Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിആർഎസ്എസ്സിന്റെ പരിവാർ സംഘടനകൾ

ആർഎസ്എസ്സിന്റെ പരിവാർ സംഘടനകൾ

അനുബന്ധം – I

സ്ത്രീകൾ

രാഷ്ട്രീയ സേവിക സമിതി– 
(ആർഎസ്എസ്)
1936ലാണ് രാഷ്ട്രീയ സേവിക സമിതി രൂപീകരിക്കപ്പെട്ടത്. ആർഎസ്എസിന്റെയും സമിതിയുടെയും ലക്ഷ്യങ്ങൾ ഒന്നുതന്നെ ആയിരുന്നു. ആർഎസ്എസിനു സമാനമായ വിധമാണ് അത് പ്രവർത്തിച്ചത്. എന്നാൽ ആ പേരിൽ തന്നെ സ്ത്രീയുടെ കീഴാള പദവി പ്രകടമാകുന്നുണ്ട്. അവർ സ്വയംസേവികമാരല്ല, സേവികമാർ (വേലക്കാർ) മാത്രമാണ്.

അവിവാഹിതകളായ പ്രചാരികമാർ മുഴുവൻ സമയ കാഡർമാരായി പ്രവർത്തിക്കുന്നു. ഊത നിറത്തിലുള്ള കരയോടു കൂടിയ വെള്ള സാരിയാണ് പ്രചാരികമാർ ധരിക്കുന്നത്. സ്ത്രീകൾ മാതൃത്വത്തിന്റേതായ സഹജഗുണവും അതുമായി ബന്ധപ്പെട്ട മറ്റു ഗുണങ്ങളും നിലനിർത്തണമെന്നതാണ് അവരുടെ നിലപാട്. വിവാഹമോചനത്തെ സമിതി അംഗീകരിക്കുന്നില്ല; തങ്ങളുടെ അവകാശങ്ങൾക്കായി കുടുംബത്തിനെതിരെ പൊരുതുന്ന സ്ത്രീകൾക്ക് നിയമപരമായ ഉപദേശമൊന്നും അവർ നൽകുന്നുമില്ല. സമിതി മുഖ്യമായും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ മതഭക്തിയുമായി ബന്ധപ്പെട്ടവയാണ്; അയൽക്കൂട്ടങ്ങളിൽ കീർത്തനങ്ങൾ ആലപിക്കുകയും ഭജനയും മറ്റും സംഘടിപ്പിക്കുകയും ചെയ്യുന്നു. പെൺകുട്ടികൾക്കായുള്ള വിദ്യാലയങ്ങൾ, ബാലവാടികൾ, ഗോത്ര വർഗ പെൺകുട്ടികൾക്കുള്ള ഹോസ്റ്റലുകൾ, ഉദ്യോഗ് മന്ദിരങ്ങൾ, സ്വദേശി സ്റ്റോറുകൾ, കുടുംബ കൗൺസിലിങ് സെന്ററുകൾ, വായനശാലകൾ, ഭജനമണ്ഡലങ്ങൾ, പുരോഹിത ക്ലാസ്സുകൾ, മറ്റു സേവനപദ്ധതികൾ എന്നിങ്ങനെയുള്ള അടിസ്ഥാന സേവനപ്രവർത്തനങ്ങളാണ് സേവിക സമിതികൾ ഏറ്റെടുക്കുന്നത്.

ഭാരതീയ സ്ത്രീ വിദ്യാനികേതൻ: 1982 ലാണ് ഗ്രുഹിണി വിദ്യാലയ സ്ഥാപിച്ചത്. അത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും തൊഴിലധിഷ്ഠിത ക്ലാസ്സുകൾ പരിചയപ്പെടുത്തുന്നു. ഭാവിയിലെ ഭാര്യമാരും അമ്മമാരും എന്ന നിലയിൽ പെൺകുട്ടികൾക്ക് അവരുടെ രീതിയിലുള്ള വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.

ദുർഗവാഹിനി: ഇത് ബജ്റംഗ്-ദളിന്റെ വനിതാ പതിപ്പാണ്. 15നും 35നും മധേ-്യ പ്രായമുള്ള സ്ത്രീകളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. സ്വാധിമാരിൽ ചിലരാണ് അതിന്റെ പ്രധാന നേതാക്കൾ. ബജ്റംഗ് ദളിനെപോലെ ഇതിന്റെ അനുയായികളും യുദ്ധോത്സുകമായ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ്; റാലികളിലും പ്രതിഷേധ പ്രകടനങ്ങളിലും മാത്രമല്ല, വർഗീയ ലഹളകളിൽപോലും ഇവർ സജീവമായി പങ്കെടുക്കുന്നു.

വിദ്യാർഥികൾ
തുടക്കം മുതൽ തന്നെ ആർഎസ്എസ് കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. തങ്ങളുടെ നെറ്റ്-വർക്ക് വികസിപ്പിക്കുന്നതിന് ആർഎസ്എസ് പല യൂണിവേഴ്സിറ്റികളിലേക്കും സ്വന്തം കാഡർമാരെ വിദ്യാർഥികളെന്ന നിലയിൽ അയച്ച്- വിദ്യാർഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്നും തുടരുന്നുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനുമുൻപ്, പ്രത്യേക വിദ്യാർഥി സംഘടന ആവശ്യമുണ്ടെന്ന് അവർക്ക് തോന്നിയിരുന്നില്ല; കാരണം ദേശീയ പ്രസ്ഥാനത്തിൽ നിന്നും അന്ന് അവർ അകന്നുനിൽക്കുകയായിരുന്നതിനാൽ വൻതോതിൽ വിദ്യാർഥികളെ അണിനിരത്തേണ്ട ആവശ്യം അവർക്കുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരമുള്ള സാഹചര്യം ഇതിൽ മാറ്റം വരുത്തി.

അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി)
ആർഎസ്എസിന്റെ പ്രമുഖനായ പ്രചാരക് ആയിരുന്ന ദേവിദാസ് ദിദോൽക്കർ മുൻകെെയെടുത്ത് 1948ലാണ് എബിവിപി രൂപീകരിച്ചത്. ആർഎസ്എസ് നേരിട്ടാണ് ഇതിനെ നിയന്ത്രിക്കുന്നത്; എബിവിപി പ്രവർത്തനങ്ങൾക്കായി നിരവധി ആർഎസ്എസ് പ്രചാരക്മാർ നിയോഗിക്കപ്പെടുന്നു. ഈ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റുമാർ ഏറെയും അധ്യാപകരാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാട് വിദ്യാർഥികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി എബിവിപി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

സർവകലാശാല കാമ്പസുകളിൽ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സ്വാധീനത്തെയും കമ്യൂണിസ്റ്റ് സ്വാധീനത്തെയും ചെറുക്കുന്നതിനായാണ് അതിന് രൂപം നൽകിയത്. ആർഎസ്എസിന്റെ സ്റ്റോം ട്രൂപ്പർമാരായാണ് അവർ വളർത്തിക്കൊണ്ടുവരപ്പെടുന്നത്.1961 മുതലുള്ള ഹിന്ദു–മുസ്ലീം വർഗീയ ലഹളകളിൽ എബിവിപിയുടെ വിവിധ ഘടകങ്ങൾ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജെപി പ്രസ്ഥാനത്തിന്റെ കാലത്ത് 1970കളിൽ ഗുജറാത്തിലും ബിഹാറിലും എബിവിപി സജീവമായ പങ്ക് വഹിച്ചിരുന്നു. 1980–1985 കാലത്തെ ആസാം പ്രക്ഷോഭത്തിൽ, വിദേശികൾക്കെതിരായ പ്രക്ഷോഭത്തെ എബിവിപി പിന്തുണച്ചു. വിദ്യാർഥികളുടെ പ്രസ്ഥാനമെന്നതിലുപരി കാംപസുകൾക്കുള്ളിലും പുറത്തും ഒട്ടേറെ അക്രമ സംഭവങ്ങളിൽ ഇടപെടുന്ന പ്രസ്ഥാനമെന്ന നിലയിൽ, തെരുവുതെമ്മാടികളുടെ ഒരു സംഘടനയെന്ന നിലയിലാണ് എബിവിപി പ്രവർത്തിക്കുന്നത് എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. ഏറ്റവും ഒടുവിലായി നടന്നത് 2020 ജനുവരിയിൽ ജെഎൻയു കാംപസിനു നേരെയുണ്ടായ ആക്രമണമാണ്; വിദ്യാർഥികളെ പരിക്കേൽപ്പിക്കുകയും കാറുകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു.

ഗോത്ര വർഗങ്ങൾ
ഭാരതീയ വനവാസി കല്യാൺ ആശ്രം
വനവാസി കല്യാൺ ആശ്രം, ഏകലവ്യ വിദ്യാലയ, സേവ ഭാരതി, വിവേകാനന്ദ കേന്ദ്ര, ഭാരത് കല്യാൺ പ്രതിഷ്ഠാൻ, ഫ്രണ്ട്സ് ഓഫ് ട്രൈബൽ സൊസെെറ്റി എന്നിങ്ങനെയുള്ള സംഘടനകളെല്ലാം തന്നെ ഗോത്രവർഗമേഖലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്.

1952ൽ ഇപ്പോഴത്തെ ഛത്തീസ്ഗഢ് സംസ്ഥാനത്തെ ജേഷ്-പൂരിൽ രമാകാന്ത് ദേശ്പാണെ്ഡയാണ് വനവാസി കല്യാൺ ആശ്രം (വികെഎ) സ്ഥാപിച്ചത്. ഗോത്രവർഗമേഖലയിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷണറിമാരെ നേരിടുകയെന്ന ലക്ഷ്യത്തോടെ ആർഎസ്എസിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെയാണ് ഇത് രൂപീകരിക്കപ്പെട്ടത്. പിൽക്കാലത്ത് ജനസംഘത്തിൽ ചേർന്ന ജേഷ്-പൂരിലെ മഹാരാജാവും ഈ സംഘടനയ്ക്ക് പിന്തുണ നൽകി. ഈ സംഘടന ജേഷ്-പൂരിൽ ഒരു ആശുപത്രി സ്ഥാപിച്ചു; ഹോസ്റ്റലും നിരവധി സ്കൂളുകളും നെെപുണി വികസനകേന്ദ്രങ്ങളും സമീപഗ്രാമങ്ങളിൽ സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളിലൂടെയുള്ള ബന്ധങ്ങൾ ഉപയോഗിച്ച് ആർഎസ്-എസ് ഗ്രാമവാസികളായ സ്ത്രീകളെ സംഘടിപ്പിച്ച് ഭജനമണ്ഡലങ്ങളുണ്ടാക്കി; അവിടെയൊരു ഹനുമാൻ ക്ഷേത്രവും നിർമിച്ചു. വനവാസി കല്യാൺ ആശ്രമത്തിലൂടെയും ഈ പ്രവർത്തനങ്ങളിൽ സഹായിച്ച പല പ്രമുഖരിലൂടെയും നാട്ടുരാജാക്കന്മാരിലൂടെയും ബിജെപിക്ക് ആ സംസ്ഥാനത്ത് കടന്നുകയറാൻ കഴിഞ്ഞു.

രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതിനായി ഈ അനുഭവം പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ആർഎസ്എസ് 1977ൽ തങ്ങളുടെ ഗോത്ര വർഗ വിഭാഗമെന്ന നിലയിൽ അഖിലേന്ത്യാ തലത്തിൽ ഭാരതീയ വന കല്യാൺ ആശ്രമിന്റെ (ബിവികെഎ) പ്രവർത്തനം ആരംഭിച്ചു. ഹ്രസ്വകാലത്തിനുള്ളിൽ, അത് 21 സംസ്ഥാനങ്ങളിലെ 100ലധികം ജില്ലകളിലേക്ക് വ്യാപിച്ചു. ബിവികെഎയുടെ മുഴുവൻ സമയപ്രവർത്തകർ 1978ൽ 44 ആയിരുന്നത് 1983ൽ 264 ആയി (ഇവരിൽ 56 പേർ ഗോത്രവർഗക്കാരുമാണ്) വർധിച്ചു.

ഗോത്രവർഗമേഖലകളിൽ മിഷണറിമാരുടെ സ്വാധീനം വർധിക്കുന്നതിനെ ചെറുക്കുകയാണ് ബിവികെഎ രൂപീകരണത്തിനു പിന്നിലെ തന്ത്രം. തങ്ങളുടെ പ്രവർത്തനം തുടങ്ങിയ മേഖലകളിലെല്ലാം മതപരിവർത്തനം തടയുന്നതിൽ ആശ്രം വിജയിച്ചുവെന്നു മാത്രമല്ല, മതപരിവർത്തനം നടത്തിയവരെ തിരികെ ഹിന്ദുചേരിയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞുവെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. വനവാസി കല്യാൺ ആശ്രമിന്റെ അനുബന്ധ സംഘടനയാണ് ‘ഭാരതീയ ജന സംസ്-ക്കാർ മഞ്ച് (ഇന്ത്യൻ ഗോത്ര വർഗ സാംസ്കാരികവേദി).

തൊഴിലാളികൾ
ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്): 1955ലാണ് ഇതിന് രൂപം നൽകിയത്. കമ്യൂണിസ്റ്റ് സ്വാധീനം വർധിക്കുന്നതിൽ വല്ലാതെ അസ്വസ്ഥനായ ഗോൾവാൾക്കർ ട്രേഡ് യൂണിയൻ മുന്നണിയിൽ പ്രവർത്തിക്കാൻ ദത്തോപാന്ത് ഠേങ്ഡിയെ നിയോഗിച്ചു. ബിഎംഎസിന് രൂപം നൽകുന്നതിനുമുമ്പ് ഠേങ്ഡി കുറേക്കാലം മധ്യപ്രദേശിൽ ഐഎൻടിയുസിയിൽ പ്രവർത്തിച്ചു. ആർഎസ്എസിന്റെ ഉറച്ച അനുയായികളായിരുന്ന കച്ചവടക്കാരുടെയും വ്യവസായികളുടെയും ബിസിനസുകാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും തൊഴിലാളികൾക്കിടയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനത്തെ ചെറുക്കുന്നതിനുമായാണ് അദ്ദേഹം ഐഎൻടിയുസിയിൽ പ്രവർത്തനമാരംഭിച്ചത്. ബിഎംഎസിന്റെ ഉദ്ഘാടനത്തിന് നടത്തിയ പ്രസംഗത്തിൽ തങ്ങളുടെ ഒന്നാം നമ്പർ ശത്രു കമ്യൂണിസമാണെന്ന് ഠേങ്ഡി പ്രഖ്യാപിച്ചു. വർഗത്തിന്റെ സ്ഥാനത്ത് കുടുംബത്തെ പ്രതിഷ്ഠിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ബിഎംഎസ്സിന്റെ മുദ്രാവാക്യം ഇതായിരുന്നു: ‘‘രാഷ്ട്രത്തിനുവേണ്ടി നമ്മൾ പണിയെടുക്കുന്നു. മുഴുവൻ പ്രതിഫലം ലഭിക്കണമെന്ന് നമ്മൾ ആവശ്യപ്പെടുന്നു.’’ അതിന്റേതും കാവിക്കൊടിയാണ്. മെയ്ദിനത്തെ അംഗീകരിക്കാൻ ബിഎംഎസ് തയ്യാറല്ല. പകരം, ദേശീയ തൊഴിലാളിദിനമായി വിശ്വകർമദിനം ആഘോഷിക്കുന്നു. അതിന്റെ സിദ്ധാന്തം തൊഴിലാളികളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല, മറിച്ച് വർഗീയമാണ്.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയൻ, യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്റർ, നാഷണൽ ടീച്ചേഴ്സ് യൂണിയൻ (എൻടിയു), നാഷണൽ ഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേഴ്സ് തുടങ്ങിയവ ബിഎംഎസ്സുമായി അഫ-ിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകളാണ്.

കർഷകർ
ഭാരതീയ കിസാൻ സംഘ് (ബികെഎസ്): ദത്തോപാന്ത് ഠേങ്ഡിയുടെ നേതൃത്വത്തിൽ 1979 മാർച്ച് 4നാണ് ബികെഎസ് സ്ഥാപിച്ചത്. കർഷകസമൂഹത്തെ ഒന്നാകെ ഒരൊറ്റ കുടുംബമായാണ് അത് വിഭാവനം ചെയ്യുന്നത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അത് പ്രവർത്തിക്കുന്നുണ്ട‍്. കർഷകസമൂഹത്തിന്റെയാകെ താൽപ്പര്യങ്ങൾ പൊതുവായതാണെന്നതാണ് ഇതിന്റെ പ്രത്യയശാസ്ത്രപരമായ നിലപാട്; കർഷകർക്കിടയിലെ വർഗപരമായ വിഭജനത്തെ അവർ അംഗീകരിക്കുന്നില്ല.

പശുവിനെ ആരാധിക്കുന്നുണ്ട്. സ്വന്തം ആപ്തവാക്യമായി അവർ ഉയർത്തിപ്പിടിക്കുന്നത് കൃഷമേവ ക്രൂഷാസ്വ (കൃഷി ചെയ്യൽ മാത്രം മതി) എന്നതാണ്. തോളിൽ കലപ്പയേന്തിയ, കെെകളിൽ ഉലക്ക (Musal) പിടിച്ച ബലരാമനാണ് കർഷകരുടെ കുടുംബങ്ങളിലെ ആരാധനാമൂർത്തിയായി കരുതപ്പെടുന്നത്. ബലരാമന്റെ ജന്മദിനം കർഷകദിനമായി ആചരിച്ചുകൊണ്ട് അത് കർഷകപ്രസ്ഥാനത്തിലേക്ക് ഹിന്ദുത്വത്തെ കടത്തിക്കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്.

വിദ്യാഭ്യാസം
ബാലഗോകുലം: ഹിന്ദുകുട്ടികളുടെ പരിശീലന കളരിയായാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിന്റെ എല്ലാ പ്രവർത്തനങ്ങളിലും മതപരമായ ഒരു കാഴ്ചപ്പാടുണ്ട്. ക്ഷേത്രപരിസരങ്ങളിലാണ് ഇതിന്റെ പരിപാടികൾ നടത്തുന്നത്. ശ്രീകൃഷ്ണ ജയന്തിക്ക് കുട്ടികളുടെ വർണശബളമായ ഘോഷയാത്ര അവർ നടത്തുന്നു.

സരസ്വതി ശിശുമന്ദിർ (നഴ്സറി സ്കൂൾ): 1946ൽ ആർഎസ്എസ്- കുരുക്ഷേത്രത്തിൽ തങ്ങളുടെ ആദ്യത്തെ ഗീത സ്കൂൾ ആരംഭിച്ചു. യുപിയിലെ ഗോരഖ്പൂരിൽ 1953ൽ സരസ്വതി ശിശുമന്ദിറും ആരംഭിച്ചു.

സദാചാര മൂല്യങ്ങളും ഹിന്ദുതത്വങ്ങളും കുട്ടികളിൽ കുത്തിവയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. കുട്ടികളുടെ ശാരീരികവും ബൗദ്ധികവും സദാചാരപരവും ആത്മീയവുമായ വളർച്ചയ്ക്കായുള്ള സമഗ്ര സമീപനമാണ് തങ്ങൾ സ്വീകരിക്കുന്നത് എന്നാണ് അവർ അവകാശപ്പെടുന്നത്. ഇപ്പോൾ സരസ്വതി ശിശുമന്ദിർ നഴ്സറി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടുകൂടിയ വിദ്യാഭാരതിയായി വളർന്നിരിക്കുകയാണ്.

വിദ്യാഭാരതി
സരസ്വതി ശിശുമന്ദിറുകളെയാകെ സമന്വയിപ്പിക്കുന്ന നെറ്റ്-വർക്ക് ആയി 1977ലാണ് വിദ്യാഭാരതി രൂപീകരിച്ചത്.

സരസ്വതി ശിശുമന്ദിർ മാതൃക അതിവേഗം നിരവധി സംസ്ഥാനങ്ങളിലേക്ക് പകർത്തപ്പെട്ടു; സ്കൂളുകളുടെ എണ്ണം വർധിച്ചതോടെ, ഈ സ്കൂളുകളുടെ പ്രവർത്തനങ്ങളാകെ ഏകോപിപ്പിക്കുന്നതിന് അഖിലേന്ത്യാ തലത്തിലുള്ള ഉന്നതസംവിധാനമെന്ന നിലയിൽ 1977ൽ ഡൽഹി ആസ്ഥാനമായി വിദ്യാഭാരതി സ്ഥാപിച്ചു.

ആർഎസ്എസ്സിന്റെ മാർഗദർശന പ്രകാരം പ്രവർത്തിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങളുൾപ്പെടെ നഴ്സറി മുതൽ കോളേജ് തലംവരെയുള്ള നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 1990 ആരംഭത്തിൽ സംഘടനയ്ക്ക് 5000 സ്കൂളുകളുണ്ടായിരുന്നു (അവയിൽ 2,325 എണ്ണവും ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്); ഇവയിൽ എല്ലാം കൂടി 12 ലക്ഷം വിദ്യാർഥികളും 40,000 അധ്യാപകരും ഉണ്ടായിരുന്നു. വിദ്യാഭാരതി പ്രവർത്തിക്കുന്നത് ഹിന്ദുമൂല്യങ്ങളനുസരിച്ചാണ് എന്ന് സങ്കൽപ്പിക്കപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ അതിന് നിരവധി ശാഖകളുണ്ട്. ശിക്ഷ വികാസ് പരിഷത്ത് എന്നാണ് അവ അറിയപ്പെടുന്നത്.

ഭാരതീയ വിദ്യാ നികേതൻ: വിദ്യാഭാരതിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് ഭാരതീയ വിദ്യാ നികേതൻ. ദേശീയവികാരവും ആത്മാഭിമാനവും വികസിപ്പിക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. തുടക്കത്തിൽ, അതിന്റെ പ്രവർത്തനം പ്രീ പ്രൈമറി അധ്യാപകരെ പരിശീലിപ്പിക്കുന്നതിൽ ഒതുങ്ങിനിന്നു. എന്നാൽ പിന്നീട് അത് മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളാരംഭിച്ചു.

ഭാരതീയ ശിക്ഷൺ മണ്ഡൽ (വിദ്യാഭ്യാസ വിദഗ്ദ്ധർ): 1969ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഈ സംഘടന എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലുള്ള പാഠപുസ്തകങ്ങളെ വിമർശനപരമായി അവലോകനം ചെയ്യുന്നു, എന്നിട്ട് പ്രൈമറി തലംമുതൽ ഗ്രാജേ-്വറ്റ് തലം വരെയുള്ള മാതൃകാ പാഠ്യപദ്ധതി ഹിന്ദു മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നു.

രാഷ്ട്രീയ ശിക്ഷക് മഹാസംഘ് (അധ്യാപകർ):
ക്രീഡ ഭാരതി (സ്പോർട്സ്)
മതപരമായ സ്റ്റോം ട്രൂപ്പർമാർ
ബജ്റംഗ്-ദൾ: 1984 മെയ് മാസത്തിൽ 1970–74 മുതൽ എബിവിപിയുടെ സംഘടനാ സെക്രട്ടറിയും 1980നുശേഷം ആർഎസ്എസ് പ്രചാരകുമായിരുന്ന വിനയ് കത്വാറിന്റെ നേതൃത്വത്തിൽ സമരാസക്തമായ വിഭാഗമെന്ന നിലയിലണ് വിഎച്ച്പി, ബജ്റംഗ്-ദൾ രൂപീകരിച്ചത്. ഈ സംഘടനയിൽ ദെെനംദിന യോഗങ്ങളില്ല, ഇടയ്ക്കിടെയുള്ള പരിശീലന ക്യാമ്പുകൾ മാത്രമാണുള്ളത്; അവിടെ അവരെ ആയോധനമുറകൾ അഭ്യസിപ്പിക്കുന്നു. ബജ്റംഗ്-ദളിൽ ചേരുന്ന ചെറുപ്പക്കാരിൽ അധികംപേരും തൊഴിൽരഹിതരാണ്; തങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ നിരാശരായവരാണ്. അവർ പൊതുവെ സിനിമ കാണുന്നതിൽ ആസക്തിയുള്ളവരാണ്; തങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങൾ മറക്കാൻ അവർ സിനിമകളിലെ കഥാപാത്രങ്ങളുമായോ ഹീറോമാരുമായോ സ്വയം താദാത്മ്യം പ്രാപിക്കുന്നു. സിനിമകളിലെ പോലെ, ആക്രമിക്കപ്പെടേണ്ട വില്ലന്മാരായി ആർഎസ്എസ് മുസ്ലീങ്ങളെ അവതരിപ്പിക്കുന്നു. ആളുകളെ വിരട്ടുന്നതിനും ആക്രമിക്കുന്നതിനും ആവശ്യമായി വരുമ്പോഴെല്ലാം സാമൂഹ്യവിരുദ്ധരായ വിഭാഗങ്ങളെ അണിനിരത്തലാണ് ബജ്റംഗ് ദളിന്റെ ദൗത്യം.

വിശ്വ ഹിന്ദുപരിഷത്ത് (വിഎച്ച്പി)
1964 ആഗസ്ത് 29നാണ് വിഎച്ച്പി രൂപീകരിച്ചത്; ഇന്ത്യയ്ക്ക് പുറത്തുള്ള 150 ഓളം രാജ്യങ്ങളിൽ താമസിക്കുന്ന വിദേശ ഹിന്ദുക്കളെ സംഘടിപ്പിക്കുകയെന്ന ആവശ്യം നിറവേറ്റാനാണിത്; തങ്ങളുടെ നിത്യജീവിതത്തിൽ ഹിന്ദുവിശ്വാസവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമായ ഏർപ്പാടുകൾ അവർക്കുവേണ്ടി ചെയ്തു കൊടുക്കലാണ് ഇതിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടത്. എല്ലാ സാധുക്കളെയും സന്ന്യാസിമാരെയും ആധികാരികമയി സ‍്-ഥാപിക്കപ്പെട്ട മഠങ്ങളിലെ അധിപന്മാരെയും (മഠാധിപതി) ആധുനിക ഗുരുക്കന്മാരെയും ഒരു പൊതുസംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും അങ്ങനെ ഹിന്ദുത്വ ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കാനായി അവരുടെ കൂട്ടായ സ്വാധീനത്തെ ഒരുമിപ്പിക്കുകയും അന്യമത വിശ്വാസങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെയാകെ പുനഃപരിവർത്തനം ചെയ്യിക്കുകയും ഹിന്ദുക്കളുടെ കൂട്ടത്തിലേക്ക് തിരിച്ചുവരാൻ മോഹമുള്ളവരാക്കി അവരെ മാറ്റുകയുമാണ് ഈ സംഘടനയുടെ ദൗത്യം.

ഹിന്ദു ജനതയെയാകെ അണിനിരത്തുന്നതിനുള്ള ആർഎസ്എസ്സിന്റെ ശേഷി വർധിപ്പിക്കുന്നതിനാണ് സാധുക്കളെയും സന്ന്യാസിമാരെയുമെല്ലാം ബന്ധപ്പെട്ടുകൊണ്ട് വിഎച്ച്പി രൂപീകരിച്ചത്; തങ്ങളുടെ അനുയായികൾക്കുമേൽ സാധുക്കൾക്കുള്ള ബഹുമാന്യത ഉപയോഗിക്കലാണ് ലക്ഷ്യം.

വിഎച്ച്പിയിലൂടെ മതത്തിനുള്ളിലെ വിവിധ അവാന്തര വിഭാഗങ്ങളുടെ നേതാക്കളുടെയും സാധുക്കളുടെയും വിപുലമായ ശൃംഖലയും അവരുടെ വിശ്വാസ്യതയും മേൽക്കോയ്മയും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിപ്പെടാൻ ആർഎസ്എസിന് വഴിയൊരുക്കുന്നു. വിഎച്ച്പിയുടെ ഭാരവാഹികളും രക്ഷാധികാരികളുമായി മുൻ മഹാരാജാക്കന്മാരെ പോലെയും പ്രമുഖ മുതലാളിമാരെയും ബിസിനസ്സുകാരെയും പോലെയുളള അറിയപ്പെടുന്ന വ്യക്തികളെ നിയോഗിച്ചുകൊണ്ട് അവരുടെ ജനസ്വാധീനവും ധനപരമായ ശേഷിയും ഉപയോഗിക്കാനും ആർഎസ്എസിനു കഴിയുന്നു. വിഎച്ച‍്പിയുടെ ഈ നെറ്റ്-വർക്കുകളിലൂടെ മതപരമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും പ്രചാരണ–പ്രക്ഷോഭങ്ങളിലേർപ്പെടാനുമുള്ള നശീകരണ ശേഷിയാണ് ആർഎസ്എസിന് ലഭിക്കുന്നത്.

ചുവടെ ചേർക്കും വിധമാണ് വിഎച്ച‍്പിയുടെ ആദ്യ ജനറൽ സെക്രട്ടറി അത് സ്ഥാപിച്ചതിന്റെ ആവശ്യകതയെക്കുറിച്ച‍-് പറഞ്ഞത്: ‘‘ക്രിസ്തുമതത്തിന്റെ പ്രഖ്യാപിതലക്ഷ്യം ലോകത്തെയാകെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയാണ്; ഇസ്ലാമിന്റേതാകട്ടെ പാക്കിസ്ഥാൻ ആക്കലും. ഈ രണ്ട് സിദ്ധാന്തത്തെയും മതംമാറ്റത്തെയും ആധാരമാക്കിയുള്ള ഈ രണ്ട് മതങ്ങൾക്കുമപ്പുറം മൂന്നാമതൊരു മതം കൂടി ഉയർന്നുവന്നിരിക്കുന്നു. അതാണ് കമ്യൂണിസം… ലോകം ഇന്ന് ക്രിസ്ത്യൻ, ഇസ്ലാമിക്, കമ്യൂണിസ്റ്റ് എന്നിങ്ങനെ വേർതിരിക്കപ്പെട്ടിരിക്കുകയാണ്. ഈ മൂന്ന് വിഭാഗങ്ങളും ഹിന്ദുസമൂഹത്തെ കാണുന്നത് തങ്ങൾക്ക് ഭക്ഷിക്കാനും തടിച്ചുകൊഴുക്കാനും വേണ്ടിയുള്ള നല്ല ഒന്നാന്തരം ഭക്ഷണസാധനമായാണ്. ആയതിനാൽ ഈ മൂന്ന് തിന്മകളുടെയും കണ്ണുകളിൽനിന്നും സ്വയം രക്ഷപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതും അതിനായി സംഘടിക്കേണ്ടതും മത്സരത്തിന്റെയും സംഘർഷത്തിന്റേതുമായ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഭാരത് ഗോ സേവക് സമിതി (ബിജിഎസ്): ഹൻസ്-രാജ് ഗുപ്തയാണ് ഇത് രൂപീകരിച്ചത്. വസന്തറാവു വോക്കും (ഒരു പ്രമുഖ പ്രചാരക്) ബിസിനസുകാരനായ ജെ ഡി ഡാൽമിയയുമാണ് 1966ൽ പശു സംരക്ഷണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 1 =

Most Popular