Tuesday, December 3, 2024

ad

Homeകവര്‍സ്റ്റോറികേന്ദ്രബജറ്റിലെ 
നികുതി പരിഷ്കരണ 
പ്രഖ്യാപനങ്ങൾ

കേന്ദ്രബജറ്റിലെ 
നികുതി പരിഷ്കരണ 
പ്രഖ്യാപനങ്ങൾ

ആർ മോഹൻ

ഴിഞ്ഞ 20 വർഷത്തിനിടയിൽ ഇന്ത്യയിലെ നികുതി ഘടനയിൽ ഉണ്ടായ പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

1. കേന്ദ്ര നികുതിയിലെ പ്രത്യക്ഷനികുതികളുടെ അനുപാതം ഏകദേശം 50 ശതമാനത്തോളമെത്തി.

2. ആദ്യഘട്ടത്തിൽ പ്രത്യക്ഷനികുതിയിനത്തിൽ കോർപ്പറേറ്റ് നികുതിക്കായിരുന്നു ഒന്നാം സ്ഥാനം

3. കഴിഞ്ഞ 4 വർഷക്കാലയളവിൽ വ്യക്തിഗത വരുമാന നികുതി കോർപ്പറേറ്റ് നികുതിയെക്കാൾ മുന്നിലെത്തിയിരിക്കുന്നു.

4. 2017- ജൂലൈ 1 ന് ജി.എസ്.ടി. നിലവിൽ വന്നതു മുതൽ പരോക്ഷനികുതി നിരക്ക് ഏകീകരിക്കപ്പെട്ടിരിക്കുന്നു.

5. വ്യക്തിഗത കോർപ്പറേറ്റ് നികുതിയിൽ ഇളവുകൾ ഉപേക്ഷിച്ചതിനാൽ കുറഞ്ഞ നിരക്കിൽ നികുതി നൽകുന്ന സമ്പ്രദായം നിലവിൽ വന്നിരിക്കുന്നു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ നികുതി പരിഷ്കരണം വലിയ ചർച്ചയാവുകയുണ്ടായി. ഇന്ത്യയിൽ 1980 കൾക്കുശേഷം വരുമാനം സമ്പത്ത് അടിസ്ഥാനമാക്കിയുള്ള അസമത്വം വർദ്ധിച്ചുവരുന്നതായി നിതിൻ കുമാർ ഭാരതി, ലുക്കാസ് ചാൻസൽ, തോമസ് പിക്കറ്റി അമോൽ സോമാഞ്ചി എന്നിവർ നടത്തിയ പഠനം വെളിവാക്കുന്നു [വേൾഡ് ഇൻ ഇക്വാളിറ്റി ലാബ് മാർച്ച് 18, 2024]. നൂറുവർഷ കാലയളവിലെ അസമത്വ പ്രവണതകളെ അപഗ്രഥിക്കുന്ന പഠനത്തിൽ പറയുന്നത് 1951 ൽ മുകൾ തട്ടിലെ 10 ശതമാനത്തിന്റെ പക്കൽ ദേശീയ സമ്പത്തിന്റെ 37ശതമാനം ഉണ്ടായിരുന്നത് 1982-ൽ 30ശതമാനമായി കുറഞ്ഞുവെങ്കിലും അതിനു ശേഷമുള്ള മൂന്ന് ദശാബ്ദകാലയളവിൽ ഇത് 60 ശതമാനമായി ഉയർന്നു എന്നാണ്.

ഇതേകാലയളവിലാണ് [ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്ത് ] വ്യക്തിഗത കോർപ്പറേറ്റ് നികുതി നിരക്കിൽ ഗണ്യമായ കുറവ് മാറി മാറി വന്ന സർക്കാരുകൾ വരുത്തിയത്.

1985-ൽ മരണാനന്തരം കൈമാറ്റം ചെയ്യപ്പെടുന്ന സ്വത്തിൻ മേലുള്ള നികുതിയും [ Inheritance Tax അഥവാ Estate Duty ] 2016-ൽ സ്വത്ത് നികുതിയും റദ്ദാക്കപ്പെട്ടു.

ഏറ്റവും ഉയർന്ന വരുമാന ബ്രാക്കറ്റിലുള്ളവർക്കുള്ള നികുതി 1970 കളുടെ തുടക്കത്തിൽ 97.5 ശതമാനം വരെ ആയിരുന്നത് ക്രമേണ കുറച്ചുകൊണ്ട് 1997-ൽ 30 ശതമാനമാക്കി.

കുറഞ്ഞ നികുതി നിരക്ക് നികുതി വർദ്ധനയ്ക്ക് ത്വരകമാകുമെന്നാണ് പൊതുവെ കരുതപ്പെട്ടത്.

1991-ൽ സാമ്പത്തിക ഉദാരവത്കരണം നടപ്പാക്കി തുടങ്ങിയ ശേഷം കസ്റ്റംസ് തീരുവയിൽ ഗണ്യമായ കുറവ് വരുത്തുകയുണ്ടായി. പ്രത്യക്ഷനികുതിയുടെ അനുപാതം ഉയർന്നുവെങ്കിലും കേന്ദ്ര നികുതി – ആഭ്യന്തര വരുമാന അനുപാതം ഏറിയും കുറഞ്ഞും 1980 കളിലെ ഉദ്ദേശ്യം 11.5 ശതമാനത്തിൽ തന്നെയാണ് 2023-–24 ലും നിൽക്കുന്നത്. ഇത് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ [ 25 ശതമാനം മുതൽ 40ശതമാനം വരെയുണ്ട്] വളരെ താഴ്ന്നതാണ്.

ഇന്ത്യയിലെ നികുതി -– ആഭ്യന്തര വരുമാന അനുപാതം നാല് ദശാബ്ദങ്ങളായി ഉയരാതെ നിൽക്കുന്നത് വിവിധ മേഖലകളിൽ ഇടപെടാനുള്ള കേന്ദ്ര- – സംസ്ഥാന സർക്കാരുകളുടെ ശേഷിക്ക് വിലങ്ങുതടിയാണ്.

വരുമാന, സ്വത്ത് അസമത്വങ്ങൾ വർദ്ധിച്ചുവരുന്ന വേളയിൽ മുകൾത്തട്ടിലുള്ളവരുടെ മേൽ സ്വത്ത് നികുതിയും സ്വത്ത് കൈമാറ്റ നികുതിയും ഏർപ്പെടുത്തുന്ന കാര്യം പരിഗണനാർഹമാണ്. ഈ ദിശയിലുള്ള ഒരു നടപടിയും ബജറ്റിലില്ല എന്നത് ശ്രദ്ധേയമാണ്.

2023 –- 24ലെ സാമ്പത്തിക സർവ്വേയിൽ കോർപ്പറേറ്റ് നികുതി ഭാരത്തെപ്പറ്റി ഒരു വിശകലനമുണ്ട്. അതിൽ പറയുന്നത് 500 കോടി രൂപക്ക് മുകളിൽ ലാഭമുള്ള കമ്പനികളുടെ യഥാർഥ നികുതിഭാരം [ഇളവുകൾക്ക് ശേഷം ] 20.04% മാണ് എന്നാണ്. ഇത് ഇവരെക്കാൾ താഴ്ന്ന വരുമാനമുള്ള കമ്പനികൾക്കുള്ളതിനേക്കാൾ കുറവാണ് എന്നതാണ് കണ്ടെത്തൽ.

ബജറ്റിൽ വിദേശകമ്പനികൾക്കുള്ള നികുതി നിരക്ക് 40 ശതമാനത്തിൽ നിന്നും 35 ശതമാനമായി കുറച്ചിട്ടുണ്ട്.

പുതിയ സ്കീമിൽ ചേർന്നവരുടെ വ്യക്തിഗതവരുമാനത്തിനുള്ള ഒഴിവ് 2.50 ലക്ഷം രൂപയിൽ നിന്നും 3 ലക്ഷം രൂപയായി ഉയർത്തി ഒരു ചെറിയ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ 15 ലക്ഷം മുതൽ എത്ര കോടി വരുമാനമുണ്ടെങ്കിലും നികുതിനിരക്ക് 30 ശതമാനം തന്നെയാണ്. ഒരു കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് സർച്ചാർജ്ജ് ചുമത്തുന്നത് തുടരും.

ഭൂമിവിൽപന ഉൾപ്പെടെയുള്ള ആസ്തികൾ വിൽക്കുമ്പോൾ മൂല്യ വർദ്ധന നികുതി [ Capital Gains Tax] ചുമത്തപ്പെടുന്നു. എന്നാൽ, വിൽക്കുമ്പോൾ കിട്ടുന്ന വിലയിൽ നിന്നും വാങ്ങൽ വില കിഴിച്ചാണ് മൂല്യവർദ്ധന കണക്കാക്കുന്നത്. ഇതുവരെ ഉണ്ടായിരുന്ന രീതി വാങ്ങൽ വിലയെ പണപ്പെരുപ്പം അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്ന ഇൻഡെക്സ്കൊണ്ട് ഉയർത്താനായിരുന്നു. ഇൻഡക്സേഷനുള്ള ഇളവ് 2023-–24 ലെ ഭേദഗതിയിലൂടെ എടുത്തു കളയാൻ ലക്ഷ്യമിട്ടിട്ടുണ്ട്. മൂല്യവർദ്ധന നികുതിനിരക്ക് 20 ശതമാനത്തിൽ നിന്നും 12.5 ശതമാനമായി കുറച്ചിട്ടുണ്ട്. ഈ മാറ്റങ്ങളുടെ പ്രതിഫലനം റിയൽ എസ്റ്റേറ്റ് നിർമ്മാണ മേഖലകളിലുണ്ടാകും. പ്രതികൂല ഫലമുണ്ടായാൽ സംസ്ഥാന സർക്കാരുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷൻ, ഫീസ് എന്നിവയിൽ നിന്നുള്ള വരുമാനം കുറയാനിടയാക്കും.

ബജറ്റ് രേഖകളിൽ നിന്നും കാണാൻ കഴിയുന്ന മറ്റൊരു പ്രധാനപ്പെട്ട വിവരം കേന്ദ്രസർക്കാരിന് വിവിധ നികുതികളിൽ നിന്നും 2023 മാർച്ച് അവസാനം വരെ 21 ലക്ഷം കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട് എന്നാണ്. പുതിയ നികുതി തർക്ക പരിഹാര പരിപാടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ എത്ര തുക പിരിഞ്ഞു കിട്ടുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

1961- ലെ ആദായനികുതി നിയമം സമഗ്രമായി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 15 വർഷങ്ങൾക്ക് മുൻപ് പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കപ്പെട്ടിരുന്നു. അത് മുന്നോട്ടുപോയില്ല.

ചുരുക്കിപ്പറഞ്ഞാൽ കേന്ദ്ര ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ എടുത്തുപറയത്തക്ക പുതിയ നയങ്ങളൊന്നും ഇല്ലെന്ന് വിലയിരുത്തേണ്ടിവരും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × two =

Most Popular