Tuesday, September 17, 2024

ad

Homeമുഖപ്രസംഗംകേരളം ഒറ്റക്കെട്ടായി വയനാടിനൊപ്പം

കേരളം ഒറ്റക്കെട്ടായി വയനാടിനൊപ്പം

ഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര ഭീകരമായ ഒരു ദുരന്തമാണ് ജൂലെെ മുപ്പത് ചൊവ്വാഴ്ച പുലർച്ചെ വയനാട്ടിൽ സംഭവിച്ചത്. ഇരുന്നൂറിലേറെയാളുകൾ ഈ വൻദുരന്തത്തിൽ കൊല്ലപ്പെട്ടതായാണ് ഇതെഴുതുമ്പോൾ ലഭ്യമായ വിവരം. നാശാവശിഷ്ടങ്ങൾക്കിടയിൽ, തകർന്നടിഞ്ഞ വീടുകൾക്കിടയിൽ, മനുഷ്യശരീരങ്ങൾക്കായുള്ള തിരച്ചിൽ കോരിച്ചൊരിയുന്ന മഴക്കിടയിലും രക്ഷാപ്രവർത്തകർ സർവസന്നാഹങ്ങളുമായി തുടരുകയാണ്.

മേപ്പാടി പഞ്ചായത്ത് പ്രദേശത്തെ മുണ്ടക്കെെ, ചൂരൽമല എന്നീ ഗ്രാമങ്ങൾ തന്നെ ചരിത്രത്തിന്റെ ഭാഗമായി; രണ്ടു ദിവസമായി ആർത്തലച്ചുപെയ്യുന്ന മഴയെത്തുടർന്ന് സംഭവിച്ച അതിഭീകരമായ ഉരുൾപൊട്ടലിൽ മുണ്ടക്കെെയും ചൂരൽമലയും ഒലിച്ചുപോവുകയായിരുന്നു. വീടുകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും റോഡും പാലങ്ങളുമെല്ലാമുണ്ടായിരുന്ന പ്രദേശമാകെ മൺകൂനകളായി, ചെളിക്കൂമ്പാരങ്ങളായി നിമിഷ വേഗത്തിൽ മാറുകയാണുണ്ടായത്.

നിദ്രയുടെ ആഴങ്ങളിലേക്ക് കടന്ന മനുഷ്യരെയാണ് പ്രകൃതിയുടെ സംഹാരതാണ്ഡവം മരണക്കയത്തിലേക്ക് എടുത്തെറിഞ്ഞത്. നിരവധി പേരുടെ ശരീരങ്ങളും ശരീരഭാഗങ്ങളും ചാലിയാർ പുഴയിൽ കിലോമീറ്ററുകൾ അകലെ നിന്നാണ് കണ്ടെത്താനായത‍്. ഉരുൾപൊട്ടലിന്റെ ഭീകരശബ്ദം കേട്ട് ഞെട്ടിയുണർന്നും വിവരമറിഞ്ഞും ഓടിയെത്തിയ രക്ഷാപ്രവർത്തകർക്ക് ദുരന്തമേഖലകളിലേക്ക് കടക്കാൻപോലും പെട്ടെന്ന് സാധിക്കാത്തത്ര ഭീകരമായ അവസ്ഥയായിരുന്നു. എന്നാൽ നിർജീവമായി സ്തംഭിച്ചുനിൽക്കാതെ പ്രദേശവാസികൾ മാത്രമല്ല, കേരളമൊന്നാകെയുള്ള മനുഷ്യർ തങ്ങൾക്ക് നേരിടാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കാതെ തന്നെ, മഴയും മഞ്ഞും കൊടുംതണുപ്പുമെല്ലാം അവഗണിച്ച് ഓടിയെത്തി രക്ഷാപ്രവർത്തനത്തിലേക്ക് ആണ്ടിറങ്ങുകയാണുണ്ടായത്. നിമിഷങ്ങൾക്കകമാണ് കേരളം എല്ലാ വിധ ഭിന്നതകളും വിസ്മരിച്ച് ഒരൊറ്റ ശരീരമെന്നപോലെ ഒന്നിച്ചത്. ആരുടെയും സമ്മർദമില്ലാതെ, ആഹ്വാനമില്ലാതെ, മറ്റൊന്നുമാലോചിക്കാതെ ഏതു ദുരന്തമുഖത്തും എന്തിനും തയ്യാറായി ഓടിയെത്തുന്ന മനുഷ്യരാണ്, അവരിലെ നന്മയാണ്, ഈ ജനകീയ ഇടപെടലാണ് കേരളത്തിന്റെ സവിശേഷത.

ജനങ്ങളുടെ സന്നദ്ധപ്രവർത്തനം മാത്രമല്ല സംസ്ഥാന സർക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും – ഫയർഫോഴ്സും പൊലീസും ദുരരന്തനിവാരണ സേനയും റവന്യൂവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പുമെല്ലാം – അതിവേഗമാണ് സർവ സന്നാഹങ്ങളുമൊരുക്കി രക്ഷാപ്രവർത്തനത്തിനായി ചൊവ്വാഴ്ച പ്രഭാതമാകുന്നതിനുമുൻപുതന്നെ രംഗത്തെത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഒരു നിമിഷംപോലും വെെകാതെയുള്ള മികച്ച ഏകോപനമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രിമാർ തന്നെ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതാണ് ചൊവ്വാഴ്ച രാവിലെ മുതൽ ലോകം കണ്ടത്. ജനപ്രതിനിധികളും ജനകീയ സംഘടനകളുമെല്ലാം ഈ പ്രവർത്തനത്തിൽ ലയിച്ചുചേരുകയാണുണ്ടായത്.

ഒരു നിമിഷംപോലും വെെകാതെയാണ് സംസ്ഥാന സർക്കാർ കേന്ദ്ര സെെനിക വിഭാഗങ്ങളുടെയും കേന്ദ്ര ദുരന്ത നിവാരണ സംവിധാനങ്ങളുടെയും സഹായം ലഭ്യമാക്കിയത്. അങ്ങനെ പഴുതടച്ചുള്ള, ശക്തമായ, ഏകോപിതമായ രക്ഷാപ്രവർത്തനത്തിനാണ് നാം ഈ ദുരന്തമുണ്ടായ നിമിഷം മുതൽ സാക്ഷ്യംവഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ പഴിചാരലുകൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള സമയമല്ലിത്. ദുരന്തത്തിനിടയാക്കിയ കാര്യകാരണങ്ങളെക്കുറിച്ചുള്ള ആലോചനകളുടെയും സമയമല്ല ഇപ്പോൾ. ദുരിതത്തിൽപെട്ടുഴലുന്ന ആ പ്രദേശത്തിന്റെ നിലവിളികൾക്കും ദീർഘനിശ്വാസങ്ങൾക്കും കാതോർത്ത് പ്രവർത്തിക്കേണ്ട സമയമാണിത്; എൺപതിലേറെ ക്യാമ്പുകളിലായി കഴിയുന്ന, ഉറ്റവരും ഉടയവരുമുൾപ്പെടെ തങ്ങൾക്കുണ്ടായിരുന്ന സർവതും നഷ്ടപ്പെട്ട എണ്ണായിരത്തിലധികം വരുന്ന മനുഷ്യരെ ചേർത്തുപിടിക്കേണ്ട സമയമാണിത്. അതാണിപ്പോൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളം ചെയ്തുകൊണ്ടിരിക്കുന്നത്.

എന്നാൽ, ദൗർഭാഗ്യവശാൽ ഭീകരമായ ഈ ദുരന്തമുഖത്തും രാഷ്ട്രീയ മുതലെടുപ്പിനുള്ള വിഷംചീറ്റലാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ, അതിന്റെ അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവന അതിലേക്കാണ് വിരൽചൂണ്ടുന്നത്. ദുരന്തസാധ്യതയെക്കുറിച്ച് വളരെ മുൻകൂട്ടിത്തന്നെ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും അവിടെ പാർത്തിരുന്ന ജനങ്ങളെ മാറ്റി പാർപ്പിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കു വേണ്ട മുൻകരുതലെടുക്കാനും സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നാണ് അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. വസ്തുതകൾ അപ്പപ്പോൾ കൃത്യമായറിയുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് വസ്തുതാവിരുദ്ധമായ പ്രസ്താവനയാണെന്നറിയാൻ വലിയ ഗവേഷണമൊന്നും വേണ്ട.

29–ാം തീയതി കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത് ഓറഞ്ച് അലർട്ടാണ്. അതിനർഥം അതിതീവ്രമഴയുണ്ടാകുമെന്നല്ല. ഓറഞ്ച് അലർട്ടാവുമ്പോൾ 200 മില്ലി മീറ്റർ വരെ മഴയാണ് ഉണ്ടാവുക. എന്നാൽ മേപ്പാടി ഭാഗത്ത് ഉണ്ടായതാകട്ടെ 572 മില്ലി മീറ്റർ മഴയും. 30–ാം തീയതി രാവിലെയാണ് അവർ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിനകം എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നുവെന്നും നമുക്കറിയാം. മാത്രമല്ല, ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകേണ്ട ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ 29–ാം തീയതി വരെയും ഗ്രീൻ അലർട്ടാണ് നൽകിയത്, അതായത് ഉരുൾപൊട്ടൽ സാധ്യതയില്ലെന്ന്. 29–ാം തീയതി വെെകുന്നേരമാണ് ഓറഞ്ച് അലർട്ടിലേക്ക് മാറിയത്. റെഡ് അലർട്ട് നൽകിയതാകട്ടെ 30–ാം തീയതി രാവിലെയും. പ്രളയ മുന്നറിയിപ്പ് നൽകേണ്ട ഏജൻസിയായ കേന്ദ്ര ജല കമ്മീഷനാകട്ടെ, മേപ്പാടി വഴി ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 29–ാം തീയതി രാത്രിവരെയും നൽകിയിരുന്നില്ല. ഇതാണ് വസ്തുത. ഇതെല്ലാം മറച്ചുവച്ചാണ് അമിത് ഷാ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കും വിധം അവാസ്തവ പ്രസ്താവന നടത്തിയത്. കേരളം ഒറ്റക്കെട്ടായി ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെട്ടിരിക്കുമ്പോൾ അതിൽ വിള്ളലുണ്ടാക്കാനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമായാണ് ഈ പ്രസ്താവനയെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ശേഷം, അതനുസരിച്ചാണ് രക്ഷാപ്രവർത്തനത്തിനായി കേരളത്തെ സഹായിക്കാൻ സെെനിക വിഭാഗങ്ങൾ എത്തിയത് എന്നും ഓർക്കണം. 2019ൽ മലയിടിഞ്ഞ് ദുരന്തമുണ്ടായ പുത്തുമലയ്ക്കും കവളപ്പാറയ്ക്കും ഏറെ അകലെയല്ലാത്ത പ്രദേശത്താണ് ഇപ്പോൾ ഉരുൾപൊട്ടലുണ്ടായത്. അതുകൊണ്ടുതന്നെ തുടർച്ചയായി ശക്തമായ മഴ പെയ്തതിനെതുടർന്ന് മുൻകരുതലെന്ന നിലയിൽ ഇപ്പോൾ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമലയിൽ താമസിച്ചിരുന്ന ഗോത്ര വർഗ കുടുംബങ്ങളെ സംസ്ഥാന സർക്കാർ മാറ്റി പാർപ്പിച്ചതും സംസ്ഥാന ഭരണ സംവിധാനം ജാഗ്രതയോടെയാണ് പ്രവർത്തിച്ചതെന്നതിന്റെ ദൃഷ്ടാന്തമാണ്.

2018ലെ മഹാപ്രളയത്തെയും 2019ലെ ഭീകരമായ മഴക്കെടുതികളെയും അതിനെല്ലാം മുൻപ് ഓഖി ദുരന്തത്തെയും നേരിട്ടനാടാണിത്.അന്നെല്ലാം കേരളത്തെ ചേർത്തുപിടിച്ച് നയിച്ച അതേ സർക്കാരാണ്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇന്നും കേരളത്തിൽ അധികാരത്തിലുള്ളതെന്ന ആത്മവിശ്വാസമാണ് സംസ്ഥാനത്താകെയുള്ള ജനങ്ങൾക്കെന്ന പോലെ വയനാട്ടിലെ ജനങ്ങൾക്കുമുള്ളത്. 2018ലെ മഹാപ്രളയം കഴിഞ്ഞപ്പോൾ, ഇനി രണ്ടു പതിറ്റാണ്ടെങ്കിലും വേണം പുനർ നിർമാണത്തിനെന്നാണ് പറഞ്ഞുകേട്ടത്. എന്നാൽ മഹാമാരി വിതച്ച ദുരിതങ്ങൾക്കിടയിലും കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ആ പുനർനിർമാണം മാത്രമല്ല നവകേരള നിർമിതി തന്നെ അതിവേഗം പൂർത്തിയാക്കിയ അനുഭവവും നമുക്കുണ്ട്. അതുകൊണ്ടുതന്നെ വയനാടിനെയും അവിടത്തെ ജനങ്ങളെയും ആശ്വസിപ്പിക്കുന്ന വസ്തുത ഒട്ടും വെെകാതെ തന്നെ ഇന്നത്തെ കെടുതികൾക്കെല്ലാം അതിവേഗം പരിഹാരം കാണുമെന്നാണ്. അതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകാനാണ് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി വയനാട്ടിൽ സർവകക്ഷിയോഗവും ഒപ്പം സർക്കാർ സംവിധാനങ്ങളുടെ യോഗവും ചേർന്നത്.

2018ലെ പോലെ തന്നെ കേരളം ഒന്നടങ്കം ദുരിതാശ്വസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണത്തിനും ഒപ്പം പുതിയൊരു വയനാടിന്റെ നിർമിതിക്കുമായി എൽഡിഎഫ് സർക്കാരിനൊപ്പം നിൽക്കുമെന്നുറപ്പാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആളായും പണവും സാധന സാമഗ്രികൾകൊണ്ടും ജനങ്ങൾ ഒന്നടങ്കം മുന്നോട്ടുവന്നത് അതിന്റെ തെളിവാണ്. ഈ ദുരിതക്കയവും നമ്മൾ ഒരു മനസ്സോടെ നീന്തി മറുകരയെത്തും. നമുക്കൊപ്പം സർക്കാരും സർക്കാരിനൊപ്പം നമ്മളുമുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − 2 =

Most Popular