും മുഗളരരും പത്താന്മാരും ബ്രിട്ടീഷുകാരുമെല്ലാം നമ്മെ ആക്രമിക്കുകയാണുണ്ടായത്. അവർ നമ്മുടെ സ്വത്ത് കൊള്ളയടിക്കുകയും നമ്മെ അടിമകളാക്കിവയ്ക്കുകയും ചെയ്തു. ഹിന്ദുക്കളല്ലാതെ മറ്റൊരു സമുദായവും ഭാരതത്തെ തങ്ങളുടെ മാതൃഭൂമിയായോ വിശുദ്ധ തീർഥാടനകേന്ദ്രമായോ കരുതുന്നില്ല. ചിലരെ സംബന്ധിച്ചിടത്തോളം പുണ്യഭൂമി ജെറുസലേമാണ്. മറ്റു ചിലർക്കാകട്ടെ അത് മെക്കാ–മദീനയാണ്. ഹിന്ദുക്കൾക്ക് മാത്രമാണ് എല്ലാം ഇവിടെത്തന്നെയുള്ളത്. ഭാരതാംബയുടെ യഥാർഥ പുത്രന്മാർ നമ്മൾ മാത്രമാണ്’’.
ശാഖയിലെ എല്ലാ പ്രഭാഷണങ്ങളുടെയും ചർച്ചകളുടെയും മുഖ്യവിഷയം ഹിന്ദുക്കൾ അസംഘടിതരാണെന്നും വിശാല മനസ്കരും ഉദാരമതികളുമാണെന്നും അതുകൊണ്ടാണ് ഹിന്ദുക്കൾ ഇതര മതക്കാരുടെ കെെകളിൽനിന്നും അനുഭവിക്കേണ്ടി വരുന്നതെന്നും ഇന്ത്യാ രാജ്യത്തിന്റെ ദുരിതങ്ങൾക്കെല്ലാമുള്ള ഒരേയൊരു ഒറ്റമൂലി, അതുപോലെ തന്നെ ഹിന്ദുസമുദായത്തിന്റെ ദുരിതങ്ങൾക്കെല്ലാമുള്ള ഒറ്റമൂലിയും ഹിന്ദുക്കളെ ഒരു ഉശിരൻ സംഘടനയ്ക്കുള്ളിൽ കൊണ്ടുവരികയാണ്. അങ്ങനെയാകുമ്പോൾ മറ്റുള്ളവർ ഹിന്ദുക്കളോട് ആദരവോടെയും ബഹുമാനത്തോടെയും പെരുമാറും. ഹിന്ദു സമുദായത്തെ നശിപ്പിക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിട്ടുള്ള ഹിന്ദു ഇതരരുടെ മനസുകളിൽ ഹിന്ദുക്കളെ സംബന്ധിച്ച് ഭയം ഉണ്ടാക്കുന്നതിന് എന്തു ത്യാഗവും ചെയ്യുന്നതിനുള്ള സന്നദ്ധതയാണ് രാജ്യസ്നേഹം എന്നും ആർഎസ്എസ് തങ്ങളുടെ അനുയായികളോട് പറയുന്നു.
ഈ പ്രഭാഷണങ്ങളിൽ പകർന്നുകൊടുക്കുന്ന ആശയങ്ങൾ നിശ്ചയമായും ‘ഹിന്ദുവീരൻ’മാരുടെ കഥകൾ ഉൾക്കൊള്ളുന്നതാണ്; ഇങ്ങനെ അവർ ഉയർത്തിപ്പിടിക്കുന്ന രണ്ടുപേരാണ് ശിവാജിയും റാണാപ്രതാപും; ‘മുസ്ലീം ശത്രു’ക്കളുമായുള്ള ഏറ്റുമുട്ടലിൽ ഇവർ രണ്ടുപേരും പ്രകടിപ്പിച്ച ധീരതയെയും ദൃഢനിശ്ചയത്തെയും കുറിച്ച് അവർ ഉൗന്നിപ്പറയുന്നു. ഹിന്ദുദേശീയതയുടെ ശാശ്വത മഹത്വമെന്ന ആശയവും ഹിന്ദു–മുസ്ലീം ഐക്യം എന്ന ഗാന്ധിയൻ ശെെലിയുടെ ഫലരാഹിത്യവും ഇന്ത്യാ രാജ്യത്തോട് ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാരുടെയും മുസ്ലീങ്ങളുടെയും കൂറില്ലായ്മയെക്കുറിച്ചുമാണ് ഈ ആശയങ്ങളിൽ ഊന്നൽ നൽകുന്നത്.
ശാഖാ യോഗങ്ങളിൽ മുസ്ലീങ്ങൾക്കെതിരെയുള്ള വെറുപ്പുകൊണ്ട് സ്വയംസേവകരെ നിറയ്ക്കുകയാണ്. ‘‘തങ്ങളുടെ സ്വന്തം രാജ്യത്ത് ഹിന്ദുക്കൾ രണ്ടാം കിട പൗരരായിരിക്കുകയാണ്. ഈ ദുഷ്ടന്മാർ ഓരോരുത്തരും നാലുപെണ്ണുങ്ങളെ വീതം കെട്ടുന്നു. അവർ പെറ്റുപെരുകുന്നു; അവരെപ്പോലെയുളള ഒരു പട്ടാളത്തെത്തന്നെ തീറ്റിപ്പോറ്റുന്നു; രാജ്യത്തെ വിഭജിച്ചതിന്റെ ഉത്തരവാദികൾ അവരാണ്; എന്നാൽ രാജ്യം വിട്ടുപോകാതെ അവരിപ്പോഴും ഇവിടെനിന്ന് നമ്മെ ശല്യം ചെയ്യുകയാണ്; മുസ്ലീങ്ങൾ ആക്രമണകാരികളായ ഗുണ്ടകളാണ്. അവർ നമ്മെ വഞ്ചിക്കില്ലെന്ന് ആർക്കും വിശ്വസിക്കാനാവില്ല. ഹിന്ദുക്കൾ ഇവിടെ ഭൂരിപക്ഷമായിട്ടുപോലും സ്വന്തം രാജ്യത്ത് സുരക്ഷിതരല്ല. മറ്റ് മതവിശ്വാസക്കാരെല്ലാം തന്നെ നമ്മുടെ ശത്രുക്കളാണ്. അതേസമയം ഹിന്ദുക്കളാകട്ടെ രാജ്യത്തെ സമാധാനപ്രേമികളായ ഭീരുക്കളാണ്.’’
അത് പിന്നെയും തുടരുന്നു: ‘‘മുസ്ലീങ്ങൾ നമ്മുടെ ശത്രുക്കളാണ്; അവർ കാരണമാണ് ഭാരതാംബയെ രണ്ടായി വിഭജിച്ചത്; അവർ ഒരിക്കലും ഭാരതമാതാവിനെ തങ്ങളുടെ അമ്മയായി കാണുന്നില്ല, മറിച്ച് ഒരു ദുർമന്ത്രവാദിനിയായാണ് കാണുന്നത്; ക്രിക്കറ്റിൽ പാകിസ്താൻ വിജയിക്കുമ്പോൾ ആഘോഷിക്കുന്നു; അവർക്കോരുത്തർക്കും നാല് ഭാര്യമാരുണ്ട്. അവർക്കെല്ലാം കൂടി നാൽപ്പത് കുട്ടികൾ. അങ്ങനെയവർ തങ്ങളുടെ ജനസംഖ്യ വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ അവശേഷിക്കുന്ന ഭാഗത്തെക്കൂടി കയ്യടക്കുകയാണവർ. അവർ ജനനിയന്ത്രണം പാലിക്കുന്നില്ല. വന്ധ്യംകരണം നടത്താൻ വിസ്സമതിക്കുന്നു. അവർക്ക് നിയമത്തിന്റെ സംരക്ഷണമുണ്ട‍്. അവരെ പ്രീണിപ്പിക്കാൻ ഗവൺമെന്റുകൾ നിയമങ്ങൾ മാറ്റുന്നു. ഹജ്ജിനുപോകാനവർക്ക് സബ്സിഡി നൽകുന്നു. അതേ സമയം ഹിന്ദുക്കളാണെങ്കിൽ കെെലാസത്തിലേക്കും മാനസരോവറിലേക്കും തീർഥാടനത്തിനുപോകാൻ നികുതിയടയ്ക്കണം. അവരുടെ പുരുഷന്മാർ നമ്മുടെ സ്ത്രീകളെ, നമ്മുടെ മക്കളെയും മരുമകളെയും പിഴപ്പിക്കാൻ കച്ചകെട്ടി പാത്തും പതുങ്ങിയും നടക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും നമ്മുടെ ഹിന്ദു പെൺകുട്ടികളെ അവരുമായി പ്രണയത്തിലേർപ്പെടാൻ കെണിയൊരുക്കുകയും ഒളിച്ചോടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവരെ ചൂഷണം ചെയ്തശേഷം തങ്ങളുടെ കൂട്ടത്തിലുള്ളവർക്ക് അവരെ വിൽക്കുന്നു. മദ്രസകളിൽ അവർ പഠിക്കുന്നത് എല്ലാവർക്കും വേണ്ടി എന്നല്ല മറിച്ച് വിഭജനവാദമാണ്. തീവ്രവാദത്തിന്റെ മൂലകാരണം അവരാണ്. അവരുടെ മസ്ജിദുകളിൽ ആയുധങ്ങൾ കുഴിച്ചിട്ടിട്ടുണ്ട്. പാക്കിസ്ഥാൻ ആക്രമണമുണ്ടാകുമ്പോൾ അവർ എപ്പോൾ വേണമെങ്കിലും നമുക്കെതിരെ തിരിയും. അവർ ഗോമാംസം കഴിക്കുന്നു. സ്വഭാവപരമായിത്തന്നെ അവർ ക്രൂരന്മാരും ഹൃദയശൂന്യരുമാണ്. അവർ പാകിസ്ഥാനുവേണ്ടി ചാരപ്പണിയെടുക്കുന്നു. അവർ നമ്മുടെ ആളുകളല്ല. നമ്മുടെ മതത്തിൽപെട്ടവരല്ല. നമ്മുടെ രാഷ്ട്രത്തിലുള്ളവരുമല്ല’’. ഇതിലൂടെ ആളുകളെ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആ ഭ്രാന്തന്മാരാക്കി പരിവർത്തനപ്പെടുത്തുകയാണ്.
ഇത്തരത്തിലുള്ള അസംഖ്യം പ്രചാരണങ്ങളാണ് ശാഖകളിലൂടെ കെെമാറപ്പെടുന്നത്.
ശാഖകളിൽ സ്വയം സേവകർ നിത്യേന ചെയ്യുന്ന പ്രതിജ്ഞ ഉന്മാദാവസ്ഥയിലുള്ള ദേശസ്നേഹമെന്ന ആശയത്തെയാണ് പ്രതീകവൽക്കരിക്കുന്നത്. പങ്കെടുക്കുന്നവരിൽ ദേശീയതയുടേതായ വികാരം കുത്തിനിറയ്ക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. സ്വയം സേവകർ മാത്രമാണ് യഥാർഥ ദേശസ്നേഹികളെന്നും മറ്റുള്ളവരെല്ലാം ഒറ്റുകാരാണെന്നും എന്നതിനാണ് അവർ ഊന്നൽ നൽകുന്നത്. ശാഖകളിലൂടെ ആർഎസ്എസ് ഹിന്ദുക്കളെന്നും ശുദ്ധ ആര്യൻ രക്തമുള്ളവരെന്നും അഭിമാനിക്കുന്നവരാക്കി ആളുകളെ മാറ്റുകയും മറ്റ് മതവിശ്വാസികളെ വെറുക്കാനും അവർ വിദേശികളും ഒറ്റുകാരുമെന്ന് പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.
ആർഎസ്എസ് അവകാശപ്പെടുന്നത്, തങ്ങൾ ആളുകളെ ദേശാഭിമാനികളാക്കി മാറ്റുകയാണെന്നാണ്. എന്നാൽ അവർ യഥാർഥത്തിൽ കുറേ മതഭ്രാന്തന്മാരെയാണ് സൃഷ്ടിക്കുന്നത്. തങ്ങൾ ജനങ്ങളെ അച്ചടക്കമുള്ളവരാക്കി മാറ്റുകയാണെന്ന് അവകാശപ്പെടുന്നു. എന്നാൽ അവർ ജനങ്ങളെ പട്ടാളച്ചിട്ടയിലേക്ക് മാറ്റുകയാണ് ശാഖയിലെ എല്ലാ നിർദേശങ്ങളും നൽകുന്നത് സെെനികമായ ശെെലിയിലാണ്. നിർദേശങ്ങളെ അവർ വിശേഷിപ്പിക്കുന്നത് ദിവ്യകൽപ്പനകളായാണ്. സവർക്കർ പറഞ്ഞതുപോലെ ആർഎസ്എസ് ലക്ഷ്യമിടുന്നത് ഹിന്ദുമതത്തെ സെെനികവൽക്കരിക്കാനും സെെന്യത്തെ ഹിന്ദുവൽക്കരിക്കാനുമാണ്.
ട്രെയിനിങ് ക്യാമ്പുകൾ
സ്ഥിരമായി ആർഎസ്എസ് ഏറ്റെടുക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സ്വയം സേവകരെ സിദ്ധാന്തപരമായി ബോധ്യമുള്ളവരാക്കുന്നതിന് വിവിധ തരത്തിലുള്ള ട്രെയിനിങ് ക്യാമ്പുകൾ സംഘടിപ്പിക്കലാണ്. ക്യാമ്പുകൾ മൂന്നു വിധത്തിലുണ്ട്:
1) പ്രത്യേക വിഭാഗങ്ങൾക്കായി നടത്തപ്പെടുന്ന ത്രിദിന ക്യാമ്പുകൾ
2) ജില്ലാ തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന 15 ദിവസത്തെ ഇൻസ്ട്രക്ടർ ട്രെയിനിങ് ക്യാമ്പുകൾ (ഐടിസി)
3) ഓഫീസർ ട്രെയിനിങ് ക്യാമ്പുകൾ (ഒടിസി) പ്രവിശ്യാതലത്തിലും അഖിലേന്ത്യാതലത്തിൽ മൂന്ന് തലത്തിലുള്ള ഗ്രേഡ് അടിസ്ഥാനത്തിലും സംഘടിപ്പിക്കപ്പെടുന്നു. ഇത് ഒരു മാസം നീണ്ടുനിൽക്കുന്നു. ഈ ഗ്രേഡഡ് ക്യാമ്പുകളെ വിളിക്കുന്നത് സംഘ് ശിക്ഷാവർഗ എന്നാണ്. 2017ൽ ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് അതിനു മുമ്പത്തെ വർഷം ഒന്നാം വർഷക്യാമ്പിൽ 17,500 പേർ പങ്കെടുത്തു എന്നും രണ്ടാം വർഷ ക്യാമ്പിൽ 4,130 പേർ പങ്കെടുത്തു എന്നും മൂന്നാം വർഷ ക്യാമ്പിൽ 973 പേർ പങ്കെടുത്തു എന്നുമാണ്. മൂന്ന് തലത്തിലെയും പരിശീലനം പൂർത്തിയാക്കിയവരിൽ നിന്നാണ് പ്രചാരകർ റിക്രൂട്ട് ചെയ്യപ്പെടുന്നത്. മൂന്നാം വർഷത്തെ സംബന്ധിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം അത് നാഗ്പൂരിൽ വച്ചാണ് നടത്തുന്നത് എന്നതാണ്.
ട്രെയിനിങ് ക്യാമ്പുകൾ സ്ഥിരമായ ഇടവേളകളിലാണ് നടത്തുന്നത്. ഈ ക്യാമ്പുകളിലെ അച്ചടക്കം തീവ്രമാണ്. ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള കായികാഭ്യാസങ്ങൾ ഇതിന്റെ ഭാഗമായുണ്ട്. കുറുവടിയും കത്തിയും വാളും പ്രയോഗിക്കാനും പരിശീലനം നൽകുന്നു. ഈ ക്യാമ്പുകളിലെ ട്രെയിനികളിലധികം പേരും ചെറുപ്പക്കാരാണ്. ആർഎസ്എസ്സിന്റെ വിവിധ നേതൃസ്ഥാനങ്ങളിൽ ഉൾപ്പെടുത്താൻ വേണ്ടത്ര എണ്ണം ചെറുപ്പക്കാരെ സൃഷ്ടിക്കുകയാണ് ഈ പരിശീലന സംവിധാനം.
സ്വയം സേവകർ
ആർഎസ്എസ്സിന്റെ ഏറ്റവും താഴേതട്ടിലെ അംഗമാണ് സ്വയംസേവക്. സേവക്മാർക്ക് പ്രധാനപ്പെട്ട രണ്ട് കടമകളുണ്ട്. ഒന്ന്, ദെെനംദിനമുള്ള ശാഖകളിൽ പങ്കെടുക്കൽ. രണ്ട്, അയൽപക്കത്തെ ആളുകളുമായി സ്നേഹവും സൗഹാർദവുമുള്ള ബന്ധം സ്ഥാപിക്കൽ. അയാൾ സ്ഥിരമായി അവരുടെ ഭവനസന്ദർശനം നടത്തുകയും എല്ലാവരെയും കാണുകയും സംസാരിക്കുകയും എല്ലാവരുമായി സൗഹാർദ്ദബന്ധം വികസിപ്പിക്കാൻ ശ്രമിക്കുകയും വേണം. ആവശ്യമായി വരുമ്പോഴെല്ലാം അവർക്ക് സഹായം നൽകാൻ സന്നദ്ധനുമായിരിക്കണം. എവിടെ നിയോഗിക്കപ്പെട്ടാലും സംഘത്തിന്റെ ആശയം പ്രചരിപ്പിക്കണം. ആർഎസ്എസിന് ഔപചാരികമായ മെമ്പർഷിപ്പോ വരിസംഖ്യയോ ഇല്ല.
പ്രചാരക്മാർ
ആർഎസ്-എസ് സംഘടനയുടെ കാതലായ ഭാഗമാണ് പ്രചാരക് സംവിധാനം. റിപ്പോർട്ടുകൾ പ്രകാരം 2017ൽ 6,000ത്തോളം പ്രചാരക്മാരുണ്ടായിരുന്നു. അവരിൽ പകുതിയോളം ആർഎസ്എസ് സംഘടനയ്ക്കായി പ്രവർത്തിക്കുന്നു. അവശേഷിക്കുന്ന പകുതിപേരെ പരിവാർ സംഘടനകളുടെ പ്രവർത്തനത്തിനായി നിയോഗിക്കുന്നു.
ആർഎസ്എസ്സിനുള്ളിൽ എല്ലാ തലങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട മുഴുവൻ സമയ ഭാരവാഹി പ്രചാരക് ആണ്. അയാളുടെ വാക്കുകളാണ് മറ്റുള്ളവരെ സംബന്ധിച്ച് നിയമം. വിശ്വസ്തരായ പ്രചാരക്മാരുടെ കെട്ടുപാടുകളുള്ള ഒരു സംവിധാനത്തിലൂടെ നടപ്പാക്കപ്പെടുന്ന അധികാരകേന്ദ്രത്തോടുള്ള ഈ ബന്ധനം ആർഎസ്എസ്സിന് കടുത്ത ജനാധിപത്യവിരുദ്ധവും രഹസ്യാത്മകവും ഫാസിസ്റ്റുമായ സവിശേഷത നൽകുന്നു. എപ്പോഴെങ്കിലും പുതിയൊരുസംഘടനയ്ക്ക് രൂപംനൽകുകയാണെങ്കിൽ ഏറ്റവും അനുയോജ്യമായ പ്രചാരകിനെ അതിനായി ചുമതലപ്പെടുത്തുന്നു.
ആർഎസ്എസ് പ്രചരിപ്പിക്കുന്നതനുസരിച്ച് പ്രചാരകന്റെ ജീവിതം ലാളിത്യം, ബ്രഹ്മചര്യം, മിതവ്യയം എന്നിവയെ അടിസ്ഥാനമാക്കിയാണ്. എന്നാൽ യാഥാർഥ്യം അത്ര സുന്ദരമല്ല. പല മുൻ പ്രചാരക്മാരും നടത്തുന്ന വെളിപ്പെടുത്തലനുസരിച്ച് അതിനുള്ളിൽ ഗണ്യമായത്ര അഴിമതിയും ജീർണതകളും നിലനിൽക്കുന്നുണ്ട്.
പാർട്ട് ടെെം പ്രവർത്തകർ വിസ്താരക് എന്നറിയപ്പെടുന്നു. അവർക്ക് കുടുംബജീവിതം ആകാം. സംഘത്തിന്റെ ശൃംഖല വ്യാപിപ്പിക്കാൻ അവർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നു.
ആർഎസ്എസ്സിന്റെ പ്രവർത്തനശെെലി ജനങ്ങളെ ഒറ്റയൊറ്റ വ്യക്തികളായി ബന്ധപ്പെടുകയും അവരെ ശാഖകളിലെത്തിക്കുകയും ആർഎസ്എസ് പ്രത്യയശാസ്ത്രത്തിലേക്ക് സജ്ജരാക്കുകയുമാണ്. വ്യക്തികളുടെ നിർമിതിയ്ക്കായുള്ള ഫാക്ടറികളായാണ് ആർഎസ്എസ് സ്വയം വിശേഷിപ്പിക്കുന്നത്. ഈ പ്രവർത്തനം പുറംലോകത്തിന് കാണാൻ കഴിയില്ല. ഇത് ശരിക്കും വീടുകളിലേക്കും മനസ്സുകളിലേക്കുമുള്ള നുഴഞ്ഞുകയറ്റമാണ്.
ഘടന
ഏറ്റവും മുകളറ്റത്തുള്ള സർ സംഘ് ചാലകും സർ കാര്യവാഹും ആണ് സംഘടനയെ നയിക്കുന്ന പ്രധാനപ്പെട്ടവർ. സർ സംഘ് ചാലക് ആണ് പരമോന്നത നേതാവ്. അവർ തിരഞ്ഞെടുക്കപ്പെടുന്നത് പ്രചാരകരിൽനിന്നു മാത്രമാണ്.
ആർഎസ്എസ് കേന്ദ്രീകൃത അതോറിറ്റിയെ അടിസ്ഥാനമാക്കിയ ഘടന സ്വീകരിക്കണമെന്ന് 1929ലാണ് തീരുമാനിക്കപ്പെട്ടത്. സംഘടനയെ നയിക്കേണ്ട സർ സംഘ് ചാലക് സുപ്രീം ഡയറക്ടർ ആയിരിക്കും. ആദ്യത്തെ സർ സംഘ് ചാലക്, ഹെഡ്ഗെവാർ ആയിരുന്നു. ഈ തത്വത്തെ വിശേഷിപ്പിച്ചിരുന്നത് ഏകചാലകാനുവർത്തിത്വ (ഒരൊറ്റ നേതാവിനെ പിന്തുടരൽ) എന്നാണ്. പരമ്പരാഗത ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥ അനുസരിച്ചുള്ളതാണിത് എന്ന വിശദീകരണമാണ് ഈ ആശയത്തെ ന്യായീകരിക്കാനായി പറയുന്നത്. ഹിന്ദു ജീവിതശെെലിയെ പുനരുദ്ധരിക്കാനും പുനരുജ്ജീവിപ്പിക്കാനും ഏറ്റവും അനുയോജ്യമായ രീതി ഇതാണെന്നും വിശദീകരിക്കുന്നുണ്ട്. എന്നാൽ ജർമ്മനിയിലെയും ഇറ്റലിയിലെയും ഫാസിസ്റ്റുകൾ പിന്തുടരുന്ന ഫ്യുറർതത്വത്തോടുള്ള സമാനത എല്ലാവർക്കും വ്യക്തമാണ്.
ഇതിനകം ആറ് പ്രചാരക്മാർ സർ സംഘ് ചാലക്മാരായി മാറിയിട്ടുണ്ട്; കേശവ് ബലിറാം ഹെഡ്ഗെവാർ, മാധവ് സദാശിവ് ഗോൾവാൾക്കർ (ഗുരുജി), മധുകർ ദത്താത്രേയ ദേവ്റസ്, കെ എസ് സുദർശൻ, രാജേന്ദ്രസിങ്, മോഹൻ ഭഗവത്. ഇവരെല്ലാം ഈ സ്ഥാനത്തേക്ക് എത്തിയത് നാമനിർദേശത്തിലൂടെയാണ്, തിരഞ്ഞെടുപ്പിലൂടെയല്ല.
തങ്ങളുടെ സംഘടനാ പ്രവർത്തനത്തിന്റെ സൗകര്യം ആർഎസ്എസ് രാജ്യത്തെ പതിനൊന്ന് മേഖല (ക്ഷേത്ര)കളും 52 സ്റ്റേറ്റുകളായും (പ്രാന്ത്) വിഭജിച്ചിട്ടുണ്ട്. അതുപോലെ ഓരോ സ്റ്റേറ്റിനെയും ഡിവിഷനുകളായും (വിഭാഗ്) ഡിസ്ട്രിക്ടുകളായും (ജില്ല) ടൗണുകളായും (നഗർ) മണ്ഡലങ്ങളായും (പത്തോ അതിലധികമോ ബ്രാഞ്ചുകൾ) വിഭജിച്ചിട്ടുമുണ്ട്. ആർഎസ്എസ്സിന്റെ ഘടനയിലെ ഏറ്റവും താഴെയറ്റത്തെ പടിയാണ് ശാഖ.
ഓരോ ഡിസ്ട്രിക്ടിലും ഒരു പ്രചാരകും ഒരു വിസ്താരകുമുണ്ട്; വിലയ്ക്കു വാങ്ങാൻ കഴിയുന്ന സാധനങ്ങളുള്ള ഒരു സ്റ്റോറുമുണ്ട്.
തൃണമൂലതലത്തിൽ -(ഏറ്റവും താഴെ തട്ടിൽ) സ്വയം സേവക് എന്ന വ്യക്തിയാണ് സംഘത്തിന്റെ അടിസ്ഥാന ഘടകം; അയാളിലാണ് സംഘടനയുടെ ഉത്തരവാദിത്വം നിൽക്കുന്നത്. അവരിൽ അധികംപേരും ദെെനംദിനമുള്ള ശാഖയായി മാറാൻ ഒന്നിച്ചുകൂടുന്നു. ഒരു ശാഖയിൽ സ്വയം സേവകിനു മുകളിൽ ഒരു നായകുണ്ട് (ഗ്രൂപ്പ് ലീഡർ); മുഖ്യ അധ്യാപകൻ (മുഖ്യ ശിക്ഷക്), ശാഖാ മാനേജർ (കാര്യവാഹ്) എന്നിവരുമുണ്ട്. ഒരു ശൃംഖല വളരുകയും വിപുലപ്പെടുകയും ചെയ്യുന്നതോടെ മുഖ്യശിക്ഷകർക്കായിരിക്കും പ്രാദേശികതല നടപടികളുടെയും ദെെനംദിന പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം. ശാഖയ്ക്കുമുകളിൽ ഓരോ തലത്തിലും മൂന്ന് പദവികളുണ്ട് – പ്രചാരക്, കാര്യവാഹ്, സംഘ്ചാലക‍്. ഇതേ ക്രമത്തിലാണ് പ്രാധാന്യം. ഡിസ്ട്രിക്ട് തലത്തിലെയും ഡിവിഷൻ തലത്തിലെയും സ്റ്റേറ്റ് തലത്തിലെയും ജോലികൾ നിർവഹിക്കുന്നത് പ്രചാരക്മാരാണ്.
നേതൃത്വത്തിൽ, തിരഞ്ഞെടുപ്പിലെ നിയോജകമണ്ഡല വിഭജനവുമായി പൊരുത്തപ്പെടുത്തക്കവിധം പഴയ സംഘടനാ ഘടനയിൽ ദേവ്-റസ് മാറ്റം വരുത്തി. ഓരോ ആർഎസ്എസ് ഡിവിഷനും ഒന്നോ രണ്ടോ പാർലമെന്ററി നിയോജക മണ്ഡലത്തിനകത്തുവരും. താഴേതലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സഹായിക്കുന്നതിൽ ആർഎസ്എസ് ശാഖയാണ് കൂടുതൽ സജീവമാകുന്നത്. ആർഎസ്എസ്സും മുന്നണി (front) സംഘടനകളും തമ്മിലുള്ള പ്രവൃത്തി വിഭജനവും ഇപ്പോൾ സംഘടിതമായിട്ടുണ്ട്. മുന്നണി സംഘടനകൾ കാംപെയ്നുകളിലും പ്രക്ഷോഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും; അതേസമയം പ്രവർത്തനങ്ങളുടെ തൃണമൂലതല സംഘാടനത്തെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും ആർഎസ്എസ്സാണ്.
വിഭാഗങ്ങൾ (Departments)
ചില പ്രത്യേക പ്രവർത്തനങ്ങൾ നടത്താൻ ആർഎസ്എസ് പല ഡിപ്പാർട്ടുമെന്റുകളും (വിഭാഗങ്ങൾ) പ്രവർത്തിപ്പിക്കുന്നുണ്ട്. ഏഴ് ഡിപ്പാർട്ടുമെന്റുകളുണ്ട്; ഓരോന്നിന്റെയും തലപ്പത്ത് ഒരു സീനിയർ പ്രചാരക് ഉണ്ട്.
പ്രധാനപ്പെട്ടവ ഇവയാണ്: ശാരീരിക് വിഭാഗ് (–ഫിസിക്കൽ ട്രെയിനിങ്), ബൗദ്ധിക് വിഭാഗ് (പ്രത്യയശാസ്ത്ര കാര്യങ്ങൾക്കുള്ള ഡിപ്പാർട്ടുമെന്റ്), സമ്പർക് വിഭാഗ് (Public relations department), സേവ വിഭാഗ് (Social Service department), പ്രചാർ വിഭാഗ് (Media department), വ്യവസ്ഥാ വിഭാഗ് (Organisational depart ment), പ്രചാരക് വിഭാഗ് (പ്രചാരക് മാനേജ്മെന്റ്).
ഗതിവിധികൾ (വർക്-ഷോപ്പുകൾ)
ആർഎസ്എസ് സ്ഥിരമായി ഗതിവിധികൾ (വർക്-ഷോപ്പുകൾ) സംഘടിപ്പിക്കാറുണ്ട്; വിവിധ മേഖലകളിലെ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടിയാണിത്; സ്വന്തം നിലയിൽ താഴെത്തട്ടിൽ പ്രവർത്തിക്കാനും കാംപെയ്നുകളും സൃഷ്ടിപരമായ പരിപാടികളും ഏറ്റെടുക്കാനും അവരെ പ്രാപ്തരാക്കുന്നതിനുവേണ്ടിയാണിത്. സൃഷ്ടിപരമായ പരിപാടികളിൽ ചിലത്: ഗ്രാമവികാസ്, ഗോസേവ, കുടുംബ പ്രബോധൻ, സാമാജിക് സമരാസ്ത.
ധനകാര്യം
ആർഎസ്എസ് അവകാശപ്പെടുന്നത് അതിനുവേണ്ട പണം വരുന്നത് മുഖ്യമായും കാണിക്കയിൽ (ഗുരുദക്ഷിണ) നിന്നാണെന്നാണ്; ഗുരുപൂർണിമ ദിനത്തിൽ കൊടിക്കുമുന്നിൽ സമർപ്പിക്കപ്പെടുന്ന കാണിക്കയിൽ നിന്നാണെന്നാണ്; സ്വയം സേവകർ ഗുരുവിനെ (അഥവാ അധ്യാപകനെ ആദരിക്കാൻ സമർപ്പിക്കുന്നതാണിത്. ഈ ഫണ്ടുപയോഗിച്ചാണ് സംഘടനയുടെ എല്ലാ ചെലവുകളും നിറവേറ്റുന്നതെന്നും അവർ അവകാശപ്പെടുന്നുണ്ട്. പണം ഒരു കവറിനുള്ളിലാക്കി ധ്വജത്തിനു കീഴിൽ വയ്ക്കുന്നു. അതുകൊണ്ട് ആരാണത് നൽകിയതെന്ന് ആർക്കും അറിയാൻ കഴിയില്ല; അതുപോലെ എത്ര പണം നൽകിയെന്നും മറ്റാർക്കും അറിയാനാവില്ല. രേഖകളൊന്നും സൂക്ഷിക്കാറില്ല. സ്വയം സേവകൻ എന്ന നിലയിൽ സമ്പന്നനായ ഒരാൾ പണം സൂക്ഷിക്കുകയും ആവശ്യമായി വരുമ്പോൾ പിൻവലിക്കുകയും ചെയ്യുന്നു.
പ്രസാധക സ്ഥാപനങ്ങൾ
ഭാരത് പ്രകാശൻ, സുരുചി പ്രകാശൻ, ലോഖിത് പ്രകാശൻ, ഗ്യാൻ ഗംഗ പ്രകാശൻ, അർച്ചന പ്രകാശൻ, ഭാരതീയ വിചാരണ സാധന, കൽപ്പതരു, ശ്രീ ഭാരതി പ്രകാശൻ, അപ്-ന സാഹിത്യ, സാധന പുസ്തക് പ്രകാശൻ, സാഹിത്യനികേതൻ, ജാഗരൺ പ്രകാശൻ, രാഷ്ട്രോത്തൻ സാഹിത്യ എന്നിവയാണ് ആർഎസ്എസും പരിവാർ സംഘടനകളും നടത്തുന്ന പ്രസാധക സ്ഥാപനങ്ങൾ.
മീഡിയ (മാധ്യമങ്ങൾ)
ഇംഗ്ലീഷിലുള്ള ‘ഓർഗനെെസർ’ വാരികയ്ക്കുപുറമെ ‘പാഞ്ചജന്യ’, ‘യുവധർമ’ (രണ്ടും ഹിന്ദിയിൽ) ‘വിക്രമ’ (കന്നഡ), ഹിന്ദുസ്ഥാൻ സമാചാർ, സ്വദേശ്, മദർലാൻഡ്, ‘രാഷ്ട്ര ധർമ’ തുടങ്ങിയവയും പ്രസിദ്ധീകരിക്കുന്നുണ്ട്. മിക്കവാറും എല്ലാ പ്രവിശ്യകളിലും അതാതിടത്തെ ഭാഷാ പത്രങ്ങളുണ്ട്. ഇവയ്ക്കെല്ലാം കൂടി വളരെ വിപുലമായ വായനക്കാരുമുണ്ട്. 1983ൽ പ്രാദേശികമോ ദേശീയമോ ആയ 28 പത്രങ്ങളാണ് ആർഎസ്എസ്സും അവരുടെ അഭ്യുദയകാംക്ഷികളും കൂടി പ്രസിദ്ധീകരിച്ചിരുന്നത്.
അടുത്ത കാലത്തായിട്ടാണ് വളരെ വ്യാപകമായിട്ട് ആർഎസ്എസ് ദൃശ്യ – ശ്രാവ്യ സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയത്. ഹിന്ദുത്വശക്തികളുടെ സ്വാധീനംമൂലം മിക്കവാറും എല്ലാ ടിവി ചാനലുകളും ഇപ്പോൾ മതപരവും ആത്മീയവുമായ പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയ
ആർഎസ്എസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും അതിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതിനുമുള്ള ഏറ്റവും വലിയ മാധ്യമം സോഷ്യൽ മീഡിയ ആയി ഇപ്പോൾ മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഹിന്ദുത്വാനുകൂലി പ്രവർത്തനം വ്യാപകമായിരിക്കുകയാണ്. ആർഎസ്എസ് അനുകൂലികൾ വ്യാപകമായി അതുപയോഗിക്കുന്നുമുണ്ട്.
തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും സംഘടനയെയും വിപുലമാക്കാൻ ബഹുജന ആശയ വിനിമയ സാങ്കേതിക വിദ്യ, പ്രത്യേകിച്ച് ഇന്റർനെറ്റ് ഉപയോഗപ്പെടുത്താനുള്ള അളവറ്റ ശേഷി ആർഎസ്എസ് കെെവരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി വെബ് പേജുകൾക്കിടം നൽകുന്നതിനുള്ള പ്ലാറ്റ്ഫോം എന്ന നിലയിൽ 1993ൽ തന്നെ ആർഎസ്എസ് ഗ്ലോബൽ ഹിന്ദു ഇലക്ട്രോണിക് നെറ്റ്-വർക്ക് (G-–HEN) വികസിപ്പിച്ചു. തൽസമയം തന്നെ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ഹിന്ദുത്വ പ്രചാരണം വ്യാപിപ്പിക്കാൻ ഇന്റർനെറ്റ് സൗകര്യമൊരുക്കിയിരിക്കുകയാണ്. അത് പ്രചാരണ പ്രവർത്തനങ്ങൾ വികേന്ദ്രീകൃതമായി നടത്താൻ, സ്വന്തം നിലയിൽ സ്വയം സേവകർ തന്നെ നടത്താനോ വ്യത്യസ്ത വിഭാഗങ്ങളിലൂടെ നടപ്പാക്കാനോ, ശേഷി നൽകിയിരിക്കുകയാണ്.
VIII
ആർഎസ്എസ്സും
പരിവാർ സംഘടനകളും
1948–49 കാലത്ത് ആർഎസ്എസ് നിരോധിക്കപ്പെട്ടശേഷം, പല സംഘടനകളും സ്വയം സേവകരെ ഒഴിവാക്കി; ആർഎസ്എസ്സിന്റെ നിലനിൽപ്പു തന്നെ ഭീഷണിയിലായി. അതിനാൽ, ഈ കാലഘട്ടത്തിൽ, തങ്ങളുടെ പ്രവർത്തനം തുടരാൻ ആർഎസ്എസ് നിരവധി സംഘടനകൾക്ക് രൂപം നൽകി.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും മേഖലാതലത്തിലും പ്രാദേശിക തലത്തിലും ആർഎസ്എസ് നിരവധി സംഘടനകളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കാനാരംഭിച്ചു; ആർഎസ്എസ് പ്രത്യയശാസ്ത്രത്തിനനുസരിച്ച് അവയെ നയിക്കാനും അവയ്ക്ക് വഴികാട്ടിയാകാനും ഈ ഓരോ സംഘടനയിലേക്കും ഓരോ പ്രചാരകനെ വീതം നിയോഗിച്ചു. സാമൂഹ്യ ജീവിതത്തിന്റെ സങ്കൽപിക്കാവുന്ന രംഗങ്ങളിലെല്ലാം രാജ്യത്തുടനീളം ഇത്തരം നൂറുകണക്കിന് സംഘടനകൾ ഇപ്പോൾ പ്രവർത്തിക്കുകയാണ് – വിദ്യാഭ്യാസം, മാധ്യമം, പ്രസിദ്ധീകരണം, സംസ്കാരം, കല, പരിസ്ഥിതി, മതം, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് , സാമൂഹ്യ സേവനം, വിഭാഗീയം, സാമൂഹ്യം, രാഷ്ട്രീയം, സാമ്പത്തികം, അന്താരാഷ്ട്രരംഗം, ധെെഷണിക രംഗം.
ഈ ഓരോ സംഘടനയും അവകാശപ്പെടുന്നത് അത് അരാഷ്ട്രീയവും സ്വതന്ത്രവുമാണെന്നാണ്; എന്നാൽ ഇവയെല്ലാം സ്ഥാപിച്ചത് ആർഎസ്എസ് ആണെന്നു മാത്രമല്ല, ആർഎസ്എസ്സിന്റെ നിയന്ത്രണത്തിലുമാണവ; ആർഎസ്എസ്സിന്റെ ലക്ഷ്യം നേടാനുള്ള ഉപകരണമായാണ് അവ ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് അവയെയെല്ലാം ചേർന്ന് ‘സംഘം’ എന്ന് ഒന്നിച്ച് വിളിക്കുന്നത്.
ആർഎസ്എസ്സിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകളുടെ (പരിവാർ സംഘടനകൾ)യും തിങ്ക‍്ടാങ്കുകളുടെയും ഒരു പട്ടിക ഒന്നാം അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്.
IX
ആർഎസ്എസ്സിന്റെ
പ്രവർത്തന രീതി
1. കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ
ദേശീയ ആഘോഷങ്ങളുടെയും മതപരമായ ഉത്സവങ്ങളുടെയും കാലത്ത് ആർഎസ്എസ്, പ്രത്യേകിച്ച് അതിന്റെ വനിതാ വിഭാഗം, കുട്ടികൾക്ക് താൽപര്യമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ഇവയിലൂടെ അവർ കുടുംബങ്ങളുമായി വിശിഷ്യാ സ്ത്രീകളുമായി, ബന്ധം സ്ഥാപിക്കുകയാണ്.
2. കൗമാരക്കാരിലും വിദ്യാർഥികളിലും കേന്ദ്രീകരിക്കൽ
ബാലസ്വയംസേവകരിലാണ് ആർഎസ്എസ് എപ്പോഴും ശ്രദ്ധയൂന്നുന്നത്. 12നും 15നും ഇടയ്ക്ക് പ്രായമുള്ള ആൺകുട്ടികളിലാണ് അവർ കേന്ദ്രീകരിക്കുന്നത്: ‘‘ചെറുപ്പത്തിലേ പിടികൂടുക’’ എന്നതാണ് അവരുടെ മുദ്രാവാക്യം. യൗവനാരംഭത്തിനു മുൻപുള്ള പ്രായത്തിൽ തന്നെ പിടികൂടുന്നതിനുകാരണം അവരുടെ സന്ദേശം ആ പ്രായത്തിലുള്ളവരിൽ അനായാസവും അതിവേഗത്തിലും ഉൾക്കൊള്ളിക്കാൻ കഴിയുമെന്നതാണ്. കുട്ടികളെയും കൗമാരക്കാരെയും കളികളിലൂടെയും യൂണിഫോം ധരിക്കുന്നതിലൂടെയും അനായാസം ആകർഷിക്കാൻ കഴിയുമെന്നത് മുതലെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
ഇടത്തരം വർഗങ്ങളിലെ കുട്ടികൾ ഏകാന്തത അനുഭവിക്കുന്ന നഗരപ്രദേശങ്ങളിൽ ആർഎസ്എസ്സിന്റെ ശാഖാ പ്രവർത്തനം സാമൂഹ്യവൽക്കരണത്തിനുള്ള അവസരം പ്രദാനം ചെയ്യുന്നു.
ആരംഭകാലം മുതൽ തന്നെ വിദ്യാർഥികൾക്കിടയിലുള്ള പ്രവർത്തനത്തിന് ആർഎസ്എസ് പ്രത്യേക ഊന്നൽ നൽകിയിരുന്നു. പുതിയ മേഖലകളിലേക്കും പുതിയ വിഭാഗങ്ങളിലേക്കും തങ്ങളുടെ ശൃംഖല അതിവേഗം വ്യാപിപ്പിക്കാനുള്ള പ്രചാരക്മാരെ റിക്രൂട്ടു ചെയ്യുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള ഏറ്റവും മികച്ച സ്രോതസ്സായാണ് ആർഎസ്എസ് വിദ്യാർഥികളെ കണക്കാക്കുന്നത്. ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് കടന്നുകൂടാൻ കഴിയുന്ന ഏറ്റവും അനുയോജ്യരായ വിഭാഗമാണ് സർവകലാശാലകളിൽ വളർന്നുവന്ന സ്വയംസേവകർ എന്നതാണ് മറ്റൊരു പ്രധാന കാരണം. അതുകൊണ്ടാണ് പ്രധാനപ്പെട്ട പ്രചാരകരെ വിദ്യാർഥി മുന്നണിയിൽ പ്രവർത്തിക്കാൻ നിയോഗിക്കുന്നത്. തുടക്കത്തിൽതന്നെ പ്രചാരകരെ യൂണിവേഴ്സിറ്റികളിലേക്കും കോളേജുകളിലേക്കും വിദ്യാർഥികളെന്ന നിലയിൽ സംഘടനാ പ്രവർത്തനത്തിനായി അയയ്-ക്കുന്നു.
3. വ്യാപനത്തിനായി പ്രചാരകരെ
വിന്യസിക്കൽ
തുടക്കം മുതൽ ഇതേവരെ ശാഖകളുടെ ശൃംഖല വികസിപ്പിക്കാനും വിപുലീകരിക്കാനും ആർഎസ്എസ് നിരവധി പ്രചാരക്-മാരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്-ക്കുന്നു. ഇങ്ങനെ അയയ്-ക്കപ്പെടുന്ന പ്രചാരക്-മാർ പുതിയ പ്രദേശത്ത‍് താമസിക്കുകയും പ്രാദേശിക ഭാഷ അഭ്യസിക്കുകയും തദ്ദേശീയ സംസ്കാരം മനസ്സിലാക്കുകയും പ്രദേശത്ത് സ്വാധീനമുള്ള വ്യക്തികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു; വർഗീയാടിസ്ഥാനത്തിൽ ജനങ്ങളെ അണിനിരത്താൻ ഉപയോഗിക്കാനാവുന്ന വിഷയങ്ങൾ കണ്ടെത്തുകയും സംഘത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് അവർ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടിനുള്ളിൽ ആസാം, കർണാടകം, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ വികസിച്ചത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അവരിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിനു തന്നെയാണ്.
4. പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തൽ
പ്രാദേശിക പ്രചാരക്-മാരെയും മറ്റ് ആർഎസ്എസ് കാഡർമാരെയും സംഘടനകളെയും സഹായിക്കാനും രക്ഷാകർത്തൃത്വം വഹിക്കാനുമായി സ്വാധീനിക്കാൻ കഴിയുന്ന പ്രമുഖ വ്യക്തികളെ (ഗണമാന്യ ലോഗ്) കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും നിരന്തരം പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോവുകയാണ് ഉന്നത ആർഎസ്എസ് പ്രചാരക്-മാർ സ്വീകരിക്കുന്ന മറ്റൊരു രീതി. ശ്രദ്ധേയരായ ഈ വ്യക്തികൾ കോൺഗ്രസ്സിലോ ഹിന്ദുമഹാസഭയിലോ ആര്യസമാജത്തിലോ മറ്റേതെങ്കിലും പ്രാദേശിക കക്ഷിയിലോ നിന്നുള്ളവരാകാം. അവർ പ്രാദേശികമായി അറിയപ്പെടുന്ന പ്രമുഖ മത, സാംസ്കാരിക, ജാതി നേതാക്കളോ പ്രൊഫഷണലുകളോ രാഷ്ട്രീയേതര വ്യക്തികളോ സമ്പന്നരോ ആയിരിക്കാം. അധികസമയവും പ്രാദേശികമായ ഈ പ്രമുഖരിൽനിന്ന് തങ്ങളുടെ ശൃംഖല വളർത്തുന്നതിന് വേണ്ട സഹായവും പിന്തുണയും നേടിയെടുക്കാൻ ആർഎസ്എസ്സിനു കഴിയുന്നു.
5. പ്രമുഖ വ്യക്തികളുടെ
മനസ്സ് കീഴടക്കാൻ പബ്ലിക്
റിലേഷൻസ് കൗശലങ്ങൾ
മതപരമായി ഏതെങ്കിലും വിധത്തിലുള്ള ചായ്-വുണ്ടെന്ന് ആർഎസ്എസ് ചിന്തിക്കുന്ന എല്ലാ പാർട്ടികളിൽനിന്നുമുള്ള നേതാക്കളെ അവർ നിരന്തരം ശ്രദ്ധിക്കുകയും അവരോട് അടുപ്പം സ്ഥാപിക്കുകയും ചെയ്യുന്നു. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളിൽ ഈ നേതാക്കളെ ശാഖായോഗങ്ങളെ അനുഗ്രഹിക്കുന്നതിനായി അവർ ക്ഷണിക്കുന്നു; തങ്ങളുടെ അച്ചടക്കവും ദേശസ്നേഹപരമായ യോഗ്യതയും പ്രകടിപ്പിച്ച് അവരുടെ മനസ്സിൽ ഇടം നേടുകയാണ് ഇതിന്റെ ലക്ഷ്യം. സമീപകാലത്തു നടന്ന അത്യുന്നതമായ ഒരു ദൃഷ്ടാന്തമാണ് മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തു നടന്ന അവരുടെ ഒരു ചടങ്ങിൽ പങ്കെടുത്തത്. അവരുടെ ഈ പബ്ലിക് റിലേഷൻസ് സ്റ്റണ്ടിനെ വിവിധ സന്ദർഭങ്ങളിൽ വിവരമുള്ള പലയാളുകളും തുറന്നുകാണിച്ചിട്ടുണ്ട്.
6. സ്വത്വ രാഷ്ട്രീയത്തെ
ഉപയോഗിക്കൽ:
ജാതി, ഉപജാതി വിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയെയും
വെെരുധ്യങ്ങളെയും
ഉപയോഗിക്കൽ
പുതിയ സാമൂഹിക വിഭാഗങ്ങളിലേക്ക് കടന്നുകൂടാൻ വിവിധ ജാതികളിലെയും ഉപജാതികളിലെയും ഗോത്ര വിഭാഗങ്ങളിലെയും പ്രമാണിമാർ തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ വെെരങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഗൂഢതന്ത്രങ്ങൾ ആർഎസ‍്എസ് ചിട്ടയായി ഉപയോഗിക്കുന്നു. ദുർബല വിഭാഗങ്ങളിലെ, വിശിഷ്യാ ദളിത്, ഗോത്രവിഭാഗങ്ങളിലെ അവസരവാദികളായ നേതാക്കളെ അവാർഡുകളും പദവികളും അധികാരവും പണവും കൊടുത്തും വാഗ്ദാനം നൽകിയും ആർഎസ്എസ് പാട്ടിലാക്കുന്നു.
സമൂഹത്തിലെ അരികുവത്കൃത വിഭാഗങ്ങളെ ആകർഷിക്കാനുള്ള സാമൂഹിക – സാമ്പത്തിക പരിപാടികളൊന്നും ആർഎസ്എസ്സിനില്ല. യഥാർഥത്തിൽ, ‘സനാതനധർമ’ത്തിന്റെയും ജാതി വ്യവസ്ഥയുടെയും സംരക്ഷകരെന്ന നിലയിൽ അസമമായ സാമൂഹ്യ വിഭജനങ്ങളെല്ലാം തന്നെ അതേപടി നിലനിൽക്കണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സാമൂഹ്യവിഭാഗങ്ങളെ ഭിന്നിപ്പിക്കാനും അതിൽ ചില വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാനും സ്വത്വരാഷ്ട്രീയത്തെ അവർ ഉപയോഗിക്കുന്നത്. പിന്തുണ നേടിയെടുക്കാൻ എല്ലായിടത്തും അവർ ഒരു വിഭാഗത്തിനെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിടുന്നു. ഉദാഹരണത്തിന്, മാല – മഡിഗ (ദളിതർക്കിടയിൽ), കോയ –ലംബാഡ (ഗോത്രവർഗങ്ങൾക്കുള്ളിൽ), ഹിന്ദു – ക്രിസ്ത്യൻ, നാടാർ, ഒബിസി – എംബിസി ഭിന്നതകളെ ആർഎസ്എസ് ഉപയോഗിച്ചു.
ദളിതരും ഗോത്രവർഗക്കാരും മറ്റു ദുർബല വിഭാഗങ്ങളും ചില കുലീന വംശങ്ങളുടെ പിൻഗാമികളാണെന്ന നിലയിൽ ആർഎസ്എസ് ചരിത്രം രചിക്കുന്നുമുണ്ട്.ദളിതർ പ്രച്ഛന്ന വേഷത്തിൽ കഴിയുന്ന ക്ഷത്രിയരാണെന്ന് ചിത്രീകരിക്കുന്ന ദളിതരെക്കുറിച്ചുള്ള ചില ചരിത്രഗ്രന്ഥങ്ങൾ തന്നെ ആർഎസ്എസ് രചിച്ചിട്ടുണ്ട്. ധീരരായ പോരാളികളായിരുന്നതിനാൽ അവരെ മുസ്ലീം ആക്രമണകാരികൾ അടിമകളാക്കി വയ്ക്കുകയായിരുന്നുവത്രേ! ഇത്തരം കഥകളിലൂടെ നിന്ദ്യമായ ജാതി വ്യവസ്ഥയുടെയും മറ്റ് അടിച്ചമർത്തൽ സംവിധാനങ്ങളുടെയും ഉത്തരവാദിത്വത്തിൽനിന്നും ഹിന്ദു സമൂഹത്തെ ഒഴിവാക്കുകയും മുസ്ലീങ്ങൾക്കുമേൽ ആ ബാധ്യത കയറ്റിവെയ്ക്കുകയും ചെയ്യാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്.
7. വ്യാപനത്തിനുള്ള
മാർഗമായി രാഷ്ട്രീയ സഖ്യങ്ങൾ
ബഹുജനാടിത്തറയും വിഭവങ്ങളും ചിലപ്പോഴെല്ലാം പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപിയുണ്ടാക്കുന്ന തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളിലൂടെ ലഭ്യമാകുന്ന ഭരണാധികാരം പ്രമുഖ വ്യക്തികളുമായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ആർഎസ്എസ്സിന്റെ സംഘടനാപരമായ വളർച്ച ലക്ഷ്യമിട്ട് മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.
8. നുഴഞ്ഞുകയറ്റം
സർവരംഗങ്ങളിലും വളരെ ചിട്ടയോടുകൂടി സ്വന്തം ആളുകളെ ആർഎസ്എസ് തിരുകിക്കയറ്റിയിട്ടുണ്ട് – മാധ്യമം, വിദ്യാഭ്യാസം, രാഷ്ട്രീയം, ജുഡീഷ്യറി, ഭരണനിർവഹണം, എന്തിന് ഡിഫെൻസ് സർവീസിൽ ഉൾപ്പെടെ. ഇങ്ങനെയാണ് നൂറ്റാണ്ടുകളായി ബ്രാഹ്മണിസം സ്വന്തം അജൻഡ നടപ്പാക്കുന്നതിൽ വിജയിച്ചത്; വളരെ നിശബ‍്ദമായി സർവ ഇടങ്ങളിലേക്കും നുഴഞ്ഞുകയറിക്കൊണ്ടാണ് അവർ അത് സാധിച്ചത്; ഇപ്പോൾ ആർഎസ്എസ്സും അതാണ് തുടരുന്നത്. ഗവൺമെന്റിന്റെ ഭാഗമാകാൻ അവസരം കിട്ടുമ്പോഴെല്ലാം നിർണായക സ്ഥാനങ്ങളിൽ കൃത്യമായും സ്വയം സേവകരെ തിരുകിക്കയറ്റാൻ ആ അവസരത്തെ ആർഎസ്എസ് ഉപയോഗിക്കാറുണ്ട്.
9. ഭരണാധികാരത്തെ
ഉപയോഗപ്പെടുത്തൽ
സംസ്ഥാനത്തിലോ കേന്ദ്ര തലത്തിലോ ആർഎസ്എസ്സിന്റെ രാഷ്ട്രീയ വിഭാഗം ഗവൺമെന്റിന്റെ ഭാഗമാകുമ്പോൾ സംഘം ഭരണാധികാരത്തിന്റെ പങ്കുപറ്റാൻ ആ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുന്നു. ആർഎസ്എസ്സിനെയും മറ്റു ഘടക സംഘടനകളെയും ശക്തിപ്പെടുത്തുന്നതിന് ഭരണകൂടത്തിന്റെ വിഭവങ്ങളെയും ഭരണനിർവഹണ സംവിധാനത്തെയും അതുപയോഗിക്കുന്നു.
10. മഹാന്മാരായ നേതാക്കളെ
തട്ടിയെടുക്കൽ
ഹിന്ദു ദേശീയതയെ പ്രോത്സാഹിപ്പിക്കാനായി തിലകനെയും ഗാന്ധിജിയെയും പട്ടേലിനെയും അംബേദ്ക്കറെയും സുഭാഷ് ചന്ദ്രബോസിനെയും ഭഗത്-സിങ്ങിനെയും മറ്റും പോലെയുള്ള മഹാന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളെയും സ്വാതന്ത്ര്യസമരനായകരെയും തട്ടിയെടുത്ത് സ്വന്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. നെഹ്റുവിനെ ഒറ്റപ്പെടുത്താനും അവർ ശ്രമിക്കുന്നു; ഹിന്ദുരാഷ്ട്രത്തിന്റെ എല്ലാ തിന്മകളുടെയും ഉത്തരവാദിയായ മുഖ്യവില്ലനായാണ് നെഹ്റുവിനെ അവർ അവതരിപ്പിക്കുന്നത്. ഗാന്ധി ഘാതകനായ ഗോഡ്സെയെ മഹാനായ ദേശീയവാദിയായും രാജ്യസ്നേഹിയായും അവർ സ്തുതിക്കുന്നു. രാഷ്ട്രപിതാവായി അവർ ഗാന്ധിജിയെ അംഗീകരിക്കുന്നില്ല; കാരണം അനാദികാലം മുതൽ തന്നെ ഇന്ത്യ ഒരു രാഷ്ട്രമായി മാറിയിരുന്നുവെന്നാണ് അവർ ചിന്തിക്കുന്നത്. എങ്കിൽപോലും അവർ നിശ്ശബ്ദം ഗാന്ധി ജയന്തി ആചരിക്കുന്നുമുണ്ട്.
ബുദ്ധനെയും മഹാവീരനെയും ഗുരുനാനാക്കിനെയും കബീറിനെയും വിവേകാനന്ദനെയും ടാഗോറിനെയും മറ്റുമെല്ലാം മഹാന്മാരായ സന്ന്യാസിമാരായും ഹിന്ദുമതത്തിന്റെ പുത്രന്മാരായും അവർ തട്ടിയെടുക്കുന്നു.
ഇതേ തട്ടിപ്പു തന്നെയാണ് പ്രധാനപ്പെട്ട കലണ്ടർ ദിനങ്ങളുടെ പുനർനാമകരണത്തിലും പുനർസ്ഥാന നിർണയത്തിലുമെല്ലാം ബിജെപി സർക്കാരുകൾ കാണിക്കുന്നത്. ഡിസംബർ 25 (ക്രിസ്മസ്) ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം സദ് ഭരണദിനമാണ്. ഒക്ടോബർ 31 വല്ലഭ്ഭായി പട്ടേലിന്റെ ജന്മവാർഷികം ആഘോഷിക്കുന്നതിനുള്ള ദേശീയ ഐക്യദിനമാണിപ്പോൾ; ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വവാർഷികത്തിന്റെ ഭാഗമായി രാഷ്ട്രീയ സങ്കൽപ്പ ദിവസ് ആചരിക്കുന്നതിനെ ഇതിലൂടെ പുനഃപ്രതിഷ്ഠിക്കുകയായിരുന്നു. ഒക്ടോബർ രണ്ട് ഇപ്പോഴും ഗാന്ധിജയന്തിയായി തന്നെ ആചരിക്കുന്നു; എന്നാൽ ശുചീകരണത്തിനാണ് ഇപ്പോൾ കൂടുതൽ ഊന്നൽ നൽകുന്നത്; മത–സാമുദായിക സൗഹാർദ്ദവും അക്രമരാഹിത്യവുമെല്ലാം സംബന്ധിച്ച ഗാന്ധിജിയുടെ ആശയങ്ങൾക്ക് അത്ര പ്രാധാന്യം നൽകുന്നതുമില്ല. ഡോ. അംബേദ്ക്കർ ജയന്തിയായ ഏപ്രിൽ 14 ഇപ്പോൾ ആർഎസ്എസ് സമരസത്ത ദിവസമായി ആചരിക്കുകയാണ്; അതായത്, സാമൂഹ്യമെെത്രിദിനം; ജാതി വ്യവസ്ഥയെ കുറിച്ചുള്ള ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്ര നിലപാടാണ് അതിൽ പ്രതിഫലിക്കുന്നത്.
11. സാമൂഹ്യസേവനം
ജനങ്ങളുമായി വലിയ തോതിൽ ബന്ധം സ്ഥാപിക്കുന്നതിനുള്ള കണ്ണിയായും വർഗീയ വികാരം ഇളക്കിവിടുന്നതിനുമായാണ് ആർഎസ്എസ് സാംസ്കാരിക പ്രവർത്തനത്തെയും സാമൂഹ്യസേവനത്തെയും ഉപയോഗിക്കുന്നത്.
സാമൂഹ്യജീവിതത്തിന്റെ നാനാതുറകളെ ബാധിക്കുന്ന ആയിരക്കണക്കിന് സേവനപദ്ധതികൾ നടത്തുന്നതായാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. ഈ നിലയിൽ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ആവശ്യമുള്ളപ്പോഴെല്ലാം എന്തിനുവേണ്ടിയായാലും സാമൂഹ്യസേവനത്തിലേർപ്പെടുന്നു. മുഖ്യമായും 1950 മുതലാണ് ആർഎസ്-എസ് ഈ സാമൂഹ്യസേവനതന്ത്രം സ്വീകരിച്ചത്; 1980കളെ തുടർന്നാണ് കൂടുതൽ ആക്രമണോത്സുകമായി നടപ്പാക്കാൻ ആരംഭിച്ചത്. വിദ്യാഭ്യാസ-– ആരോഗ്യരംഗങ്ങളിൽ സർക്കാർ ഇടപെടൽ അപര്യാപ്തമായത്, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക്, ഹിന്ദി സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യാനന്തരകാലം മുതലും നവലിബറൽ നയങ്ങളുടെ വരവോടെയും രാജ്യത്തുടനീളമുണ്ടായ ഈ മേഖലകളുടെ വാണിജ്യവൽക്കരണവും സ്വകാര്യവൽക്കരണവും സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ അതിഭീകരമാക്കി. സാമൂഹ്യസേവന പദ്ധതികളിലൂടെ ഈ മേഖലകളിൽ ഇടപെടുന്നതുവഴി ദരിദ്രജനവിഭാഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പ്രത്യേകിച്ച് ചേരിപ്രദേശങ്ങളിലും ഗോത്ര വർഗമേഖലകളിലും അവർക്ക് അവസരം നൽകുന്നു.
പ്രകൃതി ദുരന്തമോ മറ്റെന്തെങ്കിലും ദുരന്തങ്ങളോ ബാധിക്കുന്ന ജനങ്ങൾക്ക് ദുരിതാശ്വാസം നൽകുന്നതിലും ആർഎസ്എസ് ഏർപ്പെടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് അവർക്ക് സമ്പന്നരായ ആളുകൾ ഉദാരമായി പണവും മറ്റു സാധനങ്ങളും നൽകാറുമുണ്ട്.
12. ഉത്സവങ്ങളും ക്ഷേത്രങ്ങളും
സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിന് സംഘപരിവാർ തൃണമൂല തലത്തിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് വമ്പിച്ച മത സാംസ്കാരിക പരിപാടിയായി ഉത്സവങ്ങൾ സംഘടിപ്പിക്കുക എന്നത്. അവയ്ക്ക് വർഗീയമായ ഒരു ചായ്-വ് നൽകാൻ കഴിയുമെന്നതിനാലാണ് ആർഎസ്എസ് ഉത്സവങ്ങളുടെ കാര്യത്തിൽ താൽപ്പര്യമെടുക്കുന്നത്. തിലകനെ പോലെയുള്ള ഹിന്ദുദേശീയവാദികൾ ഗണേശോത്സവത്തെയും ശിവാജി ജയന്തിയെയും ജനങ്ങളിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം സൃഷ്ടിക്കുന്നതിന് ഉപയോഗിച്ച അതേ വിധത്തിലാണ് ആർഎസ്എസ് വർഗീയവികാരം ഇളക്കിവിടുന്നതിന് ഉത്സവങ്ങളെ ഉപയോഗിക്കുന്നത്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ ചെറുപ്പക്കാരെ അണിനിരത്താനും പിന്നീടവരെ സംഘപരിവാർ സംഘടനകളുമായി പ്രത്യേകിച്ചും ബജ്റംഗ്-ദളുമായി സമന്വയിപ്പിക്കാനുമാണ് അവർ ഈ സന്ദർഭങ്ങളെ ഉപയോഗിക്കാറുള്ളത്. ഈ ലക്ഷ്യത്തോടെയാണ് അവർ ഹനുമാൻ ജയന്തിയെ സവിശേഷമായും ഉപയോഗിക്കുന്നത്. ഉത്സവകാലത്തെ പൊതുവായ കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനായി അവർ ഉത്സവ നടത്തിപ്പ് കമ്മിറ്റികൾ പിടിച്ചെടുക്കുന്നു. ഈ ഉത്സവങ്ങളോടനുബന്ധിച്ച് കാവിക്കൊടി വിതരണം ചെയ്യുന്നതും ചെറുപ്പക്കാരെ കാവി തലക്കെട്ടും സിന്ദൂരവും പൊട്ടും അണിയിക്കുന്നതും യുവജനങ്ങളെ വർഗീയവൽക്കരിക്കുന്നതിനുള്ള ആയാസരഹിതമായ ഒരു മാർഗമാണ്. ഏതെങ്കിലുമൊരു പ്രത്യേക സമുദായവുമായും ജാതിയുമായും ഗോത്രവിഭാഗവുമായും ബന്ധപ്പെട്ട ഉത്സവങ്ങൾ ആഘോഷിക്കാൻ സംഘപരിവാർ ഏറ്റെടുക്കുന്നത് ആ വിഭാഗത്തെ ഹിന്ദുവൽക്കരിക്കുകയും അങ്ങനെ ആ വിഭാഗത്തിലെ പുരോഹിതരുടെ മേൽ പിടിമുറുക്കുകയും ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ്. പല സ്ഥലങ്ങളിലും ഉത്സവങ്ങളെ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനായും അവർ ഉപയോഗിക്കുന്നു. ഇവ പലപ്പോഴും അക്രമസംഭവങ്ങൾക്കും ഇടയാക്കുന്നു.
ആർഎസ്എസ് വർഗീയമായ പ്രാധാന്യത്തോടെ ആറ് ദേശീയ ഉത്സവങ്ങൾ ആഘോഷിക്കുന്നത് പ്രചരിപ്പിക്കുന്നു. വർഷപ്രതിപാദ അഥവാ ഹിന്ദുപുതുവർഷം, ജേ-്യഷ്ഠ ശുദ്ധത്രയോദശിയിൽ ഹിന്ദു സാമ്രാജ്യദിനോത്സവം, ഛത്രപതി ശിവജിയുടെ കിരീട ധാരണാദിനാഘോഷം, ആഷാ-ഢപൂർണിമയിലെ ഗുരുപൂജ, ശ്രാവണ പൂർണിമയിലെ രക്ഷാബന്ധൻ, അശ്വായുജ ശുദ്ധദശമിയിലെ വിജയദശമി, മകരസംക്രാന്തി എന്നീ ആറ് പ്രധാന ഉത്സവങ്ങൾ ആർഎസ്എസ് ആഘോഷിക്കുന്നു.
പ്രധാനമായും സ്ത്രീകളെയും പ്രായമുള്ളവരെയും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്കായി ആർഎസ്എസ് ഉപയോഗിക്കുന്ന പ്രധാന ഇടങ്ങളായി ക്ഷേത്രങ്ങൾ മാറിയിരിക്കുന്നു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുക്കൽ, നിതേ-്യന ഭജനകൾ നടത്തൽ, തീർഥാടനങ്ങളും മതപരമായ ദീർഘയാത്രകളും സംഘടിപ്പിക്കൽ എന്നിവയാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലത്. തങ്ങളുടെ വർഗീയ അജൻഡ നടപ്പാക്കുന്നതിന് ഉപയോഗിക്കാൻ വേണ്ടി ആർഎസ്എസ് ക്ഷേത്രങ്ങളുടെ ഭരണസമിതികളിലേക്ക് കൃത്യമായും നുഴഞ്ഞുകയറുകയോ അവ പിടിച്ചെടുക്കുകയോ ചെയ്യുന്നു. വിവാദമാക്കാൻ കഴിയുന്ന എന്തെങ്കിലും വിഷയം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുമ്പോഴെല്ലാം ആർഎസ്എസ് അവിടെ ചാടിവീഴുകയും വർഗീയ വികാരം ഇളക്കിവിടുകയും ചെയ്യുന്നു. ബാബറി മസ്ജിദ്–രാമജന്മഭൂമി വിഷയം, തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികൾ നടത്തുന്നതായി ആരോപിക്കപ്പെടുന്ന പ്രചാരണം തുടങ്ങിയവയും ഏറ്റവും ഒടുവിലായി ശബരിമല വിഷയം സംബന്ധിച്ചുണ്ടാക്കിയ പ്രശ്നങ്ങളും ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങളാണ്.
13. സമൂഹത്തെ
വർഗീയവത്കരിക്കുന്നതിനുള്ള
പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും
ഭരണഘടനയുടെ അനുച്ഛേദം 370, ഏകസിവിൽ കോഡ്, ഗോ വധം, രാമജന്മഭൂമി എന്നിങ്ങനെയുള്ള തങ്ങളുടെ മുഖ്യവിഷയങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് അടിക്കടി അഖിലേന്ത്യാ കാംപെയ്നുകളും യാത്രകളും സംഘടിപ്പിക്കാറുണ്ട്. 1966ൽ ഗോ സംരക്ഷണത്തിനായുള്ള അക്രമാസക്തമായ ഒരു പ്രക്ഷോഭത്തിന് അവർ നേതൃത്വം നൽകി; 1983ൽ ഗംഗാജലവുമായും ഭാരതമാതാവുമായും ബന്ധപ്പെട്ട ഏകാത്മ രഥയാത്ര, സമരാസത്ത (സ്വാംശീകരണം) പ്രചാരണം, ഗാന്ധി സങ്കൽപ്പയാത്ര തുടങ്ങിയവയും ഇക്കൂട്ടത്തിൽപെടുന്നു. 1981ലെയും 1990ലെയും സംവരണ വിരുദ്ധപ്രക്ഷോഭങ്ങൾക്കു പിന്നിലും അവർ തന്നെ ആയിരുന്നു. 1991ൽ രാമഭക്തിയുടെയും ലോക്ശക്തിയുടെയും പേരിൽ രഥയാത്ര എൽ കെ അദ്വാനി ഏറ്റെടുത്തു.
വർഗീയധ്രുവീകരണം സൃഷ്ടിക്കാനായി ഉപയോഗിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക വിഷയങ്ങളും ആർഎസ്എസ് ഏറ്റെടുക്കുന്നുണ്ട്– കേരളത്തിൽ മലപ്പുറം ജില്ല രൂപീകരണത്തിനെതിരെ, കർണാടകത്തിലെ ബാബ ബുദൻഗിരി ദർഗ ഏറ്റെടുക്കുന്നതിനുവേണ്ടി, വടക്കു –കിഴക്കൻ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് ആസാമിലെയും ബംഗാളിലെയും വിദേശികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ എന്നിവ. 1952ൽ ഗോ വധനിരോധനത്തിനായി ആർഎസ്എസ് കാംപെയ്ൻ സംഘടിപ്പിച്ചു; 1963ൽ കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം നിർമിക്കാനായും കാംപെയ്ൻ സംഘടിപ്പിച്ചു; കർണാടകത്തിലെ സംസ്കൃതം സംസാരിക്കൽ പ്രസ്ഥാനം, കേരളത്തിൽ 2019ൽ ശബരിമല വിഷയത്തിൽ നടത്തിയ ശിഥിലീകരണ പ്രക്ഷോഭം തുടങ്ങിയവയും ഉദാഹരണങ്ങളാണ്. സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാൻ ഉതകുന്നതെന്നു കണ്ടാൽ ചെറിയൊരു പ്രാദേശിക വിഷയത്തിൽപ്പോലും ആർഎസ്എസ് ചാടിവീഴുന്നു.
സ്വന്തം രാഷ്ട്രീയ വിഭാഗമായ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി തിരഞ്ഞെടുപ്പ് വേളകളിൽ ഇത്തരം വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള കാംപെയ്നുകളും ആർഎസ്എസ് നടത്താറുണ്ട്.
14. ധ്രുവീകരണത്തിന്
വർഗീയ അക്രമങ്ങൾ
വർഗീയ സംഘർഷങ്ങളും അക്രമങ്ങളും നടമാടുന്ന പ്രദേശങ്ങളിലാണ് ആർഎസ്എസ് അധികവും വളർന്നിട്ടുള്ളത്. മതാടിസ്ഥാനത്തിൽ വോട്ടർമാരുടെ ധ്രുവീകരണത്തിന്റെ ഫലമായി ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നത് ആർഎസ്എസ്സിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് നൂറിലധികം വലിയ വർഗീയലഹളകൾ സംഭവിച്ചു. 1960കളിലും 1980കളിലുമാണ് ഏറ്റവും മോശപ്പെട്ട വിധത്തിൽ ഇത് ബാധിച്ചത്. ആരംഭകാലത്ത് മുഖ്യമായും ഉത്തരേന്ത്യയിൽ ഒതുങ്ങിനിന്ന വർഗീയ അക്രമങ്ങൾ 1980കൾക്കുശേഷം പുതിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ഒരു പ്രത്യേക പ്രദേശത്ത് ആർഎസ്എസ് നേതാക്കൾ സന്ദർശിക്കുകയോ ആർഎസ്എസ്സിന്റെ ക്യാമ്പ് നടത്തുകയോ ചെയ്തുകഴിഞ്ഞാൽ അതിനുപിന്നാലെയാണ് മിക്കവാറും വർഗീയലഹളകൾ നടന്നിട്ടുള്ളത്.
ആർഎസ്എസ്സിനെ സംബന്ധിച്ചിടത്തോളം സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപകരണമാണ് വർഗീയ അക്രമം. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങൾക്കിടയിലാണ് ആർഎസ്എസ് പ്രധാനമായും വർഗീയവൽക്കരണം നടത്തുന്നത്; ജനങ്ങൾക്കിടയിൽ മതവികാരം ഇളക്കിവിടുകയും മതാടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുകയും ചെയ്ത, മതനിരപേക്ഷ, ലിബറൽ, മാനുഷിക മുഖമുള്ള ശക്തികൾക്ക് സമൂഹത്തിൽ പരസ്യമായി പ്രവർത്തിക്കാൻ കഴിയുന്ന ഇടങ്ങൾ ചുരുക്കുകയാണ് അവർ ചെയ്യുന്നത്.
ആർഎസ്എസ്സുകാരാണ് പ്രകോപനമുണ്ടാക്കിയതെന്നും അവരാണ് മുഖ്യകുറ്റവാളികളെന്നും വർഗീയലഹളകളെക്കുറിച്ച് അനേ-്വഷിക്കാൻ നിയോഗിക്കപ്പെട്ട മിക്കവാറുമെല്ലാ കമ്മീഷനുകളും വ്യക്തമാക്കിയിട്ടുണ്ട്. പല കേസുകളിലും പൊലീസും അർധസെെനിക വിഭാഗവും ഒന്നുകിൽ കാഴ്ചക്കാരായി കയ്യും കെട്ടിനിൽക്കുകയോ അല്ലെങ്കിൽ ലഹളക്കാലത്തെ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുകയോ ആണ് ചെയ്യാറുള്ളത്. ലഹളകളിൽ കൊല്ലപ്പെടുകയോ അംഗഭംഗപ്പെടുത്തപ്പെടുകയോ ദുരിതങ്ങൾ സഹിക്കേണ്ടതായി വരുകയോ ചെയ്യുന്നവരിൽ ഏറെപ്പേരും ന്യൂനപക്ഷ സമുദായത്തിൽപെടുന്നവരാണ്.
1970ൽ നടന്ന ഭിവാണ്ടി, ജൽഗാവ്, മഹദ് വർഗീയ ലഹളകൾ സംബന്ധിച്ച് അനേ-്വഷിച്ച ജസ്റ്റിസ് ഡി ഡി മദൻ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളിൽ വർഗീയ ലഹളകളുടെ അപഗ്രഥനത്തെ സംക്ഷിപ്തമായി ഇങ്ങനെ അവതരിപ്പിക്കുന്നു: ‘‘ഒരു രാത്രി പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നതല്ല വർഗീയ സംഘർഷം. കാലങ്ങളോളം പണിപ്പെട്ട് സൃഷ്ടിക്കപ്പെടുന്നതാണവ; വർഗീയപ്രചാരണത്തിന് പാലൂട്ടിയും വർഗീയ സംഭവങ്ങളെ പരിചരിച്ചും കിംവദന്തികളെ ഇന്ധനമാക്കിയും മനുഷ്യരുടെ മനസ്സിൽ വെറുപ്പും വിദേ-്വഷവും നിറച്ചും അവരുടെ ചിന്തയെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുകയാണ്.’’
1971ൽ തലശ്ശേരിയിൽ നടന്ന വർഗീയ അക്രമങ്ങളെക്കുറിച്ച് അനേ-്വഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷന്റെ റിപ്പോർട്ടിൽ വർഗീയലഹളകൾ സംഘടിപ്പിക്കുന്നതിന് ആർഎസ്എസ് ഉപയോഗിച്ച പ്രചാരണതന്ത്രവും ശെെലിയും എന്തെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ ചുവടെ:
a. മുസ്ലീങ്ങൾ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമുദായക്കാരിൽ വർഗീയവികാരം ഇളക്കിവിടൽ.
b. ഭൂരിപക്ഷ വിഭാഗക്കാരിൽ ഭയം വർധിപ്പിക്കുകയും ആ ഭീതിയുടെ സങ്കീർണ സാഹചര്യം ഉപയോഗിച്ച് കളിക്കുകയും ചെയ്യൽ.
c. ഭരണനിർവഹണ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറുകയും സിവിൽ, പൊലീസ്, സെെനികവിഭാഗങ്ങളിൽപെട്ടവരെ വർഗീയ സമീപനം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യൽ.
d. കഠാരി, വാള്, കുന്തം തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാൻ ഭൂരിപക്ഷ സമുദായത്തിലെ ചെറുപ്പക്കാർക്ക് പരിശീലനം നൽകൽ.
e) വർഗീയ വിഭജനം വിപുലപ്പെടുത്തുന്നതിനായി കിംവദന്തികൾ പ്രചരിപ്പിക്കുകയും ഏതു സംഭവത്തിനും വർഗീയനിറം നൽകുകയും ചെയ്യൽ.’’
വർഗീയ ലഹളകളിൽ തങ്ങൾക്ക് പങ്കുണ്ടെന്ന കാര്യം എപ്പോഴും ആർഎസ്എസ് നിഷേധിക്കാറാണ് പതിവ്. സ്വന്തം അടയാളങ്ങൾ ഒളിച്ചുവയ്ക്കാനും മൂടിവയ്ക്കാനും പല രീതികളിൽ സംഘ് ശ്രമിക്കുന്നുണ്ട്. ദെെവത്തെ പിടിച്ച് ആണയിടാൻപോലും നുണയെ ആശ്രയിക്കുന്നതിൽ ആർഎസ്എസ് സ്വയം സേവകർക്ക് ഒരു മടിയുമുണ്ടാകാറില്ല. ആവശ്യമുള്ളപ്പോഴെല്ലാം നുണപറയുന്നതിന് അവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ആർഎസ്എസ്സിന് മെമ്പർഷിപ്പ് രജിസ്റ്റർ ഇല്ലാത്തതിനാൽ നുണ പറഞ്ഞ് അതിന്റെ അംഗങ്ങൾക്ക് അനായാസം രക്ഷപ്പെടാൻ കഴിയുന്നു. സ്വയം തിരശ്ശീലയ്ക്കു പിന്നിൽ പതിയിരിക്കുന്നതിനായി വർഗീയസംഘർഷങ്ങളുണ്ടാകുമ്പോഴെല്ലാം അതത് പ്രദേശത്ത്, താൽക്കാലികമായി രൂപപ്പെടുത്തുന്ന സംഘടനകളിലൂടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ഏതെങ്കിലുമൊരു വിഭാഗത്തെ ആക്രമിക്കുന്നതിന് ലക്ഷ്യമിട്ട വർഗീയ അക്രമങ്ങൾക്കുപുറമെ, വ്യക്തികൾക്കെതിരായ വിദേ-്വഷ പ്രചാരണവും ദെെനംദിന പ്രവർത്തനങ്ങളിൽ ആർഎസ്എസ്സിന്റെ ആയുധപ്പുരയിലെ പ്രധാനപ്പെട്ട ഒരിനമാണ്. മാട്ടിറച്ചിയുടെയും പശുവിന്റെയും പ്രണയത്തിന്റെയും മറ്റുമെല്ലാം പേരിൽ ആർഎസ്എസ് ഗുണ്ടകളും നിരീക്ഷണ സംഘങ്ങളും നിരപരാധികളായ വ്യക്തികൾക്കും കുടുംബങ്ങൾക്കും നേരെ ശാരീരികാക്രമണം അഴിച്ചുവിടുന്നു; ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്നു. ഹിന്ദുത്വത്തെ വിമർശിക്കുന്ന വ്യക്തികളെ പതുങ്ങിപ്പതുങ്ങി പിന്തുടരുകയും ട്രോളുകയും ചീത്ത വിളികളും നടത്തി അവരെ വിരട്ടുകയും കൊലപ്പെടുത്തുക പോലും ചെയ്യുന്നു. അഭിനവ് ഭാരത്, സനാതൻ സൻസ്തപോലെയുള്ള, ഹിന്ദുത്വവുമായി കൂറുള്ള സംഘടനകൾ നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുകൾ പ്രസ്താവിക്കുന്നു. അവ രാഷ്ട്രീയ കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അഭിനവ് ഭാരതാണ് മാലെഗാവിലെയും മെക്കാമസ്ജിദിലെയും അജ്മീർ ഷെരീഫിലെയും സംഝൗത്ത എക്സ്പ്രസിലെയും ബോംബ് സ്ഫേ-ാടനങ്ങളുടെ ഉത്തരവാദികൾ അവരാണ്-. ഡോ. നരേന്ദ്ര ധാബോൽക്കറുടെയും സഖാവ് ഗോവിന്ദ് പൻസാരെയുടെയും പ്രൊഫ. എം എം കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ഹീനമായ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം സനാതൻ സൻസ്തയ്ക്കാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖം മൂടി ധരിച്ച ഗുണ്ടകൾ ജെഎൻയു വിദ്യാർഥികൾക്കു നേരെ നടത്തിയ ആക്രമണവും ഇത്തരം പ്രവർത്തനങ്ങളുടെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളിൽ ചിലവയാണ്. ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടതായി വരുമെന്ന് കലാകാരരെയും ബുദ്ധിജീവികളെയും ആർഎസ്എസ് ഭീഷണിപ്പെടുത്താറുമുണ്ട്.
തുടക്കംമുതൽ തന്നെ ആർഎസ്എസ് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ആർത്തിയിൽ അക്രമത്തെ അവലംബിച്ചിരുന്നുവെന്നത് വ്യക്തമാണ്. ‘‘രാഷ്ട്രീയത്തെയാകെ ഹിന്ദുവൽക്കരിക്കുക, ഹിന്ദുമതത്തെ സെെനികവൽക്കരിക്കുക’’ എന്ന സവർക്കറുടെ മുദ്രാവാക്യത്തെ അവർ അംഗീകരിക്കുകയാണ് – ആ സംഘടനയുടെ ഫാസിസ്റ്റ് സ്വഭാവം കൃത്യമായി പ്രകടിപ്പിക്കുന്നതാണ് ആ മുദ്രാവാക്യം; അക്രമത്തോടും ബലപ്രയോഗത്തോടുമുള്ള അവരുടെ ചായ്-വും ഈ മുദ്രാവാക്യത്തിൽ പ്രതിഫലിക്കുന്നുണ്ട്.
15. പാകിസ്താൻ വിരുദ്ധവും
ചെെനാവിരുദ്ധവുമായ
യുദ്ധോത്സുകത
മുസ്ലീങ്ങൾക്കുനേരെ ദുഷ് പേരുണ്ടാക്കുന്നതിനും വർഗീയ വികാരം ഉയർത്തിക്കൊണ്ടുവരുന്നതിനും നിരന്തരം അവർ ഉപയോഗിക്കുന്നതാണ് പാകിസ്താൻ വിരുദ്ധ വാചകക്കസർത്ത്. 1962ലെ സായുധ ഏറ്റുമുട്ടലിനെതുടർന്ന് ആർഎസ്എസ് ചെെനാവിരുദ്ധ വികാരത്തെ ഉപയോഗിച്ചത് കമ്യൂണിസ്റ്റു വിരുദ്ധവും ചെെനാവിരുദ്ധവുമായ വികാരം വളർത്തിക്കൊണ്ടുവരാനാണ്. 1965ലെയും 1971ലെയും യുദ്ധകാലത്ത് പാകിസ്താൻ വിരുദ്ധ വികാരം ഉപയോഗിച്ചു. അത്തരം സന്ദർഭങ്ങളിൽ, സംഘപരിവാറുകാർ തങ്ങളാണ് യഥാർഥ ദേശസ്നേഹികളെന്ന് മേനി നടിക്കുന്നു; അവരുടെ ഈ യുദ്ധക്കൊതിയെ വിമർശിക്കുന്നവരെയെല്ലാം അവർ ദേശവിരുദ്ധരായ വഞ്ചകരായാണ് മുദ്ര കുത്തുന്നത്. സിഎഎ, എൻആർസി, എൻപിആർ എന്നിവയെ വിമർശിക്കുന്നവരെയെല്ലാം പാകിസ്താൻ അനുകൂലികളായും ദേശവിരുദ്ധരായും സംഘികൾ മുദ്രകുത്തുന്നതാണ് ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തം.
16. പ്രചാരണ രംഗത്തും
അവിരാമമായ മിന്നലാക്രമണം
a) സ്വന്തം നിലയിൽ പ്രവർത്തനം നടത്താൻ പറ്റുന്ന വിധം ഓരോ സ്വയം സേവകനെയും പ്രചാരക്മാരായി ആർഎസ്എസ് പരിശീലിപ്പിക്കുന്നുണ്ട്. അവർ ഈ കടമ നിറവേറ്റുന്നത് ഓരോ വ്യക്തിയെയും നേരിൽ കണ്ടും വീടുവീടാന്തരമുള്ള പ്രചാരണത്തിലൂടെയുമാണ്; ഇതിനുപുറമെ അവർ സോഷ്യൽ മീഡിയയിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും ഈ പ്രചാരണം തുടരുന്നു.
b) പിന്തിരിപ്പനും യുക്തിരഹിതവും കെട്ടുകഥകളെ ആധാരമാക്കിയുമുള്ള ആശയങ്ങൾ
വംശീയവും ജാതീയവും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവും മതാധിഷ്ഠിതവും മിത്തുകളെ അടിസ്ഥാനപ്പെടുത്തിയതും മുസ്ലീം വിരുദ്ധവും ക്രിസ്ത്യൻ വിരുദ്ധവും കമ്യൂണിസ്റ്റു വിരുദ്ധവുമായ വിദേ-്വഷമാണ് അവർ നിത്യേന പ്രചരിപ്പിക്കുന്നത്. ചിലപ്പോഴെല്ലാം നാണംകെട്ട വിധത്തിൽ നഗ്നമായും മറ്റു ചിലപ്പോൾ പതിയിരുന്നുമാണ് സംഘപരിവാറിന്റെ പ്രചാരണ യന്ത്രം പ്രവർത്തിക്കുന്നത്.
c) മനസ്സാക്ഷിക്കുത്തില്ലാത്തതും അസാന്മാർഗികവുമായ രീതികൾ
പൊതുസംവാദങ്ങളിൽ ആർഎസ്എസ് ഉപയോഗിക്കുന്ന മുഖ്യ ആയുധങ്ങളിലൊന്നാണ‍് വ്യക്തിഹത്യ. അവർ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും തങ്ങളുമായി വിയോജിക്കാൻ ധെെര്യപ്പെടുന്ന അഥവാ തങ്ങളുടെ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും വിമർശിക്കുന്ന വ്യക്തികളെ ഏറ്റവും മോശപ്പെട്ട വിധത്തിലുള്ള ലക്ഷ്യങ്ങളുള്ളവരായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റ് ലഭ്യമല്ലാതിരുന്ന മുൻകാലങ്ങളിൽ ‘തപാലു’കളെയാണ് (Post) ആളുകളെ ചീത്ത വിളിക്കാൻ അവർ ഉപയോഗിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും മോശപ്പെട്ട തരത്തിലുള്ള അശ്ലീല പ്രയോഗത്തിനുള്ള ആർഎസ്എസ്സിന്റെ ഉപകരണമായി മാറിയിരിക്കുകയാണ്.
കൊടുംനുണകൾ ആവർത്തിച്ചു പറയുകയെന്ന, അടിയ്ക്കടി അത് ആവർത്തിച്ചുകൊണ്ടിരിക്കുകയെന്നതിലൂടെ അവ സത്യമായി മാറുമെന്ന ഗീബൽസിയൻ തന്ത്രമാണ് കൃത്യമായും ആർഎസ്എസ് പ്രയോഗിക്കുന്നത്. ആർഎസ്എസ് നേതാക്കൾ സംസാരിക്കുന്നത് ഇരട്ടനാവിലാണ്. ഓരോ വിഷയത്തിലും അവർക്ക് ഇരട്ടഭാഷ്യമാണ്. ഒന്ന്, കടുത്ത ഹിന്ദുത്വ ഭാഷ്യവും രണ്ടാമത്തേത്, പൊതുജനങ്ങൾക്കിടയിൽ പെട്ടെന്ന് ദഹിപ്പിക്കാനാകുന്ന വിധത്തിൽ ശുദ്ധീകരിച്ച ഭാഷ്യവുമാണ്. അഥവാ പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള വിദ്യയുമാണത്. കിംവദന്തികൾ പ്രചരിപ്പിക്കുന്ന കാര്യത്തിൽ പ്രതേ-്യകിച്ചും വർഗീയ സംഘർഷങ്ങളുടെ കാലത്ത്, അവരെ മറ്റാർക്കും പിന്തള്ളാൻ കഴിയില്ല. അതുകൊണ്ടാണ് Rumour Spreading Society (RSS – നുണപ്രചരണ സംഘം) എന്ന് അത് അറിയപ്പെടുന്നത്.
17. പൂർണമായും സംഘടനയിൽ
കേന്ദ്രീകരിക്കൽ
ഹിന്ദു രാഷ്ട്രമെന്ന തങ്ങളുടെ ആത്യന്തികലക്ഷ്യം ഉയർത്തിപ്പിടിക്കുകയാണവർ. അത് കെെവരിക്കുന്നതിൽനിന്ന് അണുവിട വ്യതിചലിക്കാൻ ആർഎസ്എസ് തയ്യാറാവില്ല. അടിയന്തിരമായ കാര്യങ്ങൾ അവരുടെ രാഷ്ട്രീയ വിഭാഗമായ ബിജെപി ഉൾപ്പെടെയുള്ള പരിവാർ സംഘടനകൾക്ക് വിട്ടുകൊടുക്കുന്നു.
തന്റെ അവസാന പ്രസംഗത്തിൽ ഹെഡ്ഗെവാർ പ്രസ്താവിച്ചത്, സംഘത്തിന്റെ ലക്ഷ്യം കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള ഹിന്ദുസമുദായത്തെയാകെ സംഘടിപ്പിക്കലാണെന്നും ആ ലക്ഷ്യം നേടുന്നതിനുള്ള ശരിയായ പാത സംഘടന തന്നെയാണെന്നുമാണ്. ആർഎസ്എസ് ഒരിക്കലും ഈ ആപ്തവാക്യത്തിൽനിന്നും വ്യതിചലിച്ചിട്ടില്ല . കിട്ടുന്ന ഓരോ അവസരവും അതിന്റെ ശാഖാ അടിത്തറ കെട്ടിപ്പടുക്കാനും പ്രചാരകരുടെ കരുത്തു വർധിപ്പിക്കാനുമാണ് ആർഎസ്എസ് ഉപയോഗിക്കുന്നത്.
X
ഹിന്ദുത്വ വർഗീയവാദത്തെ ചെറുക്കൽ
സിപിഐ എമ്മിന്റെ 28–ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ ഹിന്ദുത്വ വർഗീയ ശക്തികൾ ഉയർത്തുന്ന അപകടം വർദ്ധിച്ചുവരുന്നതായും ഈ വിപത്തിനെതിരെ പോരാടേണ്ടതിന്റെ അടിയന്തിരാവശ്യത്തെയും കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
‘‘ഹിന്ദുത്വ വർഗീയതയ്ക്കെതിരായുള്ള പോരാട്ടത്തിന്റെ മുൻനിരയിലായിരിക്കണം പാർട്ടി. പല തലങ്ങളിലായി അനുയോജ്യമായ വിധത്തിൽ ഈ പോരാട്ടം നടത്തണം. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ, വ്യക്തികളും സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളും ഉൾപ്പെടെയുള്ള ശക്തികളുടെ സാധ്യമായേടത്തോളം വിപുലമായ ഐക്യം ഹിന്ദുത്വ വർഗീയ ശക്തികളുടെ പ്രവർത്തനങ്ങളെ ചെറുക്കാൻ ഊട്ടിയുറപ്പിക്കണം’’. (സിപിഐ എം 23–ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം).
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും നാം ചെറുക്കണം. ഇവ രണ്ടും തന്നെ അവർ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും താൽപര്യങ്ങൾക്കെതിരാണ്. അവർ പരസ്പരം ശക്തിപ്പെടുത്തുകയും പരസ്പരം തീറ്റിപ്പോറ്റുകയുമാണ്. ജമാഅത്ത് – ഇ – ഇസ്ലാമി എഐഎംഐഎം, ഇഎഫ്ഐ, എസ്ഡിപിഐ തുടങ്ങിയവ ന്യൂനപക്ഷ വർഗീയതയെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളാണ്. എന്നാൽ ഹിന്ദുത്വവർഗീയതയെന്നാൽ അത് ഭൂരിപക്ഷ വർഗീയതയാണ്. ആ നിലയിൽ അതിനെ ദേശീയതയായും ആർഎസ്എസ് അവതരിപ്പിക്കുന്നു; അധികാരം പിടിച്ചെടുക്കാനും ഭരണകൂടത്തെ ഉപയോഗിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ കൂടുതൽ അധ്വാനവും പരിശ്രമവും ആവശ്യമാണ്.
ഹിന്ദുത്വത്തിനെതിരായ സമരം എല്ലാ മണ്ഡലങ്ങൾക്കും ബാധകമായ വിധം ബഹുമുഖമായാണ് നടത്തേണ്ടത് – സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളിൽ ഈ പോരാട്ടം വർഗീയശക്തികൾക്കെതിരെ മാത്രമല്ല നടത്തേണ്ടത്. മറിച്ച് ജനങ്ങളിൽ വലിയൊരു വിഭാഗത്തിൽ നിലനിൽക്കുന്ന വർഗീയ മനോഭാവത്തിനെതിരെ കൂടിയായിരിക്കണം. ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള വർഗീയ ആശയങ്ങളുടെ സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതിനാവശ്യമായ, ഉറച്ചമനസ്സോടെയുള്ളതും ദീർഘകാലം നടത്തേണ്ടതുമായ പരിശ്രമം അതിനാവശ്യമാണ്.
നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായ പോരാട്ടം പരസ്പരബന്ധിതമാണ്. വർഗീയ ശക്തികൾക്കും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനുമെതിരായ പോരാട്ടത്തോടൊപ്പം ജനങ്ങളുടെ ഉപജീവനത്തിനായുള്ള വിഷയങ്ങളിന്മേൽ കേന്ദ്രീകരിച്ച സമരങ്ങളും ഏറ്റെടുക്കുകയെന്ന സംയോജിത സമീപനമാണ് നാം സ്വീകരിക്കേണ്ടത്. വർഗീയ ശക്തികൾക്കെതിരെ ജനപിന്തുണയാർജിക്കാൻ ഈ സമരങ്ങളെ സംയോജിപ്പിക്കുന്നതിലൂടെ മാത്രമേ കഴിയൂ. ഈ സുസ്ഥിരമായ പോരാട്ടം പാർട്ടിയും ബഹുജന സംഘടനകളും ഏറ്റെടുക്കേണ്ടതുണ്ട്:
(i) പാർട്ടി രൂപീകരിക്കുന്ന സമർപ്പിത മനസ്കരായ ആളുകളുടെ കൂട്ടായ്മ നിരന്തരം പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ മെറ്റീരിയലുകൾ തയ്യാറാക്കണം. ഹിന്ദുത്വത്തിന്റെയും വർഗീയ ശക്തികളുടെയും ഉള്ളടക്കത്തെ തുറന്നുകാണിക്കുന്നതിന് വലിയൊരു വിഭാഗം ജനങ്ങളിൽ എത്തിച്ചേരത്തക്കവിധം ലളിതവും ജനകീയവുമായ ശെെലിയിലായിരിക്കണം ഇത്തരം കൂട്ടായ്മകൾ തയ്യാറാക്കേണ്ടത്.
(ii) വിദേ-്വഷത്തിന്റെയും ഭീകരതയുടെയും ഹീനമായ പ്രചാരണം നടത്തുകയും പ്രധാനമായും മതന്യൂനപക്ഷങ്ങൾക്കെതിരെ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന ഹിന്ദുത്വസംഘങ്ങളുടെ കടന്നാക്രമണത്തെ സജീവമായി ചെറുക്കണം. സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും ഒരേപോലെ പൊതുഇടങ്ങളെ വർഗീയവൽക്കരിക്കുന്നതിന് ആർഎസ്എസ് നടത്തുന്ന ശ്രമങ്ങളെ ചെറുക്കുന്നതിന് അങ്ങേയറ്റത്തെ ജാഗ്രത നിലനിർത്തേണ്ടതുണ്ട്.
(iii) വളർന്നുവരുന്ന വിജ്ഞാനവിരോധത്തെയും അന്ധവിശ്വാസത്തെയും അയുക്തികതയെയും മൂഢവിശ്വാസത്തെയും യുക്തിചിന്തയെ അടിസ്ഥാനപ്പെടുത്തിയ മതനിരപേക്ഷവും ശാസ്ത്രീയവുമായ ചിന്താഗതിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചെറുത്തുതോൽപ്പിക്കണം. അതിന് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് സംഘടനകളെയും പ്രോത്സാഹിപ്പിക്കണം. ഹിന്ദുത്വസംഘങ്ങൾ പ്രചരിപ്പിക്കുന്ന അയുക്തികതയെയും യുക്തിരഹിതമായ പ്രചാരണങ്ങളെയും ചെറുക്കേണ്ടത് അനിവാര്യമാണ്.
(iv) സാമൂഹ്യമായ അടിച്ചമർത്തലുകൾക്കെതിരായ വിഷയങ്ങൾ ഉയർത്തിപ്പിടിക്കൽ. ഹിന്ദുത്വം സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ നൽകുന്നതിനെ നിഷേധിക്കുന്നു. ലിംഗപരമായ കീഴടക്കലിനെ ന്യായീകരിച്ചുകൊണ്ട് നിഷ്ഠുരമായ ആക്രമണങ്ങൾ നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ്.
(v) ദളിതർക്കും ആദിവാസികൾക്കുമെതിരായ വിനാശകരമായ ഹിന്ദുത്വത്തിന്റെ ജാതീയവും വിജ്ഞാനവിരുദ്ധവുമായ മൂല്യങ്ങളുടെ വ്യാപനത്തെ ചെറുക്കണം. ഇന്ത്യൻ സമൂഹത്തിന്റെ വെെവിധ്യമാർന്ന സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് നാം പ്രത്യേക ശ്രദ്ധചെലുത്തണം.
(vi) സാമൂഹ്യ സേവന പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കൽ. കോവിഡ് മഹാമാരിയുടെ കാലത്ത് ചെയ്ത പ്രവർത്തനം ഹെൽത്ത് സെന്ററുകളിലൂടെ തുടരണം. ലെെബ്രറികളും റീഡിംഗ് റൂമുകളും വിദ്യാഭ്യാസ കോച്ചിങ് സെന്ററുകളും നെെപുണി വികസന സെന്ററുകളും സംഘടിപ്പിക്കുന്നതുപോലെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.
(vii) ആർഎസ്എസും ഹിന്ദുത്വ വർഗീയ ശക്തികളും വിദ്യാഭ്യാസ മേഖലയിൽ വളരെ സജീവമാണ്. മതനിരപേക്ഷവും ജനാധിപത്യപരവും വെെവിധ്യപൂർണവുമായ ഉള്ളടക്കത്തോടുകൂടിയതും ശാസ്ത്രീയ ചിന്ത പ്രോത്സാഹിപ്പിക്കുന്നതുമായ വിദ്യാഭ്യാസത്തെ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസരംഗത്ത് ഇടപെടാൻ നാം മുൻകെെയെടുക്കണം.
പാർട്ടിയും ബഹുജനസംഘടനകളും മേൽപറഞ്ഞ രംഗങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഒരു കുറിപ്പ് അനുബന്ധം 2ൽ നൽകിയിട്ടുണ്ട്. ♦