കേന്ദ്ര ബജറ്റിന്റെ പ്രത്യേകതയായി പലരും പറയുന്നത് തൊഴിലിന് നൽകുന്ന പ്രാധാന്യമാണെന്നാണ്. എന്നാൽ ഇതിൽപ്പരം അബദ്ധധാരണ വേറെയില്ല. പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിന് നൂതനമായ ഒരു പരിപാടിയുമില്ല. ഇന്ത്യയിൽ ജിഡിപി ശക്തമായി വളരുന്നുണ്ട്. പക്ഷേ, ഒരു യൂണിറ്റ് ജിഡിപിക്ക് വേണ്ടിവരുന്ന അധിക തൊഴിൽ തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതാണ് ചിത്രം 1- ൽ രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചപ്പോൾ തൊഴിലവസര വർദ്ധന ഒപ്പം ഉയർന്നില്ലെന്നു മാത്രമല്ല താരതമ്യേന താഴുകയാണു ചെയ്തതെന്ന് ചിത്രം 1 സൂചിപ്പിക്കുന്നു.
പ്രതിവർഷം 2 ശതമാനം വീതം വർദ്ധിച്ചുകൊണ്ടിരുന്ന തൊഴിലവസരങ്ങൾ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിക്കുംതോറും കുറഞ്ഞ് 1990-കളിൽ 1.5 ശതമാനവും 21–ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ 0.7 ശതമാനവും 2010-കളിൽ 0.6 ശതമാനവുമായി കുറഞ്ഞു. ഏതാണ്ടൊരു തൊഴിൽരഹിത വളർച്ചയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇതിനു പരിഹാരം കാണുന്നതിനു പകരം സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ ജോലി ചെയ്യുന്നതിനുള്ള നൈപുണി നൽകും, പുതിയ തൊഴിലാളികൾക്കുള്ള കൂലിച്ചെലവിൽ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കും തുടങ്ങിയപ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
കേന്ദ്ര സർക്കാർ സമ്മതിച്ചില്ലെങ്കിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്- – 9.2%. കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ഒരു സുപ്രധാന വിഷയമായിരുന്നു. അഗ്നിവീർ പദ്ധതിക്കെതിരായ യുവജന സമരം യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വികാരം സൃഷ്ടിക്കുന്നതിൽ ഒരു പങ്കുവഹിച്ചു. അതുകൊണ്ട് തൊഴിലില്ലായ്മയോട് പ്രതികരിച്ചുകൊണ്ടല്ലാതെ പുതിയ ബജറ്റ് അവതരിപ്പിക്കുവാൻ കഴിയുമായിരുന്നില്ല.
ഇതുവരെ ഉല്പാദനം വർദ്ധിപ്പിക്കാനുള്ള ഇൻസെന്റീവ് (production linked incentive) ആണ് നൽകിയിരുന്നതെങ്കിൽ ഇനി മുതൽ തൊഴിൽ നൽകാനുള്ള ഇൻസെന്റീവാണ് (employment linked incentive) പുതിയ ബജറ്റ് നടപ്പാക്കുന്നതെന്നാണ് അവകാശവാദം. തൊഴിലുടമ പുതിയതായി ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യുമ്പോൾ തൊഴിലാളിയുടെ ഒരുമാസത്തെ ശമ്പളം 15,000 രൂപ വരെ മൂന്ന് ഗഡുക്കളായി സർക്കാർ നൽകും. അൻപതോ അതിലേറെയോ തൊഴിലാളികളെ നിയമിച്ചാൽ പ്രൊവിഡന്റ് ഫണ്ടിന്റെ 24 ശതമാനം 3,000 രൂപ വരെ സർക്കാർ തൊഴിലുടമയ്ക്കു നൽകും. കൂടാതെ 20 ലക്ഷം പേർക്ക് നൈപുണി പരിശീലനത്തിനും സ്കീമുണ്ട്. ഇതിനായി 1000 ഐടിഐകളെ നവീകരിക്കും. ഒരുകോടി യുവജനങ്ങൾക്ക് ഇന്റേൺഷിപ്പിന് മാസം 5,000 രൂപ വീതം സ്റ്റൈപ്പന്റായി രണ്ട് വർഷം നൽകും. കമ്പനികൾക്ക് സിഎസ്ആർ ഫണ്ട് ഇന്റേൺഷിപ്പിന് ഉപയോഗിക്കാം.
ഇതെല്ലാം നല്ല കാര്യങ്ങളാണ്. പക്ഷേ, ഈ നടപടികൾകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനാകുമോ?
ഇന്ത്യയിലെ വ്യവസായ മേഖലയിലെ മുരടിപ്പ് മറികടക്കാൻ കഴിയുന്നില്ലയെന്നതാണ് അടിസ്ഥാന പ്രശ്നം. ‘മേക്ക് ഇൻ ഇന്ത്യ’ കാമ്പയിനെക്കുറിച്ചുള്ള വർത്തമാനം തന്നെ അവസാനിച്ചിരിക്കുകയാണ്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ല. ഇപ്പോൾ എംപ്ലോയ്-മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് കൂടി കൊടുക്കുകയാണ്. വ്യവസായിക്ക് ഇത് നേട്ടമാണ്. പുതിയതായി ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ ചെലവിൽ ഒരു ഭാഗം സർക്കാരിൽ നിന്ന് ലഭിക്കും. പക്ഷേ, രണ്ടു വർഷം കഴിഞ്ഞാൽ തൊഴിലാളിയെ പിരിച്ചുവിട്ട് പുതിയ തൊഴിലാളിയെ ജോലിയിൽ പ്രവേശിപ്പിക്കാനായിരിക്കില്ലേ ഈ ഇൻസെന്റീവ് പ്രോത്സാഹിപ്പിക്കുക?
സംഘടിത മേഖലയിൽ സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കുന്നതിനും തൊഴിലാളികളെ താൽക്കാലികമായി അല്ലെങ്കിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതുമാണ് കേന്ദ്ര സർക്കാർ നയം. ഇപ്പോൾ തന്നെ സംഘടിത മേഖലയിലെ 36 ശതമാനം തൊഴിലാളികൾ കോൺട്രാക്ട് തൊഴിലാളികളാണ്. ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം തൊഴിലാളികളുടെ 15 ശതമാനം വരെ പുതിയ നിയമ പ്രകാരം ട്രെയിനികളോ അപ്രന്റീസുകളോ ആകാം എന്നാണ്. ഇത് പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ സ്കീമുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 2013-ൽ ആവിഷ്കരിച്ച National Employability Enhancement Scheme (NEEM) ആണ്. On Job Trainees (OJTs), Long Term Trainee Employees (LTTEs), Learn While You Earn ഇങ്ങനെ ഒരു ഡസനിലേറെ നീണ്ട ലിസ്റ്റാണ്. നൈപുണി വികസന സ്കീമുകളെ എതിർക്കേണ്ടതില്ല. എന്നാൽ 36 മാസം വരെ നിസാര കൂലിക്ക് വേലയെടുപ്പിക്കാനുള്ള ഏർപ്പാടായി കമ്പനികൾ ഇവയെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തിൽ തൊഴിലില്ലായ്മയുടെ കാരണം നൈപുണി പരിശീലനം ഇല്ലാത്തതാണ് എന്നാണ് ബജറ്റിലെ വാദം. അയവേറിയ തൊഴിൽ കമ്പോള പരിഷ്കാരങ്ങളിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാനാകും എന്നു തുടങ്ങിയ നിയോലിബറൽ കാഴ്ചപ്പാടിൽ നിന്നാണ് ബജറ്റ് നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ സമയബന്ധിതമായി നികത്തുമെന്നെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കാമായിരുന്നു. സായുധ സേനയിലും, പൊതുമേഖല ബാങ്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ വഴി നടപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ – ആരോഗ്യ സ്കീമുകളിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ എണ്ണമെടുത്താല്‍ 25 ലക്ഷം എന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ലഭിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെയും അനുബന്ധ മേഖലകളിലെയും ഒഴിവുകള്‍ 2021
ഡിപ്പാര്‍ട്ട്മെന്റ്/ സ്കീം | ഒഴിവുകളുെട എണ്ണം |
േകന്ദ്ര മന്ത്രാലയങ്ങളും, വകുപ്പുകളും | 9,10,153 |
നാഷണൽ െഹൽത്ത് മിഷൻ തുടങ്ങിയവ | 1,68,480 |
അംഗനവാടികൾ | 1,76,057 |
പ്രാഥമിക വിദ്യാഭ്യാസം | 8,37,592 |
േകന്ദ്രീയ വിദ്യാലയങ്ങൾ | 16,329 |
ഉന്നത വിദ്യാഭ്യാസം | 18,339 |
ഇന്ത്യൻ ആർമി | 1,07,505 |
േകന്ദ്ര സായുധ െപാലീസ് | 91,929 |
ജുഡീഷ്യറി | 5,348 |
െപാതുേമഖലാ ബാങ്കുകൾ | 2,00,000 |
ആകെ | 25,31,722 |
മേല്‍ പറഞ്ഞ കണക്കില്‍ റെയില്‍വേയുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവിടങ്ങളിലെ ഒഴിവുകളെ കുറിച്ച് കൃത്യമായ കണക്കുകള്‍ ഇല്ല. റെയില്‍വേയില്‍ 14 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. സമീപകാലത്താണ് 72,000 തസ്തികകള്‍ റെയില്‍വേയില്‍ വേണ്ടെന്നു വെച്ചത്. ഇത്തരത്തില്‍ തസ്തികകള്‍ ഇല്ലാതാക്കിയിട്ടും 2022 ഫെബ്രുവരി മാസത്തില്‍ 2.65 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷണവിന് സമ്മതിക്കേണ്ടിവന്നു. 2013-–14-ല്‍ കേന്ദ്ര പൊതുമേഖല കമ്പനികളിൽ ജോലി ഉണ്ടായിരുന്നവരുടെ എണ്ണം 13.49 ലക്ഷമായിരുന്നു. 2020-–21-ൽ അത് 8.61 ലക്ഷമായി ആയി ചുരുങ്ങി.
പൊതുമേഖല ഇങ്ങനെ ശോഷിക്കുമ്പോൾ സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലുകളും മുരടിച്ചു നിൽക്കുകയാണ്. തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കുന്ന വ്യവസായ വളർച്ചയ്ക്കുള്ള പ്രത്യക്ഷ ഇടപെടലുകളൊന്നും ബജറ്റിൽ ഇല്ല. ♦