Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിബജറ്റിൽ തൊഴിലാളികൾ 
പരിഗണിക്കപ്പെടുന്നുണ്ടോ?

ബജറ്റിൽ തൊഴിലാളികൾ 
പരിഗണിക്കപ്പെടുന്നുണ്ടോ?

എ ആർ സിന്ധു

നകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഊന്നിപ്പറഞ്ഞു, ഇന്ത്യയിൽ നാലു പ്രധാന ജാതികൾക്കാണ് ഈ ബജറ്റിൽ മുൻഗണന നല്കുന്നത് – അന്നദാതാ (കർഷകർ), മഹിളാ(സ്ത്രീകൾ), യുവാ (യുവജനങ്ങൾ) ഗരീബ് (ദരിദ്രർ). ബിജെപിയുടെ തൊഴിലാളികളോടുള്ള സമീപനം ഇതിൽ നിന്നും വ്യക്തമാണ്-. തൊഴിലാളികൾ എന്ന വിഭാഗം ഇതിൽ ഇല്ല, മറിച്ച് ആ സ്ഥാനത്ത് ദരിദ്രരാണ്. ഈ ഒരൊറ്റ വർഗീകരണം കൊണ്ട് തൊഴിലാളികൾ എന്ന സമ്പത്ത് ഉത്പാദിപ്പിക്കുന്ന, ഭരണഘടനാദത്തവും നിയമപരവുമായ പരിരക്ഷയുള്ള, അവകാശങ്ങളുള്ള വർഗ്ഗം എന്ന നിലയിൽ നിന്നു അനുതാപം മാത്രം അർഹിക്കുന്ന ഒരു വിഭാഗമായി ജനസംഖ്യയുടെ ഏറ്റവും വലിയ ഈ വിഭാഗത്തെ മാറ്റാൻ ഭരണവർഗ്ഗ ആശയങ്ങൾക്ക് കഴിഞ്ഞു. ഈ ബജറ്റും തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങളോട് ഇതിന്റെ അടിസ്ഥാനത്തിലുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ബി ജെ പി അധികാരത്തിലെത്തിയ ശേഷം തൊഴിൽ നിയമങ്ങൾ ഒന്നാകെ ഇല്ലായ്മ ചെയ്യാൻ നാലു ലേബർ കോഡുകൾ കൊണ്ടുവരിക മാത്രമല്ല (തൊഴിലാളി സംഘടനകളുടെ സംഘടിതമായ ചെറുത്തുനിൽപ്പ് മൂലം ഇതുവരെ അവ നടപ്പാക്കാൻ സാധിച്ചിട്ടില്ല), ദീർഘകാല സമരങ്ങളിലൂടെ നേടിയെടുത്ത ദ്വികക്ഷി – ത്രികക്ഷി ഫോറങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യുകയോ നോക്കുകുത്തികളാക്കുകയോ ചെയ്തു. മോദി അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ ഏറ്റവും ഉയർന്ന ത്രികക്ഷി ഫോറം – ഇന്ത്യൻ ലേബർ കോൺഫറൻസ്(ilc) ഒരിക്കൽ മാത്രമേ (2015) ചേർന്നിട്ടുള്ളൂ. മുൻകാലങ്ങളിലെ ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശകൾ ഒന്നുപോലും നടപ്പാക്കാൻ മോദി സർക്കാർ തയ്യാറായിട്ടില്ല.

എന്നാൽ എല്ലാ വർഷവും ബജറ്റിന് മുന്നോടിയായി സർക്കാർ കേന്ദ്ര ട്രേഡ് യൂണിയനുകളുമായി നടത്തുന്ന ചർച്ച ഈ വർഷവും നടന്നു. എല്ലാ ട്രേഡ് യൂണിയനുകളും (ബി എം എസ് ഒഴികെ) ചേർന്ന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യങ്ങൾ മാത്രമല്ല അവ നടപ്പാക്കാനുള്ള വിഭവ സമാഹാരണത്തിനുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. ഇതേപോലെ, മുൻവർഷങ്ങളിൽ 45 കോടി തൊഴിലാളികളെ പ്രതിനിധീകരിച്ച് ട്രേഡ് യൂണിയനുകൾ നല്കിയ നിർദ്ദേശങ്ങളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് മാത്രമല്ല നേർവിപരീതമായ നയങ്ങളാണ് ബി ജെ പി – എൻ ഡി എ സർക്കാരുകൾ ചെയ്തുവരുന്നത് എന്നും ട്രേഡ് യൂണിയനുകൾ ഈ മീറ്റിങ്ങിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ലേബർ കോൺഫറൻസ് ഉടൻ വിളിച്ചു ചേർക്കണമെന്നും മുൻ ശുപാർശകൾ നടപ്പിലാക്കണമെന്നും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യ വേദി ആവശ്യപ്പെട്ടു.

എന്നാൽ മുൻ വർഷങ്ങളിലെ പോലെ തന്നെ ഏറ്റവും തൊഴിലാളി വിരുദ്ധവും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമേഖലയും മാത്രമല്ല, നികുതിപ്പണവും ഉൾപ്പെടെ കോർപ്പറേറ്റുകൾക്കു തീറെഴുതുന്ന ബജറ്റാണ് ജൂലൈ 23ന് നിർമല സീതാരാമൻ അവതരിപ്പിച്ചത്. മറുഭാഗത്ത് തൊഴിലാളികളുടെയും കർഷകരുടെയും ജനങ്ങളുടെയാകെയും എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്നു, ഈ ബജറ്റ്.

വിലക്കയറ്റം
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്കു യാതൊരാശ്വാസവും നൽകുന്നില്ല എന്നു മാത്രമല്ല ഭക്ഷ്യ വിലക്കയറ്റം 9.4% എത്തിനില്ക്കുമ്പോൾ ഭക്ഷ്യ സബ്സിഡി 3.33% വും പാചക വാതക സബ്സിഡി 2.57%വും വെട്ടിക്കുറച്ചിരിക്കുന്നു ഈ ബജറ്റ്. പാലും തൈരും അടക്കമുള്ള ഭക്ഷ്യവസ്തുക്കളിന്മേൽ ചുമത്തിയ ജി എസ് ടി യും ഭക്ഷ്യ മേഖലയിലെ ഊഹക്കച്ചവടവും (forward trading) പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ശുദ്ധജലത്തിനായുള്ള പദ്ധതിക്കുള്ള വിഹിതം 1,500 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നു.

ഭക്ഷ്യ സുരക്ഷ: 
പ്രവാസി തൊഴിലാളികൾക്ക് 
റേഷൻ
തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നൽകി വരുന്ന അഞ്ചു കിലോ സൗജന്യ ഭക്ഷ്യധാന്യ റേഷൻ ആയിരുന്നു. ഇത് കൂടാതെ, സുപ്രീംകോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന ഇ–-ശ്രമ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എട്ട് കോടി പ്രവാസി- അസംഘടിത മേഖലാ തൊഴിലാളികൾക്ക് റേഷൻ കാർഡ് നല്കാനും അവർക്കായുള്ള റേഷന് വേണ്ടി സംസ്ഥാനങ്ങൾക്ക് കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിനും അടുത്തയിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി നിലനിൽക്കെയാണ് ഈ ബജറ്റിൽ ഭക്ഷ്യ സബ്സിഡി കഴിഞ്ഞ വർഷത്തേതിൽനിന്നു 3.33% വെട്ടിക്കുറച്ചത്.

മുൻവർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോഴാണ് ‘മോദിയുടെ റേഷന്റെ’ തട്ടിപ്പ് മനസ്സിലാകുക. ഭക്ഷ്യസുരക്ഷാനിയമപ്രകാരം നല്കേണ്ട സബ്സിഡി എന്നതിൽ നിന്ന് ഈ വിഹിതത്തെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലേക്ക് മാറ്റുകയും വിഹിതം വെട്ടിക്കുറയ്ക്കുകയുമാണ് ഈ സർക്കാർ ചെയ്തത്. 2022-–23 ൽ 2,72,802.38 കോടി രൂപയുണ്ടായിരുന്ന ഭക്ഷ്യ സബ്സിഡിക്കായി ഈ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 2,05,250.01 കോടി രൂപ മാത്രമാണ് (70,000 കോടി രൂപയുടെ കുറവ്). കഴിഞ്ഞ വർഷം(പുതുക്കിയ ബജറ്റ്) ഇത് 2,12,332.00 കോടി രൂപയായിരുന്നു. ഈ വെട്ടിക്കുറവ് പാവപ്പെട്ടവന്റെ റേഷനെ മാത്രമല്ല, വിവിധ സർക്കാർ പദ്ധതികളെയും വിലനിലവാരത്തെയും പ്രതികൂലമായി ബാധിക്കും.

തൊഴിൽ, കൂലി
തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ പുതിയ തൊഴിൽ സൃഷ്ടിക്കാനായി യാതൊരു പദ്ധതിയും ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. മറിച്ച് തൊഴിലില്ലായ്മയുടെയും തൊഴിലാളികൾക്കു ലഭിക്കുന്ന സൗകര്യങ്ങളുടെയും കണക്കുകൾ മറച്ചുവയ്ക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമാവുക മാത്രമല്ല, യഥാർഥ കൂലി വിവിധ മേഖലകളിൽ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ കുറഞ്ഞിരിക്കുകയാണ്. ഈ കണക്കുകൾ പുറത്തുകൊണ്ടുവന്ന ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനെതിരെ പരാതിപ്പെടാനാണ് സർക്കാർ തുനിയുന്നത്!

സർക്കാർ – വകുപ്പുകളിലും പൊതുമേഖലയിലും നിലവിലുള്ള ഒഴിവുകൾ നികത്താനോ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനോ യാതൊരു നടപടികളും ഈ ബജറ്റിൽ ഇല്ല. മറിച്ച് ലേബർ കോഡുകൾ നടപ്പിൽ വന്നാൽ നിലവിലുള്ള സ്ഥിര ജോലികളും ഇല്ലാതാകും. അഖിലേന്ത്യാ തലത്തിൽ മിനിമം കൂലി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

മുതലാളിമാർക്ക് സബ്സിഡി :
തൊഴിലാളിക്കു പകരം ഇന്റേൺ
നേരേമറിച്ച് തൊഴിലിന്റെ പേരിൽ കുത്തക മുതലാളിമാർക്കുള്ള ആനുകൂല്യങ്ങളും സബ്സിഡികളും വർധിപ്പിക്കാൻ ഗവേഷണം ചെയ്തു കണ്ടുപിടിച്ച പദ്ധതികളാണ് ഈ ബജറ്റിൽ.

കഴിഞ്ഞ ബജറ്റുകളിൽ (2020 മാർച്ച് മുതൽ) കോർപ്പറേറ്റ് കമ്പനികൾക്ക് (വിദേശ കമ്പനികൾ അടക്കം) ഉത്പാദന ബന്ധിത പ്രോത്സാഹനം എന്ന ഇനത്തിൽ -അതായത് ഇന്ത്യയിൽ ഉത്പാദന മേഖലയിൽ പണം മുടക്കുന്ന കമ്പനികൾക്ക് (ഇത് തൊഴിൽ സൃഷ്ടിക്കുമെന്നാണ് വയ്പ്), സർക്കാർ കോടിക്കണക്കിന് രൂപ നൽകി. മാനുഫാക്ചറിങ് മേഖലയിലെ 14 കമ്പനികൾക്ക് 1.97 ലക്ഷം കോടി രൂപയും ഇലക്ട്രോണിക്സ് മേഖലയിൽ പ്രത്യേക പാക്കേജ് പ്രകാരം 76,000 കോടി രൂപ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ ഇൻസെന്റീവ് ഇനത്തിലും നൽകി. എന്നാൽ ഈ കോർപ്പറേറ്റുകളുടെ ലാഭം വൻതോതിൽ വർദ്ധിച്ചതല്ലാതെ ഉത്പാദന മേഖലയിലെ തൊഴിലും ഉത്പാദനവും യാതൊരു വർദ്ധനയും രേഖപ്പെടുത്തിയില്ല.

ഇത്തവണയാകട്ടെ രണ്ടു ലക്ഷം കോടി രൂപയുടെ തൊഴിൽ ബന്ധിത പ്രോത്സാഹന (5 വർഷത്തേക്ക്) മാണ് സർക്കാർ കോർപ്പറേറ്റുകൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഈ വർഷം ഇതിന് 1.48 ലക്ഷം നീക്കിവച്ചിരിക്കുന്നു. കുത്തകകളുടെ ലാഭം പോരാഞ്ഞ് തൊഴിൽ ചെലവ് (labour cost) സർക്കാർ ഏറ്റെടുക്കുകയാണ്. ട്രെയിനികൾ, അപ്രന്റീസുകൾ എന്നീ പേരുകളിൽ ചെറുപ്പക്കാരെ പണിയെടുപ്പിക്കാനും അവരുടെ കൂലി സർക്കാരിനെക്കൊണ്ട് കൊടുപ്പിക്കാനുമുള്ള പദ്ധതിയാണിത്. തന്നെയുമല്ല ഈ പദ്ധതി പ്രകാരം തൊഴിലാളിക്കല്ല നേരിട്ട് മുതലാളിക്കായിരിക്കും സർക്കാർ പണം കൊടുക്കുക. മൂന്നു സ്കീമുകളിലായി തൊഴിലാളിയുടെ കൂലിയുടെ ഏതാണ്ട് മൂന്നിലൊന്നു സർക്കാർ നേരിട്ട് കൊടുക്കുകയാണ്.

500 വൻകിട കമ്പനികളിൽ അപ്രന്റീസുകളെ കൂടാതെ ഇന്റേണുകളെ നിയമിച്ച് ഉത്പാദനം അവരെക്കൊണ്ടു നടത്തിക്കാനുള്ള അനുമതി മാത്രമല്ല അവരുടെ ശമ്പളത്തിൽ ഒരു ഭാഗം സർക്കാർ കൊടുക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. വർഷാവർഷം പുതിയ ഇന്റേണുകൾ വരുന്ന ഈ പദ്ധതി പ്രകാരം സ്ഥിര ജോലി എന്ന സ്വപ്നം ഇനിമേൽ കാണേണ്ടതില്ല എന്നു രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിക്കുകയാണ് കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള ഈ സർക്കാർ. ഇതിന് 56,000 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്! ഇതും കമ്പനികൾക്കാണു ലഭിക്കുക.

ഇതും കൂടാതെ സി എസ് ആർ (corporate social responsibility) ഫണ്ടിൽ നിന്നും ഇതിലേക്ക് പണം ചെലവാക്കാൻ സർക്കാർ ഈ ബജറ്റിൽ അനുമതി നല്കിയിരിക്കുന്നു. തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം സാമൂഹ്യസേവന പദ്ധതികൾക്കായി നീക്കി വയ്ക്കുന്ന ഈ സ്കീം (ഇതിന്റെ സ്ഥാനത്ത് കൂടുതൽ കോർപ്പറേറ്റ് നികുതിയോ സെസ്സോ ഈടാക്കാനാണ് സി ഐ ടി യു ആവശ്യപ്പെടുന്നത്) സ്വന്തം ചെലവുകൾക്ക് ഉപയോഗിച്ച ശേഷം അത് സാമൂഹ്യ ഉത്തരവാദിത്തമായി കണക്കുകൂട്ടാൻ വളരെ കാലമായി മുതലാളിമാർ ആവശ്യപ്പെടുന്നതാണ്. ഇതാണ് ഇത്തവണത്തെ ബജറ്റിൽ നിർമ്മല സീതാരാമൻ അനുവദിച്ചു കൊടുത്തത്.!

തൊഴിലുറപ്പ് പദ്ധതി
ഇന്ത്യൻ തൊഴിലാളിക്ക് തൊഴിൽ ഉറപ്പു വരുത്തുന്ന നിയമ പരിരക്ഷയുള്ള ഒരേയൊരു പദ്ധതി – ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ചെലവ് വീണ്ടും കുറച്ചിരിക്കുന്നു. 2022-–23ൽ 1,11,170 കോടി രൂപയായിരുന്നു. 2023-24ലേ ബജറ്റിൽ 33% വെട്ടിക്കുറവാണ് സർക്കാർ ഇപ്പോൾ വരുത്തിയത്. ഇത്തവണത്തെ ബജറ്റിൽ 86,000 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. കഴിഞ്ഞ വർഷത്തെ (പുതുക്കിയ estimate) അതേ തുകയായി ബജറ്റിൽ കാണിക്കുന്നുവെങ്കിലും ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കൊടുത്ത കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെ യഥാർഥ ചെലവ് 1.05 ലക്ഷം കോടിരൂപയാണ്. ഇതനുസരിച്ച് ഈ വർഷത്തെ ബജറ്റിൽ 19,000ത്തിലേറെ കോടി രൂപയുടെ വെട്ടിക്കുറവാണ്. തൊഴിൽ ദിനങ്ങൾ 200 ആക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങൾ അവഗണിക്കുന്നതോ പോകട്ടെ, കഴിഞ്ഞ വർഷം ശരാശരി 55 ദിവസമാണ് ഒരു കുടുംബത്തിന് തൊഴിൽ നല്കിയത്. നൂറു ദിവസം തൊഴിൽ ലഭ്യമാക്കണമെങ്കിൽ 2.7 ലക്ഷം കോടി രൂപ വകയിരുത്തേണ്ടതുണ്ട്.

ഇതിനിടയിൽ തൊഴിലുറപ്പ് കൂലി തുച്ഛമായെങ്കിലും വർദ്ധിപ്പിച്ചത് ബജറ്റിൽ ഉൾപ്പെടുത്തിട്ടിയില്ല. എല്ലാ സംസ്ഥാനങ്ങളിലും മിനിമം കൂലിയിലും കുറവാണ് തൊഴിലുറപ്പ് പദ്ധതിയിൽ കൊടുക്കുന്നത്.

നഗര ജീവനോപാധി മിഷനുള്ള തുക 43% വെട്ടിക്കുറച്ചിരിക്കുന്നു. ആത്മനിർഭർ ഭാരത റോസ്ഗാർ യോജന (സ്വയംപര്യാപ്ത ഭാരത തൊഴിൽ പദ്ധതി) ക്കുള്ള വിഹിതം 2,200 കോടി രൂപയിൽ നിന്നു 150 കോടിയായി വെട്ടിക്കുറച്ചിരിക്കുന്നു.

ജീവനക്കാരുടെ ആവശ്യങ്ങൾ
സർക്കാർ ജീവനക്കാരുടെ വേതന പരിഷ്കാരത്തിനായി എട്ടാം ശമ്പള കമ്മീഷനെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പുത്തൻ പെൻഷൻ സ്കീം നിർത്തലാക്കി പഴയ പെൻഷൻ സ്കീം തിരികെ കൊണ്ടുവരുമെന്ന യാതൊരു ഉറപ്പും ഈ ബജറ്റ് നൽകുന്നില്ല.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് കീഴിൽ തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങളായ ശമ്പളപരിധി എടുത്തു കളയുക , മിനിമം പെൻഷൻ 9,000 രൂപയാക്കുക എന്നീ ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല എന്നു മാത്രമല്ല, മിനിമം പെൻഷൻ 2,000 രൂപയാക്കാനുള്ള ഇ പി എഫ് ഒയുടെ ശുപാർശ പോലും അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. ഇവിടെ പണം സർക്കാരിന് മുടക്കേണ്ടതില്ല. എന്നാൽ മുതലാളിമാർക്ക് അനുകൂലമായി മുതലാളിയുടെ പി എഫ് വിഹിതം സർക്കാർ അടയ്-ക്കുവാനും വിഹിതം അടയ്-ക്കാത്ത മുതലാളിയെ ശിക്ഷിക്കാനുള്ള വകുപ്പ് എടുത്തുകളയുകയും പിഴ ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനുമാണ് സർക്കാർ തയ്യാറായത്.

അസംഘടിത മേഖല – 
സാമൂഹ്യ സുരക്ഷയും പെൻഷനും
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാനിയമം 2008 ൽ പാസായെങ്കിലും ഇതിനുകീഴിൽ അസംഘടിത മേഖലാ തൊഴിലാളി സാമൂഹ്യ സുരക്ഷാ ഫണ്ട് രൂപീകരിച്ച് നിശ്ചിതമായ പെൻഷനും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്താൻ സർക്കാർ ഇന്നുവരെ തയ്യാറായിട്ടില്ല.

നേരേമറിച്ച് തൊഴിലാളി ക്ഷേമ ഫണ്ടിനുള്ള 1,200 കോടി രൂപയടക്കം വകുപ്പിനുള്ള 3,000 കോടി രൂപയാണ് തൊഴിൽ വകുപ്പിൽ വെട്ടിക്കുറച്ചത്.

പ്രധാനമന്ത്രി ശ്രമയോഗി മാൻധൻ യോജന (അസംഘടിത മേഖല പെൻഷൻ സ്കീം)യുടെ വിഹിതം കഴിഞ്ഞ വർഷത്തേതിൽ നിന്നു പകുതിയാക്കി. ഇതാകട്ടെ തുച്ഛമായ 170 കോടി രൂപ മാത്രവും.

മുതലാളിമാർക്ക് സബ്സിഡി ഉറപ്പുവരുത്താന് ലക്ഷക്കണക്കിന് കോടി രൂപ വകയിരുത്തുന്ന സർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികളെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുകയല്ലാതെ അവർക്ക് മിനിമം കൂലി ഉറപ്പുവരുത്തുന്നതോ മിനിമം പെൻഷൻ ഉറപ്പുവരുത്തുന്നതോ ആയ ഏതെങ്കിലും വരുമാന പിന്തുണാ പദ്ധതിയോ സബ്സിഡിയോ നല്കാൻ തയ്യാറായിട്ടില്ല.

സ്കീം തൊഴിലാളികൾ
രാജ്യത്തെ ജനങ്ങൾക്ക് ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്തുന്ന വിവിധ സർക്കാർ പദ്ധതികളിൽ (അങ്കണവാടി, ഉച്ചഭക്ഷണം, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങി) തൊഴിലെടുക്കുന്ന സ്കീം തൊഴിലാളികൾക്കു (അങ്കണവാടി, ആശ, സ്കൂൾ പാചക തൊഴിലാളികൾ) മിനിമം കൂലിയും പെൻഷനും ഉറപ്പുവരുത്തണമെന്ന 45, 46 ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ശുപാർശകൾ നടപ്പാക്കിയില്ലെന്ന് മാത്രമല്ല, ഏതാണ്ട് 70 ലക്ഷത്തോളം വരുന്ന (ഈ മൂന്നു വിഭാഗം മാത്രം മറ്റ് പദ്ധതികൾ കൂടി കണക്കിലെടുത്താൽ ഏതാണ്ട് ഒരു കോടിയോളം കേന്ദ്ര സ്കീമുകളിലെ തൊഴിലാളികൾ ഉണ്ട്) ഈ സ്ത്രീ തൊഴിലാളികൾക്കു കഴിഞ്ഞ ആറ് വർഷമായി കേന്ദ്ര സർക്കാർ യാതൊരു ആനുകൂല്യവും നല്കിയിട്ടില്ല. ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കു കഴിഞ്ഞ 14 വർഷമായി മാസത്തിൽ 1000 രൂപ മാത്രമാണ് ശമ്പളം; അതും പത്തു മാസം മാത്രം. (കേരളത്തിൽ ഇവർക്ക് 600 രൂപ ദിവസക്കൂലി നല്കുന്നു). 2013 ൽ വിദ്യാഭ്യാസ മന്ത്രാലയം ഇവരുടെ ശമ്പളം 3,000 രൂപയായി വർദ്ധിപ്പിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്കിയതാണ്. 2022 ൽ സുപ്രീംകോടതി അങ്കണവാടി ജീവനക്കാർക്കു ഗ്രാറ്റുവിറ്റി നല്കേണ്ടതാണെന്ന് വിധി പുറപ്പെടുവിച്ചെങ്കിലും ഇതുവരെ അത് നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ഈ ബജറ്റിൽ അങ്കണവാടി പദ്ധതിക്കുള്ള വിഹിതം 300 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നു സർക്കാർ. ഉച്ചഭക്ഷണപദ്ധതിക്കുള്ള വിഹിതമാകട്ടെ 2022–-23 ലെ വിഹിതത്തിനെക്കാൾ 220 കോടി കുറവാണ് പുതിയ ബജറ്റിൽ. ഇത്രയധികം വിലക്കയറ്റം ഉണ്ടായെങ്കിലും 2017 നു ശേഷം ഈ പദ്ധതികളിൽ കുട്ടികൾക്കുള്ള ഭക്ഷണത്തിനുള്ള വിഹിതം വർദ്ധിപ്പിച്ചിട്ടില്ല.

കോവിഡ് കാലത്ത് ജീവൻ പണയം വച്ച് ജനസേവനം നടത്തിയ ആശാ വർക്കർമാർക്ക് ഇൻഷുറൻസ് പോയിട്ട് പ്രസവാനുകൂല്യം പോലും നല്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ഈ പദ്ധതികളിലെല്ലാം തന്നെ കേന്ദ്ര വിഹിതം ലഭിക്കാതെ സംസ്ഥാനങ്ങൾ ബുദ്ധിമുട്ടുകയാണ്. അസംഘടിത മേഖലയിലെ പ്രസവാനുകൂല്യം ഉൾപ്പെടുന്ന മിഷൻ വത്സല്യ സ്കീമിനുള്ള വിഹിതവും കുറച്ചിരിക്കുകയാണ്.

തൊഴിൽ സുരക്ഷാ സൗകര്യങ്ങൾ
തൊഴിൽ സ്ഥലത്തെ അപകടങ്ങൾ ദിനംപ്രതി വർദ്ധിക്കുന്ന സ്ഥിതിയാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത്. വ്യവസായ മേഖലയിൽ മാത്രമല്ല, അസംഘടിത മേഖലയിലും – ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മുതൽ ഓട വൃത്തിയാക്കുമ്പോഴടക്കം നിരവധി തൊഴിലാളികൾക്കു വർഷം തോറും ജീവൻ നഷ്ടമാകുന്നു. ഇവർക്ക് സുരക്ഷ ഉറപ്പുവരുത്താനോ അപകട ഇൻഷൂറൻസ് ഏർപ്പെടുത്താനോ സർക്കാർ ഒരു പദ്ധതിയും കൊണ്ടുവരുന്നില്ല.

സ്വകാര്യവത്കരണം
സർക്കാർ ഏതാനും വർഷങ്ങളായി നാഷണൽ മോണിറ്റെെസേഷൻ പൈപ് ലൈൻ അടക്കം വിവിധ തരത്തിലുള്ള പദ്ധതികളാണ് സ്വകാര്യവത്കരണത്തിനായി കൊണ്ടുവന്നിരിക്കുന്നത്. ‘എനർജി ട്രാൻസിഷനി ലൂടെ എനർജി സെക്യൂരിറ്റി’ എന്നതിലൂടെ ന്യൂക്ലിയർ എനർജി അടക്കം strategic വൈദ്യുതി-എനർജി മേഖലയെ സ്വകാര്യവത്കരിക്കുന്നതിനാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്. ബഹിരാകാശം – പ്രതിരോധ ഗവേഷണമടക്കം എല്ലാ മേഖലകളിലും വിദേശ മൂലധനം അനുവദിച്ചുകൊണ്ട് രാജ്യ സുരക്ഷയെ അപകടപ്പെടുത്തുകയാണ് കപട രാജ്യസ്നേഹം വോട്ടാക്കി മാറ്റുന്ന ഈ സർക്കാർ.

അടുത്ത തലമുറ 
പരിഷ്കാരങ്ങൾ, പ്രതിഷേധങ്ങളെ 
ക്രിമിനൽ കുറ്റമാക്കൽ,
തൊഴിലുടമകളുടെ 
ആക്രമണങ്ങൾ, പരിരക്ഷ
ബിജെപിക്കു തനിച്ചു ഭൂരിപക്ഷമില്ലെങ്കിൽ പോലും മുൻ സർക്കാരുകളുടെ തുടർച്ചയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സർക്കാർ നവലിബറൽ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുന്നത്. ഈ ബജറ്റിൽ കൃത്യമായി ധനമന്ത്രി അടുത്ത തലമുറ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനു വേണ്ടി കുത്തക മുതലാളിമാർക്ക് നേരിട്ട് സർക്കാർ ഖജനാവിൽ നിന്നു പണം നല്കുക മാത്രമല്ല, തൊഴിൽ നിയമ പരിഷ്കാരങ്ങൾ എത്രയും വേഗം നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഈ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിക്കുന്നത് ജന വിശ്വാസ് ബില്ല് 2 ഉടൻ കൊണ്ടുവരുമെന്നാണ്. തൊഴിൽ നിയമങ്ങൾ നടപ്പാക്കാതെ സാമ്പത്തിക കുറ്റകൃത്യം ചെയ്യുന്ന മുതലാളിയെ ജയിൽ ശിക്ഷയിൽ നിന്നും രക്ഷിക്കാനും അവരുടെ പിഴ ഒഴിവാക്കാനും ഇതിനകം തന്നെ സർക്കാർ തയ്യാറായിട്ടുണ്ട്. ഈ നിയമത്തിന്റെ പുതിയ പതിപ്പ് മുതലാളി എന്തു കുറ്റകൃത്യം ചെയ്താലും അത് നിയമാനുസൃതമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

അതേസമയം പുതിയ ക്രിമിനൽ നിയമങ്ങൾ (ബി എൻ എസ് – ഭാരതീയ ന്യായ് സംഹിത) ആകട്ടെ എല്ലാ തരത്തിലുമുള്ള ജനാധിപത്യ പ്രതിഷേധങ്ങളെയും ക്രിമിനൽവത്കരിക്കുകയും പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്താൽ ജാമ്യമില്ലാതെയും കോടതിയിലടക്കം ഹാജരാകേണ്ടതില്ലാതെയുമുള്ള തരത്തിൽ വകുപ്പുകൾ ചേർത്തിരിക്കുന്നു.

ഈ വർഗ്ഗീയ കോർപ്പറേറ്റ് ഭരണത്തിൻ കീഴിൽ ഇത് ആദ്യമായി പ്രത്യക്ഷ നികുതിയിൽ കോർപ്പറേറ്റ് നികുതിയുടെ പങ്ക് വ്യക്തി ആദായനികുതിയേക്കാൾ കുറവായിരിക്കുന്നു. വിദേശ കോ ർപ്പറേറ്റുകളുടെ നികുതി 5% വെട്ടിക്കുറച്ചിരിക്കുന്നു, ഈ ബജറ്റിൽ.

പുതിയ തലമുറ പരിഷ്കാരങ്ങളിൽ ഇവ എത്രയും പെ ട്ടെന്ന് നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം ‘പ്രോത്സാഹനം’ ലഭ്യമാവും എന്ന ഭീഷണിയും ഉണ്ട്. സഹകരണാത്മക ഫെഡറലിസം എന്നതിൽ നിന്നു മത്സരാധിഷ്ഠിത ഫെഡറലിസം എന്നതിലേക്ക് മാറിയിരിക്കുന്നു ഈ ബജറ്റ്. തങ്ങളുടെ വരുതിയിൽ നിന്നു നവലിബറലിസത്തിന് കുഴലൂതിയില്ലെങ്കിൽ നിലനിൽപ്പ് അപകടത്തിലാണെന്ന് പ്രത്യക്ഷമായി പ്രഖ്യാപിക്കുന്നു ഈ ബജറ്റ്.

തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നു പാഠം പഠിക്കുന്നതിനേക്കാൾ കോർപ്പറേറ്റ് യജമാനന്മാർക്ക് പാദസേവ ചെയ്യാനാണ് ഈ സർക്കാർ വീണ്ടും തയ്യാറായത്. നിർഭാഗ്യവശാൽ ബി ജെ പി മാത്രമല്ല, കോൺഗ്രസ്സ് അടക്കമുള്ള മറ്റ് പ്രതിപക്ഷ ബൂർഷ്വാ പാർട്ടികളൊന്നും ഈ നയങ്ങളെ എതിർക്കാനും ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കാനും തയ്യാറാകും എന്നു പ്രതീക്ഷിക്കാൻ കഴിയില്ല എന്നതാണ് കർണാടകത്തിലും തെലങ്കാനയിലും ദില്ലിയിലും പഞ്ചാബിലും ഝാർഖണ്ഡിലും അടക്കമുള്ള സംസ്ഥാന സർക്കാറുകളുടെ തൊഴിൽ സമയ വർദ്ധന അടക്കമുള്ള തൊഴിലാളി വിരുദ്ധ നടപടികളിൽ നിന്നുള്ള പാഠം.

ഇടതുപക്ഷപാർട്ടികൾക്കു മാത്രമേ നവലിബറൽ നയങ്ങൾക്കെതിരായ ബദൽ മുന്നോട്ട് വയ്ക്കാൻ കഴിയൂ. ബദൽ സാമ്പത്തിക അജൻഡ മുന്നോട്ട് വച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ ബദലിനു മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ ബിജെപി നേതൃത്വം നല്കുന്ന വർഗ്ഗീയ കോർപ്പറേറ്റ് ഭരണത്തിന് ബദൽ ആകാൻ കഴിയൂ.

തൊഴിലാളി, കർഷക, വർഗ്ഗ സംഘടനകളുടെ നേതൃത്വത്തിൽ ഈ ജനവിരുദ്ധ ബജറ്റിനും മറ്റ് നയങ്ങൾക്കും എതിരായ മുന്നണി വളർത്തിക്കൊണ്ടുമാത്രമേ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി അതിനുള്ള സാഹചര്യമൊരുക്കാൻ കഴിയൂ. ഇതാണ് തൊഴിലാളി – കർഷക സംഘടനകളുടെ സമരങ്ങളും അതുമൂലം ഈ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കേറ്റ തിരിച്ചടിയിൽ നിന്നുള്ള പാഠവും. അതുതന്നെയാണ് നാം ഏറ്റെടുക്കേണ്ട അടിയന്തിര കടമയും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 17 =

Most Popular