Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറികൃഷി കമ്പനിവൽക്കരിക്കാനുള്ള 
‘ആജ്ഞാപത്രം’

കൃഷി കമ്പനിവൽക്കരിക്കാനുള്ള 
‘ആജ്ഞാപത്രം’

പി കൃഷ്ണപ്രസാദ്

ർഷകരുടെയും കർഷക തൊഴിലാളികളുടെയും ചെലവിൽ കൃഷി കമ്പനിവൽക്കരിക്കാനുള്ള (corporatisation of agriculture) അത്യാസക്തിയാണ് യൂണിയൻ ബജറ്റിലെ നിർദേശങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന നയമായ ഫെഡെറലിസത്തെ കടന്നാക്രമിക്കുകയാണ് മോദി സർക്കാർ. കർഷകരുടെയും ഗ്രാമീണ തൊഴിലാളികളുടെയും ജീവിതോപാധികളെ നശിപ്പിച്ച്, തൊഴിലില്ലായ്മയും വരുമാനത്തിലെ അസമത്വവും രൂക്ഷമാക്കുകയെന്ന ലക്ഷ്യത്തോടെ ഭരണഘടനയ്ക്കും ജനങ്ങൾക്കും എതിരായ തുറന്ന യുദ്ധപ്രഖ്യാപനമാണ് ഈ ബജറ്റ്.

ആഗോള ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നതു വ്യക്തം. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മേലുള്ള നികുതി 5% വെട്ടിക്കുറച്ചിരിക്കുന്നു. (40% എന്നത് 35% ആയി) കോർപ്പറേറ്റ് അഥവാ കുത്തക കമ്പനികൾ, അതിധനികർ എന്നിവർക്ക് അധിക നികുതിയില്ല. അതേസമയം, പരോക്ഷ നികുതി വരുമാനത്തിലെ 67 ശതമാനം അടയ്ക്കേണ്ടിവരുന്നത് ജനസംഖ്യയിലെ 50% വരുന്ന ദരിദ്രജനവിഭാഗങ്ങളാണ്. കമ്പനി നികുതി വർദ്ധിപ്പിക്കുന്നില്ല, സ്വത്ത് നികുതിയില്ല, നിശ്ചിത പരിധിക്ക് അധികമുള്ള പാരമ്പര്യ സ്വത്ത് കൈമാറ്റത്തിനു നികുതിയില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് യൂണിയൻ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ വർഗപക്ഷപാതിത്വമാണ്. എന്നാൽ അത് അംഗീകരിക്കാൻ രാജ്യത്തെ കർഷകർ തയ്യാറല്ല.

സി2+50% നിരക്കിൽ (ഉല്പാദന ചെലവും അതിന്റെ 50% അധികവും) ചുരുങ്ങിയ താങ്ങുവില (MSP) നിശ്ചയിക്കണമെന്ന കർഷകരുടെ ദീർഘകാല ആവശ്യം ബജറ്റ് ക്രൂരമായി അവഗണിച്ചു. “അന്നദാതാക്കൾക്ക് നല്കിയ വാഗ്ദാനപ്രകാരം ചെലവിന്റെ 50% അധികരിച്ച മിനിമം താങ്ങുവില എന്നത് നിരക്കിൽ ഒരു മാസം മുൻപ് എല്ലാ പ്രധാന വിളകൾക്കും സർക്കാർ MSP പ്രഖ്യാപിച്ചിട്ടുണ്ട്” എന്ന് ബജറ്റ് പ്രസംഗത്തിലൂടെ ധനകാര്യമന്ത്രി വസ്തുതാ വിരുദ്ധമായ അവകാശവാദമാണ് ഉന്നയിച്ചത്. വാഗ്ദാനം നല്കിയത് സി 2 +50% ആണ്. നിലവിലുള്ള MSP എ2+എഫ്എൽ+50% നിരക്കിലാണ്. അവ തമ്മിൽ 30 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. ധനമന്ത്രി ഒരു ധവളപത്രത്തിലൂടെ MSP സംബന്ധിച്ച വസ്തുതകൾ ജനങ്ങളെ അറിയിക്കണം. ഭരണസംവിധാനത്തിൽ പുലർത്തേണ്ട സുതാര്യതയും മര്യാദയും ഉയർത്തിപ്പിടിക്കാൻ അതനിവാര്യമാണ്. ജനങ്ങളെ എക്കാലവും വിഡ്ഢികളാക്കാനാവില്ല എന്നത് ധനമന്ത്രി നിർമ്മല സീതാരാമൻ തിരിച്ചറിയണം.

2023-–24 വർഷത്തെ കണക്കുകൾ തീർക്കാൻ 2,10,784 കോടി രൂപ മിച്ചധനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യൂണിയൻ സർക്കാരിനു കൈമാറിയിട്ടുപോലും കർഷകരുടെ ദീർഘകാല ആവശ്യമായ കർഷക-–കർഷകത്തൊഴിലാളി കുടുംബങ്ങളെ കടത്തിൽ നിന്നും മോചിപ്പിക്കണമെന്ന ആവശ്യം യൂണിയൻ ബജറ്റ് പരിഗണിച്ചില്ല. 31 കർഷകരും 86 കർഷകത്തൊഴിലാളികളും ഇന്ത്യയിൽ പ്രതിദിനം ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ 10 വർഷം മോദി ഭരണത്തിൽ 14.46 ലക്ഷം കോടി രൂപയാണ് കുത്തക കമ്പനികളുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനു നല്കിയത്. 10.2 ലക്ഷം കോടി രൂപ കൂടി പാപ്പരത്വ – നിർദ്ധനത്വ പരിഹാരനടപടി നിയമ പ്രകാരം എഴുതിത്തള്ളൽ നടപടിക്ക് തയ്യാറെടുക്കുകയാണ് മോദി സർക്കാർ. പ്രതിദിനം 117 കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മരണം കേവലം ആത്മഹത്യയായി കണക്കാനാവില്ല; കുത്തക കമ്പനികൾക്ക് അനുകൂലമായ നയങ്ങൾ നടപ്പാക്കുന്നതിലൂടെ ഭരണകൂടം നേരിട്ടു നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളാണവ.

തൊഴിൽ ശക്തിയിൽ 90% വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഗുണകരമാകുന്ന മുഖ്യ ആവശ്യമായ പ്രതിമാസം 26,000 രൂപ മിനിമം കൂലി എന്ന ആവശ്യവും ബജറ്റ് അവഗണിച്ചു. തൊഴിലില്ലായ്മ അതീവ രൂക്ഷമാണെങ്കിലും പൊതു മേഖലയിലും യൂണിയൻ സർക്കാർ വകുപ്പുകളിലും നിലവിലുള്ള 30 ലക്ഷത്തിൽ അധികമുള്ള ഒഴിവുകൾ നികത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ദിവസക്കൂലി 600 രൂപയായും തൊഴിൽ ദിനം വർഷം 200 ആയി വർദ്ധിപ്പിക്കണമെന്ന ആവശ്യവും സ്വീകരിച്ചില്ല. വിഹിതം ഇരട്ടിയാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിനു പകരം ഭക്ഷ്യ–പണപ്പെരുപ്പം 9.5% എന്ന നിരക്കിലേക്ക് ഉയർന്ന ഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലുള്ള വിഹിതം വെട്ടിക്കുറകയ്ക്കുക എന്ന ക്രൂരതയാണ് ദരിദ്രജനതയോട് ധനമന്ത്രി ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയെ നീർത്തട വികസന ആസൂത്രണവും കൃഷിയുടെ വികസനവുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും അവഗണിച്ചു.

എംഎസ്-പിയും തൊഴിലുറപ്പ് പദ്ധതിയും സംബന്ധിച്ച് സ്വീകരിക്കുന്ന ഈ തെറ്റായ നയം വ്യക്തമാക്കുന്നത് കാർഷികമേഖലയെയും ചെറുകിട ഉല്പാദന മേഖലയെയും പുനരുജ്ജീവിപ്പിക്കാനും അതിലൂടെ കർഷക ആത്മഹത്യ ഇല്ലാതാക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും നഗരങ്ങളിലേക്കുള്ള ദുരിതമയമായ പലായനം അവസാനിപ്പിക്കാനുമുള്ള ആത്മാർഥത പ്രധാനമന്ത്രി മോദിക്കും ധനമന്ത്രി നിർമ്മലയ്ക്കും ഇല്ല എന്ന വസ്തുതയാണ്.

മൊത്തം 48.25 ലക്ഷം കോടി രൂപയുടെ ബജറ്റ് ചെലവിൽ കേവലം 1,51,851 കോടി രൂപ അഥവാ 3.15% മാത്രമാണ് കൃഷിക്കും അനുബന്ധ മേഖലകൾക്കും അനുവദിച്ചത്. മുൻ വർഷങ്ങളിലും ഈ വിഹിതം പടിപടിയായി കുറയ്ക്കുകയാണ് സർക്കാർ ചെയ്തത്. 2019-–20 ൽ 5.44%, 2020-–21 ൽ 5.08%, 2021-–22 ൽ 4.26%, 2022-–23 ൽ 3.23% എന്നീ നിരക്കുകളിലാണ് അനുവദിച്ചത്. എന്നിട്ടാണ് കർഷകർക്ക് പ്രാധാന്യം നല്കുന്ന ബജറ്റ് എന്നു പ്രധാനമന്ത്രി നുണ പറയുന്നത്. ഉല്പാദന ചെലവ് കുറയ്ക്കാനായി കാർഷികോൽപാദനോപാധികളായ വിത്ത്, വളം, യന്ത്രങ്ങളും ഉപകരണങ്ങളും സ്പെയർപാർട്ടുകളും, ട്രാക്ടർ എന്നിവയ്ക്കു മേലുള്ള ജിഎസ്ടി പിൻവലിക്കണം എന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചില്ല. ജനസംഖ്യയിൽ 58%വും തൊഴിൽ ശക്തിയിൽ 45.76% ജീവിക്കാനായി ആശ്രയിക്കുന്ന ഏറ്റവും പ്രധാനമായ ഈ ഉല്പാദന മേഖലയോട് മോദി സർക്കാരിനുള്ള സമീപനമിതാണ്. ആവശ്യമായ വിഭവവിഹിതത്തോടെ കൃഷിക്കും അനുബന്ധ മേഖലകൾക്കും ഗ്രാമീണ വികസനത്തിനും പ്രത്യേക യൂണിയൻ ബജറ്റ് തന്നെ അവതരിപ്പിക്കണം എന്നതാണ് ഏറെ പര്യാലോചനകൾക്കു ശേഷം സംയുക്ത കിസാൻ മോർച്ച മുന്നോട്ടുവെക്കുന്ന ആവശ്യം.

ബജറ്റ് അവഗണിച്ച മറ്റു മുഖ്യ ആവശ്യങ്ങളായ ഇതിനകം പരാജയമെന്ന് തെളിഞ്ഞ പ്രധാനമന്ത്രി വിള ഇൻഷൂറൻസ് പദ്ധതിക്കും (PMFBY) ഫലപ്രദമല്ലാത്ത ദേശീയ ദുരന്ത നിവാരണ സേനയ്ക്കും പകരം സംവിധാനം വേണം. – അതിനായി കൃഷിക്കും മൃഗ സംരക്ഷണ മേഖലയ്ക്കും പൊതുമേഖലയിൽ സമഗ്ര ഇൻഷൂറൻസ് പദ്ധതി ആരംഭിക്കണം, കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കണം. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം വൻതോതിൽ വിളനാശവും കന്നുകാലി നാശവും നേരിടുന്ന പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളവയാണ് ഈ ആവശ്യങ്ങൾ.

ധനമന്ത്രി പൂർണ്ണമായും നിശബ്ദത പാലിച്ച ഏറെ പ്രാധാന്യമുള്ള വിഷയമാണ് വന്യമൃഗ ശല്യം മൂലം നേരിടുന്ന മനുഷ്യരുടെ ജീവനാശം, വിള നാശം, കന്നുകാലി നാശം എന്നിവ. സർക്കാർ കണക്കുകളിൽതന്നെ 2023 ൽ മാത്രം 782 മനുഷ്യർ രാജ്യത്താകെ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ട്. വിള അടിസ്ഥാനമാക്കിയ അതീവ പ്രാധാന്യമുള്ള ആവശ്യങ്ങളായ കരിമ്പ് കർഷകരുടെ കുടിശ്ശിക കൊടുത്തുതീർക്കുക, ക്വിന്റലിന് 500 രൂപ ആദായ വില, വിലസ്ഥിരതാ നിധി രൂപീകരണവും റബ്ബറിന് കിലോക്ക് 250 രൂപ താങ്ങുവിലയും, ആപ്പിളിന് 100% ഇറക്കുമതി നികുതി, ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചക്കറി കർഷകർക്ക് വിപണി സംരക്ഷണം, തൊഴിലുറപ്പ് പദ്ധതി ക്ഷീര, കന്നുകാലി വളർത്തൽ മേഖലയിലേക്ക് വികസിപ്പിക്കുക, കന്നുകാലികൾക്ക് മാർക്കറ്റ് വില സർക്കാർ ഉറപ്പുവരുത്തുക, തെരുവ് പശുക്കൾ വിള നശിപ്പിക്കുന്നത് തടയുക എന്നിവയ്ക്കും ബജറ്റിൽ പരിഹാരമില്ല.

രാജ്യത്തെ 9.3 കോടി കർഷകരിൽ ഒരു കോടി കർഷകരെ പ്രകൃതി കൃഷിയിൽ രജിസ്റ്റർ ചെയ്യുക എന്നത് മൊത്തം കാർഷികോല്പാദനത്തെ വിപരീതമായി ബാധിക്കുന്നതും ഭക്ഷ്യ സുരക്ഷ അപകടപ്പെടുത്തുന്നതുമാണ്. ഇത്തരം അവ്യക്തമായ ആശയങ്ങൾക്കു പകരം മണ്ണ് പരിശോധന, മതിയായ അളവിൽ ഉചിതമായ വിധത്തിൽ വള പ്രയോഗം, വിത്തിലും ഉല്പാദനക്ഷമതയിലും ശാസ്ത്രീയ ഗവേഷണം, സാങ്കേതിക നവീകരണം എന്നിവ ഉൾപ്പെടുത്തി ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് –GAP- കർഷകരെ പരിശീലിപ്പിക്കാനും നിശ്ചിത സമയത്തിനകം മതിയായ ഇൻഷൂറൻസ് ലഭ്യത, വിപണി സുരക്ഷയും ആദായ വിലയും, പലിശരഹിത വായ്പ ലഭ്യത എന്നിവ ഉറപ്പുവരുത്താനുമാണ് തയ്യാറാകേണ്ടത്.

2022-–23 ൽ വളത്തിന്റെ സബ്സിഡി 2,51,340 കോടി രൂപയായിരുന്നു. അത് 2024–-25 ബജറ്റിൽ 1,64,102.5 കോടി രൂപയായി (34.7%) വെട്ടിക്കുറച്ചു. അതിലൂടെ കാർഷിക ഉല്പാദന ചെലവ് വൻതോതിൽ ഉയരാൻ പോകുകയാണ്. ഭക്ഷ്യ സബ്സിഡി 2022-–23 ലെ 2,73,101. 3 കോടി രൂപയിൽ നിന്ന് 2024-–25 ൽ 2,05, 700. 6 കോടി രൂപയായി (24.7%) വെട്ടിക്കുറച്ചു. ഭക്ഷ്യ സുരക്ഷ തകർക്കാനും ശ്രീലങ്കയിൽ ഉണ്ടായതുപോലെ ആസന്ന ഭാവിയിൽ ഇന്ത്യൻ ജനങ്ങളെ കടുത്ത സാമൂഹ്യദുരന്തത്തിലേക്ക് വലിച്ചിഴക്കാനും ഇതിടയാക്കും. ബിജെപി യുടെ കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭാഗമാണ് ഈ നടപടികൾ എന്ന വസ്തുത രാജ്യത്തെ ഓരോ ഗ്രാമീണ വീടുകളിലും നഗര കോളനികളിലും പ്രചരിപ്പിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കർഷക സംഘവും സിഐടിയുവും കർഷകത്തൊഴിലാളി യൂണിയനും ഉൾപ്പെടുന്ന വർഗ പ്രസ്ഥാനങ്ങൾ അടിയന്തരമായി ഏറ്റെടുക്കേണ്ട ചുമതല.

ബജറ്റ് നിർദ്ദേശങ്ങളുടെ ദീർഘകാല ലക്ഷ്യം ബഹുരാഷ്ട്ര കമ്പനികളുടെയും കോർപ്പറേറ്റ് കുത്തകകളുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരുകളെ മറികടന്ന് രാജ്യത്താകെ കരാർ കൃഷി പ്രോൽസാഹിപ്പിക്കുക എന്നതാണ്. കാർഷിക ബിസിനിസിലും ഗവേഷണ – വികസന മേഖലകളിലും പ്രവർത്തിക്കുന്ന ബേയർ, സിൻജൻ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുമായി കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഇതിനകം നിരവധി മെമ്മോറണ്ടം ഓഫ് എഗ്രിമെന്റുകളിൽ ഒപ്പിട്ടു. കാർഷിക – ഗവേഷണ പ്രോൽസാഹനത്തിനായി സ്വകാര്യ മേഖലയ്ക്കടക്കം കഴിവ് പരീക്ഷിക്കപ്പെടും വിധം –challenge mode –ഫണ്ട് ലഭ്യമാക്കും എന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. അതോടൊപ്പം പശ്ചാത്തല സൗകര്യങ്ങൾ, കാർഷിക വ്യാപാരം, വിപണി വികസനം എന്നിവയിലെല്ലാം നേരിട്ടുള്ള വിദേശ മൂലധനം ആകർഷിക്കാനായി ബഹുരാഷ്ട്ര കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതിയിൽ 40% ത്തിൽ നിന്നും 35% ആയി ഇളവ് പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ച നയിച്ച ഐതിഹാസിക കർഷക സമരത്തിന്റെ സമ്മർദ്ദത്തെ തുടർന്നു പിൻവലിച്ച മൂന്നു കാർഷിക കരിനിയമങ്ങളും പിൻവാതിലിലൂടെ വീണ്ടും കൊണ്ടുവരാനുള്ള സൗകര്യമൊരുക്കലാണ് ഈ നടപടികളെല്ലാം.

ഭരണഘടന മുന്നോട്ടുവെക്കുന്ന ‘ശക്തമായ സംസ്ഥാനങ്ങൾ, ശക്തമായ ഇന്ത്യ ’ എന്ന ഫെഡറൽ തത്വം ഉയർത്തിപ്പിടിച്ചു ജിഎസ്ടി നിയമം ഭേദഗതി ചെയ്തു നികുതി സമാഹരിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്ക് തിരികെനൽകണമെന്നതാണ് സംയുക്ത കിസാൻ മോർച്ചയുടെ നയം. നികുതി സമാഹരണ അധികാരം സംസ്ഥാനങ്ങൾക്ക് നിഷേധിക്കുക, ശേഷം സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം നിശ്ചയിക്കുന്നതിൽ വിവേചനം കാണിക്കുക എന്ന ബിജെപിയുടെ സമീപനം ഏറെ ഗൗരവമുള്ള രാഷ്ട്രീയ വിഷയമായി മാറി. വിഭവദാരിദ്ര്യം നേരിടുന്ന സംസ്ഥാനങ്ങളെ പരസ്പരം ഏറ്റുമുട്ടാൻ ഇടയാക്കുന്ന വിധം ചില പ്രത്യേക സംസ്ഥാനങ്ങളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവേകരഹിതമായി വിഭവവിഹിതം നിശ്ചയിച്ച് അധികാരത്തിൽ തുടരാനുള്ള നടപടികൾ വിനാശകരമാണ്. അത് രാജ്യത്തിനും ജനങ്ങൾക്കും അപകടകരവും ദീർഘകാലാടിസ്ഥാനത്തിൽ ദേശീയ ഐക്യത്തെ തന്നെ തകർക്കുന്നതും വ്യത്യസ്തതകളെ ബഹുമാനിച്ചുകൊണ്ട് ഐക്യത്തോടെ സഹവർത്തിക്കുന്ന ബഹുദേശീയ രാജ്യമെന്ന നിലയിൽ ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്തുന്ന ഫെഡറൽ മൂല്യങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്.

9.3 കോടി കർഷകരിൽ 6 കോടി കർഷകരുടെ വിളകളും കൃഷി ഭൂമിയും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) പ്രകാരം റജിസ്റ്റർ ചെയ്യാനും ദേശീയ സഹകരണ നയം പ്രഖ്യാപിക്കാനുമുള്ള ബജറ്റ് നിർദ്ദേശങ്ങൾ ഇന്ത്യൻ ഭരണഘടന നിശ്ചയിച്ച കൃഷി, ഭൂമി, സഹകരണം എന്നിവ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള വിഷയങ്ങൾ എന്ന നയത്തെ നിഷേധിക്കുന്നതും സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളെ കവർന്നെടുക്കാൻ ലക്ഷ്യംവെക്കുന്നതുമാണ്. കർഷകരെ റജിസ്റ്റർ ചെയ്യുന്നത് പിന്നീട് ബഹുരാഷ്ട്ര കമ്പനികളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കരാർ കൃഷി അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സഹകരണം സംസ്ഥാന വിഷയമായി ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ വ്യവസ്ഥ അതാത് സംസ്ഥാനങ്ങളുടെ സവിശേഷതകൾ കണക്കിലെടുത്തുള്ള സാമ്പത്തിക വികസനത്തിന് അതീവ നിർണ്ണായകവും അനിവാര്യവുമാണ്. വൻകിട മുതലാളിത്ത ശക്തികളുടെ വർഗ താല്പര്യങ്ങൾ പ്രകാരം മോദി സർക്കാർ നടത്തുന്ന അധികാര കേന്ദ്രീകരണ നയത്തിനെതിരെ കർഷകരെയും ജനങ്ങളെയാകെയും ബോധവൽക്കരിക്കുക, അതിനെതിരെ രാഷ്ട്രീയമായി അണിനിരത്തുക എന്നത് ഒരു കടമയായി ഏറ്റെടുക്കാനാവണം.

യൂണിയൻ സർക്കാർ 2019 ൽ രൂപീകരിച്ച സഹകരണ മന്ത്രാലയം പിരിച്ചുവിടേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്; എല്ലാ സംസ്ഥാന സർക്കാരുകളും ഈ ആവശ്യം ഉന്നയിക്കാൻ മുന്നോട്ടുവരേണ്ടതാണ്. പകരം യൂണിയൻ സർക്കാർ സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക വിഹിതം ഉറപ്പുവരുത്തുകയും കാർഷികോൽപാദനം, സംസ്കരണം, മൂല്യവർദ്ധന, സംഭരണം, പശ്ചാത്തല സൗകര്യം, സഹകരണ വിപണി ശൃംഖല എന്നിവ വികസിപ്പിക്കാനായി കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലുളള ഉല്പാദക സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകളെ പ്രോൽസാഹിപ്പിക്കുകയുമാണ് വേണ്ടത്. ഫെഡറൽ തത്വങ്ങളാണ് കൃഷിയിലും സഹകരണത്തിലും രാജ്യത്തിനുള്ള മാർഗരേഖ. കൃഷിയുടെ കമ്പനിവൽക്കരണത്തെ ചെറുക്കാനാവണമെങ്കിൽ ജനങ്ങളുടെ ബദൽ വികസനത്തിനുള്ള പ്രായോഗികമായ സാമ്പത്തിക അജൻഡ മുന്നോട്ടുവെക്കേണ്ടതുണ്ട് എന്നത് ഒരു രാഷ്ട്രീയ പാഠമാണ്.

രാജ്യത്തെ എല്ലാ രാഷ്ടീയ പാർട്ടികളും സംസ്ഥാന സർക്കാറുകളും ഈ വിഷയങ്ങളിൽ വ്യക്തമായ നിലപാട് എടുത്ത് മോദി സർക്കാരിനെതിരെ ശബ്ദമുയർത്താൻ മുന്നോട്ടുവരണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനങ്ങളുടെ നികുതി സമാഹരണ അധികാരം തിരികെ ലഭിക്കാനായി ജിഎസ്ടി നിയമ ഭേദഗതി ആവശ്യപ്പെട്ട്, അധികാര കേന്ദ്രീകരണ നയം നടപ്പിലാക്കുന്ന മോദി സർക്കാരിനെതിരെ പോരാടാൻ തയ്യാറാവണം. ഈ ആവശ്യങ്ങൾ കൂടി ഉന്നയിച്ച് വ്യാപകമായ കർഷക പ്രക്ഷോഭങ്ങൾ വളർത്തിയെടുത്ത് അതാത് സംസ്ഥാന സർക്കാരുകളുടെ മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കണം.

രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി കുത്തക കമ്പനികൾക്ക് – കോർപ്പറേറ്റ് മൂലധനത്തിന് – അനുകൂലമായ സാമ്പത്തിക –വികസന നയം തിരുത്താൻ എൻഡിഎ സർക്കാർ തയ്യാറാകണം എന്നാവശ്യപ്പെട്ട് രാജ്യത്താകെ വിപുലമായ സമരങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന വിധം കർഷകർ, തൊഴിലാളികൾ, യുവാക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യം ഊട്ടിയുറപ്പിക്കലാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. രാജ്യത്താകെ ഓരോ ഗ്രാമത്തിലും കർഷകരെയും ഗ്രാമീണ തൊഴിലാളികളെയും അണിനിരത്തി പ്രചാരണവും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്. തങ്ങളുടെ ജീവിതോപാധികളുടെ നേരെയുയരുന്ന അപകടങ്ങളെന്താണ് എന്ന് അവരെ ബോധ്യപ്പെടുത്താനാവണം. തങ്ങളുടെ ജീവിതത്തെ ആഴത്തിൽ ബാധിക്കുന്ന കാർഷിക പ്രതിസന്ധിയെയും അതിലൂടെ രൂപപ്പെട്ട കടബാധ്യതകൾ, തൊഴിലില്ലായ്മ, നഗരങ്ങളിലേക്കുള്ള ദുരിതമയമായ പലായനം എന്നിവയെയും മറികടക്കാൻ ഉതുകുന്ന, ഒരുപക്ഷേ ദീർഘമായ ഒരു കാലയളവിലേക്കുള്ള, നിരന്തരവും സുശക്തവുമായ വർഗസമരത്തിന് കർഷകരെയും ഗ്രാമീണ തൊഴിലാളികളെയും തയ്യാറെടുപ്പിക്കുകയാണ് വേണ്ടത്. അതിനു നമ്മെ സഹായിക്കുന്ന മുഖ്യ ആയുധമാണ് തൊഴിലാളി-കർഷക ഐക്യവും അതിലൂടെ വികസിക്കുന്ന, ജനങ്ങളാകെ അണിനിരക്കുന്ന ഐക്യമുന്നണിയും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 2 =

Most Popular