ജൂലൈ 23ന് കേന്ദ്ര ബജറ്റിന്റെ അവതരണം പൂർത്തിയാക്കിയ നിമിഷങ്ങളിൽതന്നെ ഏതാണ്ടെല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്നത് കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ സമീപനങ്ങളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. സംസ്ഥാനത്തിന് വട്ടപ്പൂജ്യം, ഓട്ടക്കാലണ എന്നിങ്ങനെയായിരുന്നു വാർത്താ തലക്കെട്ടുകൾ. ‘‘ബീഹാറിനും ആന്ധ്രയ്‌ക്കും വാരിക്കോരി കൊടുത്ത ഇത്തവണത്തെ ബജറ്റ് കേരളത്തെ പൂർണമായും കൈവിട്ടു’’–പ്രമുഖ മലയാള ദിനപത്രത്തിന്റെ മുഖ്യവാർത്തയുടെ തുടക്കംതന്നെ കേരളം നേരിടേണ്ടിവരുന്ന കടുത്ത അവഗണന ചുണ്ടിക്കാട്ടിയായിരുന്നു. കേരളത്തോടുള്ള അവഗണന അത്രയേറെ ഗൗരവമുള്ളതായതിനാലാണ് ആ പത്രത്തിനും യാഥാർഥ്യം തുറന്നെഴുതേണ്ടിവന്നത്.
മോദി സർക്കാരിന്റെ മൂന്നാം വരവിൽ കേരളം മാത്രമല്ല, പ്രതിപക്ഷ സംസ്ഥാനങ്ങളെല്ലാം കുറച്ചുകൂടി പ്രതീക്ഷ വച്ചുപുലർത്തിയിരുന്നു എന്നത് യാഥാർഥ്യമാണ്. സ്വന്തമായി ഭൂരിപക്ഷം ഉറപ്പാക്കാനാകാത്ത ബിജെപി പ്രാദേശിക കക്ഷികളുടെ സഹായത്തോടെ രൂപീകരിച്ച സർക്കാരിൽനിന്ന് കുറച്ച് പ്രതിപക്ഷ ബഹുമാനം പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അനുഭവം മറിച്ചായിപ്പോയി. കേരളത്തിന്റെമാത്രമല്ല, ഏതാണ്ടെല്ലാം പ്രതിപക്ഷ സംസ്ഥാനങ്ങളുടെയും സ്ഥിതി ഒന്നുതന്നെയായി.
കേരളത്തിന്റേതായ ഒരു പദ്ധതിയും കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. മൂന്നരക്കോടിയിലേറെ ജനങ്ങളുള്ള, രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ വലിയ സംഭാവന ഉറപ്പാക്കുന്ന ഒരു സംസ്ഥാനത്തിനായി ഒന്നും നീക്കിവയ്‌ക്കാൻ കേന്ദ്രം തയ്യാറായില്ല. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിലൂടെ ബീഹാറിനും ആന്ധ്രപ്രദേശിനും മാത്രമായി വൻ സാമ്പത്തിക പരിഗണനയാണ് ലഭിച്ചത്. കേന്ദ്ര ഭരണം നിലനിർത്തുന്ന രണ്ട് പ്രാദേശിക കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഇത്തരത്തിൽ വാരിക്കോരി നൽകാൻ മോദി സർക്കാർ തീരുമാനിച്ചത്. കേന്ദ്ര ഭരണകക്ഷി തന്നെ ഭരിക്കുന്ന ഒഡീഷയ്‌ക്കും ടൂറിസത്തിന്റെയും ക്ഷേത്ര നഗരികളുടെയും ബീച്ചുകളുടെയും നവീകരണത്തിന്റെയും പേരിൽ വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഒപ്പം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രളയക്കെടുതി നേരിടാനുള്ള സഹായം ലഭിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത പക്ഷപാതിത്വമാണ് പ്രകടമായത്. നികുതിയിലൂടെയും ഭരണഘടന അംഗീകരിച്ച മറ്റു ധനാഗമന മാർഗങ്ങളിലൂടെയും രാജ്യത്താകെനിന്നും സമാഹരിക്കുന്നതാണ് കൺസോളിഡേറ്റഡ് ഫണ്ട്. അത് കേന്ദ്ര വിഭവമല്ല, ദേശീയ വിഭവമാണ്. കൺസോളിഡേറ്റഡ് ഫണ്ട് ചില സംസ്ഥാനങ്ങൾക്കുമാത്രമായി വിനിയോഗിക്കപ്പെടുന്നത് ഫെഡറലിസത്തിന് എതിരായതും വലിയ സാമ്പത്തിക, രാഷ്‌ട്രീയ ആഘാതം വരുത്തിവയ്‌ക്കുന്നതുമായ തീരുമാനമാണ്.
കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ആദ്യം പ്രതികരിച്ചത് കേരള സർക്കാരാണ്. അതിലെ കേരളവിരുദ്ധതയും ചൂണ്ടിക്കാട്ടി. പിന്നീട് രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും പ്രതിഷേധം ഉയരുന്നതാണ് കാണാനാകുന്നത്. രാജ്യത്തിന്റെ ഭാവിയും വികസനവും ജനപുരോഗതിയും ലക്ഷ്യമിടേണ്ട ബജറ്റ് മോദി സര്‍ക്കാരിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നു. പ്രധാനമന്ത്രി കസേര സംരക്ഷിക്കാൻ രാജ്യത്തിന്റെ ധനവിഭവങ്ങളെ ദുരുപയോഗം ചെയ്യുന്ന കാഴ്‌ചയാണ് ബജറ്റിൽ പ്രകടമായത്. പ്രതിപക്ഷ സംസ്ഥാനങ്ങളെയാകെ അവഗണിച്ചു. തെക്കേന്ത്യൻ സംസ്ഥാനങ്ങളെ പാടേമറന്നു. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്ക് പുല്ലുവിലപോലും കൽപ്പിച്ചില്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതിന് പകരമായിട്ടാകണം കേരളത്തിന്റെ അക്കൗണ്ട് തന്നെ പൂട്ടുന്ന സമീപനം ബിജെപി സ്വീകരിച്ചത്.
സംസ്ഥാനത്തെ ബിജെപി നേതാക്കൾ ബജറ്റിലെ കേരളത്തിന്റെ നീക്കിയിരുപ്പുകളെ കുറിച്ച് ആദ്യഘട്ടത്തിൽ വാചാലരായിരുന്നു. റബർ ബോർഡിന് 320 കോടി രൂപ നീക്കിവച്ചിട്ടുണ്ട് എന്നതായി പ്രധാന വാദം. കഴിഞ്ഞ കുറേ വർഷങ്ങളായി റബർ ബോർഡ് സഹായം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കാണ് ലഭിച്ചുവരുന്നത്. കിലോഗ്രാമിന് 250 രൂപ ലഭ്യമാകുന്ന നിലയിൽ താങ്ങുവില ഉറപ്പാക്കണമെന്നതാണ് റബർ കർഷകരുടെ പ്രധാന ആവശ്യം. സംസ്ഥാനം കിലോയ്‌ക്ക് 180 രൂപ ഉറപ്പാക്കുന്നുണ്ട്. താങ്ങുവില 250 രൂപയാക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യവും സംസ്ഥാനം എഴുതിനൽകിയിരുന്നു.
മറ്റു ചില കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുള്ള വകയിരുത്തലുകളാണ് ചിലർ ചൂണ്ടിക്കാട്ടാൻ നോക്കുന്നത്. എച്ച്‌എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന് 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ചന്ത വിലയ്‌ക്ക് ലേലത്തിന് വച്ച്, വിൽപന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുള്ള സ്ഥാപനത്തിന്റെ പേരിലാണ് ഈ മേനിനടിക്കൽ. രാജ്യത്തിന് അഭിമാനകരമായ നിലയിൽ പ്രവർത്തന പുരോഗതി കാട്ടുന്ന കൊച്ചിൻ കപ്പൽ ശാല (355 കോടി), കൊച്ചിൻ പോർട്ട് ട്രസ്‌റ്റ് (77.55 കോടി) എന്നിവയ്‌ക്കും നാമമാത്ര വിഹിതമാണുള്ളത്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ‍് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (129.50 കോടി), നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസ് (17.39 കോടി) എന്നിവയ്‌ക്കും കാര്യമായ കരുതലുണ്ടായില്ല. കേരളത്തിനകത്തും പുറത്തുമുള്ള രോഗികൾക്ക് ആശ്വാസമായ ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, രാജിവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി എന്നിവയ്‌ക്ക് രാജ്യത്തെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾക്കായി അനുവദിക്കുന്ന തുകയിൽനിന്ന് ചെറിയ പങ്ക് ലഭിക്കാം. രാജ്യത്താകെയുള്ള സീഡാക് സെന്ററുകൾക്കായി അനുവദിച്ച 270 കോടി രൂപയിൽനിന്നാണ് തിരുവനന്തപുരത്തെ സീഡാക് സെന്ററിന് എന്തെങ്കിലും കിട്ടേണ്ടത്.
‘‘കേന്ദ്ര ബജറ്റിൽ കേരളത്തിന് 3000 കോടി രൂപയുടെ അധിക നികുതി വിഹിതം. ജിഎസ്‌ടി ഇനത്തിൽ ലഭിക്കുക 7,200 കോടി രൂപ’’–-കേരളത്തിന്റെ നേട്ടമായി ബജറ്റ് ദിവസം ആദ്യാവസാനം ഒരു വാർത്താ ചാനൽ ഇങ്ങനെയാണ് പ്രചാരണം നടത്തിയത്. ഈ സാമ്പത്തിക വർഷം പുതുക്കിയ ബജറ്റ് കണക്കുകൾ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങൾക്കുമായി വിഭജിച്ചു നൽകുന്ന കേന്ദ്ര നികുതി വിഹിതം 12,47,211 കോടി (12.47 ലക്ഷം കോടി) രൂപയാണ്. ഇതിൽ കേരളത്തിനു ലഭിക്കുന്നത് 24,008.82 കോടി രൂപ. 2023 – 2024 ൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി ധനകാര്യ കമ്മീഷൻ അവാർഡ് അനുസരിച്ച് വിഭജിച്ചു നൽകിയ നികുതി വിഹിതം 11,04,493 കോടി (11.04 ലക്ഷം കോടി) രൂപയാണ്. ഇതിൽ 21,740.79 കോടി രൂപയാണ് യൂണിയൻ ബജറ്റ് രേഖകൾ പ്രകാരം കേരളത്തിനു ലഭിച്ചത്. അതായത് കേന്ദ്ര നികുതി വിഹിതത്തിന്റെ 1.925 ശതമാനം. ബജറ്റ് കണക്കുകൾ പ്രകാരം ഈവർഷം 2268 കോടി രൂപ കേരളത്തിന്റെ നികുതി വിഹിതത്തിൽ അധികമായി ലഭിക്കുമെന്നാണ് അനുമാനം. ഇത് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച എന്തെങ്കിലും സൗജന്യമല്ല. സംസ്ഥാനങ്ങളിൽനിന്ന് കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന നികുതിയുടെ 41 ശതമാനം മാത്രം ഇതേ സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകുമ്പോൾ ലഭിക്കുന്ന തുകയാണിത്. ഇത്തവണ ബജറ്റിൽ അധിക തുക നികുതി വിഹിതമായി നീക്കിവച്ചുവെന്നത് തികച്ചും പൊള്ളയായ ന്യായവാദമാണ്. കേന്ദ്ര സർക്കാരിന്റെ മൊത്തം നികുതി വരുമാനത്തിൽ ഉണ്ടാകുന്ന തുകയിലെ വർദ്ധനവിന് ആനുപാതികമായാണ് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിലും മാറ്റമുണ്ടാകുന്നത്. മൊത്തം നികുതി വരുമാനത്തിന്റെ 59 ശതമാനവും കൈയടക്കുന്ന കേന്ദ്ര സർക്കാരിനാണ് നികുതി വർധനയുടെ നേട്ടത്തിന്റെ മൂന്നിൽ രണ്ടോളം ഭാഗം ലഭിക്കുക. ബാക്കി മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളത്. എന്നാൽ, സെസ്, സർചാർജ് എന്നിവയിലൂടെ കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന അഞ്ചര ലക്ഷം കോടിയിലേറെ രൂപ ഡിവിസിബിൾ പൂളിൽ ഉൾപ്പെടുത്തുന്നുമില്ല. അതിനാൽത്തന്നെ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട നികുതി വിഹിതത്തിൽ വലിയ കുറവാണുണ്ടാകുന്നത്.
കൊട്ടിഘോഷത്തിലെ
പൊള്ളത്തരം
കേരളത്തിന്റെ നികുതി വിഹിത വർധനവിന്റെ നേട്ടം ഘോഷിക്കുന്നവർ മറ്റു ചില സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതി വിഹിത വർധനകൂടി ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. ബീഹാറിന്റെ വിഹിതം കഴിഞ്ഞവർഷത്തെ 1,11,089 കോടി രൂപയിൽനിന്ന് ഈവർഷം 1,25,444 കോടി രൂപയായി ഉയരുന്നുണ്ട്. വർധന 25,602 കോടി രൂപ. ഉത്തർപ്രദേശിന് ഈ സാമ്പത്തികവർഷം 2,23,737 കോടി രൂപയാണ് ലഭിക്കുക. കഴിഞ്ഞവർഷം ആ സംസ്ഥാനത്തിനു ലഭിച്ചത് 1,98,135 കോടി രൂപയാണ്. അതായത് ഇത്തവണ 25,602 കോടി രൂപ അധികം ലഭിച്ചു. പശ്ചിമ ബംഗാളിന്റെ വിഹിതം- 83,091 കോടി രൂപയിൽനിന്ന് 93,827 കോടി രൗപയായി ഉയർന്നു. 10,736 കോടി രൂപയുടെ വർധന. രാജസ്താന്റേത് 66,556 കോടിയിൽനിന്നും 77,156 കോടി രൂപയായി. അധികം കിട്ടുക 10,600 കോടി രൂപ. ഗുജറാത്തിന്റെ വിഹിതം 38,414 കോടിയിൽനിന്നും 43,378 കോടി രൂപയായാണ് വർധിക്കുന്നത്. 4,964 കോടി അധികമുണ്ട്.
ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന മൊത്തം നികുതി വിഹിതംകൂടി ഇതിനൊപ്പം ചർച്ച ചെയ്യപ്പെടേണ്ട പ്രശ്‌നമാണ്. സംസ്ഥാനങ്ങൾക്ക് നൽകാനായി നീക്കിവയ്‌ക്കുന്ന നികുതി പണത്തിന്റെ 17.939 ശതമാനമാണ് ഉത്തർപ്രദേശിന് ലഭിക്കുന്നത്. ബീഹാറിന് 10.058 ശതമാനവും, പശ്ചിമ ബംഗാളിന് 7.523 ശതമാനവും, രാജസ്ഥാന് 6.026 ശതമാനവും, ഗുജറാത്തിന് 3.478 ശതമാനവുമാണ് ലഭിക്കുന്നത്. കേരളത്തിന് രണ്ടു ശതമാനത്തിൽ താഴെ മാത്രവും.
രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ ഉണ്ടായിട്ടില്ലാത്ത സ്വജന പക്ഷപാതിത്വവും കേന്ദ്ര ബജറ്റിൽ പ്രകടമായി. വലിയതോതിൽ നികുതി വിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ബജറ്റിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതും. ബീഹാറിന് 10.058 ശതമാനമാണ് നികുതി വിഹിതം. ആന്ധ്രയ്‌ക്ക് 4.047 ശതമാനവും, ഒഡീഷയ്‌ക്ക് 4.528 ശതമാനവും കിട്ടുന്നു. ഇതേ സംസ്ഥാനങ്ങൾക്കാണ് കുറുക്കുവഴിയിലൂടെ ബജറ്റ് അടങ്കലിന്റെ ഗണ്യമായ ഭാഗം നൽകുന്നതും.
കേരളത്തോട് പ്രതികാരം
കേന്ദ്ര ധനമന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിലടക്കം കേരളം മുന്നോട്ടുവച്ച ഒരാവശ്യവും കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടില്ലെന്നത് വലിയ പ്രതിഷേധം ഉയർത്തേണ്ട പ്രശ്‌നമാണ്. രാജ്യത്തിന്റെ പൊതുതാൽപര്യവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടുള്ള പദ്ധതി നിർദേശങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. വെറും, ആവശ്യങ്ങൾ നിരത്തുകയായിരുന്നില്ല, ഒരോന്നിനും കൃത്യമായി മുൻഗണന നിശ്ചയിച്ചാണ് നിർദേശങ്ങൾ സമർപ്പിച്ചിട്ടുള്ളത്. പ്രീ ബജറ്റ് ചർച്ചയിലും പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽകണ്ടും കേരളത്തിന്റെ മുൻഗണനാ പട്ടികയിൽപ്പെട്ട ഒാരോ ആവശ്യത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തിയതുമാണ്. എന്നാൽ, പ്രീ ബജറ്റ് ചർച്ചതന്നെ പ്രഹസനമാക്കുകയായിരുന്നുവെന്നാണ് ബജറ്റ് അവതരിപ്പിച്ചപ്പോൾ വ്യക്തമായത്. കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റ് എന്നനിലയിൽ ഈവർഷം ആദ്യം ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ, സംസ്ഥാനങ്ങളുമായി ഒരുവിധ ആശയ വിനിമയവുമുണ്ടായില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ഇത്തരം ആക്ഷേപം ഒഴിവാക്കാൻ കേന്ദ്ര ധനമന്ത്രി പ്രീ ബജറ്റ് ചർച്ച നടത്തിയെന്ന് മനഃപൂർവം വരുത്തിത്തീർക്കുകയായിരുന്നു എന്നുള്ള ആക്ഷേപം തള്ളിക്കളയാനാകില്ല.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ
24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. ഭരണഘടനാപരമായി അർഹതപ്പെട്ട വായ്‌പ എടുക്കുന്നതിൽ നടത്തിയ അനാവശ്യമായ കേന്ദ്ര സർക്കാർ ഇടപെടൽ മൂലവും, ഒപ്പം അർഹമായത്ര നികുതി വിഹിതം ലഭിക്കാഞ്ഞതിനാലുമുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ ചെറിയൊരു ഭാഗമാണ് നഷ്ടപരിഹാര പാക്കേജായി നമ്മൾ ആവശ്യപ്പെട്ടത്. നികുതി വിഹിത ശതമാനത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ വരുത്തിയ വെട്ടിക്കുറവുമൂലം കേരളത്തിന് പ്രതിവർഷം 15,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുന്നതായാണ് ഡോ. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന അരവിന്ദ് സുബ്രഹ്മണ്യവുമായി നടന്ന ചർച്ചയ്‌ക്കിടയിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുത്ത വകയിൽ സംസ്ഥാന വിഹിതമായി 6,000 കോടിയോളം രൂപയാണ് കേരളം കടം എടുത്ത് കേന്ദ്ര സർക്കാരിന് നൽകിയത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരത്തിൽ ദേശീയപാതാ വികസനത്തിനായി പണം നൽകേണ്ടിവന്നിട്ടില്ല. ഈ തുകയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് കുറയ്‌ക്കുകയായിരുന്നു. അതുമൂലമുണ്ടായ സാമ്പത്തിക നഷ്ടം കുറയ്‌ക്കാൻ ഒരു രൂപപോലും അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല. എന്നാൽ, ചില വികസന പദ്ധതികളുടെ പേരിൽ ബീഹാറിനും ആന്ധ്രയ്‌ക്കും ഒഡീഷയ്‌ക്കുമൊക്കെ ദേശീയ വിഭവങ്ങൾ വിവേചനപരമായി നൽകുകയാണ്.
വിസിൽ പക്കേജ്
രാജ്യത്തിന് സാമ്പത്തിക മുതൽക്കൂട്ടാകേണ്ട ബൃഹദ് പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ തുടർവികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്ന തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ വിഴിഞ്ഞത്തിനു ചുറ്റുമായി വലിയ നിക്ഷേപം ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ച് സംസ്ഥാനം സമർപ്പിച്ച 5,000 കോടി രൂപയുടെ ‘വിസിൽ പാക്കേജ് പദ്ധതി’യും അവഗണിച്ചു. രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്തിന്റെ ദേശീയ സാമ്പത്തിക പ്രാധാന്യം മനസ്സിലാക്കിയുള്ള തീരുമാനത്തിനുപകരം, കേരളത്തിന്റെ രാഷ്‌ട്രീയ ആവശ്യമായി കണ്ട് തഴയുകയായിരുന്നു.
സംസ്ഥാനം അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് വയനാട് തുരങ്ക പാതാ പദ്ധതി. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട തുരങ്ക പാത കേരളത്തിന്റെ ടൂറിസം വികസനത്തിന് വലിയ മുതൽകൂട്ടാകും. ഒപ്പം വയനാട്ടിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരവുമാകും. 8.1 കിലോമീറ്റർ ദൈർഘ്യത്തിൽ ആനക്കാംപൊയിൽ – കല്ലാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് 5,000 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്.
റയിൽവേയിൽ
തുടരുന്ന അവഗണന
കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ സംവിധാനത്തിനായി ഒരു പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാർഥ്യം. ഷൊർണൂർ – എറണാകുളം മൂന്നാം പാതയ്‌ക്ക് അഞ്ചു ലക്ഷം രൂപമാത്രമാണ് നീക്കിവച്ചിട്ടുള്ളത്. ആലപ്പുഴ വഴിയുള്ള ഇരട്ടപ്പാതയുടെ പൂർത്തീകരണത്തിന് നിലിവിൽ നീക്കിവച്ചിട്ടുള്ള തുക പര്യാപ്‌തമല്ല. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ തുക കുറയ്‌ക്കുകയും ചെയ്‌തു. നിലവിലെ റെയിൽ ഗതാഗത തിരക്കിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തിൽ ചെറുവിരലനക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയ്‌ക്ക് ആനുപാതികമായി എക്‌സ്‌പ്രസ്, പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. തലശേരി–മൈസുരു, നിലമ്പൂർ–നഞ്ചൻകോഡ് എന്നീ പുതിയ പാതകളുടെ സർവേയ്ക്കം വിശദ പദ്ധതിരേഖ തയ്യാറാക്കലിനുമുള്ള നടപടികൾ പ്രഖ്യാപിക്കാനും തയ്യാറായിട്ടില്ല.
എയിംസിന് അയോഗ്യത എന്ത്?
ലോകോത്തര നിലവാരത്തിലുള്ളതാണ് കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യമെന്ന് ദേശീയ, അന്തർദേശീയതലത്തിൽ വിവിധ ഏജൻസികൾ അംഗീകരിക്കുന്നു. എല്ലാ ആരോഗ്യ സൂചകങ്ങളിലും രാജ്യത്ത് കേരളം തന്നെയാണ് മുന്നിൽ. ചികിത്സാ, ആരോഗ്യശാസ്‌ത്ര ഗവേഷണ മേഖലകളിൽ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന മികവുറ്റ നിരവധി ആരോഗ്യ സ്ഥാപനങ്ങളും നമുക്കുണ്ട്. ആരോഗ്യ മേഖലയിലെയും ചികിത്സാ രംഗത്തെയും രണ്ടാം തലമുറ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ. ഈ പ്രശ്‌നം രാജ്യത്താകെ ഉയർന്നുവരുന്ന പുതിയ പ്രതിസന്ധിയാണ്. ഇതെല്ലാം പരിഗണിച്ചാണ് ആൾ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുവച്ചത്. കോഴിക്കോട് ജില്ലയിൽ കിനാലൂരിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തി കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും വളരെ വർഷങ്ങളായി കേരളം കാത്തിരിക്കുന്ന എയിംസ് പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല.
മനുഷ്യ–മൃഗ
സംഘർഷ ലഘൂകരണം
രാജ്യത്ത് ഏറ്റവും ജനസാന്ദ്രത ഏറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതിനനുസരിച്ചുള്ള ഭൂമിയുടെ ലഭ്യതക്കുറവ് വലിയ പ്രശ്‌നമായി നിലനിൽക്കുന്നു. എന്നാൽ, വനം – വന്യജീവി സംരക്ഷണത്തിലും ശക്തമായ നിലപാടുകളും നടപടികളും സ്വീകരിക്കുന്നതിലും കേരളം മാതൃകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികളുടെ സാന്നിധ്യവും, അതുമൂലം മനുഷ്യ ജീവനും കൃഷിക്കും വസ്‌തുവകകൾക്കും ഉണ്ടാകുന്ന നഷ്ടവും കാലാകാലങ്ങളായി വർധിക്കുകയാണ്. കേരളത്തിന്റെ ഇടനാടുകളിൽപോലും വന്യജീവികളുടെ സാന്നിധ്യം പതിവാകുന്നു. ഇത് ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്ത് മനുഷ്യ–മൃഗ സംഘർഷ ലഘൂകരണ പദ്ധതികൾക്കായി കേന്ദ്ര സഹായം ഒന്നുമുണ്ടായില്ല.
തീരശോഷണം
590 കിലോമീറ്ററിലായാണ് കേരളത്തിന്റെ തീരമേഖലയുടെ കിടപ്പ്. ജനവാസമേറിയ തീരമേഖലയാകെ പ്രകൃതി ദുരന്തങ്ങളാൽ കഷ്ടതയിലാണ്. ആഗോള താപനത്തിന്റെ ഭാഗമായ കാലാവസ്ഥ വ്യതിയാനത്തിന്റെ എല്ലാ ക്രൂരതകളും നേരിടേണ്ടിവരുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. എന്നാൽ, തീരശോഷണത്തെ ഇപ്പോഴും ദേശീയ ദുരന്തമായി കാണാൻ കേന്ദ്രം തയ്യാറല്ല. തീരശോഷണത്തിൽ കഷ്ടത അനുഭവിക്കുന്ന തീരദേശ നിവാസികളുടെ സംരക്ഷണം കൂടി ഉറപ്പാക്കുന്ന നിലയിൽ ദേശീയ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരിതാശ്വാസ നിധി എന്നിവയുടെ നിബന്ധനകളിൽ മാറ്റം വരുത്തണമെന്ന നമ്മുടെ ആവശ്യത്തിന് കേന്ദ്രം ചെവികൊടുത്തിട്ടില്ല.
വരൾച്ചാ ദുരിതാശ്വാസം
വെള്ളപ്പൊക്ക ദുരിതം നേരിട്ട നാലു സംസ്ഥാനങ്ങൾക്ക് ബജറ്റിൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ ഉണ്ടായ വരൾച്ചയിൽ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ഏതാണ്ട് 57,000 കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സഹായം അനുവദിച്ചിട്ടില്ല.
കുട്ടനാട് പാക്കേജ്
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി ആവിഷ്‌കരിച്ച കുട്ടനാട് പക്കേജിന്റെ രണ്ടാംഘട്ടത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാനും ആവശ്യപ്പെട്ടിരുന്നു. 48,000 ഹെക്ടറിലെ നെൽകൃഷി സംരക്ഷണത്തിനുള്ള പദ്ധതികളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നത്. ഏതാണ്ട് 1,96,000 ടൺ നെൽ ഉൽപാദനം നടക്കുന്ന കൃഷിയിടങ്ങളുടെ സംരക്ഷണമാണ് പദ്ധതിയിൽ ഉദ്ദേശിച്ചിട്ടുള്ളത്.
മിനിമം താങ്ങുവില
യഥേഷ്ടം ഇറക്കുമതിക്ക് അനുമതി നൽകിയതോടെ റബർ, ഏലം, കുരുമുളക്, തേയില തുടങ്ങിയ നാണ്യവിളകളെല്ലാം ആഭ്യന്തര വിപണിയിൽ വലിയ വിലത്തകർച്ച നേരിടുകയാണ്. വരുമാനക്കുറവുമൂലം കർഷകർക്ക് നൂതന കാർഷിക മാർഗങ്ങൾ തേടാനാകുന്നില്ല. ഇത് ഉൽപാദനത്തെയും കർഷക വരുമാനത്തെയും വലിയതോതിൽ ബാധിക്കുന്നു. ഇവയ്‌ക്ക് മതിയായ താങ്ങുവില കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നതാണ് നമ്മുടെ ആവശ്യം.
മറ്റു പ്രധാന പദ്ധതികൾ
കൊച്ചി–മംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബൽ സിറ്റി, തോന്നയ്ക്കൽ മെഡിക്കൽ ഡിവൈസ് പാർക്ക് എന്നിവയ്‌ക്ക് അംഗീകാരം, എൻഎച്ച്‌എമ്മിന് ലഭിക്കേണ്ട 1,194 കോടി രൂപ അനുവദിക്കൽ, മുതലപ്പൊഴി തുറമുഖ വികസനത്തിനായി സമർപ്പിച്ച 164 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ഉൾപ്പെടെ പ്രത്യേക പദ്ധതികളും കേന്ദ്ര പരിഗണന അർഹിക്കുന്നവയാണ്.
കൈയുംകെട്ടി
നോക്കിനിൽക്കാനാകില്ല
ഇങ്ങനെ ഒരു ജനതയെ ആകെ അവഗണിച്ച് മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് നേരിടുക എന്നതുതന്നെയാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി, അവ നേടിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് കേരളത്തിൽനിന്നുള്ള എംപിമാരോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. അവർ അത് നിറവേറ്റുമെന്നാണ് പ്രതീക്ഷ. കേരളത്തിനുവേണ്ടി അവർ ഡൽഹിയിൽ ശബ്ദം ഉയർത്തണം. അതിനാവശ്യമായ എല്ലാ വിവരങ്ങളും അവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം സുപ്രീംകോടതിയിൽ കേരളം തുടക്കമിട്ട നിയമ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യും. അതിൽ കേരളത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നുതന്നെയാണ് നമ്മുടെ പ്രതീക്ഷ.
അവഗണനയിൽ പ്രതിഷേധം തുടരുമെങ്കിലും കേന്ദ്ര ബജറ്റിൽ പൊതുവായി പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽനിന്ന് സംസ്ഥാനത്തിന് നേട്ടമാക്കാനാകുന്നവയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള വിവിധതരത്തിലുള്ള ശ്രമം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
ബജറ്റ് പ്രസംഗത്തിലെ ചില പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെ വിവിധ വകുപ്പുകളും ഏജൻസികളും നിലവിൽ നടത്തിവരുന്ന പല സംരംഭങ്ങളുമായി ചേർത്ത് നടപ്പിലാക്കാൻ പറ്റുന്നവയാണോയെന്ന പരിശോധന സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. അഞ്ചു വർഷകാലയളവിൽ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം നൽകൽ, സംസ്ഥാന സർക്കാരുകളുടെ വ്യവസായ മേഖലയുമായി കൈകോർത്ത് 1000 വ്യവസായ പരിശീലന സ്ഥാപനങ്ങൾ, വർഷം 25,000 വിദ്യാർത്ഥികൾക്ക് 7.5 ലക്ഷം രൂപ വരെ വായ്പ നൽകുന്ന നൈപുണ്യ വായ്‌പ, അഞ്ചുവർഷത്തിൽ ഒരു കോടി യുവജനങ്ങൾക്ക് 500 മുൻനിര കമ്പനികളിൽ ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതി തുടങ്ങിയവ കേരളത്തിന് പ്രയോജനപ്പെടുത്താനാകുന്ന പ്രഖ്യാപനങ്ങളാണ്. അസാപ്, കെയ്‌സ് (KASE), കെ- ഡിസ്ക് എന്നിവ നടത്തിവരുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ, മറ്റ് നൈപുണ്യ പരിശീലന പദ്ധതികൾ എന്നിവയെ ഇതുമായി ബന്ധിപ്പിക്കാനാകുമോ എന്നത് പരിശോധിച്ചുതുടങ്ങി.
വനിതാ കേന്ദ്രീകൃത വികസനത്തിനായി പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രുപയുടെ അർഹമായ വിഹിതം സംസ്ഥാനത്തെത്തിക്കേണ്ടതുണ്ട്. 63,000 ഗ്രാമങ്ങളിലെ അഞ്ചു കോടി പട്ടിക വർഗ്ഗത്തിൽപെട്ട ജനവിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക ഉന്നമനത്തിനായി പ്രഖ്യാപിച്ച പിഎംയുജെഎ പദ്ധതിയിലും നമുക്ക് അർഹതപ്പെട്ട വിഹിതം ഉറപ്പാക്കണം. എംഎസ്‌എംഇകൾക്കായുള്ള പദ്ധതികൾ, സ്വകാര്യ പങ്കാളിത്തത്തോടെ പൂർണമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്ന വ്യവസായ പാർക്കുകൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ കേരളത്തിനും ഏറ്റെടുക്കാൻ കഴിയുന്നവയാണ്.
പിഎം ഗ്രാമ സഡക്ക് യോജനയുടെ നാലാം ഘട്ടത്തിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളെ നഗരകേന്ദ്രങ്ങളുമായി ഉൾച്ചേർക്കുന്ന റോഡ് വികസനമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ജനസംഖ്യാ വളർച്ചയെ മുൻനിർത്തി പുതുക്കിയ ഈ പദ്ധതിയിൽ ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന് പരമാവധി വിഹിതം ലഭ്യമാക്കാൻ സംഘടിതമായ പരിശ്രമം അനിവാര്യമാണ്.
30 ലക്ഷത്തിനുമുകളിൽ ജനസംഖ്യയുള്ള 14 വൻനഗരങ്ങളിൽ ഗതാഗത കേന്ദ്രീകൃത വികസന പദ്ധതിയുടെ ആവിഷ്കാരം എന്ന പ്രഖ്യാപനം കൊച്ചി പോലൊരു മെട്രോ നഗരത്തിൽ നടപ്പിലാക്കാനുള്ള സാധ്യതകൾ തേടേണ്ടതുണ്ട്. കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച പിഎം സ്വനിധി പദ്ധതിയിലൂടെ കേരളത്തിലെ തെരുവ് ഭക്ഷണശാലകൾ വികസിപ്പിച്ച് ഒരു ഹബ്ബാക്കി മാറ്റുന്നതിനുള്ള സാധ്യതകളും പരിശോധിക്കപ്പെടണം. 100 വൻ-നഗരങ്ങളിൽ ജലസേചനം, മലിനജല സംസ്കരണം, ഖരമാലിന്യ സംസ്കരണം – എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുടെ ആവിഷ്കാരം കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സാധ്യമാക്കാനുള്ള നടപടികളും ആവശ്യമാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപ മൂലധന ചെലവ് പ്രഖ്യാപനത്തിലുണ്ട്. ഇതിന്റെ ഭാഗമായാണ് ഒന്നര ലക്ഷം കോടി രൂപയുടെ ദീർഘകാല പലിശ-രഹിത വായ്പാ പദ്ധതി. വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യ വികസനം ഉൾപ്പടെയുള്ള സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് ഈ തുകയിൽ അർഹമായ വിഹിതം ഉറപ്പാക്കാൻ കൂട്ടായ പരിശ്രമം വേണം. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഇത്തരം പദ്ധതികളുടെ സാധ്യതകൾ പരമാവധി കണ്ടെത്തി അതിന്റെ ഫലം സംസ്ഥാനത്തെത്തിയ്ക്കാൻ വിവിധ തലത്തിലുള്ള ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
മനോരമയുടെ ബജറ്റ് പ്രഭാഷകൻ പറഞ്ഞത്
‘‘കേരളത്തിന്റേത് ആഗോള നിലവാരത്തിലുള്ള മനുഷ്യശേഷി വികസന സൂചികകളാണ്. ഏറെക്കുറെ വികസിത രാജ്യങ്ങൾക്ക് സമാനം. ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണ് കേരളത്തിന്റെ നേട്ടങ്ങൾ. ഏതൊരു സമ്പദ്ഘടനയുടെയും പുരോഗതിയിൽ ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾ നിർണായകമാണ്. കേരള മാതൃകയിൽ ഇന്ത്യയിൽ പൊതുവേ ഈ ഘടകങ്ങൾ പുരോഗതി പ്രാപിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ വളർച്ച അതിവേഗത്തിൽ ആകുമായിരുന്നു… ’’
കേന്ദ്ര ബജറ്റിനുശേഷം മലയാള മനോരമ പത്രം സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണ പരിപാടിയിൽ മുഖ്യപ്രഭാഷകനായ സാമ്പത്തിക വിദഗ്ധൻ ധർമ്മ കീർത്തി ജോഷി പറഞ്ഞ വാക്കുകളാണിത്. നിതി ആയോഗ് പുറത്തുവിട്ട സംസ്ഥാനങ്ങളുടെ സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. മാനവശേഷി വികസനരംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നവയാണ്. ഇത്തരമൊരു കേരളം സൃഷ്ടിക്കുന്നതിൽ ഇടതുപക്ഷ സർക്കാരുകൾ വഹിച്ച ചരിത്രപരമായ പങ്ക് ആർക്കെങ്കിലും നിഷേധിക്കാനാകുമോ? കേരളത്തിന്റെ മാതൃകയിൽ രാജ്യത്തെ ഇതര പ്രദേശങ്ങൾ വിവിധ ഘടകങ്ങളിൽ വളർച്ച കൈവരിച്ചിരുന്നുവെങ്കിൽ രാജ്യം കൂടുതൽ വളർച്ച കൈവരിച്ചേനെ എന്ന് മലയാള മനോരമയുടെ പരിപാടിയിലെ പ്രഭാഷകൻ തന്നെ ഉച്ചത്തിൽ പറയുന്നത് കേരളത്തിനും ഇടതു സർക്കാരിനുമുള്ള വലിയ അംഗീകാരമാണ്.
വിദഗ്ധരുടെ ഇത്തരം വിലയിരുത്തലുകളാകാം ചിലർക്കെല്ലാം അലോസരം സൃഷ്ടിക്കുന്നത്. അതിന്റെ ഭാഗമായി ഈ നാടിനോട് പ്രതികാര നടപടികൾ സ്വീകരിച്ചാൽ, ആത്മാഭിമാനുള്ള കേരളീയർ അത് കൂട്ടായി പ്രതിരോധിക്കും. മുൻകാലങ്ങളിലും അതാണ് അനുഭവം. ♦