Monday, September 9, 2024

ad

Homeകവര്‍സ്റ്റോറിയുവജനങ്ങളുടെ 
സ്വപ്നങ്ങൾക്കുമേൽ
കരിനിഴൽ വീഴ്ത്തുന്ന ബജറ്റ്

യുവജനങ്ങളുടെ 
സ്വപ്നങ്ങൾക്കുമേൽ
കരിനിഴൽ വീഴ്ത്തുന്ന ബജറ്റ്

വി കെ സനോജ്

ന്ത്യയിലെ യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾക്കുമേൽ വീണ്ടും കരിനിഴൽ വീഴ്ത്തി ക്കൊണ്ടാണ് മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.

അധികാര സംരക്ഷണ യജ്ഞം എന്നതിലുപരി യാതൊന്നും ബജറ്റ് വിഭാവനം ചെയ്യുന്നില്ല. രാജ്യത്തെ അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുവാനും യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും നിർദ്ദേശങ്ങളില്ലാത്ത യൂണിയൻ ബജറ്റ് അക്ഷരാർത്ഥത്തിൽ രാജ്യത്തെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഓരോ വർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് പറഞ്ഞുകൊണ്ട് 2014ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി ഈ കാലയളവിൽ രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് വർദ്ധിപ്പിക്കുകയും ലഭ്യമായിരുന്ന തൊഴിലുകൾ ഇല്ലാതാക്കുകയും മാത്രമല്ല വാഗ്ദാനം ചെയ്ത തൊഴിൽ പത്ത് വർഷമായിട്ടും ലഭ്യമാക്കാനും ശ്രമിച്ചില്ല. എന്നു മാത്രമല്ല പുതിയ കേന്ദ്ര ബജറ്റിലൂടെ തൊഴിലന്വേഷകരെ അപഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.കേന്ദ്രസർക്കാരിനെ താങ്ങിനിർത്തുന്ന പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി ഫണ്ടുകൾ അനുവദിച്ച ബജറ്റ്, രാജ്യം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്നകാര്യം സൗകര്യപൂർവ്വം മറന്നു.കേരളം പോലുള്ള ബിജെപിയിതര സംസ്ഥാനങ്ങൾക്ക് ഒരു പരാമർശംകൊണ്ടുപോലും പരിഗണന നൽകാത്ത ബജറ്റ് ഒരേസമയം ഇതുപോലെയുള്ള സംസ്ഥാനങ്ങളെയും തൊഴിൽ തേടുന്ന യുവാക്കളെയും വിഡ്ഢികളാക്കുന്ന സമീപനമാണ് സ്വീകരിച്ചത്.എല്ലാ മേഖലകളിലും ജനങ്ങൾക്ക് കനത്ത പ്രഹരമാണ് ബജറ്റിലൂടെ കേന്ദ്രസർക്കാർ നൽകിയത്.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും തൊഴിലുകൾ കരാർവത്കരിച്ചും സ്ഥിരം തൊഴിൽ എന്ന യുവതയുടെ സ്വപ്നം ഇല്ലായ്മ ചെയ്ത നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റിൽ രാജ്യം പ്രതീക്ഷിച്ചിരുന്നത് പൊതുമേഖലയിലെ തൊഴിലുകൾ സംരക്ഷിക്കപ്പെടുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമുള്ള പ്രഖ്യാപനങ്ങളാണ്.അത്തരമൊരു പ്രതീക്ഷയുമായി കാത്തിരുന്ന, അതിരൂക്ഷമായ തൊഴിലില്ലായ്മമൂലം നിരാശരായ യുവജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് കേന്ദ്രസർക്കാർ തള്ളിവിടുന്നത്.ആയിരക്കണക്കിന് കോടി രൂപ റെയിൽവേജോലിക്കുള്ള പരീക്ഷയുടെ അപേക്ഷയിലൂടെ ഫീസ് വാങ്ങിച്ച് പരീക്ഷ നടത്താതെ വഞ്ചിക്കപ്പെട്ട ചെറുപ്പക്കാർ ആ പരീക്ഷകൾ നടത്തുവാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നും പ്രതീക്ഷിച്ചു.

സി.എം.ഐ.ഇ.(സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി)യുടെ കണക്കനുസരിച്ച് 2024 ജൂണിൽ രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് 9.2 ശതമാനമാണ്.40 ശതമാനം ബിരുദധാരികൾ തൊഴിൽരഹിതരാണ്. ജോലിചെയ്യുന്നവരിൽ 20.9 ശതമാനംപേർക്കു മാത്രമാണ് സ്ഥിരവരുമാനം ലഭിക്കുന്നത്. ഇങ്ങനെയൊരു രാജ്യത്ത് യുവാക്കൾ പ്രതീക്ഷയോടുകൂടി കേന്ദ്ര ബജറ്റിനെ കാത്തിരിക്കുമ്പോൾ യുവജനങ്ങളുടെ തലയ്ക്കടിക്കുകയും അവരെ വിൽപ്പനചരക്കാക്കുകയും ചെയ്യുകയാണ് മോദി സർക്കാർ.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടമായ സ്ഥിരം തൊഴിലുകൾ പുനഃസ്ഥാപിക്കപ്പെടുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നും കരുതിയിരുന്ന യുവജനങ്ങളെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നയമാണ് അപ്ര ന്റിസ് എന്ന പേരിട്ട് കേന്ദ്രസർക്കാർ ബജറ്റിലൂടെ കൊണ്ടുവരുന്നത്. വൻകിട കോർപ്പറേറ്റുകൾക്ക് ശമ്പളം ഇല്ലാതെ കരാർ അടിമകളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിങ് ഏജൻസിയായി കേന്ദ്ര സർക്കാർ മാറി.

വരുന്ന 5 വർഷത്തിനുള്ളിൽ ഒരു കോടി യുവജനങ്ങൾക്കാണ് ഇന്ത്യയിലെ 500 കമ്പനികളിലായി ഇന്റേൺഷിപ്പ് രൂപത്തിലുള്ള ജോലി ഒരു വർഷത്തേക്കായി ലഭിക്കാൻ പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സിൽ രൂപപ്പെട്ട ആശയം എന്നുള്ള നിലയ്ക്കാണ് ഈ പദ്ധതി ബജറ്റിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മാസം 5,000 രൂപ ശമ്പളമാണ് ഈ പദ്ധതി വഴി ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവജനങ്ങളെ കാത്തിരിക്കുന്നത്.

(കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ദിവസവേതനം 300 രൂപയിൽ കൂടുതൽ ആണ്. ഒരു മാസം മുഴുവൻ ജോലി ലഭിക്കുകയാണെങ്കിൽ അതിലും എത്രയോ കൂടുതൽ ആണ് തൊഴിലുറപ്പു തൊഴിലാളികളുടെ വരുമാനം).

500 കമ്പനികളെ സംബന്ധിച്ച് ഏറ്റവും ലാഭകരമായ ഒരു ഗവൺമെന്റ് സ്‌പോൺസേർഡ് ബിസ്സിനസ്സാണ് ഇത്.

അടുത്ത 5 വർഷത്തേക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വിദ്യാസമ്പന്നരായ 1 കോടി യുവാക്കളെയാണ് അവർക്കു സ്വന്തം ബിസ്സിനസ്സ് വളർച്ചയ്ക്കായി ഉപയോഗിക്കാൻ വേണ്ടി ഓരോ വർഷവും ലഭിക്കാൻ പോകുന്നത്.

മറ്റൊരു പ്രധാന കാര്യം ഇത്തരത്തിലുള്ള കമ്പനിയുടെ ചെലവിന്റെ ഒരു ഭാഗം കണക്കിൽ വരാൻ പോകുന്നത് ‘കോർപ്പറേറ്റീവ് സോഷ്യൽ റെസ്പോൺസിബിലിറ്റി’ (CSR) ഫണ്ടിൽ നിന്നാണ് എന്നുള്ളതാണ്.

കമ്പനികളുടെ ലാഭവിഹിതത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം സാമൂഹിക സേവനത്തിന് ചെലവഴിക്കാൻ നിയമപരമായി നീക്കിവെച്ച തുക വകമാറ്റി ഉപയോഗിക്കാൻ കമ്പനികൾക്ക് ഈ പദ്ധതി അവസരം ഒരുക്കാൻ പോകുന്നു.

കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ ലേബർ പവർ ലഭ്യമാകാൻ ഗവൺമെന്റ് തന്നെ അവസരം നൽകുന്നു എന്നതും നിയമപരമായി സാമൂഹിക സേവനത്തിന് ചെലവഴിക്കേണ്ട CSR ഫണ്ടിൽ നിന്നും ഇവർക്കുള്ള ചെലവ് വഹിക്കാൻ കഴിയും എന്നുള്ളതും കമ്പനികളെ സംബന്ധിച്ചു സന്തോഷകരമായ കാര്യമാണ്.

യുവജനങ്ങളെ പറ്റിക്കുന്ന മറ്റൊരു അഗ്നിവീറാണ് ഈ അപ്രന്റീസ് പദ്ധതി.

ബജറ്റ് പ്രസംഗത്തിൽ ബജറ്റിന്റെ പ്രമേയം വിശദീകരിക്കുന്ന ഭാഗത്ത് ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞത് ഇങ്ങനെയാണ് “‘….I am happy to announce the Prime Minister’s package of 5 schemes and initiatives to facilitate employment, skilling and other opportunities for 4.1 crore youth over a 5-year period with a central outlay of ` 2 lakh crore’’. എന്നാൽ പ്രസംഗത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ പുതിയ തൊഴിൽ ഉണ്ടാക്കും എന്ന പേരിൽ രാജ്യത്തെ നികുതിപ്പണം കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ പാകത്തിൽ കുറെ ഗിമ്മിക്കുകൾ മാത്രമാണ് പ്രഖ്യാപനത്തിലുള്ളത് എന്ന വസ്തുതയാണ് ബോധ്യപ്പെടുന്നത്.

കോർപ്പറേറ്റുകളും അവരുടെ മാധ്യമങ്ങളും ബജറ്റിനു ശേഷം വലിയ നേട്ടമായി പ്രചരിപ്പിക്കുന്ന ഒന്ന് ബജറ്റിൽ പ്രഖ്യാപിച്ച മൂന്നു തരം എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) പദ്ധതികളാണ്. ഇതിൽ സ്കീം എ എല്ലാ തൊഴിലുടമകൾക്കും ബിയും സിയും പ്രത്യേക വിഭാഗങ്ങൾക്കും ബാധകമായ നിലയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

1. സ്‌കീം എ – പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക്

സ്കീം എ പ്രകാരം, ഒരു തൊഴിലുടമ പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയോ അല്ലെങ്കിൽ നേരത്തെ ഇപിഎഫ്ഒയിൽ ലിസ്റ്റുചെയ്യപ്പെടാത്ത ഏതെങ്കിലും തൊഴിലാളിയെ പുതുതായി ഉൾപ്പെടുത്തുകയോ ചെയ്താൽ, തൊഴിലാളിയുടെ ഒരു മാസത്തെ ശമ്പളം 15,000 രൂപ വരെ മൂന്ന് ഗഡുക്കളായി സർക്കാർ നൽകും. അതിനർത്ഥം, തൊഴിലുടമയ്ക്ക് നൽകേണ്ട വാർഷിക വേതന വിഹിതത്തിന്റെ പന്ത്രണ്ടിലൊന്ന് സർക്കാർ നേരിട്ട് സബ്‌സിഡി നൽകാൻ പോകുന്നു എന്നാണ്. പ്രതിമാസം ഒരു ലക്ഷം രൂപവരെ കിട്ടുന്നവർ ഈ പദ്ധതിക്ക് അർഹരായിരിക്കും.

രണ്ടു വർഷത്തിനുള്ളിൽ 2.1 കോടി തൊഴിലാളികൾക്ക് ഇതിന്റെ ഗുണം കിട്ടും എന്നാണ് സർക്കാർ വാദം. പക്ഷേ അത്രയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ ഒരു നടപടിയും ബജറ്റിൽ ഇല്ല എന്നോർക്കണം.ഇത് തൊഴിലുടമയ്ക്ക് ലാഭം ഉണ്ടാക്കും എന്നല്ലാതെ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമല്ല.

2. സ്‌കീം ബി – മാനുഫാക്ചറിങ് മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനായി

കുറഞ്ഞത് 50 പുതിയ തൊഴിലാളികളെയോ കഴിഞ്ഞ വർഷം ഇപിഎഫ്ഒയിൽ ചേർത്തിട്ടുള്ള തൊഴിലാളികളുടെ 25 % പുതിയ തൊഴിലാളികളെയോ നിയമിക്കുന്ന മാനുഫാക്ചറിങ് മേഖലയിലെ തൊഴിലുടമകൾ സ്കീം ‘ബി’ക്ക് യോഗ്യരായിരിക്കും. ഈ സ്‌കീം പ്രകാരം തൊഴിലാളിയുടെയും തൊഴിൽ ദാതാവിന്റെയും ഇപിഎഫ്ഒ സംഭാവന (8-24 % വരെ) നാല് വർഷം വരെ സർക്കാർ കൊടുക്കും.

3. സ്‌കീം സി – തൊഴിൽദാതാവിനുള്ള പിന്തുണ

പുതുതായി തൊഴിലെടുക്കുന്ന ഒരു ലക്ഷത്തിൽ താഴെ പ്രതിമാസ ശമ്പളമുള്ള
തൊഴിലാളികളുടെ കമ്പനി ഇപിഎഫ് സംഭാവന പരമാവധി പ്രതിമാസം 3,000 രൂപ വരെ രണ്ടു വർഷത്തേക്ക് സർക്കാർ കൊടുക്കും. ഈ സ്കീം പ്രയോജനപ്പെടുത്തുന്നതിന് കമ്പനികൾ എല്ലാ വർഷവും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യണം എന്നതാണ് ഏറ്റവും ദോഷകരമായ വസ്തുത; ഇതിനർത്ഥം ആദ്യ വർഷം റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലാളികൾ ഒരു വർഷം പൂർത്തിയാകുമ്പോൾ പുറത്താക്കപ്പെടുന്നതിനും സാധ്യത ഏറെയാണ് എന്നാണ്. കാരണം അടുത്ത വർഷം പുതിയ തൊഴിലാളികളെ എടുത്താൽ ,വീണ്ടും സർക്കാർ സബ്‌സിഡി ലഭിക്കും. അതുകൊണ്ടുതന്നെ കമ്പനികൾ പിരിച്ചുവിടലിന് പ്രാധാന്യം നൽകും.

നാലാമത്തെ പദ്ധതി സംസ്ഥാന സർക്കാരുകളും വ്യവസായസ്ഥാപനങ്ങളുമായി സഹകരിച്ച് അഞ്ചു കൊല്ലം കൊണ്ട് 20 ലക്ഷം യുവജനങ്ങളുടെ നൈപുണ്യം വികസിപ്പിക്കുന്ന പദ്ധതിയാണ്. ഇതിനായി 1000 ഐ.ടി.ഐ കൾ സ്ഥാപിക്കും എന്നാണ് ബജറ്റിൽ പറയുന്നതും. ഈ പദ്ധതിയിലും എന്തെങ്കിലും പുതിയ തൊഴിൽ കൊടുക്കുന്ന നിർദ്ദേശമില്ല എന്ന് ശ്രദ്ധിക്കണം.

യുവാക്കൾക്കിടയിലെ നൈപുണ്യ വികസനം ബജറ്റിൽ കൊട്ടിഘോഷിച്ച് തൊഴിലില്ലായ്മയുടെ നീറുന്ന പ്രശ്‌നത്തിൽ നിന്നും ഒളിച്ചോടുകയാണ് മോദി സർക്കാർ. ഈ പ്രഖ്യാപിച്ച പദ്ധതികളൊന്നും പുതുതായി തൊഴിൽ സൃഷ്ടിക്കാൻ പര്യാപ്തമല്ല എന്നു മാത്രമല്ല ജനങ്ങളുടെ നികുതിപ്പണം കോർപ്പറേറ്റുകൾക്ക് വഴിമാറ്റി കൊടുക്കുന്നതിനു അവസരം നൽകുന്നതുമാണ്. 2016നും 2022നും ഇടയിൽ സർക്കാരിന്റെ നൈപുണ്യ പ്രോത്സാഹന പദ്ധതികളിലൂടെ പരിശീലനം നേടിയവരിൽ 18 ശതമാനം യുവാക്കൾക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്. അതുകൊണ്ടുതന്നെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിലയിൽ സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കാതെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനാവില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular