Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറികേന്ദ്ര ബജറ്റിൽ 
വിലക്കയറ്റത്തിന് 
പ്രതിവിധിയുണ്ടോ?

കേന്ദ്ര ബജറ്റിൽ 
വിലക്കയറ്റത്തിന് 
പ്രതിവിധിയുണ്ടോ?

ലാൽ മെഡൂസ

കേന്ദ്ര ബജറ്റ് വിലക്കയറ്റത്തെ ഗൗരവമായ ഒരു പ്രശ്നമായി കാണുന്നില്ല. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അവരുടെ അവകാശവാദം വിലക്കയറ്റം താഴ്ന്നതും സ്ഥിരതയുള്ളതുമാണ് എന്നാണ്. മാത്രമല്ല 4 ശതമാനത്തിലേക്ക് താഴുന്നതിനുള്ള പ്രവണതയാണ് ഇപ്പോഴുള്ളത്. Core inflation അതായത് ഭക്ഷ്യവും ഇന്ധന വിലക്കയറ്റവും ഒഴിവാക്കിയാൽ ബാക്കിയുള്ള ചരക്കുകളുടെ വില സൂചിക 3.1 ശതമാനം മാത്രമാണ്. ഇതു തന്നെയാണ് പ്രശ്നം. ചിത്രം 1-ൽ സമീപകാല ഇന്ത്യയിലെ ഭക്ഷ്യ വിലക്കയറ്റത്തിന്റെയും ഇന്ധന വിലക്കയറ്റത്തിന്റെയും അടിസ്ഥാന വിലക്കയറ്റത്തിന്റെയും സൂചിക രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഏറ്റവും ഉയർന്ന നിലയിൽ വിലക്കയറ്റം ഉണ്ടായിട്ടുള്ളത് ഇന്ധന ചരക്കുകൾക്കാണ്. മഞ്ഞ നിറത്തിലുള്ള രേഖയാണ് ഇന്ധന വില സൂചിക. അതിനോടൊപ്പം തന്നെ രൂക്ഷമായ വിലവർദ്ധന ഉണ്ടായിട്ടുള്ളത് ഭക്ഷ്യവസ്തുക്കൾക്കാണ്. ചുവപ്പ് രേഖയാണ് ഭക്ഷ്യവില സൂചിക. ഇതു രണ്ടും മാറ്റിനിർത്തിയാൽ മറ്റു ചരക്കുകളുടെ സൂചികയെ അടിസ്ഥാനവില സൂചിക (core inflation) എന്നാണ് വിളിക്കുക. അടിസ്ഥാനവില സൂചിക ചുവപ്പ് നിറത്തിലുള്ള രേഖയാണ്. അത് ഏറിയ വർഷങ്ങളിലും 2-3 ശതമാനം നിരക്കിൽ ഒതുങ്ങി നിന്നു. ഇന്ത്യയിലെ വിലക്കയറ്റത്തിനു പ്രധാന കാരണം ഇന്ധനത്തിന്റെയും ഭക്ഷ്യസാധനങ്ങളുടെയും വിലക്കയറ്റമാണെന്ന് ഈ ചിത്രത്തിൽനിന്ന് വ്യക്തമാകും.

ഇന്ധന വിലക്കയറ്റം:
 ബിജെപി സർക്കാർ പ്രതിക്കൂട്ടിൽ
ഇന്ത്യയിലെ പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആഗോള വിലക്കയറ്റം പറഞ്ഞ് തലയൂരാൻ ബിജെപി സർക്കാരിനു കഴിയില്ല. കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെ അഭൂതപൂർവ്വമായ വിലവർദ്ധനവിന്റെ മുഖ്യ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ് എന്നതുതന്നെ ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വർദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വർദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണിത്.

മനസ്സില്ലാമനസ്സോടെ രണ്ടുതവണ നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. എന്നാൽ ഇപ്പോഴും മോദി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൽ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഈ ശിഷ്ട നികുതി ഉപേക്ഷിക്കുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല.

ഇതുപോലെ തന്നെയാണ് ദേശീയ കമ്പോളത്തിൽ വൈദ്യുതിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വർദ്ധനവും. കൽക്കരി ക്ഷാമംമൂലം വിദേശത്തുനിന്ന് വൈദ്യുതി ഉൽപ്പാദക കമ്പനികൾക്ക് വലിയ വിലയ്ക്കു കൽക്കരി വാങ്ങേണ്ടിവരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരിയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കൽക്കരി ഖനികൾ പലതും സർക്കാർ സ്വകാര്യവൽക്കരിച്ചു. അവ ആദായകരമാക്കാൻ പൊതുമേഖലാ കൽക്കരി കമ്പനികളുടെ ഉൽപ്പാദനം കുറച്ചു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ രൂക്ഷമായ കൽക്കരി ക്ഷാമം.

ഉപഭോക്തൃ വില സൂചിക ഉയർന്നതിന് ഒരു കാരണം പാചക വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരു സിലിണ്ടർ ഗ്യാസിന്റെ വില 602 രൂപയിൽ നിന്ന് 820 രൂപയായി ഉയർന്നു. ഈ വർഷവും ഗ്യാസ് സബ്സിഡിക്ക് മതിയായ തുക വകയിരുത്തിയിട്ടില്ല. 2023–-24-ലെ പുതുക്കിയ എസ്റ്റിമേറ്റ് 12,240 കോടി രൂപയാണ്. എന്നാൽ 2024-–25-ലേയ്ക്ക് 11,925 കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ.

ചിത്രം 1
2014-–2022 കാലത്ത് ഇന്ത്യയിലെ ഇന്ധന, ഭക്ഷ്യ, 
അടിസ്ഥാന വില സൂചികകളിലെ 
മുൻ വർഷത്തെ അപേക്ഷിച്ചുള്ള മാറ്റങ്ങൾ

(https://thewire.in/economy/the-truth-about-inflation-in-india-and-around-the-world)

ഭക്ഷ്യവിലക്കയറ്റം
കൃഷിക്കാരനിൽ നിന്നും ആദായകരമായ വിലയ്ക്ക് ധാന്യങ്ങൾ സംഭരിക്കുക, മിനിമം ഭക്ഷ്യധാന്യങ്ങൾ ന്യായവിലയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കുക. ഇത്തരമൊരു സമീപനത്തിലൂടെ മാത്രമേ കൃഷിക്കാർക്ക് നല്ല വില ഉറപ്പുവരുത്താനും ഭക്ഷ്യ വിലക്കയറ്റം തടയാനും കഴിയൂ. കാർഷിക വിഭവങ്ങളുടെമേൽ അഗ്രി ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന നീരാളിപ്പിടിത്തവും വിലക്കയറ്റത്തിന് ഇടയാക്കും. ഇതിനൊക്കെ മകുടംചാർത്തിക്കൊണ്ട് അവശ്യസാധനനിയമം കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ചുരുക്കത്തിൽ കമ്പോളത്തിൽ ഒരു വിലനിയന്ത്രണവും ഇല്ല.

മാത്രമല്ല, കാർഷിക വിളകൾ, പ്രത്യേകിച്ച് പച്ചക്കറികൾ കാലാവസ്ഥാ വ്യതിയാനത്തിൽ അപ്രതീക്ഷിതമായ ദൗർലഭ്യവും വിലക്കയറ്റവും നേരിടുന്നത് സാധാരണമായിട്ടുണ്ട്. കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ വേണ്ടത്ര ഇല്ലാത്തതുമൂലം ഇതിനെ ചെറുക്കാൻ കഴിയുന്നില്ല. കാർഷിക മേഖലയിലെ 2023-–24-ലെ പുതുക്കിയ ചെലവ് കണക്ക് 1,26,666 കോടി രൂപയാണ്. 2024-–25-ലെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 1,27,470 കോടി രൂപയാണ്. വർദ്ധന കേവലം 0.6 ശതമാനം മാത്രം. വിലക്കയറ്റംകൂടി കണക്കിലെടുക്കുകയാണെങ്കിൽ യഥാർത്ഥ വകയിരുത്തൽ കുറച്ചു എന്നുകാണാം. അതേസമയം വളത്തിന്റെ സബ്സിഡി 1.92 ലക്ഷം കോടി രൂപയിൽ നിന്ന് 1.68 ലക്ഷം കോടി രൂപയായി കുറച്ചു. കാർഷിക മേഖലയ്ക്കുള്ള അടങ്കൽ കുറച്ചുകൊണ്ട് ഭക്ഷ്യവിലക്കയറ്റത്തെ തടഞ്ഞുനിർത്താനാവില്ല. പൊതുവിതരണ സമ്പ്രദായത്തിനുള്ള അടങ്കലിലും വെട്ടിക്കുറവുണ്ടായി; 2.22 ലക്ഷം കോടി രൂപയിൽ നിന്ന് 2.13 ലക്ഷം കോടി രൂപയായി കുറച്ചു. അതായത് വിലക്കയറ്റത്തിന്റെ നാളിൽ പൊതുവിതരണത്തിന് -4 ശതമാനം കുറച്ചാണ് വകയിരുത്തിയിട്ടുള്ളത്.

ചുരുക്കത്തിൽ ബജറ്റിൽ വിലക്കയറ്റത്തിനു കടിഞ്ഞാണിടാൻ ഒരു ധന നടപടിയും (fiscal policy) സ്വീകരിക്കാൻ മോദി സർക്കാർ തയ്യാറല്ല. വിലക്കറ്റത്തെ നിയന്ത്രിക്കാനുള്ള ചുമതല പൂർണ്ണമായും റിസർവ്വ് ബാങ്കിന്റെ പണനയത്തിന് (monetary policy) വിട്ടുകൊടുത്തിരിക്കുകയാണ്. അതാവട്ടെ കാടടച്ച് വെടിവയ്ക്കുന്നതുപോലെയാണ്. എല്ലാ മേഖലകളെയും അത് പ്രതികൂലമായി ബാധിക്കും. തൊഴിലില്ലായ്മ വർദ്ധിക്കാനിടയാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 2 =

Most Popular