Monday, September 9, 2024

ad

Homeകവര്‍സ്റ്റോറികേന്ദ്ര ബജറ്റിന്റെ 
പൊതു ധനകാര്യ 
കാഴ്ചപ്പാടെന്ത്?

കേന്ദ്ര ബജറ്റിന്റെ 
പൊതു ധനകാര്യ 
കാഴ്ചപ്പാടെന്ത്?

ഡോ. ടി എം തോമസ് ഐസക്

പഭോക്തൃ ഡിമാൻഡ് മുരടിച്ചു നിൽക്കുന്നു. 2010-നുശേഷം ദേശീയ വരുമാനമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ കുറവു വരാൻ തുടങ്ങി. മൂലധന നിക്ഷേപവും കുറഞ്ഞു. അങ്ങനെ മൊത്തം ഡിമാൻഡിന്റെ മൂന്നു ഘടകങ്ങളും താഴേക്കാണു പോകുന്നത് . ഈ സ്ഥിതിവിശേഷത്തിൽ അത്താണിയാകേണ്ടത് സർക്കാർ ചെലവാണ്. സമ്പദ്ഘടന ഒരു മുരടിപ്പിലേക്കു വഴുതി വീഴാതിരിക്കണമെങ്കിൽ സർക്കാർ ചെലവ് ഗണ്യമായി ഉയർത്താൻ തയ്യാറാകണം.

എന്നാൽ മോദി സർക്കാരിന്റെ എല്ലാ ബജറ്റിലും പൊതുവായി കാണാവുന്ന പ്രവണത ചെലവുചുരുക്കലാണ്. അതിന് ഏക അപവാദം കോവിഡ് കാലത്ത് മാത്രമാണ്. ചിത്രം 1-ൽ കേന്ദ്ര സർക്കാരിന്റെ മൊത്തം ബജറ്റ് ചെലവ് 2012 മുതൽ 2024-–25 വരെ ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കുകൂട്ടി രേഖപ്പെടുത്തിയിരിക്കുന്നു. 2011-–12-ൽ സർക്കാർ ചെലവും ജിഡിപിയും തമ്മിലുള്ള അനുപാതം 14.38 ശതമാനം ആയിരുന്നു. ബിജെപി ഭരണത്തിന്റെ ആദ്യ വർഷം 2014-–15-ൽ 13.3 ശതമാനമായി അത് കുറഞ്ഞു.

മോദിയുടെ ഭ്രാന്തൻ നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകളുംമൂലം സാമ്പത്തിക വളർച്ച തുടർച്ചയായി മന്ദീഭവിച്ചു. അപ്പോഴും കേന്ദ്ര സർക്കാർ ചെലവ് ചുരുക്കുകയെന്ന നയം തന്നെ കൈക്കാണ്ടു. 2017-–18-ൽ അത് 12.25 ശതമാനത്തിൽ എത്തി. ഇതിനെയാണ് കമ്പോള മൗലികവാദം എന്നു വിളിക്കുന്നത്. ഉപഭോക്തൃ ഡിമാൻഡും നിക്ഷേപ ഡിമാൻഡും വിദേശ കയറ്റുമതിയും ഇടിയുന്ന കാലത്തുപോലും ചെലവ് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ഈ സമീപനം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

ചിത്രം 1
കേന്ദ്ര സർക്കാരിന്റെ വാർഷിക ചെലവ് ജിഡിപിയുടെ 
ശതമാനമായി 2011–12/2024–25

(https://www.indiabudget.gov.in/economicsurvey/doc/stat/tab24.pdf)

തുടർന്ന് കോവിഡ് കാലത്ത് സർക്കാർ ചെലവ് കുത്തനെ ഉയർന്നു. സർക്കാർ ചെലവിലുള്ള വർദ്ധനവ് മാത്രമല്ല കാരണം. ജിഡിപി കുറഞ്ഞതും തോത് ഉയരുന്നതിന് ഇടയാക്കി. അത് ഇപ്പോൾ വീണ്ടും പഴയ നിലയിലേക്ക് താഴ്ത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ അടുത്ത വർഷം 10.1 ശതമാനം സാമ്പത്തിക വളർച്ചയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. 2024-–25-ൽ സാമ്പത്തിക വളർച്ച മന്ദീഭവിക്കും. അങ്ങനെയുള്ള ഒരു വർഷം ചെലവ് ചുരുക്കാനുള്ള നയം തലതിരിഞ്ഞതാണ്.

2024-–25-ൽ സർക്കാരിന്റെ ആകെ മതിപ്പ് ചെലവ് 47.66 ലക്ഷം കോടി രൂപയാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം അധികമാണ്. ദേശീയ വരുമാനം 10 ശതമാനം ഉയരുമെന്നാണ് ബജറ്റിലെ അനുമാനം. സ്വാഭാവികമായും ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കുമ്പോൾ മൊത്തം സർക്കാർ ചെലവ് 14.9 ശതമാനമായി കുറയും.

എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് ബിജെപി സർക്കാർ സ്വീകരിക്കുന്നത്? ധനകമ്മി കുറയ്ക്കുക എന്നതാണ് ധനനയത്തിന്റെ ലക്ഷ്യം. ഇത് സാധിച്ചുവെന്നതാണ് ധനകാര്യ മന്ത്രി ഏറ്റവും വലിയ നേട്ടമായി പെരുമ്പറ മുഴക്കുന്നത്. ചിത്രം 2-ൽ ഇന്ത്യാ സർക്കാരിന്റെ ധനകമ്മിയുടെ ഉയർച്ച-താഴ്ചകൾ ചിത്രീകരിച്ചിരിക്കുന്നു.

ധനകമ്മി 3 ശതമാനമേ പാടുള്ളൂവെന്നാണ് നിയമം. ഇത് ലംഘിച്ചൂവെന്ന് പറഞ്ഞാണ് കേരളത്തിനുനേരെ മോദി സർക്കാർ കുതിര കയറുന്നത്. എന്നാൽ ഒറ്റവർഷംപോലും കേന്ദ്ര സർക്കാർ ഈ നിയമം പാലിച്ചിട്ടില്ല. പാലിക്കണമെന്ന ശാഠ്യവും നമുക്കില്ല. കമ്മി എത്രയാകാമെന്നുള്ളത് സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചാണ് തീരുമാനിക്കപ്പെ ടേണ്ടത്. ലോകമെമ്പാടും സർക്കാരുകൾ കോവിഡ് കാലത്ത് നിയമങ്ങളെല്ലാം മാറ്റിവച്ച് ധനകമ്മി വർദ്ധിപ്പിച്ചു. ഇന്ത്യയിലെ ധനകമ്മി റെക്കോർഡ് നിലവാരത്തിലെത്തി. 2020–-21-ൽ ധനകമ്മി 9.2 ശതമാനമായി. കോവിഡ് അവസാനിച്ച് സാധാരണഗതിയിലേക്ക് സമ്പദ്ഘടന വരുമ്പോൾ ധനകമ്മി കുറയ്ക്കേണ്ടത് ആവശ്യമാണ്. പക്ഷേ, അടുത്തവർഷം സാധാരണ സ്ഥിതി ആയിരിക്കില്ലെന്നല്ലേ ബജറ്റിന്റെ അടിസ്ഥാന അനുമാനങ്ങളിലൊന്ന്. ആ സാഹചര്യത്തിൽ 5.6- ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കമ്മി കുറയ്ക്കേണ്ടതുണ്ടോ? എന്തുകൊണ്ട് ഇത്തരമൊരു ശാഠ്യം?

ചിത്രം 2
കേന്ദ്ര സർക്കാരിന്റെ ധന കമ്മിയിലെ 
മാറ്റങ്ങൾ 2014–15/2024-25

(https://www.indiabudget.gov.in/economicsurvey/doc/stat/tab24.pdf)

ബിജെപിയുടെ അടിസ്ഥാനവികസന സമീപനം ഇന്ത്യയിലേക്ക് കൂടുതൽ കൂടുതൽ ധനമൂലധനത്തെ ആകർഷിക്കുക എന്നുള്ളതാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ സാധനങ്ങൾ വിൽക്കുന്ന വ്യവസായ–-കാർഷിക മുതലാളിമാർക്ക് നേട്ടമാണ്. എന്നാൽ ധനമൂലധനത്തിന് നഷ്ടമാണ്. അവർക്ക് കൃഷിയും വ്യവസായവുമായിട്ടൊന്നും നേരിട്ടു ബന്ധമില്ല. ഓഹരി കമ്പോളത്തിലും പണ കമ്പോളത്തിലുമെല്ലാമാണ് അവർ വ്യാപരിക്കുന്നത്. അവരുടെ സ്വത്താവട്ടെ ധന ആസ്തികളിലാണ് സൂക്ഷിക്കുന്നത്. ധന ആസ്തികളുടെ മൂല്യം അതുപയോഗിച്ച് വാങ്ങാനാവുന്ന ചരക്കുകളെ ആശ്രയിച്ചിരിക്കും. ചരക്കുകളുടെ വില കുത്തനെ ഉയർന്നുകൊണ്ടിരുന്നാൽ പണത്തിന്റെ മൂല്യം ഇടിയുന്നതുപോലെ ധന ആസ്തികളുടെ മൂല്യവും ഇടിയും. അതുകൊണ്ട് വിലക്കയറ്റം അവർക്ക് ചതുർത്ഥിയാണ്. സാമ്പത്തിക നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി അവർ കാണുന്നത് വിലക്കയറ്റത്തെ നിയന്ത്രിച്ചു നിർത്തലാണ്. ബാക്കി സമ്പദ്ഘടനയിലെ കാര്യങ്ങളൊക്കെ മുതലാളിമാർ നോക്കിക്കോളും. ഇതാണ് ഇവരുടെ ആദർശം. അതുകൊണ്ടാണ് ധനകമ്മി കുറച്ചു നിർത്താൻ ധനമന്ത്രി ഇത്രയേറെ വാശി കാണിക്കുന്നത്.

ധനകമ്മി വർദ്ധിപ്പിക്കണമെന്നല്ല എന്റെ വാദം. സർക്കാർ ചെലവ് വർദ്ധിപ്പിക്കണമെന്നാണ്. ധനകമ്മി വർദ്ധിപ്പിക്കാതെ ചെലവ് ഉയർത്താൻ മാർഗ്ഗമുണ്ട്. നികുതി വരുമാനം വർദ്ധിപ്പിക്കുക. 2022-–23-ൽ കേന്ദ്ര സർക്കാരിന്റെ അസൽ നികുതി വരുമാനം ജിഡിപിയുടെ 7.8 ശതമാനമായിരുന്നു. 2023–-24-ൽ അത് 7.9 ശതമാനമായി. എന്നാൽ 2024–-25-ലെ ബജറ്റിലും അത് 7.9 ശതമാനമായി തുടരുകയാണ്. പണക്കാരുടെമേൽ നികുതി ചുമത്തി അത് ജനങ്ങളുടെ വാങ്ങൽ കഴിവ് വർദ്ധിപ്പിക്കുന്ന റവന്യു ചെലവുകൾക്കായി വിനിയോഗിക്കുക എന്നതായിരിക്കണം നിയമം.

അസമത്വം സംബന്ധിച്ച ആഗോള പഠനങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന പണ്ഡിതനാണ് തോമസ് പിക്കറ്റി. 2024 മാർച്ച് മാസത്തിൽ അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് ‘ഇന്ത്യയിലെ വരുമാനത്തിലെയും സ്വത്തിലെയും അസമത്വം’ സംബന്ധിച്ച് ഒരു പഠന റിപ്പോർട്ട് (Income and Wealth Inequality in India) പ്രസിദ്ധീകരിക്കുകയുണ്ടായി. ബ്രട്ടീഷ് കാലത്തേക്കാൾ അതിസമ്പന്നരുടെ സ്വത്ത് വിഹിതം ഇന്ത്യയിൽ വർദ്ധിച്ചൂവെന്നാണ് അവരുടെ നിഗമനം. 2023-ൽ, ഏറ്റവും സമ്പന്നരായ ഒരു ശതമാനം പണക്കാരുടെ കൈവശമാണ് ദേശീയ വരുമാനത്തിന്റെ 22.6 ശതമാനം. അതുകൊണ്ടാണ് ശതകോടീശ്വരവാഴ്ച എന്ന് പുതിയ കാലത്തിന് അവർ പേര് നൽകിയത്. ശതകോടീശ്വരരുടെ സ്വത്തിനുമേൽ 2 ശതമാനം നികുതി ചുമത്തുകയും അത് പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്താൽ ക്ഷേമം വർദ്ധിക്കുമെന്ന് മാത്രമല്ല, സമ്പദ്ഘടനയിലെ മൊത്തം ഡിമാൻഡ് ഉയരുകയും വളർച്ചയുടെ വേഗത വർദ്ധിക്കുകയും ചെയ്യും. ഇത്തരമൊരു നിലപാട് ബിജെപി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുക വയ്യല്ലോ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − four =

Most Popular